വർഗീയതയെ കരകടത്തിയ തൃക്കാക്കര

സുഫ്‌യാൻ അബ്‌ദുസ്സലാം

2022 ജൂൺ 11, 1442 ദുൽഖഅദ 10
രാഷ്ട്രീയ കിടമത്സരം എന്നതിനപ്പുറം ഉത്തരേന്ത്യയിലെപ്പോലെ വര്‍ഗീയ, സാമുദായിക സ്വത്വങ്ങള്‍ പ്രതിലോമകരമായി ഉപയോഗിച്ച തെരഞ്ഞെടുപ്പായിരുന്നു തൃക്കാക്കരയില്‍ നടന്നത്. അതുകൊണ്ട്തന്നെ മലയാളികളുടെ ബൗദ്ധികനിലവാരവും അപരസ്‌നേഹവും അടയാളപ്പെടുത്താന്‍ ഈ തെരഞ്ഞെടുപ്പ് ഫലം നിമിത്തമാകുമെന്നായിരുന്നു നിരീക്ഷണം. തൃക്കാക്കര നല്‍കുന്ന ആശ്വാസകരമായ ഫലവും മറ്റൊന്നല്ല.

കേരളം ഒട്ടേറെ തെരഞ്ഞെടുപ്പുകൾക്കും ഉപതെരഞ്ഞെടുപ്പുകൾക്കും സാക്ഷിയായിട്ടുണ്ട്. വിവിധ മുന്നണികളും വ്യക്തിത്വങ്ങളും തങ്ങളുടെ ജയപരാജയങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്. രാഷ്ട്രീയമായ മത്സരങ്ങൾ എന്നതിനപ്പുറത്തേക്ക് കേരളത്തിലെ തെരഞ്ഞെടുപ്പുകൾക്ക് വലിയ സവിശേഷതകൾ നല്കപ്പെടാറുണ്ടായിരുന്നില്ല. രാഷ്ട്രീയ വിഷയങ്ങളെക്കാൾ വർഗീയവും ജാതീയവുമായ ഒട്ടനവധി പ്രതിലോമകരമായ ഘടകങ്ങളാണ് പലപ്പോഴും ഉത്തരേന്ത്യയിലിലെയും ഇന്ത്യയിലെ മറ്റു ചില പ്രദേശങ്ങളിലെയും തെരഞ്ഞെടുപ്പുകളിൽ സ്വാധീനിക്കപ്പെടാറുണ്ടായിരുന്നതെങ്കിൽ കേരളം പൊതുവിൽ അത്തരം മൂലകങ്ങളിൽ നിന്നും മുക്തമായിരുന്നു. എന്നാൽ ഇതിൽനിന്നും തീർത്തും വിഭിന്നമായ കാഴ്ചയാണ് കഴിഞ്ഞ മെയ് 31 ന് നടന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.

വർഗീയത ചവറ്റുകൊട്ടയിൽ

കേരളത്തെ ബാധിക്കുന്ന ഗുരുതരമായ പല രാഷ്ട്രീയ വിഷയങ്ങളും മുന്നണികൾ വിഷയമാക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാൾ മുതൽ ചർച്ചയായത് കേരളത്തെ ഭ്രാന്താലയമാക്കിക്കൊണ്ടുള്ള രാക്ഷസരൂപം പൂണ്ട വർഗീയതയായിരുന്നു. ജാതിയും മതവും പറഞ്ഞ് പരസ്പര വൈരവും വിദ്വേഷവും വളർത്തുന്ന പ്രചാരണങ്ങൾ നടത്താൻ ഒട്ടും സാങ്കോചമില്ലാത്ത വിധം ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുകയും അത്തരം കേന്ദ്രങ്ങൾക്ക് വളരാൻ സാധിക്കുന്ന വിധത്തിൽ കേരളത്തെ മാറ്റിയെടുക്കാൻ മറ്റുചില രാഷ്ട്രീയ കേന്ദ്രങ്ങൾ പ്രവർത്തിക്കുകയും ചെയ്ത അത്യന്തം ഗുരുതരമായ സാഹചര്യത്തിലൂടെയായിരുന്നു കേരളം കടന്നുപോയത്. എന്നാൽ അത്തരം വർഗീയ പ്രചാരകരെയും അതിനെ പ്രീണിപ്പിച്ച് നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരെയും ചരിത്രത്തിലെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ടാണ് തൃക്കാക്കരയിലെ ജനങ്ങൾ പ്രതികരിച്ചത്. പരമ്പരാഗതമായി യു.ഡി.എഫ് വിജയിച്ചുവരുന്ന മണ്ഡലത്തിൽ അവർ കുറേക്കൂടി മുന്നോട്ടുപോയി ഉജ്വല വിജയം നേടിയ ആഹ്‌ളാദങ്ങളെക്കാൾ അവർ നേടിയ ഉജ്വല വിജയത്തിലൂടെ കേരള മണ്ണിൽ വേരൂന്നാൻ കുറെ കാലമായി വെമ്പുകയായിരുന്ന വർഗീയത തകർന്നു തരിപ്പണമായതിന്റെ ആശ്വാസത്തിന്റെ നെടുവീർപ്പുകളാണ് കേരളീയ മതനിരപേക്ഷ സമൂഹത്തിൽനിന്നും ഇപ്പോൾ പുറത്തേക്ക് ഉയർന്നുകൊണ്ടിരിക്കുന്നത്. ക്രിസ്ത്യൻ ജനതയിൽ മുസ്‌ലിം വിരുദ്ധ മനോഭാവം സൃഷ്ടിച്ച് ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാമെന്ന് കരുതിയിരുന്ന സംഘ്പരിവാറിന്റെ അജണ്ടകളെയാണ് തൃക്കാക്കരയിലെ ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ലിം മതനിരപേക്ഷ സമൂഹം ശവപ്പെട്ടിയിലാക്കി അവസാനത്തെ ആണിയും അടിച്ച് ക്വബ്‌റടക്കിയത്.

പി.സി.ജോർജും അനന്തപുരിയും

കഴിഞ്ഞ ഏപ്രിൽ 29 ന് തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പി.സി.ജോർജിന്റെ സാന്നിധ്യവും പ്രസംഗവുമാണ് കേരളത്തിൽ ഒരു മാസക്കാലം നിറഞ്ഞുനിന്നത്. ജോർജിന്റെ അനന്തപുരി സമ്മേളനത്തിലെ സാന്നിധ്യം യാദൃച്ഛികമായി സംഭവിച്ചതല്ല. കൃത്യമായ ആസൂത്രണങ്ങളോടെ ചിലതെല്ലാം മനസ്സിൽ കണ്ടുകൊണ്ടുള്ളതായിരുന്നുവെന്ന് മാധ്യമ വാർത്തകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. പരിപാടി നടക്കുന്നതിന് ഒരാഴ്ച മുമ്പ് ഏപ്രിൽ 20 നു തന്നെ ഇന്ത്യ ടുഡേ അടക്കമുള്ള ചില മാധ്യമങ്ങൾ അനന്തപുരി സമ്മേളനത്തിൽ പി.സി.ജോർജ് പ്രസംഗിക്കുമെന്നും ലവ് ജിഹാദ് അടക്കം സംവേദനക്ഷമതയുള്ള, കേരളത്തിന്റെ മതനിരപേക്ഷതയിൽ സാരമായ പരിക്കുകൾ ഉണ്ടാക്കാവുന്ന പരാമർശങ്ങൾ നടത്തുമെന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തകൾ വ്യക്തമാക്കുന്നത് പി.സി.ജോർജിന് വർഗീയ ആകാരം നൽകി എഴുന്നള്ളിച്ചതിൽ വ്യക്തമായ ഗൂഢാലോചനകൾ ഉണ്ടായിരുന്നു എന്ന യാഥാർഥ്യമാണ്.

ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവായ ഷെജിൻ ഒരു ക്രിസ്ത്യൻ കുടുംബാംഗമായ ജ്യോത്സ്നയെ രജിസ്റ്റർ വിവാഹം ചെയ്ത പശ്ചാത്തലത്തിലാണ് ജോർജിന് ഹിന്ദു ഐക്യവേദിയും വി.എച്ച്.പിയും സംഘ്പരിവാർ സംഘടനകളും നടത്തിവരുന്ന അനന്തപുരി സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. കുമ്മനം രാജശേഖരൻ, സ്വാമി ചിദാനന്ദപുരി, വി.മുരളീധരൻ, ഒ രാജഗോപാൽ, വിജി തമ്പി, സന്ദീപ് വചസ്പതി എന്നിവർ മുഖ്യ ആകർഷകങ്ങളായി നടക്കുന്ന സമ്മേളനത്തിലാണ് ഒരു ക്രിസ്ത്യൻ സമുദായാംഗമായ പി.സി. ജോർജ് പങ്കെടുക്കുന്നത് എന്നതിൽ നിന്നുതന്നെ ജോർജിന്റെ സമ്മേളനത്തിലെ റോൾ വളരെ വ്യക്തമായിരുന്നു. കോടഞ്ചേരിയിലെ വിവാഹം ഒരിക്കലും ഒരു ഇസ്‌ലാം മത വിശ്വാസി ഒരു ക്രിസ്ത്യൻ യുവതിയെ വിവാഹം കഴിച്ചതല്ല എന്ന കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമായിരുന്നു. എന്നിട്ടും അതിനെ ലവ് ജിഹാദായി പ്രചരിപ്പിക്കുവാനും അതുവഴി കേരളത്തിലെ വലത് ഇടത് രാഷ്ട്രീയം മുഴുവനും ക്രിസ്ത്യാനികൾക്ക് എതിരാണെന്ന് വരുത്തിത്തീർക്കുവാനും ക്രിസ്ത്യാനികൾക്ക് ഇനി രക്ഷ ബി.ജെ.പി മാത്രമാണെന്ന് സ്ഥാപിക്കാനുമായിരുന്നു പി.സി.ജോർജിനെ രംഗത്തിറക്കിയതിന്റെ പ്രധാന ഉദ്ദേശ്യം. പി.സി.ജോർജിനെ മാത്രമല്ല, മുസ്‌ലിം വിരുദ്ധത ക്രിസ്ത്യൻ സമൂഹത്തിൽ പ്രചരിപ്പിക്കാൻ മാത്രം രൂപം കൊണ്ട ‘കാസ’യുടെ പ്രസിഡണ്ട് കെവിൻ പീറ്ററും സംഘ്പരിവാർ ഒരുക്കിയ ഈ സമ്മേളനത്തിൽ പങ്കെടുത്തു. ലവ് ജിഹാദ് ഒരു നിശ്ശബ്ദ പോരാട്ടമാണെന്നും ഹൈന്ദവ, ക്രൈസ്തവ യുവതികളെ പാട്ടിലാക്കി മുസ്‌ലിം ജനസംഖ്യ വർധിപ്പിക്കാനുള്ള പദ്ധതിയാണ് ഇതെന്നും കാസ പ്രസിഡണ്ട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഘ്പരിവാറിന്റെ ജോർജിയൻ തന്ത്രങ്ങൾ

ക്രൈസ്തവ സമുദായത്തിന് ഭേദപ്പെട്ട ജനസംഖ്യയുള്ള തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് പി.സി.ജോർജിനെയും കാസയെയും കൂട്ടി ക്രൈസ്തവ, ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാമെന്നായിരുന്നു ബി.ജെ.പി കണക്കുകൂട്ടിയത്. അതിനായി ആവനാഴിയിലെ അസ്ത്രങ്ങൾക്ക് പകരം മാലിന്യക്കുപ്പയിലെ വിസർജ്യങ്ങൾ എടുത്ത് പ്രയോഗിക്കുകയായിരുന്നു അവർ. പി.സി.ജോർജിന്റെ ‘തിരുവാ’ നിരന്തരം ഉപയോഗിച്ച് ക്രൈസ്തവ സമൂഹത്തിൽ മുസ്‌ലിം സമുദായത്തെ കുറിച്ച് ഭയം സൃഷ്ടിക്കാമെന്നും അതുവഴി വലത്, ഇടത് മുന്നണികളെ പ്രതിരോധിക്കാമെന്നും അവർ മനപ്പായസം ഉണ്ടു. അതിനായി അവർ ജോർജിന്റെ നാവിലൂടെ പ്രചരിപ്പിച്ചത് ഗുരുതരമായ മുസ്‌ലിം വിദ്വേഷമായിരുന്നു. കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു, മുസ്‌ലിംകൾ ബോധപൂർവം ജനസംഖ്യ വർധിപ്പിച്ച് ഇന്ത്യയെഇസ്‌ലാമിക രാഷ്ട്രമാക്കാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതന്മാർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിംകളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്‌ലിം മേഖലകളിൽ സ്ഥാപിച്ച് അമുസ്‌ലിംകളുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങിയ നുണകളുടെ ഭാണ്ഡക്കെട്ടുകളാണ് ജോർജിന്റെ നാവിലൂടെ സംഘ്പരിവാർ പിഴിഞ്ഞെടുത്തത്.

കർണാടകയും ക്രൈസ്തവ സമൂഹവും

സംഘ്പരിവാർ ക്രിസ്ത്യാനികളുടെ സേവകരായി കേരളത്തിൽ വേഷം കെട്ടിയാടുമ്പോൾ തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിൽ ക്രൈസ്തവ സഹോദരങ്ങൾക്കെതിരെ അവർ ഉറഞ്ഞുതുള്ളുകയാണ്. കേരളത്തിലെ ഭൂരിപക്ഷം വരുന്ന ഹൈന്ദവ സഹോദരങ്ങൾ മതേതര വിശ്വാസികളായത് കൊണ്ട് ഹിന്ദുക്കളുടെ പേര് പറഞ്ഞ് കേരളത്തിൽ അക്കൗണ്ട് തുടങ്ങാൻ അവർക്ക് സാധിക്കില്ല എന്ന യാഥാർഥ്യം അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് 18 ശതമാനത്തോളം വരുന്ന ക്രൈസ്തവരെ പ്രീണിപ്പിച്ച് ഉദ്ദേശ്യം സാധിച്ചെടുക്കുക എന്നത് മാത്രമാണ് സംഘ്പരിവാർ ലക്ഷ്യമിടുന്നത്. അധികാരത്തിന്റെ മട്ടുപ്പാവിൽ എത്തിക്കഴിഞ്ഞാൽ ഇപ്പോൾ അവർ ക്രൈസ്തവ സമൂഹത്തോട് കാണിക്കുന്ന കപടസ്‌നേഹമോ വിഡ്ഢിച്ചിരിയോ ഒന്നും തന്നെ ഉണ്ടാവില്ലെന്ന് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. കർണാടകയിൽ അധികാരത്തിലിരുന്ന് ഫാസിസത്തിന്റെ സകല അധർമങ്ങളും നിർവഹിച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാർ ജനസംഖ്യയിൽ രണ്ട് ശതമാനത്തിന് താഴെ മാത്രം വരുന്ന ക്രൈസ്തവരോട് കാണിക്കുന്ന കൊടും ക്രൂരതകൾ കർണാടകയിലെ ക്രൈസ്തവ നേതാക്കൾ വിവരിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം സെപ്തംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ നിരവധി അക്രമങ്ങളുടെ പരമ്പരയാണ് സംഘ്പരിവാറിൽ നിന്നും കർണാടകയിലെ ക്രിസ്ത്യാനികൾക്ക് നേരിടേണ്ടി വന്നത്. സെപ്തംബറിൽ മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ സംസ്ഥാനത്ത് മതപരിവർത്തന നിരോധന ബിൽ പ്രഖ്യാപിച്ചതോടെയാണ് അതിക്രൂരമായ അതിക്രമങ്ങൾ ക്രൈസ്തവ സഹോദരങ്ങൾക്ക് നേരെ ആരംഭിച്ചത്. ക്രിസ്തുമസ് ആഘോഷങ്ങൾക്കെതിരെയും രൂക്ഷമായ ആക്രമണങ്ങളുണ്ടായി. ആർ.എസ്.എസ്, ബജ്റംഗ്ദൾ, ബഞ്ചാര നിഗമ, ഹിന്ദു ജാഗരൺ വേദികെ, ശ്രീരാമസേന തുടങ്ങിയ സംഘ് സംഘങ്ങൾ അഴിഞ്ഞാടി. ചർച്ചുകളിലും പ്രാർഥനാഹാളുകളിലും അവർ അതിക്രമിച്ചു കയറി. പള്ളികൾ നശിപ്പിച്ചും ക്രിസ്ത്യൻ ഭക്തിഗാനങ്ങൾക്ക് പകരം ഹിന്ദു ഭക്തിഗാനങ്ങൾ പാടിക്കൊണ്ടും പുരോഹിതന്മാരെ മർദിച്ചുകൊണ്ടും ബൈബിളും ഇതര ക്രിസ്തീയ സാഹിത്യങ്ങളും കത്തിച്ചുകൊണ്ടും മാമോദിസ കർമങ്ങൾ തടസ്സപ്പെടുത്തിയും അവർ ക്രൈസ്തവ സമൂഹത്തെ ഭയപ്പെടുത്തി. സംസ്ഥാന പോലീസ് അഴിഞ്ഞാട്ടക്കാർക്ക് വേണ്ടി ഒത്താശ ചെയ്തുവെന്നും ക്രൈസ്തവ ജനതക്ക് സംസ്ഥാന സർക്കാരിൽ നിന്നോ പോലീസിൽ നിന്നോ യാതൊരു സഹായവും ലഭിച്ചില്ലെന്നും പി.യു.സി.എൽ പുറത്തുവിട്ട മനുഷ്യാവകാശ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

ബെംഗളൂരു ആർച്ച് ബിഷപ്പിന്റെ വാക്കുകൾ

ബെംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ നൽകിയ വിവരണങ്ങൾ കേരളത്തിലെ ക്രൈസ്തവ, മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള താക്കീതാണ്. ക്രിസ്ത്യാനികളുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതിന് വേണ്ടി മതപരിവർത്തന നിയമം നിയമസഭയിൽ കൊണ്ടുവന്ന ശേഷം പിന്നീട് മുസ്‌ലിം സമുദായത്തെ ഭയപ്പെടുത്തുന്നതിന് വേണ്ടി ഹിജാബ്, ഹലാൽ വിഷയങ്ങൾ കൊണ്ടുവരികയാണുണ്ടായതെന്നാണ് അദ്ദേഹം പറയുന്നത്. ഹിജാബ്, ഹലാൽ വിഷയങ്ങളിൽ തങ്ങൾ മുസ്‌ലിം സമുദായത്തിന്റെ കൂടെ ഉറച്ചുനിൽക്കുമെന്നും ക്രൈസ്തവർക്കെതിരെ സംഘ്പരിവാർ നടത്തിയ അതിക്രമങ്ങളിൽ മുസ്‌ലിം സമുദായം ക്രൈസ്തവ സമൂഹത്തിന് പൂർണ പിന്തുണ നല്കുകയാണുണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുസ്‌ലിംകളും ക്രൈസ്തവരും രാജ്യത്തെ ന്യൂനപക്ഷങ്ങളാണെന്ന ബോധം അവർക്കുണ്ടായിരിക്കണമെന്നും ആരെങ്കിലും താത്കാലികമായി വെച്ചുനീട്ടുന്ന അപ്പക്കഷ്ണങ്ങൾക്ക് പിറകെ പോകാതെ ഭരണഘടന നൽകുന്ന അവകാശങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും പരസ്പരം തെറ്റുധാരണകൾ വളർത്താനും തമ്മിലടിപ്പിക്കാനും ന്യൂനപക്ഷ വിരുദ്ധ കേന്ദ്രങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ അവർക്ക് വിധേയമാകുവാനല്ല, കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞും യഥാർഥ ശത്രുക്കളെ മനസ്സിലാക്കിയും ഭൂരിപക്ഷം വരുന്ന മതനിരപേക്ഷ സമൂഹത്തിന്റെ കൂടെ നിന്നും രാജ്യത്തിന്റെ ഉത്തമ ലക്ഷ്യങ്ങൾക്ക് വേണ്ടി ഒറ്റക്കെട്ടായി നിലക്കൊള്ളാനാണ് ശ്രമിക്കേണ്ടതെന്നും ആർച്ച് ബിഷപ്പ് ക്രൈസ്തവ മുസ്‌ലിം സഹോദരങ്ങളോട് അഭ്യർഥിച്ചിരുന്നു. കർണാടകയിൽ മാത്രമല്ല, ഇന്ത്യയിൽ ക്രൈസ്തവർ ന്യൂനാൽ ന്യൂനപക്ഷമായിട്ടുള്ള എല്ലാ സംസ്ഥാനങ്ങളിലും സംഘ്പരിവാർ ഇതേനിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ അല്പം ഭേദപ്പെട്ട ജനസംഖ്യ ക്രിസ്ത്യാനികൾക്കുള്ള സംസ്ഥാനങ്ങളിൽ അവരുടെ തോളിൽ കയറിനിന്ന് അധികാരത്തിന്റെ സോപാനങ്ങളിൽ എത്താനുള്ള കുതന്ത്രങ്ങളാണ് അവർ പയറ്റിക്കൊണ്ടിരിക്കുന്നത്. അധികാരത്തിൽ എത്തിക്കഴിഞ്ഞാൽ ന്യൂനപക്ഷങ്ങൾക്ക് മേൽ വിഷപ്പല്ലുകൾ കുത്തിയിറക്കിയും ഉന്മൂലന രാഷ്ട്രീയം പുറത്തെടുത്തും അവർ കടുത്ത ന്യൂനപക്ഷ വിരുദ്ധരാവുകയും ചെയ്യുന്നു.

വിദ്വേഷികൾക്കെതിരെ നടപടി ശക്തമല്ല?!

കേരളത്തിലെ മുസ്‌ലിം സമുദായത്തെ കുറിച്ച് ക്രൈസ്തവ സഭകൾക്കോ മതമേലധ്യക്ഷന്മാർക്കോ ക്രൈസ്തവ സമൂഹത്തിനോ ഇല്ലാത്ത അഭിപ്രായങ്ങൾ ക്രൈസ്തവരുടേതായി അവതരിപ്പിക്കാനാണ് സംഘ്പരിവാർ ജോർജിനെയും കാസയെയും ഉപയോഗപ്പെടുത്തിയത്. ഇത്രമാത്രം ജുഗുപ്‌സാവഹമായ നിലപാട് കേരളത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ല. വർഗീയത കൊണ്ട് ജനമനസ്സുകളിൽ മുറിവേൽപ്പിക്കാൻ ശ്രമിക്കുന്ന നാവുകളെ പിഴുതുമാറ്റാനുള്ള ശ്രമങ്ങൾ എത്രകണ്ട് ഫലപ്രദവും ആത്മാർഥവുമായിരുന്നുവെന്ന് കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇങ്ങനെ സംസാരിക്കുന്നവരെ മുഖം നോക്കാതെ കൃത്യമായ വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്ന് എല്ലാവരും പറയുമെങ്കിലും അത് വേണ്ട വിധം നടക്കുന്നില്ല എന്നതാണ് യാഥാർഥ്യം. അനന്തപുരി പ്രസംഗം കഴിഞ്ഞ് മണിക്കൂറുകൾക്കകം പോലീസ് സ്വമേധയാ കേസ് എടുക്കേണ്ടതായിരുന്നു. കാരണം കേരളത്തിൽ ഇന്നുവരെ കാണാത്ത അത്രവലിയ വർഗീയ വിഷം ചീറ്റലായിരുന്നു അനന്തപുരിയിൽ നടന്നത്. കേരളത്തിലെ മുഴുവൻ മതനിരപേക്ഷ മനസ്സുകളിലും വലിയ ആഘാതമുണ്ടാക്കിയ പ്രസംഗമായിരുന്നു അത്. എന്നിട്ടും അതിനെതിരെ വളരെ പെട്ടെന്നുള്ള നടപടി ഉണ്ടായില്ല. പ്രതിഷേധങ്ങൾ കനത്തപ്പോൾ മാത്രമാണ് പോലീസ് അറസ്റ്റിന് മുതിർന്നത്. അറസ്റ്റിന് ശേഷം വഴിനീളെ ‘സ്വീകരണങ്ങൾ’ നൽകാൻ അവസരം നൽകിക്കൊണ്ടുള്ള ‘ജൈത്ര യാത്ര’ ആയിരുന്നു കേരളം കണ്ടത്. ജാമ്യം നൽകരുതെന്ന് ശക്തമായി വാദിക്കാൻ സർക്കാരിന്റെ എ.പി.പി മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരായില്ല എന്നതും ബന്ധപ്പെട്ട വകുപ്പുകളുടെ ഉദാസീനത വ്യക്തമാക്കുന്നു. ജാമ്യം ലഭിച്ച ഉടനെത്തന്നെ ജാമ്യവ്യവസ്ഥകളെ ലംഘിക്കുന്ന തരത്തിൽ വീണ്ടും ജോർജ് സംസാരിച്ചു. ജാമ്യം ലഭിച്ച് പത്ത് ദിവസം കഴിഞ്ഞ് വീണ്ടും കൊച്ചിയിലെ വെണ്ണലയിൽ വെച്ച് ജോർജ് വിദ്വേഷപ്രസംഗം തുടരുകയും ചെയ്തു. വീണ്ടും അറസ്റ്റും ജാമ്യവും ലഭിക്കുന്നു. ജാമ്യത്തെ തുടർന്ന് കേസന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിന് മുമ്പിൽ ഹാജരാവണമെന്ന് നിർദേശിച്ചപ്പോൾ അതിന് ‘പുല്ലുവില’ പ്രഖ്യാപിച്ച് തൃക്കാക്കരയിലെ പ്രചാരണപരിപാടികൾക്ക് പോവുകയായിരുന്നു ജോർജ് ചെയ്തത്. പലപ്പോഴും പോലീസ് സംവിധാനത്തിന് ഇത്തരത്തിലുള്ള വിഷജന്തുക്കൾക്ക് മുമ്പിൽ അടിയറവ് പറയേണ്ടിവരുന്ന സാഹചര്യത്തെ കേരളീയ സമൂഹം അത്യന്തം ഉത്കണ്ഠയോടെയാണ് വീക്ഷിക്കുന്നത്.

പൊതുജനങ്ങൾക്കും ചില ചോദ്യങ്ങളുണ്ട്

മതനിരപേക്ഷ സമൂഹത്തിന് ലെജിസ്ലേറ്റർ, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, പോലീസ് സംവിധാനങ്ങളോട് മൊത്തത്തിൽ ചില ചോദ്യങ്ങളുണ്ട്. മതവിദ്വേഷ പരാമർശങ്ങൾ നടത്തി നാട്ടിൽ വർഗീയ കലാപങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ എന്തുകൊണ്ടാണ് വേണ്ട നടപടികൾ കൈക്കൊള്ളാത്തത്? ആളും തരവും നോക്കിയും മതവും രാഷ്ട്രീയവും പരിഗണിച്ചുമെല്ലാമാണോ നമ്മുടെ നാട്ടിൽ നീതിയുടെ നിർവഹണം നടക്കേണ്ടത്? എത്ര ഉന്നതനായിരുന്നാലും വളരെക്കാലം നിയമസഭാ സാമാജികനായിരുന്നാലും നിയമത്തിന്റെ വഴിയെ എല്ലാവരെയും നടത്തേണ്ടതില്ലേ? സാധാരണക്കാരായ പലരും മനഃപൂർവമല്ലാത്ത പരാമർശങ്ങളുടെ പേരിൽ പോലും കാരാഗൃഹങ്ങളിൽ കഴിയുന്ന രാജ്യമാണ് ഇന്ത്യ. രാഷ്ട്രീയ വിമർശനങ്ങളുടെ പേരിൽ പോലും കേസെടുക്കുകയും ജാമ്യമില്ലാ വകുപ്പുകൾ ചാർത്തുകയും ചെയ്ത എത്രയോ സംഭവങ്ങൾ നമ്മുടെ മുമ്പിലുള്ളപ്പോൾ വളരെ വ്യക്തമായി വർഗീയ വിഷം തുപ്പുന്നവർക്കെതിരെ എടുക്കുന്ന നടപടികളിൽ ഒരു ഔത്സുക്യമില്ലായ്മയും ആത്മാർഥതയില്ലായ്മയും പ്രകടമാകുന്നത് പൊതുസമൂഹത്തിന് നൽകുന്ന സന്ദേശമെന്താണ്? നമ്മുടെ രാജ്യത്തിന്റെ മതേതരത്വത്തിനും മത സൗഹാർദത്തിനും ഇത്ര വില മാത്രമേ നൽകേണ്ടതുള്ളൂ? ഇങ്ങനെ സാധാരണക്കാരായ ജനങ്ങളിൽനിന്നും ഉയരുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ രാജ്യത്തിന്റെ നിയമ, ഭരണ സംവിധാനങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്.

മുസ്‌ലിം, ക്രൈസ്തവ ഭിന്നതയുടെ ഉപഭോക്താക്കൾ ആര്?

ക്രിസ്ത്യൻ സമുദായത്തെ വൈകാരികമാക്കി നിർത്തിക്കൊണ്ട് അവരെ ചൂഷണം ചെയ്യുന്ന പ്രവണത കേരളത്തിൽ ഇയ്യിടെയായി കൂടുതലായിട്ടുണ്ട്. പി.സി.ജോർജിന്റെ പ്രസംഗം വരുന്നതിനും മുമ്പ് തന്നെ മുസ്‌ലിം സമുദായം അനർഹമായി പലതും കൈക്കലാക്കുകയാണെന്നും ന്യൂനപക്ഷ വകുപ്പും അതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും മുസ്‌ലിംകൾ കുത്തകയാക്കി വെച്ചിരിക്കുകയാണെന്നുമുള്ള പ്രചാരണങ്ങൾ ഏതാനും വർഷങ്ങളായി നമ്മുടെ അന്തരീക്ഷത്തിൽ മുഖരിതമാകുകയും ചാനലുകളും പത്രങ്ങളും വഴി അതിന് കാര്യമായ പബ്ലിസിറ്റി നൽകുകയും ചെയ്തതിന് കേരളം സാക്ഷിയാണ്. വർഗീയതയിൽ അധിഷ്ഠിതമായ പ്രചാരണങ്ങൾ നടത്തി മത വിഭാഗങ്ങളിൽ ധ്രുവീകരണം സൃഷ്ടിച്ച് അതിലൂടെ നേട്ടങ്ങൾ കൈവരിക്കാനാണ് ഭരിക്കുന്നവരും ഇതര രാഷ്ട്രീയ കക്ഷികളും ശ്രമിച്ചുവന്നത്. അതിന്റെ പേരിലാണ് മുസ്‌ലിം സമുദായത്തിന് ഭരണഘടനാ പരമായി ലഭിച്ചുവന്ന ആനുകൂല്യത്തിൽ വെള്ളം ചേർത്ത് അതിൽ നിന്നും ഇരുപത് ശതമാനം ക്രൈസ്തവ വിഭാഗങ്ങൾക്ക് നൽകിയത്. ഇത് ക്രൈസ്തവ സമുദായത്തെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം നടത്തിവന്ന പ്രവർത്തനമാണ്. ക്രൈസ്തവ സഹോദരങ്ങൾ ഒരിക്കലും ആഗ്രഹിക്കാത്തതും അവർ ഉദ്ദേശിക്കാത്തതുമായ കാര്യമായിരുന്നു അത്. എന്നാൽ മുസ്‌ലിംകൾ കൂടുതൽ നേടുന്നു എന്ന കള്ളപ്രചാരണം നടത്തി ക്രൈസ്തവ സമുദായത്തിൽ ഭീതി ജനിപ്പിക്കാനുള്ള ശ്രമമാണ് നടന്നുവന്നത്.

നമ്മുടെ ഭരണഘടന പൗരന് സമത്വവും സ്വാതന്ത്ര്യവും ഉറപ്പ് നൽകുന്നുണ്ട്. ജാതി, മതം, പ്രദേശം, ലിംഗം എന്നിവയുടെ പേരിലുള്ള വിവേചനത്തിൽനിന്ന് സുരക്ഷിതമായ സംരക്ഷണം നൽകുന്നുമുണ്ട്. എന്നിരുന്നാലും, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതിൽ നിന്ന് ഇത് രാജ്യത്തെ തടയുന്നില്ല എന്ന് ഭരണഘടന വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മത ഭാഷാ ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തും ഉദ്യോഗ രംഗത്തും ഏതെങ്കിലും ഒരു സമുദായം പുറന്തള്ളപ്പെട്ടു പോയിട്ടുണ്ടെങ്കിൽ അവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനുള്ള പദ്ധതികൾ വേണമെന്ന് നിഷ്‌കർഷിച്ചത് ഭരണഘടന തന്നെയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഓരോ സമൂഹത്തെ കുറിച്ചും സമുദായങ്ങളെ കുറിച്ചും പഠനം നടന്നത്. മുസ്‌ലിം സമുദായത്തിന്റെ ഉദ്യോഗരംഗത്തെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിന് പ്രത്യേക പദ്ധതികൾ വേണമെന്ന് നിർദേശിച്ചത് ഭരണഘടനാപരമായി സ്ഥാപിതമായ സച്ചാർ കമ്മിറ്റിയാണ്. എന്നാൽ അതിനെ മൊത്തം ന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യമായി ദുർവ്യാഖ്യാനിക്കുകയും പ്രസ്തുത ആനുകൂല്യങ്ങൾ മുസ്‌ലിംകൾ മൊത്തമായി അടിച്ചെടുക്കുകയാണെന്നും നല്ലവരായ ക്രൈസ്തവ സഹോദരങ്ങൾക്കിടയിൽ പ്രചാരണം നടത്തുകയാണുണ്ടായത്. അങ്ങനെ കോടതിയിൽ പോലും സച്ചാർ/പാലോളി കമ്മിറ്റികൾ വഴി സ്ഥാപിതമായ ആനുകൂല്യങ്ങളെ അട്ടിമറിക്കുന്ന തരത്തിലുള്ള നടപടികളാണ് ഉണ്ടായത്. നിയമ, ഭരണ സംവിധാനങ്ങൾ വഴിവിട്ട് പ്രവർത്തിച്ചതിന്റെ ഏതാനും ചില ഉദാഹരണങ്ങളാണ് ഇത്. ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ട ക്രൈസ്തവ, മുസ്‌ലിം സമുദായങ്ങൾക്കിടയിൽ അകൽച്ച സൃഷ്ടിക്കാനും അവയെ വോട്ട് ബാങ്കാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാം. ഇത് സൃഷ്ടിക്കുന്ന ആഘാതങ്ങൾ എന്തുമാത്രം വലിയ ഗർത്തങ്ങളും വിള്ളലുകളുമാണ് നമ്മുടെ മത സൗഹാർദ സമൂഹത്തിൽ രൂപപ്പെടുത്തുന്നത് എന്ന് ചിന്തിക്കാൻ നമ്മുടെ രാഷ്ട്രീയ, ഭരണ, നിയമ നേതൃത്വങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അതിന്റെ വില കനത്തതായിരിക്കും.

തെരഞ്ഞെടുപ്പുകളും മതമേലധ്യക്ഷന്മാരും

തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ക്രൈസ്തവ സഭയെ മുന്നിൽ നിർത്തി ഉണ്ടായ പ്രചാരണങ്ങൾ കേരളീയ സമൂഹത്തിന് അപമാനകരമാണ്. സ്ഥാനാർഥികളുടെ മതവും ജാതിയും സഭാ ആഭിമുഖ്യവുമെല്ലാം ഒരു തെരഞ്ഞെടുപ്പിൽ ചർച്ചയാവുന്നുവെങ്കിൽ എത്രമാത്രം കപടമാണ് നമ്മുടെ മതേതരത്വവും ജനാധിപത്യവും! ക്രൈസ്തവ മേഖലകളിൽ ബിഷപ്പുമാരും കർദിനാളുമാരും സഭാ അധ്യക്ഷന്മാരും മുസ്‌ലിം മേഖലകളിൽ തങ്ങന്മാരും മുസ്ല്യാന്മാരുമടങ്ങുന്ന പൗരോഹിത്യവും ഹൈന്ദവ മേഖലകളിൽ സ്വാമിമാരും ക്ഷേത്ര ഭാരവാഹികളുമാണ് വിജയികളെ തീരുമാനിക്കേണ്ടത് എന്നുവന്നാൽ പിന്നെ നാടിന്റെ മതേതര പാരമ്പര്യത്തിന് എന്ത് മൂല്യമാണുള്ളത്? തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സ്ഥാനാർഥികൾ സഭകളിലും ദർഗകളിലും ആശ്രമങ്ങളിലും കയറിയിറങ്ങി വിശ്വാസി സമൂഹങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് എന്തുമാത്രം വിലകുറഞ്ഞ നടപടികളാണ്! പ്രബുദ്ധവും ഉദ്ബുദ്ധവുമായ ഒരു രാഷ്ട്രീയ സമൂഹത്തിന് ഇതെല്ലാം ചേർന്നതാണോ?

തൃക്കാക്കരയിലെ സ്ഥാനാർഥികളുടെ സഭാ പശ്ചാത്തലവും ആഭിമുഖ്യവും ചർച്ചയായത് സമാനതകളില്ലാത്ത വിധമാണ്. സീറോ മലബാർ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ലിസി ആശുപത്രിയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധനാണ് ഒരു മുന്നണിയുടെ സ്ഥാനാർഥി എന്ന വിധത്തിലുള്ള പ്രചാരണം ക്രൈസ്തവ സഭയിൽ തന്നെ അങ്കലാപ്പ് സൃഷ്ടിച്ചു. ഒടുവിൽ അങ്കമാലി രൂപതയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘സത്യദീപം’ വാരികയ്ക്ക് പ്രതികരണവുമായി രംഗത്ത് വരേണ്ടി വന്നു. ‘ഏതെങ്കിലും സഭാ/സംഘടനാ നേതൃത്വത്തിന്റെ നിർദേശങ്ങൾക്കു വഴങ്ങി അതിലുൾപ്പെടുന്നവർ അന്ധമായി വോട്ട് കുത്തും എന്ന ചിന്തയാൽ രാഷ്ട്രീയ നേതൃത്വം ഇപ്പോഴും നയിക്കപ്പെടുന്നത് അത്ഭുതമായി തോന്നുന്നു. ഒരു ജനതയുടെ രാഷ്ട്രീയ പ്രബുദ്ധതയെ യഥാർഥത്തിൽ അപമാനിക്കുകയാണിവിടെ. ‘സ്വന്തം സ്ഥാനാർഥി’യെ നിറുത്തി അവഹേളിതമായ സമകാലിക സംഭവങ്ങൾ ഉദാഹരണമായി മുന്നിലുണ്ടെങ്കിലും ‘നിർ ദേശിക്കുന്നവർ’ക്കും, ‘നിറുത്തുന്നവർ’ക്കും ഇപ്പോഴും കാര്യങ്ങൾ മനസ്സിലായിട്ടില്ലെന്ന് വേണം കരുതാൻ.’ (സത്യദീപം മെയ് 12 എഡിറ്റോറിയൽ).

തൃക്കാക്കരക്കാർക്ക് ബിഗ് സല്യൂട്ട്

ചുരുക്കിപ്പറഞ്ഞാൽ, ക്രൈസ്തവ സമൂഹത്തെ മുന്നിൽ നിർത്തിയുള്ള വർഗീയ പരീക്ഷണങ്ങളുടെ രംഗവേദിയാവുകയായിരുന്നു തൃക്കാക്കര. എന്നാൽ തൃക്കാക്കര അതിന് മറുപടി നൽകിക്കഴിഞ്ഞു. വിഷലിപ്തമായ വർഗീയതയോ സഭാ സ്വാധീനമോ ഒന്നും തന്നെ തൃക്കാക്കരയിൽ വിലപ്പോയില്ല. ക്രിസ്ത്യൻ സമുദായത്തെ ഹിന്ദുത്വ അജണ്ടയുമായി കൂട്ടിക്കെട്ടാൻ തുനിഞ്ഞിറങ്ങിയ ഫാസിസ്റ്റ് മുന്നണിക്ക് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല. വർഗീയ ശക്തികളുടെ ചെകിടത്ത് തൃക്കാക്കരക്കാർ നൽകിയ ശക്തമായ പ്രഹരമാണ് തെരഞ്ഞെടുപ്പ് ഫലം. ഏതു മുന്നണി വിജയിച്ചുവെന്നതല്ല മറിച്ച് വർഗീയതയെ മണ്ഡലത്തിന്റെ നാലയലത്ത് പോലും അടുപ്പിക്കാതെ തൃക്കാക്കരക്കാർ അകറ്റിനിർത്തി എന്നതാണ് പ്രസക്തമാവുന്നത്. കേരളത്തിലെ മറ്റെല്ലാ മണ്ഡലങ്ങളിലെയും ജനങ്ങൾ ഇതുപോലെ വർഗീയവും ജാതീയവുമായ പ്രചാരണങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്. കേരളത്തിന്റെ മഹിതമായ പാരമ്പര്യവും അതുതന്നെയാണ്.

ആലപ്പുഴയിൽ അഴിഞ്ഞാടിയ വർഗീയത

മുസ്‌ലിം വിരുദ്ധതയെ രാഷ്ട്രീയമായി അവതരിപ്പിച്ച് വർഗീയതയെ തൃക്കാക്കരയുടെ മണ്ണിൽ വിളയിപ്പിച്ചെടുക്കാമെന്ന് സ്വപ്നം കണ്ടുകൊണ്ട് ചിലർ നടന്ന അതേ സന്ദർഭത്തിൽ തന്നെയാണ് മുസ്‌ലിംകളുടെ പേരിൽ വർഗീയതയുടെ മറ്റൊരു രാക്ഷസരൂപം ആലപ്പുഴയിൽ അരങ്ങേറിയത്. മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തെ പ്രതിരോധിക്കാനെന്ന മട്ടിൽ അരങ്ങേറിയ മാർച്ചും പ്രകടനവും മുദ്രാവാക്യങ്ങളും കേരളത്തിന്റെ മതേതര മനസ്സിൽ ഏൽപ്പിച്ച മുറിവുകൾ ചില്ലറയല്ല. സമാധാനത്തിന്റെ ദർശനമായ ഇസ്‌ലാമിനെ പ്രതിരോധിക്കാനെന്ന വ്യാജേന എത്തിയ തീവ്രവാദികൾ ഉയർത്തിയ മുദ്രാവാക്യങ്ങൾ അന്യമത വിദ്വേഷത്തെ ജ്വലിപ്പിക്കുന്നതായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ‘അരിയും മലരും കുന്തിരിക്കവും’ വീട്ടിൽ സൂക്ഷിക്കാനും കാലന്മാരായി തങ്ങൾ നിങ്ങളുടെ വീടുകളിൽ എത്തുമെന്നും പറഞ്ഞുകൊണ്ട് കേരളത്തിലെ ഹൈന്ദവ, ക്രൈസ്തവ സഹോദരങ്ങളെ ഭയപ്പെടുത്തുന്ന വിധത്തിലുള്ള ആക്രോശങ്ങളാണ് മുഴങ്ങിക്കേട്ടത്.

തീവ്രവാദികൾ തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കാൻ മറുവിഭാഗങ്ങളുടെ പ്രവർത്തനങ്ങളെയാണ് എടുത്ത് കാണിക്കാറുള്ളത്. പി.സി.ജോർജും കാസയുമെല്ലാം പറയുന്നത് തങ്ങൾ മുസ്‌ലിംകൾക്കെതിരെയല്ല പറയുന്നത്, മറിച്ച് മുസ്‌ലിം തീവ്രവാദികളായ പോപ്പുലർ ഫ്രണ്ടുകാരെ കുറിച്ചാണ് എന്നാണ്. പോപ്പുലർ ഫ്രണ്ടിനും പറയാനുള്ളത് മറ്റൊന്നല്ല, തങ്ങൾ അന്യമതങ്ങൾക്കെതിരെയല്ല മറിച്ച് സംഘ്പരിവാറിനെയും ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട തീവ്രവാദികളെയും ഉദ്ദേശിച്ചുകൊണ്ടാണ് പറയുന്നത് എന്നാണ്. എന്നാൽ ഇവരുടെ സംസാരങ്ങളിലും മുദ്രാവാക്യങ്ങളിലും നിറഞ്ഞു നിൽക്കുന്നത് അന്യമത വിദ്വേഷമാണ് എന്ന കാര്യത്തിൽ സംശയമില്ല. കേരളത്തെ വർഗീയതയുടെ തുരുത്താക്കി മാറ്റുവാനാണ് ഇരുകൂട്ടരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സംഘ്പരിവാറും ജോർജും കാസയും പച്ചനുണകൾ തട്ടിവിടുമ്പോൾ അതിനെ മലയാളി മനസ്സുകളിൽ അരക്കിട്ടുറപ്പിക്കുന്ന ജോലിയാണ് പോപ്പുലർ ഫ്രണ്ടുകാർ നിർവഹിച്ചുകൊണ്ടിരിക്കുന്നത്.

വർഗീയത പൈശാചികതയുടെ ബാഹ്യരൂപം

തൃക്കാക്കര കേരളീയ മനസ്സിന്റെ ശരിയായ പ്രതിഫലനമാണ്. ഇവിടം വർഗീയത വളരില്ല. അതിനുവേണ്ടി ആരെങ്കിലും വെള്ളവും വളവും ആയുധങ്ങളും തയ്യാറാക്കിവെച്ചിട്ടുണ്ടെങ്കിൽ അവ ഇറക്കിവെക്കാൻ സമയമായി എന്ന സന്ദേശമാണ് അത് നൽകുന്നത്. വർഗീയ ചിന്തകൾ വിശ്വാസത്തിൽനിന്നല്ല, അവിശ്വാസത്തിൽ നിന്നാണ് ഉദ്ഭൂതമാകുന്നത്. അവ ദൈവിക ബോധത്തിൽ നിന്നല്ല, പൈശാചിക ദുർബോധനങ്ങളിൽ നിന്നാണ് ഉയിർകൊള്ളുന്നത്. ദൈവവിശ്വാസവും ആത്മീയ ബോധവും നഷ്ടപ്പെട്ട മത ചിന്തകൾ മാത്രമാണ് വർഗീയതയുടെ ചേരുവകൾ. വിശ്വാസവും സ്‌നേഹവും സഹിഷ്ണുതയും ക്ഷമയുമാണ് ഒരു ദൈവവിശ്വാസിയുടെ മുഖമുദ്ര. വായിൽ വരുന്നതെല്ലാം വിളിച്ചുപറയുന്ന രീതി വിശ്വാസികളുടേതല്ല. ശത്രുവിനോടാണെങ്കിലും സ്വേച്ഛാധിപതിയായ ഭരണാധികാരിയോടാണെങ്കിലും സംസാരങ്ങളിലും പ്രതികരണങ്ങളും മിതത്വം വേണമെന്നതാണ് ദൈവികദർശനം.

ദൈവവിശ്വാസി വർഗീയവാദിയാവില്ല

സംസാരങ്ങളിലും പ്രസംഗങ്ങളിലും പ്രതികരണങ്ങളും ഉണ്ടാവേണ്ട മാതൃകാപരമായ സ്വഭാവത്തെ കുറിച്ച് ക്വുർആൻ പറയുന്നത് ഇപ്രകാരമാണ്: ലോകം കണ്ടതിൽ വെച്ചേറ്റവും വലിയ ധിക്കാരിയും സ്വേച്ഛാധിപതിയുമായ ഫറോവയുടെ അടുക്കലേക്ക് പോകുവാൻ മൂസാ നബിയോട് അല്ലാഹു ആജ്ഞാപിച്ച സന്ദർഭത്തിൽ പറഞ്ഞ വാചകങ്ങൾ ഇതിലേക്ക് വെളിച്ചം നൽകുന്നു: ‘നിങ്ങൾ രണ്ടുപേരും ഫിർഔൻറെ അടുത്തേക്ക് പോകുക. തീർച്ചയായും അവൻ അതിക്രമകാരിയാണ്. നിങ്ങൾ അവനോട് സൗമ്യമായ വാക്ക് പറയുക. അവൻ ഒരു വേള ചിന്തിച്ച് മനസ്സിലാക്കിയേക്കാം. അല്ലെങ്കിൽ ഭയപ്പെട്ടുവെന്ന് വരാം.’ (ക്വുർആൻ 20:43-44).

അപക്വവും ശത്രുതാപരവുമായ പ്രവർത്തനങ്ങളും സംസാരങ്ങളും മറുവിഭാഗങ്ങളിൽ നിന്നുണ്ടാകുമ്പോൾ അതിനെക്കാൾ മോശമായ രൂപത്തിൽ സംസാരിച്ചും പ്രവർത്തിച്ചും അതിനെ എങ്ങനെ ഇല്ലാതാക്കാൻ സാധിക്കുമെന്നായിരിക്കരുത് ഒരു ദൈവവിശ്വാസി ചിന്തിക്കേണ്ടത്. പകരം അവരോട് ഏറ്റവും നല്ല രൂപത്തിൽ പ്രതികരിച്ചും ക്ഷമയും സഹിഷ്ണുതയും അവലംബിച്ചും സമൂഹത്തിന്റെ ഭദ്രതക്ക് കോട്ടം തട്ടാത്ത വിധത്തിൽ മാത്രമായിരിക്കണം പ്രതികരിക്കേണ്ടത്. കുറെ ഒച്ചപ്പാടും ബഹളങ്ങളുമല്ല ആവശ്യം, മറിച്ച് പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ് ഒരു ദൈവവിശ്വാസി തേടേണ്ടത്. പരിഹാരം ശാന്തമായ ചർച്ചകളിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും മാത്രമെ സാധ്യമാകൂ.

തൃക്കാക്കരയിൽനിന്നും ഉയർന്നുപൊങ്ങിയ നിശ്വാസങ്ങൾ മതസൗഹാർദത്തിൻ്റെതാണ്. മതനിരപേക്ഷ ജനാധിപത്യവാദികൾ കേരളത്തിൽ ഇപ്പോഴും സജീവമാണെന്ന് അത് ബോധ്യപ്പെടുത്തുന്നു. തൃക്കാക്കര ഫലം ഭാവി കേരളത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്നതിൽ സുപ്രധാന പങ്ക് നിർവഹിക്കുമെന്ന് പ്രത്യാശിക്കാം. വർഗീയ ശക്തികളിൽനിന്നും മുക്തമായ തെളിമയാർന്ന മതനിരപേക്ഷതയുടെയും സൗഹാർദത്തിന്റെയും കേദാരമായി കേരളം പ്രശോഭിതമായി നിലനിൽക്കുമെന്ന് പ്രതീക്ഷിക്കാം.