സ്വതന്ത്രവാദത്തിനു പിന്നിലെ ചതിക്കുഴികള്‍

ടി.കെ അശ്‌റഫ്

2022 മാർച്ച് 12, 1442 ശഅബാൻ 9
ഏതൊരു നിയമവും നിർമിക്കപ്പെടുന്നത് മനുഷ്യരുടെ ഗുണത്തിനു വേണ്ടിയാണ്. നിയമങ്ങളും നിയന്ത്രണങ്ങളുമില്ലാത്ത ലോകത്ത് അരാജകത്വം കൊടികുത്തി വാഴും. എന്നാല്‍, നിയമങ്ങളും നിയന്ത്രണങ്ങളും ഇഷ്ടപ്പെടാത്തവര്‍ സ്വതന്ത്രവാദമെന്ന ഓമനപ്പേരിട്ട് ഇത്തരം അതിര്‍വരമ്പുകള്‍ ലംഘിച്ച് സ്വയം നാശത്തിലേക്ക് എടുത്തെറിയപ്പെടുന്നു. എന്തൊക്കെയാണ് സ്വതന്ത്രവാദത്തിന് പിന്നിലെ ചതിക്കുഴികള്‍?

ലിബറലിസം അഥവാ സ്വതന്ത്രവാദം പാശ്ചാത്യന്‍ നാടുകളിലാണ് ഉദയം ചെയ്തതെങ്കിലും ഇന്റര്‍നെറ്റിന്റെ വ്യാപനത്തെ തുടര്‍ന്ന് അതിവേഗം നമ്മുടെ നാട്ടിന്‍പ്രദേശങ്ങളിലേക്കും കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുകയാണിന്ന്. കേരളത്തില്‍ യുക്തിവാദം എന്ന പേരിലാണ് മുന്‍കാലത്ത് ഇത് അറിയപ്പെട്ടിരുന്നത്. അന്ന് അവരുടെ ആശയങ്ങള്‍ സ്വന്തം അരങ്ങില്‍നിന്ന് വിട്ടുപോയിട്ടില്ലായിരുന്നു. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങള്‍ സാര്‍വത്രികമായതോടെ ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം, ക്ലബ് ഹൗസ്... തുടങ്ങിയ സംവിധാനങ്ങളിലൂടെ ഇവര്‍ ഇത്രകാലം അടക്കം പറഞ്ഞിരുന്ന ആശയങ്ങള്‍ ഉറക്കെ പറയാന്‍ തുടങ്ങിയിരിക്കുന്നു. അതിന് പ്രേക്ഷകരായി പുതുതലമുറയെ യഥേഷ്ടം ലഭിക്കുകയും ചെയ്യുന്നുണ്ട്. നിയമങ്ങളും നിയന്ത്രണങ്ങളും പൊതുവെ ഇഷ്ടമല്ലാത്ത കൗമാരപ്രായക്കാര്‍ക്ക് സ്വതന്ത്രവാദം ഹരം പകരുക സ്വാഭാവികമാണ്.

മനുഷ്യജീവിതത്തിലെ സമസ്ത മേഖലകളിലും ദൈവികനിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അനുശാസിക്കുന്ന മതങ്ങളെയാണ് സ്വതന്ത്രവാദികള്‍ ആദ്യം എതിര്‍പക്ഷത്ത് നിര്‍ത്തുന്നതെങ്കിലും എല്ലാ വിഭാഗത്തില്‍പെട്ടവര്‍ക്കും രാജ്യസുരക്ഷക്ക് തന്നെയും വെല്ലുവിളി ഉയര്‍ത്തുന്ന വാദമായാണ് ലിബറലിസം പരിണമിക്കുക. ഇതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ ഇനിയും നാം വേണ്ടതുപോലെ മനസ്സിലാക്കിയിട്ടില്ല.

സ്വതന്ത്രവാദം പുരോഗമനത്തിന്റെ പുതപ്പണിഞ്ഞാണ് പ്രത്യക്ഷപ്പെടുന്നത് എന്നതിനാല്‍ പലരും തങ്ങള്‍പോലുമറിയാതെ അതില്‍ അകപ്പെട്ടുപോയിട്ടുണ്ട്. അപകടം തിരിച്ചറിയുമ്പോഴേക്കും ബഹുദൂരം സഞ്ചരിച്ചിട്ടുണ്ടായിരിക്കും. തന്റെയും കുടുംബത്തിന്റെയും ജീവിത കാഴ്ചപ്പാട് അതിനനുസരിച്ച് മാറിക്കഴിഞ്ഞിരിക്കും. പിന്നീട് തിരിച്ചുവരിക പ്രയാസകരമാണ്.

എന്താണ് ലിബറലിസത്തിന്റെ ഹിഡണ്‍ അജണ്ടയെന്ന് വ്യക്തമായി തിരിച്ചറിയുകയും സ്വതന്ത്രവാദം ഏതുവിധമാണ് നമ്മിലേക്ക് കടന്നുവരുന്നതെന്ന് കൃത്യമായി മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് ഇതില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം. ‘ലിബറലിസം’ എന്ന പദത്തിന്റെ ഉല്‍പത്തിയും ചരിത്രവും പരിണാമവും വിശദീകരിക്കുന്ന അക്കാദമികമായ പഠനത്തിനപ്പുറം ‘സ്വതന്ത്രവാദം’ പ്രയോഗത്തില്‍ നമുക്കേല്‍പിക്കുന്ന പരിക്കുകള്‍ നിത്യജീവിതവുമായി ബന്ധപ്പെടുത്തി നാം മനസ്സിലാക്കേണ്ടതുണ്ട്.

ലിബറലിസത്തിന് തെറ്റും ശരിയും വേര്‍തിരിക്കാന്‍ വസ്തുനിഷ്ഠമായ മാനദണ്ഡങ്ങള്‍ ഇല്ലാത്തതുകൊണ്ട് ആര്‍ക്കും എന്തും വാദിക്കാം എന്നതാണ് ഇതിലെ ഏറ്റവും വലിയ അപകടം. പത്തുവര്‍ഷം മുമ്പ് എല്ലാവരും ഒരേപോലെ വളരെ മോശം എന്ന് കരുതിയിരുന്ന പലതും ഇന്ന് തെറ്റാണെന്ന് പറയുന്നതുപോലും വലിയ അപരാധമായി ചിത്രീകരിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

വ്യഭിചാരം പാപമാണെന്ന് ആര്‍ക്കാണറിയാത്തത്? എന്നാല്‍ ഇന്ന് അതില്‍ ഏര്‍പെടുന്നവര്‍ക്ക് മാന്യതയുടെ പരിവേഷം ലഭിച്ചിരിക്കുന്നു! അഭിസാരികമാര്‍ക്ക് പ്രത്യേക സംഘടന ഉണ്ടായിരിക്കുന്നു. ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗികബന്ധത്തിലേര്‍പെട്ടാല്‍ അത് കുറ്റമല്ലെന്ന് മാത്രമല്ല, നിയമത്തിന്റെ പരിരക്ഷ കൂടി അതിന് ലഭിക്കുകയും ചെയ്യുന്നു! സ്വവര്‍ഗരതിയെ മ്ലേച്ഛമായാണ് നാം വീക്ഷിച്ചിരുന്നത്. ഇന്നാകട്ടെ, അത് നിയമപരമായി അനുവദിക്കപ്പെട്ടിരിക്കുന്നു! ആത്മഹത്യ ശിക്ഷാര്‍ഹമായിരുന്നു. ഇന്ന് അതിനെ ‘ദയാവധം’ (യുത്തനേസിയ) എന്ന പദാവലിയിലേക്ക് ചേര്‍ത്തുനിര്‍ത്തി മഹത്ത്വവത്കരിക്കുന്നു!

ഇതുപോലെ, ഇന്ന് നാം അറപ്പോടെ കാണുന്ന പലതും കുറെ കാലം കഴിഞ്ഞാല്‍ തെറ്റാണെന്ന് പറയാന്‍ പോലും സാധിക്കാത്ത സാഹചര്യം സംജാതമായേക്കാം. ഭ്രൂണഹത്യയെ കരുണയുള്ള ഒരാളും അംഗീകരിക്കില്ല. എന്നാല്‍ ഇന്ന് അബോര്‍ഷന്‍ ചെയ്യാന്‍ അനുവാദം നല്‍കുന്ന നിയമനിര്‍മാണം ഉണ്ടായിരിക്കുന്നു. പല ഡോക്ടര്‍മാരും വളരെ ലാഘവത്തോടെ അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. കോഴിമുട്ടകൊണ്ട് ഓംലറ്റ് ഉണ്ടാക്കുന്നതില്‍ നമുക്ക് മാനസിക സംഘര്‍ഷം ഇല്ലെങ്കില്‍ അതുപോലെ കണ്ടാല്‍ മതി അബോര്‍ഷനെയും എന്നാണ് ഒരു മലയാള ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഒരു ഡോക്ടര്‍ പറഞ്ഞത്! ഇന്‍സെസ്റ്റും മൃഗരതിയും ശിശുരതിയും ശവഭോഗവുംവരെ ചെയ്യുന്നതില്‍ യാതൊരു തെറ്റും കാണേണ്ടതില്ലെന്ന് കേരളത്തിലെ സ്വതന്ത്രവാദികള്‍ പ്രസംഗിച്ചതായി നമുക്ക് കാണാനാകും. നന്മ-തിന്മകളുടെ അതിരുകള്‍ മനുഷ്യര്‍ മാറ്റിക്കൊണ്ടിരിക്കുകയാണ് എന്നര്‍ഥം. ഏത് വിഷയത്തിലും സ്വതന്ത്രചിന്തയാണ് കൗമാരക്കാരുടെ പ്രഥമ തെരഞ്ഞെടുപ്പ്.

ആധികാരിക പ്രമാണങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മതദര്‍ശനങ്ങള്‍ക്ക് മാത്രമെ ലിബറല്‍ സംസ്‌കാരത്തെ ചെറുത്തുതോല്‍പിക്കാനുള്ള കരുത്തുള്ളൂവെന്ന് ലിബറലിസ്റ്റുകള്‍ക്ക് അറിയാം. മതത്തിന് പുറത്തുനിന്ന് സ്വതന്ത്രവാദം പ്രചരിപ്പിച്ചാല്‍ മതവിശ്വാസികളെ വശീകരിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞ ലിബറലിസ്റ്റുകള്‍ മതത്തിനുള്ളില്‍ കയറി മതവിശ്വാസികളെ തന്നെ വിലക്കെടുത്ത് സ്വതന്ത്രവാദം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് കുറച്ചുകാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. അത് ഒരു പരിധിവരെ ലക്ഷ്യം കാണുന്നുണ്ടെന്നാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കമ്യൂണിസം മതത്തിന് എതിരാണെന്ന് മതവിശ്വാസികള്‍ക്ക് അറിയാമെന്നതുകൊണ്ട് അവരും ഇതേ വഴിയാണ് സ്വീകരിച്ചുവരുന്നത്. മതവിശ്വാസത്തിന്റെ കെട്ടുപൊട്ടിക്കാന്‍ ലിബറലിസവും കമ്യൂണിസവും മതത്തിനകത്ത് കൈകോര്‍ത്താണ് പ്രവര്‍ത്തിക്കുന്നത്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം സമീപകാലത്ത് കടന്നുവന്നതും അതിനോടുള്ള സര്‍ക്കാര്‍ സമീപനവും ഇതിന് ഏറ്റവും വലിയ തെളിവാണ്.

ബാലുശ്ശേരി ഹൈസ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഉദ്ഘാടനം ചെയ്തത് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവായിരുന്നു. വിമര്‍ശിക്കപ്പെട്ടപ്പോള്‍ പോലും മന്ത്രി അതില്‍നിന്ന് പിന്മാറിയില്ലെന്ന് മാത്രമല്ല; ഉദ്ഘാടന ശേഷം ഈ നീക്കം ചരിത്രപരമായ മുന്നേറ്റമാണെന്ന് തന്റെ ഫേസ്ബുക്കില്‍ കുറിക്കുകയാണ് ചെയ്തത്! വരുംദിവസങ്ങളില്‍ ഇത് മറ്റു സ്‌കൂളുകളിലും നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതിനു ശക്തമായ എതിര്‍പ്പ് വന്നപ്പോഴാണ് വിദ്യാഭ്യാസമന്ത്രി വിശദീകരണവുമായി രംഗത്തുവന്നത്. പിടിഎയുടെയും അധ്യാപകരുടെയും പൂര്‍ണപിന്തുണയുള്ള സ്‌കൂളുകളില്‍ മാത്രമെ ഇത് നടപ്പാക്കുകയുള്ളൂ എന്നാണ് മന്ത്രി പിന്നീട് വിശദീകരിച്ചത്. ഈ ആശയം ഞങ്ങള്‍ അംഗീകരിക്കുന്നുണ്ട്, എന്നാല്‍ എതിര്‍പ്പുള്ളതുകൊണ്ട് തത്കാലം നിര്‍ബന്ധിക്കുന്നില്ല എന്നാണ് ഇതിനര്‍ഥം!

പലരും കേവലമൊരു യൂണിഫോം പ്രശ്‌നമെന്ന നിലയില്‍ ഉപരിപ്ലവമായി മാത്രമാണ് ഇതിനെ കാണുന്നത്. സ്ത്രീക്കും പുരുഷനും ഒരേ വേഷമായാല്‍ എന്താണ് പ്രശ്‌നം എന്ന് ചോദിക്കുന്നവരുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റ് കോളേജുകളിലും പെണ്‍കുട്ടികള്‍ പാന്റ്‌സ് ധരിച്ചിട്ടില്ലേയെന്ന് ചോദിച്ച് വിഷയത്തെ മാറ്റിമറിക്കുന്നവരുമുണ്ട്. ഇത് ഒരു വേഷത്തിന്റെ മാത്രം പ്രശ്‌നമല്ല; ഒരു പുതിയ ആശയമാണ് ഇതിലൂടെ കൊണ്ടുവരുന്നത് എന്ന യാഥാര്‍ഥ്യം നാം കാണാതെപോകരുത്. ഇതിനുമുമ്പ് യൂണിഫോം നടപ്പാക്കിയ സ്ഥാപനങ്ങളിലൊന്നും gender netural എന്ന പേര് അതിനു നല്‍കിയതായി കണ്ടിട്ടില്ല. ഇനി മുതല്‍ സ്ത്രീ-പുരുഷന്‍ എന്നീ രണ്ട് സ്വത്വം ഇല്ലെന്നും ‘അവന്‍,’ ‘അവള്‍’ എന്നൊന്നും പ്രയോഗിക്കരുതെന്നും ‘അവര്‍’ എന്നേ പറയാവൂ എന്നുമാണ് ലിംഗനിഷ്പക്ഷത (gender netural) എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്. Gender disphoria എന്ന പ്രതിസന്ധിയിലേക്കാണ് പുതുതലമുറയെ ഇതിലൂടെ എടുത്തെറിയുന്നത്. താന്‍ സ്ത്രീയാണോ പുരുഷനാണോ എന്ന കണ്‍ഫ്യൂഷന്‍ ഓരോ വ്യക്തിയിലേക്കും ഉണ്ടാക്കലാണ് Gender disphoria എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. LGBTQ എന്ന സ്‌പെക്ട്രത്തിലേക്ക് കൂടുതല്‍ പേരെ ചേര്‍ക്കാനുള്ള നടപടിയാണിത്. പാശ്ചാത്യനാടുകളില്‍ മാതാപിതാക്കളുടെ സമ്മതമില്ലാതെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് അനുമതി നല്‍കുന്ന നിയമം വന്നുകഴിഞ്ഞു. കാനഡയില്‍ 13 വയസ്സുള്ള കുട്ടി എതിര്‍ലിംഗത്തിലേക്ക് മാറാന്‍ ശ്രമിച്ചതിനെ പിതാവ് എതിര്‍ത്തത് കേസായത് നാമറിയണം. സര്‍ജറിയാകട്ടെ, പലപ്പോഴും പരാജയമാണ്. പിന്നീട് തന്റെ പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുപോകാനും സാധ്യമാകാത്ത പ്രതിസന്ധിയിലേക്കാണ് ഇത്തരക്കാര്‍ ചെന്നെത്തുന്നത്!

സ്ത്രീയെ പുരുഷനാക്കിയോ, പുരുഷനെ സ്ത്രീയാക്കിയോ അല്ല സ്ത്രീ പുരുഷ സമത്വം നടപ്പാക്കേണ്ടത്. ലിംഗസമത്വം എന്ന വാക്കിനെക്കാള്‍ ലിംഗനീതി എന്ന പദമാണ് പ്രായോഗികമായിട്ടുള്ളത്. ശരീരഘടനയിലും ഹോര്‍മോണുകളിലും വിചാരവികാരങ്ങളിലും പ്രജനനശേഷിയിലും എല്ലാം സ്ത്രീപുരുഷന്മാര്‍ ഭിന്ന ധ്രുവങ്ങളിലാണ് നിലകൊള്ളുന്നത്. അത് നിലനിര്‍ത്തി പരസ്പര സഹകരണവും നീതിയും ഉറപ്പുവരുത്തുന്നതിലാണ് സമൂഹസുരക്ഷ കുടികൊള്ളുന്നത്. സ്ത്രീക്ക് സ്വാതന്ത്ര്യം ഉണ്ടാവണമെങ്കില്‍ പുരുഷനാകണമെന്ന ചിന്തതന്നെ സ്ത്രീസ്വത്വം മോശമാണെന്ന മുന്‍വിധിയിലധിഷ്ഠിതമായ പൊതുബോധത്തിന് ചൂട്ടുപിടിക്കലാണ്.

ജെന്‍ഡര്‍ ന്യൂട്രല്‍ എന്നത് യൂണിഫോമില്‍ മാത്രമൊതുങ്ങുന്ന ഒന്നല്ല. വിദ്യാലയങ്ങളിലെ ഇരിപ്പിടം മുതല്‍ സാമൂഹ്യ മേഖലയില്‍ ജെന്‍സ്, ലേഡീസ് എന്ന് പ്രത്യേകം എഴുതിയ ബോര്‍ഡുകള്‍ എല്ലാം ഒഴിവാക്കി അവിടങ്ങളിലെല്ലാം ഒന്നിച്ച് മേളിക്കുന്ന സാഹചര്യമാണ് ഉണ്ടാക്കാന്‍ പോകുന്നത്. ബഹു: എം.എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിന്റെ തുടക്കം എന്ന നിലയ്ക്ക് ചില നീക്കങ്ങള്‍ ഉണ്ടായിരുന്നു. എതിര്‍പ്പുകളെ തുടര്‍ന്ന് ഹാജര്‍ പട്ടികയില്‍ പേരുകള്‍ ഇടകലര്‍ത്തി എഴുതുന്നതില്‍ ഈ നീക്കം ഒതുങ്ങുകയാണ് അന്നുണ്ടായത്.

ഓരോ വീട്ടിലും ഒരു സ്വതന്ത്രവാദി ഉണ്ടായാല്‍ ആ വീട്ടില്‍ മാതാപിതാക്കളെ സമ്മര്‍ദത്തിലാക്കി ധാര്‍മിക അതിര്‍വരമ്പുകള്‍ ഭേദിക്കുക എളുപ്പമാണ്. ഓരോ സ്ഥാപനത്തിന്റെ ഭരണസമിതിയിലും ലിബറല്‍ ചിന്താഗതിയുള്ളവരെ ബോധപൂര്‍വം ഉള്‍പ്പെടുത്തിയാല്‍ അവരുടെ ഹിഡന്‍ അജണ്ടകള്‍ നടപ്പാക്കാന്‍ പ്രയാസമുണ്ടാകില്ല. ധാര്‍മിക, സദാചാര മൂല്യങ്ങള്‍ ബോധവത്കരിക്കുന്ന മതസ്ഥാപനങ്ങളുടെയും പള്ളികളുടെയും പ്രസിദ്ധീകരണങ്ങളുടെയും സംഘടനകളുടെയുമെല്ലാം അധികാരകേന്ദ്രങ്ങളില്‍ ലിബറല്‍ കാഴ്ചപ്പാട്

സ്വാധീനിക്കപ്പെട്ടവര്‍ കടന്നുവന്നാല്‍ ലക്ഷ്യം നേടാന്‍ അധികകാലം വേണ്ടിവരില്ല. കമ്യൂണിസവും ലിബറലിസവും കൈകോര്‍ത്തുകൊണ്ട് ഈ വഴിയിലാണ് മുന്നേറുന്നത്. അതിരുകളില്ലാത്ത ലോകം എന്ന പേരില്‍ കമ്യൂണിസ്റ്റ് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ക്യാമ്പസില്‍ നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഈ ലക്ഷ്യം വെച്ചുള്ളതാണ്. 2021 മെയ് 7ന് കമ്യൂണിസ്റ്റ് വിദ്യാര്‍ഥി സംഘടന അന്തര്‍ദേശീയ ‘സ്വയംഭോഗദിനം’ സജീവമായി ആചരിച്ചത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

കുടുംബശ്രീ ജെന്‍ഡര്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലിംഗവിവേചനമില്ലാത്ത തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ സ്‌കൂളുകളിലും കോളേജുകളിലും ജെന്‍ഡര്‍ ക്ലബ്ബുകള്‍ രൂപീകരിക്കുവാന്‍ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍നിന്നും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷനിലേക്ക് നിര്‍ദേശം നല്‍കിയതിന്റെ പിന്നിലും ലക്ഷ്യം മറ്റൊന്നല്ല.

അടുത്ത തലമുറയില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന ആശയം പ്രയോഗതലത്തില്‍ വരുത്താനുള്ള ബോധപൂര്‍വ്വമായ നീക്കമായിട്ട് മാത്രമെ ഈ നിര്‍ദേശത്തെ നിരീക്ഷിക്കാനാവൂ. ലിംഗ സമത്വത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക, ലിംഗഭേദമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് പഠനം, വിനോദം, സ്‌പോര്‍ട്‌സ്, കല, സാഹിത്യം തുടങ്ങിയ മേഖലകളില്‍ തുല്യ അവസരങ്ങളും പങ്കാളിത്തവും ഉറപ്പാക്കുക എന്നിവയാണ് സ്‌കൂളുകളില്‍ രൂപീകരിക്കുന്ന ഈ ക്ലബ്ബിന്റെ ലക്ഷ്യങ്ങളില്‍ ചിലത്.

അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കായുള്ള ജെന്‍ഡര്‍ പരിശീലനങ്ങള്‍ സംഘടിപ്പിക്കുക, എല്ലാ മേഖലയിലും ലിംഗ വ്യത്യാസമില്ലാതെ തുല്യ അവസരങ്ങള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, കുട്ടികളുടെ ടോക് ഷോകള്‍ സംഘടിപ്പിക്കുക എന്നിവയാണ് ലക്ഷ്യം നേടാനുള്ള പ്രവര്‍ത്തനങ്ങള്‍. അധ്യാപകര്‍ എല്ലാവരും ഓരോ ഇടവേള മാറി മാറി ക്ലബ്ബിന്റെ ചുമതല വഹിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്.

ഈ നീക്കത്തെ സമൂഹം ഗൗരവമായി നിരീക്ഷിക്കണം. പഠനം, വിനോദം, സ്‌പോര്‍ട്‌സ്, കല, സാഹിത്യം തുടങ്ങിയ മേഖലകളില്‍ ഇപ്പോള്‍തന്നെ സ്‌കൂള്‍, കോളേജ് തലങ്ങളില്‍ അര്‍ഹമായ അവസരങ്ങള്‍ ഉണ്ടായിരിക്കെ പുതുതായി ലക്ഷ്യംവയ്ക്കുന്നത് ആണ്‍, പെണ്‍ അസ്തിത്വം അഴിച്ചെടുക്കലാണെന്ന കാര്യം വ്യക്തമാണ്. ജെന്‍ഡര്‍ ക്ലബ്ബുകള്‍ ജെന്‍ഡര്‍ ഡിസ്‌ഫോറിയയിലേക്ക് പുതുതലമുറയെ തെളിക്കുകയാണ് ചെയ്യുന്നത്. ധാര്‍മികമൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് സ്ത്രീയെയും പുരുഷനെയും കൂട്ടിക്കുഴക്കുന്ന ലിബറല്‍ സംസ്‌കാരത്തിന് കുടപിടിക്കാനാവില്ല.

പാശ്ചാത്യന്‍ നാടുകള്‍ ഇത്തരം തലതിരിഞ്ഞ ചിന്താധാരകളെ വാരിപ്പുണര്‍ന്നതിന്റെ തിക്തഫലം നന്നായി അനുഭവിക്കുന്നുണ്ട്. പല രാജ്യങ്ങളും തിരിഞ്ഞുനടക്കാന്‍ തുടങ്ങിയിരിക്കുന്നു. ഫ്രാന്‍സില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്‍സെസ്റ്റ് (പ്രായഭേദമെന്യേ പിതാവ്, മാതാവ്, മകന്‍, മകള്‍ എന്നിവരുമായുള്ള ലൈംഗികബന്ധം) നിരോധിച്ചുകൊണ്ടുള്ള വാര്‍ത്ത പുറത്തുവന്നത് ഈയിടെ നാം കണ്ടു. ഇതുവരെ അവിടെ 18 വയസ്സിന് മുകളിലുള്ള ആര്‍ക്കും ആരുമായും ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധമാവാം എന്നതായിരുന്നു നിയമം. അതിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തിയാണ് പുതിയ തീരുമാനം എടുത്തത്. പാശ്ചാത്യര്‍ ചവച്ചുതുപ്പിയ സംസ്‌കാരത്തെ പുരോഗമനത്തിന്റെ പേരില്‍ നടപ്പാക്കിത്തുടങ്ങുകയാണ് നമ്മള്‍!

സ്ത്രീയും പുരുഷനും അനീതിക്കിരയാവുന്ന സദാചാരക്രമമാണ് ലിബറലിസത്തിന്റെത്. ലിബറലിസത്തില്‍ ലൈംഗികബന്ധത്തിനുള്ള ഉപാധി പരസ്പര സമ്മതമാണ്. അങ്ങനെ പരസ്പര സമ്മതത്തോടെ ബന്ധത്തിലേര്‍പ്പട്ട ഒരു സ്ത്രീക്ക് എത്ര കാലത്തിനു ശേഷവും അത് ബലാല്‍ക്കാരം ആയിരുന്നു എന്ന് പറയാന്‍ കഴിയും. അത്തരം ആരോപണങ്ങള്‍ സമൂഹത്തില്‍ ഇപ്പോള്‍ ധാരാളമായി നടക്കുന്നത് കാണാം.

ഇസ്‌ലാമില്‍ ലൈംഗികബന്ധത്തിലെ ഉപാധി വിവാഹമാണ്, പരസ്പര സമ്മതമല്ല. വിവാഹബന്ധം തകര്‍ന്നു പോയാലും സ്ത്രീയോ പുരുഷനോ ഇരയാക്കപ്പെടുകയില്ല. രണ്ടുകൂട്ടരുടെയും അവകാശങ്ങളും ബാധ്യതകളും കൃത്യവും വ്യക്തവുമാണ്. കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ അവകാശങ്ങളും കൃത്യപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഫ്രീ സെക്‌സ് ആഗ്രഹിക്കുന്ന ന്യൂനാല്‍ ന്യൂനപക്ഷത്തിന്റെ ചിന്താഗതികള്‍ ധാര്‍മികമായി നിലനില്‍ക്കാനാഗ്രഹിക്കുന്ന മഹാഭൂരിപക്ഷത്തിന് മേല്‍ ഔദേ്യാഗിക സംവിധാനങ്ങളിലൂടെ അടിച്ചേല്‍പിക്കാന്‍ ഒരുകാരണവശാലും അനുവദിച്ചുകൂടാ. ധാര്‍മികബോധമുള്ള മുഴുവന്‍ ആളുകളും ഇതിനെതിരെ രംഗത്തിറങ്ങണം. കുടുംബശ്രീ സംവിധാനം കുടുംബം കലക്കാനുള്ള ഉപകരണമായി മാറരുത്.

ലിബറലിസത്തിന്റെ കടന്നുവരവിന് പ്രധാന തടസ്സമായി നിലകൊള്ളുന്നത് കുടുംബം എന്ന സാമൂഹ്യസ്ഥാപനമാണ്. കുടുംബത്തിന്റെ കവാടം വിവാഹമാണ്. കുടുംബത്തെ ശിഥിലമാക്കാന്‍ വിവാഹത്തെ തകര്‍ക്കുകയാണ് ആദ്യം വേണ്ടത്. നിയമപരമായി വിവാഹത്തിന്റെ പ്രായം 18ല്‍നിന്ന് 21ലേക്ക് ഉയര്‍ത്തുകയും ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ 18 വയസ്സ് മാത്രം മതി എന്നുള്ള പുതിയ നിയമനിര്‍മാണം നടത്തുകയും ചെയ്യുകവഴി കടുത്ത അരാജകത്വമാണ് വരാനിരിക്കുന്നത്. ഉത്തരവാദിത്തമില്ലാത്ത ഒരു തലമുറയുടെ സൃഷ്ടിയായിരിക്കും ഇതിന്റെ പരിണിതഫലം.

കുടുംബത്തകര്‍ച്ചയുടെ പ്രത്യാഘാതം വളരെ വലുതാണ്. പുതിയ തലമുറയുടെ വിദ്യാഭ്യാസത്തെവരെ അത് ബാധിക്കുന്നു. അതുകൊണ്ടാണ് ഒരു ഘട്ടത്തില്‍ ബ്രിട്ടനിലെ മാത്തമാറ്റിക്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ രാജ്യത്തെ വിദ്യാര്‍ഥികളുടെ ഗണിതപഠനം ശക്തിപ്പെടണമെങ്കില്‍ ബ്രിട്ടനില്‍ കുടുംബവ്യവസ്ഥ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത്. ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്ന സമയത്ത് ഗണിതശാസ്ത്രത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ മാതൃകയാക്കണമെന്ന് അമേരിക്കന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു.

ലിബറലിസത്തിന്റെ സ്വാധീനമുള്ള സമൂഹങ്ങളെക്കുറിച്ച് പറയാറുള്ള ഒരു ഉദാഹരണമുണ്ട്: ‘അവിടെ പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികളുടെ കൈയില്‍ ഒരു തോക്കും പെണ്‍കുട്ടികളുടെ കൈയില്‍ അച്ഛനില്ലാത്ത ഒരു കുഞ്ഞുമുണ്ടായിരിക്കും.’ ഇത് അതിശയോക്തി കലര്‍ന്നതാണെങ്കിലും അത്തരമൊരു സമൂഹത്തിന്റെ ധാര്‍മികാവസ്ഥയെ തുറന്നുകാട്ടുന്നുണ്ട്.

കുടുംബത്തിന്റെ അടിത്തറ തകര്‍ക്കുകയും അതുവഴി ഓരോ വ്യക്തിയെയും സ്വതന്ത്രമാക്കി സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്യുകയും ചെയ്യുന്ന നാളുകളാണ് ഇനി വരാനിരിക്കുന്നത്. ഇത് കമ്പോളവത്കരണത്തിന്റെയും കോര്‍പ്പറേറ്റുകളുടെയും എന്നത്തെയും ആവശ്യം കൂടിയാണ്. പോണോഗ്രാഫി, കോസ്‌െമറ്റിക്, സെക്‌സ് ടോയ് തുടങ്ങിയ കോടികള്‍ ഒഴുകുന്ന മാര്‍ക്കറ്റ് ഇതിനായി കണ്ണുംതുറന്ന് കാത്തിരിക്കുന്നു.

അധ്യാപക സമൂഹത്തിന് ഈ കടന്നുവരവിനെ പ്രതിരോധിക്കുന്നതില്‍ വലിയ പങ്കു വഹിക്കാനുണ്ട്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇത്തരം ചിന്തകള്‍ നടപ്പിലാക്കുവാന്‍ അധികാരികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മലപ്പുറം ജില്ലാ ശിശുക്ഷേമ സമിതിയുടെ ഒത്താശയോടെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ കാമ്പയിന്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഒരു ന്യൂനപക്ഷത്തിന്റെ വികൃതമായ ആവശ്യം ഭൂരിപക്ഷത്തിനുമേല്‍ അടിച്ചേല്‍പിക്കാന്‍ വിദ്യാലയങ്ങളെ ദുരുപയോഗം ചെയ്യാനുള്ള ശ്രമത്തെ വളരെ ഗൗരവത്തോടുകൂടി നോക്കിക്കാണേണ്ടതുണ്ട്.