നിക്ഷേപരംഗത്തെ നെല്ലും പതിരും തിരിച്ചറിയുക

ജാസിർ സ്വബ്‌രി

2022 ജൂൺ 18, 1442 ദുൽഖഅദ 17
പ്രബുദ്ധ കേരളമെന്ന് മേനിപറയുമ്പോഴും ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്ന സംസ്ഥാനമെന്ന അപഖ്യാതി നമ്മെ വിട്ടുപോകുന്നില്ല എന്നത് വാസ്തവമാണ്. വായിലൊതുങ്ങാത്ത ലാഭം ഓഫർ ചെയ്താൽ ഏതു വിലാസരഹിത ബിസിനസ്സിലേക്കും എടുത്തുചാടുന്ന ‘നിക്ഷേപക ഈയാംപാറ്റകളായി’ മാറിയിരിക്കുന്നു മലയാളികൾ.

ഭാവിയിലേക്ക് വിഭവങ്ങൾ സമാഹരിച്ചുവെക്കുക എന്നത് മനുഷ്യപ്രകൃതിയിൽ പെട്ടതാണ്. ഉപയോഗിച്ച് മിച്ചമുള്ളത് നാളേക്കുവേണ്ടി കരുതുക എന്നതിൽ തെറ്റില്ല. പ്രതികൂലാവസ്ഥകളിലും പ്രായമേറുമ്പോഴും അത്യാവശ്യഘട്ടങ്ങളിലും മറ്റും ഇത്തരം സമാഹരിച്ച വിഭവങ്ങൾ ഉപകാരപ്പെടുമല്ലോ.

എന്നാൽ പണവും സ്വത്തും വിനിമയം നടത്താതെ അമിതമായി സ്വരൂപിക്കുന്നതും, പിശുക്കി പൂഴ്ത്തി വക്കുന്നതും മറ്റും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ക്വുർആൻ പറയുന്നത് കാണാം:

“നിന്റെ കൈ നീ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത്. അത് (കൈ) മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്. അങ്ങനെ ചെയ്യുന്നപക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും’’ (17:29).

“നമസ്‌കാരം മുറപോലെ നിർവഹിക്കുകയും നാം നൽകിയിട്ടുള്ളതിൽനിന്ന് ചെലവഴിക്കുകയും ചെയ്യുന്നവർ. അവർ തന്നെയാണ് യഥാർഥത്തിൽ വിശ്വാസികൾ. അവർക്ക് അവരുടെ രക്ഷിതാവിങ്കൽ പല പദവികളുണ്ട്. പാപമോചനവും ഉദാരമായ ഉപജീവനവുമുണ്ട്’’ (8:3-4).

നമ്മുടെ പണം നാമടങ്ങുന്ന സമൂഹത്തിന് ഗുണം ലഭിക്കുന്ന രീതിയിൽ വിനിമയം ചെയ്യുകയെന്നതാണ് പണമുള്ളയാളുകൾ ചെയ്യേണ്ടത്. ഇത്തരം വിനിമയങ്ങളാണ് സാമ്പത്തിക രംഗം മെച്ചപ്പെടുത്തുകയും മനുഷ്യന്റെ ജീവിതനിലവാരം വർധിപ്പിക്കുകയും ചെയ്യുന്നത്. അതിനർഥം, പണം ധൂർത്തടിച്ച് കളയണം എന്നല്ല. ധൂർത്ത് ഇസ്‌ലാം വിരോധിച്ച കാര്യമാണ്. അല്ലാഹു പറയുന്നു:

“...നീ (ധനം) ദുർവ്യയം ചെയ്ത് കളയരുത്. തീർച്ചയായും ദുർവ്യയം ചെയ്യുന്നവർ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു...’’ (17:26-27).

ചെലവഴിക്കാതെ ധനം കുന്നുകൂട്ടിവെക്കാനും ധുർത്തടിച്ചു നശിപ്പിക്കാനും പാടില്ല. എന്നാൽ പരലോകത്തേക്ക് ഉപകാരപ്പെടുന്ന രീതിയിൽ നിക്ഷേപങ്ങൾ നടത്താം. ദാനധർമ്മങ്ങളെയുദ്ദേശിച്ചാണ് നിക്ഷേപമെന്ന വാക്ക് ക്വുർആൻ ഉപയോഗിച്ചിട്ടുള്ളത്. ക്വുർആൻ പറയുന്നത് കാണുക:

“തീർച്ചയായും ധർമിഷ്ഠരായ പുരുഷൻമാരും സ്ത്രീകളും അല്ലാഹുവിന് നല്ല കടം കൊടുത്തവരും ആരോ അവർക്കത് ഇരട്ടിയായി നൽകപ്പെടുന്നതാണ്. അവർക്കത്രെ മാന്യമായ പ്രതിഫലമുള്ളത്’’ (57:18).

“അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകൾ ഉൽപാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് ഇരട്ടിയായി നൽകുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്’’ (2:61).

എന്നാൽ ഒരാൾക്ക് പരലോകത്തേക്കുള്ള നിക്ഷേപം എന്ന നിലയിൽ തന്റെ മുഴുവൻ സമ്പാദ്യവും ദാനധർമങ്ങൾക്കായി ഉപയോഗിക്കാമോ? പാടില്ല എന്നു കാണാം. ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ പ്രവാചകൻ ﷺ  പറഞ്ഞതായി കാണാം: ‘നിന്റെ പിൻഗാമികളെ മറ്റുള്ളവരോടു യാചിക്കുന്നവരായി വിടുന്നതിനെക്കാളും നിനക്ക് നല്ലത്, അവരെ സ്വതന്ത്രമായി ജീവിക്കാൻ പ്രാപ്തിയുള്ളവരായി വിടുന്നതാണ്.’

തനിക്കോ തന്റെ കുടുംബത്തിനോ ഉപകാരമുള്ള രൂപത്തിൽ ഇഹലോകത്തും നിക്ഷേപങ്ങൾ നടത്തുക എന്നത് അനുവദനീയമായ കാര്യവും ഉദ്ദേശ്യശുദ്ധിക്കനുസരിച്ച് പ്രതിഫലം ലഭിക്കാവുന്ന കാര്യവുമാണ്. അത്തരം നിക്ഷേപങ്ങൾ സാമ്പത്തിക ചലനമുണ്ടാക്കുകയും അങ്ങനെ സമൂഹത്തിന്റെ പൊതുനന്മയ്ക്കായി ഉപകരിക്കാനും ലാഭം ലഭിക്കാനും സഹായകമായേക്കാം.

കച്ചവടങ്ങളിലും മറ്റും ധനം നിക്ഷേപിക്കുകയും ലാഭമോ നഷ്ടമോ സംഭവിക്കുകയും ചെയ്യുക എന്നത് മനുഷ്യരെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാര്യമല്ല. ആധുനിക കാലത്താകട്ടെ, നിക്ഷേപ സാധ്യതകൾ അനന്തവുമാണ്. പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം ബാങ്കുകളിൽ പലിശക്ക് പകരം പണം നിക്ഷേപിക്കുന്നത് മുതൽ, ചെറുതും വലുതുമായ കച്ചവടങ്ങളിലും സ്‌റ്റോക്ക് മാർക്കറ്റിലും ക്രിപ്‌റ്റോ കറൻസികളിലും എൻ.എഫ്.ടികളിലും എന്നു വേണ്ട മൾട്ടിലെവൽ മാർക്കറ്റിംഗ്, ട്രേഡിംഗ് എന്നൊക്കെയുള്ള ഓമനപ്പേരുകളിൽ പല തരം ഓപ്ഷൻസ് ഉണ്ട്.

മുസ്‌ലിംകൾക്കാകട്ടെ, മറ്റു കാര്യങ്ങളിലെന്നപോലെത്തന്നെ സാമ്പത്തിക വിഷയങ്ങളിലും ഇസ്‌ലാമിക നിയമങ്ങൾ പാലിക്കൽ നിർബന്ധമാണ്. അനുവദനീയമായ കാര്യങ്ങളിലൂടെയല്ലാതെ സമ്പാദിച്ച ധനമുപയോഗിച്ചാൽ അത് ഉപകാരപ്പെടുകയില്ല എന്നു മാത്രമല്ല, നാളെ പരലോകത്ത് ശിക്ഷാർഹനാവുകയും ചെയ്യും. പ്രവാചകൻ ﷺ  അരുളി: “അന്യായമായി സമ്പാദിക്കുന്ന ശരീരം നരകാഗ്‌നിക്കുള്ള ശരിയായ ഇന്ധനമാണ്’’ (ബുഖാരി).

ഇക്കാരണങ്ങളാൽ തന്നെ മുസ്‌ലിംകൾ പൊതുവെ അനുവദനീയവും ലാഭകരവും സുരക്ഷിതവുമായ പല നിക്ഷേപ സാധ്യതകളും കാണാതെ പോകുകയും, അതേസമയം അബദ്ധങ്ങളിലും തട്ടിപ്പുകളിലും പെട്ട് ധനം നഷ്ടപ്പെടുത്തുകയും ചെയ്യുന്നത് നമുക്ക് കാണാൻ സാധിക്കും.

ഈയടുത്ത ദിവസം, എറണാകുളത്തെ അമുസ്‌ലിമായ ഒരു പ്രമുഖ ബിസിനസ് കൺസൾട്ടന്റ് എന്നോട് പറയുകയുണ്ടായി: “ജാസിർ, എല്ലാ ഇൻവെസ്റ്റ്‌മെൻറ്‌ തട്ടിപ്പുകളിലും നിങ്ങളുടെ ആളുകളാണ് പെടുന്നത്. നിങ്ങൾക്ക് പലിശ ഹറാമായതുകൊണ്ട് ‘വലിയ’ ലാഭം തരാമെന്നു പറഞ്ഞാണ് മിക്ക പണപ്പിരിവും നടക്കുന്നത്.’’

ഒരു ബിഗ്4 കൺസൽട്ടിങ്ങ് സ്ഥാപനത്തിൽ നിന്നും വിരമിച്ച് സ്വന്തമായി ഒരു കൺസൾട്ടിങ്ങ് സ്ഥാപനം നടത്തുന്ന ഇദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ, ആധുനിക കാലത്ത്, ഒരു ഇസ്‌ലാമിക ജീവിതരീതി പിന്തുടരണം എന്നാഗ്രഹിക്കുന്ന ഒരു മലയാളി മുസ്‌ലിമിന്റെ പരിപ്രേക്ഷ്യത്തിൽ നിന്ന് പൊതുവെ ഇന്ന് നമുക്ക് മുമ്പിൽ അവതരിപ്പിക്കപ്പെടുന്ന ഇൻവെസ്റ്റ്‌മെന്റ് രീതികളെക്കുറിച്ച് ഒരു ലഘു വിശദീകരണം നൽകണം എന്നെനിക്ക് തോന്നി. അതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

ലാഭവും നഷ്ടവും

ലാഭവും നഷ്ടവും ഉണ്ടാകാനുള്ള സാധ്യത എന്നത് ഏതൊരു കച്ചവടത്തിന്റെയും അടിസ്ഥാന പ്രകൃതിയാണ്. അതുകൊണ്ട്തന്നെ ഏതൊരു സംവിധാനത്തിലും നിക്ഷേപിക്കുമ്പോൾ നഷ്ടം വരാനുള്ള സാധ്യതകൾ തള്ളിക്കളയരുത്. ചെറിയ ഒരു ചായക്കട മുതൽ, വലിയ കമ്പനികളും രാജ്യങ്ങളുംവരെ സാമ്പത്തിക വിജയം കൈവരിക്കുന്നതുപോലെ തന്നെ സാമ്പത്തിക പരാജയത്തിലേക്ക് കൂപ്പുകുത്തുന്നതും നമുക്ക് കാണാൻ കഴിയും. അതുകൊണ്ട്തന്നെ, ഒരു സംവിധാനത്തിൽ നിക്ഷേപിക്കുമ്പോൾ എങ്ങനെയാണ് ലാഭമുണ്ടാകുന്നത്, എങ്ങനെയാണ് ലാഭം വീതിക്കുന്നത് എന്നിത്യാദി കാര്യങ്ങളന്വേഷിക്കുന്നത് പോലെത്തന്നെ എങ്ങനെയൊക്കെ നഷ്ടമുണ്ടാകാമെന്നും, നഷ്ടമെങ്ങനെ വീതിക്കുമെന്നും അന്വേഷിച്ചറിയേണ്ടതാണ്. ഒരിക്കലും നഷ്ടമുണ്ടാവില്ല എന്ന ധാരണയിൽ ചെയ്യാവുന്ന ഒരു കച്ചവടവും ഭൗതിക ലോകത്തില്ല.

നഷ്ടഭീതിയോടെ ചെയ്യേണ്ട ഒന്നാണോ നിക്ഷേപം?

അല്ല! നഷ്ടത്തെക്കുറിച്ചും അത് വീതിക്കുന്നതിനെക്കുറിച്ചും മനസ്സിലാക്കിയാൽ, ഭാരിച്ച സാമ്പത്തിക നഷ്ടം വന്ന് പാപ്പരാകുന്ന അവസ്ഥ നമുക്കൊഴിവാക്കാൻ സാധിക്കും. ഒരു ഇൻവെസ്റ്റ്‌മെന്റ് നടത്തുമ്പോൾ, നമ്മെ അലട്ടുന്ന രണ്ട് മാനസിക പ്രതിഭാസങ്ങളാണ് ‘അത്യാഗ്രഹ’വും ‘ഭയ’വും (Greed and Fear). എല്ലാ വിഷയങ്ങളിലുമെന്ന പോലെത്തന്നെ അമിതമായ ലാഭക്കൊതിയും അമിതമായ നഷ്ടഭീതിയും നാമൊഴിവാക്കണം. അതിനു സാധിക്കുന്ന രൂപത്തിലുള്ള, നമുക്ക് യോജിക്കുന്ന നിക്ഷേപങ്ങളാണ് നാം തിരഞ്ഞെടുക്കേണ്ടതെന്ന് ചുരുക്കം. വലിയലാഭം കിട്ടുമെന്ന വാഗ്ദാനങ്ങൾക്ക് മുമ്പിൽ സ്വന്തംകിടപ്പാടംവരെ നഷ്ടപ്പെടുന്ന തരത്തിലേക്കെത്തിക്കുന്ന നിക്ഷേപം നടത്തുന്ന സംസ്‌കാരം ഒഴിവാക്കപ്പെടേണ്ടതാണ്.

നിക്ഷേപ രീതികളും അവയുടെ പ്രധാന സവിശേഷതകളും

നമ്മുടെ അടുത്ത ബന്ധുക്കളോ, സുഹൃത്തുക്കളോ ചേർന്ന് തുടങ്ങുന്ന ചെറിയ കടകളിലും കച്ചവടങ്ങളിലും മറ്റും പണം മുടക്കുന്നതും ലാഭം പങ്കിടുന്നതുമൊന്നും ഇനി തുടർന്നെഴുതുന്ന കാര്യങ്ങളുടെ പരിധിയിൽ വരുന്നതല്ല. അത്തരം ഇടപാടുകൾ കൂടുതലും ലാഭമെന്നതിലുപരി സൗഹൃദവും സ്‌നേഹബന്ധവും ഉദ്ദേശിച്ച് നടത്തുന്നവയാണല്ലോ! കൃത്യമായ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി ലാഭം നേടാൻ വേണ്ടി ചെയ്യുന്ന നിക്ഷേപങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കാനുദ്ദേശിക്കുന്നത്.

റിസ്‌കും റിട്ടേണും

‘റിസ്‌ക്’ എന്ന പദം പലപ്പോഴായി പല അർഥത്തിൽ ഉപയോഗിക്കപ്പെടുന്നതായി കാണാറുണ്ട്. ‘താങ്കൾക്കൊരു റിസ്‌കുമില്ല, എല്ലാ റിസ്‌കും കമ്പനിയുടെതാണ്’ എന്ന് പ്രയോഗിക്കുന്നത് കാണാം. എന്നു വെച്ചാൽ ‘താങ്കൾ പണം നിക്ഷേപിച്ചാൽ മാത്രം മതി, കമ്പനിയുടെ പ്രവർത്തനങ്ങളിൽ ഇടപെടേണ്ടതില്ല’ എന്നർഥം. യഥാർഥത്തിൽ അത് പ്രത്യേകം പറയേണ്ട ഒരു കാര്യമല്ല. ഒരു നിക്ഷേപകൻ എന്ന നിലക്ക് ഒരാൾ ഒരു സംരംഭത്തിലിടപെടുമ്പോൾ, അയാൾ ആ സംരംഭത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ സാധാരണ ഇടപെടേണ്ടി വരില്ല. നേരെ മറിച്ച്, നിക്ഷേപകന് ശ്രദ്ധിക്കേണ്ടത് തന്റെ പണം നഷ്ടപ്പെട്ടേക്കാനുള്ള സാധ്യതയെക്കുറിച്ചാണ്. ആ സാധ്യതയാണ് നിക്ഷേപത്തിന്റെ റിസ്‌ക്. വിവിധ നിക്ഷേപ രീതികൾക്ക് വിവിധതരത്തിലുള്ള റിസ്‌ക് ഉള്ളതായി കാണാം. പക്ഷേ, ഒരു കാര്യം ശ്രദ്ധിക്കണം, റിസ്‌ക് കൂടുമ്പോൾ റിട്ടേൺ കൂടണം. അതുപോലെ റിസ്‌ക് കുറയുമ്പോൾ റിട്ടേൺ സ്വാഭാവികമായും കുറയും.

ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം കുറഞ്ഞ റിസ്‌കും കൂടുതൽ റിട്ടേണുമാണ് നല്ലത്. പക്ഷേ, പ്രായോഗിക ബിസിനസ് രംഗത്ത് അങ്ങനെയല്ല വസ്തുത എന്നത് നമ്മളറിഞ്ഞിരിക്കണം. അതുകൊണ്ട്തന്നെ, റിട്ടേൺ കൂടുതൽ കിട്ടുമെന്ന് വാഗ്ദാനം കിട്ടിയാൽ (എന്നുവെച്ചാൽ റിസ്‌കും കൂടുതലാണെന്നർഥം), അത്തരം ബിസിനസ്സുകളിൽ നിക്ഷേപിക്കുമ്പോൾ, ആ പണം മുഴുവനായോ, ഭാഗികമായോ നഷ്ടപ്പെട്ടാലും പിടിച്ചുനിൽക്കാനുള്ള സാമ്പത്തിക കെട്ടുറപ്പ് നിക്ഷേപകനുണ്ടായിരിക്കണം. സാമ്പത്തിക വിദഗ്ധർ പറയുന്നത്, ഒരാളുടെ കയ്യിലുള്ള പണത്തിന്റെ (cash) മൂന്ന് മുതൽ അഞ്ച് ശതമാനം മാത്രമെ ഇത്തരം ബിസിനസ്സുകളിൽ നിക്ഷേപിക്കാവൂ എന്നാണ്.

ഇന്ന് നാട്ടിൽ കാണുന്ന ഏതാനും നിക്ഷേപരീതികളെക്കുറിച്ചാണ് ഇനി പ്രതിപാദിക്കുന്നത്:

1. ബാങ്ക് പലിശ

ഏറ്റവും കുറഞ്ഞ റിസ്‌കുള്ളതായി പറയപ്പെടുന്നതും താരതമ്യേന ഏറ്റവും കുറഞ്ഞ നിരക്കിൽ നിക്ഷേപത്തിൽനിന്നുള്ള വരുമാനം ലഭിക്കുന്നതുമായ രീതിയാണ് ബാങ്കിൽ പണം ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുക എന്നത്. ഈ രീതി പൂർണമായും പലിശയിനത്തിൽ പെടുന്നതുകൊണ്ട് തന്നെ, മുസ്‌ലിംകൾക്ക് ഇത് അനുയോജ്യമായ ഒരു നിക്ഷേപരീതിയല്ല. ക്വുർആൻ പറയുന്നു:

“പലിശ തിന്നുന്നവർ പിശാചുബാധ നിമിത്തം മറിഞ്ഞുവീഴുന്നവൻ എഴുന്നേൽക്കുന്നത് പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവർ പറഞ്ഞതിന്റെ ഫലമത്രെ അത്. എന്നാൽ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതിനാൽ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്) വല്ലവനും (പലിശയിൽ നിന്ന്) വിരമിച്ചാൽ അവൻ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെതീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മടങ്ങുകയാണെങ്കിൽ അവരത്രെ നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും’’ (2: 275).

പ്രത്യക്ഷത്തിൽ ഇത് ലോ റിസ്‌ക,് ലോ റിട്ടേൺ ഇൻവെസ്റ്റ്‌മെന്റാണെങ്കിലും മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം പരലോകത്ത് ഇത് ഹൈ റിസ്‌കാണ് എന്നോർക്കുക.

2. ഷെയർ മാർക്കറ്റ്

വളരെ പ്രൊഫഷണലായും ഉത്തരവാദിത്തത്തോടുകൂടിയും നടത്തപ്പെടുന്ന (പബ്ലിക്) ലിമിറ്റഡ് (Ltd) എന്നറിയപ്പെടുന്ന കമ്പനികൾ അവരുടെ കമ്പനിയുടെ വളർച്ചക്കാവശ്യമായ മൂലധനം സംഭരിക്കുന്ന രീതികളിൽ ഒന്നാണ് ഷെയർ മാർക്കറ്റ്. ചെറിയത്, ഇടത്തരം മുതൽ വൻകിട കമ്പനികൾവരെ ഈ രീതി പിന്തുടരുന്നുണ്ട്. പ്രസ്തുത കമ്പനികളുടെ ആകെയുള്ള ഉടമസ്ഥാവകാശത്തിന്റെ ഒരു ഭാഗം, ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നവരുടെ പേരിലേക്ക് മാറ്റി, അതിന് തുല്യമായ ഒരു സംഖ്യ എന്ന നിലക്കാണ് നിക്ഷേപം കണക്കാക്കുന്നത്. പിന്നീട് കമ്പനിയുടെ വളർച്ച, ലാഭം, പുതിയ പദ്ധതികൾ എന്നിങ്ങനെയുള്ള പല കാരണങ്ങളാൽ ഷെയറിന്റെ വില കൂടുകയും കുറയുകയും ചെയ്യും. വില കൂടുമ്പോൾ വിറ്റാൽ ലാഭം കിട്ടും, കുറയുമ്പോൾ വിറ്റാൽ നഷ്ടവും.

ഇത്തരം കമ്പനികൾ അവയുടെ ഷെയറുകൾ ആദ്യമായി മാർക്കറ്റിൽ വിൽക്കുമ്പോൾ, ഇവയുടെ നടത്തിപ്പിനെക്കുറിച്ചും മറ്റും നന്നായി പഠിച്ച ഇൻസ്റ്റിറ്റിയൂഷണൽ ഇൻവെസ്‌റ്റേഴ്‌സും മറ്റും നിക്ഷേപത്തിൽ പങ്കെടുക്കുന്നത് കൊണ്ട്, ഷെയറിന്റെ വിലനിർണയം പലപ്പോഴും ന്യായമായ വിലയായിരിക്കും. മാത്രമല്ല ഇന്ത്യയിൽ ‘സെബി’ എന്ന സർക്കാർ സ്ഥാപനത്തിന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് ഈ പ്രവൃത്തി നടക്കുന്നത്. ശക്തമായ നിയമവ്യവസ്ഥകൾക്കുള്ളിൽ നടക്കുന്ന കാര്യമായതിനാൽ ഇവിടെ തട്ടിപ്പ് കുറവാണ്. തീരെയില്ല എന്ന് പറയാവതല്ല.

ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഷെയർ മാർക്കറ്റിൽ അനുവദനീയമായതും അല്ലാത്തതുമായ നിക്ഷേപസാധ്യതകളും രീതികളുമുണ്ട്. നേരിട്ട് ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുക എന്നത് സമയവും പഠനവും അധ്വാനവും വേണ്ട കാര്യമാണ്.

ഷെയറിൽ ഇൻവെസ്റ്റ് ചെയ്യുന്നതിനെ നമുക്ക് പലപ്പോഴും ഭൂമി വാങ്ങുന്നതുമായി താരതമ്യപ്പെടുത്താൻ കഴിയും. ഭൂമി നാം ഒരു വില കൊടുത്ത് വാങ്ങുന്നു. ഡിമാന്റ് അനുസരിച്ച് വില കൂടാനും കുറയാനും സാധ്യതയുണ്ട്. അതുപോലെത്തന്നെയാണ് ഷെയറുകളും. പക്ഷേ, ഷെയർ മാർക്കന്റിൽ നിക്ഷേപിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം, അത് ഏതുസമയവും പിൻവലിക്കാവുന്നതാണ് (Liquidtiy) എന്നുള്ളതാണ്. ലാഭവും നഷ്ടവും അഡ്ജസ്റ്റായി തുക ബാങ്കിൽ വരും. ഷെയറിൽ ഇൻവെസ്റ്റ് ചെയ്യുന്നത് മീഡിയം റിസ്‌ക് ആൻഡ് മീഡിയം റിട്ടേൺ ആയിട്ട് നമുക്ക് പരിഗണിക്കാം. നന്നായി സമയവും ബുദ്ധിയും ചെലവാക്കി, ഇത്തരം ഇൻവെസ്റ്റ്‌മെന്റുകളിലൂടെ വലിയനേട്ടം കൊയ്ത ആളുകളുണ്ട്. പക്ഷേ, ഒഴിവുസമയങ്ങളും മറ്റും ഉപയോഗപ്പെടുത്തി ചെയ്യുന്ന കാര്യമാണ് ഇവിടെ പ്രതിപാദിച്ചത്.

3. മ്യൂച്വൽ ഫണ്ട്

ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യുക എന്നത് ശ്രമകരമായ കാര്യമാണ് എന്ന് പറഞ്ഞല്ലോ. സാധാരണക്കാരുടെ ഈ ബുദ്ധിമുട്ട് പരിഹരിക്കാൻ ഉണ്ടാക്കിയിട്ടുള്ള മറ്റൊരു സംവിധാനമാണ് മ്യൂച്വൽ ഫണ്ട്. ഈ രീതിയിൽ മ്യൂച്വൽ ഫണ്ടുകാരൻ സാധാരണ ജനങ്ങളിൽനിന്ന് ധനനിക്ഷേപം സ്വീകരിക്കുകയും അങ്ങനെ സമാഹരിച്ച വലിയ നിക്ഷേപം ഷെയർ മാർക്കറ്റിലെ വിവിധ സെക്ടറുകളിലുള്ള വിവിധ കമ്പനികളിൽ ഇൻവെസ്റ്റ് ചെയ്യുകയും നേട്ടം ഇൻവെസ്‌റ്റേഴ്‌സിന് വീതിച്ച് നൽകുകയും ചെയ്യും. ഈ പ്രവൃത്തി ചെയ്യുന്നതിന് അവർ ഒരു കമ്മീഷൻ എടുക്കും. എന്നാൽ ഇത്തരം ഒട്ടുമിക്ക മ്യൂച്വൽ ഫണ്ട് ഇൻവെസ്റ്റ്‌മെന്റുകളും ഹലാൽ അല്ല. കാരണം ഈ ഫണ്ടുകൾ ഹലാലായ ബിസിനസ്സുകൾക്ക് പുറമെ ഹറാമായ മദ്യം, പലിശ മുതലായ വരുമാനമുള്ള കമ്പനികളിലും ഇൻവെസ്റ്റ് ചെയ്യും. എന്നാൽ ഇത്തരം കമ്പനികളെ ഒഴിവാക്കിക്കൊണ്ട് നടത്തുന്ന ‘എത്തിക്കൽ ഫണ്ട്’ എന്നറിയപ്പെടുന്ന മ്യുച്വൽ ഫണ്ട് സംവിധാനങ്ങളും ഇന്ന് ഇന്ത്യയിലുണ്ട്.

വിവിധ സെക്ടറുകളിൽ വികേന്ദ്രീകരിച്ച് പ്രൊഫഷണൽ ഫണ്ട് മാനേജർമാർ ഇൻവെസ്റ്റ്‌മെന്റ് നടത്തുന്നത് കൊണ്ട് ഈ രീതി ഷെയറിൽ നേരിട്ട് നിക്ഷേപിക്കുന്നതിനേക്കാൾ റിസ്‌ക് കുറവാണ്. ലാഭത്തിന്റെ ഒരു ഭാഗം കമ്മീഷനായി പോകുന്നതിനാൽ റിട്ടേണും കുറയും.

4. പ്രൈവറ്റ് ലിമിറ്റഡ് കമ്പനി/സ്റ്റാർട്ടപ്പുകൾ

ഇന്ത്യയിലെ കമ്പനി നിയമപ്രകാരം ഇരുന്നൂറിൽ താഴെ മാത്രം ഷെയർ ഹോൾഡർമാരെ അനുവദിക്കുന്ന ഒരു നിയമഘടനയാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുടെത്. ഇത്തരം കമ്പനികളുടെ പ്രൊമോട്ടർമാരുടെ മികവും ബിസിനസ്സിന്റെ സാധ്യതയും മാർക്കറ്റിന്റെ നിലവാരവുമൊക്കെ ഇത്തരം കമ്പനികളുടെ വിജയപരാജയങ്ങൾ നിർണയിക്കും. അടിസ്ഥാനപരമായി, ഈ കമ്പനികളുടെ സ്ഥാപകനെ, അല്ലെങ്കിൽ നടത്തിപ്പുകാരെയും അവരുടെ ബിസിനസ്സ് രീതികളെയും പൂർണമായി ആശ്രയിച്ച് വേണം ഒരു സാധാരണക്കാരന് ഇത്തരം സംവിധാനങ്ങളിൽ പണമിറക്കാൻ. വിശ്വസ്തരും കഴിവുറ്റവരുമായ ആളുകൾ തുടങ്ങുന്ന കമ്പനികൾ പോലും പല കാരണങ്ങളാൽ പരാജയപ്പെടുന്നത് കാണാം.

ഇത്തരം കമ്പനികളെ അവയുടെ വളർച്ചാശൈലിയനുസരിച്ച് രണ്ടായി തരംതിരിക്കാം:

1) ചെറിയ ഇൻവെസ്റ്റ്‌മെന്റ് നടത്തുകയും സാവധാനം വളരുകയും ചെയ്യുന്ന കമ്പനികൾ: ഇത്തരം കമ്പനികളിൽ പലപ്പോഴും ഇക്വിറ്റി (ഷെയർ) ഇനത്തിൽ ഇൻവെസ്റ്റ് ചെയ്യുന്നത് പ്രായോഗികമല്ല.

2) കൂടുതൽ ഇൻവെസ്റ്റ്‌മെന്റുകൾ സ്വീകരിക്കുകയും വളരെ പെട്ടെന്ന് വളർച്ച കൈവരിക്കുകയും ചെയ്യുന്നവ: ഇത്തരം കമ്പനികളിൽ അവയുടെ സ്ഥാപകരുടെയും മറ്റും മികവ് നോക്കി ഇക്വിറ്റിയിൽ ഇൻവെസ്റ്റ് ചെയ്യാവുന്നതാണ്. ഇന്ന് നാം കാണുന്ന ടെക്സ്റ്റാർട്ടപ്പുകൾ ഈ ഗണത്തിൽ പെടുന്നവയാണ്.

ഇത്തരം ഇൻവെസ്റ്റ്‌മെന്റുകൾ പൊതുവെ ഹൈറിസ്‌ക്, ഹൈറിട്ടേൺ ഗണത്തിൽ പെടുന്നവയാണ്. കമ്പനി പൂട്ടിയാൽ ഇൻവെസ്റ്റ്‌മെന്റ് മുഴുവൻ പോകും. രക്ഷപ്പെട്ടാൽ പത്തോ നൂറോ ഇരട്ടിയാകാനും സാധ്യതയുണ്ട്. എന്നാൽ പ്രൈവവറ്റ് ലിമിറ്റഡ് കമ്പനിയിൽ ഇക്വിറ്റി നിക്ഷേപം നടത്തുന്നതുവഴി, സ്ഥാപനത്തിനുണ്ടാകുന്ന മറ്റു ബാധ്യതകളൊന്നും നിക്ഷേപകനെ ബാധിക്കുകയില്ല.

5. പ്രോഫിറ്റ് ഷെയറിങ് ഫണ്ടുകൾ

മുകളിൽ പറഞ്ഞ ബിസിനസ്സുകളിൽ നേരിട്ട് പങ്കെടുക്കുന്നതിന് പകരം, അവർക്ക് വേണ്ട വർക്കിങ്ങ് കാപിറ്റലും അസെറ്റ്‌സും മറ്റും ഏർപ്പെടുത്തി ലാഭത്തിന്റെ പങ്ക് പറ്റുന്ന ഒരു രീതിയാണ് പ്രോഫിറ്റ് ഷെയറിങ് ഫണ്ടുകൾ. ഇന്ത്യയിലെ നിയമങ്ങൾ പാലിക്കുന്നതോടൊപ്പം ശരീഅ കംപ്ലയൻസ് ഉറപ്പാക്കുന്ന പ്രോഫിറ്റ് ഷെയറിങ്ങ് ഫണ്ട് മാനേജ്‌മെന്റ് സ്ഥാപനം ഇന്ന് ഇന്ത്യയിലുണ്ട്. മുസ്‌ലിംകളുടെ കൂട്ടത്തിലുള്ള ചാർട്ടേർഡ് അക്കൗണ്ടന്റുമാരും സാമ്പത്തിക വിദഗ്ധന്മാരും ലോയേഴ്‌സും മറ്റും ശ്രമിച്ചാൽ ഇത്തരം ഫണ്ടുകൾ ഇനിയും നമുക്ക് വളർത്തിയെടുക്കാൻ സാധിക്കും. ഇത് മുസ്‌ലിംകളുടെ പണം ഇൻവെസ്റ്റ് ചെയ്യപ്പെടാനും എത്തിക്കൽ ബിസിനസ്സുകൾക്ക് വർക്കിങ്ങ് കാപിറ്റൽ സ്വരൂപിക്കാനും സഹായകമാകുകയും ചെയ്യും.

ഇത്തരം ഫണ്ടുകൾ നടത്തുന്ന വിദഗ്ധരായ മാനേജർമാർ നല്ല നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുകയും നിക്ഷേപത്തിന്റെ വൈവിധ്യമുറപ്പാക്കുകയും ചെയ്യുന്നതുകൊണ്ട് ‘ലോ റിസ്‌ക്, മീഡിയം റിട്ടേൺ’ എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്നതാണ്.

6. പാർട്ണർഷിപ്പ് ഫേം

നമ്മുടെ നാട്ടിലെ ഒട്ടു മിക്ക സ്ഥാപനങ്ങളും നടക്കുന്നത് പാർട്ണർഷിപ്പ് ഫേം ആയിട്ടാണ്. താരതമ്യേന വളരെ എളുപ്പം തുടങ്ങാൻ സാധിക്കുന്നതിനാലും നിയമത്തിന്റെ സാങ്കേതികത്വങ്ങൾ കുറവായതുംകൊണ്ടാണിത്. സജീവമായ (ആക്റ്റീവ്) പങ്കാളിത്തം നടത്തിപ്പിലും ദൈനംദിന പ്രവൃത്തികളിലും ഇല്ലാതെ ഇത്തരം സ്ഥാപനങ്ങളിൽ ഇൻവെസ്റ്റ് ചെയ്യുന്നത് ഒട്ടും അഭികാമ്യമല്ല. ഇത്തരം സ്ഥാപനങ്ങളിലെ പാർട്ണർമാർക്ക്, സ്ഥാപനത്തിന്റെ ഏത് ലയബിലിറ്റിയും വ്യക്തിപരമായി ഏറ്റെടുക്കേണ്ടി വരും. എന്നുവച്ചാൽ ഇൻവെസ്റ്റ് ചെയ്ത തുകയ്ക്കു പുറമെ വീട്ടിലിരിക്കുന്ന പണവും ചിലപ്പോൾ വീട് തന്നെയും പോയെന്നിരിക്കും.

7. ഇൻവെസ്റ്റ്‌മെന്റ് സ്‌കീമുകൾ

മുകളിൽ പറഞ്ഞ ഒട്ടുമിക്ക ഇൻവെസ്റ്റ്‌മെന്റ് രീതികളും ഒറ്റത്തവണയായോ വർഷത്തിലോ അല്ലെങ്കിൽ മൂന്ന് മാസത്തിലൊരിക്കലോ റിട്ടേൺ നൽകുന്നവയാണ്. മാസംതോറും ഒരു ലാഭവിഹിതം ലഭിക്കുന്ന ഒരു ഇൻവെസ്റ്റ്‌മെന്റ് എല്ലാവരുടെയും ആഗ്രഹമാണ്. അതുകൊണ്ട്തന്നെ പല കമ്പനികളും നിയമത്തിന്റെ പല സാധ്യതകളും ഉപയോഗപ്പെടുത്തി അത്തരം റിട്ടേൺസ് കൊടുത്ത് ഇൻവെസ്റ്റ്‌മെന്റുകൾ സ്വീകരിക്കുന്നത് നമുക്ക് കാണാം. ഇത്തരം സ്‌കീമുകളിലെ നെല്ലും പതിരും, ഹലാലും ഹറാമും വേർതിരിക്കുക എന്നത് വളരെ പ്രയാസകരമാണ്. ന്യായവും ഹലാലുമായ രീതികൾ അവലംബിക്കുന്നവർ തൊട്ട്, ഒരുതരം കപടഹലാൽ സ്‌കീമുകളും, ഫിക്‌സഡ് റിട്ടേൺ സ്‌കീമുകളും, പച്ചയായ Ponzi സ്‌കീമുകളും വരെ ഇതിൽ കാണാം. ഒന്നാമത്തെയാൾ ബിസിനസിലെ ലാഭവിഹിതം കണക്കാക്കി, യഥാർഥ റിട്ടേൺ കൊടുക്കുമ്പോൾ, രണ്ടാമത്തെയാൾ ലാഭമൊന്നും കണക്കാക്കാതെ വെറുതെ ഒരു വാര്യബിൾ പ്രോഫിറ് കൊടുക്കുന്നു. (പലിശവേണ്ട എന്ന് പറയുന്നവരെ പറ്റിക്കാനുള്ള ഒരു തന്ത്രം). മറ്റു ചിലർ ഫിക്‌സഡ് മന്ത്‌ലി റിട്ടേൺ കൊടുക്കുന്നു (ഇത് പലിശയാണ്).

ഈ സ്‌കീമിൽ ഓടുന്ന ഒട്ടു മിക്ക സംവിധാനങ്ങളും Ponziസ്‌കീമുകളാണ്. ഒരു ബിസിനസ് ഉണ്ടെന്ന് കാണിച്ച് ഇൻവെസ്റ്റർമാരുടെ കയ്യിൽനിന്നും പണനിക്ഷേപം സ്വീകരിച്ചുകൊണ്ടേയിരിക്കും. ഇതേ പണത്തിൽനിന്ന് മാസാമാസം ഇൻവെസ്റ്റർമാർക്ക് റിട്ടേൺ കൊടുക്കും. മുസ്‌ലിംകളുടെയിടയിൽ, ഈ വിരുതന്മാർ മാറിക്കൊണ്ടിരിക്കുന്ന (Variable) റിട്ടേൺ കൊടുക്കും. സ്വാഭാവികമായും ഇൻവെസ്റ്റർമാർ കരുതുക ലാഭ വിഹിതമാണ് എന്നാണെങ്കിലും, ഇത്തരക്കാർക്ക് ലാഭമുണ്ടാക്കുന്ന ഒരു ബിസിനിസും ഉണ്ടാകില്ല. അവർക്ക് തുടർന്നുള്ള നിക്ഷേപങ്ങൾ കരസ്ഥമാക്കുന്നതിൽ എന്തെങ്കിലും തടസ്സം നേരിട്ടാൽ, സ്‌കീം പൊളിയും. നിക്ഷേപം പോകും.

ഇത്തരം നിക്ഷേപക്കാർ വലിയ റിട്ടേൺസ് (25 ശതമാനത്തിന്റെ മുകളിൽ) കൊടുക്കുന്നുണ്ടെങ്കിൽ അത് ഒരു പോൺസി സ്‌കീമാകാനാണ് കൂടുതൽ സാധ്യത. ഇല്ലെങ്കിൽ ആദ്യം പറഞ്ഞ ഗണങ്ങളിലേതുമാകാം. പോൺസി സ്‌കീമുകൾ നടത്തുന്നത് ഫൈനാൻഷ്യൽ ഫ്രോഡാണ്. അത് ഇന്ത്യയിലെ നിയമത്തിന്റെ മുമ്പിൽ കുറ്റകൃത്യമാണ്.

പലപ്പോഴും ആളുകൾ ബോധ്യമില്ലാതെയും സാമ്പത്തിക വിദഗ്ധന്മാരോട് കൂടിയാലോചിക്കാതെയുമാണ് വലിയ ഇൻവെസ്റ്റ്‌മെന്റ് തീരുമാനങ്ങൾപോലും എടുക്കുന്നത്. പുതിയ കാര്യങ്ങൾ കാണുമ്പോൾ അത്യാഗ്രഹം മൂത്ത് എടുത്തുചാടുക എന്നത് ഒരു സത്യവിശ്വാസിക്ക് ഒരിക്കലും ഭൂഷണമല്ല.

“...പുണ്യത്തിലും ധർമനിഷ്ഠയിലും നിങ്ങൾ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങൾ അന്യോന്യം സഹായിക്കരുത്. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക...’’ (5:2).