തെരഞ്ഞെടുപ്പ് ഫലം: ഫാസിസത്തിന് റെ കരുത്തോ മതനിരപേക്ഷതയുടെ ശക്തിക്ഷയമോ ?

സുഫ്‌യാൻ അബ്‌ദുസ്സലാം

2022 മാർച്ച് 19, 1442 ശഅബാൻ 16
അഞ്ച് സംസ്ഥാനങ്ങളിൽ അടുത്തിടെ പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം മാനവികതയിൽ വിശ്വസിക്കുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിന് ഏറെ നിരാശ സമ്മാനിക്കുന്നതായിരുന്നു. ഫാസിസമെന്ന കരിംഭൂതം രാജ്യമൊട്ടാകെ കൈപ്പിടിയിലൊതുക്കിയെന്ന് ആശങ്കപ്പെടേണ്ടതുണ്ടോ, അതോ മതനിരപേക്ഷ കക്ഷികൾ ഇനിയും നിദ്രാടനം വിട്ടുണർന്നിട്ടില്ലെന്ന് മനസ്സിലാക്കണോ?

ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് രാജ്യം ഉറ്റുനോക്കുകയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ നടന്ന തെരഞ്ഞെടുപ്പുകളെക്കാൾ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പായിരുന്നു ഇപ്പോൾ നടന്നത്. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത് എന്നതാണ് അതിന്റെ കാരണം. മോഡിക്കും അമിത്ഷാക്കും ശേഷം മൂന്നാമനായി കരുതപ്പെടുന്ന യോഗിയുടെ ഭാവി എന്തായിരിക്കുമെന്ന് വിധി എഴുതുന്ന തെരഞ്ഞെടുപ്പായും ഇതിനെ നോക്കിക്കണ്ടവരുണ്ട്. ബി.ജെ.പി 2017ൽ നേടിയ 312 എന്ന അക്കത്തിൽ നിന്നും 255 ലേക്ക് ചുരുങ്ങിപ്പോയിട്ടുണ്ടെന്നും പ്രധാന പ്രതിപക്ഷ പാർട്ടിയായ സമാജ് വാദി പാർട്ടി 47 എന്ന അക്കത്തിൽ നിന്നും 111ലേക്ക് കുതിപ്പ് നടത്തിയിട്ടുണ്ട് എന്നെല്ലാം സമാശ്വസിക്കാമെങ്കിലും രണ്ടു വർഷം കഴിഞ്ഞ് രാജ്യത്ത് നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ യു.പി തെരഞ്ഞെടുപ്പ് ഫലം എങ്ങനെ സ്വാധീനിക്കുമെന്ന ആശങ്ക മതേതര ഭാരതത്തിന്റെ ഹൃദയത്തിൽ അലയടിക്കുകയാണ്.

കർഷകസമരത്തിന്റെ വേലിയേറ്റമുണ്ടായ പ്രദേശങ്ങളിലും, പെൺകുട്ടികൾ പോലും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും, മതത്തിന്റെ പേരിൽ ക്രൂരമായി ‘മോബ് ലിഞ്ച്’ ചെയ്യപ്പെട്ട

ആയിരങ്ങളുടെ ശവക്കല്ലറകൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലും ബി.ജെ.പി മത്സരിച്ച് ശക്തി തെളിയിച്ചിരിക്കുന്നു എന്നത് ഭയം വർധിപ്പിക്കുന്ന കാര്യമാണ്. എന്താണീ മാജിക്കിന്റെ പിന്നിൽ? ബാലറ്റ് യന്ത്രങ്ങളുടെ സാങ്കേതികത്വമാണെന്ന് പറഞ്ഞ് ആശ്വസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്‌താൽ മാത്രം ശരിയായ കാരണം കണ്ടുപിടിക്കാനോ പരിഹാരം നിർദേശിക്കാനോ കഴിയില്ല. ബി.ജെ.പി നേതാക്കളെ തെറി വിളിച്ചതുകൊണ്ടോ അവരുടെ ക്രൂരതകൾ ആവർത്തിച്ചാവർത്തിച്ച് ഉരുവിട്ടതുകൊണ്ടോ പ്രശ്നത്തിന് അറുതിയുണ്ടാവില്ല. ബി.ജെ.പിയും സംഘ്പരിവാറും ഉണ്ടാക്കിയെടുത്ത സ്വാധീനങ്ങളിൽ നിന്നും രാജ്യത്തെ മുക്തമാക്കാൻ ഇത്തരം ഓട്ടയടക്കൽ പരിഹാരമല്ല എന്ന് തിരിച്ചറിയാനുള്ള വിവേകമെങ്കിലും മറ്റു പാർട്ടികൾക്കുണ്ടായെങ്കിൽ മാത്രമെ നിലനിൽക്കുന്ന ബി.ജെ.പി കുതിപ്പിനെ തടയിടാൻ സാധിക്കുകയുള്ളൂ.

മതേതര കക്ഷികളുടെ ആത്മാർഥത?

ഒരു കാര്യം ഉറപ്പാണ്. മതേതര ജനാധിപത്യ കക്ഷികൾ എന്നവകാശപ്പെടുന്ന പാർട്ടികൾക്ക് സംഘ്പരിവാറിനെ തോൽപ്പിച്ച് രാജ്യത്തിന്റെ മതനിരപേക്ഷതയെ തിരിച്ചുപിടിക്കണം എന്ന ആത്മാർഥമായ ആഗ്രഹം ഇല്ല എന്നതാണ് ആ ഉറപ്പായ കാര്യം. പരസ്പരം മത്സരിക്കാനും പോരടിക്കാനും തങ്ങളിൽ ആരാണ് വലിയ കക്ഷി എന്ന് പരിശോധിക്കാനുമുള്ള ഒരു അവസരമായി മാത്രമാണ് രാജ്യത്തെ മതേതര കക്ഷികൾ തെരഞ്ഞെടുപ്പുകളെ കാണുന്നത്. രാജ്യം ഇത്രയും ഭീകരമായ അവസ്ഥയിൽ സ്ഥിതിചെയ്യുമ്പോൾ ഒറ്റക്കെട്ടായി നിന്ന് ശക്തമായ ഒരു മുന്നണിയുണ്ടാക്കി ഓരോ സംസ്ഥാനത്തിന്റെയും സ്വഭാവങ്ങൾ വിലയിരുത്തി അതിനനുസൃതമായ സ്ഥാനാർഥികളെ ഫീൽഡ് ചെയ്യുന്നതിന് പകരം ഒറ്റക്കൊറ്റയ്ക്ക് മത്സരിച്ച് ഉള്ള ശക്തിയും ചോർത്തി തകർന്നില്ലാതാവുകയാണ് ജനാധിപത്യ മതേതര ജനവിഭാഗങ്ങൾ പ്രതീക്ഷയർപ്പിച്ചിട്ടുള്ള മതനിരപേക്ഷ കക്ഷികൾ. തെരഞ്ഞെടുപ്പുകൾ ചതുരംഗക്കളികളെ പോലെയാണ്. ചതുരംഗത്തിലെ കുതിരകൾ ചിനക്കാറില്ല. കുളമ്പടി ശബ്ദം പുറപ്പെടുവിക്കാറുമില്ല. അതിലെ ആനകൾ ചിന്നം വിളിക്കാറുമില്ല. തേരുകൾ ബഹളങ്ങൾ കൂട്ടാറുമില്ല. നിശബ്ദമായി തന്നെ ഓരോ നീക്കങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ച് ‘രാജാവി’ന്റെ സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയുടെ ജനാധിപത്യ മതേതര സവിശേഷതയെ സംരക്ഷിക്കാനുള്ള അവസാനത്തെ ‘ചെക്ക്’ വിളിക്കാൻ സാധിക്കുക എന്നതിലാണ് രാഷ്ട്രീയ ചതുരംഗത്തിലെ വിജയം. പക്ഷെ, നമ്മുടെ ജനാധിപത്യ പാർട്ടികൾ നിരാശപ്പെടുത്തുകയാണ്. ഒന്നിച്ച് നിന്ന് ആത്മാർഥമായി പരിശ്രമിക്കാൻ അവർക്കൊട്ടും താൽപര്യമില്ല. അവരിലെ ഓരോ നേതാക്കൾക്കും മത്സരിക്കണം, എം.എൽ.എയും മന്ത്രിയുമാവണം. ദുര മൂത്ത അധികാരക്കൊതി മാത്രം ആദർശമായി കൊണ്ടുനടക്കുന്ന ഈ പാർട്ടികൾ വീണ്ടും വീണ്ടും നിരാശപ്പെടുത്തുകയാണ്.

തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോൾ ഏതൊരു കൊച്ചുകുട്ടിക്ക് പോലും മനസ്സിലാകും ആരാണ്, എങ്ങനെയാണ് ബി.ജെ.പിയെ വിജയിപ്പിച്ചത് എന്നത്. ദാറുൽ ഉലൂം സ്ഥിതിചെയ്യുന്ന, മുസ്‌ലിം സമുദായാംഗങ്ങൾ 40 ശതമാനമുള്ള ദയൂബന്ദിൽ പോലും വിജയിച്ചത് ബി.ജെ.പിയാണ്. സമാജ് വാദിയും ബി.എസ്.പിയും ചേർന്നാണ് അവിടെ ബി.ജെ.പിയെ വിജയിപ്പിച്ചത്. ജയിച്ച ബി.ജെ.പി സ്ഥാനാർഥി ബ്രിജേഷിന് 93478 വോട്ട് ലഭിച്ചപ്പോൾ സമാജ് വാദി പാർട്ടി സ്ഥാനാർഥി കാർത്തികേയ റാണക്ക് 86511 വോട്ടും ബി.എസ്.പി സ്ഥാനാർഥി ചൗധരി രാജേന്ദ്ര സിംഗിന് 52526 വോട്ടുമാണ് ലഭിച്ചത്. കേവലം 7000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച ബി.ജെ.പിയെ 45000 (നാൽപത്തിഅയ്യായിരം) വോട്ടുകൾക്ക് രണ്ടു പാർട്ടികൾക്കും ചേർന്ന് പരാജയപ്പെടുത്താമായിരുന്നു എന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. പല സ്ഥലങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. സമാജ് വാദി പാർട്ടിക്കും ബി.എസ്.പിക്കും പുറമെ കോൺഗ്രസും ഉവൈസിയുടെ പാർട്ടിയും ആം ആദ്‌മിയും വികാസ് പാർട്ടിയുമെല്ലാം ദയൂബന്ദിൽ മത്സരിച്ചിട്ടുണ്ട് എന്നത് ഇവരുടെയെല്ലാം ഉത്തരവാദിത്വമില്ലായ്മയെയാണ് ബോധ്യപ്പെടുത്തുന്നത്.

ഉത്തർപ്രദേശിലെ ഒട്ടുമിക്ക മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ അവലോകനം ചെയ്തപ്പോൾ ബോധ്യപ്പെട്ട വസ്തുത യു.പിയിൽ യോഗി തരംഗമോ സംഘ്പരിവാർ ഭൂരിപക്ഷ വികാരമോ ഒന്നും അവിടെ ഇല്ല എന്നതുതന്നെയാണ്. മതനിരപേക്ഷ സംഘടനകൾ എന്ന് അവകാശപ്പെടുന്ന സമാജ് വാദി, ബി.എസ്.പി, രാഷ്ട്രീയ ലോക് ദൾ, കോൺഗ്രസ് എന്നിവരെല്ലാവരും ഭിന്നിച്ച് ഭിന്നിച്ച് പരസ്പരം മത്സരിച്ച് യോഗിയുടെ മാർക്കറ്റ് റേറ്റ് കൂട്ടുക മാത്രമാണുണ്ടായത്. പല മണ്ഡലങ്ങളിലും ബി.ജെ.പി കഷ്ടിച്ച് രക്ഷപ്പെടുകയാണ് ചെയ്തിട്ടുള്ളത്. യു.പിയിലെ ചില മുസ്‌ലിംകൾ പങ്കുവെച്ച വലിയ ആശങ്കയും ഇതുതന്നെയായിരുന്നു. ഇതിലേറെ നല്ലത് ബി.ജെ.പിക്ക് വോട്ടുചെയ്ത് അവരുടെ ശത്രുത ഒഴിവാക്കുന്നതല്ലേ പ്രായോഗികം എന്നുവരെ അവർ ചോദിച്ചു തുടങ്ങിയിരിക്കുന്നു.

കോൺഗ്രസിന് ചുവട് പിഴച്ചതെവിടെ?

രാഷ്ട്രീയ പ്രശ്നങ്ങളെക്കാൾ ജാതി മത സങ്കുചിതത്വങ്ങൾക്കും അതിന്മേൽ പടുത്തുയർത്തപ്പെട്ട വൈകാരിക പ്രശ്നങ്ങൾക്കുമാണ് തെരഞ്ഞെടുപ്പിൽ പ്രാമുഖ്യം ലഭിച്ചുവന്നിരുന്നത് എന്നാണ് യു.പിയുടെ തെരഞ്ഞെടുപ്പ് ചരിത്രം നമ്മോട് പറയുന്നത്. 1951ല്‍ സംസ്ഥാന നിയമസഭയിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ഹിന്ദു വര്‍ഗീയ പാര്‍ട്ടിയായിരുന്ന ജനസംഘത്തിന് കേവലം രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു ലഭിച്ചത്. അത്രമാത്രം മതേതരത്വം നിറഞ്ഞുനിന്നിരുന്ന പ്രദേശമായിരുന്നു യു.പി. എന്നാൽ ആർ.എസ്.എസിന്റെ അടുക്കളയിൽ പാകം ചെയ്ത് വിളമ്പിയ രാമജന്മഭൂമി എന്ന സ്വാദിഷ്ടമായ വിഭവമാണ് 1991ലെ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പിയെ മുന്നിലെത്തിച്ചത്. രാജ്യം റിപ്പബ്ലിക്കായി 40 വർഷം കഴിയേണ്ടിവന്നു ബി.ജെ.പിക്ക് മുന്നോട്ട് കുതിക്കാൻ. സംസ്ഥാനം ഭരിച്ചിരുന്ന കോൺഗ്രസിന് ഇതിനെ പ്രതിരോധിക്കാൻ സാധിക്കുമായിരുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യം യു.പിയിൽ ഉണ്ടായിരുന്നുവെങ്കിലും രാമജന്മഭൂമി വിഷയത്തിൽ കോൺഗ്രസിന് ചുവട് തെറ്റിപ്പോയി. ശിലാന്യാസത്തിന് അനുമതി നൽകി ഒരേസമയം ന്യൂനപക്ഷങ്ങളുടെയും മതനിരപേക്ഷ വിഭാഗങ്ങളുടെയും വിശ്വാസ്യത കോൺഗ്രസ് നഷ്ടപ്പെടുത്തി. അങ്ങനെ 1989 ഡിസംബർ 5ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങിയ എൻ.ഡി.തിവാരി യു.പിയിലെ അവസാനത്തെ കോൺഗ്രസ് മുഖ്യമന്ത്രിയായി മാറി.

യു.പി വർഗീയ ജാതീയ രാഷ്ട്രീയത്തിലേക്ക്

ഈ സമയത്താണ് യു.പിയിൽ രണ്ട് തരത്തിലുള്ള രാഷ്ട്രീയങ്ങൾ തലപൊക്കുന്നത്. ഒന്ന് ബി.ജെ.പി മുമ്പോട്ടുവെച്ച മത രാഷ്ട്രീയം; മറ്റൊന്ന് ജന താദൾ മുമ്പോട്ടുവെച്ച ജാതിരാഷ്ട്രീയം. ഇതുരണ്ടും ഒരു ബഹു സ്വര സമൂഹത്തിന് അപകടകരമാണ്. ജാതിരാഷ്ട്രീയം പ്രത്യക്ഷത്തിൽ മതരാഷ്ട്രീയം പോലെ അപകടകരമല്ലെന്ന് തോന്നുമെങ്കിലും ഫലത്തിൽ സംസ്ഥാനത്തിന്റെ സെക്കുലർ ഭിത്തിക്ക് വലിയ അപകടമാണ് അതുണ്ടാക്കിയത്. ഓരോ ജാതിയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സംഘടിക്കുന്നത് തെറ്റല്ല, പക്ഷെ അത്തരം സംഘാടനങ്ങളെ രാഷ്ട്രീയ സംഘടനകൾ ദുരുപയോഗം ചെയ്യുകയും പരസ്പരം ശത്രുത വളർത്താൻ ഉപയോഗിക്കുകയും ചെയ്യുമ്പോൾ അതിന്റെ നേട്ടം വർഗീയസംഘടനകൾക്കാണ് ലഭിക്കുക. അതാണ് കോൺഗ്രസ് പാർട്ടിയെ ഉത്തർപ്രദേശിൽ നിന്നും നിഷ്കാസനം ചെയ്തത് എന്നുകൂടി മനസ്സിലാക്കുമ്പോൾ അതിന്റെ പ്രത്യാഘാതം ഒന്നുകൂടെ ബോധ്യപ്പെടും.

ചരൺസിംഗ് തുടക്കമിട്ട കോൺഗ്രസ് ഇതര രാഷ്ട്രീയം

കോൺഗ്രസിനകത്തെ അഭി പ്രായ വ്യത്യാസങ്ങളാണ് യു.പിയുടെ സുശക്തമായ രാഷ്ട്രീയ സ്വഭാവത്തിന് ഇളക്കം തട്ടിച്ചത്. ഒരു കോൺഗ്രസ് വിരുദ്ധ സർക്കാർ 1967ൽ തന്നെ മുൻ പ്രധാനമന്ത്രി കൂടിയായ ചൗധരി ചരൺസിംഗിന്റെ നേതൃത്വത്തിൽ യു.പിയിൽ ഉണ്ടായിട്ടുണ്ട്. ജവഹർലാൽ നെഹ്‌റുവിനോടും പിന്നീട് ഇന്ദിരാഗാന്ധിയോടുമുണ്ടായ രാഷ്ട്രീയ വിയോജിപ്പുകളാണ് ചരൺസിംഗിനെ ഭാരതീയ ക്രാന്തി ദൾ എന്ന പേരിൽ പാർട്ടി രൂപീകരിക്കാൻ പ്രേരിപ്പിച്ചത്. സോവിയറ്റ് മാതൃകയിൽ കേരളത്തിലും മഹാരാഷ്ട്രയിലുമുണ്ടായ ഭൂപരിഷ്കരണം യു.പിയിലും നടപ്പാക്കണം എന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ ആവശ്യം. എന്നാൽ സോവിയറ്റിലെ കമ്യൂണിസ്റ്റ് ശൈലിയോ പാശ്ചാത്യ കാപിറ്റലിസ്റ്റ് ശൈലിയോ അല്ല, ഇന്ത്യയിലെ കർഷകർക്കും ഭൂവുടമകൾക്കും സോഷ്യലിസമാണ് അനുയോജ്യമെന്ന പക്ഷക്കാരനായിരുന്നു ചരൺസിംഗ്. ചരൺസിംഗിന്റെ തീരുമാനത്തോട് യോജിച്ചുകൊണ്ടായിരുന്നു 1967ലെ തെരഞ്ഞെടുപ്പിൽ യു.പിയിലെ ജനങ്ങൾ നിന്നത്. ചരൺസിംഗിന്റെ പാർട്ടി പിന്നീട് ജനതാപാർട്ടിയിൽ ലയിക്കുകയാണുണ്ടായത്. എന്നാൽ പിന്നീട് ചന്ദ്രഭാനു ഗുപ്ത, ടി.എൻ.സിംഗ്, കമലാപതി ത്രിപാഠി, എച്ച്.എൻ. ബഹുഗുണ എന്നിവരിലൂടെ കോൺഗ്രസ് യു.പിയെ തിരിച്ചുപിടിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം ഇന്ത്യയൊന്നാകെ ഉണ്ടായ കോൺഗ്രസ് വിരുദ്ധ വികാരത്തിൽ 1979ൽ യു.പിയിൽ ജനതാപാർട്ടി അധികാരത്തിൽ വന്നെങ്കിലും 1980ൽ വിശ്വനാഥ്‌ പ്രതാപ് സിംഗിലൂടെ കോൺഗ്രസ് യു.പി പിടിച്ചടക്കി. തുടർന്ന് ശ്രീപതി മിശ്ര, വീർ ബഹാദൂർ സിംഗ് എന്നിവരിലൂടെ സഞ്ചരിച്ച് 1988ൽ വീണ്ടും എൻ.ഡി തിവാരിയിലെത്തിച്ചേർന്നു. സംഘ്പരിവാറിനെ ഭയന്ന് തിവാരി നടത്തിയ ശിലാന്യാസത്തിന് അനുമതി നൽകുക പോലെയുള്ള വർഗീയ നടപടികൾ കോൺഗ്രസിന്റെ പൂർണമായ പതനത്തിലേക്ക് നയിച്ചു.

യു.പി രാഷ്ട്രീയവും വി.പി സിംഗും

ഈ കാലഘട്ടത്തിൽ ഉത്തരേന്ത്യയിൽ കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയം വളർത്തിയെടുക്കുന്ന തിരക്കിലായിരുന്നു രാജീവ് ഗാന്ധിയോടുള്ള അഭിപ്രായവ്യത്യാസത്താൽ കോൺഗ്രസ് വിട്ട വി.പി സിംഗ്. ജനതാദൾ എന്ന പാർട്ടി രൂപം കൊള്ളുന്നത് അങ്ങനെയാണ്. വി.പി.സിംഗിന്റെ ജനതാദളും ഡി.എം.കെ, തെലുങ്കുദേശം, ആസാം ഗണപരിഷത്ത് എന്നീ പാർട്ടികളും ചേർന്നുണ്ടാക്കിയ ‘ദേശീയ മുന്നണി’ക്ക് ബി.ജെ.പിയുടെയും ഇടതുപക്ഷ പാർട്ടികളുടെയും പുറത്തുനിന്നുള്ള പിന്തുണയുമുണ്ടായിരുന്നു. ബി.ജെ.പിക്ക് ഒരു രാഷ്ട്രീയ ബലം ലഭിക്കാൻ ഇതൊരു കാരണമായി ഭവിക്കുകയും ചെയ്തു. ഈ കാലത്താണ് 1989ലെ തെരഞ്ഞെടുപ്പ് യു.പിയിൽ നടന്നത്. തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ ജനതാദൾ മുലായംസിംഗ് യാദവിനെ മുഖ്യമന്ത്രിയാക്കി. ഉത്തർപ്രദേശിന്റെ സവിശേഷ സാഹചര്യമായ ജാതീയതയെ മുലായം ഉണർത്തി. ഉയർന്ന ജാതി വിഭാഗങ്ങൾ (ബ്രാഹ്മണ, രജപുത്ര, വൈശ്യ തുടങ്ങിയ) 18 ശതമാനവും ഒ.ബി.സി വിഭാഗക്കാർ (യാദവ, കുർമി, ലോധി, മൗര്യ) 41 ശതമാനവും ജാതവ അടക്കമുള്ള ദളിത് വിഭാഗക്കാർ 22 ശതമാനവും മുസ്‌ലിംകൾ 19 ശതമാനവുമാണ്.

വർഗീയതയുടെ രാഷ്ട്രീയ വളർച്ചയും ബി.ജെ.പിയുടെ അധികാരവും

1989ലെ തെരഞ്ഞെടുപ്പിലാണ് ആദ്യമായി ബഹുജൻ സമാജ് പാർട്ടിയും മത്സരിച്ചത്. കാൻഷിറാമിന്റെ നേതൃത്വത്തിൽ 1984ൽ പിറവി കൊണ്ട ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) പട്ടികജാതി വിഭാഗങ്ങളുടെയും മുസ്‌ലിംകൾ അടക്കമുള്ള ഒ.ബി.സി വിഭാഗങ്ങളുടെയും അവകാശ സംരക്ഷണത്തിന് വേണ്ടിയാണ് രൂപം കൊണ്ടത്. ജനതാദൾ 208 സീറ്റ് നേടിയ തെരഞ്ഞെടുപ്പിൽ ബി.എസ്.പിക്ക് 13 സീറ്റുകൾ ലഭിച്ചു. കോൺഗ്രസ്, ബി.ജെ.പി എന്നീ പാർട്ടികൾ യഥാക്രമം 94, 57 സീറ്റുകൾ നേടി. കേന്ദ്രത്തിൽ വി.പി.സിംഗിന് നൽകിയത് പോലെ മുലായം സിംഗ് സർക്കാറിനും ബി.ജെ.പി പുറത്തുനിന്നുള്ള പിന്തുണ നൽകിയിരുന്നു. എൽ.കെ അദ്വാനിയുടെ രഥയാത്ര തടയുകയും അദ്വാനിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത മുലായം സിംഗിന്റെ പോലീസ് 1990 നവംബറിൽ അയോധ്യയിൽ ബാബരി മസ്‌ജിദ്‌ പൊളിക്കാനെത്തിയ കർസേവകർക്ക് നേരെ വെടിവെക്കുകയും ചെയ്തതിനെ തുടർന്ന് കേന്ദ്രത്തിൽ വി.പി സിംഗിനുള്ള പിന്തുണയും യു.പിയിൽ മുലായം സിംഗിനുള്ള പിന്തുണയും ബി.ജെ.പി പിൻവലിച്ചു.

വി.പി.സിംഗ് സർക്കാറിന്റെ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപടികളും മുലായം സിംഗിന്റെ കർസേവകർക്കെതിരെയും രഥ യാത്രക്കെതിരെയുമുള്ള നടപടികൾ യു.പിയിൽ വലിയ കോളിളക്കമുണ്ടാക്കി. ഒരു മുസ്‌ലിം അനുകൂല നേതാവായി ‘മൗലാനാ മുലായം’ ചിത്രീകരിക്കപ്പെട്ടു. ബി.ജെ.പി അവസരം മുതലാക്കി. 1991ലെ തെരഞ്ഞെടുപ്പിൽ അവർ 221 സീറ്റുകൾ നേടി കേവലഭൂരിപക്ഷം നേടി. അതിനിടക്ക് മുലായം സിംഗ് ജനതാദളിലെ വി.പി സിംഗ് ചേരി വിട്ട് ചന്ദ്രശേഖർ ചേരിയായ എസ്.ജെ.പിയിൽ ചേർന്നിരുന്നു. 1991ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും എസ്.ജെ.പി ക്ലച്ച് പിടിച്ചില്ല. കേവലം 34 സീറ്റുകളാണ് മുലായം നയിച്ച പാർട്ടിക്ക് ലഭിച്ചത്. ജനതാദളിന് 92 സീറ്റും കോൺഗ്രസിന് 46 സീറ്റും ലഭിച്ചു. ബി.എസ്.പിക്ക് 12 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഈ തെരഞ്ഞെടുപ്പിൽ മുലായം സിംഗിന്റെ എതിർ സ്ഥാനാർഥി കോൺഗ്രസുകാരനായിരുന്നു എന്ന കാര്യവും ഓർത്തുവെക്കേണ്ടതുണ്ട്.

അങ്ങനെ ആദ്യമായി ബി.ജെ.പിക്ക് ഉത്തർപ്രദേശിന്റെ ഭരണം ലഭിച്ചു. കല്യാൺ സിംഗ് എന്ന ഒ.ബി.സിയിൽ പെട്ട ലോധി വിഭാഗക്കാരനെ തന്നെ മുഖ്യമന്ത്രിയാക്കി ബി.ജെ.പി മുലായം സിംഗിനെ വെട്ടിലാക്കി. വി.പി.സിംഗിന്റെയും മുലായം സിംഗിന്റെയും വൈകാരിക നടപടികളായിരുന്നു ബി.ജെ.പിയുടെ കുതിപ്പിന് കാരണമെന്ന നിരീക്ഷണം തള്ളിക്കളയാൻ പറ്റില്ല. രാമജന്മഭൂമിയിലൂടെ ഹൈന്ദവവികാരമുണർത്തി നേടിയ വിജയത്തെ ഒന്നുകൂടി ഉറപ്പിക്കാൻ 1992ൽ ബാബരി മസ്‌ജിദിനെ തകർക്കാൻ ബി.ജെ.പിയെ പ്രേരിപ്പിച്ചു. എന്നാൽ മസ്‌ജിദ്‌ ധ്വംസനത്തിന് ശേഷം രാജ്യമാകമാനം വർഗീയ കലാപങ്ങളുണ്ടായതോടെ കല്യാൺ സിംഗിന് രാജിവെക്കേണ്ടി വന്നു.

സമാജ് വാദി പാർട്ടിയും ബി.എസ്.പിയും കൈകോർത്ത് പിടിച്ചപ്പോൾ

1992ൽ മുലായം സിംഗ് സമാജ് വാദി പാർട്ടി രൂപീകരിച്ചു. പിന്നാക്ക വിഭാഗങ്ങളുടെയും കർഷക വിഭാഗങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കിക്കൊണ്ടായിരുന്നു പാർട്ടി രൂപീകരിച്ചത്. ബി.ജെ.പി ഉയർത്തുന്ന വർഗീയ രാഷ്ട്രീയത്തെ ചെറുക്കുക കൂടി അദ്ദേഹം ലക്ഷ്യമാക്കി. മുലായമിനെ സഹായിക്കാൻ ബി.എസ്.പിയുടെ കാൻഷിറാം മുമ്പോട്ടുവന്നു. അന്ന് അവർ ഉയർത്തിയ ഒരു മുദ്രാവാക്യമുണ്ട്. ‘മിലെ മുലായം-കാൻഷി റാം, ഹവാ മേം ഉഡ് ഗയെ ജയ്ശ്രീറാം’ എന്നായിരുന്നു അത്. ‘മുലായം-കാൻഷിറാം ഒന്നായി; ജയ്‌ശ്രീറാം വിളി കാറ്റായി’. മുലായവും കാൻഷിയും ഒരു മുന്നണിയായി നിന്ന് ബി.ജെ.പിയെ നേരിട്ടു. രാമജന്മഭൂമി വികാരവും ബാബരി ധ്വംസനത്തിന്റെ എതിർവികാരവും തമ്മിലായിരുന്നു അന്നത്തെ യു.പിയിലെ മത്സരം. മത്സരത്തിൽ 177 സീറ്റ് നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടായില്ല. അവസരം മുതലാക്കി സമാജ് വാദി പാർട്ടിയും (109) ബഹുജൻ സമാജ് പാർട്ടിയും (67) കൈകോർത്തു. കോൺഗ്രസ് (28), ജനതാദൾ (27). കമ്മ്യൂണിസ്റ്റ് പാർട്ടികൾ (4) എന്നിവർ പുറത്ത് നിന്നും പിന്തുണച്ചു. മുലായം സിംഗ് വീണ്ടും യു.പി മുഖ്യമന്ത്രിയായി. ബി.എസ്.പി നേതാവും ഉത്തർ പ്രദേശിന്റെ ദളിത് മുഖവുമായ മായാവതി താരമായി ഉയരുകയും ചെയ്തു. മുലായം-മായാവതി ബന്ധം യു.പിയുടെ മതേതര മുഖത്തെ തേച്ചുമിനുക്കാൻ സഹായിച്ചു.

ബി.ജെ.പി പിന്തുണയോടെ ബി.എസ്.പി അധികാരത്തിലേക്ക്

പക്ഷെ വീണ്ടും യു.പിയെ ദുരന്തം പിടികൂടി. 1995ൽ ഏതാനും സമാജ് വാദി ‘ഗുണ്ടകൾ’ മായാവതിയെയും ചില ബി.എസ്.പി എം.എൽ.എമാരെയും ആക്രമിച്ചുവെന്നും ജാതി അധിക്ഷേപം നടത്തിയെന്നും ആരോപിച്ച് മായാവതി മുലായം സർക്കാറിനുള്ള പിന്തുണ പിൻവലിച്ചു. മായാവതിയുടെ രക്ഷകരായി ബി.ജെ.പി രംഗപ്രവേശനം ചെയ്തു. മുലായം സിംഗിന് രാജിവെക്കേണ്ടി വന്നു. മായാവതിയെ അവർ മുഖ്യമന്ത്രിയാക്കി. ഉത്തർപ്രദേശിനെ വർഗീയതയിൽ നിന്നും രക്ഷപ്പെടുത്തി മതേതരത്വവും സമാധാനവും തിരിച്ചുകൊണ്ടുവരാമെന്ന് വാഗ്ദത്തം ചെയ്ത് അധികാരത്തിലേറിയ ബി.എസ്.പി ദളിത് സമൂഹത്തെ പോലും വഞ്ചിച്ച് ബി.ജെ.പിയുടെ സഹയാത്രികരായി. അധികാരക്കൊതി മായാവതിയെ ലക്ഷ്യത്തിൽ നിന്നും തെറ്റിച്ചു. സംസ്ഥാനത്ത് ആദ്യമായി ഒരു ദളിത് മുഖ്യമന്ത്രിയെ അവരോധിക്കാൻ സാധിച്ചു എന്ന് ബി.ജെ.പി പ്രചാരണം നടത്തി. ഇത് ദളിത് സമൂഹത്തിൽ ഇളക്കമുണ്ടാക്കി. ബി.ജെ.പിയെ അവർ മിത്രങ്ങളായി കണ്ടുതുടങ്ങി.

ബി.ജെ.പി മായാവതിക്കുള്ള പിന്തുണ പിൻ‌വലിക്കുന്നു

ബി.ജെ.പിയുടെ പിന്തുണയോടെയുള്ള മായാവതിയുടെ ഭരണം 137 ദിവസം പിന്നിട്ടപ്പോൾ പ്രത്യേക കാരണങ്ങൾ കൂടാതെ തന്നെ ബി.ജെ.പി പിന്തുണ പിൻവലിച്ചു. ‘ബ്രാഹ്മണർ നമ്മെ ഒറ്റിക്കൊടുത്തതിൽ യാതൊരു അത്ഭുതവും ഇല്ല’ എന്നായിരുന്നു ബി.ജെ.പിയുടെ ഈ നടപടിയെ കുറിച്ച് കാൻഷി റാം പ്രതികരിച്ചത്. ബി.ജെ.പി പിന്തുണ പിൻവലിച്ചതോടെ യു.പി അനിശ്ചിതത്വത്തിലേക്ക് നീങ്ങി. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഒന്നര വർഷത്തോളം നീണ്ടുനിന്ന രാഷ്‌ട്രപതി ഭരണത്തിനൊടുവിൽ 1997ൽ തെരഞ്ഞെടുപ്പ് നടന്നു. 1993ൽ സമാജ് വാദിയും ബി.എസ്.പിയും ഒരുമിച്ച് മത്സരിച്ചിരുന്നെങ്കിൽ 1997ൽ അവർ ബദ്ധശത്രുക്കളെ പോലെയായി. അതിലേറ്റവും ആനന്ദം കൊണ്ടത് ബി.ജെ.പിയും സംഘ്പരിവാർ ശക്തികളുമായിരുന്നു. എന്നാൽ ബി.എസ്.പി കോൺഗ്രസിന്റെ പിന്തുണ നേടി. ബി.എസ്.പിയും (67) കോൺഗ്രസും (33) ഒരുമിച്ച് 100 സീറ്റുകൾ മാത്രമാണ് നേടിയത്. ബി.ജെ.പി 174 സീറ്റുകൾ നേടി വീണ്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

ബി.എസ്.പി കോൺഗ്രസിനെയും വഞ്ചിക്കുന്നു

കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ ബി.എസ്.പി രാഷ്ട്രീയ വഞ്ചന കാണിച്ച് അവരെ വഞ്ചിച്ച ബി.ജെ.പിയെ വീണ്ടും സമീപിച്ചു. ബി.ജെ.പിയുമായി ചേർന്ന് വീണ്ടും സർക്കാർ ഉണ്ടാക്കാൻ തയ്യാറാണെന്നും അങ്ങനെയെങ്കിൽ ആദ്യത്തെ ആറു മാസക്കാലം മായാവതിയെ മുഖ്യമന്ത്രിയാക്കണം എന്ന ഡിമാൻഡ് മുമ്പോട്ട് വെക്കുകയും ചെയ്തു. ആറു മാസം കഴിഞ്ഞ് ബാബരി മസ്‌ജിദ്‌ ധ്വംസനക്കാലത്തെ മുഖ്യമന്ത്രി കല്യാൺസിംഗ് തന്നെ മുഖ്യമന്ത്രിയായി. കല്യാൺ സിംഗിന് ശേഷം ബി.ജെ.പിയുടെ റാം പ്രകാശ് ഗുപ്തയും രാജ്‌നാഥ്‌ സിംഗും മുഖ്യമന്ത്രിയായി. ചുരുക്കത്തിൽ 1997 നവംബർ മുതൽ 2002 മാർച്ച് വരെ ബി.ജെ.പി സുഖമായി ഭരിച്ചു.

തകരുന്ന ബി.ജെ.പിക്ക് വീണ്ടും ബി.എസ്.പിയുടെ കൈത്താങ്ങ്

2002ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 174ൽ നിന്നും 88ലേക്ക് കൂപ്പുകുത്തി. സമാജ് വാദി 147 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും 98 സീറ്റ് നേടിയ ബി.എസ്.പി, വീണ്ടും ബി.ജെ.പിയുടെ പിന്തുണ നേടി സർക്കാർ രൂപീകരിച്ചു. മായാവതി വീണ്ടും മുഖ്യമന്ത്രിയായി. പിന്നിൽ നിന്നും ഇടക്കിടക്ക് കുത്തുന്ന ‘വരേണ്യ’ വിഭാഗത്തിന്റെ പിന്തുണ തേടി അധികാരത്തിലിരിക്കുക എന്നതായി യു.പിയിലെ ദളിത് രാഷ്ട്രീയത്തിന്റെ ഗതി. ഒട്ടും നിലവാരമില്ലാത്ത ഈ കളികൾക്കിടയിലും സമാജ് വാദി അവരുടെ നിലപാടിൽ ഏറെക്കുറെ ഉറച്ചുനിന്നു. എന്നാൽ മൂന്നര മാസം പിന്നിട്ടതോടെ ബി.ജെ.പി മായാവതിക്കുള്ള പിന്തുണ വീണ്ടും പിൻവലിച്ചു.

മുലായം വീണ്ടും അധികാരത്തിൽ

ഈ സന്ദർഭം മുതലെടുത്ത് 143 എം.എൽ.എമാരുള്ള മുലായം സിംഗ് ബി.എസ്.പിയിൽ നിന്നും 37 എം.എൽ.എ മാരെ കൂട്ടുപിടിച്ച് കോൺഗ്രസിന്റെയും (28), ആർ.എൽ.ഡിയുടെയും (14) പിന്തുണ നേടി അധികാരത്തിൽ വന്നു. 2007 വരെ ഈ നില തുടർന്നു. ബി.ജെ.പിയുടെ കുതന്ത്രങ്ങൾക്ക് തടയിടുക എന്ന ലക്ഷ്യത്തിൽ മുലായം വിജയിച്ചു. ഇത് 2007ലെ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. ബി.എസ്.പി 206 സീറ്റിലേക്ക് കുതിച്ച് കേവല ഭൂരിപക്ഷം നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ ബി.ജെ.പി 51ലേക്ക് ചുരുങ്ങി. സമാജ് വാദി 96ലേക്ക് ഒതുങ്ങി. എന്നാൽ 2012ൽ ഇത് സമാജ് വാദി തിരിച്ചുപിടിച്ചു. അവർ 224 സീറ്റ് നേടിയപ്പോൾ ബി.എസ്.പി 80ൽ ഒതുങ്ങി. ബി.ജെ.പിയുടെ സീറ്റ് വീണ്ടും ചുരുങ്ങി 47ൽ എത്തി.

മോഡി അധികാരത്തിൽ എത്തിയ ശേഷം

നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ ശേഷം നടന്ന 2017ലെ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിനെ മുന്നിൽ നിർത്തി വീണ്ടും വർഗീയമായ തെരഞ്ഞെടുപ്പിലേക്ക് ഉത്തർപ്രദേശ് നീങ്ങിയപ്പോൾ മതേതര പാർട്ടികളായ സമാജ് വാദി പാർട്ടിക്കും ബി.എസ്.പിക്കും കോൺഗ്രസിനും ആർ.എൽ.ഡിക്കും ചുവടുപിഴച്ചു. എല്ലാവരും പഴയപോലെ വാശിയോടെ പരസ്പരം മത്സരിച്ചപ്പോൾ മോഡി ഇഫക്റ്റിൽ മുഴുവനാളുകളും കടപുഴകി വീണു. 2012ൽ കേവലം 47 സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി 312ലേക്ക് കുതിച്ചു. 224 സീറ്റോടെ സംസ്ഥാനം ഭരിച്ചിരുന്ന അഖിലേഷിന്റെ എസ്. പിക്ക് 47 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ബി.എസ്.പിയും കോൺഗ്രസും മെലിഞ്ഞ് യഥാക്രമം 19ലും 7ലും എത്തി. 2017ലെ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ മതേതര പാർട്ടികൾ സമയം കണ്ടെത്തിയിരുന്നെങ്കിൽ അവരുടെ പിഴവുകൾ അവർക്ക് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു. സമാജ് വാദി പാർട്ടിയും കോൺഗ്രസും ബി.എസ്.പിയും മുന്നണിയായി പ്രവർത്തിച്ചിരുന്നെങ്കിൽ ബി.ജെ.പിക്ക് ഭരണത്തിലെത്താൻ കഴിയുമായിരുന്നില്ല എന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പും നിരീക്ഷണവും

2022ൽ ബി.ജെ.പിയുടെ വിജയം ആവർത്തിച്ചു. ബി.ജെ.പിക്ക് ഭരണത്തുടർച്ച ലഭിച്ചു. ബി.ജെ.പിയുടെ സഹായത്തോടെ സംസ്ഥാനം ഭരിച്ചിരുന്ന ബി.എസ്.പിക്ക് ഒരു സീറ്റ് മാത്രമാണ് ഇത്തവണ ലഭിച്ചത്. കോൺഗ്രസിനാവട്ടെ രണ്ട് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് മതനിരപേക്ഷ കക്ഷികളുടെ അന്തമില്ലായ്‌മയെയാണ്. 312 സീറ്റ് നേടിയ ബി.ജെ.പിക്ക് 255 മാത്രമേ കിട്ടിയുള്ളൂ എന്നും 47ൽ നിന്നും സമാജ് വാദി 111ൽ എത്തി എന്നുമെല്ലാം പറഞ്ഞ് ആശ്വസിക്കാനാണ് ചില ‘നിരീക്ഷകർ’ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള നിരീക്ഷണങ്ങളല്ല, യഥാർഥ പ്രശ്‍നങ്ങളെകുറിച്ച് പഠിക്കുവാനും യാഥാർഥ്യമെന്തെന്ന് കണ്ടുപിടിക്കാനും പരിഹാരം കാണാനുമുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്.

യു.പിയും കോൺഗ്രസും

ഉത്തർപ്രദേശിൽ ഇപ്പോൾ കോൺഗ്രസിന് കാര്യമായ റോൾ ഇല്ല. ഇനിയുണ്ടാകുമോ എന്ന് പറയാനും സാധിക്കില്ല. അതിനുള്ള കാരണം ഉത്തർപ്രദേശിനെ ഇപ്പോൾ നയിക്കുന്നത് ഒന്നുകിൽ ജാതിയോ അല്ലെങ്കിൽ വർഗീയതയോ ആണ്. സമാജ് വാദിയും ബി.എസ്.പിയും ഏറെക്കുറെ ജാതി രാഷ്ട്രീയത്തിൽ അധിഷ്ടിതമാണ്. അവർക്ക് അവരുടേതായ വോട്ട് ബാങ്കുകളുണ്ട്. അവരുടെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തിയാണ് ബി.ജെ.പി ജയിച്ചു കയറുന്നത് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അവർക്കില്ല എന്നതാണ് ഓരോ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. കോൺഗ്രസിന് പ്രത്യേക വർഗീയ, ജാതി അജണ്ടകൾ പറയാനില്ലാത്തത് കൊണ്ട് അവർക്ക് യു.പി വർത്തമാന രാഷ്ട്രീയത്തിൽ ഇടം കണ്ടെത്താൻ സാധിക്കുന്നില്ല എന്നതാണ് വസ്തുത.

ഭാഗിക ശരികളല്ല, ആത്യന്തിക ശരികളെയാണ് കണ്ടെത്തേണ്ടത്

ഏതാനും ചില മണ്ഡലങ്ങളിലെ ചില മുസ്‌ലിം സംഘടനകൾ നിർത്തിയ സ്ഥാനാർഥികളെ ചൂണ്ടിക്കാണിച്ച് ഇതാണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് എന്ന് പറഞ്ഞു വിലപിക്കുന്നവരുണ്ട്. അത് ഭാഗികമായ ശരി മാത്രമേ ആകുന്നുള്ളൂ. ആത്യന്തികമായ ശരി അതല്ല. സംഘ്പരിവാറിനെ നേരിടാൻ ഉത്തർപ്രദേശിലെ മതനിരപേക്ഷ സംഘടനകൾ ആത്മാർഥത കാണിക്കുന്നില്ല എന്നതാണ് ആത്യന്തികമായ ശരി. മുകളിൽ എഴുതിയ യു.പിയുടെ ആധുനിക രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ അത് വ്യക്തമാണ്. ദളിതുകളുടെ മോചനത്തിനായി രൂപം കൊണ്ട ഒരു പാർട്ടി ദളിതുകളുടെ ശത്രുക്കളുടെ കൈയിലെ കളിപ്പാവയാകുകയും താൽകാലികമായി ലഭിക്കുന്ന മുഖ്യമന്ത്രി പദത്തിൽ രമിക്കുകയും ചെയ്യുക, ഒരേ പാർട്ടിയിലെ നേതാക്കളെ പരസ്പരം ഒതുക്കുവാൻ സംഘ്പരിവാറിനെ കൂട്ടുപിടിക്കുക, ആരാണ് ഏറ്റവും ജനപിന്തുണയുള്ള മതേതര കക്ഷി എന്ന് പറഞ്ഞു തർക്കിച്ച് സമയം കളയുക തുടങ്ങിയ കലാപരിപാടികളിലാണ് മതനിരപേക്ഷ സംഘടനകൾ സായൂജ്യമടയുന്നത്. ഇതിനാണ് മാറ്റമുണ്ടാകേണ്ടത്.

ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ ശക്തി ഒന്നുമല്ല എന്ന് ഫലങ്ങൾ തെളിയിക്കുന്നുണ്ട്. പക്ഷെ കിട്ടിയ വോട്ടിന്റെ ഷെയറോ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ലഭിച്ച വിജയങ്ങളുടെ കണക്കോ അല്ലല്ലോ അന്തിമമായ വിജയം. എത്ര സീറ്റ് ലഭിച്ചു എന്നത് തന്നെയാണ് പരിഗണിക്കപ്പെടേണ്ടത്. ജനാധിപത്യത്തിൽ നമ്പറിനാണ് പ്രാധാന്യം. തെരഞ്ഞെടുക്കപ്പെടുന്ന, വിജയിക്കുന്ന അംഗങ്ങളുടെ എണ്ണത്തിനാണ് മൂല്യമുള്ളത് എന്ന് മനസ്സിലാക്കി മുന്നണികൾ രൂപീകരിക്കാനും രാഷ്ട്രീയ അജണ്ട നിർണയിക്കാനും മതനിരപേക്ഷ കക്ഷികൾക്ക് ഇനിയെങ്കിലും സാധിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കാം.