സൂറഃ അസ്സുഖ് റുഫ് (സുവർണാലങ്കാരം), ഭാഗം 10

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ഡിസംബർ 31, 1444 ജുമാദുൽ ഉഖ്റാ 06

അധ്യായം: 43, ഭാഗം 10 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَتَبَارَكَ ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا وَعِندَهُۥ عِلْمُ ٱلسَّاعَةِ وَإِلَيْهِ تُرْجَعُونَ (٨٥) وَلَا يَمْلِكُ ٱلَّذِينَ يَدْعُونَ مِن دُونِهِ ٱلشَّفَـٰعَةَ إِلَّا مَن شَهِدَ بِٱلْحَقِّ وَهُمْ يَعْلَمُونَ (٨٦) وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ ٱللَّهُ ۖ فَأَنَّىٰ يُؤْفَكُونَ (٨٧) وَقِيلِهِۦ يَـٰرَبِّ إِنَّ هَـٰٓؤُلَآءِ قَوْمٌ لَّا يُؤْمِنُونَ (٨٨) فَٱصْفَحْ عَنْهُمْ وَقُلْ سَلَـٰمٌ ۚ فَسَوْفَ يَعْلَمُونَ (٨٩)

85. ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും ആധിപത്യം ഏതൊരുവന്നാണോ അവൻ അനുഗ്രഹ പൂർണനാകുന്നു. അവന്റെ പക്കൽ തന്നെയാകുന്നു ആ(അന്ത്യ) സമയത്തെപറ്റിയുള്ള അറിവ്. അവന്റെ അടുത്തേക്കുതന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യും.

86. അവന്നു പുറമെ ഇവർ ആരെ വിളിച്ചു പ്രാർഥിക്കുന്നുവോ അവർ ശുപാർശ അധീനപ്പെടുത്തുന്നില്ല; അറിഞ്ഞു കൊണ്ടുതന്നെ സത്യത്തിന് സാക്ഷ്യം വഹിച്ചവരൊഴികെ.

87. ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാൽ തീർച്ചയായും അവർ പറയും; അല്ലാഹു എന്ന്. അപ്പോൾ എങ്ങനെയാണ് അവർ വ്യതിചലിപ്പിക്കപ്പെടുന്നത്?

88. എന്റെ രക്ഷിതാവേ! തീർച്ചയായും ഇക്കൂട്ടർ വിശ്വസിക്കാത്ത ഒരു ജനതയാകുന്നു എന്ന് അദ്ദേഹം (പ്രവാചകൻ) പറയുന്നതും (അല്ലാഹു അറിയും).

89. അതിനാൽ നീ അവരെ വിട്ടുതിരിഞ്ഞുകളയുക. സലാം! എന്ന് പറയുകയും ചെയ്യുക. അവർ വഴിയെ അറിഞ്ഞു കൊള്ളും.

85). (ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും ആധിപത്യം ഏതൊരുവനാണോ അവൻ അനുഗ്രഹപൂർണനാകുന്നു). അനുഗ്രപൂർണനാകുന്നു എന്നതുകൊണ്ടുള്ള ഉദ്ദേശ്യം ഉന്നതനും മഹത്വമുള്ളവനും നന്മ അധികരിച്ചവനും വിശാല ഗുണങ്ങളുള്ളവനും മഹത്തായ ആധിപത്യമുള്ളവനും എന്നാണ്. അതാണിവിടെ പറഞ്ഞത്. ആകാശ ഭൂമിയിലും അവയ്ക്കിടയിലും അവന്റെ ആധിപത്യം വിശാലമായിരിക്കുന്നുവെന്ന്, അവന്റെ അറിവും. തീർച്ചയായും അവനെല്ലാ കാര്യവും അറിയുന്നവനാകുന്നു. അദൃശ്യജ്ഞാനം അവനുമാത്രം പ്രത്യേകമാണ്. അത് ഒരു സൃഷ്ടിക്കും അറിയാൻ സാധ്യമല്ല. അല്ലാഹുവിനോട് സാമീപ്യമുള്ള മലക്കിനോ പ്രവാചകനോ ഒരാൾക്കും തന്നെ. അതാണ് തുടർന്ന് പറഞ്ഞത് (അവന്റെയടുക്കൽ തന്നെയാകുന്നു ആ സമയത്തെപ്പറ്റിയുള്ള അറിവ്). ഈ വാചനത്തിൽ ‘അവന്റെയടുക്കൽ’ എന്നത് ആദ്യം പറയാൻ കാരണം ആ അറിവ് മാത്രം പരിമിതപ്പെടുത്താനാണ്. എപ്പോൾ അന്ത്യസമയം വരുമെന്ന് അവനല്ലാതെ ഒരാൾക്കും അറിയില്ല. അവൻ രണ്ട് ലോകങ്ങളുടെയും ഉടമസ്ഥനാണെന്നത് അവന്റെ അധികാരത്തിന്റെ പൂർണതയും വിശാലതയും അറിയിക്കുന്നു. (അവന്റെ അടുത്തേക്കുതന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യും) അതായത് പരലോകത്ത് അപ്പോൾ അവൻ നിങ്ങൾക്കിടയിൽ നീതിപൂർവം വിധിക്കും.

86). അവന്റെ സൃഷ്ടികളിൽ ഒരാളും ഒരു കാര്യവും ഉടമപ്പെടുത്തുന്നില്ല എന്നത് അവന്റെ അധികാരത്തിന്റെ പൂർണതയാണ്. അവന്റെ അനുമതിയില്ലാതെ അവന്റെയടക്കൽ ശുപാർശക്ക് വരാനും ഒരാൾക്കുമാവില്ല. (അവന്നുപുറമെ ഇവർ ആരെ വിളിച്ച് പ്രാർഥിക്കുന്നുവോ അവർ ശുപാർശ അധീനപ്പെടുത്തുന്നില്ല) അല്ലാഹുവിന് പുറമെ അവർ വിളിച്ചു പ്രാർഥിക്കുന്ന പ്രവാചകന്മാർ, മലക്കുകൾ മറ്റു ജീവികൾക്കൊന്നും അവന്റെ അനുമതിയില്ലാതെ അവൻ തൃപ്തിപ്പെടാതെ ശുപാർശ ചെയ്യാനാവില്ല (അറിഞ്ഞുകൊണ്ടുതന്നെ സത്യത്തിന് സാക്ഷ്യം വഹിച്ചവരൊഴികെ). താൻ സാക്ഷ്യം വഹിക്കുന്നത് എന്താണെന്ന് മനസ്സിലാക്കി ഹൃദയത്തിലുറപ്പിച്ച് നാവുകൊണ്ട് പറയണം. അവൻ സാക്ഷ്യംവഹിക്കുന്നത് സത്യത്തെയായിരിക്കണമെന്ന നിബന്ധനയുണ്ട്. സത്യമെന്നത് അവന്റെ ഏകത്വവും ദൂതന്മാരുടെ പ്രവാചകത്വവും അവർ കൊണ്ടുവന്ന മതത്തിന്റെ അടിസ്ഥാനപരവും ശാഖാപരവുമായ വസ്തുതകളും മതനിയമങ്ങളും ശരിവെക്കലുമാണ്. ഇക്കൂട്ടർക്ക് ശുപാർശകരുടെ ശുപാർശ ഫലപ്പെടും. ഇവർ അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് രക്ഷപ്പെട്ടവരും അവന്റെ പ്രതിഫലം നേടിയവരുമാണ്.

87). തുടർന്ന് അല്ലാഹു പറയുന്നു: (ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാൽ തീർച്ചയായും അവർ പറയും) രക്ഷാകർതൃത്വത്തിലുള്ള ഏകത്വത്തെക്കുറിച്ച് മുശ്‌രിക്കുകളോട് ചോദിച്ചാൽ, അതായത് ആരാണ് സ്രഷ്ടാവെന്ന്. അല്ലാഹുവാണെന്നും അവനേകനാണെന്നും അവന് പങ്കുകാരില്ലെന്നും അവരംഗീകരിക്കും (അപ്പോൾ അവരെങ്ങനെയാണ് വ്യതിചലിക്കപ്പെടുന്നത്). അപ്പോ ൾ എങ്ങനെയാണ് ആരാധന അല്ലാഹുവിന് മാത്രമാക്കുന്നതിൽനിന്നും അവർ തെറ്റിക്കപ്പെടുന്നത്? സൃഷ്ടികർതൃത്വത്തിലുള്ള ഏകത്വം അംഗീകരിക്കുമ്പോൾ ആരാധനയിലെ ഏകത്വവും അംഗീകരിക്കേണ്ടതുണ്ട്. ബഹുദൈവത്വത്തിന്റെ നിരർഥകതക്കുള്ള ഏറ്റവും വലിയ തെളിവ് സൃഷ്ടികർതൃത്വത്തിലെ ഏകത്വം തന്നെയാണ്.

88). (എന്റെ രക്ഷിതാവേ, തീർച്ചയായും ഇക്കൂട്ടർ വിശ്വസിക്കാത്ത ഒരു ജനതയാകുന്നു എന്ന് അദ്ദേഹം പറയുന്നതും) ഈ വാചകത്തിന് ബന്ധം ‘അവന്റെ പക്കലാകുന്നു ആ അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്’ എന്ന വചനത്തോടാണ്. അതായത് ആ പ്രവാചകൻ തന്റെ ജനത തന്നെ കളവാക്കുന്നതിനെക്കുറിച്ച് വിഷമിച്ചും അവർ വിശ്വസിക്കാത്തതിൽ ദുഃഖിച്ചും ആവലാതി പറയുന്നതിനെക്കുറിച്ചുള്ള അറിവും അവനുണ്ട്. അല്ലാഹുവാണ് ഈ അവസ്ഥയെക്കുറിച്ച് ഏറ്റവുമധികം അറിയുന്നവൻ. അവരെ ശിക്ഷിക്കാൻ കഴിവുള്ളവനും. എന്നാൽ അല്ലാഹു അങ്ങേയറ്റം ക്ഷമാശീലനാണ്. തന്റെ ദാസന്മാർക്കവൻ സാവകാശം നൽ കും. അവർ മടങ്ങാനും പശ്ചാത്തപിക്കാനുംവേണ്ടി അവർക്കും സമയം നൽകും.

89). അതാണ് തുടർന്ന് പറയുന്നത് (അതിനാൽ നീ അവരെ വിട്ട് തിരിഞ്ഞുകളയുക, സലാം എന്ന് പറയുകയും ചെയ്യുക) വാക്കിലും പ്രവൃത്തിയിലും അവരിൽ നിന്നുണ്ടാകുന്ന ഉപദ്രവങ്ങളിൽ നിന്നും നീ അവർക്ക് വിട്ടുവീഴ്ച നൽകുക. മാപ്പ് നൽകുക. ബുദ്ധിയും ഉൾക്കാഴ്ചയുമുള്ള വിവേകശാലികൾ അവിവേകികളെ നേരിടുന്നതുപോലെ സലാമല്ലാതെ നിന്നിൽ നിന്നുണ്ടായിക്കൂടാ. അതാണല്ലോ തന്റെ നല്ല ദാസന്മാരെക്കുറിച്ച് അല്ലാഹു പറഞ്ഞത്

وَإِذَا خَاطَبَهُمُ ٱلْجَـٰهِلُونَ

“അവിവേകികൾ തങ്ങളോട് സംസാരിച്ചാൽ’’ അവിവേകത്തോടുകൂടിയുള്ള സംസാരം. (സമാധാനപരമായി മറുപടി നൽകുന്നവരാകുന്നു) (ഫൂർഖാൻ 63). പ്രവാചകൻ തന്റെ രക്ഷിതാവിന്റെ നിർദേശം പാലിച്ചും തന്റെ ജനതയിൽ നിന്ന് ഏൽക്കണ്ടിവന്ന ഉപദ്രവങ്ങളെ വിട്ടുവീഴ്ച നൽകി ഏറ്റെടുത്തു. മാന്യമായ സംസാരവും നല്ല പെരുമാറ്റവും കൊണ്ടല്ലാതെ നബി(സ) അതിനെ നേരിട്ടിട്ടില്ല. അങ്ങനെ സവിശേഷമായ സ്വഭാവംകൊണ്ട് പ്രവാചകൻ  ﷺ  ആകാശഭൂമികളിലുള്ളവരിലെല്ലാം ശ്രേഷ്ഠനായി. ഉന്നത നക്ഷത്രങ്ങളെക്കാളും ഉയരത്തിലായി (അവർ വഴിയെ അറിഞ്ഞുകൊള്ളും). അവരുടെ പാപങ്ങളുടെ ദുരന്തവും കുറ്റങ്ങളുടെ ശിക്ഷയും അവരറിയും.