ആത്മീയ ഉണര്‍വിന്റെ നൂറ്റാണ്ട്

ഡോ.ഷാനവാസ് പറവണ്ണ ചേക്കുമരക്കാരകത്ത് 

2022 ജനുവരി 01, 1442 ജുമാദല്‍ അവ്വല്‍ 27
കേരളത്തിലെ സംഘടിതമായ ഇസ്‌ലാമിക നവോത്ഥാന മുന്നേറ്റം ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ നവോത്ഥാനപൂര്‍വമായ കെട്ടകാലം ഓര്‍മകളിലോടാതിരിക്കില്ല. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതത്തിന്റെ  മുഖംമൂടിയണിഞ്ഞ്  ൈസ്വര സഞ്ചാരം നിര്‍വഹിച്ചിരുന്ന തമോമയസന്ധിയില്‍ മാപ്പിള ജനതക്ക് നവോത്ഥാനത്തിന്റെ നവജീവന്‍ നല്‍കിക്കൊണ്ടാണ് കേരളക്കരയില്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനം കഴിഞ്ഞ ഒരു നൂറ്റാണ്ട് നിറയെ വെളിച്ചം മങ്ങാത്ത പ്രകാശഗോപുരമായി പ്രോജ്വലിച്ചു നിന്നത്.

മുസ്‌ലിം നവോത്ഥാനം പിറവിയെടുക്കുന്ന 19ാം നൂറ്റാണ്ടിലെയും 20ാം നൂറ്റാണ്ടിലെയും കേരള മുസ്‌ലിം സമുദായത്തിന്റെ സ്ഥിതി അത്യന്തം ശോചനീയമായിരുന്നു. മതപരമായ അജ്ഞതയും അന്ധവിശ്വാസങ്ങളും ഒരുഭാഗത്ത് ശക്തമായിക്കൊണ്ടിരുന്നപ്പോള്‍ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ സമുദായത്തെ പിന്നോട്ടുതള്ളി. ബുദ്ധിക്കും അറിവിനും നേരെ പുറംതിരിഞ്ഞുനിന്ന് അവര്‍ വേദഗ്രന്ഥത്തെപ്പോലും മാതൃഭാഷയിലൂടെ മനസ്സിലാക്കാനോ അതിന്റെ ആന്തരികാര്‍ഥവും വിശുദ്ധിയും ലാളിത്യവും ഗ്രഹിക്കാനോ തയ്യാറായിരുന്നില്ല. മറിച്ച് മതത്തിന്റെ പ്രാവരണത്തിനുള്ളില്‍ മുസ്‌ലിം സിദ്ധന്മാരും ‘സന്യാസി’മാരും ഒരുക്കിയ ചതിക്കുഴികളില്‍ വീണ് തപ്പിത്തടയുകയായിരുന്നു അവര്‍. അന്ധകാരത്തിലും അജ്ഞതയിലും വീണുപോയ മുസ്‌ലിം സമുദായത്തെ ഉയിര്‍ത്തെഴുന്നേല്‍പിക്കുക എന്നത് ശ്രമകരമായ ദൗത്യം തന്നെയായിരുന്നു.

കച്ചവടപ്പാട്ടും മൈലാഞ്ചിപ്പാട്ടും ഒപ്പനപ്പാട്ടും അമ്മായിപ്പാട്ടും വെറ്റിലപ്പാട്ടും ആണ്ട്, നഹസ് പാട്ടുകളും മിഅ്‌റാജ് പാട്ടുകളും സീറപ്പാട്ടുകളും ഇല്ലല്ലാപ്പാട്ടുകളും പദാവലിപ്പാട്ടുകളും നരിപ്പാട്ടും നവരത്‌ന മാലയും താലോലപ്പാട്ടും ഒട്ടകമാന്‍ പാട്ടും കിളത്തിമാലയും കൊറത്തിപ്പാട്ടും തേങ്ങാപ്പാട്ടും മാങ്ങാപ്പാട്ടും എലിപ്പാട്ടും തീവണ്ടിപ്പാട്ടും കപ്പപ്പാട്ടും കുപ്പിപ്പാട്ടും പക്ഷിപ്പാട്ടും നൂല് മദ്ഹും  മസാലപ്പാട്ടും ജിന്‍ പടപ്പാട്ടുകളും കത്ത്പാട്ടുകളും കെസ്സ്പാട്ടുകളും ഖിസ്സപ്പാട്ടുകളും താലിപ്പാട്ടുകളും യുദ്ധകാവ്യങ്ങളും ബഹ് നസുകളും ഔലിയാ മാലകളും വിലാപകാവ്യങ്ങളും ഖുത്ബിയ്യത്തും കുത്തുന്ന റാത്തീബും കുത്താത്ത റാത്തീബും പേരു പറഞ്ഞെണ്ണിത്തീര്‍ക്കാന്‍ കഴിയാത്തത്ര മൗലിദ് ഇനങ്ങളും സബീനകളും ഏടുകളും വകകളും സ്വൂഫീവിര്‍ദുകളും അവരെ നിരതരാക്കിയപ്പോഴും വിശുദ്ധ ക്വുര്‍ആന്‍ തുറന്നിടുന്ന ചിന്താബന്ധുരമായ ദര്‍ശനങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന ഒരു ജനത മാറ്റത്തോട് എത്രമാത്രം പുറം തിരിഞ്ഞുനിന്നിട്ടുണ്ടാകും എന്ന് പറഞ്ഞറിയിക്കേണ്ടതില്ല.

പെണ്ണുങ്ങളോട് ആരെങ്കിലും വല്ല അന്യായവും ചെയ്താല്‍ ചേക്കുട്ടിപ്പാപ്പ അയാളുടെ ദേഹത്ത് കയറിക്കൂടും. ശാരീരികവും മാനസികവുമായ ഏതെങ്കിലും അസുഖമായിട്ട് അത് വെളിപ്പെടും; അല്ലെങ്കില്‍ കച്ചവടത്തില്‍ നഷ്ടം വരും; ചിലപ്പോള്‍ കന്നുകള്‍ക്കോ  വിളകള്‍ക്കോ ആപത്തു വരും എന്നൊക്കെ അവര്‍ തലമുറകളായി വിശ്വസിച്ചുപോന്നിരുന്നു. കാലിരോഗങ്ങള്‍ക്ക് കാഞ്ഞിരമറ്റത്തെ ഔല്യ, ഇഴജീവികളുടെ ശല്യങ്ങള്‍ തീരാന്‍ കുഞ്ഞിരായിന്‍ പാപ്പ, വന്യജീവികളുടെ ഉപദ്രവങ്ങള്‍ക്ക് തീണ്ടുമ്മല്‍ സീതി ഉപ്പാപ്പ, ഉറുമ്പിന്റെ ഉപദ്രവങ്ങള്‍ക്ക് സുലൈമാന്‍ നബി, കൂടാതെ തീക്കുട്ടി, കരിങ്കുട്ടി, ഗുളികന്‍, കുട്ടിച്ചാത്തന്‍, കാളി, കൂളി, ചാമുണ്ടി, ഒറ്റമുലച്ചി പോലുള്ള പിശാചുക്കള്‍ക്കും മാപ്പിളമാര്‍ അന്ന് നേര്‍ച്ച നടത്താറുണ്ടായിരുന്നു. അതിന് ‘കൊടുതി’ എന്നാണ് പറഞ്ഞിരുന്നത്. മുഹ്‌യിദ്ദീന്‍ ശൈഖിന്റെ കോഴി, ബദ്‌രീങ്ങളുടെ ആട്, മമ്പുറത്തെ കാള മുതലായവ വീടുകളില്‍ സുലഭമായിരുന്നു. കൊയ് ത്തുകാലം തുടങ്ങിയ സുഭിക്ഷ ഘട്ടങ്ങളില്‍ നാഗൂരിന്റെയും മമ്പുറത്തിന്റെയും മറ്റും പേരില്‍ ധാരാളം ഫഖീറന്മാരും കലീവമാരും വീടുവീടാന്തരം കയറിയിറങ്ങും. വെള്ളിക്കാല്, വെള്ളിക്കണ്ണ് തുടങ്ങിയ നേര്‍ച്ച വസ്തുക്കളും മറ്റും തരപ്പെടുത്താനുള്ള തന്ത്രങ്ങള്‍ അവര്‍ക്ക് വശമായിരുന്നു.

വസൂരി, കോളറ, ഭ്രാന്ത് തുടങ്ങിയ രോഗങ്ങള്‍ക്ക് നൂല്, മന്ത്രം, ഏലസ്സ്, ഐക്കല്ല്, മന്ത്രിച്ച വെള്ളം, പിഞ്ഞാണമെഴുത്ത്, ഉഴിഞ്ഞിടല്‍, മാരണം, ഹോമം, നഫീസത്ത് മാല പാടല്‍, ഖുതുബിയ്യത്ത്, മൗലൂദ്, റാത്തീബ് എന്നിവയായിരുന്നു ചികിത്സാവിധികള്‍. മഹാവ്യാധികള്‍ക്കായിരുന്നു കൂട്ടബാങ്കുകള്‍. ജലദോഷം, പനി തുടങ്ങിയവക്ക് നൂല്, സുഖപ്രസവത്തിന് പിഞ്ഞാണമെഴുത്ത്, നഫീസത്ത് മാല പാടല്‍ എന്നിവയൊക്കെയായിരുന്നു ചികിത്സകള്‍. കോളറ തട്ടുചെകുത്താനും വസൂരി കുരുപ്പ് ചെകുത്താനും അപസ്മാരം കൂക്കി ചെകുത്താനും ഗുളികന്‍, രക്തരക്ഷസ്സ്, ബ്രഹ്‌മരക്ഷസ്സ്, മലചവിട്ടി, തേര്, പേന്താന്‍, റൂഹാനി, ഖബറാളി, പൊട്ടിച്ചൂട്ട് തുടങ്ങിയ പിശാചുക്കളും രാത്രിയായാല്‍  ൈസ്വ ര്യ വിഹാരംചെയ്യുമെന്നായിരുന്നു വിശ്വാസം.

പാണന്‍, പറയന്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ രാത്രികാലങ്ങളില്‍ ഒടിമറഞ്ഞ് ആളുകളെ ഒടിച്ചുകൊല്ലുമെന്നും ജനങ്ങള്‍ വിശ്വസിച്ചിരുന്നു. മൂങ്ങവര്‍ഗത്തില്‍പ്പെട്ട കുറ്റിച്ചൂളാന്‍ (കാലന്‍കോഴി) എന്ന പക്ഷി രാത്രികാലങ്ങളില്‍ കൂകിയാല്‍ അടുത്തെവിടെയെങ്കിലും മരണം സംഭവിക്കുമെന്ന് ജനങ്ങള്‍ വിശ്വസിച്ചുപോന്നിരുന്നു. അങ്ങേക്കരയില്‍നിന്ന് കാലന്‍കോഴി കൂകിയാല്‍ ഇങ്ങേക്കരയില്‍ മരണം സംഭവിക്കുമെന്നായിരുന്നു ജനങ്ങള്‍ വിശ്വസിച്ചിരുന്നത്. തനിക്കോ തന്റെ ബന്ധുക്കള്‍ക്കോ മരണം സംഭവിക്കാതിരിക്കുന്നതിനുള്ള ചില വിദ്യകളും ഉണ്ടായിരുന്നു. കുറ്റിച്ചൂലെടുത്ത് കുത്തനെ വെക്കുക എന്നതായിരുന്നു അതിലൊന്ന്.

മാരണം അന്ന് ചിലയാളുകളുടെ കുലത്തൊഴിലായിരുന്നു. മാരണം ചെയ്യലും ചെയ്യിക്കലും മാറ്റലും മറിച്ച് ചെയ്യലുമൊക്കെയായിരുന്നു അന്നത്തെ സജീവ ചര്‍ച്ചാവിഷയങ്ങള്‍. ഈ ചെയ്യലും ചെയ്യിക്കലും കാരണം എത്രയോ ബന്ധുക്കള്‍ തമ്മില്‍ ബഹളവും അടിപിടിയും കുത്തിക്കൊലകളും നടക്കാറുണ്ടായിരുന്നു. സിഹ്‌റില്‍ പലതരം ഇനങ്ങളുണ്ടായിരുന്നു. എതിര്‍കക്ഷിയെ കൊല്ലുന്നതിനു വേണ്ടി രക്തം വിസര്‍ജിപ്പിക്കുക, പാമ്പിനെ അയക്കുക തുടങ്ങിയവയൊക്കെ അവയില്‍ ചിലത് മാത്രമാണ്.

പുരുഷന്റെ മൊട്ടത്തലയും സ്ത്രീയുടെ കൈലാറ്റ(1) പോലുള്ള കാത്കുത്തും മതവിശ്വാസത്തിന്റെ ഭാഗമായിത്തന്നെയാണ് ഗണിക്കപ്പെട്ടിരുന്നത്. വലത്തെകാതില്‍ പന്ത്രണ്ടും ഇടത്തെ കാതില്‍ പതിനൊന്നും ദ്വാരങ്ങള്‍. അവയില്‍ സ്വര്‍ണച്ചിറ്റോ വെള്ളിച്ചിറ്റോ വെറും നൂലോ ഒക്കെ ഇടുമായിരുന്നു. അങ്ങനെ കാത് കുത്തുന്നത് മുസ്‌ലിം ആചാരമായും അങ്ങനെ കുത്താതിരിക്കുന്നത് അമുസ്‌ലിം സമ്പ്രദായമായുമായാണ് ഗണിച്ചിരുന്നത്.

മുസ്‌ലിം പുരുഷന്മാരോ സ്ത്രീകളോ അടിവസ്ത്രങ്ങള്‍ ധരിക്കരുതെന്നാണ് അന്ന് പുരോഹിതന്മാര്‍ പറഞ്ഞത്. പുരുഷന്മാര്‍ അണ്ടര്‍വെയര്‍ ധരിച്ചാല്‍ മൂത്രം മുറിയുകയില്ലെന്നും സ്ത്രീകളുടെ പാവാട, സാരി പോലുള്ളവ അമുസ്‌ലിം വസ്ത്രമാണെന്നുമുള്ള വാദങ്ങള്‍ മതപ്രമാണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് സമര്‍ഥിക്കുവാനാണ് പുരോഹിതന്മാര്‍ ശ്രമിച്ചത്.

കേരള മുസ്‌ലിംകളെ ആസൂത്രിതനീക്കങ്ങളിലൂടെ ക്രൈ സ്ത വാദര്‍ശങ്ങളിലേക്ക്‌ പറിച്ച്‌നടാനുള്ള കൊണ്ടുപിടിച്ച ശ്രമം ബ്രിട്ടീഷ്‌ കൊളോണിയല്‍ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കെയാണ് സമുദായ നേതൃത്വം അവകാശപ്പെട്ടിരുന്ന പുരോഹിതന്മാര്‍ സ്വാര്‍ഥതയുടെ മൂര്‍ത്തിമദ്ഭാവങ്ങളായി പരിലസിച്ചിരുന്നത് എന്നത് എത്രമേല്‍ ജുഗുപ്‌സാവഹമാണ്. പാശ്ചാത്യ മിഷനറിമാരെ ഇറക്കുമതി ചെയ്ത് അധികാരത്തോടൊപ്പം കര്‍ത്താവിനെയും ദൈവത്തോടൊപ്പം അപ്പത്തേയും ആതുരസേവനത്തോടൊപ്പം ആദര്‍ശത്തെയും ഒളിച്ച്കടത്താനുള്ള ശ്രമങ്ങള്‍ ശക്തമായ കാലം. ഇതിനെപറ്റിയൊന്നും ബോധവാന്മാരാകാത്ത മുസ്‌ലിം സമൂഹം എത്രമാത്രം ഉദാസീനമായിരുന്നു എന്നത് ചരിത്രത്താളുകളെ ഈറനണിയിക്കുന്നുണ്ട്, തീര്‍ച്ച. ഈ ആപല്‍സന്ധിയില്‍ സമുദായരക്ഷകനായി വന്ന മക്തിതങ്ങളെ (2) ഭ്രഷ്ട്  കല്‍പിച്ച് ഒറ്റപ്പെടുത്താനായിരുന്നു പുരോഹിതന്മാര്‍ ഊര്‍ജം ചെലവഴിച്ചിരുന്നത്!

പള്ളിദര്‍സുകളില്‍ പടച്ചവന്റെ കിതാബിനെക്കാള്‍ പത്തുകിതാബിന് പ്രാമുഖ്യം നല്‍കി അക്ഷരംപ്രതി പഠിപ്പിച്ചിരുന്ന ഒരു സമൂഹത്തില്‍ പൊളിച്ചെഴുത്ത് ഏറ്റവും അനിവാര്യമായിരുന്നു. വര്‍ഷങ്ങളോളം അറബി കിതാബുകള്‍ വായിച്ചതിനുശേഷവും അറബിയില്‍ സ്വന്തമായി എഴുതാനോ എഴുതപ്പെട്ടവ വായിച്ചുമനസ്സിലാക്കാനോ സാധിച്ചിരുന്നില്ല.

പരമ്പരാഗത ദര്‍സ് പഠനരീതിയില്‍നിന്നും വ്യത്യസ്തമായി ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ ഇസ്‌ലാമിക വിദ്യാഭ്യാസ സംവിധാനത്തിന് കേരളത്തില്‍ ആദ്യമായി തുടക്കംകുറിച്ചത് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ്. 1913 ജനുവരി 1ന് കൊയപ്പത്തൊടി മോയിന്‍കുട്ടി ഹാജി(3)യുടെ പിന്തുണയോടെ ‘പുതിയ വിദ്യാലയ നിയമങ്ങള്‍’ എന്ന പേരില്‍ സിലബസ് തയ്യാറാക്കുകയും പത്തുവര്‍ഷത്തെ കരിക്കുല സംവിധാനം ചിട്ടപ്പെടുത്തുകയും ചെയ്തു. ഈ സിലബസ് പ്രകാരമുള്ള പഠനരീതി വാഴക്കാട് ദാറുല്‍ ഉലൂമില്‍ ആംഭിച്ചു. ഓരോ വിഷയത്തിനും ഓരോ പീരിയഡ് നിശ്ചയിച്ചതും ഡസ്‌ക്, ബെഞ്ച് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ചതും അന്ന് പുതുമയായിരുന്നു. സാധാരണ വിഷയങ്ങള്‍ക്ക് പുറമെ മലയാള സാഹിത്യവും വ്യാകരണവും പത്രവായനാ പരിശീലനവും ശാസ്ത്രവിഷയങ്ങളും കൂടി അവിടെ പഠിപ്പിച്ചിരുന്നു. പ്രബോധിതരായ മലയാളികളോടുള്ള ഫലപ്രദമായ ആശയ സംവേദനത്തിന് ഈ മാറ്റം പണ്ഡിതന്മാരെ പ്രാപ്തരാക്കി. അറബിയില്‍ പ്രസംഗിക്കുന്നതിനും എഴുതുന്നതിനും വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു.

ചാലിലകത്ത് സ്വന്തം പാഠശാലയില്‍ ആൺ -പെണ്‍ വ്യത്യാസമില്ലാതെ ഒരുപോലെ പ്രവേശനം നല്‍കി. മാത്രമല്ല സ്വന്തം പുത്രിമാരെയും അമ്മാവന്‍ അബ്ദുല്ല മുസ്‌ലിയാരുടെ പുത്രിമാരെയും സ്‌കൂളില്‍ ചേര്‍ക്കാനും അദ്ദേഹം മുന്‍കൈയെടുത്തു. മുസ്‌ലിംകള്‍ അറബിമലയാളം മാത്രം മാധ്യമമായി ഉപയോഗിച്ചിരുന്ന കാലത്ത് മലയാള ഭാഷയെ ജനകീയമാക്കാനും സ്ത്രീവിദ്യാഭ്യാസം സാര്‍വത്രികമാക്കാനുമുള്ള  മാതൃകകള്‍ സൃഷ്ടിച്ചു. എന്നാല്‍, അഭൂതപൂര്‍വമായ ഈ പുണ്യത്തെ നശിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെയാണ് ഇരുട്ടിന്റെ വൈതാളികരായ യാഥാസ്ഥിതിക പൗരോഹിത്യം നിലയുറപ്പിച്ചത്.

ചാലിലകത്തിന്റെ ഈ മഹനീയ മാതൃക പിൻ പറ്റിയാണ് പിന്നീട് കേരളത്തില്‍ മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നത്. സയ്യിദ് ഥനാഉല്ലാഹ് മക്തിതങ്ങള്‍ തുടങ്ങിവെച്ച പ്രവര്‍ത്തയങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇത്. ദര്‍സിന്റെ ആശയദാരിദ്ര്യത്തെയും അശാസ്ത്രീയ രീതികളെയും മക്തിതങ്ങള്‍ തന്റെ നിരവധി കൃതികളില്‍ ചോദ്യംചെയ്യുന്നുണ്ട്.(4)

1924 മെയ് 10,11,12 തീയതികളില്‍ ആലുവയില്‍ ചേര്‍ന്ന മുസ്‌ലിം ഐക്യസംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍വെച്ച് കേരള ജംഇയ്യത്തുല്‍ ഉലമ എന്ന കേരള മുസ്‌ലിംകളുടെ പ്രഥമ പണ്ഡിതസംഘടന രൂപീകരിക്കപ്പെട്ടു. വെല്ലൂര്‍ ബാക്വിയാത്തുസ്സ്വാലിഹാത്ത് അറബിക്കോളജ് പ്രിന്‍സിപ്പാള്‍ ശൈഖ് അബ്ദുൽ ജബ്ബാർ ഹസ്‌റത്ത് സമ്മേളനത്തിലെ തന്റെ അധ്യക്ഷ ഭാഷണത്തില്‍ പള്ളി ദര്‍സുകളില്‍ നടപ്പുള്ള പല കിതാബുകളും നീക്കം ചെയ്തു പകരം ഉപകാരപ്രദമായ കിതാബുകള്‍ പഠിപ്പിക്കപ്പെടുമെന്ന് ഊന്നിപ്പറഞ്ഞിരുന്നു.

അൽ അസ്ഹര്‍, അലീഗര്‍ സര്‍വകലാശാലകളുടെ ചുവടുപിടിച്ചുകൊണ്ട് ആലുവയില്‍ അറബിക്‌ സര്‍വകലാശാല യാഥാര്‍ഥ്യമാക്കാനുള്ള നീക്കങ്ങള്‍ക്കും ഈ സമ്മേളനം കരുത്ത് പകര്‍ന്നു. വൈജ്ഞാനിക നവോത്ഥാനത്തിന് അഗ്‌നി പകര്‍ന്ന ഈ മഹാസമ്മേളനത്തില്‍ ക്ഷണിതാക്കളായി പങ്കെടുത്ത പണ്ഡിതന്മാരില്‍ ചിലര്‍ക്കു തന്നെ ശരിയായ മതം എന്തെന്ന് നിശ്ചയമുണ്ടായിരുന്നില്ല. അക്കാര്യം അല്‍പം വിശദമായി താഴെ പറയാം:

ആലുവ സമ്മേളന പരിപാടികളിൽ പെട്ട ഒന്നാമത്തെ യോഗം അവസാനിച്ച ശേഷം അടുത്ത യോഗത്തിനുള്ള വിഷയ നിര്‍ണയക്കമ്മിറ്റി ചേര്‍ന്നു. അതില്‍ അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്തിന്റെ നിര്‍ദേശമനുസരിച്ച് വെല്ലൂര്‍ ബാഖിയാത്തിലെ അധ്യാപകനായ അബ്ദുര്‍റഹീം ഹസ്രത്താണ് അധ്യക്ഷത വഹിച്ചത്. വിഷയ നിര്‍ണയക്കമ്മിറ്റിയുടെ പരിഗണനക്കു വന്ന ആദ്യത്തെ പ്രമേയം ഇതായിരുന്നു:

‘നല്ലതിനെ ഉപദേശിക്കുകയും ചീത്തയെ വിരോധിക്കുകയും ചെയ്യുന്ന ഒരു സംഘമുണ്ടായിരിക്കല്‍ ഫര്‍ദുകിഫായയാണ്.(5) അതുകൊണ്ട് കേരളത്തിലെ ഉലമാക്കളുടെ(6) ഒരു സംഘം ഉണ്ടായിരിക്കണമെന്ന് ഈ യോഗം തീരുമാനിക്കുന്നു.’(7)

പ്രമേയം ചര്‍ച്ചക്ക് വന്നപ്പോള്‍ ആ യോഗത്തിലുണ്ടായിരുന്ന ഒരു ബാഖവി(8) ‘ഇങ്ങനെ ഒരു സംഘമുണ്ടായിരിക്കല്‍ ഫര്‍ദ് കിഫായയാണെന്നതിന് എന്താണ് ദലീല്‍‘(9) എന്ന് ചോദിച്ചു. ഇതിന് മറുപടിയായി ‘നന്മയിലേക്കു ക്ഷണിക്കുകയും നല്ലത് കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരു വിഭാഗം നിങ്ങളുടെ കൂട്ടത്തിലുണ്ടായിരിക്കണം; അവരത്രെ വിജയികള്‍’(10)എന്നര്‍ഥം വരുന്ന ക്വുര്‍ആന്‍ വാക്യം ഇ.കെ.മൗലവി ഉദ്ധരിച്ചു. ‘അത് ക്വുര്‍ആന്‍ ആയത്തല്ലേ? അതവിടെ നില്‍ക്കട്ടെ. ഞാന്‍ ദലീലാണ്  ചോദിച്ചത്. ശറഇന്റെ ഇമാമുകള്‍ എന്തു പറയുന്നുവെന്നാണ് എനിക്കറിയേണ്ടത്’ എന്നായി അയാള്‍. തല്‍സമയം ഇ.കെ. മൗലവി അധ്യക്ഷനോട് ‘ക്വുര്‍ആന്‍ ആയത്ത് ദലീലായി സ്വീകരിക്കുകയില്ലേ’ എന്ന് ചോദിച്ചു. ആ ബാഖവിയുടെ സമീപനത്തില്‍ അധ്യക്ഷന് ദേഷ്യം വരികയും മറുപടി നല്‍കി അയാളെ ഇരുത്തുകയും ചെയ്തു.(11)

ഇസ്‌ലാമി െൻറ അടിസ്ഥാന പ്രമാണങ്ങളെക്കുറിച്ച് ഇതാണ് പണ്ഡിതന്മാരിൽ ചിലരുടെ ധാരണയെങ്കിൽ അത്രയും കാലം സാധാരണക്കാരെ അവർ എത്രമാത്രം വഴിതെറ്റിച്ചിട്ടുണ്ടാകും എന്ന് ആലോചിച്ചുനോക്കുക!

പണ്ഡിതന്മാരോ അവരുടെ ഗ്രന്ഥങ്ങളോ അധ്യാപനങ്ങളോ ഇസ്‌ലാമിക പ്രമാണങ്ങളല്ല. പ്രമാണങ്ങളെ പൊതുജനങ്ങള്‍ക്ക് പഠിക്കാനുള്ള ഗൈഡുകള്‍ മാത്രമാണ്. ഇസ്‌ലാമിലെ പണ്ഡിത സങ്കല്‍പം തിരുവായ് ക്ക് എതിര്‍വാ ഇല്ലാത്ത പൗരോഹിത്യമല്ല. ഇസ്‌ലാമിക പ്രമാണങ്ങളായ ക്വുര്‍ആന്റെയും സ്വഹീഹായ ഹദീസുകളുടേയും അപ്രമാദിത്വവും ആധികാരികതയും പണ്ഡിതന്മാര്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി പണ്ഡിതന്മാര്‍ പറയുന്നതിനെ പിന്‍പറ്റുന്നത് ഇസ്‌ലാം ശക്തമായി എതിര്‍ക്കുന്നു.

വിശുദ്ധ ക്വുര്‍ആന്‍ ഒരു പാരായണ ഗ്രന്ഥം മാത്രമല്ല, മനുഷ്യന്റെ ഭൗതിക ജീവിതത്തിൽ പാരത്രിക രക്ഷക്കുതകുന്ന വിശ്വാസങ്ങളും കര്‍മങ്ങളും ധര്‍മനിഷ്ഠകളും കൃത്യമായി പകര്‍ന്നു നല്‍കാന്‍ പ്രപഞ്ച നാഥന്‍ അവതരിപ്പിച്ച പ്രമാണവും കൂടിയാണ്. അതിന്റെ ഉള്ളടക്കങ്ങളിലേക്ക് കേരള മുസ്‌ലിം ജനത ആകൃഷ്ടരായിപ്പോയാല്‍ തങ്ങളുടെ ദുര്‍ബോധനങ്ങള്‍ നിഷ്ഫലമാകുമെന്ന് ഭയന്ന ഒരു പണ്ഡിതന്‍ എഴുതിവിട്ട കുതന്ത്രം കാണുക:

‘ക്വുർആനിൽ നിന്നും ഒരായത്തിന്റെയും അര്‍ഥം പഠിക്കല്‍ പൊതുജനങ്ങള്‍ക്ക് നിര്‍ബന്ധമില്ല. ഓതല്‍ നിര്‍ബന്ധമായത് ഫാതിഹ മാത്രമാണ്. അതും അര്‍ഥം പഠിക്കല്‍ നിര്‍ബന്ധമില്ല. പ്രത്യേക സുന്നത്തുമില്ല. ക്വുര്‍ആനിന്റെ തര്‍ജമ പഠിക്കല്‍ പൊതുജനങ്ങള്‍ക്ക് പ്രത്യേകം സുന്നത്തായിയെങ്കിലും എണ്ണിപ്പറഞ്ഞ ഒരു കിതാബോ ആലിമീങ്ങളോ ഫിക്വ് ഹിലും ഫുക്വഹാക്കളിലും ഇല്ല. ഇതാണ് ക്വുര്‍ആനിന്റെ അര്‍ഥവും പൊതുജനങ്ങളുമായുള്ള ബന്ധവും.’ (12)

ഇസ്‌ലാമിക പ്രമാണങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന ഒരു സമൂഹ സൃഷ്ടിക്കായി തന്റെ അനുഗൃഹീത ജിഹ്വ കൊണ്ടും തൂലിക കൊണ്ടും അനവരതം യത്‌നിച്ച മഹാപണ്ഡിതന്‍ കണ്ണൂര്‍ പി. അബ്ദുൽ ഖാദിര്‍ മൗലവിയുടെ ഇസ്വ്‌ലാഹീ പ്രഭാഷണങ്ങള്‍ക്ക് ഖണ്ഡനം നടത്തവേ ഒരു യാഥാസ്ഥിതിക പണ്ഡിതന്‍ പ്രമാണങ്ങളെ തിരസ്‌കരിക്കാൻ വേണ്ടി ജനങ്ങളെ ആഹ്വാനം ചെയ്ത വാക്കുകള്‍ എത്രമാത്രം ഗൗരവതരമായിരുന്നുവെന്ന് നോക്കുക:

“വല്ല കാര്യത്തിലും അഭിപ്രായഭിന്നതയുണ്ടായാല്‍ അത് ക്വുര്‍ആനിലേക്കും സുന്നത്തിലേക്കും മടക്കുകയാണ് വേണ്ടത് എന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞാല്‍ ‘മടക്കേണ്ടതില്ല, മടക്കരുത്, മടക്കുകയില്ല’ എന്നു നിങ്ങള്‍ അവരോട് പറഞ്ഞേക്കണം.’’(13)

മറ്റൊരു പണ്ഡിതന്‍ എഴുതി:

“സാധാരണക്കാരന് മതപണ്ഡിതനെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. പണ്ഡിതന്‍ സത്യം പറയട്ടെ, അല്ലെങ്കില്‍ ശരി പറയട്ടെ, അബദ്ധം പറയട്ടെ, സാധാരണക്കാരുടെ ബാധ്യത പണ്ഡിതന്മാര്‍ പറയുന്നത് സ്വീകരിക്കലാണെന്ന കാര്യത്തില്‍ ഇജ് മാഅ് ഉണ്ട്’’ (മുസ്ത സ് ഫ 21-23) (14)

സമൂഹത്തെ നേരെ നയിക്കാന്‍ ഉത്തരവാദപ്പെട്ട പണ്ഡിതന്മാര്‍, സമൂഹം നിര്‍മിച്ചുണ്ടാക്കിയ ദുരാചാരങ്ങളുടെ സംരക്ഷകരായി നില കൊണ്ടു. ബോധ്യപ്പെട്ട സത്യങ്ങൾ പോലും തുറന്നുപറയാനുള്ള ആര്‍ജവമുള്ളര്‍ അക്കൂട്ടത്തില്‍ വിരളമായിരുന്നു. മഹാഭൂരിപക്ഷം പണ്ഡിതന്മാരുടേയും വൈജ്ഞാനിക നിലവാരം പരമദയനീയമായിരുന്നു.

ജ്ഞാനവൃദ്ധനായ കരുവള്ളി മുഹമ്മദ് മൗലവി(15) അത്തരം ഒരു അനുഭവം വിവരിച്ചത് വായിക്കുക:

“മലപ്പുറം പള്ളിയില്‍ ‘തേനു മുസ്‌ലിയാര്‍‘(16) എന്ന പേരിലൊരു പണ്ഡിതനുണ്ടായിരുന്നു. ‘തേനു മുസ്‌ലിയാര്‍ തങ്ങള്‍‘ എന്ന് ആളുകള്‍ അദ്ദേഹത്തെ ആദരവോടെ വിളിച്ചിരുന്നു. അങ്ങനെ ഒരു ദിവസം കൂട്ടായി അബ്ദുല്ല ഹാജി (17) മലപ്പുറത്ത് ഒരു പ്രസംഗം നടത്തി. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ത്തുകൊണ്ടുള്ള പ്രസംഗത്തില്‍ മുഹ്‌യിദ്ദീന്‍ മാല പാടുന്നത് പുണ്യമല്ലെന്നും അത് കൂലിയുള്ള കാര്യമല്ലെന്നും പറഞ്ഞിരുന്നു. ഈ പ്രസംഗം കേള്‍ക്കാന്‍ ഇടയായ ഏതാനും ആളുകള്‍ തേനു മുസ്‌ല്യാരെ സമീപിച്ചുകൊണ്ട് മുഹ്‌യിദ്ദീന്‍ മാലയെ സംബന്ധിച്ചുകൊണ്ട് അബ്ദുല്ല ഹാജി പറഞ്ഞതിനെ കുറിച്ച് അഭിപ്രായം ചോദിച്ചു. മുസ്‌ലിയാരുടെ മറുപടി രസകരമായിരുന്നു: ‘മാല പാടിയാല്‍ കൂലി കിട്ടുമെന്ന് മാലയില്‍ തന്നെ പറഞ്ഞ കാര്യം കൂട്ടായി അബ്ദുല്ല ഹാജി കണ്ടിട്ടില്ലേ’ എന്നായിരുന്നു ആ പ്രതികരണം. ‘മൊളിയൊന്നും കളയാതെ പിളയാതെ ചൊന്നോര്‍ക്ക് മണി മേടം സ്വര്‍ഗത്തില്‍ നായന്‍ കൊടുക്കുമേ’ എന്ന മാലയിലെ വരിയാണ് മുസ്‌ലിയാര്‍ ഇവിടെ ഉദ്ദേശിച്ചത്. മതപണ്ഡിതന്മാര്‍ക്ക് മതത്തെ കുറിച്ചുള്ള അറിവ് എത്രയുണ്ടെന്നതിന്റെ തെളിവാണിത്. ഹംദും സ്വലാത്തുംകൊണ്ട് തുടങ്ങുന്നതും വലത്തുനിന്ന് ഇടത്തോട്ട് എഴുതിയതുമായ സകലതും പണ്ഡിതന്മാര്‍ക്കുതന്നെ മതപ്രമാണങ്ങളായിരുന്നു അന്ന്.’’ (18)

കരുവള്ളി മുഹമ്മദ് മൗലവി നവോത്ഥാനത്തെ വിവരിച്ചത് വായിക്കുക:

“19ാം നൂറ്റാണ്ടില്‍ ജീവിച്ച മുസ്‌ലിംകളെ കുറിച്ച് നമുക്ക് ലഭ്യമായ വിവരങ്ങള്‍ ഇന്നത്തെ പരിഷ്‌കൃതമുസ്‌ലിം സാമൂഹിക സാഹചര്യവുമായി താരതമ്യം െചയ്യുമ്പോള്‍ അതിൽ നിന്ന് നമുക്ക് വേര്‍തിരിഞ്ഞ് കിട്ടുന്ന സാമൂഹിക നന്മയിലധിഷ്ഠിതമായ സദ്ഫലങ്ങളാണ് വാസ്തവത്തില്‍ നവോത്ഥാനം.’’ (19)

പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ട മതകാര്യങ്ങളൊക്കെ മതവിരുദ്ധ കാര്യങ്ങളായും മതപ്രമാണങ്ങളുടെ യാതൊരു പിന്തുണയുമില്ലാത്ത പല അനാചാരങ്ങളെയും മതത്തിന്റെ അവിഭാജ്യ ഭാഗമായും സമൂഹം ധരിച്ചുപോന്നു. ‘കാത്കുത്ത്’ സമ്പ്രദായം അതിലൊന്നാണ്. മുസ്‌ലിം പെണ്‍കുട്ടികളെ തിരിച്ചറിയാനുള്ള അടയാളമായിരുന്നു കാതുകുത്ത്. കാത് കുത്താത്ത പെണ്‍കുട്ടികള്‍ക്ക് പഴയ കാലത്ത് കല്യാണം മുടങ്ങിയിരുന്നു. അതേപോലെ ഭൗതിക വിദ്യാഭ്യാസത്തോടും മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ പഠിക്കുന്നതിനെയുമൊക്കെ സംബന്ധിച്ച് മതവിരുദ്ധം എന്ന് തന്നെയായിരുന്നു സമൂഹം കണക്കാക്കിയിരുന്നത്. അങ്ങനെ അജ്ഞത തളം കെട്ടിയ അന്ധകാര നിബിഢമായൊരു ലോകമായിരുന്നു സമുദായത്തിന്റേത്. ഈയൊരു പതിത്തത്തിൽ നിന്ന് സമൂഹത്തെ രക്ഷപ്പെടുത്താന്‍ സമുദായ സ്‌നേഹികള്‍ നടത്തിയ പരിശ്രമങ്ങളാണ് ഇന്ന് കാണുന്ന പരിഷ്‌കൃത സമൂഹത്തിന്റെ സൃഷ്ടിപ്പിന് കാരണമായത്. അതിനെ കുറിച്ചാണ് നാം നവോത്ഥാനം എന്ന് പറയുന്നത്.’’(20)

(തുടരും)

വിഷയ സൂചിക:

(1) കൈലാറ്റ: പണ്ട് അടുക്കളയില്‍ കയിലുകള്‍ തൂക്കിയിടാനായി ഉപയോഗിച്ചിരുന്ന ഉപകരണമാണിത്. പലകയില്‍ തുളകളുണ്ടാക്കി അതിലൂടെയാണ് കയിലുകള്‍ തൂക്കിയിടുക.

(2) പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിലെ മുസ്‌ലിം സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍ (1847-1912) മതനവോത്ഥാനം, വിദ്യാഭ്യാസ പരിഷ്‌കരണം, ഗ്രന്ഥരചന, മതാന്തര സംവാദം, സ്ത്രീ വിദ്യാഭ്യാസം, പത്രപ്രവര്‍ത്തനം, മലയാളഭാഷക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന സാഹിത്യകാരനും നവോത്ഥാനനായകനുമായിരുന്നു. മാതൃഭാഷയുടെ പോരാളി എന്നറിയപ്പെട്ടു.

(3) വാഴക്കാട് ദാറുല്‍ ഉലൂമിന്റെ മാനേജര്‍.

(4) വിശദ പഠനത്തിന് 2019 ജനുവരി 26ലെ നേര്‍പഥം വാരികയില്‍ ഈ ലേഖകന്റെ ‘പത്തരമാറ്റ് പത്ത് കിതാബിനോ? മക്ദി തങ്ങളുടെ ചോദ്യത്തിന് ഇന്നും ഉത്തരമില്ല’ എന്ന ലേഖനം വായിക്കുക. നേര്‍പഥം വാരികയുടെ പഴയ ലക്കങ്ങള്‍ ഓണ്‍ലൈനിലും ലഭ്യമാണ്.

(5) സാമൂഹ്യബാധ്യതയാണ്.

(6) പണ്ഡിതന്മാരുടെ.

(7) എന്‍കെ അഹ്‌മദ് മൗലവി, ഐക്യസംഘവും കേരള മുസ്‌ലിംകളും, യുവത ബുക്‌സ്, കോഴിക്കോട്.

(8) വെല്ലൂര്‍ ബാക്വിയാത്തുസ്സ്വാലിഹാത്ത് അറബി കോേളജിൽ നിന്ന്  ബിരുദം നേടിയവര്‍.

(9) തെളിവ്.

(10) വിശുദ്ധ ക്വുര്‍ആന്‍, മൂന്നാം അധ്യായം അല്‍മാഇദ, വചനം 104.

(11) എൻ.കെ. അഹ്‌മദ് മൗലവി, ഐക്യസംഘവും കേരള മുസ്‌ലിംകളും, യുവത ബുക്‌സ്, കോഴിക്കോട്.

(12) ഇ.കെ.ഹസന്‍ മുസ്‌ല്യാര്‍, തഹ്ദീറുല്‍ ഇഖ്‌വാന്‍ മിൻ തര്‍ജുമതില്‍ ക്വുര്‍ആന്‍, പുറം 16.

(13)  എൻ.കെ. അഹ്‌മദ് മൗലവി, ഐക്യസംഘവും കേരള മുസ്‌ലിംകളും, യുവത ബുക്‌സ്, കോഴിക്കോട്.

(14) അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുജാഹിദ് പ്രസ്ഥാനം എങ്ങോട്ട്? പുറം 23.

(15) കരുവള്ളി മുഹമ്മദ് മൗലവി (1918-2018), മക്കരപ്പറമ്പിനടുത്ത കരിഞ്ചാപാടിയില്‍ ജനിച്ചു. 1942 ല്‍ അധ്യാപന ജീവിതം ആരംഭിച്ചു. 1962ല്‍ ഉത്തര മേഖലാ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായി. 1974ല്‍ സര്‍വീസിൽ നിന്ന് വിരമിച്ചു. ശേഷം മത, വിദ്യാഭ്യാസ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി.

(16) ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ ഉമ്മ ഫാത്വിമ ഹജ്ജുമ്മയുടെ പിതാവാണ് തേനു മുസ്‌ലിയാര്‍.

(17) വെട്ടം അബ്ദുല്ല ഹാജി (1895-1987) മതപ്രബോധന വീഥിയില്‍ ത്യാഗോജ്വലമായ ഒറ്റയാള്‍ പോരാട്ടം നടത്തി ഗ്രാമങ്ങളില്‍ തൗഹീദിന്റെ വെള്ളിവെളിച്ചം വിതറിയ മഹാപണ്ഡിതനും പ്രോജ്വല വാഗ്മിയുമായിരുന്നു.

(18) ബശീര്‍ സലഫി പൂളപ്പൊയില്‍, കേരള മുസ്‌ലിം നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും, അഹ്‌ലുസ്സുന്നബുക്‌സ്, കോഴിക്കോട്, കരുവള്ളി മുഹമ്മദ് മൗലവിയുടെ അവതാരിക.

(19) അതേ അവലംബം

(20) അതേ അവലംബം