വിശുദ്ധ ഹജ്ജ്: തൗഹീദിന്റെ വിളംബരം

സയ്യിദ് സഅ്ഫര്‍ സ്വാദിഖ് മദീനി

2022 ജൂലായ് 02, 1442 ദുൽഹിജ്ജ 02
ലോകത്തെ ഏറ്റവും വലിയ ആത്മീയ സംഗമവും മാനവിക ഐക്യത്തിെൻറ മഹിതമായ ഉദ്ഘോഷവുമാണ് ഹ ജ്. കഴിവും പ്രാപ്തിയുമുള്ള ഓരോ വിശ്വാസിയും ജീവിതത്തിൽ ഒരിക്കലെങ്കിലും നിർവഹിക്കേണ്ട നിർബന്ധ ബാധ്യതകളിൽപെട്ട കർമമാണത്. പഞ്ചസ്തംഭങ്ങളിലൊന്നായി നിശ്ചയിച്ച ഹ ജിനെ സമഗ്രവും സംക്ഷിപ്തവുമായി പരിചയപ്പെടുത്തുന്നു.

എല്ലാ പ്രവാചകന്മാരും പ്രബോധിതസമൂഹത്തോട് പ്രഥമവും പ്രധാനവുമായി വിളംബരം ചെയ്തത് ഇസ്‌ലാമിന്റെ അടിത്തറയായ തൗഹീദ് (ഏകദൈവാരധന) ആണ്. മനുഷ്യപ്രകൃതിക്ക് അനുയോജ്യമായി സ്രഷ്ടാവ് നൽകിയ ഇസ്‌ലാം നിലനിൽക്കുന്നതുതന്നെ ഈ തൗഹീദിലാണ്. തൗഹീദ് ശരിയാംവണ്ണം മനസ്സിലാക്കി അംഗീകരിച്ച്, അതിനനുസരിച്ച് ജീവിക്കുന്നവരുടെ കർമങ്ങൾ മാത്രമെ പാരത്രിക ലോകത്ത് സ്വീകാര്യമാവുകയുള്ളൂ. തൗഹീദിൽ മായംകലർന്നവരുടെ കർമങ്ങൾ അസ്വീകാര്യമാണ്. അല്ലാഹു പറയുന്നത് കാണുക:

“അവർ പ്രവർത്തിച്ച കർമങ്ങളുടെനേരെ നാം തിരിയുകയും നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീർക്കുകയും ചെയ്യും’’ (അൽഫുർക്വാൻ 23).

“അവിശ്വസിച്ചവരാകട്ടെ, അവരുടെ കർമങ്ങൾ മരുഭൂമിയിലെ മരീചികപോലെയാകുന്നു. ദാഹിച്ചവൻ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവൻ അതിന്നടുത്തേക്ക് ചെന്നാൽ അങ്ങനെ ഒന്ന് ഉള്ളതായിത്തന്നെ അവൻ കണ്ടെത്തുകയില്ല. എന്നാൽ തന്റെ അടുത്ത് അല്ലാഹുവെ അവൻ കണ്ടെത്തുന്നതാണ്. അപ്പോൾ (അല്ലാഹു) അവന്ന് അവന്റെ കണക്ക് തീർത്തുകൊടുക്കുന്നതാണ്. അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനത്രെ’’ (അന്നൂർ 39).

ശിർക്ക് ചെയ്യുന്നവന്റെ കർമങ്ങൾ അസ്വീകാര്യമാണെന്നും അവന്റെ പാപങ്ങളൊന്നും പൊറുക്കപ്പെടില്ലെന്നും ക്വുർആൻ കൃത്യമായി പഠിപ്പിക്കുന്നത് കാണുക:

“തന്നോട് പങ്കുചേർക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുന്നതാണ്’’ (അന്നിസാഅ് 48).

വലിയ ശിർക്ക് ചെയ്തശേഷം പശ്ചാത്തപിച്ച് മടങ്ങാതെ മുശ്‌രിക്കായി മരണപ്പെടുന്നവന് സ്വർഗം നിഷിദ്ധമാണെന്നും നരകം ശാശ്വതമാണെന്നും ക്വുർആൻ പറയുന്നുണ്ട്. ഈസാനബി(അ) തന്റെ ജനതയോട് പറയുന്നതായി അല്ലാഹു പറയുന്നത് കാണുക:

“ഇസ്‌റാഈൽ സന്തതികളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങൾ ആരാധിക്കുവിൻ. അല്ലാഹുവോട് വല്ലവനും പങ്കുചേർക്കുന്നപക്ഷം തീർച്ചയായും അല്ലാഹു അവന്ന് സ്വർഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികൾക്ക് സഹായികളായി ആരുംതന്നെയില്ല’’ (അൽമാഇദ 72).

ശിർക്ക് ചെയ്തവന്റെ കർമങ്ങൾ പൊളിഞ്ഞുപോകുമെന്നും അവ സ്വീകരിക്കപ്പെടുകയില്ലെന്നും ക്വുർആൻ പറയുന്നത് കാണുക:

“തീർച്ചയായും നിനക്കും നിന്റെ മുമ്പുള്ളവർക്കും സന്ദേശം നൽകപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേർക്കുന്നപക്ഷം തീർച്ചയായും നിന്റെ കർമം നിഷ്ഫലമായിപ്പോകുകയും തീർച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും’’ (അസ്സുമർ 65).

“തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവരെ, അവരുടെ കർമങ്ങളെ ഉപമിക്കാവുന്നത് കൊടുങ്കാറ്റുള്ള ഒരു ദിവസം കനത്ത കാറ്റടിച്ചു പാറിപ്പോയ വെണ്ണീറിനോടാകുന്നു. അവർ പ്രവർത്തിച്ചുണ്ടാക്കിയതിൽനിന്ന് യാതൊന്നും അനുഭവിക്കാൻ അവർക്ക് സാധിക്കുന്നതല്ല. അതുതന്നെയാണ് വിദൂരമായ മാർഗഭ്രംശം’’ (ഇബ്‌റാഹീം 18).

തൗഹീദിന്റെ മഹത്ത്വവും പ്രാധാന്യവും, ശിർക്കിന്റെ ഗൗരവവും അപകടവും മുകളിൽ കൊടുത്തആയത്തുകളിൽനിന്ന് നാം മനസ്സിലാക്കുകയുണ്ടായി. ഇസ്‌ലാമിന്റെ വിശ്വാസകാര്യങ്ങളിലും കർമകാര്യങ്ങളിലും പ്രവാചകൻ തന്റെ ജനതയെ ഒന്നാമതായി പഠിപ്പിച്ചത് തൗഹീദ് തന്നെയാണ്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ അവസാനത്തെത് ഹജ്ജാണ്. ഹജ്ജിന്റെ ഓരോ സന്ദർഭത്തിലും തൗഹീദിന്റെ വിളംബരമാണ് നടക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാം.

ഹജ്ജിന്റെ അടിത്തറ

ഹജ്ജിന്റെ അടിത്തറതന്നെ തൗഹീദാണെന്ന് ക്വുർആൻ വ്യക്തമാക്കുന്നത് കാണുക: “ഇബ്‌റാഹീമിന് ആ ഭവനത്തിന്റെ (കഅ്ബയുടെ) സ്ഥാനം നാം സൗകര്യപ്പെടുത്തികൊടുത്ത സന്ദർഭം (ശ്രദ്ധേയമത്രെ). യാതൊരു വസ്തുവെയും എന്നോട് നീ പങ്കുചേർക്കരുത് എന്നും, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവർക്ക് വേണ്ടിയും, നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാർഥിക്കുന്നവർക്ക് വേണ്ടിയും എന്റെ ഭവനം ശുദ്ധമാക്കിവെക്കണം എന്നും (നാം അദ്ദേഹത്തോട് നിർദേശിച്ചു). (നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങൾക്കിടയിൽ നീ തീർഥാടനത്തെപ്പറ്റി വിളംബരം ചെയ്യുക. നടന്നു കൊണ്ടും വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവർ നിന്റെയടുത്ത് വന്നുകൊള്ളും’’ (അൽഹജ്ജ് 26,27).

നിർബന്ധം

ഇസ്‌ലാം പഠിപ്പിക്കുന്ന നിബന്ധനകളൊത്ത ഓരോ മുസ്‌ലിമിനും ഹജ്ജ് ചെയ്യൽ നിർബന്ധമാണ്.

“മനുഷ്യർ അതിലേക്ക് ഹജ്ജ് തീർഥാടനം നടത്തൽ അവർക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്നപക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു’’ (അൽഹജ്ജ് 97).

“നിങ്ങൾ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും പൂർണമായി നിർവഹിക്കുക’’ (അൽബക്വറ 196).

ഈ സൂക്തങ്ങളിൽനിന്ന് ഹജ്ജ് ലോകരക്ഷിതാവായ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് നിർവഹിക്കേണ്ട ആരാധനകർമമാണെന്ന് വളരെ വ്യക്തമാണ്.

ക്വുർആനിൽ ഹജ്ജിന്റെ വിധി പ്രസ്താവിക്കുന്ന സന്ദർഭത്തിൽ അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കേണ്ടതിന്റെയും, അവനെ ഓർക്കേണ്ടതിന്റെയും, അവനെ മാത്രം ആരാധിക്കേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറയുന്നുണ്ട്:

“(ഹജ്ജിനിടയിൽ) നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള ഭൗതികാനുഗ്രഹങ്ങൾ നിങ്ങൾ തേടുന്നതിൽ കുറ്റമൊന്നുമില്ല. അറഫാത്തിൽനിന്ന് നിങ്ങൾ പുറപ്പെട്ടുകഴിഞ്ഞാൽ മശ്അറുൽ ഹറാമിനടുത്തുവെച്ച് നിങ്ങൾ അല്ലാഹുവിനെ പ്രകീർത്തിക്കുവിൻ. അവൻ നിങ്ങൾക്ക് വഴികാണിച്ച പ്രകാരം നിങ്ങളവനെ ഓർക്കുവിൻ. ഇതിനു മുമ്പ് നിങ്ങൾ പിഴച്ചവരിൽ പെട്ടവരായിരുന്നാലും’’ (അൽബക്വറ 198).

“അങ്ങനെ നിങ്ങൾ ഹജ്ജ് കർമം നിർവഹിച്ചുകഴിഞ്ഞാൽ നിങ്ങളുടെ പിതാക്കളെ നിങ്ങൾ പ്രകീർത്തിച്ചിരുന്നത് പോലെയോ അതിനെക്കാൾ ശക്തമായ നിലയിലോ അല്ലാഹുവെ നിങ്ങൾ പ്രകീർത്തിക്കുക. മനുഷ്യരിൽ ചിലർ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങൾക്ക് നീ (അനുഗ്രഹം) നൽകേണമേ എന്ന്. എന്നാൽ പരലോകത്ത് അത്തരക്കാർക്ക് ഒരു ഓഹരിയും ഉണ്ടായിരിക്കുന്നതല്ല. മറ്റു ചിലർ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയിൽനിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്. അവർ സമ്പാദിച്ചതിന്റെ ഫലമായി അവർക്ക് വലിയൊരു വിഹിതമുണ്ട്. അല്ലാഹു അതിവേഗത്തിൽ കണക്ക് നോക്കുന്നവനാകുന്നു. എണ്ണപ്പെട്ട ദിവസങ്ങളിൽ നിങ്ങൾ അല്ലാഹുവെ സ്മരിക്കുക. (അവയിൽ) രണ്ടുദിവസംകൊണ്ട് മതിയാക്കി ആരെങ്കിലും ധൃതിപ്പെട്ട് പോരുന്നപക്ഷം അവന് കുറ്റമില്ല. (ഒരു ദിവസവും കൂടി) താമസിച്ചു പോരുന്നവന്നും കുറ്റമില്ല. സൂക്ഷ്മത പാലിക്കുന്നവന്ന് (അതാണ് ഉത്തമം). നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവങ്കലേക്ക് നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുമെന്ന് മനസ്സിലാക്കുകയും ചെയ്യുക’’ (അൽബക്വറ: 200-203).

സൂറത്തുൽ ഹജ്ജിൽ വന്ന ഹജ്ജുമായി ബന്ധപ്പെട്ട ആയത്തുകളിൽ അല്ലാഹുവിന്റെ ഏകത്വത്തിലേക്ക് വഴിനടത്തുകയും ശിർക്കിനെ പാടെ നിരാകരിക്കണമെന്ന് വ്യക്തമായി പഠിപ്പിക്കുകയും ചെയ്യുന്നത് കാണുക:

“ഇബ്‌റാഹീമിന് ആ ഭവനത്തിന്റെ (കഅ്ബയുടെ) സ്ഥാനം നാം സൗകര്യപ്പെടുത്തിക്കൊടുത്ത സന്ദർഭം (ശ്രദ്ധേയമത്രെ). യാതൊരു വസ്തുവെയും എന്നോട് നീ പങ്കുചേർക്കരുത് എന്നും, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവർക്ക് വേണ്ടിയും, നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാർഥിക്കുന്നവർക്ക് വേണ്ടിയും എന്റെ ഭവനം ശുദ്ധമാക്കിവെക്കണം എന്നും (നാം അദ്ദേഹത്തോട് നിർദേശിച്ചു). (നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങൾക്കിടയിൽ നീ തീർഥാടനത്തെപ്പറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവർ നിന്റെയടുത്ത് വന്നുകൊള്ളും’’ (അൽഹജ്ജ് 26,27).

ഇതിന് ശേഷം അല്ലാഹു പറയുന്നു: “അത് (നിങ്ങൾ ഗ്രഹിക്കുക) അല്ലാഹു പവിത്രത നൽകിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്നപക്ഷം അത് തന്റെ രക്ഷിതാവിന്റെ അടുക്കൽ അവന്ന് ഗുണകരമായിരിക്കും. നിങ്ങൾക്ക് ഓതി കേൾപിക്കപ്പെടുന്നതൊഴിച്ചുള്ള കന്നുകാലികൾ നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. ആകയാൽ വിഗ്രഹങ്ങളാകുന്ന രിജ്‌സിൽനിന്നും നിങ്ങൾ അകന്നുനിൽക്കുക. വ്യാജവാക്കിൽനിന്നും നിങ്ങൾ അകന്നുനിൽക്കുക. വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും അവനോട് യാതൊന്നും പങ്കുചേർക്കാത്തവരുമായിരിക്കണം (നിങ്ങൾ). അല്ലാഹുവോട് വല്ലവനും പങ്കുചേർക്കുന്നപക്ഷം അവൻ ആകാശത്തുനിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികൾ അവനെ റാഞ്ചിക്കൊണ്ടുപോകുന്നു. അല്ലെങ്കിൽ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടുപോയി തള്ളുന്നു. അത് (നിങ്ങൾ ഗ്രഹിക്കുക) വല്ലവനും അല്ലാഹുവിന്റെ മതചിഹ്നനങ്ങളെ ആദരിക്കുന്നപക്ഷം തീർച്ചയായും അത് ഹൃദയങ്ങളിലെ ധർമനിഷ്ഠയിൽനിന്നുണ്ടാകുന്നതത്രെ’’ (അൽഹജ്ജ് 30-32).

സർവവും സമർപ്പിക്കുക

“ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകർമം നിശ്ചയിച്ചിട്ടുണ്ട്. അവർക്ക് ഉപജീവനത്തിനായി അല്ലാഹു നൽകിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ അവന്റെ നാമം ഉച്ചരിച്ചുകൊണ്ട് അവർ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അതിനാൽ അവന്നുമാത്രം നിങ്ങൾ കീഴ്‌പെടുക. (നബിയേ,) വിനീതർക്ക് നീ സന്തോഷവാർത്ത അറിയിക്കുക’’ (അൽഹജ്ജ് 34).

ബലിമൃഗത്തിന്റെ മാംസമോ രക്തമോ അല്ല അല്ലാഹുവിന് ആവശ്യം, മറിച്ച് അല്ലാഹുവിനെ ഏകനാക്കലും മനുഷ്യരുടെ സൂക്ഷ്താബോധവുമാണ്.

“ബലി ഒട്ടകങ്ങളെ നാം നിങ്ങൾക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാക്കിയിരിക്കുന്നു. നിങ്ങൾക്കവയിൽ ഗുണമുണ്ട്. അതിനാൽ അവയെ വരിവരിയായി നിർത്തിക്കൊണ്ട് അവയുടെമേൽ നിങ്ങൾ അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ചുകൊണ്ട് ബലിയർപ്പി)ക്കുക. അങ്ങനെ അവ പാർശ്വങ്ങളിൽ വീണുകഴിഞ്ഞാൽ അവയിൽനിന്നെടുത്ത് നിങ്ങൾ ഭക്ഷിക്കുകയും (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും ആവശ്യപ്പെട്ടുവരുന്നവന്നും നിങ്ങൾ ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുക. നിങ്ങൾ നന്ദികാണിക്കുവാൻ വേണ്ടി അവയെ നിങ്ങൾക്ക് അപ്രകാരം നാം കീഴ്‌പെടുത്തിത്തന്നിരിക്കുന്നു. അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കൽ എത്തുന്നതേയില്ല. എന്നാൽ നിങ്ങളുടെ ധർമനിഷ്ഠയാണ് അവങ്കൽ എത്തുന്നത്. അല്ലാഹു നിങ്ങൾക്ക് മാർഗദർശനം നൽകിയതിന്റെ പേരിൽ നിങ്ങൾ അവന്റെ മഹത്ത്വം പ്രകീർത്തിക്കേണ്ടതിനായി അപ്രകാരം അവൻ അവയെ നിങ്ങൾക്ക് കീഴ്‌പെടുത്തിത്തന്നിരിക്കുന്നു. (നബിയേ,) സദ്‌വൃത്തർക്ക് നീ സന്തോഷവാർത്ത അറിയിക്കുക’’ (അൽഹജ്ജ് 36,37).

ഉപരിസൂചിത ക്വുർആൻ സൂക്തങ്ങളെല്ലാം മാനവരോട് ആവശ്യപ്പെടുന്നത് എല്ലാ അവസരങ്ങളിലും അവസ്ഥകളിലും അല്ലാഹുവിനെ ഓർക്കുകയും അവന്റെ ഏകത്വത്തെ അംഗീകരിക്കുകയും അനുസരണയിലും ബലിയടക്കമുള്ള ഹജ്ജ് കർമങ്ങളിലുടനീളവും അവനെ ഏകനാക്കുകയും ചെയ്യുകയെന്നതാണ്. അതുപോലെ തൗഹീദിന്റെ കടകവിരുദ്ധമായ ശിർക്കിൽനിന്ന് പാടെ അകലുകയും ചെയ്യണമെന്ന് പഠിപ്പിക്കുന്നു. അല്ലാഹുവിൽ പങ്കുചേർക്കുന്നവൻ ആകാശത്തുനിന്ന് വീണവനെ പോലെയാണ്, അവൻ എവിടെയാണ് വന്ന് പതിക്കുകയെന്നറിയില്ല. ഒരുപക്ഷേ, അവനെ ശക്തമായ കാറ്റ് വഹിച്ച് കൊണ്ടുപോയി ഇടുന്നത് പ്രവിശാലമായ കടലിലോ, മണലാരണ്യത്തിലോ, കാട്ടിലോ ആയിരിക്കാം. ചിലപ്പോൾ ഏതെങ്കിലും വലിയ പക്ഷി കൊത്തിക്കൊണ്ടുപോയി അതിന്റെ ആഹാരമാക്കാനും സാധ്യതയുണ്ട്. ഇതെല്ലാം ഏതൊരു സാധാരണക്കാരനും സുവ്യക്തമാവുന്ന രൂപത്തിലാണ് മുകളിലെ ആയത്തുകളിൽ വിവരിക്കപ്പെട്ടത്. ആകാശത്തുനിന്ന് വീണവൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിനെയല്ലാതെ മറ്റു വല്ലതിനെയും ആരാധിക്കുന്നവൻ എന്നാണ്. ഇത്തരക്കാർ തങ്ങളുടെ ആഗ്രഹ സഫലീകരണത്തിനും പ്രയാസദൂരീകരണത്തിനുമായി സാങ്കൽപിക ആരാധ്യന്മാരിലേക്ക് മാറി മാറി ആരാധനകളും വഴിപാടുകളും അർപ്പിക്കും. അവസാനം എല്ലാം നഷ്ടപ്പെട്ട് ആദർശശൂന്യരായും നിരാശരായും മാറുകയും ചെയ്യും.

ഇഹ്‌റാമിൽ പ്രവേശിക്കുമ്പോൾ

ഹജ്ജിനോ ഉംറക്കോ ഇഹ്‌റാം ചെയ്യുമ്പോൾ അല്ലാഹുവിന്റെ കൽപനക്ക് ഞാൻ വിധേയനാണ്, അവന്റെ താൽപര്യത്തിനാണ് സ്വന്തം താൽപര്യത്തെക്കാൾ ഞാൻ മുൻതൂക്കം നൽകുന്നത് എന്ന് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. സാധാരണ ധരിക്കുന്ന വസ്ത്രത്തിൽനിന്ന് മാറി പ്രത്യേക വസ്ത്രം, പ്രത്യേക രൂപത്തിൽ ധരിക്കാൻ സന്നദ്ധമാവുന്നു. ഇതിൽ സാധാരണക്കാരനെന്നോ, പണക്കാരനെന്നോ, അഭ്യസ്തവിദ്യനെന്നോ, അജ്ഞനെന്നോ, രാജാവെന്നോ, പ്രജയെന്നോ വ്യത്യാസമില്ല. ഏകനായ റബ്ബിന്റെ കൽപനയ്ക്കു മുന്നിൽ എല്ലാവരും ഒരുപോലെ, ഒരു മനസ്സോടെ.

തൽബിയ്യത്ത്

ഇഹ്‌റാമിന് ശേഷം, ഹാജിമാർ ത്വവാഫ് ആരംഭിക്കുന്നതുവരെ തൽബിയ്യത്ത് ചൊല്ലണം. അല്ലാഹുവിന്റെ ഏകത്വവും ആരാധ്യതയും ഏറ്റവും ഉദാത്തമായ രൂപത്തിൽ പ്രഖ്യാപിക്കുന്നതാണ് തൽബിയ്യത്ത്. ഇത് ആശയമറിഞ്ഞ് ആത്മാർഥമായി പ്രഖ്യാപിക്കുന്ന ഒരു മനുഷ്യന് എങ്ങനെയാണ് അല്ലാഹുവല്ലാത്തവരിലേക്ക് അഭയംതേടാൻ കഴിയുക?

‘ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്, ലബ്ബൈക ലാ ശരീക ലക ലബ്ബൈക്, ഇന്നൽ ഹംദ വന്നിഅ്മത ലക വൽമുൽക്, ലാ ശരീക ലക്’ എന്നാണ് തൽബിയ്യത്തിന്റെ രൂപം.

“അല്ലാഹുവേ, നിന്റെ വിളിക്കിതാ ഞാൻ ഉത്തരം നൽകിയിരിക്കുന്നു, നിന്റെ വിളിക്കിതാ ഞാൻ ഉത്തരം നൽകിയിരിക്കുന്നു, നിനക്ക് യാതൊരു പങ്കാളിയുമില്ല. നിന്റെ വിളിക്കിതാ ഞാൻ ഉത്തരം നൽകിയിരിക്കുന്നു, സ്തുതികളും അനുഗ്രഹവും മുഴുവനും നിനക്കാണ്; അധികാരവും. നിനക്ക് യാതൊരു പങ്കാളിയുമില്ല’’(മുസ്‌ലിം).

ഈ തൽബിയ്യത്താകുന്ന തൗഹീദിന്റെ ദിക്‌റ് ഹജ്ജ്, ഉംറ വേളകളിൽ മാത്രമെ ഇസ്‌ലാം നിയമമാക്കിയിട്ടുള്ളൂവെന്നത് നാം പ്രത്യേകം ശ്രദ്ധിക്കണം.

തൽബിയ്യത്തിൽ ഹംദും നിഅ്മതും മുൽകും അടങ്ങിയിരിക്കുന്നു. ഈ മൂന്നും അല്ലാഹുവിനല്ലാതെ മറ്റാർക്കുമില്ല. ഉന്നതമായ മഹത്ത്വവും സമ്പൂർണ വിശേഷണവുമുള്ള അല്ലാഹുവിനാണ് സർവസ്തുതിയും, എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവിൽനിന്ന് മാത്രമാണ്, അവനിലേക്കുമാണ്. അധികാരം മുഴുവനും എല്ലാം അടക്കിഭരിക്കുന്ന അല്ലാഹുവിന് മാത്രമാണ്. ഇതെല്ലാം അല്ലാഹുവിന്റെ ഏകത്വത്തെയാണ് വ്യക്തമാക്കുന്നത്. ഈ കാര്യങ്ങളെല്ലാം ഏകനായ അല്ലാഹുവിന് മാത്രമുള്ളതാണ്. ഈ പ്രഖ്യാപനമാണ് തൽബിയ്യത്തിലൂടെ ഓരോ ഹാജിയും നടത്തുന്നത്.

മക്കയിലെ മുശ്‌രിക്കുകളും തൽബിയ്യത്ത് ചൊല്ലിയിരുന്നു. പ്രവാചകനും സ്വഹാബികളും ചൊല്ലിയിരുന്ന തൽബിയത്തിനോട് സമാനതയുണ്ടെങ്കിലും ഒരു വാചകം അതിൽ അധികമുണ്ടായിരുന്നു. അവരുടെ തൽബിയ്യത്തിൽ ‘ലാ ശരീക ലക’ എന്നതിനു ശേഷം ‘ഇല്ലാ ശരീകൻ, ഹുവ ലക, തംലികുഹു വമാ മലക’ (നിനക്ക് ഒരു പങ്കാളിയുമില്ല, ഒരു പങ്കാളി ഒഴിച്ച്, അവൻ നിനക്കുള്ളതാണ്, നീ ഉടമപ്പെടുത്തുന്നത് തന്നെയാണ് അവനും ഉടമപ്പെടുത്തുന്നത്) എന്നുകൂടി പറയുമായിരുന്നു.

പ്രവാചകൻ ﷺ  ഈ ശിർക്കിനെ മായ്ച്ചുകളയുകയുണ്ടായി. മുശ്‌രിക്കുകൾ തൽബിയത്ത് ചൊല്ലുന്നവേളയിൽ അവർ കൂട്ടിച്ചേർത്തത് തുടങ്ങുന്നതിന് മുമ്പുതന്നെ നബി ﷺ  അവരോട് ‘അവിടെ മതിയാക്കൂ, അവിടെ മതിയാക്കൂ’…(മുസ്‌ലിം) എന്നു പറഞ്ഞ് ശിർക്കിൽനിന്ന് അവരെ തടയുമായിരുന്നു.

ത്വവാഫ്

ഹജ്ജിന്റെയും ഉംറയുടെയും പ്രധാനപ്പെട്ട കർമമാണല്ലോ അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുകയും ആരാധിക്കുകയും ചെയ്യുന്ന ത്വവാഫ്. മലക്കുകളാൽ അസ്തിവാരമിട്ടതിൽനിന്നും ഇബ്‌റാഹീം നബി (അ)യും ഇസ്മാഈൽ നബി(അ)യും പടുത്തുയർത്തിയ കഅ്ബക്ക് ചുറ്റും ത്വവാഫ് ചെയ്യണമെന്ന കൽപന വിശ്വാസി അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. ഈ രണ്ട് നബിമാരോടും അല്ലാഹു പറയുന്നു:

“...ഇബ്‌റാഹീമിന്നും ഇസ്മാഈലിന്നും നാം കൽപനനൽകിയത്, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവർക്കും ഇഅ്തികാഫ് (ഭജന) ഇരിക്കുന്നവർക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്ന(പ്രാർഥിക്കുന്ന)വർക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങൾ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു’’ (അൽബക്വറ 125).

“ഇബ്‌റാഹീമിന് ആ ഭവനത്തിന്റെ (കഅ്ബയുടെ) സ്ഥാനം നാം സൗകര്യപ്പെടുത്തി കൊടുത്ത സന്ദർഭം (ശ്രദ്ധേയമത്രെ). യാതൊരു വസ്തുവെയും എന്നോട് നീ പങ്കുചേർക്കരുത് എന്നും ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവർക്ക് വേണ്ടിയും നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാർഥിക്കുന്നവർക്ക് വേണ്ടിയും എന്റെ ഭവനം ശുദ്ധമാക്കിവെക്കണം എന്നും (നാം അദ്ദേഹത്തോട് നിർദേശിച്ചു)’’ (അൽഹജ്ജ് 26).

കഅ്ബ പടുത്തുയർത്താൽ ആജ്ഞാപിക്കുമ്പോഴും അല്ലാഹുവിന്റെ ഏകത്വം സ്ഥാപിക്കാനും ശിർക്ക് വിപാടനം ചെയ്യാനും പ്രത്യേകം പറയുന്നു. ത്വവാഫിന്റെ ഓരോ ചുറ്റലിലും അല്ലാഹുവിന്റെ ഏകത്വം പ്രഖ്യാപിച്ചുകൊണ്ട് അവനോട് മാത്രം പ്രാർഥിക്കാനും അവനിലേക്ക് സങ്കടങ്ങൾ ബോധിപ്പിക്കാനും അവനിൽ അഭയം പ്രാപിക്കാനും പാപമോചനം തേടാനും പ്രവാചകൻ ﷺ  സ്വഹാബിമാരെ ഉൽബോധിപ്പിക്കുന്നത് നമുക്ക് കാണാനാവും. ത്വവാഫ് എന്ന ആരാധന ഇവിടെ മാത്രമെ പാടുള്ളൂ. മറ്റൊരു സ്ഥലത്തും പാടില്ല. എന്നാൽ സങ്കടകരമെന്ന് പറയട്ടെ, മുസ്‌ലിം സമുദായത്തിലെ ചില സാധാരണക്കാരും അറിവുള്ളവരാണെന്ന് ജനങ്ങൾ തെറ്റിദ്ധരിച്ച ചിലരും പല സ്ഥലങ്ങളിലും ക്വബ്‌റുകൾക്ക് ചുറ്റും ത്വവാഫ് ചെയ്യുന്നതായി നമുക്ക് കാണാനാവും. ഇത് ഹജ്ജിലുടനീളം വിളംബരം ചെയ്തുകൊണ്ടിരിക്കുന്ന തൗഹീദിന് വിപരീതമാണെന്ന് അവർ മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ!

കഅ്ബക്ക് ചുറ്റുമുള്ള ത്വവാഫും സ്വഫാമർവക്കിടയിലുള്ള സഅ്‌യും ജംറയിലുള്ള കല്ലേറുമെല്ലാം നിയമമാക്കിയത് അല്ലാഹുവിനെ ഓർക്കാനാണെന്ന പ്രവാചക വചനം പ്രത്യേകം സ്മരണിയമാണ്.

ത്വവാഫിന് ശേഷം മക്വാമു ഇബ്‌റാഹീമിന് പിന്നിലുള്ള രണ്ടുറക്അത്ത് നമസ്‌കാരത്തിൽ പാരായണം ചെയ്യാൻ പ്രത്യേകം സുന്നത്താക്കിയ രണ്ട് സൂറത്തുകളും (അൽകാഫിറൂൻ, അൽഇഖ്‌ലാസ്) അല്ലാഹുവിന്റെ ഏകത്വം ഉജ്വലമായി സ്ഥാപിക്കുന്നവയാണ്.

സ്വഫാ, മർവ

ഹജ്ജിന്റെയും ഉംറയുടെയും അനിവാര്യഘടകമാണ് സഫാമർവയ്ക്കിടയിലുള്ള സഅ്‌യ്. സ്വഫാ മലയിലേക്ക് കയറുമ്പോൾ പാരായണം ചെയ്യാൻ സുന്നത്താക്കിയ ആയത്തും ഇസ്‌ലാമിന്റെ ചിഹ്നങ്ങളെ ആദരിക്കാനും ഉയർത്തിപ്പിടിക്കാനും ആഹ്വാനം ചെയ്യുന്നതാണ്. ശേഷം ക്വിബ്‌ലക്ക് അഭിമുഖമായി ഓരോ ഹാജിയും നടത്തുന്ന പ്രാർഥന അല്ലാഹുവിന്റെ ഏകത്വവും അവന്റെ ഔന്നിത്യവും മഹത്ത്വവും വ്യക്തമാക്കുന്നതാണ്.

ജാബിർ(റ) നബി ﷺ യുടെ ഹജ്ജിനെക്കുറിച്ച് ഇങ്ങനെ വിശദീകരിക്കുകയുണ്ടായി; നബി ﷺ  പറഞ്ഞു: ‘അല്ലാഹു ആരംഭിച്ചതുകൊണ്ട് ഞാനും ആരംഭിക്കുന്നു.’ അങ്ങനെ സ്വഫകൊണ്ട് ആരംഭിച്ച് അതിലേക്ക് കയറി കഅ്ബയെ കാണുന്ന രൂപത്തിൽ അതിലേക്ക് തിരിഞ്ഞുകൊണ്ട് അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുകയും ഏകനാക്കുകയും ചെയ്തുകൊണ്ട് പറയുകയുണ്ടായി: ‘ലാ ഇലാഹ ഇല്ലല്ലാഹ്, വഹ്ദഉ ലാ ശരീക ലഹു, ലഹുൽ മുൽകു വലഉൽ ഹംദ്, വഹുവ അലാ കുല്ലി ശൈഇൻ ക്വദീർ, ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു, അൻജസ വഅ്ദഹു, വ നസ്വറ അബ്ദഹു, വ ഹസമൽ അഹ്‌സാബ വഹ്ദഹു.’

“അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അവൻ ഏകനാണ്, അവനൊരു പങ്കാളിയുമില്ല, അവനാണ് ആധിപത്യം മുഴുവനും, അവനാണ് സ്തുതികൾ മുഴുവനും, അവൻ എല്ലാത്തിനും കഴിവുള്ളവനാണ്. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അവൻ ഏകനാണ്, അവന്റെ കരാർ അവൻ നിറവേറ്റി, അവൻ അവന്റെ അടിമയെ സഹായിച്ചു, അവൻ ഒറ്റക്ക് കക്ഷികളെ പരാജയപ്പെടുത്തുകയും ചെയ്തു’’ (മുസ്‌ലിം). ഇത് സ്വഫയിൽവെച്ച് പ്രാർഥിക്കുന്നത് പോലെ മർവയിലും പ്രാർഥിക്കണം.

ഹജ്ജിന്റെ മശാഇറുകളായ മിനാ, അറഫ, മുസ്ദലിഫ പോലെയുള്ള സ്ഥലങ്ങളിലും അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ഉന്നതമാക്കുകയും ചെയ്യുന്ന കാര്യങ്ങൾതന്നെയാണ് ചെയ്യാനുള്ളത്. ദുൽഹിജ്ജ 9ന് ഉച്ചയോടെയാണ് അറഫയിലേക്ക് ഹാജിമാർ പ്രവേശിക്കേണ്ടത്. അറഫയിലും അറഫക്ക് പുറത്തുമായി സ്ഥിതിചെയ്യുന്ന വിശാലമായി നമിറ പള്ളിയിൽവെച്ച് ഇമാം (ഇന്ന് സൗദി അറേബ്യയുടെ ഭരണാധികാരി നിശ്ചയിക്കുന്ന ഹജ്ജിന്റെ ഇമാം) ഖുതുബ നടത്തും. ഈ ഖുതുബ അല്ലാഹുവിന്റെ ഏകത്വവും തൗഹീദും ഔന്നിത്യവും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ആരംഭിക്കുക. ശേഷം ഇസ്‌ലാമിന്റെ ശരീഅത്തും അതിന്റെ പ്രാധാന്യവും വ്യക്തമാക്കിക്കൊണ്ട് കടന്നുപോകുന്ന ഖുതുബ ആനുകാലിക വിഷയങ്ങളെ പരാമർശിച്ച് അതിൽ ഒരു മുസ്‌ലിമിന്റെ നിലപാടെന്തെന്നും വ്യക്തമാക്കുന്നു. ശേഷം സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിനോട് പ്രാർഥിച്ചാണ് ഇത് അവസാനിക്കുക. ശേഷം ദുഹ്‌റും അസ്വ്‌റും ജംഉം ക്വസ്‌റുമായി നമസ്‌കരിക്കുന്നു. തുടർന്ന് സൂര്യാസ്തമയംവരെ അല്ലാഹുവിനോട് പ്രാർഥിക്കലാണ് ഹാജിമാർക്ക് അറഫയിൽ ചെയ്യാനുള്ള ആരാധന. അറഫയിലെ ഏറ്റവും ശ്രേഷ്ഠമായ പ്രാർഥനയായി റസൂലുല്ലാഹി ﷺ  പഠിപ്പിച്ചുതന്നത് ‘ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുൽ മുൽകു വലഹുൽ ഹംദു, വഹുവ അലാ കുല്ലി ശൈഇൻ ക്വദീർ’ എന്നാണ്. തൗഹീദിന്റെ മഹത്ത്വം പ്രഖ്യാപിക്കുന്ന പ്രാർഥനയാണിതെന്ന് ഏതൊരു മുസ്‌ലിമിനും അറിയാവുന്നതാണ്. നബി ﷺ  പറഞ്ഞു: “ഏറ്റവും ശ്രേഷ്ഠമായ പ്രാർഥന അറഫാദിനത്തിലെ പ്രാർഥനയാണ്. ഞാനും എനിക്ക് മുമ്പുള്ള പ്രവാചകന്മാരും പറഞ്ഞതിൽ ഏറ്റവും ശ്രേഷ്ഠമായത് (ഇതാണ്) ‘അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് അധികാരം, അവനാണ് സ്തുതികൾ മുഴുവനും, അവൻ എല്ലാറ്റിനും കഴിവുള്ളവനുമാണ്’’ (തിർമിദി).

സൂര്യാസ്തമയത്തോടെ അറഫയിലെ നിറുത്തം കഴിഞ്ഞ് ഹാജിമാർ മുസ്ദലിഫയിലേക്ക് ഒഴുകുന്നു. അപ്പോഴും തൗഹീദിന്റെ മന്ത്രമായ തൽബിയ്യത്താണ് അവരുടെ ചുണ്ടുകളിൽ നിന്ന് ഒഴുകിക്കൊണ്ടിരിക്കുന്നത്. മുസ്ദലിഫയിലെ വിശാലമായ മൈതാനിയിൽ എത്തി മഗ്‌രിബും ഇശാഉം ജംഉം ക്വസ്വ്‌റുമായി നമസ്‌കരിച്ച് ആകാശമെന്ന അനന്തവിശാല മേൽകൂരക്ക് കീഴിൽ വിശാലമായ ഭൂമിയെന്ന മെത്തയിൽ ഉറങ്ങുകയെന്ന ആരാധനയിലേക്ക് ഹാജിമാർ പ്രവേശിക്കുന്നു. ശേഷം ദുൽഹിജ്ജ പത്തിന്റെ സുബ്ഹി അവിടെവെച്ച് നിർവഹിച്ച് മശ്ഹരിൽ ഹറാം എന്ന മസ്ജിദിനും ക്വിബ്‌ലക്കുമഭിമുഖമായി നിന്ന് കൈകളുയർത്തി സൂര്യോദയംവരെ അല്ലാഹുവിനോട് പ്രാർഥിക്കൽ ഏറെ പൂണ്യകരമാണ്. ഈ സമയത്ത് അല്ലാഹുവിന്റെ ഏകത്വവും മഹത്ത്വവും ഔന്നിത്യവും വിളിച്ചോതുന്ന തഹ്‌ലീലും തക്ബീറും തഹ്‌മീദും ഹാജിമാരുടെ നാവിലൂടെ അന്തരീക്ഷത്തിൽ മുഴങ്ങിക്കൊ ണ്ടിരിക്കും.

ദുൽഹിജ്ജ പത്ത്

ഹജ്ജുൽ അക്ബർ; യൗമുന്നഹ്ർ എന്നീ പേരിലെല്ലാം അറിയപ്പെടുന്ന ദുൽഹിജ്ജ പത്തിന് രാവിലെ മിനായിലെത്തി, മക്കയോട് അടുത്ത് നിൽക്കുന്ന ജംറതുൽ അക്വബ, ജംറതുൽ കുബ്‌റാ എന്നീ പേരിലറിയപ്പെടുന്ന ജംറകളിൽ തക്ബീർ ചൊല്ലി ഒന്നിനുപുറകെ ഒന്നായി ഏഴ് കല്ലുകൾ എറിയുന്നു. എന്റെ റബ്ബ് എന്നോട് എന്ത് പറഞ്ഞാലും ഞാനത് അംഗീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമെന്ന ദൃഢനിശ്ചയത്തോടെയാണ് വിശ്വാസി ഹജ്ജിന്റെ ഈ കർമവും ചെയ്യുന്നത്. ശേഷം ബലിയും നിർവഹിക്കുന്നു. സ്രഷ്ടാവിന്റെ തൃപ്തി മാത്രം ആഗ്രഹിച്ചും അവന്റെ ഔന്നിത്യം അംഗീകരിച്ചുകൊണ്ടുമാണ് ഓരോ ഹാജിയും ബലിയറുക്കേണ്ടത്. അല്ലാഹു പറഞ്ഞു:

“ആകയാൽ നീ നിന്റെ രക്ഷിതാവിന് വേണ്ടി നമസ്‌കരിക്കുകയും ബലിയർപ്പിക്കുകയും ചെയ്യുക’’ (അൽകൗസർ 2).

“പറയുക; തീർച്ചയായും എന്റെ പ്രാർഥനയും എന്റെ ആരാധനാകർമങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു’’ (അൽഅൻആം 162).

ശേഷം മുടി കളയുന്നതും അല്ലാഹുവിന്റെ നിയമത്തിനും പ്രവാചകചര്യക്കും ഞാനിതാ കീഴൊതുങ്ങുന്നുവെന്ന് പ്രഖ്യാപിച്ചാണ്. പിന്നീടു ചെയ്യേണ്ട ത്വവാഫുൽ ഇഫാദ, സഅ്‌യ് എന്നിവയിലും തുടക്കത്തിൽ വ്യക്തമാക്കിയപോലെ അല്ലാഹുവിന്റെ ഏകത്വവും തൗഹീദും മഹത്ത്വവും ഔന്നിത്യവുമെല്ലാം പ്രഖ്യാപിക്കുന്നു. ഇങ്ങനെ ഹജ്ജിന്റെ ഓരോ കർമത്തിലും പ്രാർഥനകളിലുമെല്ലാം തൗഹീദിന്റെ വിളംബരമാണ് ഓരോ ഹാജിയും നടത്തുന്നത്. അതെ, ഹജ്ജ് തൗഹീദിന്റെ അണമുറിയാത്ത വിളംബരം തന്നെ!

തുടക്കവും ഒടുക്കവും…

ഖേദകരമെന്നു പറയട്ടെ; ചിലരെങ്കിലും അല്ലാഹുവിനെയും അവന്റെ ഏകത്വത്തെയും ഹജ്ജിന്റെ കർമങ്ങളെയും ഇസ്‌ലാമിക ശരീഅത്തിനെയും മനസ്സിലാക്കേണ്ട രൂപത്തിൽ മനസ്സിലാക്കാതെ ഹജ്ജ് എന്ന പേരിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണ് ചെയ്യാറുള്ളത്. മബ്‌റൂറായ ഹജ്ജ് എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കാതെയാണവർ ഹജ്ജിന് പുറപ്പെടുന്നത്. അതുപോലെ ഹജ്ജിലുടനീളം പ്രഖ്യാപിക്കുകയും വിളംബരം ചെയ്യുകയും ചെയ്യേണ്ട തൗഹീദിന് കടകവിരുദ്ധമായ ശിർക്ക് ചെയ്തുകൊണ്ടാണവർ യാത്രയാരംഭിക്കുന്നത്! വ്യക്തമാക്കിപ്പറഞ്ഞാൽ, ആരാധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മക്വ‌്ബറകളും ജാറങ്ങളും സന്ദർശിച്ച്, അവിടങ്ങളിൽ മറമാടപ്പെട്ടിട്ടുള്ളവരോട് സങ്കടങ്ങൾ ബോധിപ്പിച്ച്, അവരോട് പ്രാർഥിച്ചുകൊണ്ട്! ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തിയാലും ജാറങ്ങളിൽ പോയി നന്ദി അറിയിക്കുന്ന വിരോധാഭാസവും നമ്മുടെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇത് അല്ലാഹു വിരോധിച്ചതും, നരകം ഉറപ്പാക്കുന്നതും, സ്വർഗം നിഷിദ്ധമാക്കുന്നതും, കർമങ്ങളെയെല്ലാം പൊളിച്ചുകളയുന്നതുമാണെന്ന് അവർ മനസ്സിലാക്കിയിരുന്നെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിച്ചുപോവുകയാണ്. ത്വവാഫിനും സഅ്‌യിനുമിടയിലും, മിനയിലും അറഫയിലും മുസ്ദലിഫയിലുമെല്ലാം പലവിധത്തിലുള്ള, പല പേരിലുമുള്ള മാലകളും മൗലിദുകളുമാണ് ചിലർ ഉരുവിട്ടുകൊണ്ടിരിക്കുന്നത്. തൗഹീദിനുവേണ്ടി പലായനം ചെയ്ത പ്രവാചകൻ ജനിക്കുകയും ജീവിക്കുകയും ദൗത്യം നിർവഹിക്കുകയും ചെയ്ത നാട്ടിൽ, ശുദ്ധമായ തൗഹീദിന്റെ മണ്ണിൽ, തൗഹീദിന്റെ മാർഗത്തിൽ ജീവത്യാഗം ചെയ്ത പണ്ഡിതരുള്ള നാട്ടിൽ, തൗഹീദ് മാത്രം പ്രഖ്യാപിക്കാനായി ലോകത്താദ്യമായി പടുത്തുയർത്തപ്പെട്ട കഅ്ബ സ്ഥിതിചെയ്യുന്ന സ്ഥലത്ത്, തൗഹീദിന്റെ വിളംബരം മാത്രം ലക്ഷക്കണക്കിന് ഹാജിമാരുടെ നാവിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന മശാഇറുകളിൽ, സൃഷ്ടികളോട് തേടിക്കൊണ്ടിരിക്കുന്നവരേ...! ശ്വാസം നിലച്ചത് മുതൽ ആരംഭിക്കുന്ന പാരത്രിക ജീവിതം എല്ലാവർക്കുമുള്ളതാണെന്ന ബോധമില്ലേ നിങ്ങൾക്ക്? മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകത്തെ നിങ്ങൾ ഭയക്കുന്നില്ലേ?

മദീനഃ മുനവ്വറ

ഏറെ പുണ്യമുള്ള സ്ഥലമാണ് മദീനതുന്നബവി. പുണ്യവും അനുഗ്രഹവും ആഗ്രഹിച്ചുകൊണ്ട് തീർഥയാത്ര ചെയ്യാനായി അനുവാദമുള്ള, പ്രവാചക കരങ്ങളാൽ പടുത്തുയർത്തപ്പെട്ട മസ്ജിദുന്നബവി സ്ഥിതി ചെയ്യുന്ന, ‘എന്റെ വീടിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വർഗത്തോപ്പാണ്’ എന്ന് നബി ﷺ  പറഞ്ഞ ‘റൗളാ ശരീഫ്’ ഉള്ള, യസ്‌രിബെന്ന പൗരാണിക പേരുള്ള, അൽമദീന, ദാറുൽഹിജ്‌റ, ത്വാബ,ത്വൈബ എന്നീ പേരുകളിലറിയപ്പെടുന്ന, അന്ത്യപ്രവാചകൻ മറമാടപ്പെട്ട സ്ഥലമായ മദീന സന്ദർശിക്കൽ ഹജ്ജിന്റെ ഭാഗമല്ലായെന്ന സത്യം എത്രയാളുകൾക്കറിയാം? ഹജ്ജിന്റെ കർമങ്ങളെല്ലാം നടക്കുന്നത് മക്ക, മിന, അറഫ, മുസ്ദലിഫ എന്നീ മശാഇറുകളിലാണ്. മദീനയിൽ ഹജ്ജിന്റെയോ ഉംറയുടെയോ ഒരു കർമവുമില്ല. എന്നാലും മക്കയെക്കാൾ മദീനക്ക് പ്രാധാന്യം കൽപിക്കുന്ന ഒരുപാട് ആളുകളെ നമുക്ക് കാണാനാവും.

പ്രമാണങ്ങളിലുള്ളത് പഠിച്ചറിഞ്ഞ് അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയാണ് വേണ്ടത്. തൗഹീദിന്റെ വിളംബരം പ്രഖ്യാപിച്ചുകൊണ്ട് മബ്‌റൂറായ ഹജ്ജ് ചെയ്യാൻ പരിശ്രമിക്കുക, ആ അവസരത്തിനായി പ്രവർത്തിക്കുകയും പ്രാർഥിക്കുകയും ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ.