പുരോഗമനത്തിന്റെ വർത്തമാനകാല വൃത്താന്തങ്ങൾ

ഹിലാൽ സലീം സി.പി

2022 ജൂലായ് 30, 1442 ദുൽഹിജ്ജ 30
പെണ്ണിനെ ഇടയിലും മടിയിലുമിരുത്തിയാൽ പുരോഗമന പുസ്തകത്തിൽ പേര്‌ വരുമെന്ന ഇക്കിളിചിന്തയിൽ നിന്ന്‌ കേരളത്തിലെ സാമൂഹ്യമാധ്യമ ഡോൺ ക്വിക്‌സോട്ടുമാർ മാത്രമല്ല ഭരണ-പ്രതിപക്ഷ നേതാക്കൾ വരെ മുക്തരല്ല എന്നാണ്‌ വർത്തമാനകാല വൃത്താന്തങ്ങൾ സൂചിപ്പിക്കുന്നത്‌. പുരോഗമിച്ച്‌ പുരോഗമിച്ച്‌ പടുകുഴിയിലേക്ക്‌ വഴി കാട്ടുന്ന ഇത്തരം മാർഗദർശികളിലാണ്‌ നാടിന്റെ ദീപശിഖ എന്നത്‌ ആരെയാണ്‌ ഭയപ്പെടുത്താത്തത്‌!

അനീതികളോട് നിരന്തരം കലഹിച്ചുകൊണ്ടാണ് മനുഷ്യൻ ഓരോ കാലഘട്ടങ്ങളിലും സ്വയം നവീകരിച്ചത്. ചരിത്രത്തിന്റെ വീഥികളിലൂടെയുള്ള തിരിച്ചുനടത്തം നമുക്ക് മുന്നിൽ തുറന്നിടുന്ന ചിത്രം പരിശോധിച്ചാൽ വ്യക്തമാകുന്നത്, പ്രതിഷേധാർഹമായി വർത്തിക്കുന്ന ഹേതുവിനും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ്. മനുഷ്യനെ മനുഷ്യനാക്കുന്ന ഘടകങ്ങൾ പലതും ആദിമ മനുഷ്യനെന്ന സങ്കൽപത്തിൽ കാണാൻ സാധ്യമല്ല. പക്ഷേ, ആദിമമനുഷ്യനെന്ന സങ്കൽപത്തെപ്പറ്റിയുള്ള പ്രാഥമിക പഠനങ്ങളിൽ പോലും കാണാൻ സാധിക്കുന്നത് അവൻ സ്വയം നവീകരിക്കുന്നതിന് കൃത്യമായ ദിശ കണ്ടെത്താൻ കഴിയുന്നു എന്നതാണ്. ഇതിന്റെ പ്രസക്തി കൂടുതൽ വ്യക്തമാകുന്നത് ആധുനിക മനുഷ്യന്റെ ‘പുരോഗമന ദാരിദ്ര്യം’ തിരിച്ചറിയുമ്പോഴാണ്. ആദിമ മനുഷ്യനിൽ നിന്നും ഏറെയകലെയാണ് ആധുനിക മനുഷ്യന് നാം നൽകിയിട്ടുള്ള സ്ഥാനം. കൂടുതൽ സൂക്ഷ്മമായി പറഞ്ഞാൽ, ഏറെ ഉയരെയാണ്.

നാഗരികതയുടെ പടിവാതിൽ ചവിട്ടാത്ത ആദിമജനതയും നാഗരികതയുടെ ഉച്ചസ്ഥായിയിൽ വിരാജിക്കുന്ന ആധുനിക ജനതയും രണ്ടറ്റങ്ങളിലാണ് എന്നതാണ് നാം പഠിപ്പിക്കപ്പെട്ടത്. ആദിമ മനുഷ്യനിൽ നിന്നും ആധുനിക മനുഷ്യനിലേക്ക് വരക്കപ്പെട്ട ഗ്രാഫുകളിൽ കാലം മുന്നോട്ട് നീങ്ങുമ്പോൾ അവർ തമ്മിലുള്ള അന്തരം വർധിക്കുന്നതായി സൂചിതമായിട്ടുള്ളതായാണ് കാണാൻ സാധിക്കുക. പക്ഷേ, പൊതുസ്വീകാര്യമായ ഈ തിയറിയിൽ നിന്നും വ്യതിരിക്തമായ ഗ്രാഫാണ് പുതിയകാല സന്ദർഭങ്ങളുടെ വെളിച്ചത്തിൽ യാഥാർഥ്യത്തോട് കൂടുതൽ അടുത്ത് നിൽക്കുന്നതായി മനസ്സിലാക്കാൻ സാധിക്കുന്നത്.

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് ഈയിടെ വന്നത്. ഒന്നിലധികം ബസ്് കാത്തിരിപ്പുകേന്ദ്രങ്ങൾ കോളേജിനു ചുറ്റുവട്ടത്ത് കാണാം. വിദ്യാർഥികൾ പലരും കോളേജ് ഹോസ്റ്റലിലോ തൊട്ടടുത്തുള്ള വാടകറൂമുകളിലോ ആണ് താമസിക്കുന്നത്. കേവലം രണ്ട് ബസുകൾ മാത്രം സർവീസ് നടത്തുന്ന ഭാഗത്തേക്കുള്ള കാത്തിരിപ്പുകേന്ദ്രം, ആ ഭാഗത്തേക്ക് വിദ്യാ ർഥികൾ സഞ്ചരിക്കാനില്ല എന്നതുകാരണം വിദ്യാർഥികൾക്ക് ആവശ്യമില്ലാത്തതാണ്. നാട്ടുകാർ ചേർന്ന് നിർമിച്ച, കഴിഞ്ഞ പത്തൊമ്പത് വർഷമായി നിലനിൽക്കുന്ന ആ പഴഞ്ചൻ കേന്ദ്രത്തിൽ യാത്ര ചെയ്യാൻ കാത്തിരിക്കുന്നവർക്ക് വേണ്ടി ഒരു ബെഞ്ച് കാണാം. ഈ ബെഞ്ച് പതിവായി വിദ്യാർഥികളുടെ കാമകേളികൾക്ക് വേദിയായതോടെ നാട്ടുകാർ ‘പ്രേമപൂങ്കാവന’ത്തിലെ കട്ടുറുമ്പായി മാറി. ബെഞ്ചിനെ തുണ്ടം തുണ്ടമാക്കി ഒരാൾക്ക് മാത്രം ഇരിക്കാൻ കഴിയുന്ന രീതിയിലുള്ള മൂന്ന് ഇരിപ്പിടങ്ങളാക്കി മാറ്റി.

സല്ലാപങ്ങൾക്കുള്ള സീറ്റ് നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് പിന്തുണയുമായി വിദ്യാർഥി പ്രസ്ഥാനങ്ങളും അണിനിരന്നു. ഇടത്‌ ലിബറൽ സംഘങ്ങൾക്കൊപ്പം ഇത്തവണ പെരുമ്പാമ്പിന്റെ നടുക്കഷണം തന്നെ ഞങ്ങൾക്ക് വേണം എന്നു പറഞ്ഞ് മറ്റുള്ളവരും ഒത്തുചേർന്നപ്പോൾ കാലം മാറുമ്പോൾ കോലം മാറാൻ സാധ്യതയുണ്ടായിരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും യുവജന സംഘടനകളും രംഗത്ത് വന്നു. ഇതിനിടെ വിദ്യാർഥികളിൽ ചിലർ ഒരാൾക്ക് മാത്രം ഇരിക്കാൻ പറ്റുന്ന സീറ്റിൽ ആൺകുട്ടികളുടെ മടിയിൽ പെൺകുട്ടികളിരുന്നുകൊണ്ടുള്ള ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയടക്കം ‘സദാചാരഗുണ്ടായിസ’ത്തെ എതിർത്ത പോരാളികൾക്ക് ആശംസ നേർന്നതോടെ വിഷയം കാട്ടുതീ പോലെ പടർന്നു, അതിരുകൾ ഭേദിച്ച് വാർത്ത അന്താരാഷ്ട്ര സമൂഹം ചർച്ച ചെയ്തു.

മടിത്തട്ടിൽ പൂക്കുന്ന പുരോഗമനം!

പെണ്ണ് മടിയിൽ കയറിയിരുന്നതിനെ പുരോഗമനമായി ചിത്രീകരിക്കുന്നതാണ് പിന്നീട് കാണുന്നത്. പ്രാഥമികമായ ചോദ്യം, എങ്ങനെയാണ് ഇത് പുരോഗമനമാവുന്നത് എന്നതാണ്. പുരോഗമനം തെളിയിക്കാനുള്ള അളവുകോൽ കണ്ടുപിടിക്കാത്തതിനാൽ ഏത് തോന്നിവാസത്തെയും പുരോഗമനപരമായി ചിത്രീകരിക്കാൻ സാധിക്കും എന്നത് -ദീർഘവീക്ഷണത്തോടെ ചിന്തിച്ചാൽ- സമൂഹത്തെ തകർക്കാൻ കെൽപ്പുള്ള സംഗതിയാണ്. നിലനിൽക്കുന്ന സാമൂഹിക അനീതിയോട് പടവെട്ടി നേടുന്ന എന്താണ് ഈ പ്രവൃത്തിയിൽ കാണാൻ കഴിയുന്നത് എന്ന ചോദ്യമാകട്ടെ കാവ്യമാമീംസയായി അവശേഷിക്കുന്നു. ചുരുക്കിപ്പഞ്ഞാൽ അസ്വാഭാവികമായ ഏത് പ്രവൃത്തിയും ‘പുരോഗമന’ ലേബലൊട്ടിച്ചാൽ മാർക്കറ്റിൽ വിൽക്കാൻ സാധിക്കും.

പെണ്ണ് മടിയിലിരുന്നാൽ മാത്രം ഉയരുന്ന പുരോഗമനദണ്ഡ് കുഴപ്പം തന്നെയാണ്. ഇതോടൊപ്പം കൂട്ടിവായിക്കെണ്ടത്, Gender Neturaltiyക്ക് വേണ്ടി ഘോരഘോരം ശബ്ദിക്കുന്നവരുടെ പ്രതിഷേധം gender netural ആയി മാറ്റാൻ അവർക്ക് സാധിച്ചിട്ടില്ല എന്നതാണ്. ആണും പെണ്ണുമെന്നത് സാമൂഹ്യസൃഷ്ടി (Social Construct) ആണെന്നതാണ് ആധുനികതാ വാദപ്രകാരം എത്തിച്ചേരുന്ന തീർപ്പ്. എന്നാൽ മനു ഷ്യന്റെ ശുദ്ധപ്രകൃതി ഇതിൽനിന്നും വിഭിന്നമാണ്. അല്ലാഹു പറയുന്നു: ‘നിങ്ങളെ നാം ഇണകളാക്കി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു’ (ക്വുർആൻ 78:8). മനുഷ്യന്റെ ശുദ്ധപ്രകൃതിയോടും അതിനെ പരിപോഷിപ്പിക്കാൻ ഉതകുന്ന മൂല്യങ്ങളും മാർഗനിർദേശങ്ങളും നൽകുന്ന വേദഗ്രന്ഥത്തോടും നിരന്തരം കലഹിക്കുക എന്നതാണ് പലപ്പോഴും ആധുനികതാ വാദികൾ ചെയ്യാറുള്ളത്. ഇവിടെയും ഈ വൈരുധ്യം കാണാൻ കഴിയുന്നു.

സദാചാരവും ഗുണ്ടായിസവും

സദാചാരം അശ്ലീലവും അശ്ലീലം പുരോഗമനവുമാണെന്നതാണ് സിനിമയിലൂടെ മുതൽ സിലബസിലൂടെ വരെ ഒളിച്ചുകടത്തുന്ന ‘പുതിയ കാല’ത്തിന്റെ പൊതുബോധസൃഷ്ടി. സദ്, ആചാരം എന്നീ രണ്ട് പദങ്ങൾ ചേർന്നതാണ് ‘സദാചാരം.’ ധാർമികജീവിതത്തിന് അത്യന്താപേക്ഷിതമായ ആചാരം/ധാർമിക ജീവിതം നയിക്കുന്നവർ പാലിക്കേണ്ടതായ ആചാരം എന്ന് വിവക്ഷ. സദാചാര മൂല്യങ്ങൾ ഉണ്ടാകുമ്പോ ഴാണ് കുടുംബ വ്യവസ്ഥിതി നിലനിൽക്കുക.

പുതിയകാലത്ത് സദാചാരമെന്നതിനെ പ്രവൃത്തിനിഘണ്ടുവിൽനിന്നും ഒഴിവാക്കേണ്ട സംഗതിയായി അവതരിപ്പിക്കപ്പെടുന്നതായി കാണാം. ആചാരങ്ങളെല്ലാം ലംഘിക്കപ്പെടേണ്ടതാണെന്ന് പറയുന്നവരുടെ മൂലസംസ്‌കാരമായ ലിബറലിസം മത, സാംസ്‌കാരിക, പാരമ്പര്യ വാദങ്ങളെ വിഴുങ്ങിയതോടെ സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചകൾ സമൂഹമധ്യത്തിലേക്കും എത്തിക്കഴിഞ്ഞു. ‘മതം, സംസ്‌കാരം, സദാചാരം, പാരമ്പര്യം തുടങ്ങിയ പദങ്ങൾ പുതിയ സമൂഹസൃഷ്ടിക്ക് യോജിച്ചതല്ല’ എന്നതിനാൽ അത്‌കൊണ്ടുള്ള അസ്‌കിതയെ ഇല്ലാതാക്കുന്നതിന്റെ പടവുകൾ അവർ സമർഥമായി കയറുകയാണ്. ലജ്ജ മനുഷ്യന്റെ ശുദ്ധപ്രകൃതിയുമായി ബന്ധപ്പെട്ടതാണെന്നിരിക്കെ അതിനെ ഇല്ലാതാക്കിയാൽ മനുഷ്യനെ മൂല്യബോധത്തിന്റെ കെട്ടുറപ്പുള്ള ചട്ടക്കൂട്ടിൽനിന്നും സ്വതന്ത്രമാക്കാം എന്നതാണ് ലാഭം. ഇതിന്റെ ആദ്യപടിയാണ് സദാചാരവും ദുരാചാരവും തമ്മിലുള്ള വ്യക്തമായ അതിരിനെ അലങ്കോലപ്പെടുത്തുകയെന്നത്.

സദാചാരത്തിന്റെ വേലിക്കെട്ട് തകർത്തുകഴിഞ്ഞാൽ മനുഷ്യനെ ധർമം പഠിപ്പിക്കുന്ന സാമൂഹ്യസ്ഥാപനങ്ങളിലേക്ക് ക യറിച്ചെല്ലാൻ എളുപ്പമാണ്. മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. മനുഷ്യനെന്ന ജീവിവർഗം മറ്റു ജീവിവർഗങ്ങളെ അപേക്ഷിച്ച് കായികബലത്തിലായാലും ശാരീരികക്ഷമതയിലാണെങ്കിലും നൽകപ്പെട്ട കഴിവുകളിലാണെങ്കിലും താഴെയാണ്. ഒരു സിംഹത്തെ മൽപ്പിടുത്തത്തിൽ തോൽപിക്കാൻ മനുഷ്യന് സാധിക്കണമെന്നില്ല, പക്ഷിയെപോലെ പറക്കാൻ മനുഷ്യൻ അനുഗ്രഹിക്കപ്പെട്ടിട്ടില്ല. എന്നാൽ ഈ വസ്തുത നിലനിൽക്കുമ്പോഴും അവനെ കരുത്തനാക്കുന്നത്, മറ്റു ജീവജാലങ്ങളെ ചൊൽപ്പ ടിക്ക് നിർത്താൻ അവന് സാധിക്കുന്നു എന്നതാണ്. ഇത് പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ്:

1. മനുഷ്യന്റെ ധിഷണ: മറ്റു ജീവവർഗങ്ങളെ അപേക്ഷിച്ച് മനുഷ്യന് നൽകപ്പെട്ട സുപ്രധാനമായ കഴിവാണ് ബുദ്ധിസാമർഥ്യം. കാട് ഭരിക്കുന്ന കരുത്തനായ സിംഹത്തെ പോലും മെരുക്കാനും ഭരിക്കാനും മനുഷ്യന് സാധിക്കുന്നത് ഇങ്ങനെയാണ്. മതം മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അന്തരം ചർച്ച ചെയ്യുമ്പോൾ; ലിബറലിസം അവ തമ്മിലുള്ള സാമ്യം ചർച്ചക്കെടുക്കുന്നു. ‘മനുഷ്യനെന്ന മാസ്റ്റർബ്രെയിൻ കേവല പരിണാമപ്രക്രിയയിലെ അവസാന കണ്ണിയാണെന്ന’തിനപ്പുറം മനുഷ്യന് വിശദീകരണം നൽകാൻ അവർക്ക് സാധിക്കുന്നില്ല, മനുഷ്യൻ തന്റെ ധിഷണ ഉപയോഗപ്പെടുത്തുമ്പോൾ അതിനത്യാവശ്യമായ ഘടകമാണ് വിവിധ നിയമങ്ങൾ. നിയമവും ചട്ടക്കൂടുമില്ലാത്ത മനുഷ്യൻ സ്വാഭാവികമായും അപകടകാരിയായിരിക്കും. മറ്റു ജീവിവർഗങ്ങൾക്കില്ലാത്ത സവിശേഷബുദ്ധി നൽകപ്പെട്ട മനുഷ്യന് എന്ത് തെരഞ്ഞെടു ക്കണം എന്ന ചോയ്‌സും നൽകപ്പെട്ടിട്ടുണ്ട്. അതിനാൽ മനുഷ്യനെന്ന ബുദ്ധിജീവിയുടെ ഉയർന്ന ബുദ്ധി വൈഭവത്തെ ഉപയോഗപ്പെടുത്താൻ ഏകോപനം നിർവഹിക്കുന്ന വ്യവസ്ഥകൾ അത്യാവശ്യമാണ്.

2. ഓരോ വ്യക്തിയുടെയും അതിജീവനത്തിന് സമൂഹം അത്യന്താപേക്ഷികമാണ്. തന്നെക്കാൾ കായികമായും മറ്റും കഴിവുകൾ നൽകപ്പെട്ട മറ്റു ജീവിവർഗങ്ങളെ അതിജീവിച്ച് മനുഷ്യജീവിതം സാധ്യമാക്കാൻ മനുഷ്യന് കഴിയുന്നത് ബുദ്ധിസാമർഥ്യം ഉപയോഗപ്പെടുത്തുന്നത് കൊണ്ടാണ്. ഇതുപയോഗപ്പെടുത്താൻ മനുഷ്യനെ പ്രാപ്തനാക്കുന്നത് സാമൂഹികമായ ഏകോപനമാണ്. അതിജീവനത്തിനായുള്ള കരുക്കൾ നീക്കാനും മാർഗങ്ങൾ അവലംബിക്കാനും സാമൂഹിക വ്യവസ്ഥയെ കെട്ടിപ്പടുക്കാനും സഹായിക്കുന്നത് ഏകോപനമാണ്. ഈ ഏകോപനം സാധ്യമാവാൻ മറ്റു ജീവികളിൽനിന്നും വ്യത്യസ്തമായി ഒരു സമൂഹ ത്തിൽ എങ്ങനെ ഇടപെടണമെന്നത് കൃത്യമായി മനുഷ്യന് മുന്നിൽ വരച്ചുകാട്ടേണ്ടതുണ്ട്. അഥവാ വ്യക്തമായ ധാർമിക പാഠങ്ങൾ അവന് അനിവാര്യമാണ്. ഭരണസ്വാതന്ത്ര്യമുള്ള മനുഷ്യന്റെ ഇടപെടൽ നാഗരികതയെ തകർക്കാനും ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നതിനാൽ എന്താണ് ശരിയും തെറ്റുമെന്ന് അവൻ പഠിപ്പിക്കപ്പെടേണ്ടതുണ്ട്. ഇത് നടക്കുന്ന സമൂഹത്തിന്റെ അടിസ്ഥാന ഘടകവും പാഠശാലയുമാണ് കുടുംബം. ആ കുടുംബ സംവിധാനത്തെ ഇല്ലാതാക്കിയാൽ മത, സാംസ്‌കാരിക, പാരമ്പര്യ ചിഹ്നങ്ങളെ ഇല്ലായ്മ ചെയ്യാം എന്നതാണ് സർക്കാർ മെഷിനറികളെ കുടുംബത്തെ ശിഥിലമാക്കുന്ന പ്രവൃത്തികൾക്ക് പച്ചക്കൊടി വീശാൻ പ്രേരിപ്പിക്കുന്നത്. കുടുംബസംവിധാനം തകർന്നുകഴിഞ്ഞാൽ തങ്ങളുടെ ജന്റർ ക്ലബ്ബുകളും മറ്റും ഉപയോഗപ്പെടുത്തി ഈ പാഠശാലയിലെ സിലബസ് തങ്ങൾക്കിഷ്ടമുള്ളതുപോലെ മാറ്റിത്തിരുത്താം എന്നതാണ് ലക്ഷ്യം. എന്നാൽ ഈ ചിന്തയുമായി വന്ന ഭരണകൂടങ്ങളുടെ ഉദാഹരണങ്ങൾ ചരിത്രത്തിൽ നമുക്ക് കാണാൻ കഴിയും. മനുഷ്യന്റെ ശുദ്ധപ്രകൃതിയെ വിലക്കിയ ഭരണകൂടങ്ങൾ പിന്നീട് വീണു എന്നതല്ലാതെ മതത്തിന് അവിടെയും യാതൊരു കോട്ടവും സംഭവിച്ചില്ല എന്നതാണ് ചരിത്രം. പള്ളികൾ പതിറ്റാണ്ടുകളോളം അടച്ചുപൂട്ടിച്ച കമ്യൂണിസ്റ്റ് ഭരണകൂടം നിലംപൊത്തിയപ്പോൾ പിറ്റേന്ന് രാവിലെ സ്വുബ്ഹിക്ക് പള്ളിയിൽ ജനം തടിച്ചുകൂടുകയായിരുന്നു.

മനുഷ്യനാഗരികതയുടെ ചരിത്രം പരിശോധിക്കുക. മനുഷ്യന് നൽകപ്പെട്ട അപാരമായ കഴിവുകൾ അവന് ഉപയോഗിക്കാൻ സാധിക്കുന്നത് സമൂഹമായി നില നിൽക്കുമ്പോഴാണ്. അഥവാ മനുഷ്യന്റെ അതിജീവിനത്തിനുള്ള അത്യാവശ്യഘടകമാണ് സമൂഹം. മനുഷ്യനെന്ന Individual തന്റെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾത്തന്നെ അവൻ സൊസൈറ്റിയെന്ന ബബിളിനുള്ളിലാണ് എന്നതിനാൽ ആ സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ ‘കുടുംബ’ത്തിന്റെ അവകാശങ്ങളും മുഖവിലക്കെടുത്തേ പറ്റൂ. കുടുംബവ്യവസ്ഥയെ തകർത്ത്, LGBTQ അജണ്ടകളിലൂടെ, Gender Defenitions ഇല്ലാതാക്കുന്നതോടെ മനുഷ്യൻ വലയംചെയ്യപ്പെടുന്ന ഈ ബബിൾ തകരുകയാണ്. മനുഷ്യനെന്ന സാമൂഹ്യജീവിയെ ഈ സുരക്ഷാകവചത്തിൽനിന്നും പുറത്തെത്തിച്ചുകഴിഞ്ഞാൽ അവനെ ചൂഷണം ചെയ്യാൻ എളുപ്പമാണ്. ഈ ചൂഷണവ്യവസ്ഥയുടെ പിന്നാമ്പുറങ്ങൾ മനസ്സിലാക്കാതെയാണ് പലരും വിപ്ലവ ചിന്തയുടെ അന്ധതയിൽ കുടുംബസംവിധാനത്തെ തകർക്കാൻ മുന്നിട്ടിറങ്ങുന്നത്.

അതിനാൽ സദാചാരം നിലനിൽക്കേണ്ടതുണ്ട്. എന്നാൽ അപക്വമായ പ്രവൃത്തികൾ പലപ്പോഴും ഈ ധാർമികസംസ്ഥാപനത്തിന് തിരിച്ചടി നൽകും എന്നുള്ളത് കാണാതിരിന്നുകൂടാ. ധാർമിക ബോധത്തെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തിലുള്ള സദാചാരം പ്രചരിപ്പിക്കാൻ ദുരാചാരം ഉപയോഗിക്കാൻ പാടില്ല. നിയമസംവിധാനം നിലവിലുള്ള രാജ്യത്ത് നിയമങ്ങൾ ധാർമികതയോടൊപ്പം നിലനിൽക്കുന്നെങ്കിൽ അതിലൂടെയുള്ള സമരങ്ങൾ അവലംബിക്കാം. ഇതിലുപരിയായി വൈകാരികമായ, കായബലത്തിലധിഷ്ടിതമായ പ്രവൃത്തികൾ തെറ്റായ ദിശയിലേക്കുള്ള പ്രയാണത്തിന്റെ ഇന്ധനമായി മാറാൻ മാത്രമെ ഉപകാരപ്പെടുകയുള്ളൂ.

എന്നാൽ അധികാരമുള്ള ഘട്ടങ്ങളിൽ അധാർമികതയെ പല്ലുംനഖവുമുപയോഗിച്ചു തന്നെ എതിർക്കേണ്ടതുണ്ട്. നിയമനിർമാണത്തിലൂടെ അതിനുള്ള പഴുതുകൾ ഇല്ലാതാക്കുകയാണ് വേണ്ടത്. മനുഷ്യന്റെ ആന്തരികചോദനയെ ഇല്ലായ്മ ചെയ്യുന്നുവെന്ന ദുഃഖഭാരത്തോടെയല്ല; പ്രത്യുത, അവന്റെ നിലനിൽപിനുതന്നെ വിഘാതം സൃഷ്ടിക്കുന്ന ആധുനിക ‘കൾട്ടി’നെ പ്രതിരോധിക്കുകയാണ് എന്നതാവണം ചിന്ത. ആണും പെണ്ണും വഴിവക്കത്ത് കൊഞ്ചിക്കുഴയുന്നതു കണ്ട് ചാട്ടവാറോങ്ങിയ ഉമറി(റ)ന്റെ ചരിത്രം പാഠമാണ്. അന്യർ ചെയ്യുന്ന പ്രവൃത്തിക്ക് തനിക്കെന്ത് ചേതമെന്ന ചിന്ത ധാർമികസംസ്ഥാപനത്തിലേക്ക് നയിക്കില്ല എന്ന് ചുരുക്കം. നാട്ടുകാർ നിർമിച്ച കാത്തിരിപ്പുകേന്ദ്രം നാട്ടുകാർതന്നെ വെട്ടിപ്പൊളിച്ചത് കണ്ടാണ് ലിബറൽ വേവലാതി. കോളേജിന് സമീപത്തെ ആളൊഴിഞ്ഞ പുൽക്കാട്ടിൽ സന്ധ്യാനേരത്ത് ആളനക്കം കണ്ട അധികൃതർ പിറ്റേന്ന് കാടൊക്കെ വെട്ടിനിരപ്പക്കിയപ്പോൾ തങ്ങളുടെ ‘പുരോഗമന ഇട ങ്ങൾ’ നഷ്ടപ്പെട്ടുവെന്ന് ചിലർ വേവലാതിപ്പെടുന്നത് പോലെയേ ഇതിനെയും തൽക്കാലം കാണാൻ സാധിക്കുകയുള്ളൂ.

ഞങ്ങളുടെ അവകാശം!

മനുഷ്യന്റെ അവകാശങ്ങളുടെ പരിധി എവിടെയാണ് എന്നത് കൂടുതലായി ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. ‘ഇതൊക്കെ ഞങ്ങളുടെ അവകാശമല്ലേ’ എന്നതാണ് പലരുടെയും ആത്യന്തികമായ ചോദ്യം. ലിംഗപ്രദർശനം നടത്തിയ വ്യക്തി പിടിക്കപ്പെട്ടതോടെ അത് തന്റെ സ്വത്വത്തിന്റെ ‘പ്രത്യേകത’യെന്നു പറഞ്ഞാണ് വിലങ്ങണിയാതെ പുറത്തെത്തിയത്. അഥവാ അവകാശം എന്നത് ഏതു സന്ദർഭത്തിലും എടുത്ത് വീശാവുന്ന വാളാണ്. അവകാശത്തിന്റെ പരിധി ഏതു മാപിനി വച്ച് അളക്കും എന്നതാണ് ഇവിടെയുള്ള പ്രശ്‌നം. നാളെ രണ്ടു പേർ വന്ന് ഞങ്ങൾക്ക് വെയ്റ്റിംഗ് ഷെഡ്ഡിൽ കിടന്ന് സ്വതന്ത്രമായി രതിയിൽ ഏർപ്പെടണം എന്ന് പറഞ്ഞാൽ അതിനെ അവരുടെ അവകാശമായി വകവെച്ച് കൊടുക്കാൻ സമൂഹം തയ്യാറാകുമോ? അത് വൃത്തികേടാണെന്ന് നിങ്ങൾ ചിന്തിച്ചാൽ പോലും നിങ്ങൾക്കെങ്ങനെ അവരെ അത് ചെയ്യുന്നതിൽനിന്നും തടയാൻ കഴിയും? കാരണം ഇവിടെ നിങ്ങളുന്നയിക്കുന്ന ആധുനികതാ വാദം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് ‘അവകാശം’ എന്നതിലാണ്. അതാകട്ടെ, Highly Ambigous ഉം ആണ്. അഥവാ ഉപരിപ്ലവമായ അർഥത്തിനപ്പുറം വ്യത്യസ്തവും വിപുലവുമായ വ്യാഖ്യാനങ്ങൾ ആ വാക്യത്തിന് നൽകാൻ സാധിക്കും.

അവകാശം എന്നതിനപ്പുറം കൃത്യമായ, പൂർത്തീകരിക്കപ്പെട്ട ധാർമിക പാഠത്തിൽ അടിസ്ഥാനപ്പെടുത്തിയുള്ള മുന്നോട്ടുപോക്കാണ് ഇവിടെ ആവശ്യം. അങ്ങനെ വന്നാൽ തോന്നിവാസങ്ങൾക്ക് വിലങ്ങു വീഴും. അതുകൊണ്ട് തന്നെയാണ് ധാർമികപാഠം നൽകുന്ന മതവും മൂല്യങ്ങളും പുരോഗമന ഗീതം മൂളുന്നവരുടെ കണ്ണിലെ കരടായി മാറുന്നത്.

അമ്മാവൻ സിൺഡ്രോം

‘പുതിയ കാലത്ത് ഇങ്ങനെയൊക്കെ ചെയ്യാവോ ചേട്ടാ?’ എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചത് പ്രദേശവാസിയോടാണ്. ‘പുതിയ കാലം’ എന്നതിന് ഇവിടെയെന്താണ് പ്രസക്തി എന്നതാണ് പ്രധാനപ്പെട്ട സംശയം. കാലം മുന്നോട്ട് സഞ്ചരിക്കുമ്പോൾ നാഗരികതയോടൊപ്പം ധാർമികതയും മാറ്റത്തിന് വിധേയമായി മുന്നോട്ട് സഞ്ചരിക്കണമെന്നത് ലിബറലിസത്തിന്റെ അടിസ്ഥാന പാഠമാണ്. അതായത് 1000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ച് മരിച്ചവരൊക്കെ ആ കാലത്ത് ജീവിച്ചു എന്നതുകൊണ്ട് മാത്രം അധാർമികരായി മാറിയേക്കാമെന്ന് ചുരുക്കം. കാല ചക്രങ്ങൾക്കിടയിൽ ഭൂമിലോകത്ത് വസിച്ചവർ ഒത്തുചേരുന്ന ഒരു സന്ദർഭത്തിൽ ഒരുപാട് മനുഷ്യരുടെയിടയിൽനിന്ന് ഒരാൾ കൈയുയർത്തിക്കൊണ്ട് ‘ഞാനാണ് ഏറ്റവും നന്മയുള്ളവൻ’ എന്ന് വിളിച്ചുകൂവിയാൽ അവനിലുള്ള നന്മയെ തിരിച്ചറിയാൻ അത് മാത്രം മതിയാകുമെന്ന് പറയുന്നതുപോലെയാണ് കഴിഞ്ഞ ജനപഥങ്ങളെല്ലാം അധാർമികരും ‘ഞാൻ’ ധാർമികതയുടെ വിളനിലവുമാണെന്ന ലിബറൽ മൂല്യബോധത്തിന്റെ ബാലിശത. നാഗരികത കാലത്തിനനുസൃതമായി സഞ്ചരിക്കുമെങ്കിലും ധാർമികത വസ്തുനിഷ്ഠമായിരിക്കണം. അത്തരം ധാർമികപാഠങ്ങൾ മാത്രമാണ് മനുഷ്യകുലത്തിന് ഗുണപരമായി വർത്തിക്കുക. വസ്തുനിഷ്ഠമായ ധാർമികപാഠങ്ങൾ നൽകാൻ സാധിക്കുക സ്രഷ്ടാവിന് മാത്രമാണ് എന്നതാണ്; പലപ്പോഴും മതം എന്ത് പറയുന്നുവോ, അതിനെതിര് പ്രവർത്തിക്കുക എന്ന ആശയസംഹിതയിൽ വിശ്വസിക്കുന്നവർക്ക് അന്തമില്ലാത്ത പുരോഗമന നാട്യങ്ങളെ ഉൾക്കൊള്ളുന്ന ലോക്കൽ ധാർമികപാഠങ്ങളെ പ്രതിരോധിക്കാൻ നിർബന്ധിതരാക്കുന്നത്. ആശയബാലിശത മറച്ചുവയ്ക്കാൻ മറുവശത്തുള്ളവരെ തെറി വിളിച്ച് തോൽപിക്കുന്നതിന്റെ അവസാന ഉദാഹരണമാണ് ‘അമ്മാവൻ’ വിളി. പഴഞ്ചൻ ആശയങ്ങൾ തിന്മയും പുത്തൻ ആശയങ്ങൾ നന്മയും എന്നതിന് തെളിവ് നൽകാനൊട്ടിവർക്ക് സാധിക്കുന്നുമില്ല!

ആണും പെണ്ണും ഒന്നിച്ചിരുന്നാൽ?

ആണും പെണ്ണും ഒന്നിച്ചിരുന്നാൽ എന്താണ് കുഴപ്പം എന്നതാണ് കാതലായ ചോദ്യം. ഈ ചോദ്യത്തെ സമീപിക്കുമ്പോൾ പുതിയ കാലത്തെ ക്യാമ്പസ് ചിത്രം വ്യക്തമായിരിക്കണം. പ്രണയലേഖനങ്ങൾ പറത്തുന്ന കാമിനീ സങ്കൽപങ്ങളിൽ നിന്നും ക്യാമ്പസുകൾ പാശ്ചാത്യ സാംസ്‌കാരിക അധിനിവേശ ത്തോടെ വളരെയധികം മാറിയിരിക്കുന്നു. Friends With Benefits (FWB) എന്ന പേരിൽ കേവലമായ ലൈംഗിക ചോദനയുടെ പേരിൽ ആണും പെണ്ണും ഭാര്യാഭർത്താക്കന്മാരായി ഒരേസമയം ക്ലാസ് മുറികളും കിടപ്പറയും പങ്കിടുന്നു. കേരളത്തിലെ പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകൻ ഇത് വിശദീകരിച്ചപ്പോൾ കൂടെ പറഞ്ഞത്, കഴിഞ്ഞയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് ഹോസ്റ്റൽ മുറിയിലെ സെക്‌സ് കേസുകൾ രണ്ടെണ്ണമാണ് എന്നാണ്. റിപ്പോർട്ട് ചെയ്യപ്പെടാത്തതാണ് ഭൂരിഭാഗവും. ഇത് ഹോസ്റ്റലിലെ കഥയാണ്. കോളെജിനു ചുറ്റുമുള്ള വാടകക്കെടിടങ്ങളിൽ എല്ലാ രാത്രികളും കിടക്ക പങ്കിടുന്ന കാര്യം റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല.

ഇതിവിടെ പരാമർശിച്ചത്, പുതിയകാല ഉന്നതവിദ്യാഭ്യാസത്തിന്റെ ശുക്ലഗന്ധമയമുള്ള മറുവശം ബോധ്യപ്പെടുത്താനാണ്. അതൊരിക്കലും ആ കോളേജുകളെ പഴിക്കാനല്ല. സ്വന്തം ഹോസ്റ്റൽ മുറിയിലെ സുഹൃത്ത് എല്ലാ രാത്രികളിലും പെണ്ണിനെ വിളിച്ചുകയറ്റി കാമകേളി നടത്തുമ്പോഴും വിശ്വാസദൃഢതയോടെ, അധാർമികതകളിൽ അകപ്പെടാതെ പിടിച്ചുനിന്നവരും ഇതേ ക്യാമ്പസ് മുറികളിലെ കെടാവിളക്കുകളായി തങ്ങളുടെ ബാധ്യതകൾ സദാ നിറവേറ്റുന്നുണ്ട്. താൻ ചെയ്യുന്നത് അധാർമിക പ്രവൃത്തിയാണെന്ന് ബോധ്യപ്പെടുന്നില്ല എന്നതാണ് ലിബറലിസം ബാധിച്ച വിദ്യാർഥിയുടെ അപചയത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നത്. കിടക്ക പങ്കിടുന്നതിൽ കുറ്റബോധമില്ലാത്ത വ്യക്തിക്ക് വേണ്ടത് അടിസ്ഥാന ധാർമികപാഠമാണ്. ആണും പെണ്ണും ഇടകലരുന്നതിനെ എതിർക്കുന്നവർ അവർക്ക് ‘കാലം തിരിയാത്ത’വരാണ്. അതിനാൽ ധർമസംസ്ഥാപനത്തിന്റെ മാർഗങ്ങൾ സ്വീകരിക്കേണ്ടത് അവരെ മുന്നിൽ കണ്ടുകൊണ്ടായിരിക്കണം. സദാചാര ഗുണ്ടായിസം കാണിക്കൽ അവരുടെയുള്ളിലെ തിന്മയെ ആളിക്കത്തിക്കാൻ മാത്രമെ പര്യാപ്തമാവൂ.

ശാസ്ത്രപഠനങ്ങൾ എന്തുപറയുന്നു?

2012ൽ Scientific American’ ൽ വന്ന Men and Women Can’t Be “Just Friends”(1) എന്ന ആർട്ടിക്കിൾ പരിശോധിക്കാം:

ആൺ-പെൺ റിലേഷൻഷിപ്പിനെ ആണും പെണ്ണും മനസ്സിലാക്കുന്നത് രണ്ടുവിധത്തിലാണ്. സൗഹൃദ സംഭാഷണങ്ങൾ ആണിനെ പെൺസുഹൃത്തിലേക്ക് ലൈംഗികമായി ആകർഷിക്കുമ്പോൾ പെണ്ണിനെ സംബന്ധിച്ച് അത് കേവലം Platonic Relation മാത്രമാണ്, അഥവാ ലൈംഗികമായ ചിന്തകളല്ല ആണി നെപ്പറ്റി അവൾക്കുള്ളത്. ചുരുക്കിപ്പറഞ്ഞാൽ ആൺ-പെൺ ബന്ധങ്ങളെ കേവലം സുഹൃത്തുക്കളായി മാത്രം പരിഗണിക്കാൻ പെണ്ണിന് സാധ്യമാണ്, ആണിന് സാധ്യമല്ല.

2020 നവംബറിൽ വന്ന Why people make friends: The nature of friendship. Personal Relationships(2) എന്ന പഠനത്തിന്റെ ഭാഗമായി അവരെത്തിച്ചേർന്ന തീർപ്പ് ആൺ-പെൺ സൗഹൃദങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ലൈംഗികബന്ധത്തിനുള്ള അവസരവും പുരുഷന്റെ സൗഹൃദ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നു എന്നതാണ്. (കൂടുതൽ പഠനങ്ങൾ ആവശ്യമുള്ളവർക്ക് ഈ വിഷയത്തിൽ പുറത്ത് വന്ന മറ്റു പഠനങ്ങളുടെ റഫറൻസുകൾ ലേഖനത്തിന്റെ അന്ത്യഭാഗത്ത് ചേർത്തിട്ടുണ്ട്).

ഈ പഠനങ്ങളുടെ വെളിച്ചത്തിൽ മനസ്സിലാകുന്നത്, ഇത്തരം ബന്ധങ്ങളിൽ പെണ്ണ് ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ് എന്നതാണ്. കാത്തിരിപ്പുകേന്ദ്രത്തിൽ പ്രതിഷേധിക്കാൻ മടിയിലിരിക്കുന്നവളുടെ ചിന്തയും മടിയിലിരുത്തുന്നവന്റെ ചിന്തയും രണ്ടാണ് എന്ന് ചുരുക്കം. അന്യരായ സ്ത്രീപുരുഷന്മാർ പരസ്പരം കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കുന്നത് ഇസ്‌ലാമിക ദർശനത്തിൽ വിലക്കിയത് കൂട്ടിവായിക്കണം. ലിബറലിസം പെണ്ണിന്റെ ശവക്കല്ലറയാണ്. അത് മുന്നോട്ടുവയ്ക്കുന്ന എന്തൊക്കെയുണ്ടോ, അതൊക്കെ ഒടുവിൽ സ്ത്രീവിരുദ്ധമാണെന്ന് കാണാൻ കഴിയും. പെണ്ണിനെ മനുഷ്യനായി പരി ഗണിക്കാൻ പറ്റുമോ എന്ന യൂറോപ്യൻ നവോത്ഥാനപൂർവ ചർച്ചകളിൽനിന്ന് പെണ്ണെന്നാൽ എന്താണ് (What is a woman?) എന്ന ചോദ്യത്തിന് മുന്നിൽ പകച്ചുനിൽക്കുന്നിടത്ത് എത്തിനിൽക്കുകയാണ് ലിബറലിസം.

മതം മാത്രമാണ് പരിഹാരം. തിരിച്ചുനടക്കുന്നത് മാത്രമാണ് മാർഗം. തിരിച്ചുനടക്കുന്നത് ആദിമനാഗരികതയിലേക്കല്ല, ആധുനിക നാഗരികതയോടൊപ്പം വസ്തുനിഷ്ടമായ ധാർമിക ബോധത്തിലേക്കാണ്. മനുഷ്യനെ മനുഷ്യനാക്കുന്നത് മൂല്യങ്ങളാണ്. മൂല്യങ്ങളെ മൂലകങ്ങളാക്കി അനാവശ്യമെന്ന് പറയുന്നവരും അടിമമനോഭാവത്തോടെ പബ്‌ളിക്കിൽ ലൈംഗികവൃത്തികൾ ചെയ്യുന്നവരും എന്ത് നന്മയുടെ പാഠമാണ് പഠിപ്പിക്കുന്നത്? മൃഗീയതയിലേക്കുള്ള ഈ തിരിച്ചുനടത്തം നമുക്ക് ആവശ്യമില്ല. ഇസ്‌ലാം അവിടെയും ഒരേയൊരു പരിഹാരമാണ്. ‘Islam will be the last line of denfense against woke culture’ എന്നത് ഇസ്‌ലാം വിമർശകർ പോലും ശരിവയ്ക്കുകയാണ്. മാർഗം ശരിയാണ്, പ്രബോധകർക്ക് ഇനി അത്യാവേശത്തോടെ മുന്നോട്ട് നടക്കാം.

References

1. Ward, A. F. (2012, October 23). Men and Women Can’t Be “Just Friends.” Scientific American. https://www.scientificamerican.com/article/men-and-women-cant-be-just-friends/

2. Apostolou, M., Keramari, D., Kagialis, A., & Sullman, M. (2021). Why people make friends: The nature of friendship. Personal Relationships, 28(1), 4-18.

3. Bleske-Rechek, A., Joseph, W. E., Williquette, H., & Donovan, B. (2016). Sex differences in young adults’ attraction to opposite-sex friends: Natural sampling versus mental concepts. Evolutionary sPychological Science, 2(3), 214-219.

4. Bleske-Rechek, A., Somers, E., Micke, C., Erickson, L., Matteson, L., Stocco, C., ... & Ritchie, L. (2012). Benefit or burden? Attraction in cross-sex friendship. Journal of Social and Personal Relationships, 29(5), 569-596.

5. Chung, W. S., Lim, S. M., Yoo, J. H., & Yoon, H. (2013). Gender difference in brain activation to audio-visual sexual stimulation; do women and men experience the same level of arousal in response to the same video clip?. International Journal of Impotence Research, 25(4), 138-142.

6. Rupp, H. A., & Wallen, K. (2008). Sex differences in response to visual sexual stimuli: A review. Archives of sexual behavior, 37(2), 206-218.

7. Awasthi, B. (2017). From Attire to Assault: Clothing, Objectification, and De-humanization–A Possible Prelude to Sexual Violence?. Frontiers in spychology, 8, 338.