ലോകകപ്പ്: കളിയും കാര്യവും വിശ്വാസിയും

സുഫ്‌യാൻ അബ്‌ദുസ്സലാം

2022 നവംബർ 26, 1444 ജുമാദുൽ ഊല 01
വർണവിവേചനം, വംശീയത, വർഗീയത എന്നിവക്കെതിരെയുള്ള ബോധവത്കരണവും ബഹുസ്വരത, നാനാത്വം, മാനവികത, ഐക്യം എന്നിവയുടെ പ്രഖ്യാപനവുമാണ് ലോക ഫുട്ബോളിന്റെ സന്ദേശം. വിശുദ്ധ മാനവികതയുടെ സന്ദേശം പകർന്ന് തുടക്കം മാനവികമാക്കാൻ ഖത്തറിനും സാധിച്ചു. മനുഷ്യന് മാനസിക ശാരീരിക ഉല്ലാസം നൽകുകയാണ് കായികവിനോദങ്ങളുടെ ലക്ഷ്യം. ആഭാസങ്ങളുടെയും ദുർവ്യയങ്ങളുടെയും തുരുത്തായി കായികമേഖല മാറുന്നതിനെതിരെ കായിക പ്രേമികൾ പ്രതിരോധം തീർക്കണം. ഫുട്ബോൾ ആവേശത്തിലൂടെ ദൈവബോധവും ഉത്തരവാദിത്തബോധവും നഷ്ടപ്പെടാതിരിക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണം.

ലോകകപ്പ് ഫുട്‌ബോളിന്റെ ആരവത്തിലാണ് ലോകം. ഓരോ നാലുവർഷം കൂടുമ്പോഴും ലോകത്തെ ഫുട്‌ബോൾ പ്രേമികൾ എന്തെന്നില്ലാത്ത ആവേശത്തോടെയാണ് ലോകകപ്പിനെ എതിരേൽക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ‘ആരാധകരു’ള്ള കളി ഫുട്‌ബോളാണ്. ക്രിക്കറ്റും ബാസ്‌കറ്റ്‌ബോളും ഹോക്കിയും ടെന്നീസുമെല്ലാം അതിനു ശേഷമെ വരൂ. ലോകത്തിന്റെ എല്ലായിടങ്ങളിലും കളിക്കുന്ന കളി കൂടിയാണ് കാൽപ്പന്ത് എന്നത് അതിന്റെ സവിശേഷത വർധിപ്പിക്കുന്നു. 1930ൽ ഉറുഗ്വായിൽ ആരംഭിച്ച് 2018ൽ മോസ്‌കോയിൽ അവസാനിക്കുമ്പോൾ 21 ലോകകപ്പുകൾ ഇതിനകം നടന്നുകഴിഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലുമാണ് പ്രധാനമായും ലോകകപ്പ് മത്സരങ്ങൾ നടന്നിട്ടുള്ളത്. യു.എസ്, സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ ഓരോ തവണയും ലോകകപ്പ് നടന്നിട്ടുണ്ട്.

ഖത്തറിലാണ് ഇത്തവണ ലോകകപ്പ് നടക്കുന്നത്. ആദ്യമായാണ് ഒരു മധ്യപൗരസ്ത്യ അറബ് മുസ്‌ലിം ഗൾഫ് രാജ്യത്തിന് ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ മേളക്ക് ആതിഥ്യമരുളാൻ അവസരം ലഭിക്കുന്നത്. ഖത്തറിലെ ലുസൈൽ സിറ്റിയിൽ ഏകദേശം ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ഫുട്‌ബോൾ മേളക്ക് ഖത്തർ ഇതിനകം ചെലവിട്ടത് 220 ബില്യൺ യു.എസ്. ഡോളർ അഥവാ പതിനെട്ട് ലക്ഷം കോടി രൂപയാണ്! മേള സമാപിക്കുമ്പോഴേക്ക് ചെലവുകൾ ഇനിയും വർധിക്കും. ലോകത്ത് ഇന്നേവരെ നടന്ന കായികമേളകളിൽ ഏറ്റവും ചെലവേറിയ മേളയാണ് ഖത്തർ ഫിഫ വേൾഡ് കപ്പ്.

ലോകകപ്പ് ഫുട്‌ബോളിൽ പൊതുവിൽ യൂറോപ്യൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്കാണ് മേധാവിത്വം. ഉറുഗ്വേ, ഇറ്റലി, ജർമനി, ബ്രസീൽ, ഇംഗ്ലണ്ട്, അർജന്റീന, ഫ്രാൻസ്, സ്‌പെയിൻ, ചെക്കോസ്ലോവാക്യ, ഹങ്കറി, സ്വീഡൻ, നെതർലൻഡ്‌സ്, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതിനകം ലോകകപ്പ് ഫൈനലിൽ കളിച്ചിട്ടുള്ളത് എന്നത് അവരുടെ മേധാവിത്വം വ്യക്തമാക്കുന്നുണ്ട്. താരാധിപത്യമാണ് ലോകകപ്പിന്റെ മറ്റൊരു സവിശേഷത. ലയണൽ മെസ്സി (അർജന്റ്‌റീന), നെയ്മർ (ബ്രസീൽ), ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ), കിലിയൻ എംബാപ്പെ (ഫ്രാൻസ്) തുടങ്ങിയ താരങ്ങളുടെ പിറകെയാണ് ലോകത്തെ ഭൂരിപക്ഷം ഫുട്‌ബോൾ പ്രേമികളും.

ലോകകപ്പും ബഹുസ്വരതയും

ലോകകപ്പ് വിവിധങ്ങളായ രാജ്യങ്ങളിൽ നടക്കുമ്പോൾ ആ രാജ്യങ്ങളിലെ നിയമങ്ങൾ അനുസരിക്കുകയും അവർ ഉൾക്കൊള്ളുന്ന സാംസ്‌കാരിക രീതികളെ ബഹുമാനിക്കുകയും ചെയ്യണം എന്നതാണ് ഫിഫ കളിക്കാർക്കും പ്രേക്ഷകർക്കും നൽകിയിട്ടുള്ള നിർദേശം. കളിയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ലോകത്ത് വർധിച്ചുവരുന്ന വർണവിവേചനം, വംശീയത, വർഗീയത എന്നിവക്കെതിരെയുള്ള ബോധവത്കരണവും ബഹുസ്വരത, നാനാത്വം, മാനവികത, ഐക്യം എന്നീ ആശയങ്ങളെ ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്നതാണ് ഫിഫ ലോക ഫുട്ബാളിലൂടെ പകരുന്ന സന്ദേശം. സാംസ്‌കാരിക വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ടായിരിക്കണം കളിക്കാരും ഫുട്‌ബോൾ പ്രേമികളും ഇടപഴകേണ്ടത് എന്ന നിലപാടാണ് ഫിഫ മുന്നോട്ടുവച്ചിട്ടുള്ളത്. ഫിഫ ഉയർത്തിപ്പിടിക്കുന്ന ബഹുസ്വരതക്ക് ഖത്തർ എന്ന രാജ്യം എന്തുകൊണ്ടും അനുയോജ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസി സമൂഹമാണ് ഖത്തറിലെ ഭൂരിപക്ഷം ജനങ്ങളും. ഏകദേശം മുപ്പത് ലക്ഷത്തിന് താഴെ മാത്രമാണ് ഖത്തറിലെ ജനസംഖ്യ. അതിൽ 10 ശതമാനം മാത്രമാണ് ഖത്തർ സ്വദേശികൾ. ബാക്കി വരുന്ന 90 ശതമാനത്തോളം വരുന്ന ജനത വിവിധ രാജ്യങ്ങളിലെ വിവിധ മതങ്ങളെയും സംസ്‌കാരങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. 22 ശതമാനത്തോളം വരുന്ന ഇന്ത്യക്കാരാണ് ഖത്തറിലെ ഏറ്റവും വലിയ സമൂഹം. ഇന്ത്യക്കാരിൽ ഏറ്റവും വലിയ സമൂഹം മലയാളികളാണ്. ഖത്തരികളുടെ അത്രതന്നെ ജനസംഖ്യയാണ് മലയാളികൾക്കുമുള്ളത്!

മുസ്‌ലിം രാജ്യവും ലോകകപ്പും

ഒരു മുസ്‌ലിം രാജ്യത്താണ് ഇത്തവണ ലോകകപ്പ് നടക്കുന്നത് എന്ന സവിശേഷതയാണ് പ്രധാനമായും ഈ ലോകകപ്പിനുള്ളത്. ലോകകപ്പ് ഇതുവരെ നടന്ന യൂറോപ്യൻ, ലാറ്റിൻ അമേരിക്കൻ; കൊറിയ, ജപ്പാൻ, സൗത്ത് ആഫ്രിക്ക രാജ്യങ്ങളുടെ സാംസ്‌കാരികസ്വരൂപം ഏറെക്കുറെ ഒന്നുതന്നെയാണ്. മതങ്ങളോടുള്ള കാഴ്ചപ്പാടിലും സ്ത്രീകളോടുള്ള നിലപാടുകളിലും മദ്യം, ലൈംഗികത, വേഷവിധാനം, രാത്രികാല വിനോദങ്ങൾ തുടങ്ങിയ കാര്യങ്ങളിലുമെല്ലാം പ്രസ്തുത രാജ്യങ്ങളിലെ സാമ്പ്രാദായിക രീതികൾ ഏറെക്കുറെ സമാനമാണ്. എന്നാൽ ഖത്തറിലേക്ക് ലോകകപ്പ് പ്രവേശിക്കുമ്പോൾ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. പരമ്പരാഗതമായി സ്വീകരിച്ചുവന്ന ഇസ്‌ലാമിക സംസ്‌കാരത്തിന് കീഴിൽ ജീവിച്ചുവരുന്ന ഒരു ജനസമൂഹവും തദടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ നിയമവ്യവസ്ഥിതിയുമാണ് ഖത്തറിലുള്ളത്. മുകളിൽ സൂചിപ്പിച്ചപോലെ വിവിധ മതങ്ങളും സംസ്‌കാരങ്ങളും സ്വീകരിച്ചുവരുന്ന മഹാഭൂരിപക്ഷം പ്രവാസി സമൂഹം ഖത്തറിൽ ജീവിച്ചുവരുന്നത് ഖത്തർ നിയമങ്ങൾ അനുസരിച്ചുകൊണ്ടാണ്. സ്വന്തം ജീവിത ശൈലികളെ മാറ്റിവച്ച് അന്നം തരുന്ന രാജ്യത്തിന്റെ സംസ്‌കാരവും നിയമവും പാലിച്ച് ജീവിക്കാൻ ഖത്തറിലെ പ്രവാസി സമൂഹം ദീർഘ കാലങ്ങളായി പാകപ്പെട്ടിട്ടുണ്ട്.

കളിയോ നോൺസ്‌റ്റോപ്പ് പാർട്ടിയോ?

ലോകകപ്പിന്റെ ദിനരാത്രങ്ങൾ പൊതുവിൽ അറിയപ്പെടുന്നത് ഒരു ‘നോൺസ്‌റ്റോപ്പ് പാർട്ടി’ ആയിട്ടാണ്. ഒരു ഫുട്‌ബോൾ മത്സരം എന്നതിനപ്പുറം ആടിത്തിമിർക്കാനും ആർമാദിക്കാനുമുള്ള ഉത്സവമായിട്ടാണ് ഒരു വലിയ വിഭാഗം അതിനെ കാണുന്നത്. മദ്യവും മദിരാക്ഷിയും നിശാപാർട്ടികളും ഇല്ലെങ്കിൽ അതെന്ത് ലോകകപ്പ് എന്നാണ് പലരും ചോദിക്കുന്നത്! ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിനെ പലരും വിമർശനത്തോടെയും ഭയാശങ്കകളോടെയും കാണുന്നതും ഈ ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന ‘പ്രശ്‌ന’ങ്ങളാണ്. ഖത്തർ അതിന്റെ സാംസ്‌കാരിക തനിമയിൽനിന്നും അൽപം താഴോട്ടുപോകുവാൻ നിർബന്ധിതമാകുമെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. എന്നാൽ ഈ നിരീക്ഷണങ്ങളെ മറികടക്കുന്ന വിധത്തിൽ ഉദ്ഘാടന വേളയിൽ ക്വുർആൻ ഉദ്ഘോഷിക്കുന്ന മാനവികതയുടെ സന്ദേശം ലോകത്തിന്‌ കൈമാറിയതിലൂടെ സാസ്‌കാരികവും വിശ്വാസപരവുമായ കാര്യങ്ങളിലുള്ള ഉറച്ച നിലപാട്‌ ഖത്തർ വ്യക്തമാക്കിക്കഴിഞ്ഞു.

ഖത്തറും മദ്യനിയന്ത്രണങ്ങളും

മദ്യത്തിനെതിരെ ശക്തമായ നിയമം നിലനിൽക്കുന്ന രാജ്യമാണ് ഖത്തർ. പൊതുയിടങ്ങളിൽ മദ്യപിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയുമുണ്ട്. മദ്യം വിതരണം ചെയ്യാൻ ചില ബാറുകൾക്കും ഹോട്ടലുകൾക്കും ലൈസൻസുണ്ട്. വീടുകളിൽ മദ്യം ലഭിക്കാൻ ലൈസൻസ് ലഭിച്ചവർക്ക് അത് ലഭ്യമാക്കുന്നതിന് തടസ്സമില്ല. എന്നാൽ മുസ്‌ലിംകൾ മദ്യപിക്കുന്നത് ശിക്ഷാർഹമാണ്. ലോകകപ്പ് നടക്കുന്ന പരിസരങ്ങളിൽ ആൾക്കഹോളിക് ബീറുകൾ അനുവദിക്കില്ല. ആൽക്കഹോളിക്ക് അല്ലാത്ത ബീറുകൾ (Bud Zero) മാത്രമാണ് സ്‌റ്റേഡിയങ്ങളുടെ പരിസരങ്ങളിൽ ലഭിക്കുക. ലോകകപ്പ് വേദികളിൽ മദ്യം നിരോധിച്ചതായി ഫിഫ പുറത്തിറക്കിയ അറിയിപ്പിലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഫിഫ ഫാൻ ഫെസ്റ്റിവൽ പ്രദേശങ്ങളിലും നേരത്തെ ലൈസൻസ് നേടിയ ഹോട്ടലുകളിലും ആൽക്കഹോളിക്ക് ബീറുകൾ ലഭ്യമാകുമെന്നാണ് അധികൃതർ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ഈ ഇളവുകൾ ഖത്തറിന്റെ മത സാംസ്കാരിക മേഖലകളിൽ ഭാവിയിൽ പ്രത്യാഘാതം സൃഷ്ടിക്കുമോ എന്ന ആശങ്ക ശക്തമാണ്.

ലൈംഗികത നിയമങ്ങൾ

വിവാഹേതര ലൈംഗികതയെ കുറ്റകൃത്യമായി കാണുന്ന രാജ്യമാണ് ഖത്തർ. എന്നാൽ ലോകകപ്പ് കാലത്ത് മാത്രം അവിവാഹിതരായ ‘ദമ്പതികൾക്ക്’ ഹോട്ടൽ റൂമുകൾ പങ്കിട്ട് താമസിക്കുന്നതിന് വിരോധമില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ തെരുവുകളിലും പൊതുസ്ഥലങ്ങളിലും ‘സ്‌നേഹപ്രകടനങ്ങൾ’ പാടില്ല. പരസ്പരം കൈകൾ കോർത്ത് നടക്കുന്നതിന് വിരോധമില്ല. എന്നാൽ സ്വവർഗ ലൈംഗികാഭിമുഖ്യം പ്രകടിപ്പിക്കുന്നവർക്ക് മൂന്നുവർഷം വരെ ജയിൽ ശിക്ഷയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ത്രീകൾ പുരുഷൻമാരുടെയോ പുരുഷന്മാർ സ്ത്രീകളുടെയോ വസ്ത്രം ധരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. സ്വവർഗാനുരാഗികൾ കൂട്ടം ചേർന്ന് പ്രശ്ങ്ങൾ സൃഷ്ടിക്കുന്നതിനും അവർ അവരുടെ മഴവില്ല് പതാകകൾ ഉയർത്തുന്നതിനും കർശനമായ വിലക്കുണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അവർക്കെതിരെ സംഘടിതമായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും കർശന നടപടി ഉണ്ടായിരിക്കും. കഴിഞ്ഞ മോസ്‌കോ വേൾഡ് കപ്പിൽ എൽജിബിടിക്യൂ പതാകകകൾ ഉയർത്തി വലിയ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു.

വേഷവിധാനവും ഖത്തർ പാരമ്പര്യവും

വസ്ത്രധാരണ കാര്യങ്ങളിലും ഖത്തറിന് അവരുടെതായ മതപരവും സാംസ്‌കാരികവും പാരമ്പരാഗതവുമായ രീതികളുണ്ട്. തോൾഭാഗവും കാൽമുട്ടിന് മുകളിലുള്ള ഭാഗവും പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രധാരണം അനുവദിക്കില്ലെന്ന് ഖത്തർ അറിയിച്ചിട്ടുണ്ട്. പ്രാദേശിക സംസ്‌കാരത്തോട് ആദരവ് കാണിക്കാൻ ലോക സമൂഹത്തോടും ഫുട്‌ബോൾ പ്രേമികളോടും ഖത്തർ ആവശ്യപ്പെട്ടിട്ടുണ്ട്. ഷോർട്ട്‌സും സ്ലീവ്‌ലെസ് ടോപ്പും ധരിച്ചവരെ സർക്കാർ കെട്ടിടങ്ങളിൽനിന്നും മാളുകളിൽനിന്നും പിന്തിരിപ്പിക്കുമെന്നും ഹോട്ടലുകളിലെ നീന്തൽകുളങ്ങളിൽ ബിക്കിനി അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. എത്രതന്നെ മതപരവും സാംസ്‌കാരികവുമായ തനിമ നിലനിർത്താൻ ശ്രമിച്ചാലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വന്നെത്തുന്ന, മതത്തെക്കുറിച്ചോ സംസ്‌കാരത്തെക്കുറിച്ചോ വലിയ ബോധമില്ലാത്ത, സ്ത്രീ-പുരുഷ സമൂഹത്തെ ഈ ഒരു മാസക്കാലം നിയന്ത്രിച്ചു നിർത്തുക അത്ര എളുപ്പമുള്ള കാര്യമല്ല.

മയക്കുമരുന്നിനെതിരെ

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ഖത്തർ വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചാൽ ശക്തമായ ശിക്ഷ ലഭിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ. ലോകകപ്പിന് വരുന്ന ഫുട്‌ബോൾ പ്രേമികൾ അവരുടെ ശരീരവും അവർ വഹിക്കുന്ന ലഗേജുകളും പൂർണമായും മയക്കുമരുന്നിൽനിന്നും മുക്തമാണെന്ന് ഉറപ്പുവരുത്തണമെന്നും അവർ അറിയിച്ചിട്ടുണ്ട്. എത്ര ചുരുങ്ങിയ അളവിലാണെങ്കിൽ പോലും പിടിക്കപ്പെട്ടാൽ ജയിലിൽ അടക്കപ്പെടുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഖത്തർ വിമർശനത്തിലെ ‘രാഷ്ട്രീയം’

അതേസമയം ഖത്തറിലെത്തുന്ന ഫുട്‌ബോൾ പ്രേമികൾക്കെതിരെ ഖത്തർ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾക്കെതിരെ ചില കേന്ദ്രങ്ങൾ ആസൂത്രിതമായ പ്രചാരണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ലോകകപ്പ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനമടക്കം ചിലർ നടത്തിക്കഴിഞ്ഞു. 2014ൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങളിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്നുള്ള ആറായിരത്തിൽ അധികം തൊഴിലാളികൾ ഖത്തറിന്റെ അനാസ്ഥ കാരണം മരണപ്പെട്ടിട്ടുണ്ട് എന്നാണ് ചിലർ ഉന്നയിക്കുന്ന ആരോപണം. ഖത്തറിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 37 പേർ മാത്രമാണ് മരണപ്പെട്ടത്. ഖത്തർ സ്വവർഗാനുരാഗികൾക്ക് എതിരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് മറ്റു ചിലർ ഉന്നയിക്കുന്ന ആരോപണം.

ഫിഫ പ്രസിഡണ്ടിന്റെ പ്രതികരണം

എന്നാൽ ഫിഫ ഇത്തരം ‘രാഷ്ട്രീയങ്ങൾക്ക്’ അതീതമായി ചിന്തിക്കുവാനാണ് ഫുട്‌ബോൾ പ്രേമികളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫന്റിനോ ആരോപണങ്ങൾക്കെതിരെ അതിശക്തമായാണ് പ്രതികരിച്ചത്. ‘മറ്റുള്ളവരെ ഉപദേശിക്കുന്നതിന് മുമ്പായി കഴിഞ്ഞ മൂവായിരം വർഷങ്ങളായി നാം യൂറോപ്യൻമാർ ലോകത്തോട് ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് അടുത്ത മൂവായിരം വർഷങ്ങൾ ക്ഷമാപണം നടത്തുകയാണ് വേണ്ടത്.’ ഖത്തറിനെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടി പറയവെ ജിയാനി വാർത്താലേഖകരോട് പറഞ്ഞു. ‘യൂറോപ്യൻ രാജ്യങ്ങളിൽനിന്നും വിവിധ കമ്പനികൾ ഖത്തറുമായി വ്യാപാര ബന്ധങ്ങളിലാണ്. ഈ ബന്ധങ്ങളിലൊന്നും പ്രശ്‌നം കാണാത്തവർ ലോകകപ്പിന്റെ കാര്യത്തിലുള്ള നിയന്ത്രണങ്ങളുടെ പേരിൽ ഖത്തറിനെ വിമർശിക്കുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല.’ അദ്ദേഹം കൂട്ടിച്ചേർത്തു.

ഫുട്‌ബോളും വിശ്വാസിയും

ഫുട്ബാൾ ഒരു കായികാഭ്യാസവും വിനോദവുമാണ്. മനുഷ്യരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക് ഗുണകരമാവുന്ന ഏതൊന്നും അടിസ്ഥാനപരമായി മനുഷ്യന് അനുവദനീയമാണ്. വിനോദങ്ങൾ അനിയന്ത്രിതമായി മനുഷ്യനെ സ്വാധീനിക്കുകയും ജീവിതം തന്നെ വിനോദമാവുകയും ചെയ്യുന്നതിനെതിരെ ഇസ്‌ലാം ശക്തമായി താക്കീത് ചെയ്യുന്നുണ്ട്. കായികാഭ്യാസങ്ങളിൽ റസൂൽ  ﷺ  ഏർപ്പെട്ടതും പത്‌നി ആഇശയുമായി അദ്ദേഹം മത്സരിച്ചതും എത്യോപ്യക്കാർ പള്ളിയിൽ നടത്തിയ കായികാഭ്യാസങ്ങൾ നോക്കിക്കാണുവാൻ പ്രവാചകൻ ﷺ  പത്‌നി ആഇശ(റ)ക്ക് അവസരമൊരുക്കിയതും ചരിത്രത്തിൽ പ്രസിദ്ധമാണ്. എന്നാൽ ഉത്തരവാദിത്തത്തിൽനിന്നും മനുഷ്യനെ അകറ്റുന്ന, നമസ്‌കാരം കൃത്യസമത്ത് നിർവഹിക്കുന്നതിൽനിന്നും തടസ്സപ്പെടുത്തുന്ന വിധത്തിൽ ആയിരിക്കരുത് വിനോദങ്ങളോടുള്ള വിശ്വാസിയുടെ സമീപനം. ‘അനാവശ്യ കാര്യങ്ങളിൽനിന്നും തിരിഞ്ഞുകളയുന്നവരായിരിക്കും വിശ്വാസികൾ’ (ക്വുർആൻ 23:3) എന്ന വചനം വിശ്വാസികളുടെ ഈ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കുന്നുണ്ട്.

വിശ്വാസികളല്ലാത്തവർക്ക് ഏതുമാർഗേണയും സഞ്ചരിക്കാം. ആവശ്യങ്ങളും അനാവശ്യങ്ങളും അവർക്ക് ഒരുപോലെയാണ്. കാണാനോ കേൾക്കാനോ പാടില്ലാത്തതോ ചിന്തയെ നശിപ്പിക്കുന്നതോ സമയം കളയുന്നതായോ ആയ കാര്യങ്ങളോടുള്ള വിശ്വാസികളുടെ സമീപനം ക്വുർആൻ പറയുന്നത് ഇപ്രകാരമാണ്. ‘വ്യർഥമായ വാക്കുകൾ അവർ കേട്ടാൽ അതിൽനിന്നവർ തിരിഞ്ഞുകളയുകയും ഇപ്രകാരം പറയുകയും ചെയ്യും: ഞങ്ങൾക്കുള്ളത് ഞങ്ങളുടെ കർമങ്ങളാണ്. നിങ്ങൾക്കുള്ളത് നിങ്ങളുടെ കർമങ്ങളും. നിങ്ങൾക്കു സലാം. മൂഢൻമാരെ ഞങ്ങൾക്ക് ആവശ്യമില്ല’ (ക്വുർആൻ 28:55).

ഫുട്‌ബോൾ ലഹരിയാവരുത്

ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഒരു വിശ്വാസിക്ക് ഉണ്ടാവാൻ പാടില്ല. കളിക്കുന്നതിലും കളി കാണുന്നതിലുമെല്ലാം ഒരു വിശ്വാസിയുടെ നിലപാട് അതായിരിക്കണം. കാരണം അവൻ ചെലവിടുന്ന സമയവും പണവും അവന്റെ നാഥൻ നൽകിയതാണ്. ഓരോ നിമിഷത്തിനും ഓരോ പൈസക്കും അവൻ അവന്റെ രക്ഷിതാവിന് മുമ്പിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഫുട്‌ബോൾ ഒരു ലഹരിയായി തീരാൻ പാടില്ല. ചില കളികളും കളിക്കാരും നമ്മിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാൻ ശ്രദ്ധിക്കണം. പല ഉത്തരവാദിത്ത്വങ്ങളെക്കുറിച്ചും മറപ്പിക്കുകയും എല്ലാം മറന്ന് അവയിൽ ലയിച്ചുചേരുകയും ചെയ്യുന്ന ഏതൊന്നും ലഹരിയാണ്. മദ്യവും മയക്കുമരുന്നും മാത്രമല്ല ലഹരി; നാം വിനോദങ്ങളായി കാണുന്ന പലതും നമ്മുടെ ഉത്തരവാദിത്തബോധത്തെ തളർത്തുന്നുണ്ടെങ്കിൽ അതെല്ലാം നിഷിദ്ധങ്ങളായി ഗണിക്കപ്പെടേണ്ടതുണ്ട്. ഒരു ഗംഭീര പ്രഭാഷണം കേൾക്കുന്ന ഒരാൾ, പ്രഭാഷകനിലും അയാളുടെ ശബ്ദമാധുരിയിലും ശൈലിയിലും ലയിച്ചുചേരുകയും അതുമൂലം നമസ്‌കാരം പോലും അയാൾക്ക് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുകയുമാണെങ്കിൽ അതും മനസ്സിനെ തളർത്തുന്ന ലഹരിയാണ്.

കളി ജമാഅത്തുകൾ നഷ്ടപ്പെടുത്തരുത്

ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയിൽ രാത്രിയിലും അർധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളിൽ കളി കാണുന്നവർ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങൾക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്. ഫുട്‌ബോൾ ലഹരി ഒരിക്കലും ജമാഅത്ത് നമസ്‌കാരത്തിൽനിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുത്. കാരണം പിശാച് ഏറ്റവും വലിയ ‘ഗോൾവലയം’ കാത്തുസൂക്ഷിക്കുന്ന മേഖലയാണിത്. വിനോദങ്ങളിൽനിന്ന് മാറിനിൽക്കുന്നവരാണ് വിശ്വാസികൾ എന്ന് മുകളിൽ നൽകിയ വചനത്തിന് തൊട്ടു മുമ്പിൽ ‘അവർ അവരുടെ നമസ്‌കാരകാര്യങ്ങളിൽ ഭയഭക്തിയുള്ളവരായിരിക്കും’ എന്നാണ് പറഞ്ഞിട്ടുള്ളത്. നമസ്‌കാരത്തിൽ വീഴ്ച വരുത്തുന്ന വിധത്തിലുള്ള വിനോദങ്ങളിൽനിന്നും മാറിനിൽക്കുന്നവരാണ് യഥാർഥ വിശ്വാസികൾ എന്നാണ് ആ വചനങ്ങളുടെ സാരം.

രാത്രികാലങ്ങളിലെ വിശ്വാസി

ക്വുർആൻ പറയുന്നു: ‘നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു. രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും, പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു’ (78:911).

രാവിനെ ആറു ഭാഗമാക്കിയാൽ അതിൽ നാലുഭാഗം ഉറക്കവും രണ്ടുഭാഗം നമസ്‌കാരവും ആക്കുക എന്നതാണ് രാത്രിയുടെ ക്രമീകരണത്തിൽ ഏറ്റവും നല്ല രീതി എന്ന് ദാവൂദ് നബി(അ)യുടെ ചര്യയെ ഉയർത്തിക്കാട്ടി അല്ലാഹുവിന്റെ തിരുദൂതർ അരുളിയിട്ടുണ്ട്. ‘പാപമോചനം തേടുന്നവർ ആരുണ്ട്?, അവർക്ക് ഞാൻ പാപമോചനം നൽകും’ എന്ന് പറഞ്ഞുകൊണ്ട് ഒന്നാം ആകാശത്തിലേക്ക് അല്ലാഹു ഇറങ്ങി വരുന്ന സമയമാണ് രാത്രിയുടെ അന്ത്യയാമം എന്ന് പ്രവാചകൻ ﷺ  വിശദീകരിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ വിനോദങ്ങൾ പാടില്ല. ഉറക്കവും ക്വുർആൻ പാരായണം ചെയ്തുകൊണ്ടുള്ള നമസ്‌കാരവും പാപമോചനവും നിർവഹിക്കേണ്ട സമയമാണത്. ഒരു മാസത്തെ, അല്ലെങ്കിൽ കാലാകാലം നീണ്ടുനിൽക്കുന്ന, ഫുട്‌ബോൾ ലഹരിയിൽ ഉണർന്നുതീർക്കേണ്ട വേളകളല്ല രാത്രികാലം.

വീരാരാധനയും ദുർവ്യയവും

ഫുട്‌ബോൾ എന്ന കളിയെ ഏറെ ഇഷ്ടപ്പെടുന്നവർക്ക് ഏതെങ്കിലും ടീമിനോടോ കളിക്കാരോടോ പ്രത്യേക താൽപര്യം ഉണ്ടാവുക സ്വാഭാവികമാണ്. എന്നാൽ ആ താൽപര്യം വീരാരാധനയായി പരിവർത്തിക്കപ്പെടുന്നതിനെയും അവരുടെ ഫാൻസുകളും അടിമകളുമായിത്തീരുന്നതിനെയും ജാഗ്രതയോടെ കാണണം. ഫുട്‌ബോളിനോടുള്ള മലയാളികളുടെ പ്രിയം വളരെ പ്രസിദ്ധമാണ്. ലോകത്തിന്റെ പല ഭാഗത്തുനിന്നും മലയാളികളുടെ ഫുട്‌ബോൾ ആവേശത്തിനുള്ള അഭിനന്ദനങ്ങൾ പ്രവഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. വേൾഡ് കപ്പ് അധികൃതർ പോലും മലയാളികളെ അഭിനന്ദിച്ചിട്ടുണ്ട്. എന്നാൽ ടീമുകളോടും താരങ്ങളോടുമുള്ള ആരാധന മൂത്ത് പുഴകളിൽപോലും വലിയ കട്ടൗട്ടുകളും ഫ്‌ളക്‌സുകളും സ്ഥാപിക്കുന്നതിലേക്ക് മലയാളികളെ കൊണ്ടെത്തിച്ചിരിക്കുകയാണ്!

‘ഓണം കേറാ മൂലകൾ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുഗ്രാമങ്ങളിൽ പോലും പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റൻ ബോർഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്! അഷ്ടിക്ക് വകയില്ലാത്തവരും ഒരു തൊഴിലോ വരുമാനമോ ഇല്ലാത്തവരും ഈ ദുർവ്യയത്തിൽ പങ്കുചേരുന്നു എന്നതാണ് ആശ്ചര്യകരം. ഇത് കാൽപന്തിനോടുള്ള സ്‌നേഹമല്ല, മറിച്ച് മനസ്സിൽ കെട്ടിയുയർത്തിയിട്ടുള്ള തന്റെ ഫുട്‌ബോൾ ഹീറോയോടുള്ള വീരാരാധനയുടെ ബഹിർസ്ഫുരണം മാത്രമാണ്.

‘തീർച്ചയായും ദുർവ്യയം ചെയ്യുന്നവർ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു’ (ക്വുർആൻ 17:27).