പെൺ ചൂഷണം;സർവം ശ്രേണീ ബന്ധിതം

അലി ചെമ്മാട്‌

2021 ജനുവരി 08, 1442 ജുമാദൽ ആഖിർ 05
ചൂഷണം എന്ന വാക്കിന് പകരം വയ്ക്കാനുള്ള പേരായി മാറിയിരിക്കുന്നു പെണ്ണെന്ന പദം. കുടുംബകങ്ങളിലും കലാലയങ്ങളിലും തൊഴിലിടങ്ങളിലും കപട ഉദാത്തവല്‍ക്കരണത്തിലൂടെ ചൂഷണത്തിന്റെ പുതിയ മാനം കണ്ടെത്തുകയാണ് പൊതുസമൂഹം.

ആവശ്യകതയും ലഭ്യതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനില്‍ക്കുക എന്നത് ധനതത്വശാസ്ത്രത്തില്‍ വളരെ പ്രാധാന്യമുള്ള കാര്യമാണ്; വ്യാപാര, വ്യവസായ മേഖലകളെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്ന അടിസ്ഥാന ഘടകവും.

ഒരു പ്രത്യേക ഉല്‍പന്നത്തിന് ആവശ്യകത കൂടുകയും ലഭ്യത കുറയുകയും ചെയ്താല്‍ അതിന്റെ വില കുത്തനെ കൂടും. മറ്റൊരു ഉല്‍പന്നത്തിന്റെ ലഭ്യത കൂടുകയും ആവശ്യകത കുറയുകയും ചെയ്താല്‍ വില കുത്തനെ കുറയും. ഉദാഹരണത്തിന് പ്രളയകാലത്തുണ്ടായ തക്കാളിയുടെ വിലവര്‍ധനവെടുക്കാം. കിലോക്ക് പത്തുരൂപ വിലയുണ്ടായിരുന്ന തക്കാളി പ്രളയം കാരണം നശിക്കുകയും ആവശ്യകത നിലനില്‍ക്കുകയും ചെയ്തതുകൊണ്ട് അതിന്റെ വില 100 രൂപ വരെ എത്തി. ഈ തത്ത്വം മനുഷ്യവിഭവശേഷിയുടെ കാര്യത്തിലും  പ്രായോഗികമാണ്.

അറ്റ്‌ലാന്റിക് അടിമവ്യാപാരം ചരിത്രമാണ്. യൂറോപ്പിലെ പ്രഭുക്കള്‍ക്ക് തോട്ടങ്ങളിലും ഖനികളിലും നിര്‍മാണ മേഖലകളിലും വേലചെയ്യാന്‍ ആളെ ലഭ്യമല്ലാതിരുന്ന സമയത്ത് അവര്‍ കണ്ടെത്തിയ എളുപ്പമാര്‍ഗമാണത്. ആഫ്രിക്കയില്‍നിന്ന് മനുഷ്യരെ മൃഗങ്ങളെപ്പോലെ വേട്ടയാടി കപ്പലില്‍ കുത്തിനിറച്ച് യൂറോപ്പിലേക്ക് എത്തിക്കുക, അവരെ അടിമകളാക്കി എല്ലുമുറിയെ പണിയെടുപ്പിക്കുക, ആവശ്യക്കാര്‍ക്ക് മാര്‍ക്കറ്റില്‍ വില്‍ക്കുക...! അവര്‍ മരിച്ചാല്‍ അവരുടെ മൃതദേഹത്തിന് സായിപ്പിന്റെ ചത്തപട്ടിക്ക് നല്‍കിയിരുന്ന പരിഗണന പോലും നല്‍കിയിരുന്നില്ല. മനുഷ്യചരിത്രത്തില്‍ ഇത്രത്തോളം കൊടിയ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. ലോകത്ത് നടമാടിയ കൂട്ടക്കുരുതികളും അക്രമങ്ങളും മറ്റൊരു വശമാണ്.  

പെണ്ണിനെ പണിയെടുപ്പിക്കാന്‍ പാകത്തില്‍ പരുവപ്പെടുത്തുന്നതിന്റെ തയ്യാറെടുപ്പുകള്‍ ഇന്ന് സ്‌കൂളുകളിൽ‌ നിന്ന് തന്നെ തുടങ്ങുന്നു. അതിന്റെ മറ്റൊരു വശമാണ് സ്ത്രീ സൗന്ദര്യത്തെ മാര്‍ക്കറ്റിംഗ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തല്‍. അതിന്റെ ഭാഗമാണ് പുരുഷന്‍ തയ്യാറാക്കുന്ന യൂണിഫോം, സ്ത്രീ ഡ്രസ്സ്‌കോഡ്, ഫാഷന്‍ ഡിസൈനിംഗ് തുടങ്ങിയവ പുരുഷഭാവന തന്നെ. എന്തിനാണ് അവള്‍ക്ക് മാത്രം ഹൈ-ഹീല്‍ ചെരിപ്പുകള്‍ ? വസ്ത്രം ധരിക്കുന്ന പെണ്‍ ശരീരത്തില്‍ എന്തെല്ലാം പ്രോജക്റ്റ് ചെയ്യപ്പെടണം എന്ന് പുരുഷന്‍ തീരുമാനിക്കും. അത് അവള്‍ അടിമയായി അനുസരിക്കും. എന്നിട്ടവള്‍ പറയും; ഞാന്‍ സ്വതന്ത്രയെന്ന് !

ധനതത്വശാസ്ത്രത്തിലെ ഉല്‍പന്നവും ഡിമാന്റും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനില്‍ക്കുക, നിലനിര്‍ത്തുക എന്നത് വളരെ പ്രസക്തമാണ്. ഉപഭോക്താവിന് ഉല്‍പന്നം ഡിമാന്റില്ലാതെ ലഭ്യമാകണം; മനുഷ്യവിഭവശേഷി ആയാലും. അതായിരുന്നല്ലോ അറ്റ്‌ലാന്റിക് അടിമവ്യാപാരം. അതിന്നും തുടരുന്നു. അഫ്രിക്കന്‍സിന‌ു പകരം സ്ത്രീ എന്ന മാറ്റം മാത്രം.  

മനുഷ്യവിഭവശേഷി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളും പ്രദേശങ്ങളും ഉണ്ട്; കയറ്റി അയക്കുന്നവരും. ജനസംഖ്യയില്‍ സ്ത്രീ-പുരുഷാന‌ുപാതം ഏകദേശം തുല്യമാണ്. പുരുഷന്‍ ജീവിതവിഭവം തേടി കണ്ടെത്തുക, സ്ത്രീ കുടുംബത്തെയും കുട്ടികളെയും പരിപാലിക്കുക എന്നതാണ് മനുഷ്യ പ്രകൃതി. മനുഷ്യമനസ്സ് മാത്രമല്ല മനുഷ്യമേനിയും അങ്ങനെ തന്നെ.

വ്യാപാര വ്യവസായം വളര്‍ന്നു വരുന്നതിന് ആനുപാതികമായി മനുഷ്യവിഭവശേഷിയുടെ ആവശ്യകതയും കൂടി. ഫലത്തില്‍ അതിന്റെ വിലയും കൂടി. അതിനു പരിഹാരമായാണ് കയറ്റുമതിയും ഇറക്കുമതിയും. ജനസംഖ്യ കുത്തനെ കുറഞ്ഞ രാജ്യങ്ങളില്‍ വിഭവശേഷി മാര്‍ക്കറ്റില്‍ വില കൂടിയതിന് പരിഹാരമായാണ് സ്ത്രീകളെക്കൂടി വിഭവശേഷി മാര്‍ക്കറ്റില്‍ ഇറക്കിയത്. പണ്ട് ആഫ്രിക്കയില്‍നിന്ന് മനുഷ്യരെ വേട്ടയാടിയ യൂറോപ്പിലെ പുതിയ തലമുറ. സ്ത്രീകളുടെ മനുഷ്യവിഭവശേഷി മാര്‍ക്കറ്റില്‍ ലഭ്യമാക്കിയതില്‍ രണ്ടുണ്ട് ഗുണം. ഒന്ന്, വില കുത്തനെ കുറഞ്ഞു. രണ്ട്, പുരുഷ കസ്റ്റമേഴ്‌സിനെ കൂടുതല്‍ തൃപ്തരാക്കും. ഇത് രണ്ടും വസ്തുതകളാണ്.

സ്ത്രീയുടെ വിവാഹപ്രായം 21 വയസ്സ് എന്നത് നിയമമാക്കുന്ന ഇന്ത്യയില്‍, കുടുംബ കെട്ടുപാടില്ലാതെ കൂടെക്കൂടലും കിടക്ക പങ്കിടലും സ്വവര്‍ഗ രതിയും നിയമമാക്കിയ ഇന്ത്യയില്‍, പുരുഷവേഷം കെട്ടിച്ചു സ്ത്രീകളെ ചൂഷണം ചെയ്യുന്ന ഇന്ത്യയില്‍, ലോകത്ത്; പെണ്‍പവര്‍ മുതലാളിമാര്‍ക്ക് ചൂഷണം ചെയ്യാനുള്ള, കുറഞ്ഞ വിലക്ക് ലഭിക്കാനുള്ള സാധ്യതകള്‍ ഉണ്ടാക്കുകയല്ലേ ഇത്തരം നിയമങ്ങളിലൂടെ, ഡ്രസ്സ് കോഡുകളിലൂടെ  സര്‍ക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫെമിനിസ്റ്റുകളും ലിബറലുകളും ചെയ്തുകൊണ്ടിരിക്കുന്നത്? വിവാഹത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുന്ന പെണ്‍കുട്ടികള്‍ സ്വാഭാവികമായും വിഭവശേഷി കമ്പോളത്തില്‍ എത്തിപ്പെടും. വിഭവശേഷിയുടെ വില ഇനിയും കുത്തനെ കുറയും, കുത്തക മുതലാളിമാര്‍ക്ക് കൂടുതല്‍ ലാഭം കൊയ്യാം. മാത്രമല്ല, മാര്‍ക്കറ്റിലിറങ്ങുന്ന പെണ്ണിന്റെ പണം അവളുടെ വാങ്ങല്‍ ശേഷി കൂട്ടും. അവള്‍ വാങ്ങാന്‍ നിര്‍ബന്ധിതയാകും. അതിലൂടെ  കൂടുതല്‍ ലാഭം കുത്തകകള്‍ക്ക് തന്നെ! മണി ചെയിന്‍ പോലെ, നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റ് പോലെ  ഇതൊരു ചൂഷണ ശൃംഖലയാണ്. ഞാനും നിങ്ങളും സര്‍ക്കാറുകളും നിയമകൂടങ്ങളും നിയമപാലകരും സമൂഹവും കുടുംബവും വ്യക്തിയും ഉള്‍പ്പെടെ രാജ്യത്തെ, ലോകത്തെ എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ചൂഷണ ശ്രേണി! അതിലെ ഇരകള്‍ പോലും ആ ചൂഷണശ്രേണിയുടെ പതാകവാഹകര്‍! ഇതിലേറെ എന്തുവേണം യജമാന വര്‍ഗത്തിന്?

തൊഴില്‍മേഖലയിലെ സ്ത്രീകളെക്കുറിച്ച് ഗൂഗിള്‍ സേര്‍ച്ച് ചെയ്തു. (ആദ്യ റിസള്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ട് കാണുക). ഒട്ടുമിക്ക റിസല്‍ട്ടുകളും പഠനങ്ങളോ ഗാലപ് പോളുകളോ ആണ്. അതിലെല്ലാം വളരെ പ്രധാന്യപൂര്‍വം പറഞ്ഞ്കാര്യങ്ങള്‍ ആദ്യ റിസല്‍ട്ടിലും ഉണ്ട്. 1) പുരുഷന്നും സ്ത്രീക്കും തമ്മിലുള്ള ശമ്പളവ്യത്യാസം. പുരുഷന് കൂടുതല്‍, സ്ത്രീക്ക് തുച്ചം. ഉല്‍പന്നവും ഡിമാന്റും തമ്മിലുള്ള സന്തുലിതത്വത്തിന് പകരം അസന്തുലിതത്വം. മാര്‍ക്കറ്റില്‍ വിലകുറഞ്ഞ വിഭവശേഷിയായി പെണ്‍പവര്‍ ധാരാളം കിട്ടുന്നു. അതുകൊണ്ട് തന്നെ പുരുഷനെക്കാള്‍ കൂടുതല്‍ ജോലികള്‍ സ്ത്രീകള്‍ക്ക് ലഭ്യമാകുന്നു.

ഇതിന്റെ ഏറ്റവും പരിതാപകരമായ വശം, ഭാവിയില്‍ ചില പരിമിത മേഖലകളില്‍ ഒഴികെ പുരുഷന് അവസരങ്ങള്‍ ഇല്ലാതാവുകയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും താളം തെറ്റിക്കുകയും  ഊടും പാവും തകര്‍ക്കുകയും ചെയ്യും. കുടുംബങ്ങള്‍ കുറഞ്ഞ വരുമാനത്തിലേക്കും ദാരിദ്ര്യത്തിലേക്കും കഷ്ടപ്പാടിലേക്കും കൂപ്പുകുത്തും. കുട്ടികളുടെ അരക്ഷിതാവസ്ഥയും വര്‍ധിപ്പിക്കും. ഇതിന്റെയൊക്കെ ഭവിഷ്യത്ത് അതിഭീകരമായിരിക്കും.

സ്ത്രീ ശാക്തീകരണ മുദ്രാവാക്യങ്ങളിലൂടെ സ്ത്രീചൂഷണവും പീഡനവും യഥേഷ്ടം നടക്കുന്നു. നമ്മുടെ പ്രാഥമിക ഭരണസംവിധാന (പഞ്ചായത്ത്) തെരഞ്ഞെടുപ്പുകളില്‍ 50 ശതമാനം സ്ത്രീ സംവരണമാണ്. അസംബ്ലിയിലേക്കും പാര്‍ലമെന്റിലക്കും ഈ വനിതാ സംവരണം ഇല്ലാത്തതെന്തേ? അര്‍ഹതപ്പെട്ടരുടെ അവസരങ്ങള്‍ പോലും നിഷേധിക്കപ്പെടുകയല്ലേ ചെയ്യുന്നത്? പാര്‍ലമെന്റും നിയമസഭയും നിയമ, നയരൂപീകരണ ബോഡിയാണ്. അവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിക്കുന്നു. എന്തുകൊണ്ട് പഞ്ചായത്തില്‍, നഗരസഭയില്‍ മാത്രം സംവരണം? അവിടെ നിയമ നിര്‍മാണമില്ല, നയരൂപീകരണവും! കൂടാതെ അംഗങ്ങള്‍ നന്നായി പണിയെടുക്കണം. വരുമാനം പേരിന് മാത്രം. അതുകൊണ്ട് പുരുഷനേതാവിനത് വേണ്ട. സ്ത്രീ ശാക്തീകരണം എന്ന പരസ്യവും ധാരാളം!

ഭരണകര്‍ത്താക്കള്‍ക്കിടയിലെ സ്ത്രീ ചൂഷണത്തിന്റെ ഉന്നതോദോഹരണം. നമ്മുടെ നാട്ടില്‍ ഹരിതകര്‍മസേന എന്ന പേരില്‍ കുറെ പഞ്ചായത്ത്/മുനിസിപ്പല്‍ ഉേദ്യാഗസ്ഥര്‍ വീടുകളില്‍ വരാറുണ്ട്. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ബോധവത്ക്കരണമാണ് ലക്ഷ്യം. പ്ലാസ്റ്റിക് കത്തിച്ചാല്‍ വരുന്ന കേസും ശിക്ഷയും തുടങ്ങിയവയെല്ലാം അവര്‍ ബോധ്യപ്പെടുത്തും, താക്കീത് ചെയ്യും. കൂട്ടത്തില്‍ മാലിന്യം തിരഞ്ഞു കെട്ടുകളാക്കി വണ്ടിയില്‍ കയറ്റി കൊണ്ടു പോകുകയും ചെയ്യും. സര്‍ക്കാര്‍ വക സ്ത്രീ ശാക്തീകരണത്തിന്റെ മകുടോദാഹരണം. മാളുകളും ആശുപത്രികളും സ്ത്രീ തൊഴിലാളികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. സ്ത്രീ ശാക്തീകരണം തന്നെ! പക്ഷേ, ജോലി ക്ലീനിങ്ങും ഹൗസ് കീപ്പിങ്ങും. അത് സ്ത്രീകള്‍ക്ക് മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു എന്നതാണ് വസ്തുത. മുതലാളിമാര്‍ക്ക് സ്ത്രീകളിലെ ഏറ്റവും വലിയ ആകര്‍ഷണീയത കുറഞ്ഞ കൂലിയും അര്‍പ്പണ ബോധവുമാണ്. ഇതൊന്നും സ്വാഭാവികമായി സംഭവിക്കുന്നതല്ല. കൃത്യമായ ആസൂത്രണ മികവില്‍ രൂപപ്പെടുത്തിയെടുക്കുന്നതാണ്.

ജോലി ചെയ്യുന്ന സ്ത്രീകളുടെ, പുരുഷന്മാര്‍ക്കില്ലാത്ത മറ്റൊരു പ്രശ്‌നമാണ് പെട്ടെന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍. യാതൊരു ജോലി സുരക്ഷിതത്വവും സ്ത്രീ തൊഴിലാളികള്‍ക്കില്ല. ഏതാനും സര്‍ക്കാര്‍ / അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ ഒഴിച്ച് ഒട്ടുമിക്ക മേഖലകളിലും നിസ്സാര  കാര്യങ്ങള്‍ക്ക് പോലും അവര്‍ ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെടുന്നു. ഗര്‍ഭിണിയാകുന്നതോടെ ജോലി നഷ്ടപ്പെടുന്നു. പല സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് 150 രൂപയില്‍ താഴെ മാത്രമാണ് ദിവസ വരുമാനം. എക്കൗണ്ട്‌സില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോലും പ്രതിമാസം ആറായിരം രൂപ ശമ്പളത്തില്‍ തൃപ്തിപ്പെടേണ്ടി വരുന്നുണ്ട്. അവളുടെ താഴെ തസ്തികയില്‍ ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്ക് മൂന്നിരട്ടി ശമ്പളം അവള്‍ തന്നെ നല്‍കി റസീറ്റ് ഒപ്പിട്ട് വാങ്ങാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു എന്നത് എന്തുമാത്രം ദയനീയമല്ല!

എത്ര വലിയ രീതിയില്‍ she-friendly toilet  ആഘോഷങ്ങള്‍ നടക്കുന്നുണ്ട് ! എങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീകര്‍ നേരിടുന്ന വലിയ പ്രശ്‌നമാണ് ശുചിയിടങ്ങളുടെ അപര്യാപ്തത. അവരുടെ, മാസത്തിലെ പ്രത്യേക ദിവസങ്ങളില്‍ ഔദ്യോഗികയാത്രകളും ഫീല്‍ഡ് പ്രവര്‍ത്തനങ്ങളും വന്നാല്‍ ദുരിതം ഇരട്ടിയാകും. ഇതൊന്നും ഷെയര്‍ ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് പല സ്ത്രീകളും.

ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കുടുംബമായി ജീവിക്കാന്‍ തീരെ സമയമില്ല. കേരളത്തിലെ സ്ത്രീ വിമോചനത്തിന്റെ ലോഗോ ആയി കാണിക്കുന്ന ഒരു മൂന്നാംകിട പ്രാസംഗിക തന്റെ ഔദ്യോഗിക കുടുംബ ജീവിത സന്തുലന കഷ്ടപ്പാടുകള്‍ അക്കമിട്ടു നിരത്തുന്നുണ്ട് ഒരു യുക്തിവാദ വേദിയില്‍.

കുടുംബത്തിൽ നിന്ന് അത്യാവശ്യ ആശ്വാസവും പിന്തുണയും ലഭിക്കാത്ത സ്ത്രീകള്‍ ഒരു ഭാഗത്ത്. കുടുംബത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ത്രീകള്‍ മറുഭാഗത്ത്. അതോടൊപ്പം മാതാവിന്റെ ലാളനയും പരിഗണനയും, എന്തിന് അമ്മിഞ്ഞ പോലും ആവശ്യത്തിനു ലഭിക്കാത്ത കുഞ്ഞുങ്ങളും! നമ്മുടെ കുടുംബങ്ങളുടെയും ബന്ധങ്ങളുടെയും ഊഷ്മളതയും സര്‍ഗാത്മകതയും തകരുകയല്ലേ ചെയ്യുന്നത്? കുഞ്ഞിന് അമ്മിഞ്ഞക്ക് പകരം കുപ്പിപ്പാല്‍! അമ്മയുടെ മാറിലെ ചൂടിന് പകരം ശീതീകരണ യന്ത്രത്തിന്റെയോ ഫാനിന്റെയോ കാറ്റ്. താരാട്ടിനു പകരം മൊബൈലില്‍നിന്നുയുന്ന കഠോര സംഗീതം. ഈ കുഞ്ഞുങ്ങളുടെ ഭാവി എന്താകും?

അവരുടെ ഭാവി കട്ടയില്‍ കിടന്നു കതിര് വരുകയോ ഉണങ്ങിപ്പോവുകയോ ചെയ്‌തേക്കാം. പലരും നല്ലനിലയില്‍ വളരും. ചിലരെങ്കിലും സമൂഹത്തിനു ബാധ്യതയായിത്തീരും. (അവര്‍ അവര്‍ക്കും കുടുംബത്തിനും സമൂഹത്തിനും നാടിനും പ്രശ്‌നം മാത്രമായിരിക്കും).

രണ്ടു സംഭവങ്ങള്‍ പറയട്ടെ; രണ്ടും യൂറോപ്യന്മാരുടെ കാര്യം. അബൂദാബിയില്‍ ബ്രിട്ടീഷ് കമ്പനിയില്‍ ജോലി ചെയ്യുന്ന എന്റെ ഒരു സുഹൃത്ത് കമ്പനിയിലെ ഒരു ബ്രിട്ടീഷ് എഞ്ചിനീയറോട് അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചു കുശലാന്വേഷണം നടത്തി.

‘നിന്റെ മകന്‍ എവിടെയാണ്?'

‘അവന്‍ റുവൈസിലോ മറ്റോ ഉണ്ടെന്നു തോ ന്നുന്നു, കുറെ കാലമായി അവനെ കുറിച്ച് വിവരമൊന്നുമില്ല!'

‘നിന്റെ അമ്മ ഇപ്പോള്‍ എവിടെയാണ്?'

‘ഒരു പക്ഷേ, അവര്‍ എന്റെ സഹോദരിയുടെ കൂടെ ഫ്രാന്‍സിലുണ്ടാകും എന്ന് തോന്നുന്നു. എനിക്കറിയില്ല!'

ഇതാണ് യൂറോപ്പിലെ കുടുംബബന്ധം. അവര്‍ കുടുംബമെന്ന, സമൂഹമെന്ന കെട്ടുപാടില്ലാതെ വ്യക്തികള്‍ മാത്രമായി ‘സ്വതന്ത്രരായി,' ‘സ്വതന്ത്ര ചിന്തകരായി' ജീവിക്കുന്നു. കൂട്ടത്തില്‍ മാതാപിതാക്കളെ പരിഗണിക്കുന്നവരും ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല.

മറ്റൊരു സംഭവം ഇത് തെളിയിക്കുന്നു. കേരളത്തിലെ വളരെ പ്രമുഖനായ ഒരു വ്യക്തി, യൂറോപ്പില്‍ ഡൊമസ്റ്റിക് വിമാനത്തില്‍ യാത്ര ചെയ്ത അനുഭവം പങ്കുവച്ചതാണ്. ഒരു യൂറോപ്യന്‍ വയോധികന്‍ അദ്ദേഹത്തിന്റെ അടുത്ത സീറ്റില്‍ യാത്ര ചെയ്യുന്നു. അദ്ദേഹം ഏറെ സന്തോഷവാനാണ്. മലയാളി കാര്യം തിരക്കി:

‘‘താങ്കള്‍ക്ക് എന്തുകൊണ്ട് ഇത്രവലിയ സന്തോഷം?''

‘‘ഞാനാണ് ലോകത്തിലെ ഏറ്റവും സന്തോഷവാനും ഭാഗ്യവാനുമായ പിതാവ്!''

‘‘എന്തുകൊണ്ട്?''

‘‘ഇന്ന് എന്റെ മകന്റെ കല്യാണമാണ്. കല്യാണത്തിന് അവന്‍ എന്നെ ക്ഷണിച്ചിട്ടുണ്ട്. ഞാന്‍ എന്റെ മകന്റെ കല്യാണ ക്ഷണം സ്വീകരിച്ചു കല്യാണത്തില്‍ പങ്കെടുക്കാന്‍ പോവുകയാണ്!''

എങ്ങനെയുണ്ട്? ഇത്രയും ‘മഹത്തരമാണ്' യൂറോപ്യന്‍ കുടുംബ ബന്ധങ്ങള്‍, ജീവിതങ്ങള്‍. ഇതിലേക്ക് നാമും എടുത്തെറിയപ്പെടും സമീപ ഭാവിയില്‍.

കൊറോണ വാര്‍ത്ത

കൊറോണ ഭീതിയില്‍ ലോകം നടുങ്ങിയ സമയത്തെ ചില വാര്‍ത്തകള്‍ വായിക്കുക.

1) യൂറോപ്പില്‍ ഒരു വൃദ്ധസദ നത്തില്‍ അവിടുത്തെ ജീവനക്കാര്‍ കൊറോണ ഭയം കാരണം ഓടിപ്പോയി. അവി ടുത്തെ അഭയാര്‍ഥികള്‍ ഭക്ഷണവും വെള്ളവും ചികി ത്സയും കിട്ടാതെ പട്ടിണികിടന്നു മരിച്ചു. ശവങ്ങള്‍ പുഴുവരിച്ചു കിടന്നു.

2) അമേരിക്കയിലെ വിരമിച്ച സൈനികര്‍ക്കായുള്ള സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലും ഇതുതന്നെ സംഭവിച്ചു. പരിചരിക്കാനും ഭക്ഷണവും വെള്ളവും നല്‍കാനും ആളില്ലാതെ ചില മുന്‍ അമേരിക്കന്‍ സൈനികരും ഇതുപോലെ മരിച്ചു പുഴുവരിച്ചു.

ഗള്‍ഫ് യുദ്ധകാലത്ത് അതി നെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ലോകത്തോട് വിളിച്ചു പറഞ്ഞതുകൂടെ ചേ ര്‍ത്ത് വായിക്കുക: ‘‘അമേരിക്കന്‍ പൗരന്മാര്‍ ലോകത്ത് എവിടെയാണെങ്കിലും അവരുടെ സുരക്ഷിതത്വവും അവകാശങ്ങളും അമേരിക്കയുടെ ബാധ്യതയാണ്, അത് എന്ത് വില കൊടുത്തും സംരക്ഷിക്കും.'' എന്നിട്ടും സ്വന്തം പട്ടാളക്കാരുടെ അവസ്ഥ ഇങ്ങനെയായി മാറി!

3) നോര്‍ത്ത് ഇന്ത്യയില്‍നിന്ന് കൊറോണ ബാധിച്ച് ആന്ധ്രയില്‍ എത്തിയ പിതാവിന്റെയും മകളുടെയും സം ഭവം. അച്ഛനെ ഗ്രാമത്തിലേക്കോ വീട്ടിലേക്കോ നാട്ടുകാരും ഭാര്യയും അടുപ്പിച്ചില്ല. പക്ഷേ, അവരെയെ‌ല്ലാം അവഗണിച്ചു പാടത്തുവെച്ച് മകള്‍ അച്ഛനെ പരിചരിച്ചു, അവസാനമായി വെള്ളം നല്‍കി യാത്രയാക്കി.

ഇതാണ് യൂറോപ്യന്‍, അമേരിക്കന്‍, ഇന്ത്യന്‍ സംസ്‌കാരങ്ങളുടെയും കുടുംബ ബന്ധങ്ങളു ടെയും നേര്‍ചിത്രം. അമേരിക്കയുടെയും യൂറോപ്പിന്റെയും സംസ്‌കാരവും കുടുംബ ബന്ധങ്ങളുമാണ് നമ്മെ കാത്തിരിക്കുന്നത്. അതിലേക്കാണ് നാം നയിക്കപ്പെടുന്നത്. അതിനെയാണ് നാം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

മലപ്പുറത്തെ നാസ്തിക നേതാവ് ജബ്ബാര്‍ യൂറോപ്യന്‍ സന്തോഷത്തെ കുറിച്ച് ചില   പ്രസംഗങ്ങളില്‍ വാചാലനാകുന്നുണ്ട്; അവിടെ പ്രായമായവര്‍ മക്കളുടെയും കൊച്ചുമക്കളുടെയും ശല്യമില്ലാതെ അവരുടെതായ ലോകത്ത് സ്വതന്ത്രമായി സന്തോഷത്തോടെ ജീവിക്കുകയാണെന്ന്. കൊറോണക്കാലത്ത് യൂറോപ്പിലെയും അമേരിക്കയിലെയും വൃദ്ധമരണങ്ങളും ഇയാളുടെ സന്തോഷ മാനദന്ധവും ചേര്‍ത്ത് വായിക്കുക; ആരാണ് നമ്മെ ഈ രീതിയിലേക്ക് തെളിച്ചുകൊണ്ടിരിക്കുന്നത് എന്ന് ബോധ്യമാകും. നാസ്തികത കുടുംബ സംവിധാനത്തിന് എതിരാണ്. അവര്‍ക്ക് വേണ്ടത് കുടുംബമെന്ന കെട്ടുപാടില്ലത്ത സ്വതന്ത്ര ലോകമാണ്... അവരെ കരുതിയിരിക്കുക.

ഇസ്‌ലാമിക കുടുംബം

മതനിഷേധികള്‍ കുടുംബജീവിതത്തെ എല്ലാ ചൂഷണങ്ങളുടെയും നിദാനമായി കണക്കാക്കിപ്പോരുന്നുവെങ്കില്‍ ഇസ്‌ലാം നന്മയുടെയും തിന്മയുടെയും നിദാനം കുടുംബ ജീവിതമാണെന്നും അതിനാല്‍ നന്മയിലേക്ക് നയിക്കുന്ന വിധമാവണം കുടുംബജീവിതമെന്നും അനുശാസിക്കുന്നു. സ്ത്രീയും പുരുഷനും വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്നു മുമ്പുതന്നെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കണമെന്നും അല്ലാതിരുന്നാല്‍ അനര്‍ഥങ്ങള്‍ സംഭവിക്കുമെന്നും മതം നമ്മെ പഠിപ്പിക്കുന്നു.

കുടുംബ സംവിധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അല്ലാഹു പറയുന്നു: ‘‘മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍നിന്ന് സൃഷ്ടിക്കുകയും അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ, അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബ ബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക). തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്'' (ക്വുര്‍ആന്‍ 4:1).

 അസാന്മാര്‍ഗിക ജീവിതത്തില്‍നിന്നും അപഥസഞ്ചാരത്തില്‍നിന്നും വ്യക്തികളെ സംരക്ഷിച്ചുനിര്‍ത്തുന്ന സുപ്രധാന ഘടകമാണ് വിവാഹം. വ്യക്തികളുടെ മാനസികവും ശാരീരികവും വൈകാരികവുമായ വളര്‍ച്ചക്കും വികാസത്തിനും വിവാഹം അത്യന്താപേക്ഷിതമാണ്. സദാചാരം നിലനിര്‍ത്തുന്നതിനും ചാരിത്ര്യസംരക്ഷണത്തിനും വ്യക്തികളെ സഹായിക്കുന്ന ശക്തമായ സംവിധാനമാണ് വിവാഹ ജീവിതം. മനുഷ്യവംശത്തിന്റെ വര്‍ധനവിനും സമൂഹത്തിന്റെ സാംസ്‌കാരിക അഭിവൃദ്ധിക്കും വ്യക്തികളുടെ സന്തുലിത വികാസത്തിനും വിവാഹത്തെ അനുപേക്ഷണീയമായി ഇസ്‌ലാം കണക്കാക്കുന്നു.

മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പിന് സന്താനോല്‍പാദനം അനിവാര്യമാകുന്നു. മനുഷ്യവര്‍ഗത്തിന്റെ  നിലനില്‍പിനു വേണ്ടി സന്താനോല്‍പാദന പ്രക്രിയയില്‍ പങ്കാളിയാവുക വഴി ദമ്പതികള്‍ ദൈവസ്‌നേഹത്തിന് പാത്രീഭൂതരാകുന്നു.

ദാമ്പത്യജീവിതം വിശ്വാസികള്‍ക്ക് മനസ്സമാധാനമേകുന്നതാണ്. അല്ലാഹു പറയുന്നു:  

‘‘നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്'' (ക്വുര്‍ആന്‍ 30: 21).

തികച്ചും അന്യരായിരുന്ന രണ്ടു വ്യക്തികള്‍ വിവാഹത്തിലൂടെ ഒന്നായി മാറുകയാണ്. പരസ്പരം ആഴമേറിയ സ്നേഹം അവര്‍ക്കിടയില്‍ വേരുപിടിക്കുന്നു. ഈ സ്നേഹവും കാരുണ്യവും അല്ലാഹുവാണ് ഉണ്ടാക്കിത്തരുന്നത്. കാരുണ്യവും സ്നേഹവും ദാമ്പത്യജീവിതത്തിെൻറ അനിവാര്യ ഘടകങ്ങളാണ്. സത്യവിശ്വാസത്തില്‍ അധിഷ്ഠിതമായ ദാമ്പത്യത്തില്‍ ജീവിതാവസാനംവരെയും ഇവ നിലനിര്‍ത്താന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.

ഭൗതിക ജീവിതത്തിനും പാരത്രിക വിജയത്തിനും സദ്‌വൃത്തരായ ഭാര്യയും ഭര്‍ത്താവും പരസ്പര സഹകാരികളായിരിക്കും. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും ഇതരരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കാനും മനുഷ്യനെ പാകപ്പെടുത്തിയെടുക്കാന്‍ വിവാഹത്തിലൂടെ സാധിക്കുന്നു. പ്രഥമമായി ഇണകളോടും തുടര്‍ന്ന് സന്താനങ്ങളോടുമുള്ള നിയതമായ ഉത്തരവാദിത്തങ്ങള്‍ യഥാവിധി നിര്‍വഹിക്കാന്‍ മനസ്സിനെ പാകപ്പെടുത്തിയെടുക്കുന്നതില്‍ വിവാഹത്തിന് അനല്‍പമായ പങ്കുണ്ട്. ഇണകളോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുക, അവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുക, അവരില്‍നിന്നുണ്ടാകുന്ന പിഴവുകള്‍ സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുക, അവരുടെ സംസ്‌കരണത്തിന് പരിശ്രമിക്കുക, അവരെ മതപരമായ ചിട്ടയില്‍ വളര്‍ത്താന്‍ യത്‌നിക്കുക, അവര്‍ക്കു വേണ്ടി അനുവദനീയമായ ധനം സമ്പാദിക്കുക, സന്താനപരിപാലനം ശരിയായ രീതിയില്‍ നിര്‍വഹിക്കുക എന്നിവയെല്ലാം വിവാഹത്തിലൂടെ നിര്‍വഹിക്കപ്പെടുന്ന മഹിതമായ കര്‍മങ്ങളാകുന്നു.

ഇതെല്ലാമാണ് മുസ്‌ലിം കുടുംബം. ക്ഷാമകാലത്തും ക്ഷേമകാലത്തും സന്താഷവേളയിലും സന്താപസമയത്തും വിശ്വാസത്തിന്റെ കരുത്തില്‍ അവര്‍ സന്തോഷത്തോടെ ജീവിക്കും. ആ അന്തരീക്ഷത്തില്‍ വളര്‍ന്ന മക്കള്‍ മാതാപിതാക്കള്‍ക്ക് വയസ്സാകുമ്പോള്‍ അവരെ കടത്തിണ്ണയിലോ വൃദ്ധസദനത്തിലോ െകാണ്ടുപോയി തള്ളില്ല. കാരണം അവരുടെ ജീവിതത്തിന് ഉന്നതമായ ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യം സാക്ഷാത്കൃതമാകണമെങ്കില്‍ മാതാപിതാക്കളെ സംരക്ഷിക്കുകയും ആദരിക്കുകയും പരിഗണിക്കുകയും ചെയ്യല്‍ അനിവാര്യമാണ്.

സ്വതന്ത്ര വാദികള്‍ക്കാകട്ടെ ഇതെല്ലാം വെറും സ്വപ്‌നങ്ങള്‍ മാത്രമായിരിക്കും. അണ്ടിയോ മാങ്ങയോ മൂത്തത് എന്ന തര്‍ക്കം അവര്‍ക്കിടയില്‍ എന്നും നിലനില്‍ക്കും. അനുസരണം അവരുടെ തത്ത്വശാസ്ത്ര പ്രകാരം അടിമത്തമാണല്ലോ. അതിനാല്‍ ഇണകള്‍ക്കിടയില്‍ പരസ്പരം അനുസരണ കാണിക്കുന്ന ശീലമുണ്ടാകില്ല. ഇരുവരും അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കും. അതാണല്ലോ സ്വതന്ത്ര ചിന്ത പഠിപ്പിക്കുന്നത്. മക്കള്‍ക്ക് മാതാപിതാക്കളോട് ഒരു ബാധ്യതയുമുണ്ടാകില്ല. കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയാല്‍ മുട്ടത്തോടും ആ കുഞ്ഞുങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ലാത്തതുപോലെ മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കാനായാല്‍ പിന്നെ മാതാപിതാക്കളും അവരും തമ്മില്‍ ബന്ധം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യമില്ല എന്നാണല്ലോ ‘യുക്തിചിന്ത' പഠിപ്പിക്കുന്നത്.