രാഷ്ട്രീയചതുരംഗം: തിരുത്തലുകളാണാവശ്യം

മുജീബ് ഒട്ടുമ്മൽ

2022 മാർച്ച് 26, 1442 ശഅബാൻ 23
ജനാധിപത്യത്തിെൻറ മധുരതരമായ ഓർമകൾ അയവിറക്കി വോട്ട് രാഷ്ട്രീയത്തിെൻറ കയ്പുനീർ കുടിച്ചുതീർക്കേണ്ട ഗതികേടിലാണ് ഇന്ത്യൻ ജനത. പരമതവിദ്വേഷവും വിഭാഗീയചിന്തകളും ജയപരാജയത്തിെൻറ വിഭവങ്ങളായി മാറുന്ന സത്യാനന്തരകാലത്ത് മതേതരബോധമുള്ളവരെങ്കിലും കൃത്യമായ തിരുത്തലുകൾക്ക് തയ്യാറായിട്ടില്ലെങ്കിൽ പ്രത്യാശയുടെ പുലരിവെട്ടം പ്രതീക്ഷിക്കുന്നതിൽ യാതൊരു അർഥവുമില്ല.

അമേരിക്കന്‍ ഐക്യനാടുകളിലെ അടിമത്ത നിരോധനത്തിന് ശേഷം സ്വത്ത്, പദവി, അധികാരം തുടങ്ങിയ ഇടങ്ങളിലേക്ക് കറുത്തവരും മറ്റു പാര്‍ശ്വവല്‍കൃത വിഭാഗങ്ങളും കടന്നുവരുന്നതിനെ കുറിച്ച് വെള്ളക്കാരായ വംശീയവാദികളുടെ ഭയാശങ്കകള്‍ കാരണം ‘ലിഞ്ചിംഗ്’ വ്യാപകമായി.

തെറ്റായ പ്രവൃത്തിയോ പ്രാദേശിക ആചാരങ്ങളുടെ ലംഘനമോ ഒരാളില്‍ സംശയിച്ചാല്‍ വിചാരണയോ അന്വേഷണമോ കൂടാതെ ആള്‍കൂട്ടങ്ങളായി അയാളെ കൊലപ്പെടുത്തുകയെന്നതാണ് ‘ലിഞ്ചിംഗ്.’ അറുപതുകളില്‍ അമേരിക്കയില്‍ ഇതിന് അംഗീകാരം നല്‍കിയിരുന്നത്രെ! ലിഞ്ചിംഗിന് ശേഷം ഇരകളുടെ ഫോട്ടോകള്‍ വ്യാപകമായി പ്രചരിപ്പിക്കുമായിരുന്നു.

ഇന്ത്യയില്‍ ഹിന്ദുത്വത്തിനും സവര്‍ണ മേധാവിത്വത്തിനും എതിര് നില്‍ക്കുന്ന സാമൂഹികവിഭാഗങ്ങളെ നിശ്ശബ്ദരാക്കുന്നതിനും ഭയപ്പെടുത്തി അധികാരം നേടിയെടുക്കുന്നതിനും ലിഞ്ചിംഗ് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയകളിലൂടെ ഇവയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ചില ലക്ഷ്യങ്ങള്‍ കാണുന്നുണ്ട്. ഇരകളുടെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തുന്നതോടൊപ്പം ഹിന്ദുത്വ ഭരണത്തിന്‍ കീഴില്‍ അക്രമികള്‍ പൂര്‍ണ സുരക്ഷിതരാണെന്ന സന്ദേശവും നല്‍കുന്നുണ്ട്.

ഇന്ത്യയിലെ ലിഞ്ചിംഗിന് പിന്നില്‍ ആള്‍ക്കൂട്ടമാണെന്നാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പറയുന്നത്. യഥാര്‍ഥത്തില്‍ സംഘപരിവാര സംഘടനകളിലെ പ്രവര്‍ത്തകരാണിത് ചെയ്യുന്നതെന്നുള്ള കാര്യം വളരെ വ്യക്തമാണ്.

ഇന്ത്യയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളിലധികവും പ്രതിസ്ഥാനത്ത് സംഘ പരിവാരങ്ങള്‍ തന്നെയെന്നതില്‍ തര്‍ക്കമില്ല. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം മതനിരപേക്ഷമൂല്യങ്ങളുള്‍ക്കൊള്ളുന്ന ജനവിഭാഗങ്ങളെ ഏറെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. സംഘപരിവാരങ്ങള്‍ വിജയിച്ച സംസ്ഥാനങ്ങളിലൊക്കെയും ഭരണരംഗം ദയനീയ പരാജയമാണെന്ന് കാണാം. അവിടങ്ങളില്‍ മികവുറ്റ വികസനമോ ദാരിദ്ര്യനിര്‍മാര്‍ജനമോ മികച്ച ജീവിത നിലവാരമോ വിദ്യാഭ്യാസ, സാമ്പത്തിക വളര്‍ച്ചയോ ഒന്നും കാണാന്‍ സാധ്യമല്ല. എന്നിട്ടും ഭരണത്തുടര്‍ച്ചയുണ്ടാകുന്നതും അധികാരം ലഭിക്കുന്നതും എന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരമാണ് ലിഞ്ചിംഗ് ക്രൂരത എന്ന് വിലയിരുത്താനാകും. ഉത്തര്‍പ്രദേശിലെ ദാദ്രിക്ക് സമീപമുള്ള ബിസാഹ്‌റ ഗ്രാമവാസികള്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന മധ്യവയസ്‌കനെ കൊല്ലുകയും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രവി സിസോഡിയ എന്നയാള്‍ രോഗിയായി മരണപ്പെട്ടപ്പോള്‍ കേന്ദ്ര മന്ത്രി മഹേഷ് വര്‍മ സന്ദര്‍ശിച്ച് ഇന്ത്യന്‍ പതാക പുതപ്പിച്ച് വീരപരിവേഷം നല്‍കിയതും, ഉത്തര്‍പ്രദേശിലെ ഹപൂരില്‍ നടന്ന മറ്റൊരു കൊലപാതകവും ജാര്‍ഖണ്ഡില്‍ രണ്ട് കന്നുകാലി കച്ചവടക്കാരെ ആള്‍ക്കൂട്ടം കൊന്നതും ഗുജറാത്തിലെ ഉനയില്‍ നാല് ദളിത് യുവാക്കള്‍ ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയമായതും രാജസ്ഥാനിലെ തിരക്കേറിയ ഹൈവേയില്‍വച്ച് പെഹ്‌ലു ഖാനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയതും ലിഞ്ചിംഗ് ക്രൂരതയുടെ ചില ഉദാഹരണങ്ങളാണ്.

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ വാഹനമോടിച്ചുകയറ്റിയതിന്റെ ഫലമായി ഒരു പത്രപ്രവര്‍ത്തകനടക്കം എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്റെ നേതൃത്വത്തിലെ സംഘമാണ് ക്രൂരമായ കൂട്ടക്കൊല നടത്തിയത്. എന്നിട്ടും ലഖിംപൂര്‍ ഖേരി ജില്ലയിലെ എട്ട് മണ്ഡലങ്ങളിലും ബി.ജെപിയാണ് ജയിച്ചതെന്ന് പറയുമ്പോള്‍ ഭയം അവിടത്തെ മനസ്സുകളെ കീഴ്‌പെടുത്തുകയും ലിഞ്ചിംഗ് ഫലപ്പെടുകയും ചെയ്തിരിക്കുന്നുവെന്നര്‍ഥം.

മിത്തുകള്‍ പ്രചരണായുധം

വര്‍ഗീയ രാഷ്ട്രീയത്തിന്റ നിലനില്‍പുതന്നെ വര്‍ഗീയ സംഘര്‍ഷങ്ങളിലാണ്. തെറ്റിദ്ധാരണകളാണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് എരിതീ പകരാനുളള ഏറ്റവും യോജിച്ച വഴി. പരമത വിദ്വേഷം വളര്‍ത്താനും അതുതന്നെയാണ് ഏറ്റവും ശക്തമായ ആയുധം. സമൂഹമാധ്യമങ്ങളിലൂടെ ഇന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന മിത്തുകള്‍ മതന്യൂനപക്ഷങ്ങളുടെ നേര്‍ക്ക് വിദ്വേഷം വളര്‍ത്താന്‍ കാരണമാവുകയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് പടിപടിയായി നിര്‍മിച്ചെടുത്ത രാമക്ഷേത്ര വിവാദവും ഗോവധവും ഗോമാംസ ഭോജനവുമടക്കം അവസാനം ഹിജാബ് വരെയുള്ള വിഷയങ്ങളെടുത്തിട്ട് നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ മനുഷ്യഹൃദയങ്ങളില്‍ വെറുപ്പിന്റ വേരുകള്‍ പടര്‍ത്തുകയായിരുന്നു. കേരളത്തിന്റ മുന്‍ മുഖ്യമന്ത്രി വി. എസ് അച്ചുതാനന്ദനാണ് ആദ്യമായി ലൗ ജിഹാദെന്ന വാക്ക് ഉരുവിട്ടതെന്ന വാദം നിലനില്‍ക്കുമ്പോള്‍ തന്നെ അടുത്ത ഇരുപത് വര്‍ഷമാകുമ്പോഴേക്ക് കേരളം മുസ്‌ലിം സംസ്ഥാനമാകുമെന്ന വാചകവും അദ്ദേഹത്തില്‍നിന്ന് തന്നെയാണ് ഉയര്‍ന്നത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് പ്രചാരണത്തില്‍ ഇത് വ്യാപകമായി ഉപയോഗിച്ചു.

ഫാഷിസം ഭയമനഃശാസ്ത്രം പ്രചരിപ്പിക്കുന്നത് അയഥാര്‍ഥ ശത്രുവിനെക്കുറിച്ചുള്ള നുണക്കഥകളിലൂടെയാണ്. ആര്യന്‍ മേധാവിത്ത സിദ്ധാന്തവും വംശശുദ്ധിയും ഊന്നാന്‍ നുണമരങ്ങള്‍ തന്നെ വളര്‍ത്തുകയായിരുന്നു അവര്‍. വലിയ നുണകള്‍ പറഞ്ഞാല്‍ അത് സ്വീകരിക്കാന്‍ മനസ്സുകള്‍ പാകപ്പെടുമെന്ന ധാരണയില്‍ ജോസഫ് ഗീബല്‍സ് ഹിറ്റ്‌ലറിന് വേണ്ടി അതിശയോക്തിപരമായ നുണകള്‍ പ്രചരിപ്പിച്ച പോലെയാണ് സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ സംഘ പരിവാരങ്ങള്‍ നുണകള്‍ പടച്ചുവിട്ടിരുന്നത്. ഒരു ഭാഗത്ത് ലിഞ്ചിംഗിലൂടെ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താന്‍ ക്രൂരതകളുടെ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും വ്യാപകമായി പ്രചരിപ്പിക്കുകയും മറുഭാഗത്ത് ന്യൂനപക്ഷങ്ങളോട് അരിശമുണ്ടാകുംവിധമുളള പെരുംനുണകള്‍ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായ പ്രചാരണം നടത്തുകയും ചെയ്തുകൊണ്ടാണ് സംഘ പരിവാരം തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചത്. അതിനായി സോഷ്യല്‍ മീഡിയകള്‍ വിലക്കെടുത്ത് വ്യാജ ഐഡികള്‍ ഉപയോഗിച്ചുകൊണ്ടിരുന്നു. കേരളം സോമാലിയ ആണെന്ന നരേന്ദ്ര മോഡിയുടെ പ്രസ്താവന കേവലം നാക്കുപിഴയെല്ലന്ന് ബോധ്യമാകുന്നതവിടെയാണ്. വോട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളമാകുമെന്ന് യോഗി ആതിത്യനാഥ് യു.പി ജനങ്ങളെ ഭയപ്പെടുത്തിയത് അവരുടെ മനസ്സുകളില്‍ രൂപപ്പെടുത്തിയ കേരള ചിത്രം അത്രയും ഭീകരമാണെന്നര്‍ഥം.

കേരളത്തിലെ ഒരു ജില്ലയില്‍ ഹൈന്ദവ ദൈവങ്ങളെയും ആചാരങ്ങളെയും അധിക്ഷേപിക്കുന്നുവെന്നും ഹിന്ദു സഹോദരങ്ങളെ ഉപദ്രവിക്കുന്നുവെന്നും അവര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുന്നുവെന്നുമുള്ള ഭീകരമായ നുണകള്‍ പ്രചരിപ്പിച്ചുകൊണ്ടാണ് മനസ്സുകളെ അവര്‍ വര്‍ഗീകരിച്ചത്. വര്‍ഗീയതയുടെ വിത്ത് കേരളപ്രബുദ്ധതയില്‍ വിതയ്ക്കാന്‍ നുണകളുടെ പെരുമഴ പെയ്യിക്കാനും സംഘപരിവാരങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഹലാലെന്ന ഇസ്‌ലാമിക മര്യാദയെ സംസ്‌കാര ശൂന്യരായ വിവരദോഷികളെ പോലും നാണിപ്പിക്കും വിധമാണ് സംഘപരിവാരങ്ങള്‍ ദുര്‍വ്യാഖ്യാനിച്ച് വിവാദമാക്കിയിരിക്കുന്നത്. യോഗിയെ പോലെയുള്ള വര്‍ഗീയ കോമരങ്ങള്‍ക്ക് കേരളത്തില്‍ നിലമൊരുക്കുകയാണിവര്‍ ചെയ്യുന്നത്.

ക്രിമിനല്‍ രാഷ്ട്രീയാധിനിവേശം

സംശയത്തിന്റെയും വിശ്വാസരാഹിത്യത്തിന്റെയും പ്രക്ഷുബ്ധമായ അവസ്ഥയില്‍ മുസ്‌ലിം സമൂഹത്തെ ഒന്നാകെ നിയമപരമായും പ്രായോഗികമായും അരക്ഷിതരാക്കുക എന്ന ഒരേ ഒരുദ്ദേശ്യമാണ് സംഘ പരിവാര രാഷ്ട്രീയത്തിന്റ സാംസ്‌കാരിക യുക്തി. അധികാരവും സമ്പത്തും അധീനപ്പെടുമ്പോള്‍ മാത്രമാണ് ഇവരുടെ യുക്തിയെ പ്രായോഗികതയിലേക്ക് കൊണ്ട് വരാനാവുക എന്നിവര്‍ കരുതുന്നു. ആള്‍ക്കൂട്ട മനഃശാസ്ത്രം നന്നായി വശമുണ്ടായിരുന്ന ജോസഫ് ഗീബല്‍സിന്റെയും നാസികളുടെയും ദര്‍ശനത്തിന്റ പിന്‍ബലത്തോടുകൂടി രാഷ്ട്രീയത്തിന് ക്രിമിനല്‍ പശ്ചാത്തലമൊരുക്കാന്‍ സംഘപരിവാരങ്ങള്‍ ബൗദ്ധികമായ നീക്കങ്ങള്‍ നടത്തി. ജനാധിപത്യ രാഷ്ട്രീയത്തെ അധികാര ദുരയാല്‍ ക്രിമിനല്‍വല്‍കരിക്കാന്‍ വളരെ വേഗം സാധിക്കുമെന്നതാണ് വര്‍ഗീകരണത്തിന് വളമാക്കുന്നത്. വര്‍ഗീയതയെന്ന സാമൂഹിക രോഗം സൃഷ്ട്രിക്കുന്ന മത്സരങ്ങളില്‍നിന്നാണ് ക്രിമിനല്‍ രാഷ്ട്രീയം ഉടലെടുക്കുന്നത്. ന്യൂനപക്ഷ ഉന്‍മൂലനത്തിനായി സാഡിസ്റ്റുകളായ മനോരോഗികളെ പാര്‍ട്ടി നേതൃത്വത്തിലേക്കും അധികാര രാഷ്ട്രീയത്തിലേക്കും വര്‍ഗരാഷ്ട്രീയം കൈപിടിച്ചുയര്‍ത്തുന്നു.

ഗുജറാത്തിലെ നരവേട്ടയും ആസാമിലെ അഭയാര്‍ഥി പ്രശ്‌ നങ്ങളും കാശ്മീരികളുടെ ദുരിതജീവിതവും ഉത്തരേന്ത്യയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പിന്നാക്ക-ദളിത് പീഡനങ്ങളും അതാണ് നമ്മെ ഓര്‍മിപ്പിക്കുന്നത്. ലോകസഭയിലേയ്ക്കും നിയമസഭകളിലേക്കും തെരെഞ്ഞെടുക്കപ്പെട്ടവരിലധികവും ക്രിമിനലല്‍ പശ്ചാത്തലമുള്ളവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കേന്ദ്രം ഭരിക്കുന്ന മുഖ്യ കക്ഷിയിലെ അംഗങ്ങളില്‍ ധാരാളം പേര്‍ വ്യത്യസ്ത കുറ്റങ്ങളില്‍ കേസുള്ളവരാണത്രെ! സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളടക്കം അതീവ ഗൗരവമുള്ള കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള കക്ഷികളിലെ ജനപ്രതിനിധികളിലും ധാരാളം കുറ്റവാളികളുണ്ട്. ഒരുവേള സുപ്രീം കോടതിവരെ ഇടപെട്ട് ക്രിമിനലുകളുടെ വിവരം വെളിപ്പടുത്താത്ത കക്ഷികള്‍ക്ക് എതിരെ പിഴ ചുമത്തിയിട്ടുണ്ട്. കൊല്ലാനും തകര്‍ക്കാനുമുള്ള അറപ്പ് തീര്‍ന്ന കൊടുംകുറ്റവാളികളെക്കൊണ്ട് മലീമസമായിട്ടുള്ള നിയമനിര്‍മാണ സഭകളില്‍നിന്ന് ന്യൂനപക്ഷ, ദളിത് പിന്നാക്ക വിഭാഗങ്ങളെങ്ങനെയാണ് സുരക്ഷിതത്വം പ്രതീക്ഷിക്കുക? യുപിയിലെ ഹാഥ്‌റസില്‍ പീഡനങ്ങള്‍ക്ക് വിധേയമായി അതി ക്രൂരമായി കൊലചെയ്യപ്പെട്ട ദളിത് യുവതിയുടെ ഘാതകരടക്കം സ്വൈര്യവിഹാരം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുണ്ടായത് ക്രിമിനലുകളുടെ കയ്യില്‍ അധികാരമമര്‍ന്നത് നിമിത്തമാണ്.

ഭരണഘടനയുടെ സുരക്ഷിതത്വം

വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയുടെ ഭരണഘടന എല്ലാവിഭാഗം ജനങ്ങളെയും ഉള്‍കൊണ്ടുള്ളതും വ്യക്തിസ്വാതനത്ര്യത്തിനും ആവിഷ്‌കാരത്തിനും അഭിപ്രായങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതുമാണ്. ഭരണഘടനയുടെ സംരക്ഷകരായി അവരോധിതരായ കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്റെയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും അടുത്തകാലത്തെ പ്രസ്താവനകള്‍ അതിനെ കളങ്കപ്പെടുത്താനുള്ള സംഘപരിവാര രാഷ്ട്രീയത്തിന്റ ഭാഗമാണോയെന്ന് സംശയിക്കണം.

നൂറ്റാണ്ടുകളായി മുസ്‌ലിം പെണ്‍കുട്ടികള്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റ പ്രതീകമായി ധരിച്ചിരുന്ന ഹിജാബിനെതിരെയുള്ള കര്‍ണാടകയിലെ കാവി വിദ്യാര്‍ഥികളുടെ സമീപനത്തെയും ഹൈക്കോടതി വിധിയെയും അനുകൂലിച്ചുകൊണ്ടുള്ള പ്രസ്താവനയാണൊന്ന്. ഇന്ത്യയുടെ മഹത്തായ പൈതൃകത്തെയും മാനവ വിഭവശേഷിയെയും വിസ്മരിച്ചുകൊണ്ട് ലോകത്തെ ബൗദ്ധിക മാര്‍ക്കറ്റുകളില്‍നിന്ന് ഇന്ത്യന്‍ യുവത്വത്തെ നിഷ്‌കാസിതമാക്കാന്‍ സഹായിക്കുന്ന കേന്ദ്ര വിദ്യാഭ്യാസ പോളിസിയെ ന്യായീകരിച്ചുകൊണ്ടുള്ള ഉപരാഷ്ട്രപതിയുടെ പ്രസ്താവനയാണ് മറ്റൊന്ന്. കാവിരാഷ്ട്രീയത്തിന്റ സൈദ്ധാന്തികാടിത്തറക്ക് നിദാനമാകുന്ന വിദ്യാഭ്യാസ പോളിസിയെക്കുറിച്ച് ആ തലത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹം സംവദിച്ചത്. ഭരണഘടന നല്‍കുന്ന ന്യൂനപക്ഷ സുരക്ഷയെ തകര്‍ക്കുന്ന വിവാദങ്ങള്‍ക്കെല്ലാം ഇവര്‍ കുടപിടിക്കുന്നത് പ്രത്യയ ശാസ്ത്രവല്‍കരിച്ചുകൊണ്ടിരിക്കുന്ന കാവി രാഷ്ട്രീയത്തിനാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഓരോ ചെറിയ സാമൂഹ്യ വിഭാഗത്തിനും അവരുടെ സംസ്‌കാരവും മൂല്യവ്യവസ്ഥയും വലിയ ഒരു ദേശീയ സമൂഹത്തിനകത്ത് പരസ്പരം ഉരസലില്ലാതെ തന്നെ നിലനിര്‍ത്താന്‍ അവസരം നല്‍കണമെന്നതാണ് സാംസ്‌കാരിക ബഹുസ്വരവാദത്തിന്റ കാതല്‍.

സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയാണ് ഭരണഘടനയുടെ അന്തിമലക്ഷ്യസ്ഥാനം. ഇതിനെ കളങ്കപ്പെടുത്തുന്നതിനുള്ള വഴികള്‍ തേടുന്നതിന്റ ഭാഗമായാകണം ഇത്തരം പ്രസ്താവനകളെന്ന തിരിച്ചറിവ് പൊതുബോധത്തിനുണ്ടാകണം. പ്രത്യയശാസ്ത്ര നിര്‍മാതാക്കളെ അനുസരിച്ചുകൊണ്ടുള്ള സവര്‍ണ നീക്കങ്ങളാണിവിടെ നടക്കുന്നത്. ഭരണഘടനാനിര്‍മാണ പ്രക്രിയയിലെ ആദ്യ കാല്‍ വയ്പായ 1928ലെ മോത്തിലാല്‍ നെഹ്‌റു റിപ്പോര്‍ട്ടില്‍ ഫെഡറലിസം എന്ന ആശയം മുന്നോട്ടുവച്ചപ്പോള്‍ ഹിന്ദു മഹാസഭ അതിനെ നിശിതമായി എതിര്‍ക്കുകയും യൂണിറ്ററി സംവിധാനത്തിന് വേണ്ടി വാദിക്കുകയുമാണ് ചെയ്തത്. 1961 ല്‍ ദേശീയ ഉദ്ഗ്രഥന സമിതിക്ക് അയച്ച കത്തില്‍ സംഘ് രാഷ്ട്രീയത്തിന്റ താത്വികാചാര്യനായ എം. എസ് ഗോള്‍വാള്‍ക്കര്‍ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: ‘നിലവിലുള്ള ഫെഡറല്‍ ഭരണ സംവിധാനം വിഘടനവാദത്തിന് ജന്‍മം നല്‍കുന്നുവെന്ന് മാത്രമല്ല അതിനെ പോഷിപ്പിക്കുകയും ചെയ്യുന്നു. ഏകരാഷ്ട്രം എന്ന വസ്തുത അത് നിഷേധിക്കുകയും അതിനെ നശിപ്പിക്കുകയും ചെയ്യുന്നു. ഫെഡറലിസത്തെ നീക്കം ചെയ്തുകൊണ്ട് ഭരണഘടനയെ ശുദ്ധീകരിക്കേണ്ടതുണ്ട്. അതിന് പകരം യൂണിറ്ററി ഭരണ സംവിധാനം സ്ഥാപിക്കേണ്ടതുണ്ട്.’

ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ ഒന്നുകൂടി വ്യക്തമാക്കുന്നുണ്ട്: ‘രാഷ്ട്രത്തിന്റ ഉള്ളിലുള്ള സ്വയം ഭരണമോ അര്‍ധ സ്വയം ഭരണമോ ഉള്ള സ്‌റ്റേറ്റുകളെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ഏറ്റവും പ്രധാനവും ഫലപ്രദവുമായ കാല്‍വയ്പ് നമ്മുടെ രാഷ്ട്രത്തിന്റ ഭരണഘടനയിലെ ഫെഡറലിസത്തെ സംബന്ധിച്ച എല്ലാ ചര്‍ച്ചയും ആഴത്തില്‍

കുഴിച്ചുമൂടുക എന്നതാണ്. നമ്മുടെ ഏകീകൃത മൈത്രിക്ക് ഭംഗം വരുത്താന്‍ പ്രാദേശികവും വിഭാഗീയവും ഭാഷാപരവുമായ അഭിമാനങ്ങളെ അനുവദിച്ചുകൂടാ. നമ്മുടെ ഭരണഘടനയെ തിരുത്തിയെഴുതുകയും പുനഃപരിശോധിക്കുകയും ഒരു യൂണിറ്ററി സംവിധാനം സ്ഥാപിക്കുകയും വേണം.’

ഇന്ത്യയുടെ സംസ്‌കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന ഫെഡറലിസത്തെ മാത്രമല്ല അധികാര വികേന്ദ്രീകൃത ഘടനയെയും ജനാധിപത്യത്തെയും സാംസ്‌കാരിക ബഹുസ്വരതയെയുമെല്ലാം ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ച് അതിനെ തകര്‍ക്കുന്നവരുടെ കരങ്ങളിലാണിന്ന് ഇന്ത്യയെന്ന ധാരണയില്ലാത്ത പോലെയാണ് മതനിരപേക്ഷ കക്ഷികളുടെ പ്രവര്‍ത്തനം.

തിരുത്തലുകള്‍ അനിവാര്യം

അപകടകരമായ ഫാഷിസ്റ്റ് കരങ്ങളിലാണ് ഇന്ത്യയുടെ ഭരണഘടനയും സാംസ്‌കാരിക ബഹുസ്വരതയുടെ സുരക്ഷയും ഉള്ളത്. ഭരണഘടനയെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് നാളേറെയായി, അന്നവര്‍ക്ക് അധികാരമില്ലായിരുന്നു. ഇന്ത്യയിലെ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ ഭിന്നതകള്‍ മറന്ന് രാജ്യരക്ഷയ്ക്കായി കൈകോര്‍ക്കുന്നതിന്റ പ്രാധാന്യം ബോധ്യപ്പെടുത്തുന്നവയാണ് സമീപകാലത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ധ്വംസിക്കാന്‍ നീതിപീഠങ്ങള്‍ വരെ കൂട്ടുചേര്‍ന്നത്. ചെറുകക്ഷികളായി പിരിഞ്ഞ് രാജ്യസ്‌നേഹികളുടെ വോട്ടുകള്‍ ശിഥിലീകരിക്കുന്ന പ്രവണതയാണ് ആദ്യം നിറുത്തേണ്ടത്.

രാജ്യത്തിന്റ സുരക്ഷയ്ക്കായി പ്രായോഗിക രാഷ്ട്രീയം രൂപപ്പെടുത്താന്‍ എല്ലാവരും ഒത്തൊരുമിക്കണം. വ്യക്തിപരവും പ്രാസ്ഥാനികവുമായ താല്‍പര്യങ്ങള്‍ക്കതീതമായി രാജ്യരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന ബോധം വളരണം. വര്‍ഗീയതയുടെ ചേരിതിരിവുകള്‍ സൃഷ്ടിച്ച് മുതലെടുക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്ന സംഘ രാഷ്ട്രീയത്തിന്റ പ്രകോപനങ്ങളില്‍ ത്രസിക്കുന്ന വികാര പ്രകടനങ്ങളെ നിയന്ത്രിക്കാനും ബുദ്ധിപരവും വൈജ്ഞാനികവുമായ സമുദ്ധാരണം നടത്താനും ശ്രമങ്ങളുണ്ടാവണം. വികാരങ്ങള്‍ക്കടിമപ്പെട്ടവരെ സമൂഹമധ്യെ തള്ളിയിട്ട് അവരുടെ അവിവേകങ്ങള്‍ക്ക് സമുദായം മൊത്തം വില നല്‍കേണ്ടി വരുന്ന ഗതികേടില്‍നിന്ന് മോചിതരാകണം. ഐക്യത്തെക്കുറിച്ച് വാചാലമാവുകയും സമുദായത്തിെന്റ മുറിവുകളില്‍ അടയിരുന്ന് കൂടുതല്‍ വ്രണപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന അരാഷ്ട്രിയതയുടെ കാപട്യങ്ങളെ തിരിച്ചറിയാനാകണം. കക്ഷിതാല്‍പര്യങ്ങള്‍ക്കായി സമുദായത്തെ ഒറ്റിക്കൊടുക്കുന്ന ജനവഞ്ചകരുടെ കുതന്ത്രങ്ങളില്‍നിന്ന് രക്ഷനേടണം. മുസ്‌ലിം സമുദായത്തെ അന്യവല്‍കരിക്കാനും അപരവല്‍കരിക്കാനും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അനാവശ്യ തര്‍ക്കങ്ങളിലേക്ക് കൊണ്ടുവന്ന് സമുദായത്തെ സംശയത്തിന്റ മുനയില്‍ നിറുത്തി ക്രൂശിക്കുന്ന മതനിരപേക്ഷതയുടെ മേലങ്കിയണിഞ്ഞ മാധ്യമങ്ങളുടെ അജണ്ടകളെ കരുതിയിരിക്കണം.

ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പുകളിലെ മതനിരപേക്ഷ ചേരിയുടെ പരാജയം ജനാധിപത്യ മുന്നേറ്റങ്ങളില്‍ പാഠമായിത്തീരണം. ഇന്ത്യന്‍ ബഹുസ്വരതയുടെ സൗന്ദര്യവും അതിന്റ സദാചാര മൂല്യങ്ങളും മനസ്സുകളിലേക്ക് പകര്‍ന്ന് നല്‍കുന്നതിന് സമൂഹമാധ്യമങ്ങളടക്കമുള്ള സംവിധാനങ്ങളെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണം. ജുഡീഷ്യറിയുടെ വിശ്വാസ്യത നഷ്ടപ്പെടും വിധമുള്ള വിധികള്‍ പുറത്ത് വരുമ്പോള്‍ അതിന്റ മതപരവും അല്ലാത്തതുമായ നിജസ്ഥിതി ജനങ്ങളിലേക്കെത്തിക്കാനുളള സംവിധാനങ്ങളുണ്ടാക്കണം, ആദര്‍ശബോധവും ദൃഢചിത്തതയും കര്‍മസന്നദ്ധതയും സേവന തല്‍പരരുമായ നേതൃത്വം വളര്‍ന്നുവരണം. ജനക്ഷേമത്തിന് സന്നദ്ധമായ സേവനതല്‍പരരെ വളര്‍ത്തിയെടുക്കണം. രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക സമീപനം സ്വീകരിക്കാനാകുന്നവര്‍ക്ക് പ്രചോദനമേകുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കണം. ഓരോ വിഭാഗവും അവരുടെ സ്വത്വം നിലനിറുത്തിക്കൊണ്ട് തന്നെ പരസ്പരം സഹകരണവും സാഹോദര്യവും രൂപപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടണം.

സമീപകാല സംഭവവികാസങ്ങളില്‍ ഇസ്‌ലാമിക സ്വത്വം മുറുകെ പിടിച്ച് ജീവിക്കുന്ന വിശ്വാസികളൊരിക്കലും നിരാശരാവുകയില്ലെന്ന് മാത്രമല്ല അഹങ്കാരത്തിലൂടെ ഉന്‍മൂലന രാഷ്ട്രീയത്തിന് നേതൃത്വം നല്‍കിയവരെല്ലാം കടപുഴകി വീണ ചരിത്രമാണ് വായിക്കാനായത്. അതിലുമപ്പുറം പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു സഹായിക്കുമെന്ന ശുഭാപ്തിവിശ്വാസമാണ് അവര്‍ക്ക് കരുത്തേകുന്നത്. അല്ലാഹു പറയുന്നു: ‘‘നിങ്ങള്‍ ദൗര്‍ബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്‍മാര്‍‘’ (ക്വുര്‍ആന്‍ 3:139).