പൊതുബോധ നിർമിതിയിലെ ഒളിയജണ്ടകൾ

മുജീബ് ഒട്ടുമ്മൽ

2022 ജൂലായ് 23, 1442 ദുൽഹിജ്ജ 23
പൊതുസ്റ്റേജിലേക്ക് പെണ്ണ്‌ കയറരുതെന്ന കയറരുതെന്ന പുരോഹിത ശാഠ്യം തൊണ്ടോടെയും തൊലിയില്ലാതെയും രണ്ടും മൂന്നും ദിവസം അന്തിച്ചർച്ചയിൽ വിൽപനക്ക് വെച്ച അതേ ‘മാധ്യമ ഭീകരന്മാർ’, മുപ്പത് വർഷക്കാലം സർവ്വീസിലിരുന്ന് നൂറുകണക്കിന്‌ വിദ്യാർഥിനികളെ പീഡനത്തിനിരയാക്കിയ ‘അധ്യാപകധർമ’ത്തിന്‌ നേരെ കണ്ണടച്ചതിലെ മാധ്യമനൈതികത ആരെങ്കിലും ശ്രദ്ധിച്ചുവോ? നിഷ്പക്ഷമായി വിലയിരുത്തിയാലറിയാം, പബ്ലിക് പ്രോഗ്രാമിലെ മറയല്ല മീഡിയാ പ്രോഗ്രാമുകളിലെ മറകളും മറവികളുമാണപൊതുസ്റ്റേജിലേക്ക് ്‌ പൊതുബോധനിർമിതിയുടെ സ്രഷ്ടാക്കളെന്ന്; അതാണ്‌ നാടിനെ മലീമസമാക്കുന്നതെന്ന്.

അമേരിക്കയിലെ ടെക്‌സാസിൽ റോബ് എലമെന്ററി സ്‌കൂളിലെ, ഏഴു വയസ്സിനും പതിനൊന്നു വയസ്സിനുമിടയിൽ പ്രായമായ 19 വിദ്യാർഥികളെയടക്കം 22 പേരെ 18 വയസ്സുകാരനായ സാൽവഡോർ റാമോസ് എന്നയാൾ വെടിവെച്ചു കൊന്ന വിവരം ലോകം ഏറെ ഞെട്ടലോടെയായിരുന്നു കേട്ടത്. എആർ 15 സെമി ഓട്ടോമാറ്റിക് കൈത്തോക്കാണ് അക്രമിയുടെ പക്കലുണ്ടായതത്രെ! മയക്കുമരുന്നിനടിമയായിരുന്ന അമ്മ ആൻഡ്രിയാന മാർട്ടിനസുമായി പിണങ്ങി മുത്തശ്ശിയോടൊപ്പം കഴിയുകയായിരുന്നു കൊലപാതകിയായ സാൽവഡോർ റാമോസ്.

മുത്തശ്ശിയുടെ നേർക്ക് നിറയൊഴിച്ചാണ് അവൻ സ്‌കൂളിലേക്ക് പുറപ്പെട്ടത്. ഗുരുതരാവസ്ഥയിലായിരു ന്ന മുത്തശ്ശി പിന്നീട് മരിച്ചു.

‘ഗെറ്റ് റെഡി ടു ഡൈ’ എന്നു പറഞ്ഞ് പിഞ്ചുകുഞ്ഞുങ്ങളുടെ നെഞ്ചിലേക്ക് നിറയൊഴിച്ച് നടത്തിയ ഭീകരമായ കൂട്ടക്കൊലയുടെ കാരണമെന്തെന്ന് ഇനിയും തിരിച്ചറിയാനായിട്ടില്ലത്രെ! മുസ്‌ലിം നാമമല്ലാത്തതു കൊണ്ട് മാത്രം അന്താരാഷ്ട്ര ഭീകര സംഘടനകളുടെ പങ്കിനെ കുറിച്ചൊന്നും അന്വേഷിക്കുന്നതിൽ പ്രസക്തിയില്ലല്ലോ!

പോലീസുകാരാൽ കൊല്ലപ്പെട്ട പ്രതിയുടെ മാനസികനില പരിശോധിക്കാനുളള ശ്രമങ്ങളുണ്ടായിട്ടുണ്ട്. ആയുധമാഫിയയെ പഴിച്ചുകൊണ്ടാണ് അമേരിക്കൻ പ്രസിഡന്റ് ജോർജ് ബൈഡൻ ഈ കൂട്ടക്കൊലക്കെതിരെ പ്രതികരിച്ചത്.

ന്യൂയോർക്കിലെ ബഫലോ സൂപ്പർ മാർക്കറ്റിലുണ്ടായ വെടിവയ്പിൽ പത്തുപേർ കൊല്ലപ്പെട്ട് പത്തു ദിവസം കഴിയുമ്പോഴാണ് വീണ്ടും ഇങ്ങനെയൊരു കൂട്ടക്കുരുതിയുണ്ടായതെന്നത് കൃത്യമായ പഠനത്തിന് വിധേയമാക്കേണ്ടതായിരുന്നു. 1970 മുതലുള്ള കാലയളവിൽ 2032 സ്‌കൂൾ വെടിവയ്പുകൾ ഇവിടെ സംഭവിച്ചെന്നാണു കണക്ക്. ഇതിൽ 948 സംഭവങ്ങളും 2012ന് ശേഷമാണ് സംഭവിച്ചിട്ടുള്ളതെന്നത് പ്രശ്‌നത്തിന്റ വ്യാപ്തി ബോധ്യപ്പെടുത്തുന്നുണ്ട്. 2012 ഡിസംബറിൽ നടന്ന സാൻഡി ഹുക് എലമെന്ററി സ്‌കൂളിൽ നടന്ന കൂട്ടക്കൊലയാണ് അമേരിക്കൻ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ സ്‌കൂൾ വെടിവയ്പായി വിലയിരുത്തപ്പെടുന്നത്. 19 വയസ്സ് മാത്രമുണ്ടായിരുന്ന ആഡം ലാൻസയെന്ന കൗമാരക്കാരൻ 11 മിനുട്ടുകൊണ്ട് കൊന്നത് 20 ചെറിയ കുട്ടികളെയടക്കം 26 പേരെയാണ്.

കഴിഞ്ഞ ഏപ്രിൽ 13ന് കാലിഫോർണിയയിൽ 8 പേരെയും 2021 ഡിസംബറിൽ മിച്ചിഗൻ ഓക്‌സ്‌ഫെഡ് സ്‌കൂളിൽ 3 പേരെയും അതേവർഷം മെയ് മാസത്തിൽ കാലിഫോർണിയയിലെ സാൻബോസ് ട്രാൻസ്‌പോർട്ട് അതോറിറ്റി കൺട്രോൾ സെന്ററിൽ 9 പേരെയും കോളറഡോ പിറന്നാൾ ആഘോഷത്തിനിടെ 6 പേരെയും അതേവർഷം ഏപ്രിൽ മാസം ഇന്ത്യാനയിൽ 9 പേരെയും മാർച്ച് മാസം കോലോറഡ ബോർഡ് സൂപ്പർ മാർക്കറ്റിൽ 10 പേരെയും 2019 ൽ ആഗസ്റ്റിൽ ടെക്‌സാസ് എൽപസോ വാൾമാർട്ട് സൂപ്പർ മാർക്കറ്റിൽ 23 പേരെയും അതേവർഷം മാർച്ചിൽ വെർജിന ബീച്ചിൽ 13 പേരെയും 2018 ഫെബ്രുവരിയിൽ ഫ്‌ളോറിഡ പർക്കലൻഡ് ഡംഗ്ലസ് ഹൈസ്‌കൂളിൽ 17 പേരെയും മെയ് മാസം ടെക്‌സാസ് സൻഡ് ഫീ ഹൈസ്‌കൂളിൽ 12 പേരെയും 2017 നവംബറിൽ ടെക്‌സാസ് സദർലന്റ് സ്പ്രിങ് ചർച്ചിൽ 27 പേരെയും ഒക്ടോബറിൽ നവേഡ് ലാസ് വേഗസ് ഹോട്ടലിലെ സംഗീത പരിപാടിയിൽ 61 പേരെയും 2016 ജൂണിൽ ഫ്‌ളോറിഡ ഒർലാൻഡേയിൽ 50 പേരെയും നിറതോക്കുകൾക്കിരയാക്കിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ഭീകരമായ ഇത്തരം കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ആയുധവാണിഭ മാഫിയകളിലാരോപിച്ചാണ് അധികാരികൾ ഒഴിഞ്ഞുമാറാൻ ശ്രമിക്കാറുള്ളത്. വംശീയത, മയക്കുമരുന്നിനടിമപ്പെടൽ പോലുള്ളവയും കാരണമായി പറയപ്പെടാറുണ്ട്.

കറുത്തവനെ മൃഗതുല്യനായി കാണുന്ന അമേരിക്കൻ വർണവെറിയും വംശീയതയും അമിതമായ മയക്കുമരുന്നുപയോഗവും ക്രൂരമായ ഇത്തരം കൊലപാതകങ്ങൾക്ക് കാരണമായി പറയാറുണ്ട്. അപരനോടുള്ള അകാരണമായ പകയും വിദ്വേഷവും വെറുപ്പും മനസ്സുകളിൽ രൂപപ്പെടുത്താൻ സഹായകമാവുന്ന ദർശനങ്ങളെകുറിച്ച് ആരും ചർച്ചയാക്കാറില്ല. സാമ്രാജ്യത്വത്തിന്റ അതിസൂക്ഷ്മമായ ശ്രദ്ധയും ചുവടുവയ്പുമാണതിന് കാരണം.

വികസ്വര ദരിദ്ര രാജ്യങ്ങളിൽ അമേരിക്കൻ സ്‌പോൺസർമാരുടെ സാമ്പത്തിക സഹായം നേടി എൻ. ജി.ഒ.കൾ മുഖേന നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാംസ്‌കാരികാധിനിവേശ പ്രവർത്തനങ്ങൾക്ക് അതിരുകളില്ലാത്ത സ്വതന്ത്രവാദം നിറം പകരുന്നുണ്ട്. സാമ്രാജ്യത്വത്തിന്റ ചട്ടുകങ്ങളായ മസ്തിഷ്‌കങ്ങളുടെ സൃഷ്ടിപ്പിന് കൂടുതൽ പോഷണം നൽകുന്ന ദർശനവുമാണിത്. അവർ ഇട്ടുകൊടുക്കുന്ന സംസ്‌കാര ശൂന്യതയെ വാരിപ്പുണരാനുള്ള വെയ്സ്റ്റുകളാക്കി മാറ്റാൻ ഏറ്റവും നല്ലവഴി അതിരുകളില്ലാത്ത സ്വതന്ത്രവാദമാണ്. അതിന്റ ഉപോൽപന്നങ്ങളായി അമേരിക്കയിലെ കൂട്ടക്കുരുതികളും സാമൂഹിക പ്രതിസന്ധികളുമെല്ലാം വിനാശം വിതച്ചുകൊണ്ടിരിക്കുന്നു.

അച്ഛനെ അറിയാത്ത വികൃതിക്കൂട്ടങ്ങളും അവരുടെ ചെയ്തികളും ഒരു രാജ്യത്തെ എങ്ങനെ സ്വൈര്യം കെടുത്തുന്നുവെന്നതിനുള്ള തെളിവുകളാണ് അമേരിക്കയിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. ‘പാറി നടക്കും പറവകളൊന്നും വേളി കഴിക്കാറില്ലെ’ന്ന ആശയത്തിന്റെ വക്താക്കളായി നടക്കുന്നവരുടെ സ്വതന്ത്രവാദത്തിന്റ ഭീകര മുഖങ്ങളാണ് നിറതോക്കുകളുമായി നിറഞ്ഞാടുന്നത്.

ഇത്തരം മനുഷ്യത്വരഹിത സംസ്‌കാര ശൂന്യതയെ മലയാളികളുടെ ജീവിതത്തിലേക്കും ഒളിച്ചുകടത്താനുള്ള ശ്രമങ്ങൾ വ്യത്യസ്ത മാർഗങ്ങളിലൂടെ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. 2012 ന് മുമ്പ് അവിടെ രൂപപ്പെടുത്തിയ പൊതുബോധവും സാമൂഹിക വാർപ്പുമാതൃകകളും മതനിഷേധവും അച്ചടക്കരാഹിത്യവും മലയാളി മനസ്സിലും നട്ടുവളർത്താനുള്ള ശ്രമം ഊർജിതമാണ്.

സദാചാരബോധം പരിഹസിക്കപ്പെടുമ്പോൾ!

വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ജീവിതത്തിൽ ധാർമിക സദാചാരം കാത്തുസൂക്ഷിക്കുന്ന ശൈലിയാണ് മലയാളികൾ എക്കാലത്തും സ്വീകരിച്ചിരുന്നത്. മാന്യമായ വസ്ത്രധാരണ രീതി മുതൽ സാമൂഹിക ഇടപെടലുകളിൽ വരെ സ്ത്രീകളും പുരുഷൻമാരും കുലീനത കാത്തുസൂക്ഷിക്കാൻ ബദ്ധശ്രദ്ധരായിരുന്നു.

വലിയവരെ ആദരിക്കുകയും പരിഗണിക്കുകയും ചെയ്തുകൊണ്ടുള്ള സാമൂഹ്യബോധവും ചെറിയ വരോട് കാരുണ്യവും വാത്സല്യവും കാണിച്ചുള്ള കരുതലിെന്റ സുരക്ഷയൊരുക്കിയുള്ള സമീപനവുമായിരുന്നു മലയാളികളുടെ സദാചാരബോധത്തിന് കരുത്തേകിയിരുന്നത്. ലൈംഗിക വിശുദ്ധിയും ചാരിത്ര്യബോധവും നിഷ്‌കളങ്കതയും ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ചിരുന്ന മലയാളിയിൽ ലജ്ജയെന്ന മഹത്തായ ഗുണം ഇടപഴകലുകൾക്ക് സൗന്ദര്യം നൽകുന്നതായിരുന്നു. മതവിശ്വാസവും ആചാരവും അതിന് പ്രത്യേക മാറ്റുകൂട്ടിയിരുന്നു.

മാനവികതയുടെ ഉദാത്തമായ മാതൃക സൃഷ്ടിച്ച ഉന്നതമായ ഇത്തരം സദാചാരബോധമാണ് സാമ്രാജ്യത്വത്തിന്റ സാംസ്‌കാരികാധിനിവേശത്തിന് എന്നും ഭീഷണിയായിരുന്നത്. കപട പരിവേഷം നൽകി അതിനെതിരെ പൊതുബോധം രൂപപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

സമൂഹത്തിൽ ചില വിഷയങ്ങളിൽ ചിലരുടെ അപക്വമായ ഇടപെടലിനെയും അതിക്രമങ്ങളെയും പർവതീകരിച്ച് കപട സദാചാരബോധം, സദാചാര ഗുണ്ടായിസം, സദാചാര പോലീസ് എന്നീ പദങ്ങൾ കൊണ്ട് ബോധ്യങ്ങളെ നിഷ്പ്രഭമാക്കുന്ന തന്ത്രങ്ങളും വേണ്ടത്ര നടക്കുന്നുണ്ട്. ധാർമിക സദാചാരമെന്നത് വലിയ അപരാധമാണെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. സദാചാരവാദിയെ കുറ്റവാളിയായി കാണും വിധം പൊതുബോധം രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിൽ ഇനിയും ലോകം തിരിച്ചറിഞ്ഞിട്ടില്ലാത്ത വിവരദോഷികളായി മലയാളീസദാചാരബോധം പരിഹസിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ഒരു വർഷം മുമ്പ് സമൂഹ മാധ്യമങ്ങളിൽ നഗ്‌നമായ കാല് പ്രദർശിപ്പിച്ചുകൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത നടിക്കെതിരെ വിമർശനങ്ങളുണ്ടായപ്പോൾ സദാചാര ഗുണ്ടായിസമെന്ന് ആക്ഷേപിച്ചുകൊണ്ട് കൂടുതൽ നഗ്‌നമായ കാലുകൾ പ്രദർശിപ്പിച്ചാണ് അതിനെതിരെ സൈബറാക്രമണം നടത്തിയത്. പിന്നീടത് കറുത്ത കാലുകളെ പരിഗണിക്കാത്തതിലെ പരിഭവവുമായി ആക്ടിവിസ്റ്റുകൾ തമ്മിൽ ദാർശനിക കലഹമായി മാറിയെന്നതാണ് രസാവഹം! ഇവിടെ വസ്ത്രരാഹിത്യത്തോട് സമരസപ്പെടും വിധമുള്ള പൊതുബോധമാണ് മലയാളികൾക്കിടയിൽ സൃഷ്ടിച്ചെടുക്കാൻ ശ്രമിച്ചിരുന്നത് എന്നത് ഏറെ ഗൗരവമുള്ള കാര്യമാണ്. ഇങ്ങനെ അവസരങ്ങൾക്കായി കാതോർത്ത്, പൊടുന്നനെ രംഗത്തേക്ക് കൂട്ടമായി ചാടിക്കയറി ഉപയോഗപ്പെടുത്തുന്നതിൽ സാമ്രാജ്യത്വം അതീവ ജാഗ്രതയിലാണ്.

പൊതുബോധനിർമ്മിതി

സമസ്തയുടെ സ്‌റ്റേജിലേക്ക് പെണ്ണ് കയറരുതെന്ന, ഒരു സംഘടനാ നേതാവിെന്റ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത് എല്ലാവരും ഓർക്കുന്നുണ്ടാകും. സംഘടനാപരമായ നിലപാടിൽ നിന്നുകൊണ്ട് അതിനെ വീക്ഷിക്കുന്നതിന് പകരം മറ്റൊരു ആങ്കിളിൽ നിന്നുകൊണ്ടാണത് മലയാളക്കര അത് ചർച്ചയാക്കിയത്. സ്ത്രീ സ്വാതന്ത്ര്യവും അവകാശവുമെല്ലാം ചർച്ചയായി പരിലസിച്ചു. മുൻനിര ദൃശ്യമാധ്യമങ്ങൾ രണ്ടും മൂന്നും റൗണ്ട് അന്തിച്ചർച്ചകളാണ് അതിനു വേണ്ടി നടത്തിയത്. പെണ്ണിനോടുള്ള സമൂഹത്തിന്റ അസ്പൃശ്യതയാണതെന്ന് ‘വിഷയ’മാക്കിയാണ് ചാനലുകൾ പാനലിസ്റ്റുകളെ നിരത്തിയത്. മാധ്യമങ്ങളുടെ സംപ്രേക്ഷണ സാധ്യതകൾ മുഴുവനും ഉപയോഗപ്പെടുത്താൻ മാത്രം ഭീകരമാണ് കാര്യമെന്ന നിലയാണ് അവർ ഈ വിഷയത്തെ കണ്ടത്.

അതേസമയം തന്നെ മുപ്പത് വർഷക്കാലമധികം സർവീസിലുണ്ടായിരുന്ന ഒരധ്യാപകൻ സ്‌കൂൾ പ്രായത്തിലുള്ള നൂറുകണക്കിന് പെൺകുട്ടികളെ ക്രൂരമായ പീഡനങ്ങൾക്കിരയാക്കിയതായി മറ്റൊരു വാർത്തയും വന്നു. നടേസൂചിപ്പിച്ച വിഷയം ചർച്ചയാക്കിയ ദൃശ്യമാധ്യമങ്ങളൊന്നും അതിനെക്കുറിച്ച് അന്തിച്ചർച്ചകൾ നടത്തിയില്ല. ക്രൈം സ്‌റ്റോറി തയ്യാറാക്കി പ്രദർശിപ്പിച്ചില്ല, പാനലിസ്റ്റുകളുണ്ടായില്ല, അധ്യാപക ധർമത്തെ കുറിച്ച് വാചാലരായില്ല, പെൺകുട്ടികളനുഭവിച്ച കിരാതമായ പീഡനങ്ങളെ കുറിച്ച് മിണ്ടിയില്ല, അവരുടെ പഠനസ്വാതന്ത്ര്യം ചർച്ചയായില്ല, അനുഭവിച്ച വേദനകളുടെ പേരിൽ കണ്ണീരൊഴുക്കിയില്ല, മാതാപിതാക്കളുടെ മനഃസംഘർഷങ്ങളും വാർത്തയായില്ല!

പെണ്ണിനോട് ‘സ്‌റ്റേജിലേക്ക് കയറേണ്ട’ എന്ന മൊഴി മാധ്യമങ്ങൾക്ക് വലിയ അപരാധമാകുന്നതും നൂറുകണക്കിന് പെൺകുട്ടികളെ പീഡിപ്പിച്ചതിൽ കുറ്റമില്ലെന്ന പോലെയുള്ള അവരുടെ സമീപനവും പരിശോധിച്ചാലാണ് പൊതു ബോധനിർമിതിയുടെ നീർച്ചുഴി ബോധ്യപ്പെടുക. തൃശൂർ മെഡിക്കൽ കോളേജിനടുത്തുള്ള ദാറുൽ ക്വുർആനിൽവെച്ച് വിസ്ഡം സ്റ്റുഡന്റ്‌സ് നടത്തിയ സെമിനാറിലെ സദസ്സിൽ ആൺ - പെൺ സീറ്റുകൾ മറ വെച്ച് സംവിധാനിച്ചതാണ് കഴിഞ്ഞ ആഴ്ചയിലെ വലിയ ചർച്ചാവിഷയമായത്. മുൻകിട മാധ്യമങ്ങളാണതേറ്റുപിടിക്കുന്ന തെന്ന് കാണുമ്പോഴാണ് സാമ്രാജ്യത്വം പൊതുബോധനിർമിതിക്കായി ഒഴുക്കുന്ന പണത്തിന്റ തോത് മനസ്സിലാക്കാനാവുക. ജെന്റർ ന്യൂട്രാലിറ്റി എന്ന മാനവ വിരുദ്ധ ആശയത്തെ വൈജ്ഞാനികമായി പ്രതിരോധിക്കുന്ന പ്രൗഢമായ സെമിനാറിനെതിരെ പൊതുബോധം രൂപപെടുത്താൻ വില കുറഞ്ഞ കാര്യങ്ങളെടുത്തിട്ടാണ് ഭീമൻ മാധ്യമങ്ങൾ ചർച്ചയാക്കിയത്.

എതിർവർഗ വിവാഹവും ലൈംഗികതയും വസ്ത്രധാരണയും കുടുംബവും കുടുംബബന്ധങ്ങളും സംസ്‌കാരവും സദാചാരവും ധർമവുമെല്ലാം സ്വാഭാവികവും പ്രകൃതിപരവുമാണെന്ന് ധരിക്കുന്നവരാണ് ഇന്നത്തെ സമൂഹം. എന്നാൽ ആണും ആണും തമ്മിലുള്ള ലൈംഗികതയും വിവാഹവും, വസ്ത്രരാഹിത്യവും കുടുംബശൈഥില്യവും ലൈംഗികവൈകൃതങ്ങളും ശവരതിയും ശിശുരതിയും മൃഗരതിയുമെല്ലാം സ്വാഭാവികമാണെന്നു ചിന്തിക്കുന്ന സംസ്‌കാരശൂന്യതയുടെ പൊതുബോധം രൂപപ്പെടുത്താനാണിവിടെ ശ്രമങ്ങളുണ്ടാകുന്നത്. അധികാരികളും മാഫിയകളും ബൂർഷകളും സാമ്രാജ്യത്വവാദികളുമെല്ലാം അതിനായി കൈകോർക്കുകയാണ്. അധികാരങ്ങളും നിയമങ്ങളും ഇതരസംവിധാനങ്ങളുമെല്ലാം ഇതിനായി ഉപയോഗപ്പെടുത്തപ്പെടുന്നു. സാമ്രാജ്യത്വം സാംസ്‌കാരികാധീശ്വത്വം സ്ഥാപിക്കുന്നതിനായി സന്നദ്ധ സംഘടനകളിലൂടെയാണ് സമൂഹത്തിലിറങ്ങിച്ചെല്ലുന്നത്. പ്രകൃതിവാദവും മനുഷ്യാവകാശവും പുനരധിവാസവും സന്നദ്ധസേവനവുമെല്ലാം മുഖമുദ്രയാക്കി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എൻ.ജി.ഒ.കളിൽ മിക്കതും മൂന്നാംലോക രാഷ്ട്രങ്ങളിലുള്ളവരെ പ്രകൃതിവിരുദ്ധവും അസ്വഭാവികവുമായ കാര്യങ്ങളുടെ വക്താക്കളാക്കാനുള്ള കുതന്ത്രങ്ങളാണ് മെനഞ്ഞുകൊണ്ടിരിക്കുന്നത്.

സാമ്രാജ്യത്വത്തിന്റ രാഷ്ട്രീയമായ അധീശ്വത്വത്തിന്റയും സാമ്പത്തിക മേൽകോയ്മയുടെയും ദുരിതങ്ങളനുഭവിക്കുന്നവർക്കിട യിലേക്ക് സാമ്രാജ്യത്വവിരുദ്ധ അജണ്ട മുഖമൂടിയിട്ടുകൊണ്ടാണ് കടന്നു വരികയെന്നാണ് നിരീക്ഷണം. കേരളത്തിലെ കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടിയടക്കമുള്ള സാമ്രാജ്യത്വ വിരുദ്ധരുടെ സമീപകാല പ്രവർത്തനങ്ങൾ ഇത്തരം നിരീക്ഷണങ്ങളെ ബലപ്പെടുത്തുന്നു. തൊഴിലുപകരണങ്ങൾ പോലും സാമ്രാജ്യത്വ സാംസ്‌കാരികാധിനിവേശത്തിെന്റ സാധ്യതകളായി മലയാളികളെ ബോധവൽക്കരിച്ച കമ്യൂണിസം അതിന്റ ബ്രാന്റ് അംബാസിഡറാകുന്ന കാഴ്ചയാണ് കാണുന്നത്! കമ്പ്യൂട്ടർ പോലുള്ള ആധുനിക സങ്കേതങ്ങളെപോലും മുതലാളിത്തവും തൊഴിലാളി വിരുദ്ധതയും ആരോപിച്ച് വലിച്ചെറിയാൻ ശ്രമിച്ചവർ കമ്പോളങ്ങളിലെ വൃത്തികെട്ട സംവിധാനങ്ങളെ വാരിപ്പുണരുകയാണ്. ജെന്റർ ന്യൂട്രൽ യൂണിഫോമിനെ അനുകൂലിച്ചുകൊണ്ട് കേരളത്തിന്റ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന അതിലേക്കാണ് വിരൽചൂണ്ടുന്നത്.

രാഷ്ട്രീയ കക്ഷിനേതാക്കളെ പോലും സ്വാധീനിച്ചുകൊണ്ട് സദാചാരവിരുദ്ധത വളർത്തിയെടുക്കാനുള്ള ശ്രമമവുണ്ട്. മതചിഹ്നങ്ങളെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പോലും സംശയത്തിന്റ നിഴലിലേക്ക് കൊണ്ടുവന്ന് അപകർഷതയോടെ സമീപിക്കുന്ന സമൂഹമനസ്സിെന്റ നിർമിതിയും നടക്കുന്നുണ്ട്. മത പശ്ചാത്തലത്തിൽ വളർന്നവരിൽപോലും ചിലതൊക്കെ മറച്ചുവയ്ക്കണമെന്ന ബോധം രൂപപ്പെട്ട് വന്നുകൊണ്ടിരിക്കുന്നു. ഹിജാബും നിഖാബും ചർച്ചയായപ്പോഴും ആഇശ(റ)യുടെ വിവാഹപ്രായം വിഷയമായപ്പോഴും ചിലരുടെ ഭാവവും സമീപനവും അത് ബോധ്യപ്പെടുത്തുന്നു.

അധികാരം മതസ്വത്വങ്ങൾക്ക് നേരെയും

ഏകദേശം മൂന്ന് മണിക്കൂർ നേരം ദൈർഘ്യമുള്ള പൊതുപരീക്ഷ വെള്ളിയാഴ്ച രാവിലെ നടത്തിയാൽ പ്രാർഥനക്ക്് തടസ്സം നേരിടുമെന്ന് പരാതിപ്പെട്ട സംഘടനകൾക്കെതിരെയുള്ള ഭരണകക്ഷിയിലെ ചിലരുടെ സമൂഹ മാധ്യമങ്ങളിലെ മതവിരുദ്ധ പ്രസ്താവനകൾ ചിലത് ഓർമപ്പെടുത്തുന്നുണ്ട്. നിരീശ്വരത്വവും സ്വതന്ത്രവാദവും അധികാരദണ്ഡ് ഉപയോഗിച്ച് അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളും ചില യാഥാർഥ്യങ്ങളിലേക്ക് വിരൽചൂണ്ടുന്നുണ്ട്. ലെനിന്റ നേതൃത്വത്തിലുള്ള വിപ്ലവത്തിന് മുമ്പ് പൗരസ്ത്യ ക്രൈസ്തവതയുടെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നായിരുന്നുവത്രെ റഷ്യ. ഈസ്‌റ്റേൺ ഓർത്തഡോക്‌സ് ചർച്ചിന് റഷ്യയിലുണ്ടായിരുന്ന പ്രഭാവം അത്രയും വലുതായിരുന്നു. സാറിസ്റ്റ് റഷ്യയിൽ അങ്ങേയറ്റം മതധാരയുടെ സ്വാധീനമുണ്ടായിരുന്നു. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മുസ്‌ലിംകൾക്കും തങ്ങളുടെ വംശീയസ്വത്വം പ്രകടവും പ്രധാനവുമായിരുന്നു അവിടെ. പ്രത്യേകിച്ച് കോക്കേഷ്യൻ മധ്യേഷ്യൻ സാഹചര്യങ്ങൾകൊണ്ട് സവിശേഷമായിരുന്ന ഇസ്‌ലാമികസമൂഹം ക്രിസ്തു മതത്തോടൊപ്പം സജീവവും പ്രബലവുമായിരുന്നു. എന്നാൽ മാർക്‌സിസ്റ്റുകൾ അധികാരത്തിൽ വന്നതോടെ മതം ശക്തമായി നിയന്ത്രിക്കപ്പെട്ടു. ലെനിന്റ കാലം മുതലേ സോവിയറ്റ് കമ്യൂണിസ്റ്റ് ഭരണകൂടം നിരീശ്വരവാദം അധികാരമുപയോഗിച്ച് സായുധമായി അടിച്ചേൽപിക്കാൻ ശ്രമിച്ചിരുന്നു. 1920-21 കാലമായപ്പോഴേക്കും മതസ്വാതന്ത്യത്തിനുള്ള കൂച്ചുവിലങ്ങുകൾ ശക്തമായി. ജോസഫ് സ്റ്റാലിൻ പരമോന്നത അധികാരത്തിൽ വന്നതോടെ അതൊരു ബലം പ്രയോഗിച്ചുള്ള തുടച്ചുനീക്കൽ പ്രക്രിയയായി രൂപാന്തരപ്പെട്ടു. മുസ്‌ലിം പള്ളികളും ചർച്ചുകളും തകർക്കപ്പെട്ടു. മതപരമായ പുസ്തകങ്ങൾ, സംഘം ചേരലുകൾ എല്ലാം നിരോധിക്കപ്പെട്ടു. മതവിദ്യാഭ്യാസവും മതസ്ഥാപനങ്ങളും തുടച്ചുനീക്കപ്പെട്ടു. നിയമങ്ങളോരോന്നും പടച്ചുവിട്ട് അതിക്രൂരമായാണ് മത വിശ്വാസാചാരങ്ങളോട് അധികാരികൾ ഇടപെട്ടത്. കേരളത്തിലെ മതവിരുദ്ധമായ പൊതുബോധനിർമിതിയിൽ ഇത്തരം സമാനതകൾ രൂപപ്പെടുന്നുവെന്നത് യാദൃശ്ചികമാകാനിടയില്ല. അവകാശങ്ങൾക്കായി ശബ്ദിക്കാനുള്ള മുസ്‌ലിം സംഘടിതബോധത്തെ നഷ്ടപ്പെടുത്താനുള്ള ശ്രമങ്ങളടക്കം പലതും സമാനതകളേറെയുള്ളതാണ്.

ഇസ്‌ലാമിക സമൂഹത്തിൽ നിന്നുതന്നെ മതവിമർശകരെ സൃഷ്ടിച്ചുകൊണ്ടും മതം വിട്ടവരുടെ ന്യായീകരണങ്ങൾ പൊള്ളയായ വാദങ്ങളാണെന്ന് ബോധ്യപ്പെട്ടിട്ടും അതിനെ സാമാന്യവൽകരിക്കാനുള്ള ശ്രമങ്ങളുമെല്ലാം അതിന്റ ഭാഗമാണെന്നത് വ്യക്തമാണ്.

സദാചാരത്തിന്റ ഇസ്‌ലാമിക പാഠങ്ങൾ

തിന്മകളുടെ കുത്തൊഴുക്കിൽ നന്മയുടെയും സദാചാരത്തിെന്റയും പ്രചാരണത്തിലൂടെ പ്രതിരോധി ക്കുകയെന്നത് ഇസ്‌ലാമിക പാഠമാണ്.

ലോകത്ത് നിയോഗിതരായ പ്രവാചകൻമാർ നിർവഹിച്ച ധർമമാണിത്. സാമൂഹിക പരിഷ്‌കരണവും പരിവർത്തനവും സൃഷ്ടിച്ച നവോത്ഥാനത്തിന്റ പാതയാണത്. വിശ്വാസ സംസ്‌കരണവും ജീവിത വിശുദ്ധിയും സ്വഭാവനിഷ്ഠയുമുള്ള ഒരു സമൂഹത്തിലാണ് ക്രിയാത്മകമായ ചിന്തകളും പഠനങ്ങളും സാധ്യമാവുകയെന്നത് മാനവചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. വിശുദ്ധ ക്വുർആൻ പറയുന്നു: “മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വിലക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാർ വിശ്വസിച്ചിരുന്നുവെങ്കിൽ അതവർക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തിൽ വിശ്വാസമുള്ളവരുണ്ട്. എന്നാൽ അവരിൽ അധികപേരും ധിക്കാരികളാകുന്നു’’ (3:110)

മനുഷ്യന്റ ലൈംഗിക വികാരങ്ങളെയാണ് അധമത്വവും അധർമവും സ്ഥാപിച്ചെടുക്കാൻ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. ലൈംഗിക വികാരത്തിന്റ ശമനത്തിന് അനുയോജ്യമായ നിവാരണ മാർഗത്തിലൂടെ അതിരുകൾ നിശ്ചയിച്ചില്ലെങ്കിൽ കാമാർത്തിപൂണ്ട് മനുഷ്യൻ അധഃപതിച്ചവനായിത്തീരും. മനുഷ്യരിലെ ലൈംഗികശേഷിയെ നിർവീര്യമാക്കുന്ന ശാരീരിക പീഡനത്തിന്റയും വിരക്തിയുടെയും ചിന്താധാരകളായ സന്യാസാശ്രമധർമവും മണാസ്റ്റിസവും നടപ്പിലാക്കുന്നതും അതിരുകളില്ലാത്ത ലൈംഗിക വൈകൃതങ്ങളിൽ അഭിരമിക്കാനുള്ള പ്രചോദനമേകുന്ന സ്വതന്ത്ര സമീനങ്ങളും മാനവ വിരുദ്ധമാണ്. മധ്യമവും നീതിപൂർവകവുമായ മാർഗങ്ങളാണ് ഇസ്‌ലാമിന്റ അധ്യാപനം. പ്രകൃതിമതമായ ഇസ്‌ലാം മനുഷ്യന്റ ലൈംഗികത എന്ന നൈസർഗിക വികാരത്തെ അംഗീകരിക്കുകയും അവയുടെ പൂർത്തികരണത്തിന് ശരിയായ മാർഗം നിശ്ചയിച്ച് കൊടുക്കുകയും ചെയ്തു. വിവാഹമെന്ന ഉറച്ച കരാറിലൂടെ സ്ത്രീയും പുരുഷനും ഇണകളായി ജീവിക്കാനുളള സാമൂഹികാംഗീകാരം നേടുന്നു. സ്‌നേഹകാരുണ്യത്തിന്റ വൈകാരികത കൊണ്ട് വിളക്കിച്ചേർക്കപ്പെട്ട ദമ്പതികൾ ലൈംഗിക വികാരത്തിന്റ ശമനത്തിന് ഇണ ചേരുമ്പോൾ ലൈംഗിക സദാചാരവും സംസ്‌കാര സമ്പന്നമായ വംശവർധനവും നിലനിൽക്കും. ഇതിന്റ തകർച്ചക്കായി മാനവവിരുദ്ധ ഭൗതിക പ്രത്യയശാസ്ത്രങ്ങൾക്കായുളള പ്രവർത്തനങ്ങൾക്ക് സാഹചര്യമുണ്ടാക്കുകയാണ് പൊതുബോധ നിർമിതിയിലൂടെ ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

കുടുംബശൈഥില്യം, ബന്ധവിഛേദം, സന്താനങ്ങളോടുള്ള അനീതി, ലൈംഗിക രോഗങ്ങൾ, സദാചാര ലംഘനം തുടങ്ങിയവയ്‌ക്കെല്ലാം ഇടവരുത്തുന്ന നീചകൃത്യമാണ് വ്യഭിചാരം. അല്ലാഹു പറയുന്നു: “നിങ്ങൾ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. തീർച്ചയായും അത് നീചകൃത്യവും മ്ലേഛ മാർഗവുമാണ്’’(ക്വുർആൻ: 17:32).

അന്യസ്ത്രീയും പുരുഷനും തനിച്ചായാൽ അവിടെ മൂന്നാമതായി പിശാചുണ്ടാകുമെന്ന് നബി  ﷺ  മാനവരാശിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വസ്ത്രധാരണ വിഷയത്തിലും കൃത്യമായ നിയമങ്ങൾ ഇസ്‌ലാം നിഷ്‌കർഷിക്കുന്നുണ്ട്. ശാരീരിക സുരക്ഷയെ പോലെത്തന്നെ സംസ്‌കാരത്തിന്റ ഉൽകൃഷ്ടതയെ വസ്ത്രം പ്രതിനിധാനം ചെയ്യുന്നുണ്ട്. ലൈംഗികതയുടെ നിർമല വൈകാരികതയിൽ മനുഷ്യന്റ അഭിമാനവും പ്രൗഢിയും അന്യംനിന്ന് പോകാതിരിക്കാനുള്ള സൂക്ഷ്മതയുടെ ഭാഗംകൂടിയാണ് വസ്ത്രം.

നഗ്‌നതാ പ്രദർശനം വിശ്വാസിയുടെ ഉൽകൃഷ്ട ഗുണമായ ലജ്ജയെ നിരാകരിക്കും. നബി ﷺ  പറഞ്ഞു: “നിങ്ങൾ നഗ്‌നരാകുന്നത് സൂക്ഷിക്കുക, കാരണം നിങ്ങളോടൊപ്പം വിട്ടുപിരിയാത്തവരുണ്ട്.’’

ഇസ്‌ലാമിന്റ ലൈംഗിക, സദാചാര പാഠങ്ങൾ അജയ്യമാണ്. നബി ﷺ  പറഞ്ഞു: “ഒരു പുരുഷൻ മറ്റൊരു പുരുഷന്റ നഗ്‌നതയും ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ നഗ്‌നതയും നോക്കരുത്. പുരുഷൻ മറ്റൊരു പുരുഷനോടൊപ്പം ഒറ്റവസ്ത്രത്തിൽ ചേർന്നുകിടക്കുകയും അരുത്, സ്ത്രീ മറ്റൊരു സ്ത്രീയോടൊപ്പവും ഒറ്റവസ്ത്രത്തിൽ ചേർന്നുകിടക്കരുത്’’ (മുസ്‌ലിം)

ഇങ്ങനെ അതിസൂക്ഷ്മമായ നിർദേശങ്ങളിലൂടെ സദാചാരബോധവും ധർമനിഷ്ഠയും കൊണ്ട് ജീവിതത്തെ വിമലീകരിക്കാൻ ഇസ്‌ലാം ഉദാത്തമായ മാർഗദർശനമാണ് മാനവരാശിക്ക് നൽകുന്നത്. കച്ചവട താൽപര്യങ്ങൾക്കും സാമ്പത്തിക മേൽകോയ്മ നേടാനും അധികാര അധീശത്വങ്ങൾക്കും വേണ്ടി ഇസ്‌ലാമിക സദാചാരമൂല്യങ്ങളെ തകർക്കാൻ അധികാരസോപാനങ്ങളിലിരുന്ന് പൊതുബോധനിർമിതിയിലൂടെയുള്ള ശ്രമങ്ങളും വിഫലമാകുമെന്നതിൽ തർക്കമില്ല. കാരണം ഇസ്‌ലാം ദൈവിക മതമാണ്. ക്വുർആൻ പറയുന്നു.

“അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് അവർ ഉദ്ദേശിക്കുന്നത്. സത്യനിഷേധികൾക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂർത്തിയാക്കുന്നവനാകുന്നു’’(61:8).