മക്കൾ കൈവിട്ടു പോകുന്നുവോ?

നബീൽ പയ്യോളി

2022 ജൂൺ 04, 1442 ദുൽഖഅദ 03
കുറുമ്പും കുസൃതിയുംകൊണ്ട് സന്തോഷം തീർക്കുന്നവരാണ് കുഞ്ഞുങ്ങൾ. എന്നാൽ കൊച്ചുകൊച്ചു സന്തോഷങ്ങൾക്ക് അതിരും വരമ്പും നിർണയിച്ച് നൽകിയില്ലെങ്കിൽ അത് പ്രതിലോമകരമായ ഇടങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കും. പുതിയ തലമുറയുടെ പ്രവർത്തനമണ്ഡലം വിശാലവും ദുർഗ്രഹവുമാണെന്ന വസ്തുത ഉൾക്കൊണ്ടു വേണം അവരുടെ ആസ്വാദനങ്ങൾക്ക് വഴിയൊരുക്കാൻ.

മക്കൾ ഏതൊരാളുടെയും അഭിമാനമാണ്. അവരുടെ പേരിൽ അറിയപ്പെടാനും അവരുടെ നേട്ടങ്ങളിൽ അഭിമാനിക്കാനും രക്ഷിതാക്കൾ എന്നും കൊതിക്കാറുണ്ട്. അറബ്‌നാടുകളിൽ സ്വന്തം പേരുകൾ വിളിക്കുന്നതിനെക്കാൾ മക്കളുടെ പേരുചേർത്ത് വിളിക്കുന്നതാണ് എല്ലാവർക്കും ഇഷ്ടവും താല്പര്യവും. അതിനെ ആദരവായിട്ടാണ് അവർ കാണാറുള്ളതും.

മക്കളില്ലാത്തതിന്റെ പേരിൽ ദുഃഖമനുഭവിക്കുന്ന ധാരാളംപേർ നമുക്ക് ചുറ്റുമുണ്ട്. ലക്ഷങ്ങൾ ചെലവഴിച്ച് ചികിത്സനടത്തി കുഞ്ഞിക്കാൽ കാണാൻ സാധിച്ചവരും സാധിക്കാത്തവരുമുണ്ട്. മാനസികമായ സന്തോഷം നൽകുന്നവരും താങ്ങും തണലുമായും ജീവിതസായാഹ്നത്തിൽ കൈത്താങ്ങായും മക്കൾ കൂടെയുണ്ടാവണമെന്നത് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹമാണ്. കുഞ്ഞില്ലാത്തവർ അതീവ ദുഃഖിതരായി സമൂഹത്തിന് മുമ്പിൽ പ്രത്യക്ഷപ്പെടാൻ വിമുഖത കാണിക്കുന്ന അവസ്ഥയിലേക്കുവരെ എത്താറുണ്ട്. എന്നാൽ സന്താനസൗഭാഗ്യം ഇല്ലാത്തവരെക്കാൾ ദുഃഖിതരാണിന്ന് സന്താനങ്ങൾ ഉള്ള രക്ഷിതാക്കളിൽ പലരും! മക്കളുടെ ദുഷ്‌ചെയ്തികൾ സ്വസ്ഥത നഷ്ടപ്പെടുത്തിയ ധാരാളം രക്ഷിതാക്കൾ നമുക്ക് ചുറ്റുമുണ്ട്. മക്കളില്ലാത്തവർ അനുഭവിക്കുന്നതിന്റെ പതിന്മടങ്ങ് പ്രതിസന്ധിയും പ്രയാസവുമാണ് അവരൊക്കെ അനുഭവിക്കുന്നത്. മരണംവരെ പിന്തുടരുന്ന പ്രയാസങ്ങളിൽ ദുഃഖഭാരം താങ്ങാനാവാതെ ഹൃദയംപൊട്ടി മരിച്ച രക്ഷിതാക്കളും മക്കളുടെ കരങ്ങളാൽ ജീവൻ നഷ്ടപ്പെട്ടവരുമെല്ലാം നാട്ടിൽ ഉണ്ടെന്നത് ഏതൊരു രക്ഷിതാവിന്റെ മനസ്സിലും കനൽകോരിയിടുന്ന യാഥാർഥ്യമാണ്.

ആധുനികതയുടെ എല്ലാവിധ സൗകര്യങ്ങളും ലോകത്താകമാനം വരുത്തിയ മാറ്റങ്ങളുടെ ഗുണഫലങ്ങളും ദോഷങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ അനുഭവിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. അതിൽ പ്രധാനമായ ഒരു കാര്യം എല്ലാവരും കൂടുതൽ സ്വതന്ത്രരായ വ്യക്തികളായി മാറി എന്നുള്ളതാണ്. വീടിന്റെ അകത്തളങ്ങളിൽ ഇരിക്കുന്നവർ പോലും ലോകത്തോട് സംവദിക്കുന്ന കാലം. ‘ഞാൻ’ എന്നതിലേക്ക് അമിതമായി ചുരുക്കപ്പെട്ടവർ. ‘എനിക്ക്’ എന്നതിനെ നെഞ്ചേറ്റുന്നവർ. ഞാൻ മറ്റുള്ളവരുടെ കീഴിൽ ജീവിക്കേണ്ടവനല്ലെന്നുള്ള ചിന്ത പുതുതലമുറയെ വല്ലാതെ ഗ്രസിച്ചിരിക്കുന്നു. ഫാന്റസികൾക്ക് പിന്നാലെ പോയി ജീവിതംതന്നെ കളയുന്ന അവസ്ഥ! തിരിച്ചറിവില്ലാതെ ആരുടെയൊക്കെയോ ചതിക്കുഴിയിലേക്ക് നടന്നുനീങ്ങുന്നവർ.

ആരുടെ കീഴിലുമല്ല, ആരോടും ബാധ്യതയുമില്ല എന്ന തോന്നൽ എത്രത്തോളം അപകടകരമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ജീവിതം എന്നത് ബന്ധങ്ങളിലും ബാധ്യതകളിലും ഉത്തരവാദിത്തങ്ങളിലും കെട്ടിയിടപ്പെട്ട ഒരു നൗകയാണ്. കൈകാലിട്ടടിച്ച് ഈ ലോകത്തേക്ക് വരുന്നതുമുതൽ നിശ്ചലമായി ഈ ലോകത്തുനിന്ന് വിടപറയുന്നതുവരെ നമ്മൾ നിർബന്ധമായും നിർവഹിക്കേണ്ട കടമകളും ബാധ്യതകളും ഉത്തരവാദിത്തങ്ങളുമെല്ലാം ചേർന്നതാണ് ജീവിതം എന്ന തിരിച്ചറിവ് നാമോരോരുത്തർ ക്കും ഉണ്ടാവേണ്ടത് അനിവാര്യമാണ്.

പുതുതലമുറയെ സാരമായി ബാധിച്ച ചില അപകടകരമായ പ്രവണതകൾ വായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്. പൊതുവിൽ അതിനെ ലഹരി എന്ന് നമുക്ക് വിളിക്കാം; സാമൂഹ്യ മാധ്യമങ്ങളും മയക്കുമരുന്നുകളും നമ്മുടെ പുതുതലമുറയെ നശിപ്പിക്കുംവിധം വ്യാപിച്ചിരിക്കുന്നു എന്ന യാഥാർഥ്യം. കൊലപാതകങ്ങളും ആത്മഹത്യകളും അക്രമങ്ങളുമൊക്കെ ഈ ലഹരിയെ ചുറ്റിപ്പറ്റി നടക്കുന്നത് വ്യാപകമായി നമ്മൾ കേട്ടുതുടങ്ങിയത് കഴിഞ്ഞ രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിലാണ്. പുതുതലമുറയാണ് ഈ ദുരന്തങ്ങളുടെ ഇരകൾ. ആരും സ്വയം നശിക്കണം എന്നാഗ്രഹിക്കുന്നവരല്ല; വ്യത്യസ്ത ഘടകങ്ങൾ ഈ ദുരന്തങ്ങളുടെ വഴിയേ അവരെ എത്തിക്കുന്നതാണ്. അതിന് സ്വന്തവും സമൂഹവും സാഹചര്യങ്ങളും ഭരണകൂടവും ഒക്കെ കാരണക്കാരാണ് എന്ന് മനസ്സിലാക്കി വിവേകപൂർവം ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യാനിരക്ക് ഞെട്ടിക്കുന്നതാണെന്ന് ഈയിടെ ഡിജിപി അനിൽകാന്ത് പറഞ്ഞു. ഇന്റലിജൻസ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവികൾക്ക് ഡിജിപി നിർദേശം നൽകിയിരിക്കുകയാണ്. കഴിഞ്ഞവർഷം 345 കുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യചെയ്തതെന്ന് റിപ്പോർട്ട് പറയുന്നു. കുടുംബാംഗങ്ങളുടെ നിയന്ത്രണം ഇഷ്ടപ്പെടാത്തതും മാനസിക സംഘർഷവും മയക്കുമരുന്നിന്റെ ഉപയോഗവും കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്നാണ് പൊലീസിന്റെ പഠന റിപ്പോർട്ട്.

ഇന്റർനെറ്റിന്റെയും സ്മാർട് ഫോണിന്റെയും ഉപയോഗം കുട്ടികളിൽ നിയന്ത്രിക്കണം, വിഷാദരോഗം ഒഴിവാക്കാൻ രക്ഷകർത്താക്കൾക്കിടയിൽ ബോധവൽക്കരണം നടത്തണം, കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിന്റെയും ഉത്തരവാദിത്തം ഒരു അധ്യാപികക്ക് നൽകണം., കോവിഡ് നിയന്ത്രണങ്ങൾ മാറിയതിനാൽ കുട്ടികളെ കളിക്കളങ്ങളിലേക്ക് കൊണ്ടുവരണം, മാതാപിതാക്കളുടെ പ്രശ്‌നങ്ങൾ കുട്ടികളിലെ മാനസിക സംഘർഷങ്ങൾക്ക് കാരണമാകരുത്, കുടുംബപ്രശ്‌നങ്ങളുള്ള വീടുകളിൽനിന്നും വരുന്ന കുട്ടികൾക്ക് കൗൺസിലിംഗ് നൽകണം, സ്‌കൂളുകളിൽ കൗൺസിലിംഗ് പരിപാടി സംഘടിപ്പിക്കണം, രക്ഷകർത്താക്കൾക്ക് സാങ്കേതിക പരിശീലനം നൽകണം... തുടങ്ങിയ പതിനൊന്നിന നിർദേശങ്ങളാണ് ജില്ലാ പോലീസ് മേധാവികൾക്ക് ഡിജിപി നൽകിയിട്ടുള്ളത്. വിദ്യാഭ്യാസ-ആരോഗ്യവകുപ്പുകൾ സഹകരിച്ച് നിർദേശങ്ങൾ നടപ്പാക്കും.

2019ൽ 230 കുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യചെയ്തത്. ഇതിൽ 97 പേർ ആൺകുട്ടികളും 133 പേർ പെൺകുട്ടികളുമാണ്. 2020ൽ 311 കുട്ടികൾ ആത്മഹത്യചെയ്തു. 142 ആൺകുട്ടികളും 169 പെൺകുട്ടികളും. 2021 ആയപ്പോൾ ആത്മഹത്യാനിരക്ക് വീണ്ടും വർധിച്ചതായി പഠനത്തിൽ വ്യക്തമാക്കുന്നു. 345 ആയിരുന്നു 2021ലെ കണക്ക്, 168 ആൺകുട്ടികളും 177 പെൺകുട്ടികളും.

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2020ൽ രാജ്യത്ത് ആത്മഹ്യ ചെയ്ത കുട്ടികളുടെ എണ്ണം 11,396 ആണ്. 2019 നെക്കാൾ 18 ശതമാനം കൂടുതൽ. 6,004 പെൺകുട്ടികളും 5,392 ആൺകുട്ടികളും. ഓരോദിവസവും പൊലിഞ്ഞത് ശരാശരി 31 കുട്ടികളുടെ ജീവൻ!

ലഹരിവസ്തുക്കളുടെ ഉപയോഗവും പിപണനവും തകൃതിയായി കേരളത്തിൽ നടക്കുന്നു എന്നാണ് ദിനേന പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. കിലോക്കണക്കിന് ലഹരി വസ്തുക്കൾ കേരളത്തിൽ എത്തുന്നു. മുമ്പൊക്കെ ലഹരി കടത്തുകേസിൽ സ്ത്രീകളുടെ സാന്നിധ്യം നാമമാത്രമായിരുന്നു. എന്നാൽ ഇന്ന് ‘ലിംഗസമത്വം’ ഈ മേഖലയിലും പ്രകടമാണ്! പുതുതലമുറയിൽ പെട്ടവരും അഭ്യസ്തവിദ്യരും ഇതിൽ പ്രധാന കണ്ണികളാണ്. ലഹരിമാഫിയകൾ പുതുതലമുറയെ കരുക്കളാക്കിക്കൊണ്ടിരിക്കുന്നു എന്നത് നമ്മൾ തിരിച്ചറിഞ്ഞേ മതിയാവൂ.

സർക്കാർ തൊഴിലിടങ്ങളിൽ ലഹരികേന്ദ്രങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്! മദ്യ ഉത്പാദനം കൂട്ടി വരുമാനം വർധിപ്പിക്കുവാനാണ് ശ്രമം. പ്രതിലോമകരമായ സാമ്പത്തിക നയങ്ങൾ ഭാവിതലമുറയെ സർവനാശത്തിലേക്ക് നയിക്കും എന്ന തിരിച്ചറിവ് ഭരണാധികാരികൾക്ക് ഇല്ലാതെ പോകുന്നു. ഇവിടെ നമ്മൾ കാണുന്ന വിരോധാഭാസം കേരളത്തിലെ രാഷ്ട്രീയപാർട്ടികളിൽ ലഹരി ഉപയോഗിക്കുന്നവർക്ക് സ്ഥാനമില്ലെന്ന് എല്ലാവരും ഒരുപോലെ പറയുന്നു എന്നതാണ്. ലഹരിവസ്തുക്കളുടെ ഉപയോഗം ഒരു തിന്മയാണെന്ന് എല്ലാവരും പൊതുവെ അംഗീകരിക്കുന്നു. എങ്കിൽ ആ തിന്മയുടെ വ്യാപനത്തിന് കൂടുതൽ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന് എന്ത് ന്യായമാണുള്ളത്? പൊതുവെ കേരളക്കാർ ജനാധിപത്യ ബോധമുള്ളവരാണ്. വലിയൊരു വിഭാഗം ജനങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരോ അനുഭാവികളോ ആണ്. ലഹരി ഉപയോഗിക്കാത്തവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും എന്നിരിക്കെ ആർക്കുവേണ്ടിയാണ് മദ്യഷാപ്പുകളുടെ എണ്ണം വർധിപ്പിക്കുന്നത് എന്ന് വ്യക്തമാക്കാൻ സർക്കാരും കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മറ്റും തയ്യാറാവുമോ? ലഹരിവ്യാപനം എന്ന ദുരന്തത്തിൽ ആത്മാർഥമായി വേദനിക്കാനും പ്രൊഡക്ടീവായ വരുമാനമാർഗങ്ങൾ നിർദേശിച്ച് ഹിംസാത്മക വരുമാനങ്ങൾ ഇല്ലാതാക്കാനുമുള്ള ആത്മാർഥ പരിശ്രമങ്ങൾക്ക് ഇനിയും എത്രകാലം കാത്തിരിക്കേണ്ടിവരും? ഒരു നാടിന്റെ സമ്പത്തായ യുവതലമുറയെ നാശത്തിലേക്ക് തള്ളിവിട്ടാൽ ആ നാടും സമൂഹവും എങ്ങനെ വികസിക്കും? ലഹരി വരുത്തിവയ്ക്കുന്ന സാമൂഹിക, സാമ്പത്തിക, ആരോഗ്യ രംഗങ്ങളിലെ പ്രതിസന്ധികളും അസമാധാനവും നാടിന്റെ സർവതോമുഖ വികസനത്തിന് തടസ്സമാണെന്നത് യാഥാർഥ്യമല്ലേ?

ഓരോരുത്തരും അവരവരുടെ കുടുംബാഗങ്ങളെ ഈ ദുരന്തത്തിൽനിന്നും രക്ഷിക്കുകയേ വഴിയുള്ളൂ. അധികാരവും സാമ്പത്തിക നേട്ടവും മാത്രം ലാക്കാക്കി പ്രവർത്തിക്കുന്ന ഭരണകൂടം ഏതൊരു രാജ്യത്തിന്റെയും ശാപമാണ്.

പുതുതലമുറ ആകെ മാറിയിട്ടുണ്ട് എന്നത് രക്ഷിതാക്കൾ തിരിച്ചറിയണം. ശാസനകളും ശിക്ഷകളുമല്ല; ചേർത്തുപിടിക്കലാണ് അവരുടെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം എന്നത് ആദ്യം രക്ഷിതാക്കൾ മനസ്സിലാക്കണം. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽനിന്ന് അണുകുടുംബങ്ങളിലേക്ക് മാറിയതും തിരക്കുപിടിച്ച ജീവിതക്രമവുമെല്ലാം കുടുംബങ്ങളിൽ ചെലവഴിക്കേണ്ട സമയത്തെ ഇല്ലാതാക്കിയിരിക്കുന്നു. പരസ്പരം കേൾക്കാനും പറയാനും ആർക്കും നേരമില്ല. അതുകൊണ്ട്തന്നെ മാനസികവ്യഥകളും വേദനകളും സന്തോഷങ്ങളും കുടുംബത്തിനുപുറത്താണ് പലപ്പോഴും പങ്കുവയ്ക്കപ്പെടുന്നത്. ഇത് വലിയൊരു വീഴ്ചയാണ്. ഭാര്യാഭർത്താക്കന്മാർ പരസ്പരവും രക്ഷിതാക്കൾ മക്കളുമായും സമയം ചെലവഴിക്കാൻ ബോധപൂർവമായ ശ്രദ്ധചെലുത്തണം. അവരുടെ വിഷമങ്ങളും സന്തോഷങ്ങളും ആശകളും പങ്കുവയ്ക്കാൻ സാധിക്കുംവിധം സുദൃഢമായ ബന്ധം ഉണ്ടാക്കിയെടുക്കണം.

ലഹരിയുപയോഗവും ആത്മഹത്യയും ആരും സ്വയം തെരഞ്ഞെടുക്കുന്നില്ല. സാഹചര്യങ്ങൾ അവരെ അതിലേക്ക് എത്തിക്കുകയാണ്. ആ സാഹചര്യങ്ങളിൽ പ്രഥമവും പ്രധാനവുമായത് വീടകങ്ങളിലെ അസമാധാനം തന്നെയാണ്. മറ്റൊന്ന് ദുഷിച്ച കൂട്ടുകെട്ടാണ്. ജീവിതത്തിന്റെ പളപളപ്പുകൾക്കും ട്രെന്റുകൾക്കും പുറകെ പോയി തങ്ങൾ എത്തിപ്പെട്ട ദുരന്തത്തിന്റെ ആഴം മനസ്സിലാക്കുമ്പോഴേക്കും സമയം വൈകിയിട്ടുണ്ടാകും. സാമൂഹ്യമാധ്യമങ്ങളിലെ ലൈക്കും ഷെയറും ജീവിതത്തിന്റെ ലക്ഷ്യമായി മാറുന്നു. പ്രകടനപരത വല്ലാതെ അവരെ ഗ്രസിച്ചിരിക്കുന്നു.

മനസ്സിന്റെ ആഴങ്ങളിൽനിന്ന് സ്‌നേഹത്തിലും ഗുണകാംക്ഷയിലും ചാലിച്ച ഉപദേശങ്ങൾ നിരന്തരം നമ്മുടെ മക്കൾക്ക് നൽകിക്കൊണ്ടേയിരിക്കണം. ചുറ്റുമുള്ള ചതിക്കുഴികൾ അവരെ ബോധ്യപ്പെടുത്തണം. എന്തുകൊണ്ട് അതിൽ പെടാതെ സൂക്ഷിക്കണം എന്ന തിരിച്ചറിവ് നൽകുവാനും നമുക്ക് സാധിക്കേണ്ടതുണ്ട്.

മതവിശ്വാസം എന്നത് അഭിമാനമാണ്; സുരക്ഷയും. മുസ്‌ലിംകൾ വിശ്വസിക്കുന്നത് സർവലോക സ്രഷ്ടാവും രക്ഷിതാവുമായ അല്ലാഹുവിലാണ്. അവന് മുകളിൽ ഒന്നുമില്ല. ആ ഉറച്ച ബോധ്യം നമുക്കും കുടുംബത്തിനും അനിവാര്യമാണ്. എന്തുകൊണ്ട് നാം യഥാർഥ വിശ്വാസികളാവണം എന്ന ബോധ്യം ഉണ്ടെങ്കിലേ മനസ്സിലേക്ക് കാര്യങ്ങൾ എത്തുകയുള്ളു. ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്ക് വലിച്ചെറിയാനുള്ളതല്ല വിശ്വാസം എന്നും അതാണ് നമ്മുടെ അസ്തിത്വം എന്നും പുതുതലമുറയെ ബോധ്യപ്പെടുത്തിക്കൊടുക്കുവാൻ സാധിക്കണം. ആരുടെ മുന്നിലും അഭിമാനത്തോടെ തന്റെ മതപരമായ വ്യക്തിത്വം ഉയറത്തിപ്പിടിക്കാനുള്ള ആത്മവിശ്വാസം നേടുകയും വേണം.

“അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സൽകർമം പ്രവർത്തിക്കുകയും ‘തീർച്ചയായും ഞാൻ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു’ എന്ന് പറയുകയും ചെയ്തവനെക്കാൾ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?’’ (ക്വുർആൻ 41:33).

വിശ്വാസം പഴഞ്ചനല്ല, പഴക്കമുള്ളതാണ്; നിത്യനൂതനവും. ഇന്നലകളിൽ ഇസ്‌ലാമിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചവർക്ക് ആശയപരമായി നിലനിൽക്കാൻ സാധിച്ചിട്ടില്ല. പല ആരോപകർക്കും ഈ വിശ്വാസസംഹിതയുടെ തിളക്കത്തിൽ ജീവിതം പുനഃക്രമീകരിക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. വിശ്വാസനത്തിന് നേരെയുള്ള ആക്രമണം പുതിയതല്ല. ആ വെല്ലുവിളികളെ അതിജയിച്ചാണ് ഇന്നും ലോകത്തിന് മുമ്പിൽ പ്രകാശം പരത്തി ഇസ്‌ലാമികാദർശം നിലകൊള്ളുന്നതെന്ന് യാഥാർഥ്യങ്ങളിലേക്ക് കണ്ണോടിക്കുന്നവർക്ക് മനസ്സിലാവും.

സ്വന്തത്തെയും കുടുംബത്തെയും ധാർമിക വഴിയിൽ നിലനിർത്താൻ പരിശ്രമിക്കുകയെന്നത് വിശ്വാസികളുടെ ബാധ്യതയായി അല്ലാഹു കൽപിച്ചതാണ്.

“സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയിൽനിന്ന് നിങ്ങൾ കാത്തുരക്ഷിക്കുക. അതിന്റെ മേൽനോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തൻമാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കൽപിച്ചകാര്യത്തിൽ അവനോടവർ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കൽപിക്കപ്പെടുന്നത് എന്തും അവർ പ്രവർത്തിക്കുകയും ചെയ്യും’’ (ക്വുർആൻ 66:6).

അടിസ്ഥാമാപരമായ മതവിജ്ഞാനം കുടുംബത്തിന് ലഭ്യമാക്കാൻ ബോധപൂർവമായ ശ്രമം കുടുംബ നാഥനിൽനിന്നും ഉണ്ടാവണം. മാതാവാണ് ആദ്യത്തെ അധ്യാപിക; മത, ഭൗതിക കാര്യങ്ങളിലെല്ലാം. മാതൃത്വം അലങ്കാരമല്ല ഉത്തരവാദിത്തം കൂടിയാണെന്ന് കുടുംബനാഥയും സഗൗരവം തിരിച്ചറിയണം.

ഭൗതിക വിദ്യാഭ്യാസത്തിനു മാത്രം പ്രാധാന്യം നൽകി മതബോധം നൽകുന്നതിൽനിന്നും കുട്ടികളെ മാറ്റിനിർത്തുന്നവർ ഭാവിയിൽ അതിന് വലിയ വില നൽകേണ്ടിവരും എന്നാണ് ദിനേന നമ്മെ തേടിവരുന്ന വാർത്തകൾ പറഞ്ഞുതരുന്നത്. എന്റെ മകൾ ആത്മഹത്യ ചെയ്യില്ല എന്ന് നിറകണ്ണുകളോടെ പറയുന്ന മാതാവ്, മകൻ മയക്കുമരുന്ന് വില്പനക്കാരനാണെന്ന് അറിയാത്ത മറ്റൊരു മാതാവ്, ഇളംതലമുറയിൽ പെട്ട ജീവനുകൾ ജീവിതലക്ഷ്യം മറന്ന് ദുരന്തങ്ങളിൽ പെടുമ്പോൾ വിശ്വാസികളുടെ മനസ്സ് വേദനിക്കും. ഞാനും നിങ്ങളും നമ്മുടെ മക്കൾക്ക് പകർന്നുനൽകേണ്ട മതത്തിന്റെ അടിസ്ഥാന പാഠങ്ങൾ പകർന്ന് നൽകാൻ മറന്നോ എന്ന് ഇനിയെങ്കിലും പുനർ വിചിന്തനം നടത്തേണ്ടതുണ്ട്. പകർന്ന് നൽകുക മാത്രമല്ല അവർ അത് നെഞ്ചേറ്റുന്നുണ്ടോ, ജീവിതത്തിൽ പകർത്തുന്നുണ്ടോ എന്നൊക്കെ സ്‌നേഹത്തോടെ നിരന്തരം അന്വേഷിക്കുകയും ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതുണ്ട്. മതത്തെക്കുറിച്ച് അപകർഷബോധം വളർത്തി വിശ്വാസത്തെ ഇല്ലാതാക്കാൻ ബോധപൂർവമായ ശ്രമങ്ങൾ ഒരുവശത്ത്, ആരെയും കരുവാക്കി എങ്ങനെയും പണം സമ്പാദിക്കണം എന്ന് ചിന്തിക്കുന്ന മനുഷ്യർ മറുവശത്ത്. അവരുടെ ഇടയിലാണ് നമ്മുടെ മക്കൾ വളരുന്നത്. അതുകൊണ്ട്തന്നെ രക്ഷിതാക്കൾ കൂടുതൽ ഉത്തരവാദിത്തബോധത്തോടെയും കരുതലോടെയും പ്രവർത്തിക്കേണ്ടതുണ്ട്.

ഭൗതികത തലയിൽ കയറി ട്രെന്റിന് പിന്നാലെ പോയാൽ ജീവിതം സുഖകരമാവില്ലെന്ന് നമുക്ക് ചുറ്റും നടന്ന നിരവധി സംഭവങ്ങൾ ഉണർത്തുന്നില്ലേ? പാതിവഴിയിൽ ജീവൻ ഉപേക്ഷിച്ച് പോകുന്നവർ, ലഹരിയുപയോഗിച്ച് ഭ്രാന്തരായി മാറ്റിയവർ, എല്ലാവരാലും വെറുക്കപ്പെട്ട് സ്വയം ശപിച്ച് വീട്ടിൽ കഴിയേണ്ടി വരുന്നവർ... അങ്ങനെ ജീവിതം ദുരന്തമായി മാറിയ പലരും നമ്മുടെ പരിസരങ്ങളിൽ ഇല്ലേ? വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളും മാസ്മരിക വാക്കുകളുംകൊണ്ട് നമ്മെ കണ്ണഞ്ചിപ്പിക്കുന്നവർ പറയുന്നതല്ല, മറിച്ച് നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥന്റെ വാക്കുകളും നിർദേശങ്ങളുമാണ് യാഥാർഥ്യം എന്ന് വിവേകമുള്ളവർ ഇനിയെങ്കിലും സ്വന്തത്തെയും കുടുംബത്തെയും ബോധ്യപ്പെടുത്തിയേ മതിയാവൂ.

മതാധ്യാപനങ്ങൾ നെഞ്ചേറ്റി അത് കുടുംബങ്ങളിലേക്ക് പകർന്ന് ജീവിതം ധന്യമാക്കാൻ, ഇഹപര വിജയം നേടാൻ വിശ്വാസികൾക്ക് ബാധ്യതയുണ്ട്.

“ആരെങ്കിലും രണ്ട് പെൺകുട്ടികളെ പ്രായപൂർത്തിയെത്തുന്നതുവരെ സംരക്ഷിച്ച് വളർത്തിയാൽ പരലോകത്ത് അയാൾ എന്നോടൊപ്പം സ്വർഗത്തിലായിരിക്കും’’ (മുസ്‌ലിം) എന്ന പ്രവാചക വചനം ആഴത്തിൽ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. സ്വർഗം ലഭിക്കാൻ എളുപ്പമാർഗമില്ല. അത്രമേൽ പ്രയാസകരമായതാണ് മക്കളെ വളർത്തി, ധാർമികമൂല്യമുള്ളവരാക്കി മാറ്റുക എന്നുള്ളത്.

ഉന്നതവിദ്യാഭ്യാസം ലക്ഷ്യംവച്ച് വീട്ടിൽനിന്നും മാറിത്താമസിക്കുന്നവരാണ് വലിയൊരുവിഭാഗം പുതുതലമുറ. അത് ചൂഷണം ചെയ്യപ്പെടുന്നു എന്നത് യാഥാർഥ്യമാണ്. ഹോസ്റ്റലിൽ ഉള്ളവർ എല്ലാവരും സിനിമക്ക് പോകാൻ പ്ലാനിട്ടിരിക്കുന്നു. ഉപ്പാ, ഞാൻ ഇവിടെ ഒറ്റക്കാണ്, എന്ത് ചെയ്യും എന്ന് നിസ്സഹായയായി ചോദിച്ച ബിരുദ വിദ്യാർഥിനിയായ മകളെകുറിച്ചാണ് കഴിഞ്ഞദിവസം സുഹൃത്ത് പറഞ്ഞത്. അധ്യാപകരും സഹപാഠികളുമെല്ലാം നാടോടുമ്പോൾ നടുകെയോടുക എന്ന നയത്തിലാകുമ്പോൾ നമ്മുടെ മക്കൾ ആ ചതിക്കുഴിയിൽ വഴുതിവീഴും. പരിഹാരം അവരെ നെഞ്ചോട് ചേർത്ത് മതപാഠങ്ങൾ പകർന്നുകൊടുക്കുക, പരലോക ജീവിതമാണ് അനശ്വരമെന്ന് ബോധ്യപ്പെടുത്തുക എന്നതാണ്. എന്റെയും മാതാപിതാക്കളുടെയും സ്വർഗപ്രവേശനത്തിന് ഞാൻകൂടി കാരണക്കാരനാവണം എന്ന സദ്‌വിചാരത്തിലേക്ക് അവരെ ഉയർത്താൻ കഴിയണം. അത് അവരെ ആഴത്തിൽ സ്വാധീനിക്കുമെന്നതിൽ സംശയമില്ല.

നിരന്തരമായ പ്രാർഥന അനിവാര്യം

“അവിടെവെച്ച് സകരിയ്യാ തന്റെ രക്ഷിതാവിനോട് പ്രാർഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കൽനിന്ന് ഒരു ഉത്തമ സന്താനത്തെ നൽകേണമേ. തീർച്ചയായും നീ പ്രാർഥന കേൾക്കുന്നവനാ ണല്ലോ എന്ന് അദ്ദേഹം പറഞ്ഞു’’(ക്വുർആൻ 3:38).

ഇബ്‌റാഹീം(അ) പ്രാർഥിച്ചത് ഇങ്ങനെയാണ്: “എന്റെ രക്ഷിതാവേ, സദ്‌വൃത്തരിൽ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ’’ (37:100).

“ഐഹികജീവിതമെന്നത് കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല. പാരത്രികലോകമാണ് സൂക്ഷ്മത പാലിക്കുന്നവർക്ക് ഉത്തമമായിട്ടുള്ളത്. നിങ്ങളെന്താണ് ചിന്തിക്കാത്തത്?’’ (ക്വുർആൻ 6:32).

മക്കളെ നഷ്ടപ്പെടുന്ന, അഭിമാനം തകർത്തെറിയപ്പെടുന്ന സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ എത്തുന്നതിന് മുമ്പ് അവരെ നാം ചേർത്തുപിടിക്കുക.

മഹല്ലുകളും സാമൂഹ്യധർമവും

ഈയിടെ ഒരു പത്രത്തിന്റെ മലപ്പുറം ജില്ലാ പ്രാദേശിക പേജ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. മയക്കുമരുന്നുമായി പിടിയിലായവരെ കുറിച്ചുള്ള വാർത്തകളായിരുന്നു ആ പേജ് മുഴുവനും. എല്ലാ പ്രതികളും മുസ്‌ലിം നാമധാരികൾ! കണ്ണൂരിൽ മുസ്‌ലിം ദമ്പതികളാണ് മയക്കുമരുന്ന് കേസിൽ അറസ്സിലായത്. സമുദായം ലജ്ജിച്ച് തലതാഴ്‌ത്തേണ്ട സാഹചര്യം.

സംഘടിതബോധം ഇസ്‌ലാമിക സംസ്‌കാരത്തിന്റെ അടിസ്ഥാനങ്ങളിൽ പെട്ടതാണ്. ആരാധനാ കർമങ്ങളും മറ്റും സംഘടിതമായി നിർവഹിക്കാൻ കൽപിക്കപ്പെട്ടിട്ടുള്ളവരാണ് വിശ്വാസികൾ. പള്ളിയുമായി ബന്ധപ്പെട്ട് കഴിയുന്നവരായിരിക്കും വിശ്വാസികളിൽ ഭൂരിപക്ഷവും. ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തിയാൽ ഇത്തരം സാമൂഹിക ദുരന്തങ്ങളിൽനിന്നും നമ്മുടെ സമൂഹത്തെ രക്ഷിക്കാൻ സാധിക്കും. വിവാഹം, മരണം എന്നിങ്ങനെയുള്ള കാര്യങ്ങൾക്കെങ്കിലും മഹല്ലുമായി ബന്ധപ്പെടാത്തവർ തുലോം തുച്ഛമായിരിക്കും.

ഓരോ പ്രദേശത്തെയും വിശ്വാസിസമൂഹത്തെ ധാർമികമായും സാമൂഹികമായും സമുദ്ധരിക്കേണ്ടത് ഉലമാക്കലും ഉമറാക്കളും ചേർന്ന മഹല്ലുകളുടെ ബാധ്യതയാണ്. ഇത് കൃത്യമായി നിർവഹിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം. മഹല്ല് നിവാസികളായ മുഴുവൻ വിശ്വാസികളുടെയും വിവരങ്ങൾ ശേഖരിച്ച് അവർക്ക് മതബോധം നൽകാൻ പദ്ധതികൾ ഉണ്ടാവണം. അവരുടെ സുഖദുഃഖങ്ങളിൽ പങ്കാളികളാവാനും ധാർമിക വഴിയിൽ യുവതലമുറയെ കൈപിടിച്ചു നടത്താനും മഹല്ലിന് സാധിക്കേണ്ടതുണ്ട്. ഏതെങ്കിലും നിലക്കുള്ള തിന്മകൾ നാട്ടിൽ ഉണ്ടാകുന്നതിനെതിരെ ജാഗ്രത പാലിക്കാനും അത്തരം അധാർമിക പ്രവണതക്കെതിരെ പുതുതമുറയെ ഉപയോഗിച്ച് ഫലപ്രദമായ ഇടപെടലുകൾ നടത്തുവാനും സാധ്യമാവണം. മത,സാമൂഹിക പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കണം. അവരുടെ കർമശേഷിയെ സ്വന്തത്തിനും കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്ന രീതിയിൽ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതാവണം അത്തരം പദ്ധതികൾ.

ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ മഹല്ലിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളെ കുറിച്ച് പറഞ്ഞത് ഇവിടെ പങ്കുവയ്ക്കുന്നു: മഹല്ലിലെ എല്ലാവരുടെയും വിദ്യാഭ്യാസയോഗ്യതയടക്കം ഡാറ്റാ ബാങ്ക് തയ്യാറാക്കി. അവരുടെ യോഗ്യതയനുസരിച്ചുള്ള അവസരങ്ങളും വിദ്യാഭ്യസ നിർദേശങ്ങളും പരിശീലനങ്ങളും ഒക്കെ ഫലപ്രദമായി അവർ നടപ്പിലാക്കിവരുന്നു. മഹല്ലിലെ വിദ്യാസമ്പന്നരെയും അവരുടെ ബന്ധങ്ങളെയും ഉപയോഗപ്പെടുത്തിയാണ് പദ്ധതികൾ നടക്കുന്നത്. സേവന പ്രവർത്തനങ്ങളും ഈ സംവിധാനത്തിന്റെ കീഴിൽ നടക്കുന്നു. പുതുതലമുറയെ നന്മയുടെ മാർഗത്തിൽ സക്രിയമാക്കുകയും അതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്താൽ സമൂഹം അതിന്റെ ഗുണഫലം അനുഭവിക്കുക തന്നെ ചെയ്യും. മറിച്ചാണെങ്കിലും ദുരന്തഫലവും.

നിരവധി വെല്ലുവിളികൾ നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെയും ക്രിയാത്മകമായും ഇടപെട്ടില്ലെങ്കിൽ നമ്മൾ ആഗ്രഹിക്കാത്ത പലതും നമ്മുടെ വീട്ടിലും നാട്ടിലുമൊക്കെ നടക്കും. സാഹചര്യങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തി കർമശേഷി നന്മയുടെ വഴിയിലേക്ക് തിരിച്ചുവിട്ട് നമ്മുടെ മക്കളെ നെഞ്ചോടുചേർക്കാം.