ഭരണ സിരാകേന്ദ്രങ്ങളിൽ ഉന്നത കുറ്റവാളികളോ?!

സുഫ്‌യാൻ അബ്‌ദുസ്സലാം

2022 ആഗസ്റ്റ് 06, 1442 മുഹർറം 07
പെരുമാറ്റച്ചട്ടങ്ങളുടെ പെരുമഴപ്പെരുക്കമാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ. പക്ഷേ, നിയമനിർമാതാക്കളിലും പാലകരിലും നിയമലംഘകരുടെ സാന്നിധ്യം അടിക്കടി കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു! ഭരണഘടനാ പ്രോട്ടോകോളുകൾക്കപ്പുറം സ്വഭാവ സംസ്കരണ രംഗത്തും കൃത്യമായ ദിശാബോധം പകർന്നുനൽകാത്തതുകൊണ്ടാണ് ഭരണ സിരാകേന്ദ്രങ്ങൾ വെള്ളപൂശിയ ശവക്കല്ലറകളായി മാറിക്കൊണ്ടിരിക്കുന്നത്.

ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സർക്കാർ നടപടി വൻ പ്രതിഷേധത്തെ തുടർന്ന് സർക്കാരിന് പിൻവലിക്കേണ്ടിവന്നു. മൂന്നു വർഷങ്ങൾക്ക് മുമ്പ് ശ്രീറാമും പെൺസുഹൃത്തും സഞ്ചരിച്ച വാഹനം സിറാജ് ലേഖകൻ കെ.എം.ബഷീറിനെ തട്ടിത്തെറിപ്പിക്കുകയും ബഷീർ തൽക്ഷണം മരണപ്പെടുകയും ചെയ്ത സംഭവത്തിന്റെ പേരിൽ പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെയായിരുന്നു സർക്കാർ അയാളെ ജില്ലാ കലക്ടറായി നിയോഗിച്ചുകൊണ്ട് ആദരിച്ചത്! മുപ്പത്തിയഞ്ചുകാരനായ ഈ ഐ.എ.എസ് ഓഫീസർ വാഹനമോടിക്കുമ്പോൾ മദ്യപിച്ചിരുന്നുവെന്നും മദ്യലഹരിയാണ് അപകടത്തിന് കാരണമായതെന്നുമാണ് ഇയാൾക്കെതിരെ നിലനിൽക്കുന്ന കേസ്. 2019 ആഗസ്റ്റ് 3ന് പുലർച്ചെയായിരുന്നു സംഭവം. കേസിൽ ശ്രീറാം പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന അഭിപ്രായം ശക്തമായിരിക്കെ അന്തിമവിധി വരാതെ ഒരു ജില്ലയുടെ നീതിന്യായ, ഭരണ കടിഞ്ഞാൺ അയാളെ ഏൽപിച്ചത് നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്നായിരുന്നു പൊതുനിരീക്ഷണം. കലക്ടർ സ്ഥാനത്തുനിന്നും മാറ്റി സിവിൽ സപ്ലൈസ് മേധാവിയാക്കി നിശ്ചയിച്ചുകൊണ്ട് സർക്കാർ തൽക്കാലം തലയൂരിയെങ്കിലും കേസ് വിധി പറയുന്നവരെ സിവിൽ സർവീസിൽനിന്നും അയാളെ നീക്കം ചെയ്യണമെന്ന വാദം ശക്തമായിരിക്കുകയാണ്.

ശ്രീറാം കടന്നുവന്ന വഴി

2013ൽ സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടി പത്തനംതിട്ടയിൽ അസിസ്റ്റന്റ് കലക്റ്റർ, തിരുവല്ല ആർ.ഡി.ഒ, ഡൽഹിയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ അസിസ്റ്റന്റ് സെക്രട്ടറി, ദേവികുളം സബ്കലക്ടർ എന്നീ ചുമതലകൾ വഹിച്ച ഇയാൾ മൂന്നാറിലെ അനധികൃത ഭൂമി കൈയേറ്റങ്ങൾക്കെതിരെ നടപടിയെടുത്ത് ശ്രദ്ധേയനായിരുന്നു. തുടർന്ന് സർവേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് ഡയറക്ടറായി നിയമിതനായി. പ്രൊജക്ട് ഡയറക്ടർ കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ, ഹൗസിങ് കമ്മീഷണർ എന്നീ ഉന്നത ഉ്യേദാഗങ്ങളും വഹിച്ചിട്ടുണ്ട്. ഇന്ത്യൻ ഭരണ സർവീസുമായി ബന്ധപ്പെട്ട് ചെറുപ്രായത്തിൽതന്നെ അക്കാദമിക വിജ്ഞാനവും പ്രവൃത്തി പരിചയവും നേടിയെടുത്ത ഒരാളാണ് ശ്രീറാം എന്ന് തെളിയിക്കുന്ന പ്രൊഫൈലാണ് നമുക്ക് ലഭിക്കുന്നത്. തിരുവനന്തപുരത്ത് സർവേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് ഡയറക്ടറായി പ്രവർത്തിക്കുമ്പോഴായിരുന്നു കെ.എം.ബഷീർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അപകട സംഭവം അരങ്ങേറുന്നത്. ഉന്നതങ്ങളായ പദവികൾ വഹിച്ച് വിവിധ വകുപ്പുകളുടെ ഭരണസാരഥ്യം വഹിച്ച ഒരാളാണ് ഐ.എ.എസുകാരുടെ നിശാസംഗമം കഴിഞ്ഞ് അർധരാത്രിയും പിന്നിട്ട് വളരെ വൈകി പെൺസുഹൃത്തിന്റെ കൂടെ മദോന്മത്തനായി ഡ്രൈവ് ചെയ്യുകയും ഒരു പത്രപ്രവർത്തകന്റെ മരണത്തിൽ കലാശിച്ച സംഭവങ്ങൾക്ക് കാരണക്കാരനാകുകയും ചെയ്തത് എന്നത് നിസ്സാരമായ കാര്യമല്ല. സംഭവത്തിന് സാക്ഷികളായവർ പറയുന്നത് അസാധാരണമായ വേഗതയിലായിരുന്നു ശ്രീറാം ഡ്രൈവ് ചെയ്തിരുന്നത് എന്നാണ്.

മദ്യവും അമിതവേഗതയും

കേരളത്തിൽ എത്രയോ അപകടങ്ങൾ ഓരോ ദിവസവും അരങ്ങേറുന്നു. ട്രാഫിക് കൺട്രോൾ വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് അപകടങ്ങളുടെ കാരണങ്ങൾ അവയുടെ തോതനുസരിച്ച് ഇപ്രകാരമാണ്. അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധ, സിഗ്‌നൽ ഭേദിക്കൽ; സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കാതിരിക്കൽ, നിശ്ചയിക്കപ്പെട്ട പാതയിൽനിന്നും മുന്നറിയിപ്പില്ലാതെ തെന്നിമാറുകയും മറ്റു വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുകയും ചെയ്യുക എന്നിവയാണവ. ശ്രീറാം വരുത്തിയ അപകടത്തിൽ അമിതവേഗതയും മദ്യത്തിന്റെ സാന്നിധ്യവും ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസ് ആദ്യം അത് ശരിവെച്ചിട്ടുമുണ്ട്.

ഇരയെക്കാൾ സുരക്ഷ കുറ്റവാളിക്കോ?

അപകടത്തിൽ അതിഗുരുതരമായി പരിക്കേൽക്കുകയും മരണത്തോട് മല്ലിടുകയും ചെയ്തിരുന്ന ബഷീറിനെ നേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയതെങ്കിൽ അപകടം വരുത്തിയ ഐ.എ.എസ് ഓഫീസറെ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തിട്ടും ഒരു ഫൈവ് സ്റ്റാർ ഹോസ്പിറ്റലിലേക്കാണ് കൊണ്ടുപോയത്. ബഷീർ ആശുപത്രിയിൽ എത്തും മുമ്പ് തന്നെ മരണപ്പെടുകയും ചെയ്തു. കാർ ഉടമയായ പെൺസുഹൃത്തിന് രക്ഷപ്പെടാനുള്ള അവസരം ഐ.എ.എസ്. ഓഫീസറും പോലീസും ഒരുക്കിക്കൊടുക്കുകയും ചെയ്തു. സംഭവ സ്ഥലത്തുനിന്നും മ്യുസിയം പോലീസ് സ്‌റ്റേഷനിലേക്ക് അഞ്ച് മിനുട്ടിന്റെ ദൂരം മാത്രമെ ഉണ്ടായിരുന്നുള്ളുവെങ്കിലും അൽപം വൈകിയാണ് പോലീസ് സംഭവസ്ഥലത്തിയത്. നമ്മുടെ നിയമപാലന സംവിധാനത്തിന്റെ ഗുരുതരമായ പോരായ്മയും വീഴ്ചയും ഇവിടെ പ്രകടമാണ്. കുറ്റകൃത്യങ്ങളിൽ പെടുന്ന ഉന്നതർക്ക് ഉന്നത മെഡിക്കൽ സേവനങ്ങളും മറ്റു സൗകര്യങ്ങളും പോലീസ് സഹായവും ലഭിക്കുകയും ഇരകളായ പാവപ്പെട്ടവർക്ക് അത്തരത്തിലുള്ള യാതൊന്നും ലഭ്യമാവാതിരിക്കുകയും ചെയ്യുന്നു എന്നത് യഥാർഥ നിയമവ്യവസ്ഥിതിയുടെ അഭാവത്തെയാണ് വ്യക്തമാക്കുന്നത്. നിയമങ്ങൾ താളുകളിൽ എഴുതിപ്പിടിപ്പിച്ചിട്ടുണ്ടെങ്കിലും പ്രാവർത്തികമായില്ലെങ്കിൽ അതിനർഥം ഒരു നിയമവ്യവസ്ഥ ഇല്ല എന്നുതന്നെയാണ്.

മദ്യത്തിനു മേൽ കണ്ണടയ്ക്കുന്ന വ്യവസ്ഥ!

അപകടത്തിന്റെ പ്രധാനപ്പെട്ട കാരണം മദ്യമാണ്. മദ്യമാണ് അമിതവേഗതിയിലേക്കും അലസമായ ഡ്രൈവിംഗിലേക്കും നയിക്കുന്നത്. അർധരാത്രിവരെ പ്രവർത്തിക്കാൻ നമ്മുടെ നാട്ടിലെ ബാറുകൾക്ക് അനുമതിയുണ്ട്. അർധരാത്രി കഴിഞ്ഞാലും തുറന്നുപ്രവർത്തിക്കുന്ന ബാറുകളും യഥേഷ്ടമാണ്. ഇവിടെ നിന്നും മദ്യം സേവിച്ച് പുറത്തിറങ്ങുന്നവർ ഇരുകാലുകളിൽ ഇഴഞ്ഞുനീങ്ങുന്നവരല്ല. മറിച്ച് ആഡംബര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന ധനാഢ്യരാണ്. ശ്രീറാമും പെൺസുഹൃത്തും യാത്ര ചെയ്തതും ഇങ്ങനെയുള്ള ഒരു ഹൈസ്പീഡ് ലക്ഷൂറിയസ് കാറിലായിരുന്നു. അർധരാത്രിയിൽ മദ്യപിച്ച് കൂത്താടി ഡ്രൈവ് ചെയ്യാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുന്ന നിയമവ്യവസ്ഥയാണ് നമ്മുടെ നാട്ടിലുള്ളത്.

മദ്യനിരോധനത്തെ കുറിച്ചും മദ്യവർജനത്തെ കുറിച്ചും വാതോരാതെ സംസാരിക്കാൻ നമ്മുടെ മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും വലിയ ഉത്സാഹമാണെങ്കിലും അതിനെതിരെ നിയമം കൊണ്ടുവരുന്നതിന് ചെറുവിരലനക്കാൻ അധൈര്യപ്പെടുന്നവരാണവർ. അവർതന്നെയും രാത്രികാലങ്ങളിൽ മദോന്മത്തരായി നടക്കുന്നു എന്നതാണ് അതിന്റെ പ്രധാന കാരണം. ഈ കേസിലെ കുറ്റവാളിയായ ശ്രീറാം തന്നെയും മദ്യപിച്ചും അമിതവേഗതയിലും ഡ്രൈവ് ചെയ്യുന്നതിനെതിരെ ചാനലുകളിൽ ഗീർവാണം മുഴക്കിയതിന്റെ ക്ലിപ്പുകൾ ഇന്നും സമൂഹമാധ്യമങ്ങളിൽ സുലഭമാണ്. സാധാരണക്കാർക്ക് ദിശാബോധം നൽകേണ്ടവരാണ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും. അവർ സമൂഹത്തിന് മാതൃകയാവേണ്ടവരാണ്. എന്നാൽ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് സാധാരണക്കാരെക്കാളും സാംസ്‌കാരികമായി അധോഗതി പ്രാപിച്ച അവസ്ഥയിലാണ് ഭരണസിരാകേന്ദ്രങ്ങളിലിരിക്കുന്ന ഒരുവിഭാഗം അധികാരികൾ എന്നതാണ്.

വേണം കർശനമായ പെരുമാറ്റച്ചട്ടം

നമ്മുടെ രാജ്യത്ത് മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമെല്ലാം പെരുമാറ്റ ചട്ടങ്ങളുണ്ട്. പക്ഷേ, അവയെല്ലാം അവരുടെ ഭരണപരമായ പ്രോട്ടോക്കോളുകളുമായി ബന്ധപ്പെട്ടിട്ടുള്ളവയാണ്. സ്വഭാവപരമായ പെരുമാറ്റച്ചട്ടങ്ങൾ കാര്യമായും നിലവിലില്ല. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ മന്ത്രിസ്ഥാനങ്ങളിൽനിന്നും ഉന്നത ഉദ്യോഗങ്ങളിൽനിന്നും അയോഗ്യരാക്കാനുള്ള നിയമം അനിവാര്യമാണ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ശിക്ഷ ലഭിക്കുകയും അതിനുശേഷം അവർ ഉദ്യോഗങ്ങളിൽ പ്രവേശിക്കുകയും ചെയ്യുന്നത് തെറ്റാണെന്ന് പറയുന്നില്ല. എന്നാൽ ഒരു സമൂഹത്തെ ഭരിക്കുന്നവിധത്തിൽ മന്ത്രി, കലക്ടർ, പോലീസ് മേധാവി തുടങ്ങിയ, ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഇടപെടുന്ന, അവർക്കെതിരെ നിയമങ്ങളും ശിക്ഷകളും നടപ്പാക്കുന്ന ഉദ്യോഗങ്ങളിൽ അവരെ പ്രവേശിപ്പിക്കുന്നത് തടയപ്പെടേണ്ടതാണ്. സ്വഭാവപരമായും ധാർമികമായും വളരെ മോശക്കാരനായ ഒരാളാണ് തങ്ങളെ ഭരിക്കുന്നതെന്ന തോന്നൽ സാധാരണക്കാരിൽ ഉളവായിക്കഴിഞ്ഞാൽ നിയമം അനുസരിക്കാതിരിക്കാനും കുറ്റകൃത്യങ്ങളിലേക്ക് വഴുതിപ്പോവാനും അവരെ അത് പ്രേരിപ്പിക്കും. കുറ്റകൃത്യത്തിൽ ഏർപ്പെട്ട വ്യക്തിക്കെതിരെയുള്ള ട്രയലുകൾ നമ്മുടെ കോടതികളിൽ നടന്നുകൊണ്ടിരിക്കെ തന്നെ അവരെ വീണ്ടും സർവീസിൽ എടുക്കുന്നത് തടയാനുള്ള ജാഗ്രതയും ഉണ്ടാവേണ്ടതുണ്ട്. പല കേസുകളും വർഷങ്ങളായി നീണ്ടു നീണ്ടു പോകുന്നു എന്നതാണ് ഇതിനു കാരണമായി പറയപ്പെടുന്നത്.

പേരിനൊരു സസ്‌പെൻഷൻ, പിന്നെയൊരു പ്രൊമോഷൻ!

2019 ൽ ഉണ്ടായ ഈ കേസിൽ സംഭവം നടന്ന് രണ്ടാം ദിവസം തന്നെ ശ്രീറാമിനെ സസ്‌പെന്റ് ചെയ്തുകൊണ്ട് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. എന്നാൽ കേസ് ആറുമാസം പിന്നിടുന്നതിന് മുമ്പു തന്നെ ചീഫ് സെക്രട്ടറി ഇയാളെ സർവീസിൽ തിരിച്ചെടുക്കാൻ ശുപാർശ നൽകുകയും 2020 മാർച്ച് 23 ന് ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. വൈകിക്കിട്ടുന്ന നീതി നീതിനിഷേധമാണ് എന്നത് ഇരയുടെ കാര്യത്തിൽ സത്യമാണെങ്കിൽ കുറ്റം ചെയ്തവന്റെ കാര്യത്തിൽ നീതി നടപ്പാക്കുന്നത് വൈകുംതോറും അയാൾക്കത് അർഹിക്കാതെ കിട്ടുന്ന ആനുകൂല്യമാണ്. അതും നീതിനിഷേധമാണ്. ഈ ആനുകൂല്യത്തിന്റെ മറവിൽ അയാളെ രാജ്യത്തിന്റെ ഭരണസാരഥ്യം ഏൽപിക്കുക എന്നത് ധാർമികതക്ക് നിരക്കുന്നതല്ല. കാരണം നീതിയുടെ കാവലാളായിരിക്കണം സംസ്ഥാനത്തിന്റെയോ ജില്ലയുടെയോ ചുമതയുള്ള സിവിൽ സെർവെന്റ്. ഒരു ജില്ലയുടെ കലക്ടർ പദവി സാധാരണ ഉദ്യോഗം പോലെയല്ല, മറിച്ച്, ഇന്ത്യയിലെ ഭരണസംവിധാനത്തിന്റെ അടിസ്ഥാന യൂണിറ്റായ ഒരു ജില്ലയുടെ സമ്പൂർണ ചുമതലയുള്ള ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഓഫീസറും ജില്ലാ മജിസ്‌ട്രേറ്റുമാണ് ഒരു ജില്ലാ കലക്ടർ.

ഉന്നതർക്ക് സുരക്ഷയും പാവപ്പെട്ടവർക്ക് കഷ്ടതയും

ശ്രീറാം വെങ്കട്ടരാമൻ ഒരു ഐ.എ.എസ് ഓഫീസറാണ് എന്ന കാരണത്താൽ മാത്രം അദ്ദേഹത്തിന് അമിത നീതി ലഭിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കും? മരണപ്പെട്ട ബഷീറിന്റെ ആളുകളും അതുപോലെയുള്ള സാധാരണക്കാരായ സാധുക്കളും നീതിക്കായി നീതിപീഠങ്ങൾക്ക് മുമ്പിൽ കെഞ്ചിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ജയിലുകളിൽ യു.എ.പി.എ അടക്കമുള്ള ഭീകരമായ ശിക്ഷകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന നിരപരാധികൾ ഏറെയാണ്. ഹത്രാസിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ കദന കഥകൾ വിവരിക്കാൻ പുറപ്പെട്ട സിദ്ദീഖ് കാപ്പൻ അവരിലൊരാളാണ്. ഇനിയും മോചനം ലഭിച്ചിട്ടില്ലാത്ത സിദ്ദീഖുമാരും അവരുടെ കുടുംബങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന മനോവ്യഥ ആരുടെ നീതികേടിന്റെ ഫലമാണ്? ഇവിടെയാണ് ഒരാൾ മദ്യപിച്ച് അമിതവേഗതയിൽ കാറോടിച്ച് ഒരാളുടെ മരണത്തിൽ കലാശിച്ച അപകടത്തിന് കാരണക്കാരനായിട്ടും അയാൾ ഒരു ഐ.എ.എസുകാരനാണ് എന്ന ഒരൊറ്റക്കാരണത്താൽ ജില്ലാ കലക്റ്റർ പദവിയിലേക്ക് പ്രവേശിക്കുന്നത്! ഇത് നീതികേടാണെന്ന് ഉറക്കെപ്പറയാൻ ആരുമില്ലെങ്കിൽ രാജ്യം അപകടകരമായ അവസ്ഥയിലാണെന്ന് സ്പഷ്ടം. ഇല അനങ്ങിയാൽ ശബ്ദിക്കുന്ന കേരളത്തിലെ സാംസ്‌കാരിക നായകന്മാരുടെ മൗനം തെളിയിക്കുന്നത് അവരുടെ നാവും വിരലും പണക്കാരുടെയും രാഷ്ട്രീയ ഉദ്യോഗസ്ഥ മേലാളന്മാരുടെയും ലോക്കറുകളിൽ കിടന്ന് തുരുമ്പിച്ചിരിക്കുന്നു എന്നതാണ്.

ജാമ്യവും പോലീസിന്റെ മിടുക്കും

വലിയ കുറ്റകൃത്യം ചെയ്തിട്ടും ശ്രീറാമിന് പഴുതുകളുണ്ടാക്കിക്കൊടുത്തതിൽ നമ്മുടെ പോലീസിന്റെ മിടുക്കിനെ സമ്മതിച്ചുകൊടുക്കേണ്ടതുണ്ട്. കേസിന്റെ നാൾവഴികളിൽ ഈ മിടുക്ക് വളരെ വ്യക്തമാണ്. സംഭവം നടക്കുമ്പോൾ മദ്യത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കിയിരുന്നെങ്കിലും കൃത്യസമയത്ത് മദ്യപരിശോധന നടത്തുന്നതിൽ പോലീസ് ബോധപൂർവമായ അലംഭാവം കാണിച്ചു എന്നാണ് വ്യക്തമാകുന്നത്. ഈ അലംഭാവമാണ് ഇത്ര വലിയ കുറ്റകൃത്യം ചെയ്ത ശ്രീറാമിന് മൂന്നാം ദിവസംതന്നെ ജാമ്യം നേടിക്കൊടുത്തത്. ശ്രീറാം മദ്യപിച്ചിരുന്നുവെന്ന രക്തപരിശോധനാ റിപ്പോർട്ട് പോലീസിന് ഹാജരാക്കാൻ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു സി.ജെ.എം കോടതി ജാമ്യം നൽകിയത്. ഒരാൾക്ക് ജാമ്യം നേടിക്കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പൊലീസിലെ ചില മിടുക്കന്മാരാണ് എന്നതാണ് കുറ്റവാളികളിൽ പലർക്കും ജാമ്യം ലഭിക്കാനും നിരപരാധികളിൽ ചിലർക്ക് അത് നിഷേധിക്കപ്പെടാനുമുള്ള കാരണം.

ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ അഭ്യർഥിച്ചുവെങ്കിലും കോടതിക്ക് മുമ്പിൽ തെളിവുകളുടെ അപര്യാപ്തത വ്യക്തമായിരുന്നു. രക്തപരിശോധന നടത്താതെ, തെളിവു നശിപ്പിക്കാനുള്ള ശ്രമം തടയാതിരുന്ന പോലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ബഷീർ ജോലി ചെയ്യുന്ന സിറാജ് പത്ര മാനേജ്‌മെന്റ് മൊഴി നൽകാൻ വൈകിയതിനാലാണ് രക്ത സാമ്പിൾ എടുക്കാൻ വൈകിയതെന്ന വിചിത്രവാദവും പോലീസ് നിരത്തി. അതിനിടെ ശ്രീറാമിന് റിട്രോഗ്രേഡ് അംനേഷ്യയെന്ന മറവി രോഗമെന്ന് പറഞ്ഞുകൊണ്ട് കേസിനെ അട്ടിമറിക്കാനും ശ്രമമുണ്ടായി. ഇത്തരം രോഗമുള്ളവരെ സിവിൽ സർവീസിൽ തുടരാൻ അനുവദിക്കരുതെന്ന് കേന്ദ്ര പേഴ്‌സണൽ മന്ത്രാലത്തോട് ശുപാർശ ചെയ്യാൻ സെൻട്രൽ വിജിലൻസ് കമ്മീഷന് മുമ്പിൽ ചില രാഷ്ട്രീയ കക്ഷികൾ പരാതി സമർപ്പിച്ചിട്ടുണ്ട്.

ചേകനൂർ, പൂനൂർ സംഭവം; നീതി ലഭിച്ചുവോ?

ശ്രീറാം വെങ്കട്ടരാമനെ സംരക്ഷിച്ചുകൊണ്ടുള്ള നടപടികൾക്കെതിരെ പൊതുസമൂഹത്തിൽനിന്നും വ്യാപകമായ വിമർശനം ഉയർന്നുവന്നുകഴിഞ്ഞു. കക്ഷിരാഷ്ട്രീയങ്ങൾക്കും മതവീക്ഷണങ്ങൾക്കും അപ്പുറം പ്രതിഷേധങ്ങൾ അരങ്ങേറി. എന്നാൽ ഇതൊരു ശ്രീറാം വിഷയത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല. കേരളത്തിൽ ഇതുപോലുള്ള കേസുകൾ മുമ്പും ഉണ്ടായിട്ടുണ്ട് എന്ന കാര്യം മറക്കാവതല്ല. സിറാജ് പത്രം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ പേരിൽതന്നെ ആരോപിക്കപ്പെട്ട ചേകനൂർ മൗലവി തിരോധാനം അതിലൊന്നാണ്. ആശയവിരോധത്തിന്റെ പേരിൽ ശത്രുപക്ഷത്ത് നിറുത്തപ്പെട്ട ചേകനൂർ മൗലവി ‘വധിക്കപ്പെട്ടു’ എന്നുതന്നെയാണ് കേരളത്തിലെ പൊതുസമൂഹം വിശ്വസിക്കുന്നത്. അത് തെളിയിക്കപ്പെട്ടിട്ടില്ല എന്ന സാങ്കേതികത്വത്തിന്റെ പേരിൽ മാത്രം ‘തിരോധാനം’ എന്ന പേർ ഉപയോഗിക്കപ്പെടുന്നു. 1993 ജൂലൈ 29 നാണ് ചേകനൂർ സംഭവം നടന്നത്. പതിനേഴ് വർഷങ്ങൾക്ക് ശേഷം ‘തെളിവില്ല’ എന്ന ന്യായത്തിൽ കുറ്റാരോപിതർ രക്ഷപ്പെടുകയാണുണ്ടായത്. അദ്ദേഹത്തിന്റെ മൃതദേഹം പോലും വീട്ടുകാർക്ക് വിട്ടുകൊടുക്കാത്തവിധം അവർ നശിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബം ഇതിന്റെ പേരിൽ കടിച്ചിറക്കിയ വേദനകൾ ആര് കണ്ടു? അദ്ദേഹത്തിന്റെ ‘വിധവ’യുടെ കണ്ണീരിന് ആർക്കെങ്കിലും നഷ്ടപരിഹാരം കൊടുക്കാൻ സാധിച്ചോ?

1981ൽ പൂനൂരിലെ മസ്ജിദുൽ മുജാഹിദീനിലെ മുഅദ്ദിനും മദ്‌റസാധ്യാപകനുമായിരുന്ന അബൂബക്കർ ഹാജിയെ ബോംബെറിഞ്ഞ് കൊന്നതും 1991ൽ കോഴിക്കോട്ടെ മുജാഹിദ് സെന്റർ ബോംബിട്ട് തകർക്കാൻ ശ്രമിച്ചതും ചേകനൂരിനെ ‘ഇല്ലാതാക്കിയ’ ഇതേ വിഭാഗം തന്നെയായിരുന്നു. മതപരമായ വിഷയങ്ങളിലെ അഭിപ്രായാന്തരങ്ങളുടെ പേരിൽ ഇതരവിഭാഗങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു ഇക്കൂട്ടർ. നിഷ്ഠൂരമായ ആക്രമണങ്ങൾ നടത്തിയ ഇവർ അവരുടെ ഉന്നതങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ചാണ് രക്ഷപ്പെട്ടത്. നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച അബൂബക്കർ ഹാജിയുടെ കുടുംബത്തിനും കേരളത്തിലെ മുജാഹിദ് പ്രവർത്തകർക്കും ഒടുവിൽ അനീതിയുടെ കിങ്കരന്മാർക്ക് മുമ്പിൽ അടിയറവ് പറയേണ്ടി വന്നു.

മാധ്യമം പത്രവും നിരോധനവും

അഭിപ്രായാന്തരങ്ങളെ ജനാധിപത്യരീതിയിൽ നേരിടുന്നതാണ് മാന്യമായ ശൈലി. മാധ്യമം പത്രം യു.എ.ഇയിൽ നിരോധിക്കാൻ ഒരു മുൻമന്ത്രി ശ്രമിച്ച വാർത്ത ഇൗയിടെ പുറത്തുവരികയുണ്ടായി. എന്നാൽ ഇതേ മാധ്യമം തന്നെ മറ്റു പത്രങ്ങളെ നിരോധിക്കാൻ വേണ്ടിയുള്ള കുത്സിത ശ്രമങ്ങൾ നടത്തിയതായി അതുമായി ബന്ധപ്പെട്ട മറ്റുള്ളവരും പുറത്തു പറഞ്ഞു. മതവുമായും ധാർമികതയുമായും ബന്ധമുണ്ടെന്ന് ഉൽഘോഷിക്കുന്നവരിൽ നിന്നാണ് ഇത്തരത്തിലുള്ള അപക്വവും വഞ്ചാനാത്മകവുമായ പ്രവർത്തനങ്ങൾ അരങ്ങേറുന്നത് എന്നത് ആശ്ചര്യപ്പെടുത്തുന്നു. ഗൾഫ് നാടുകളിലെ വിവിധ വകുപ്പുകളിലുള്ള സ്വാധീനങ്ങൾ വഴി മറുപക്ഷങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നതും മതത്തിന്റെ ബാഹ്യമായ അടയാളങ്ങൾ സൂക്ഷിക്കുന്നവർ തന്നെയായിരുന്നു എന്നതും വസ്തുതയാണ്. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ മതബോധമില്ലാത്ത, ധാർമികതയുമായി ബന്ധമില്ലാത്തവരിൽനിന്ന് പ്രസരിക്കുന്ന അനീതിയുടെയും വഞ്ചനയുടെയും കിരണങ്ങൾക്ക് എന്തുമാത്രം തീവ്രതയുണ്ടായിരിക്കും!

ഉന്നതരും ശിക്ഷിക്കപ്പെടേണ്ടതുണ്ട്!

ഉന്നതങ്ങളിൽ വിരാജിക്കുന്നവർക്ക് വേണ്ടി നിയമങ്ങൾ വഴിമാറിപ്പോകുന്ന അവസ്ഥകളിൽ അതിനെതിരെ പ്രതിഷേധത്തിന്റെ സമരം ഉയരേണ്ടതുണ്ട്. കെ.എം.ബഷീർ എന്ന പത്രപ്രവർത്തകന്റെ മരണം ഏവരെയും ദുഃഖിപ്പിക്കുന്നതാണ്. ബഷീറിന്റെ കുടുംബത്തിന് നീതി ലഭിക്കേണ്ടതുണ്ട്. ബഷീറിന്റെ കൊലപാതകത്തിന് കാരണക്കാരനായ വ്യക്തിക്ക് നൽകുന്ന പുതിയ ഓരോ സ്ഥാനക്കയറ്റവും ബഹുമതിയും അനീതിക്ക് നൽകുന്ന അംഗീകാരമാണ്. ബഷീറിന്റെ കാര്യത്തിൽ മാത്രമല്ല, ഇതുപോലെ നീതിനിഷേധത്തിലൂടെ ജീവിതം ഹോമിക്കപ്പെട്ട ആയിരങ്ങൾക്ക് വേണ്ടിയുള്ള പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഉയരേണ്ടതുണ്ട്.

അതേസമയം ഇത്തരം പ്രതിഷേധങ്ങൾ കേവലം തങ്ങളുടെ പാർട്ടിക്കാർക്ക് വേണ്ടിയോ തങ്ങളുടെ പ്രത്യയശാസ്ത്രം അംഗീകരിക്കുന്നവർക്ക് വേണ്ടിയോ ആവരുത്. സ്വന്തം വിഭാഗങ്ങളിൽനിന്നും കുറ്റകൃത്യങ്ങൾ ഉണ്ടാകുമ്പോഴും അവർക്കെതിരെ നീതിയുടെ പടവാളുയർത്തി പൊരുതുകയാണ് വേണ്ടത്. കുറ്റവാളികളുടെ മതമോ ജാതിയോ പാർട്ടിയോ അല്ല പരിഗണിക്കേണ്ടത്, മറിച്ച് കുറ്റകൃത്യം ആര് ചെയ്താലും അതിനെതിരെയുള്ള വികാരമാണ് ഉയരേണ്ടത്. ഉന്നതകുലജാതയായ ഒരു സ്ത്രീ മോഷണം നടത്തിയപ്പോൾ സ്വന്തം മകൾ ഫാത്വിമയാണെങ്കിലും കുറ്റകൃത്യം ചെയ്താൽ ശിക്ഷ നടപ്പാക്കുമെന്ന് പറഞ്ഞ പ്രവാചകന്റെ ജീവിതത്തിൽ ലോകർക്ക് ഒട്ടേറെ മാതൃകയുണ്ട്. ഈ മാതൃക നടപ്പാക്കാൻ ആദ്യം മുസ്‌ലിം സമൂഹം പരസ്പര വിദ്വേഷം വെടിഞ്ഞ് ജനാധിപത്യമാർഗത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്.

വിശുദ്ധ ക്വുർആൻ പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയിൽ കണിശമായി നീതി നിലനിർത്തുന്നവരായിരിക്കണം. അത് നിങ്ങൾക്കുതന്നെയോ, നിങ്ങളുടെ മാതാപിതാക്കൾ, അടുത്തബന്ധുക്കൾ എന്നിവർക്കോ പ്രതികൂലമായിത്തീർന്നാലും ശരി. കക്ഷി ധനികനോ ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതൽ ബന്ധപ്പെട്ടവൻ അല്ലാഹുവാകുന്നു. അതിനാൽ നിങ്ങൾ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിൻപറ്റരുത്. നിങ്ങൾ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്നപക്ഷം തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു’’ (ക്വുർആൻ 4:135).