പ്രവാസികൾ അകപ്പെടുന്ന ചതിക്കുഴികൾ

നബീൽ പയ്യോളി

2022 ജൂലായ് 16, 1442 ദുൽഹിജ്ജ 16
അറിവും അന്നവും അനുഭവങ്ങളും തേടി പ്രവാസലോകത്തേക്ക് വിമാനം കയറിയ പലരും ക്രൂരമായ ചൂഷണങ്ങൾക്കിരയായാണ് തിരികെയിറങ്ങുന്നത്. ജീവിതപരിസരങ്ങളിലെ ഇല്ലായ്മയും വല്ലായ്മയുമാണ് പലരെയും ചതിക്കുഴിയിൽ ചാടിക്കുന്നതെങ്കിൽ ചിലതെങ്കിലും സ്വയംകൃതാനർഥമാണെന്ന് പറയാതെ വയ്യ.

കഴിഞ്ഞ കുറെ നാളുകളായി നമ്മുടെ നാടിന്റെ പലഭാഗത്തുനിന്നും വരുന്ന വാർത്തകൾക്ക് ചില സമാനതകളുണ്ട്. നാട്ടിൽ അവധിക്ക് വന്ന പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊന്ന വാർത്ത വല്ലാത്ത നടുക്കമുളവാക്കുന്നതായിരുന്നു. അത്രയധികം ക്രൂരമായാണ് അക്രമികൾ അയാളെ വധിച്ചത്. സ്വർണ ക്കടത്ത്, ഡോളർകടത്ത് സംഘങ്ങളുടെ ക്രൂരവലയത്തിൽ പെട്ടാണ് പ്രവാസികളിൽ പലരുടെയും ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. അറിഞ്ഞതും അറിയാത്തതുമായ ക്രൂരതകൾ ഇത്തരം കൊള്ള സംഘത്തിന്റെതായുണ്ട്. ചിലതൊക്കെ പിടിക്കപ്പെടുന്നുണ്ട്. എന്നാൽ മറ്റുചിലത് തേയ്ച്ചുമായ്ച്ച് കളയുകയാണ് ചെയ്തതെന്ന് അടുത്തകാലത്തായി വന്ന വാർത്തകൾ സൂചിപ്പിക്കുന്നു.

ഇതിലൊക്കെ ഇരകളാക്കപ്പെടുന്നത് പാവം പ്രവാസികളാണ്. രണ്ടായിരം റിയാൽ ശരാശരി മാസവരുമാനമുള്ളവരാണ് സാധാരണ പ്രവാസികൾ. രണ്ടുവർഷത്തിൽ ഒരിക്കൽ രണ്ടോ മൂന്നോ മാസം അവധിക്ക് നാട്ടിൽ പോകുന്നവരാണ് അധികവും. വർഷത്തിൽ ഒന്നോ ഒന്നരയോ മാസം അവധി ലഭിക്കുന്ന അപൂർവം ചിലരുമുണ്ട്. ജീവിതസന്ധാരണത്തിനായി വിമാനം കയറിയവർ ജീവിതസുഖങ്ങളും അനിവാര്യമായി ലഭിക്കേണ്ട പരിഗണനകളും സ്‌നേഹവും ബന്ധങ്ങളും ഒക്കെ ത്യജിച്ച് കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റണം എന്ന ചിന്തയിൽ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ ജീവിതത്തിലെ സുപ്രധാന കാലഘട്ടം ചെലവഴിക്കുന്നവരാണ്. അൻപത് ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട്. തണുപ്പ് ചിലപ്പോൾ മൈനസ് വരെയൊക്കെ എത്താറുണ്ട്. രണ്ടും തീക്ഷ്ണമായ കാലാവസ്ഥതന്നെ.

ആഴ്ചയിൽ ഒരു ദിവസം അവധി, വർഷത്തിൽ രണ്ട് പെരുന്നാളിനും മറ്റുമായി പതിനഞ്ചോ ഇരുപതോ ദിവസം ലഭിക്കുന്ന ലീവുകൾ. വീട്ടുജോലി, കച്ചവട സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഹോസ്പിറ്റൽ തുടങ്ങിയ മേഖലകളിൽ അവധിയില്ലാതെ ജോലിചെയ്യേണ്ടി വരുന്നവർക്ക് പെരുന്നാളും മറ്റ് അവധികളും പലപ്പോഴും അന്യമാണ്. ജോലി തന്നെ ജോലി! ബാക്കിയുള്ള ദിവസങ്ങളിൽ എണ്ണയിട്ട യന്ത്രംപോലെ ജോലി ചെയ്തുകൊണ്ടിരിക്കുന്നവരാണ് മറ്റുള്ളവർ. അസുഖമായാൽ പോലും റൂമിൽ കിടക്കാൻ മനസ്സുവരാതെ ജോലിക്ക് പോകുന്നവരാണ് ഭൂരിപക്ഷം സാധാരണക്കാരും. സ്വന്തം പിതാവ് മരിച്ച ദിവസം ഹോട്ടലിൽ ചായയിടുന്ന പെരിന്തൽമണ്ണ സ്വദേശിയോട് ഇന്നെങ്കിലും റൂമിൽ ഇരുന്നുകൂടായിരുന്നോ എന്ന് ചോദിച്ചപ്പോൾ ‘റൂമിൽ ഒറ്റക്കിരുന്നിട്ട് മനസ്സ് കൈവിട്ടുപോകുന്നു, അപ്പോൾ ഇങ്ങ് പോന്നു’ എന്ന ഉള്ളുപൊള്ളുന്ന മറുപടിയാണ് ലഭിച്ചത്. മരണം, വിവാഹം, ഗൃഹപ്രവേശനം തുടങ്ങി നമ്മൾ നിർബന്ധമായും സാന്നിധ്യം ആഗ്രഹിക്കുന്ന വേളകളിൽ അതിനു സാധിക്കാതെ, ആ നഷ്ടബോധത്തെ മറക്കാനും വിങ്ങുന്ന മനസ്സിനെ സമാധാനിപ്പിക്കാനും ജോലിത്തിരക്ക് ഉപയോഗപ്പെടുത്തുന്നവരാണ് മിക്കവരും.

അവധി ആഘോഷിക്കാൻ പെരുന്നാൾ അടക്കം മത ആഘോഷ വേളകളിലോ മറ്റോ നാട്ടിൽ കൂടാമല്ലോ എന്നുവെച്ചാൽ സാധാരണ സമയത്തെക്കാൾ നാലും അഞ്ചും ഇരട്ടിയാകും വിമാന ടിക്കറ്റ് ചാർജ്. ഇതെല്ലാം ഓർക്കുമ്പോൾ തലമിന്നും, സന്തോഷങ്ങളും വേണ്ടെന്നുവെക്കും പലരും. സാധാരണ പ്രവാസിയുടെ ജീവിതം അങ്ങനെയാണ്. അവധിക്ക് പോകുമ്പോൾ ലഭിക്കുന്നു കുടുംബത്തിൽനിന്നും സുഹൃത്തുക്കളിൽനിന്നും കൊണ്ടുവരേണ്ട സാധനങ്ങളുടെ നീണ്ട ലിസ്റ്റ്...! എല്ലാം ഇപ്പോൾ നാട്ടിൽ കിട്ടുമല്ലോ, അവിടുന്ന് വാങ്ങാം എന്ന് മറുപടി പറഞ്ഞാൽ ‘അത് ശരിയാവില്ല, ഗൾഫിൽ നിന്ന് കൊണ്ടുവരേണ്ടത് അവിടെനിന്നുതന്നെ വേണം, അതിന്റെ ക്വാളിറ്റി ഒന്നു വേറെത്തന്നെയാണ്’ എന്നായിരിക്കും മറുതലക്കൽനിന്നുള്ള പ്രതികരണം. രണ്ടോ മൂന്നോ മാസം നാട്ടിൽ നിൽക്കണമെങ്കിൽ വേണം അൻപതിനായിരമോ ഒരു ലക്ഷമോ! എല്ലാം ചേർത്തുവെക്കുമ്പോൾ മൂന്നോ നാലോ മാസത്തെ ശമ്പളം അവധിയിൽ ചെലവാകും..

ഇങ്ങനെയുള്ള മാനസികാവസ്ഥയിൽ ഇരിക്കുമ്പോഴാണ് സാന്ത്വനവാക്കുകളും ഓഫറുകളുമായി പരിചയത്തിൽ ഉള്ളതോ അല്ലാത്തതോ ആയ ചിലർ സമീപിക്കുന്നത്. അവർ തോളിൽ കയ്യിട്ട് സ്‌നേഹത്തോടെ പറയും; ‘ങ്ആ... എല്ലാവരുടെയും അവസ്ഥ ഇതാണ്, നമുക്ക് വഴിയുണ്ട്. നാട്ടിലേക്കുള്ള ടിക്കറ്റ്, അവധിയിലെ ചെലവിനുള്ള പണം എന്നിവ ലഭിക്കാൻ ഒരു ചെറിയ വഴിയുണ്ട്. ഞങ്ങൾ ഒരു സാധനം തരും. അത് നാട്ടിൽ എത്തിച്ചാൽ മതി. എയർപോർട്ടിൽ ആള് വന്ന് വാങ്ങും.’ പലരും ഗതികേടുകൊണ്ട് ഈ വലയിൽ ചാടും.

ഈ കൊള്ളസംഘങ്ങൾ നാട്ടിൽ രണ്ട് സംഘങ്ങളെ അറിയിക്കും; സാധനം കൈപ്പറ്റേണ്ട അവരുടെ സംഘത്തെയും അത് ‘പൊട്ടിക്കൽ ഓപ്പറേഷൻ’ നടത്തേണ്ട മറ്റൊരു ഗുണ്ടാസംഘത്തെയും. അതിനിടയിൽ പെട്ട് ക്രൂരമായി കൊലചെയ്യപ്പെടുന്നത് പാവം പ്രവാസിയും. ഇതാണ് പ്രവാസലോകത്തെ സാമൂഹിക പ്രവർത്തകരും പോലീസും നൽകുന്ന വിവരങ്ങളുടെ രത്നച്ചുരുക്കം. രാജ്യത്തെ നിയമങ്ങളെയും കൊള്ളസംഘങ്ങളുടെ മനുഷ്യത്വരഹിത പ്രവർത്തനങ്ങളെയും കുറിച്ചുള്ള അജ്ഞതയും സമൂഹവും കുടുംബവും ഉണ്ടാക്കുന്ന അനാവശ്യ പ്രതിസന്ധികളുടെയും ഇടയിൽ ഇല്ലാതാവുന്നത് നിരവധി മനുഷ്യ ജീവനുകളാണ്. അട്ടപ്പാടി അഗളി സ്വദേശി മരിച്ച സംഭവം അതിൽ അവസാനത്തേത് മാത്രമാണ്. നാട്ടിൽ നിന്ന് ഡോളർ കടത്തുമായി ബന്ധപ്പെട്ട വിഷയമാണ് ഈയിടെ നടന്ന കാസർഗോഡ് സ്വദേശിയായ ചെറുപ്പക്കാരന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് വിശദീകരിക്കുന്നത്.

ഇതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു സംഭവമുണ്ട്; സൗദി കോടതിയുടെ വിധിക്ക് ആധാരമായ സംഭവം. സൗദിയുടെ ചരിത്രത്തിൽതന്നെ ഏറ്റവും വലിയ പിഴ ശിക്ഷ ലഭിക്കുന്ന കേസ്. 52,65,180 സൗദി റിയാൽ (11 കോടിയിലധികം ഇന്ത്യൻ രൂപ) ആണ് മലയാളി യുവാവിന് കോടതി ചുമത്തിയിരിക്കുന്ന പിഴ. പത്തനംതിട്ട സ്വദേശിയായ യുവാവ് മദ്യക്കുപ്പികൾ ഒളിപ്പിച്ചുകടത്തിയ കേസിൽ മൂന്ന് മാസം മുമ്പാണ് സൗദി പോലീസിന്റെ പിടിയിലാകുന്നത്. സാമ്പത്തിക പ്രതിസന്ധി പങ്കുവച്ചപ്പോൾ സഹായഹസ്തങ്ങളുമായി വന്ന മലയാളികളാണ് ഈ ചെറുപ്പക്കാരനെ കുടുക്കിയത് എന്നാണ് സാമൂഹിക പ്രവർത്തകർ നൽകുന്ന വിശദീകരണം. താൻ കാൻസർ ബാധിതനാണന്നും തന്റെയും സഹോദരന്റെയും ചികിത്സക്കായി സുഹൃത്തിന്റെ സഹായം തേടിയ താൻ ചതിക്കപ്പെടുകയായിരുന്നുവെന്നുമുള്ള ഷാഹുൽ മുനീറിന്റെ അപേക്ഷ കേട്ട കോടതി കേസിൽ അപ്പീൽ കോടതിയിൽ നിരപരാധിത്വം തെളിയിക്കാൻ ഒരു മാസം സമയം അനുവദിച്ചു. അപ്പീൽ തള്ളുകയും പിഴയടക്കാൻ സാധിക്കാതിരിക്കുകയും ചെയ്താൽ തത്തുല്യമായ ശിക്ഷ അനുഭവിക്കേണ്ടിവരും. അതോടൊപ്പം എന്നെന്നേക്കുമായി സൗദിയിൽ പ്രവേശിക്കാൻ സാധിക്കാത്ത വിധം വിലക്കും ഉണ്ടാവും. നിരവധി മലയാളികളാണ് സൗദി അറേബ്യയട ക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ മദ്യം, മയക്ക് മരുന്ന് കള്ളക്കടത്ത് കേസുകളിൽ കുടുങ്ങി മോചനം കാത്ത് കഴിയുന്നത്. നിരവധി പാവപ്പെട്ട കുടുംബങ്ങളെ ഇരുട്ടിലേക്ക് തള്ളിവിട്ട് ഇരുട്ടിന്റെ മറവിൽ കഴിയുന്ന കൊള്ളസംഘങ്ങളെ കരുതിയിരുന്നേ മതിയാവൂ.

അപരിചിതരുടെ സഹായങ്ങൾ സ്വീകരിക്കരുത്, വ്യക്തമായ അറിവില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്. എത്ര സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വാഗ്ദാനം ലഭിച്ചാലും നിയമലംഘനങ്ങൾക്ക് കൂട്ടുനിൽക്കരുത് തുടങ്ങി ചതിക്കുഴികളിൽ വീഴാതിരിക്കാനുള്ള ജാഗ്രത പ്രവാസികൾ കാണിക്കണമെന്ന് പ്രവാസ ലോകത്തെ നന്മമനസ്സുകൾ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുകയാണ്. ജീവിക്കാൻ സമ്പത്ത് അനിവാര്യമാണ് എന്നതിൽ തർക്കമില്ല. പക്ഷേ, മരണം വിളിച്ചുവരുത്തുന്നതായി, ജീവിതത്തെ ഇരുട്ടിലേക്ക് തള്ളിവിടുന്നതായി അത് മാറരുത് എന്നത് അടിസ്ഥാനപരമായ തിരിച്ചറി വാണ്. പതിറ്റാണ്ടുകളായി മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ ജോലിതേടിയെത്തിയിട്ട്. അത് കേരളീയ സമൂഹത്തിൽ ഉണ്ടാക്കിയ സാമ്പത്തിക, വിദ്യാഭ്യാസ, സാംസ്‌കാരിക മാറ്റങ്ങൾ ചെറുതല്ല. വിദ്യാസമ്പ ന്നരായി മാറിയ തലമുറയും വിദഗ്ധ തൊഴിലാളികളുമൊക്കെ പ്രവാസികളുടെ കണ്ണീരിന്റെ ബാക്കി പത്രമാണ്.

സമൂഹവും പ്രവാസിയും.

ഇത്തരം ദുരന്തങ്ങളിൽ സമൂഹത്തിനും അറിഞ്ഞോ അറിയാതെയോ പങ്കുണ്ട്. വിവാഹം, ആഘോഷ പരിപാടികൾ, മത-രാഷ്ട്രീയ-സാമൂഹിക പരിപാടികൾ, സ്ഥാപനങ്ങൾ എന്നിവയിലൊക്കെ പ്രവാസികളുടെ പണം ചെന്നെത്തുന്നുണ്ട്. മിക്ക പ്രവാസികളും അകമഴിഞ്ഞു സഹായിക്കാൻ മടിയില്ലാത്തവരുമാണ്. ചിലരെങ്കിലും പ്രവാസികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാതെ സഹായത്തിനായി നിർബന്ധിക്കുന്ന ശൈലി സ്വീകരിക്കുന്നു.

അതോടൊപ്പം പ്രവാസിയുടെ കുടുംബം ഇത്തരം അവസരങ്ങളിൽ ആർഭാടങ്ങളില്ലാതെ കാര്യങ്ങൾ ചെയ്യുന്നത് ഈ കാലഘട്ടത്തിന് യോജിക്കാത്തതാണെന്ന മുദ്രകുത്തൽ, സോഷ്യൽ മീഡിയ വ്യാപകമായ ഇക്കാലത്ത് ഇങ്ങനെയൊന്നും ചെയ്തില്ലെങ്കിൽ താനും കുടുംബവും അപമാനിക്കപ്പെടുമെന്നു ചിന്തിക്കുന്ന പ്രവാസികൾ... ഇങ്ങനെ പ്രവാസി സമൂഹത്തെ ചതിക്കുഴികളിലേക്കു തള്ളിവിടുന്ന പല ഘടകങ്ങളുമുണ്ട്. കഴിവുള്ളവർ ചെയ്യട്ടെ, അതിൽ ആർക്കും തർക്കമില്ല. മറിച്ച് എല്ലാവരും അങ്ങനെ ചെയ്‌തേ മതിയാവൂ എന്ന വാശി ഒരിക്കലും അംഗീകരിക്കാവതല്ല. ഇത്തരം മാമൂലുകളോട് നോ പറയാനും സ്വന്തം സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു ജീവിതം പ്രയാസകരമല്ലാതെയാക്കാനും പ്രവാസികളും കുടുംബവും സമൂഹവും സാഹചര്യങ്ങൾ ഒരുക്കണം. ആ തിരിച്ചറിവിൽനിന്ന് മനുഷ്യജീവനാണ് വലുതെന്നും മാമൂലുകൾ ജീവിതത്തെ ഇരുട്ടിലേക്ക് തള്ളിയിടുമെന്നും അതിൽ വഴുതി വീഴാതെ ഹലാലായ മാർഗത്തിൽ, ടെൻഷൻ ഇല്ലാതെ, കൊക്കിൽ ഒതുങ്ങുന്നത് മാത്രം കൊത്തിയും ജീവിക്കാനുള്ള വിവേകം പ്രവാസികളിൽ ഉണ്ടാവണം. എങ്കിലേ ഇത്തരം ദുരന്ത വാർത്തകൾ ഒഴിവാക്കാൻ സാധിക്കുകയുള്ളൂ.

സർക്കാരും പ്രവാസി പ്രശ്‌നങ്ങളും

ഈ വർഷത്തെ ‘ലോക കേരളസഭ’യിൽ പ്രമുഖ വ്യവസായി ആക്ഷേപമായി ഉന്നയിച്ചത് പ്രവാസികൾ നാട്ടിൽ വന്ന് ഭക്ഷണം കഴിക്കുന്നതിനെ ധൂർത്തായി വ്യാഖ്യാനിക്കുന്നു എന്നതാണ്. ആരാണ് പ്രവാസ ലോകത്തെ പ്രയാസം പേറുന്നവർ എന്ന് പലപ്പോഴും അത്തരം മഹാസംഗമങ്ങളുടെ സംഘാടകരും സർക്കാരും സംവിധാനങ്ങളും മറന്നുപോവുകയാണ്. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ ജീവിതം മണലാരണ്യത്തിൽ നഷ്ടപ്പെടുത്തുന്ന ലക്ഷക്കണക്കിന് സാധാരണക്കാരാണ് യഥാർഥ പ്രവാസികൾ. അവരുടെ പ്രശ്‌നങ്ങൾ എത്രത്തോളം ഇത്തരം സഭകൾ അഡ്രസ്സ് ചെയ്യുന്നു, പരിഹരിക്കുന്നു എന്ന് അവരുടെ പേരിൽ ലഭിച്ച സ്ഥാനങ്ങൾ അലങ്കരമായി കാണുന്നവർ ചിന്തിക്കുന്നുണ്ടോ എന്നത് ഗൗരവതരമായി പരിശോധിക്കേണ്ട വസ്തുതയാണ്.

ആഘോഷ ഘട്ടങ്ങളിലും അവധി സമയങ്ങളിലും വിമാന കമ്പനികൾ ഈടാക്കുന്ന അമിത ടിക്കറ്റ് നിരക്കിന് തടയിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും നോർക്കയടക്കമുള്ള സംവിധാനങ്ങളും ഫലപ്രദമായി ഇടപെടണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇന്നും അത് പരിഹരിക്കപ്പെടാതെ കിടക്കുന്നു എന്നതുതന്നെ പ്രവാസി വിഷയത്തിൽ ഭരണകൂടത്തിന്റെ അലസ സമീപനത്തിന്റെ നേർചിത്രമാണ്. ഇത്തരം ദുരന്തങ്ങൾക്ക് വഴിവെക്കുന്നതിൽ ഭരണകൂടത്തിനും പങ്കുണ്ടെന്ന് സാരം.

സ്വദേശിവൽക്കരണം എന്ന കടമ്പ

ലോകമെങ്ങും സ്വദേശിവൽക്കരണം തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാവർക്കും തങ്ങളുടെ ജന്മനാട്ടിൽ തന്നെ ജോലി വേണം. ജനങ്ങളുടെ ജോലിയും ജീവനോപാധിയും ഉറപ്പു വരുത്തേണ്ടത് അതാത് രാജ്യത്തെ ഭരണകൂടങ്ങളുടെ ചുമതലയാണ്. അത് അവകാശമായി കണ്ട് ഭരണ കൂടങ്ങളെ സമ്മർദത്തിലാക്കി സ്വദേശിവൽക്കരണം നടപ്പിലാക്കുകയാണ് മിക്ക രാജ്യങ്ങളും. തൊഴിലില്ലായ്മ എന്നത് കേവലം ഒരു തൊഴിൽ പ്രശ്‌നം മാത്രമല്ല, മറിച്ച് അത് സാമൂഹിക സാമ്പത്തിക രംഗത്തും നാടിന്റെ ക്രമസമാധാന രംഗത്തും വലിയ പ്രത്യാഘാതമുണ്ടാക്കുന്ന കാര്യമാണ്. ഇത് തിരിച്ചറിയുന്നത്‌കൊണ്ടാണ് ഭരണാധികാരികൾ എന്ത് വിലകൊടുത്തും സ്വദേശിവൽക്കരണ നടപടികളുമായി മുന്നോട്ട് പോകുന്നത്. അത് നമ്മുടെ നാട്ടിലെ തൊഴിൽരഹിതരുടെ എണ്ണം വർധിപ്പിക്കും. അതുകൊണ്ട് തന്നെയാണ് നാട്ടിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ ആവശ്യമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം എന്ന് പ്രവാസി സമൂഹം ഒന്നടങ്കം ആവശ്യപ്പെടുന്നത്.

ഏതാനും ദിവസം മുമ്പ് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാവിഷയമായ ഒരു ചിത്രമുണ്ട്; പ്രവാസി വ്യവസായികളുടെ സൂപ്പർ മാർക്കറ്റിന് മുമ്പിൽ തൊഴിലാളി സംഘനകൾ സമരപ്പന്തൽ തീർത്ത ചിത്രം. ഇങ്ങനെയെങ്കിൽ എന്ന് നമ്മുടെ നാട് രക്ഷപ്പെടും? തൊഴിലാളിയും തൊഴിൽ ദാതാവും തമ്മിൽ ആരോഗ്യകരമായ ബന്ധം നിലനിൽക്കേണ്ടതിന്റെയും അത് തൊഴിൽമേഖലയിൽ ഉണ്ടാക്കേണ്ട അവസര ങ്ങളെയുംകുറിച്ച് നമ്മുടെ സർക്കാരും തൊഴിലാളി സംഘനടകളും എന്നാണ് തിരിച്ചറിയുക?

സർക്കാരിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ജനസംഖ്യയുടെ അഞ്ച് ശതമാനത്തോളം മാത്രം വരുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനുമായി മാറ്റിവെക്കുന്ന സംസ്ഥാനം എന്ന നിലയിൽ ബാക്കി വരുന്ന ബഹുഭൂരിപക്ഷം ജനതയുടെ തൊഴിൽസ്വപനങ്ങൾ നിറവേറ്റേണ്ടത് സ്വകാര്യമേഖലയിലാണ്. അതിനനുസൃതമായ നിക്ഷേപാന്തരീക്ഷം നാട്ടിൽ ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇല്ലെങ്കിൽ പുതുതലമുറ കള്ളക്കടത്തും മയക്കുമരുന്നു വ്യാപാരവും അടക്കമുള്ള അധാർമിക, നിയമവിരുദ്ധ മാർഗങ്ങളിൽ തൊഴിൽ കണ്ടെത്തുകയും അത് നാടിന്റെ ചെറുപ്പത്തെ നശിപ്പിക്കുകയും ഗുരുതരമായ സാമ്പത്തിക ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വഴിവെക്കുകയും ചെയ്യും.

തൊട്ടടുത്ത രാജ്യമായ ബംഗ്‌ളാദേശ് ഈ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്ന ഇടപെടലുകൾ നടത്തുന്നത് നാം കാണാതെപോകരുത്. അനാവശ്യ വിവാദങ്ങളും വിഭാഗീയ ചിന്തകളും അക്രമങ്ങളുമൊക്കെ നാടിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുകയും വളർച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുകയും ചെയ്യും. ഗൗരവതരമായ സംവാദങ്ങളും ചർച്ചകളും ഗുണപരമായ പദ്ധതികളുമാണ് നാടും ഭരണകൂടവും നടത്തേണ്ടത്. അനാവശ്യ വിവാദങ്ങൾക്ക് ചെവികൊടുക്കാതെ നാടിന്റെ സർവതോമുഖമായ വികസനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള വിവേകം ഭരണകൂടങ്ങളിൽനിന്നും ഉണ്ടാവണം.