നമസ്‌കാരം; ജീവിത ശുദ്ധീകരണത്തിന്റെ ഉദാത്ത മാർഗം

ഉസ്മാന്‍ പാലക്കാഴി

2022 സെപ്തംബർ 24, 1444 സ്വഫർ 27
ഇസ്‌ലാമിെൻറ പഞ്ചസ്തംഭങ്ങളിൽ ഒന്നായ അഞ്ചു നേരത്തെ നിർബന്ധ നമസ്കാരം അതിശ്രേഷ്ഠമായ ഒരു ആരാധനയാണ്. സ്രഷ്ടാവും മനുഷ്യനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ഈ കർമം അശ്രദ്ധമായ ആചാര നിർവഹണമായിരിക്കരുത്. നമസ്കാരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലേക്കും അത് നൽകുന്ന ഇഹപര നേട്ടങ്ങളിലേക്കും ഒരെത്തിനോട്ടം...

ആത്മീയത, സംസ്‌കരണം, വ്യക്തിത്വനവീകരണം, ജീവിതശുദ്ധീകരണം, സമർപ്പണം, ദൈവസ്മരണ എന്നിത്യാദി പല ഘടകങ്ങൾ ഉൾക്കൊണ്ട സവിശേഷമായ ഒരാരാധനയാണ് ഇസ്‌ലാമിലെ ‘സ്വലാത്ത്’ അഥവാ നമസ്‌കാരം. മനുഷ്യൻ ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേഷ്ഠവും മുഖ്യമായതും നിർബന്ധമായതും; അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതുമായ ആരാധനയാണ് നമസ്‌കാരം.

വിശുദ്ധ ക്വുർആനിലും നബിചര്യയിലും നമസ്‌കാരത്തെ സംബന്ധിച്ചു വന്ന പരാമർശങ്ങൾ ആരാധന എന്ന നിലയ്ക്ക് അതിനുള്ള സവിശേഷസ്ഥാനം വ്യക്തമാക്കുന്നവയാണ്. സത്യവിശ്വാസത്തിന്റെ അടയാളം, സ്രഷ്ടാവുമായുള്ള മനുഷ്യന്റെ ആത്മീയ ബന്ധത്തിന്റെ പ്രഖ്യാപനം എന്നിത്യാദി മാനങ്ങൾ നമസ്‌കാരത്തിനുണ്ടെന്നു തെളിയിക്കുന്ന ക്വുർആൻ വചനങ്ങൾ ഒട്ടനവധിയുണ്ട്. ഇതുപോലൊരു ആരാധന മറ്റൊരു മതവും പഠിപ്പിക്കുന്നില്ല.

ആത്മനിയന്ത്രണം

ആത്മനിയന്ത്രണം മനുഷ്യനിൽ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഒരു ഗുണമാണ്. എന്തു ചിന്തിക്കണം, എന്തു പ്രവർത്തിക്കണം, എന്തു പറയണം, എങ്ങനെ മുന്നോട്ടു നീങ്ങണം തുടങ്ങിയ കാര്യങ്ങൾ മനുഷ്യനിൽ, അവന്റെ നിലനിൽപിന് പരമ പ്രധാനങ്ങളായ തിരഞ്ഞെടുപ്പുകളാണ്. ഇവയിലെല്ലാം ആത്മനിയന്ത്രണത്തിന്റെ സവിശേഷ ശേഷി ആവശ്യമാണ്. മനുഷ്യന് ആത്മനിയന്ത്രണ ശേഷിയുണ്ടാക്കുന്നതിൽ അവന്റെ വിശ്വാസം, സംസ്‌കാരം, വിധേയത്വം, പ്രാർഥനകൾ, മറ്റു ആരാധനകൾ എന്നിവയ്ക്ക് അതിപ്രധാനമായ പങ്കുണ്ട്. ഏകദൈവത്തിൽ വിശ്വസിക്കുകയും ആ മഹാശക്തിയെ മാത്രം വന്നങ്ങുകയും ചെയ്യുന്ന സരണിയിലെ മുഖ്യമായ ആരാധന എന്ന നിലയിൽ നിത്യ പ്രാർഥനയായ നമസ്‌കാരത്തിന് ഇസ്‌ലാം കൽപിക്കുന്ന സവിശേഷ ലക്ഷ്യങ്ങളിൽ ഒന്ന് ആത്മനിയന്ത്രണശേഷി ഉണ്ടാക്കുകയും വളർത്തുകയും ചെയ്യുക എന്നതാണ്.

“പ്രാർഥന മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും (അല്ലാഹുവിന്റെ മുമ്പിൽ) തലകുനിക്കുന്നവരോടൊപ്പം നിങ്ങൾ തലകുനിക്കുകയും ചെയ്യുവിൻ’’ (ക്വുർആൻ 2:43).

“നിങ്ങൾ ക്ഷമയും നമസ്‌കാരവും മൂലം (അല്ലാഹുവിന്റെ) സഹായം തേടുക. അത് (നമസ്‌കാരം) ഭക്തൻമാരല്ലാത്തവർക്ക് വലിയ പ്രയാസമുള്ള കാര്യംതന്നെയാണ്’’(2:45).

സമർപ്പണം സ്രഷ്ടാവിനു മാത്രമെന്ന ദൃഢനിശ്ചയത്തോടുകൂടി മുന്നോട്ടു പോകുന്നതിലൂടെ വ്യക്തികൾക്ക് സ്വയം വിമലീകരണത്തിന്റെയും അഹംബോധത്തെ അതിജീവിക്കുവാനുള്ള മാനസികമായ കരുത്തിന്റെയും അവസരങ്ങൾ കരഗതമാകുന്നു. സ്രഷ്ടാവിൽ വിശ്വസിച്ചുകാണ്ട് നിയന്ത്രിതമായ ജീവിതം നയിക്കുന്നവർക്ക് ആത്മീയ ഉൽക്കർഷത്തിനുള്ള സന്ദർഭമാണ് പ്രാർഥനയുടേത്. എന്നാൽ സമർപ്പണത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും പാകത വരാത്തവർക്കിടയിൽ പ്രാർഥന അസ്വസ്ഥതയുടെയും ചുമട് താങ്ങുന്ന അനുഭവത്തിന്റെയും വേളയാണ്.

ക്ഷമയും പ്രാർഥനയും ഒന്നിച്ചു ചേരുമ്പോൾ വ്യക്തികൾക്ക് സാധ്യമാകുന്ന ആത്മീയശക്തി, ജീവിതത്തിന്റെ പ്രതിസന്ധികളെ മറികടന്നു മുന്നോട്ടു പോകുവാൻ സഹായിക്കുന്നതാണ്. മനുഷ്യന്റെ ശേഷികളെയും പരിമിതികളെയും സംബന്ധിച്ചുള്ള ബോധ്യവും സ്വന്തം ബലഹീനതയിലുള്ള അമർഷവും ഒന്നിച്ചു ചേരുമ്പോൾ ചില വ്യക്തികൾ സ്വജീവിതത്തോടും സമൂഹത്തോടും കാലത്തോടും കലഹിക്കുന്ന രോഷപ്രകൃതിയുള്ളവരായിത്തീരാറുണ്ട്. അസ്വസ്ഥതയുടെ കനലുകളെരിയുന്ന ഹൃദയങ്ങളുമായി അലഞ്ഞുനടക്കുന്ന ഇത്തരക്കാർ സമൂഹത്തിന്റെ സ്വാസ്ഥ്യം കെടുത്തുകയും സദ്‌വിചാരങ്ങളെ അപഹസിക്കുകയും ചെയ്യുന്നവരായിത്തീർന്നേക്കാം. ഈ വിപത്തിനെ പ്രതിരോധിക്കാനുള്ള ആത്മീയ വിമലീകരണത്തിന്റെയും നിയന്ത്രണത്തിന്റെയും മാർഗമാണ് നമസ്‌കാരമാകുന്ന പ്രാർഥന.

നിർബന്ധ കർമം

മനുഷ്യന്നും അവന്റെ സ്രഷ്ടാവിന്നുമിടയിൽ നിത്യമായി നിലനിൽക്കുന്ന ബന്ധമാണ് പ്രാർഥനയിലൂടെ സാധിതമാകുന്നത്. ഉന്നതനായ സ്രഷ്ടാവിനു മുന്നിൽ വ്യക്തികൾക്ക് തങ്ങളെത്തന്നെ പുനരർപ്പണം ചെയ്യുവാനുള്ള വേളയാണ് ഒാരോ നമസ്‌കാരവും. മനുഷ്യനും അവന്റെ നാഥനും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് ഏതാനും കഥകൾ മെനയുകയും നാമമാത്രങ്ങളായ ആരാധനകളിലും പ്രാർഥനകളിലും മതത്തെ ഒരുക്കുകയും ചെയ്യുന്ന സമീപനം ഇസ്‌ലാമിലില്ല. മനുഷ്യൻ അവന്റെ ശാന്തജീവിതത്തിലും അസ്വസ്ഥമായ അവസ്ഥകളിലും സ്രഷ്ടാവിനോടുള്ള തന്റെ ബന്ധം ആവർത്തിച്ച് ഓർക്കുകയും ഉറപ്പിക്കുകയും വേണ്ടതുണ്ട്. അതുകൊണ്ട്, നമസ്‌കാരം പ്രത്യേക കാരണങ്ങളില്ലാതെ ഒരു നിലയ്ക്കും ഒഴിവാക്കുവാൻ പാടുള്ളതല്ലെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. ഒഴിവാക്കുന്നവരുടെ സങ്കേതം നരകമായിരിക്കുമെന്ന് ക്വുർആനും പ്രവാചക വചനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. യാത്രകളിലും യുദ്ധവേളകളിലും അരക്ഷിതാവസ്ഥകളിലുമെല്ലാം നമസ്‌കാരം നിർവഹിക്കേണ്ടതുണ്ട് എന്ന് ക്വുർആൻ പഠിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:

“നിങ്ങൾ ഭൂമിയിൽ യാത്രചെയ്യുകയാണെങ്കിൽ സത്യനിഷേധികൾ നിങ്ങൾക്ക് നാശം വരുത്തുമെന്ന് നിങ്ങൾ ഭയപ്പെടുന്നപക്ഷം നമസ്‌കാരം ചുരുക്കി നിർവഹിക്കുന്നതിൽ നിങ്ങൾക്ക് കുറ്റമില്ല. തീർച്ചയായും സത്യനിഷേധികൾ നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കളാകുന്നു. (നബിയേ,) നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും അവർക്ക് നേതൃത്വം നൽകിക്കൊണ്ട് നമസ്‌കാരം നിർവഹിക്കുകയുമാണെങ്കിൽ അവരിൽ ഒരു വിഭാഗം നിന്റെ കൂടെ നിൽക്കട്ടെ. അവർ അവരുടെ ആയുധങ്ങൾ എടുക്കുകയും ചെയ്യട്ടെ. അങ്ങനെ അവർ സുജൂദ് ചെയ്തുകഴിഞ്ഞാൽ അവർ നിങ്ങളുടെ പിന്നിലേക്ക് മാറിനിൽക്കുകയും നമസ്‌കരിച്ചിട്ടില്ലാത്ത മറ്റേ വിഭാഗം വന്ന് നിന്റെ കൂടെ നമസ്‌കരിക്കുകയും ചെയ്യട്ടെ...’’ (4:101,102).

ഏറ്റുമുട്ടൽ അനിവാര്യമായ ഘട്ടത്തിൽ അതിലേർപ്പെടുന്നവർക്കുപോലും പ്രാർഥനയിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ അവകാശവും അധികാരവുമില്ലെന്നു പഠിപ്പിക്കുന്ന വാക്യമാണ് മുകളിൽ ഉദ്ധരിച്ചത്. മനുഷ്യനിലെ ആത്മമാംശത്തെ അതിന്റെ നിത്യ സജീവതയിൽ നിലനിർത്തുവാനും സർവശക്തനായ സ്രഷ്ടാവിന്റെ വിനീത ദാസനായിരിക്കുക എന്നതിൽനിന്ന് തനിക്ക് ഒരു വേളയിലും ഒഴിവില്ല എന്ന ചിന്തയിൽ മനസ്സുറപ്പിക്കുവാനും അതിലൂടെ ലഭ്യമാകുന്ന ആത്മധൈര്യം അവനെ മുന്നോട്ടു നയിക്കുവാനും ഈ കണിശത സഹായിക്കുന്നു.

മനുഷ്യന് ആത്മധൈര്യം പകരുന്ന ഒരു മാർഗമാണ് അഞ്ചുനേരത്തെ നമസ്‌കാരം. ജീവിതത്തിൽ വരുന്ന പ്രശനങ്ങൾക്കു മുമ്പിൽ അശക്തനാകാതിരിക്കുവാൻ, പ്രതിസന്ധികളിൽ തളരാതിരിക്കുവാൻ, സ്രഷ്ടാവിലുള്ള വിശ്വാസത്തിന്റെ പാശത്തിൽ മൂറുകെപ്പിടിച്ചുകൊണ്ട് നിത്യമായ പ്രത്യാശ പുലർത്തുവാൻ, ആത്മധൈര്യത്തോടെ മുന്നോട്ടു പോകുവാൻ-എന്നിങ്ങനെ പല കാര്യങ്ങൾക്ക് അഞ്ചുനേരത്തെ നമസ്‌കാരം ശക്തിയും ചൈതന്യവും പകരുന്നു.

“തീർച്ചയായും മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേയറ്റം അക്ഷമനായിക്കൊണ്ടാണ്. അതായത് തിന്മ ബാധിച്ചാൽ പൊറുതികേട് കാണിക്കുന്നവനായിക്കൊണ്ടും, നന്മ കൈവന്നാൽ തടഞ്ഞു വെക്കുന്നവനായിക്കൊണ്ടും. നമസ്‌കരിക്കുന്നവരൊഴികെ- അതായത് തങ്ങളുടെ നമസ്‌കാരത്തിൽ സ്ഥിരനിഷ്ഠയുള്ളവർ’’ (70:19-23).

പാപമോചനം

മനുഷ്യജീവിതത്തിന്റെ നിത്യവ്യവഹാരങ്ങൾക്കിടയിൽ പല തിന്മകളിലേക്കും ബോധപൂർവമോ അല്ലാതെയോ മനുഷ്യർ നയിക്കപ്പെടാനിടയുണ്ട്. തെറ്റുകളിൽനിന്നും തിന്മകളിൽനിന്നും ശ്രദ്ധാപൂർവം അകന്നുനിൽക്കുകയാണ് വിവേകശാലിയായ മനുഷ്യർ ചെയ്യേണ്ടത്. സംസ്‌കാരത്തിന്റെയും മഹത്ത്വത്തിന്റെയും ഔന്നത്യത്തിന്റെയും ഒന്നാമത്തെ ചുവടുവയ്പ് തെറ്റുകളിൽനിന്നും തിന്മകളിൽനിന്നും ജാഗ്രതയോടെ വിദൂരതയിൽ വർത്തിക്കുവാനുള്ള തീരുമാനവും ദൃഢനിശ്ചയവുമാണ്. ഇത്തരത്തിൽ ഒരു തീരുമാനവും ദൃഢനിശ്ചയവും ഉണ്ടായിത്തീരുമ്പോൾ വ്യക്തികൾ ആത്മീയ വളർച്ചയുടെ മാർഗത്തിൽ പ്രവേശിക്കുകയായി. അഞ്ചുനേരത്തെ നിർബന്ധ നമസ്‌കാരത്തിലൂടെ ഇസ്‌ലാം ലക്ഷ്യമാക്കുന്നത് വ്യക്തികളിൽ തിന്മകളോടുള്ള ജാഗ്രതാപൂർണമായ അകൽച്ചയും നന്മകളോടുള്ള ബോധപൂർവമായ ആഭി മുഖ്യവും ജനിപ്പിക്കുകയും വളർത്തിയെടുക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യുക എന്നതാണ്. നിർബന്ധ നമസ്‌കാരങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന വിശുദ്ധ ക്വുർആൻ വചനങ്ങളിൽ മേൽപറഞ്ഞ ലക്ഷ്യത്തിലേക്കു സൂചന നൽകപ്പെട്ടിട്ടുണ്ട്.

“പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്‌കാരം മുറപോലെ നിർവഹിക്കുക. തീർച്ചയായും സൽകർമങ്ങൾ ദുഷ്‌കർമങ്ങളെ നീക്കിക്കളയുന്നതാണ്. ചിന്തിച്ചു ഗ്രഹിക്കുന്നവർക്ക് ഒരു ഉൽബോധനമാണത്. നീ ക്ഷമിക്കുക. സുകൃതവാന്മാരുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല. തീർച്ച’’ (11:114-115).

“(നബിയേ) വേദഗ്രന്ഥത്തിൽനിന്നും നിനക്ക് ബോധനം നൽകപ്പെട്ടത് ഓതിക്കേൾപിക്കുകയും നമസ്‌കാരം മുറപോലെ നിർവഹിക്കുകയും ചെയ്യുക. തീർച്ചയായും നമസ്‌കാരം നീചവൃത്തിയിൽനിന്നും നിഷിദ്ധ കർമത്തിൽനിന്നും തടയുന്നു. അല്ലാഹുവെ ഓർമിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. നിങ്ങൾ പ്രവർത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു’’ (29:45).

നിർണിത സമയങ്ങളിലുള്ള നമസ്‌കാരം ഏറ്റവും മികച്ച സൽകർമാണ്. ദുഷ്‌കർമങ്ങളെ നിഷ്ഫലമാക്കുവാനും നീക്കിക്കളയുവാനും അവയ്ക്കു കഴിയും. ചിന്താശേഷിയും വിവേകവുമുള്ള ഏതു വിശ്വാസിക്കും സമയനിഷ്ഠയോടുകൂടിയ നമസ്‌കാരം അവഗണിക്കാനാവില്ല. ക്ഷമയും സഹനവും ഉൽപാദിപ്പിക്കുന്ന ശ്രേഷ്ഠ കർമമാണ് അഞ്ചുനേരത്തെ നിർബന്ധ നമസ്‌കാരങ്ങൾ. പ്രവാചകന്മാർ ഉൾപ്പെടുന്ന മനുഷ്യരിലെ ശ്രേഷ്ഠർക്കും സാധാരണക്കാർക്കും സ്രഷ്ടാവിലേക്കുള്ള വഴികൾ പ്രാർഥനകളാണ്. നീചവൃത്തികളിൽനിന്നും മനുഷ്യരെ പ്രതിരോധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിൽ സമയനിഷ്ഠതയോടുകൂടിയ നമസ്‌കാരത്തിന് അടിസ്ഥാനപരമായ പങ്കുണ്ട്. ദൈവസ്മരണയുടെ ഏറ്റവും ഉയർന്ന രൂപവും ഇതുതന്നെയാണ്. മനുഷ്യമനസ്സുകളിൽ; സ്രഷ്ടാവ് തങ്ങളെ നിരീക്ഷിക്കുന്നു, തങ്ങളുടെ ചലനങ്ങളും പ്രവൃത്തികളും വ്യക്തമായും സൂക്ഷ്മായും മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു എന്നെല്ലാമുള്ള ബോധം ഉൽപാദിപ്പിക്കുവാൻ കൃത്യനിഷ്ഠയോടുകൂടിയ നമസ്‌കാരം ആവശ്യമാണ് എന്നിങ്ങനെയുള്ള ആശയങ്ങളാണ് ക്വുർആൻ വ്യക്തമാക്കുന്നത്.

ചിട്ടകളോടെയുള്ള കർമം

സമയനിഷ്ഠയോടെയുള്ള നമസ്‌കാരം ജീവിതത്തിൽ എപ്രകാരം പരമപ്രധാനമാണോ അത്രതന്നെ പരമപ്രധാനമാണ് ആ പ്രാർഥനയ്ക്കുള്ള മാനസികവും ശാരീരികവുമായ മുന്നൊരുക്കം. ഏതൊരു കർമത്തിന്റെയും പ്രാധാന്യം വർധിക്കുന്തോറും അതിന്റെ പശ്ചാത്തല ഘടകങ്ങളുടെയും അനിവാര്യ സാഹചര്യങ്ങളുടെയും ഉണ്ടായിരിക്കേണ്ടുന്ന അനുബന്ധങ്ങളുടെയും പ്രാധാന്യവും വർധിക്കുക സ്വാഭാവികമാണ്. ആത്മീയവും സാസ്‌കാരികവുമായ അഭിവൃദ്ധിയുടെയും മുന്നേറ്റത്തിന്റെയും സ്രഷ്ടാവുമായുള്ള ബന്ധത്തിന്റെയും വഴി എന്ന നിലയ്ക്ക് സമയബന്ധിതമായ നിർബന്ധ നമസ്‌കാരങ്ങൾക്കുള്ള സാഹചര്യ ഘടകങ്ങൾക്കും സുപ്രധാനമായ പരിഗണനയാണ് വിശുദ്ധ ക്വുർആൻ നൽകിയിരിക്കുന്നത്. പ്രസ്തുത സാഹചര്യ ഘടകങ്ങളിൽ മനസ്സാന്നിധ്യവും മാനസിക-ശാരീരിക ശുദ്ധിയും വളരെയധികം ഊന്നൽ നൽകി പരാമർശിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വുദൂഅ് അഥവാ അംഗശുദ്ധീകരണം നമസ്‌കാരത്തിനു മുമ്പ് നടത്തൽ നിർബന്ധമാണെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. അതുപോലെത്തന്നെ ഭയഭക്തിയോടെയായിരിക്കണം നമസ്‌കാരത്തിനു നിൽക്കുന്നത്.

“തങ്ങളുടെ നമസ്‌കാരത്തിൽ ഭക്തിയുള്ളവരും അനാവശ്യകാര്യത്തിൽനിന്നും തിരിഞ്ഞുകളയുന്നവരും സകാത്ത് നിർവഹിക്കുന്നവരുമായ വിശ്വാസികൾ വിജയം പ്രാപിച്ചിരിക്കുന്നു’ (23:1-4).

ഭയഭക്തിയോടെയായിരിക്കുക, അനാവശ്യ ചിന്തകളിൽനിന്നും പ്രവൃത്തികളിൽന്നും വിട്ടുനിൽക്കുവാൻ പ്രേരിപ്പിക്കും വിധമാവുക, മതം അനുശാസിക്കുന്ന ചുമതലകളുടെ അനിവാര്യത തിരിച്ചറിഞ്ഞു കൊണ്ടായിരിക്കുക തുടങ്ങിയവ നമസ്‌കാരത്തിന്റെ ആത്മീയമായ പശ്ചാത്തല ഘടകങ്ങളായിരിക്കേണ്ടതുണ്ടെന്ന് ഈ വചനം പഠിപ്പിക്കുന്നു. ചുരുക്കത്തിൽ, ശാരീരികവും മാനസികവും ചിന്താപരവുമായ മുന്നൊരുക്കത്തോടുകൂടിയായിരിക്കണം ഒരു വിശ്വാസി നമസ്‌കാരത്തിൽ ഏർപെടുന്നത്. സർവശക്തനായ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ടായിരിക്കണം നമസ്‌കരിക്കുന്നത്. അല്ലാത്തപക്ഷം ആ നമസ്‌കാരംതന്നെയും അത് നിർവഹിച്ചയാൾക്ക് ദോഷകരമായിരിക്കുമെന്ന് ക്വുർആൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

“എന്നാൽ തങ്ങളുടെ നമസ്‌കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരും ജനങ്ങളെ കാണിക്കുവാൻ വേണ്ടി പ്രവർത്തിക്കുന്നവരും പരോപകാര വസ്തുക്കൾ മുടക്കുന്നവരുമായ നമസ്‌കാരക്കാർക്കാകുന്നു നാശം’’ (107: 4-7).

അതിപ്രധാനമായ ഒരു കർമം അതർഹിക്കുന്നവിധത്തിൽ അനുഷ്ഠിക്കാതിരിക്കുകയോ, അതിന്റെ അനിവാര്യഘടകങ്ങളെ പരിഗണിക്കാതിരിക്കുകയോ, അതുമുഖേന ലഭ്യമാകുമെന്ന് പ്രമാണങ്ങൾ പഠിപ്പിക്കുന്ന ഗുണങ്ങൾ ലഭ്യമാകും വിധത്തിൽ അനുഷ്ഠിക്കാതിരിക്കുകയോ ചെയ്യുന്നത് ഫലത്തിൽ ആ കർമത്തെ വിലകുറച്ചു കാണലും നിന്ദിക്കലൂമാണ്. നിത്യപ്രാർഥനയുടെ കാര്യത്തിൽ പരിഗണിക്കേണ്ടുന്ന അനിവാര്യഘടകങ്ങളെ പരിഗണിക്കാതിരിക്കുന്നത് യഥാർഥത്തിൽ പ്രാർഥനകളെ വിലകുറച്ചു കാണുന്നവരാണ്. മനസ്സാന്നിധ്യമില്ലാത്ത ഉപരിപ്ലവ അനുഷ്ഠാനമായി നമസ്‌കാരത്തെ അധഃ പതിപ്പിക്കുന്നതിലൂടെ അതിമഹത്തായ ലക്ഷ്യങ്ങൾക്കായി അനുശാസിക്കപ്പെട്ട ഒരു പുണ്യകർമത്തെ പാഴാക്കിക്കളയുകയും നിന്ദിക്കുകയുമാണു ചെയ്യുന്നത്. ആത്മവിനാശകമായ ഈ ദുർവൃത്തിക്കെതിരായ മുന്നറിയിപ്പാണ് 107:4-7 വാക്യങ്ങൾ

പ്രതിബദ്ധതയുടെ അടയാളം

മനുഷ്യനും അവന്റെ സ്രഷ്ടാവിനുമിടയിലെ ബന്ധത്തിന്റെ പ്രഖ്യാപനമാണ് സമയബന്ധിതമായ അഞ്ചുനേര നമസ്‌കാരം. സ്രഷ്ടാവിനോടും സ്രഷ്ടാവ് മനുഷ്യന്റെ ആത്യന്തിക വിജയത്തിനായി അവ തരിപ്പിച്ച മൂല്യങ്ങളോടുമുള്ള പ്രതിബദ്ധതയുടെ പ്രഖ്യാപനം കൂടിയാണിത്. ഞാൻ സ്രഷ്ടാവിൽ വിശ്വസിക്കുകയും അവനെ മാത്രം നാഥനും രക്ഷകനുമായി അംഗീകരിക്കുകയും ചെയ്യുന്നു എന്നു പറയുന്ന ഒരു വ്യക്തിയുടെ വാക്കുകളുടെ സത്യസ്ഥിതി വെളിപ്പെടുത്തുന്നത് സമയനിഷ്ഠയോടുകൂടിയ അവന്റെ നമസ്‌കാരങ്ങളാണ്. വിശുദ്ധ ക്വുർആനിലെ നിരവധി വചനങ്ങളിൽ, വിഭിന്ന രൂപങ്ങളിലായി ഈ ആശയം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

“ഇതാകുന്നു ഗ്രന്ഥം. അതിൽ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവർക്ക് നേർവഴി കാണിക്കുന്നതാണ് അത്. അദ്യശ്യകാര്യങ്ങളിൽ വിശ്വസിക്കുകയും നമസ്‌കാരം മുറപ്രകാരം നിർവഹിക്കുകയും നാം നൽകിയ സമ്പത്തിൽനിന്ന് ചെലവഴിക്കുകയും നിനക്കും നിന്റെ മുൻഗാമികൾക്കും നൽകപ്പെട്ട സന്ദേശത്തിൽ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവർ (സൂക്ഷ്മത പാലിക്കുന്നവർ). നാഥൻ കാണിച്ച നേർവഴിയിലാകുന്നു അവർ. അവർതന്നെയാകുന്നു സാക്ഷാൽ വിജയികൾ’’ (2:25).

വിശ്വാസത്തിന്റെ മാർഗത്തിലൂടെ വിജയവും സ്രഷ്ടാവിന്റെ പ്രീതിയും കരസ്ഥമാക്കുന്നവരുടെ അടയാളങ്ങൾ എണ്ണിപ്പറയുന്ന മേൽവാക്യത്തിൽ അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുക; അഥവാ വിശ്വസിക്കുവാൻ വിശുദ്ധ ക്വുർആനും പ്രവാചക വചനങ്ങളും അനുശാസിക്കുന്ന കാര്യങ്ങൾ കണിശതയോടെ വിശ്വസിക്കുക, നമസ്‌കാരം സമയാസമയം മുറപ്രകാരം നിർവഹിക്കുക, സമ്പത്തുകൊണ്ടുള്ള മതപരമായ ബാധ്യതകൾ നിർവഹിക്കുക, അല്ലാഹുവിന്റെ വേദഗ്രന്ഥങ്ങളിലെല്ലാം വിശ്വസിക്കുക, നാഥനിൽനിന്നുള്ള മാർഗദർശനത്തെ വിശ്വസിച്ചവലംബിക്കുക എന്നിവയൊക്കെ പ്രതിപാദിച്ചിരിക്കുന്നു.

നമസ്‌കാരം യഥാസമയം നിഷ്ഠയോടെ നിർവഹിക്കുന്നതിനെ സത്യവിശ്വാസിയുടെ ഏറ്റവും സുപ്രധാനമായ ഒരു ലക്ഷണമായി വിശുദ്ധ ക്വുർആൻ ചൂണ്ടിക്കാണിച്ചിരിക്കുന്നു: “നമസ്‌കാരം മുറപോലെ നിർവഹിക്കുകയും സകാത്തു നൽകുകയും (അല്ലാഹുവിന്റെ) മുമ്പിൽ തലകുനിക്കുന്നവരോടൊപ്പം നിങ്ങൾ തലകുനിക്കുകയും ചെയ്യുവിൻ’’ (2:43),

ധർമത്തിലും ദൈവഭക്തിയിലും നീതിബോധത്തിലും അടിയുറച്ച ഒരു സമൂഹത്തിന്റെ ലക്ഷണം വിവരിക്കുമ്പോൾ മുറപ്രകാരമുള്ള നമസ്‌കാരം, സമ്പത്തിന്റെ സംശുദ്ധമായ വിനിയോഗം, താഴ്മയോടും ഭക്തിയോടുമുള്ള സമർപ്പണം എന്നിവ ഊന്നിപ്പറയുന്നു. ഇവ പരസ്പരം ബന്ധിതങ്ങളാണ്. ഇവയിൽ ഒന്ന് ഒരു വ്യക്തിയുടെ ജീവിതശീലങ്ങളിൽ യഥാർഥ രൂപത്തിൽ ഉണ്ടെങ്കിൽ തീർച്ചയായും മറ്റുള്ളവയും ഉണ്ടായിരിക്കുകതന്നെ ചെയ്യും.

“നിങ്ങൾ നമസ്‌കാരം മുറപ്രകാരം നിർവഹിക്കുകയും സകാത്തു നൽകുകയും ചെയ്യുക. നിങ്ങളുടെ സ്വന്തം ഗുണത്തിനായി നിങ്ങൾ നല്ലതായ എന്തൊന്ന് മുൻകൂട്ടി ചെയ്താലും ശരി അതിന്റെ ഫലം അല്ലാഹുവിങ്കൽ നിങ്ങൾക്ക് കണ്ടെത്താവുന്നതാണ്. നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു’’ (2:110).

മതം അനുശാസിക്കുന്ന നിർബന്ധകാര്യങ്ങൾ ഊന്നിപ്പറയുകയും, അവയത്രയും മനുഷ്യന്റെ ഗുണത്തിനും അഭിവൃദ്ധിക്കും സ്രഷ്ടാവിന്റെ പ്രീതിക്കും ആത്മീയതയുടെ ശരിയായ പ്രാപ്തിക്കും ആവശ്യമാണെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്ന വാക്യമാണിത്. മറ്റൊരു വാക്യത്തിൽ നന്മയുടെയും സദ്‌വൃത്തിയുടെയും ഘടകങ്ങൾ വിശദമാക്കിക്കൊണ്ട് പറയുന്നു:

“നിങ്ങളുടെ മുഖങ്ങൾ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. എന്നാൽ അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകൻമാരിലും വിശ്വസിക്കു കയും, സ്വത്തിനോടു പ്രിയമുണ്ടായിട്ടും അത് ബന്ധുക്കൾക്കും അനാഥകൾക്കും അഗതികൾക്കും വഴിപോക്കന്നും ചോദിച്ചു വരുന്നവർക്കും അടിമമോചനത്തിനും നൽകുകയും, നമസ്‌കാരം മുറപ്രകാരം നിർവഹിക്കുകയും സകാത്തു നൽകുകയും കരാറിലേർപ്പെട്ടാൽ അത് നിറവേറ്റുകയും വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും യുദ്ധരംഗത്തും ക്ഷമ കൈകൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാർ. അവരാകുന്നു സത്യം പാലിച്ചവർ. അവർതന്നെയാകുന്നു (ദോഷബാധയെ സൂക്ഷിച്ചവർ’’ (2:177).

“പ്രാർഥനകൾ (അഥവാ നമസ്‌കാരങ്ങൾ) നിങ്ങൾ സൂക്ഷ്മതയോടെ നിർവഹിച്ചുപോരേണ്ടതാണ്. പ്രത്യേകിച്ചും ഉൽകൃഷ്ടമായ നമസ്‌കാരം. അല്ലാഹുവിന്റെ മുമ്പിൽ ഭക്തിയോടുകൂടി നിന്നുകൊണ്ടാകണം നിങ്ങൾ പ്രാർഥിക്കുന്നത്’’ (2:238).

അശ്രദ്ധമായ ആചാരനിർവഹണമായിരിക്കരുത് നമസ്‌കാരം. അവയത്രയും ഹൃദയത്തിന്റെ സജീവ പങ്കാളിത്തവും ആത്മാവിന്റെ ശക്തമായ സാന്നിധ്യവുമുള്ള അർഥവത്തായ ആരാധനകളായിരിക്കാൻ ശ്രദ്ധിക്കുമ്പോൾ, അവയുടെ ഗുണഫലങ്ങൾ വിശ്വാസികൾക്ക് അനുഭവിക്കാൻ കഴിയും. ഹൃദയത്തിൽനിന്ന് ജനിക്കുന്ന സുവ്യക്തമായ ഭക്തിയുടെയും സമർപ്പണത്തിന്റെയും പിൻബലത്തോടുകൂടിയല്ലാതെ പ്രപഞ്ച നാഥനുമുന്നിൽ പ്രാർഥനക്കായി നിൽക്കരുത് എന്നാണ് വിശുദ്ധ ക്വുർആൻ പറയുന്നത്.

“വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും, നമസ്‌കാരം മുറപോലെ നിർവഹിക്കുകയും, സകാത്ത് കൊടുക്കുകയും ചെയ്യുന്നവർക്ക് അവരുടെ രക്ഷിതാവിങ്കൽ അവരർഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവർക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല’ (2:277),

സൽകർമ്മങ്ങളുടെ കൂട്ടത്തിൽ മുഖ്യമായ ഒന്നാണ് നമസ്‌കാരം. എന്നിട്ടും അതിനെ വേറിട്ടു പ്രതിപാദിക്കുന്നത് അതിന്റെ പ്രാധാന്യവും പരിഗണനീയതയും ഊന്നിപ്പറയുവാനാണ്. മനുഷ്യനും സ്രഷ്ടാവിനുമിടയിലുള്ള ബന്ധത്തിന്റെ പ്രകടമായ പ്രഖ്യാപനമാണ് സമയനിഷ്ഠയോടുകൂടിയ നമസ്‌കാരം, മനുഷ്യനും സമൂഹത്തിനുമിടയിലെ ബന്ധത്തിന്റെ ഒരർഥത്തിലുള്ള പ്രകടനമാണ് സാമ്പത്തിക ബാധ്യതയുടെ നിർവഹണം അഥവാ സകാത്ത്. സൽകർമങ്ങളിൽനിന്ന് ഇവയെ പ്രത്യേകം ഊന്നി പറയുന്നത് മനുഷ്യജീവിതത്തിന്റെ ആന്തരികവും ബാഹ്യവുമായ അവസ്ഥാവിശേഷങ്ങളെ സംസ്‌കരിക്കുന്നതിൽ ഇവ അതിപ്രധാനങ്ങളായതുകൊണ്ടാണ്.

“നിങ്ങൾ നമസ്‌കാരം മുറപ്രകാരം നിർവഹിക്കണമെന്നും, അവനെ സൂക്ഷിക്കണമെന്നും കൽപിക്കപ്പെട്ടിരിക്കുന്നു. അവങ്കലേക്കായിരിക്കും നിങ്ങളെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്നത്. അവനത്രെ ആകാശങ്ങളും ഭൂമിയും മുറ പ്രകാരം സൃഷ്ടിച്ചവൻ. അവൻ ഉണ്ടാകൂ എന്നുപറയുന്ന ദിവസം അതുണ്ടാകുക തന്നെ ചെയ്യുന്നു. അവന്റെ വചനം സത്യമാകുന്നു...’’ (6:72-73).

ഭൂമിയിലും ആകാശങ്ങളിലും പ്രപഞ്ചത്തിന്റെ ഓരോ അണുവിലും ആധിപത്യവും അധികാരവും ചെലുത്തുന്ന സഷ്ടാവിൽനിന്നുള്ള ഒരു കൽപന അനുസരിക്കുമ്പോൾ ആ സ്രഷ്ടാവിനെക്കുറിച്ചുള്ള ഭയഭക്തികളോടെ ആയിരിക്കേണ്ടത് സ്വാഭാവികമായ ഒരാവശ്യമാണ്. മനസ്സിൽ സർവാധിനാഥനോടുള്ള പരമമായ വിധേയത്വത്തിന്റെ താഴ്മയും നിറഞ്ഞുകവിയേണ്ടതുണ്ട്.

“അല്ലാഹൂവിനെപ്പറ്റി പറയപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ചു നടുങ്ങുകയും, അവന്റെ ദൃഷ്ടാന്തങ്ങൾ വായിച്ചു കേൾപിക്കപ്പെട്ടാൽ വിശ്വാസം വർധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേൽ ഭരമേൽപിക്കുകയും ചെയ്യുന്നവർ മാത്രമാണു സത്യവിശ്വാസികൾ. നമസ്‌കാരം മുറപോലെ നിർവഹിക്കുകയും നാം നൽകിയിട്ടുള്ളതിൽനിന്ന് ചെലവഴിക്കുകയും ചെയ്യുന്നവർ’’ (8:2,3).

വിശ്വാസത്തിന്റെ ചൈതന്യം സ്വാധീനം ചെലുത്തുന്ന സത്യവിശ്വാസികളെക്കുറിച്ച് വിവരിക്കുകയാണു ക്വുർആൻ. പരമാധികാരിയും പ്രപഞ്ചത്തിന്റെയഖിലവും നാഥനുമായ സ്രഷ്ടാവിനെക്കുറിച്ച് സ്മരിക്കുമ്പോൾ ഹൃദയത്തിൽ ഭക്തിയും ബഹുമാനാദരവും വർധിക്കുകയും, പ്രതാപവാനായ സ്രഷ്ടാവിന്റെ മഹത്ത്വം ഉദ്‌ഘോഷിക്കുന്ന വചനങ്ങൾ വായിച്ചു കേൾക്കാനിടയായാൽ അവയുടെ പൊരുൾ ഉറ്റാലോചിച്ച് ഹൃദയം വിറകൊള്ളുകയും, ചെറുതും വലുതമായ എല്ലാകാര്യങ്ങളിലും ആ മഹാശക്തിയിൽ ഭരമേൽപിക്കുകയും ചെയ്യുന്നവരാണ് വിശ്വാസികൾ. വിശ്വാസത്തിന്റെ മഹത്തായ ഈ മനോഭാവങ്ങൾ ഉള്ളവർ നമസ്‌കാരം യഥാസമയം നിർവഹിക്കുകയും ദൈവാനുഗ്രഹമായി തങ്ങൾക്ക് ലഭിച്ച സമ്പത്തും മറ്റു സൗകര്യങ്ങളത്രയും മനുഷ്യർക്കിടയിൽ നീതിപൂർവകമായി ചെലവഴിക്കുകയും ചെയ്യുന്നവരായിരിക്കും. അവിശ്വാസികളെക്കുറിച്ചു വിവരിക്കുന്ന വചനങ്ങൾക്കൊടുവിൽ അവിശ്വാസികൾ വിശ്വാസികളായി പരിവർത്തിക്കപ്പെടുന്ന ആശയം വ്യക്തമാക്കിക്കൊണ്ട് ക്വുർആൻ പറയുന്നത് പശ്ചാത്താപവും നമസ്‌കാരവും സകാത്തും ഉൾപ്പെടെയുള്ള പ്രധാനകാര്യങ്ങൾ ആ പരിവർത്തനത്തിന് അനിവാര്യമാണ് എന്നാണ്:

“എന്നാൽ അവർ പശ്ചാത്തപിക്കുകയും, നമസ്‌കാരം മുറപോലെ നിർവഹിക്കുകയും, സകാത്ത് നൽകുകയും ചെയ്യുന്നപക്ഷം അവർ മതത്തിൽ നിങ്ങളുടെ സഹോദരങ്ങളാകുന്നു. മനസ്സിലാക്കുന്ന ആളുകൾക്ക് വേണ്ടി നാം ദൃഷ്ടാന്തങ്ങൾ വിശദീകരിക്കുന്നു’’ (9:11).

“സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവർ സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽനിന്ന് വിലക്കുകയും, നമസ്‌കാരം മുറപോലെ നിർവഹിക്കുകയും, സകാത്ത് നൽകുകയും, അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണകാണിക്കുന്നതാണ്. തീർച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്. സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകൾ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവർ അതിൽ നിത്യവാസികളായിരിക്കും. സ്ഥിരവാസത്തിനുള്ള തോട്ടങ്ങളിൽ വിശിഷ്ടമായ പാർപ്പിടങ്ങളും (വാഗ്ദാനം ചെയ്തിരിക്കുന്നു). എന്നാൽ അല്ലാഹുവിങ്കൽനിന്നുള്ള പ്രീതിയാണ് ഏറ്റവും വലുത്. അതത്രെ മഹത്തായ വിജയം’’ (9:71,72).

ഒരു മനുഷ്യൻ താൻ സത്യവിശ്വാസിയും സ്രഷ്ടാവിന്റെ ദാസനുമാണ് എന്നു പറയുന്നതിന്റെ ഏറ്റവും മികച്ച തെളിവ് നിത്യനിഷ്ഠമായ പ്രാർഥന അവന്റെ ജീവിതത്തിലുണ്ടാവുക എന്നതാണ്.

പൂർവകാലത്തിന്റെ തുടർച്ച

“അവർ പറഞ്ഞു: ശുഐബേ, ഞങ്ങളുടെ പിതാക്കൻമാർ ആരാധിച്ച് വരുന്നതിനെ ഞങ്ങൾ ഉപേക്ഷിക്കണമെന്നോ, ഞങ്ങളുടെ സ്വത്തുക്കളിൽ ഞങ്ങൾക്ക് ഇഷ്ടമുള്ള പ്രകാരം പ്രവർത്തിക്കാൻ പാടില്ലെന്നോ നിനക്ക് കൽപന നൽകുന്നത് നിന്റെ ഈ നമസ്‌കാരമാണോ? തീർച്ചയായും നീ സഹനശീലനും വിവേകശാലിയുമാണല്ലോ!’’ (11:87).

പൂർവ പ്രവാചകൻമാരിൽ ഒരാളായ ശുഐബ് നബി(അ)യോട് തന്റെ പ്രബോധിതജനത ചോദിക്കുന്നത് വിശുദ്ധ ക്വുർആൻ ഉദ്ധരിക്കുകയാണ്. സമയാധിഷ്ഠിതമായ ആരാധന എന്ന നിലയിൽ സ്വലാത്ത് അഥവാ നമസ്‌കാരം ആ പ്രവാചകനിലും അദ്ദേഹത്തിന്റെ സംസ്‌കാരത്തിലും ചെലുത്തിയിരുന്ന സ്വാധീനം അദ്ദേഹത്തിന്റെ പ്രതിയോഗികളുടെ ചോദ്യത്തിൽ പ്രതിഫലിക്കുന്നുണ്ട്. പൂർവികർ ആരാധിച്ചുവന്നിരുന്ന മിഥ്യാസങ്കൽപങ്ങളെ തിരസ്‌കരിച്ച് സത്യസ്രഷ്ടാവിലേക്കു തിരിയുവാനുള്ള പ്രേരണയുടെ സ്രോതസ്സായി അക്കാലത്തും സമയാധിഷ്ഠിത പ്രാർഥന വർത്തിച്ചിരുന്നു. സമ്പത്തിന്റെയും ശേഷിയുടെയും വിനിയോഗത്തിൽ തെറ്റായ ശീലങ്ങളിൽനിന്നും മൂല്യാധിഷ്ഠിത സമീപനങ്ങളിലേക്കു പരിണമിക്കുവാനുള്ള ശക്തമായ പ്രേരണയും ആ ആരാധനയിൽനിന്നു ലഭ്യമായിരുന്നു.

ശുഐബ് നബി(അ)യെ സഹനശീലനും വിവേകിയുമായി അംഗീകരിക്കുവാൻ ശത്രുപക്ഷത്തുള്ള അവിശ്വാസികൾ പോലും നിർബന്ധിതരായിത്തീരുമാറ് പ്രാർഥന അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ അടയാളമായി കഴിഞ്ഞിരുന്നു. പരിഹാസപൂർവമാണെങ്കിലും, ശുഐബ് നബി(അ)യുടെ മഹത്ത്വം അംഗീകരിക്കുന്ന പ്രസ്താവനകൾ വിരോധികളിൽനിന്ന് ഉണ്ടായത് പ്രാർഥനയുടെ സ്വാധീനഫലമാണ്.

“എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിർവഹിക്കുന്നവനാക്കേണമേ! എന്റെ സന്തതികളിൽ പെട്ടവരെയും (അപ്രകാരം ആക്കേണമേ). ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാർഥന നീ സ്വീകരിക്കുകയും ചെയ്യേണമേ’’ (14:40).

ദൈവദൂതൻമാരിൽ ശ്രേഷ്ഠ വ്യക്തിത്വത്തിന്നുടമയായ ഇബ്‌റാഹീം നബി(അ)യുടെ പ്രാർഥനകളിൽ ഒന്നാണിത്. തന്നെയും തന്റെ സന്താനപരമ്പരകളെയും നമസ്‌കാരത്തിന്റെ ചൈതന്യം ആർജിച്ചവരാക്കി മാറ്റുവാൻ സർവശക്തനോടു പ്രാർഥിച്ച ഇബ്‌റാഹിം നബി(അ)യുടെ പ്രാർഥനകൾ ചരിത്രത്തെ മാറ്റിമറിച്ചവയാണ്. ഏകദൈവവിശ്വാസികളായ ഒരു ജനസമൂഹത്തെ ഭൂമിയുടെ അങ്ങോളമിങ്ങോളം ആവിർഭവിപ്പിച്ചുകൊണ്ട് ആ പ്രവാചകശ്രേഷ്ഠന്റെ ആഗ്രഹവും പ്രാർഥനയും പ്രപഞ്ചനാഥൻ പൂർത്തീകരിച്ചുകൊടുത്തതായി ചരിത്രത്തിൽനിന്നു മനസ്സിലാക്കാം.

ഇങ്ങനെ, ഈസാ നബി(അ)യും മൂസാനബി(അ)യും അടക്കമുള്ള പൂർവകാലത്തെ എല്ലാ ദൂതന്മാരും ദൈവിക മാർഗദർശനമനുസരിച്ച് പ്രാർഥന അഥവാ നമസ്‌കാരം നിർവഹിച്ചിരുന്നു എന്ന് ക്വുർആനിൽനിന്ന് മനസ്സിലാക്കാൻ കഴിയും. അന്ത്യദൂതനായ മുഹമ്മദ് നബി ﷺ യോട് സ്രഷ്ടാവ് അനുശാസിച്ചത്, പൂർവകാലത്തിന്റെ ആ തുടർച്ചയിൽ നിന്നുകൊണ്ട് പ്രാർഥനയിലൂടെ മനുഷ്യജന്മത്തെ അർഥവത്താ ക്കുവാനാണ്. പ്രപഞ്ചനാഥനെ സ്മരിക്കുകയും അനുസരിക്കുകയും ആ മഹാശക്തിയുമായി മനുഷ്യന് സാധിക്കും വിധം ബന്ധം നിലനിർത്തുകയും ചെയ്യുന്നതിന് ഒരു ഉപാധിയും മാർഗവുമാണ് അഞ്ചുനേരത്തെ നമസ്‌കാരങ്ങൾ. ചരിത്രത്തിലുടെയും പൂർവകാലത്തിലൂടെയും മാനവതയെ പിന്തുടർന്നുവന്നിട്ടുള്ള മോക്ഷത്തിന്റെയും ദൈവപ്രീതിയുടെയും ഈ അനന്യമായ ആത്മീയോപാധിയെ സംബന്ധിച്ച് വർത്തമാനകാല മനുഷ്യരിൽ ചിലർ പുലർത്തുന്ന അശ്രദ്ധയും നിസ്സംഗതയും എത്രമാത്രം കുറ്റകരവും സ്വന്തം ആത്മാവിനോടുതന്നെയുള്ള നിരുത്തരവാദിത്തവുമാണെന്ന് വിവേകമതികളായ സത്യാന്വേഷികൾ ചിന്തിക്കേണ്ടതുണ്ട്.