സൂറഃ മുഹമ്മദ്, ഭാഗം 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ജൂൺ 04, 1442 ദുൽഖഅദ 03

അധ്യായം: 47, ഭാഗം 4 (മദീനയില്‍്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

فَهَلْ عَسَيْتُمْ إِن تَوَلَّيْتُمْ أَن تُفْسِدُوا۟ فِى ٱلْأَرْضِ وَتُقَطِّعُوٓا۟ أَرْحَامَكُمْ (٢٢) أُو۟لَـٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ فَأَصَمَّهُمْ وَأَعْمَىٰٓ أَبْصَـٰرَهُمْ (٢٣) أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَآ (٢٤) إِنَّ ٱلَّذِينَ ٱرْتَدُّوا۟ عَلَىٰٓ أَدْبَـٰرِهِم مِّنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْهُدَى ۙ ٱلشَّيْطَـٰنُ سَوَّلَ لَهُمْ وَأَمْلَىٰ لَهُمْ (٢٥) ذَٰلِكَ بِأَنَّهُمْ قَالُوا۟ لِلَّذِينَ كَرِهُوا۟ مَا نَزَّلَ ٱللَّهُ سَنُطِيعُكُمْ فِى بَعْضِ ٱلْأَمْرِ ۖ وَٱللَّهُ يَعْلَمُ إِسْرَارَهُمْ (٢٦) فَكَيْفَ إِذَا تَوَفَّتْهُمُ ٱلْمَلَـٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَـٰرَهُمْ (٢٧)

22. എന്നാൽ നിങ്ങൾ തിരിഞ്ഞുകളയുകയാണെങ്കിൽ ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും നിങ്ങളുടെ കുടുംബബന്ധങ്ങൾ വെട്ടിമുറിക്കുകയും ചെയ്‌തേക്കുമോ?

23. അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളത്. അങ്ങനെ അവർക്ക് ബധിരത നൽകുകയും, അവരുടെ കണ്ണുകൾക്ക് അന്ധത വരുത്തുകയും ചെയ്തിരിക്കുന്നു.

24. അപ്പോൾ അവർ ക്വുർആൻ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്മേൽ പൂട്ടുകളിട്ടിരിക്കുകയാണോ?

25. തങ്ങൾക്ക് സന്മാർഗം വ്യക്തമായിക്കഴിഞ്ഞ ശേഷം പുറകോട്ട് തിരിച്ചുപോയവരാരോ, അവർക്ക് പിശാച് (തങ്ങളുടെ ചെയ്തികൾ) അലംകൃതമായി തോന്നിച്ചിരിക്കുകയാണ്; തീർച്ച. അവർക്ക് അവൻ(വ്യാമോഹങ്ങൾ) നീട്ടിയിട്ടുകൊടുക്കുകയും ചെയ്തിരിക്കുന്നു.

26. അത്, അല്ലാഹു അവതരിപ്പിച്ചത് ഇഷ്ടപ്പെടാത്തവരോട് ചില കാര്യങ്ങളിൽ ഞങ്ങൾ നിങ്ങളുടെ കൽപന അനുസരിക്കാമെന്ന് അവർ പറഞ്ഞിട്ടുള്ളതുകൊണ്ടാണ്. അവർ രഹസ്യമാക്കിവെക്കുന്നത് അല്ലാഹു അറിയുന്നു.

27. അപ്പോൾ മലക്കുകൾ അവരുടെ മുഖത്തും പിൻഭാഗത്തും അടിച്ചുകൊണ്ട് അവരെ മരിപ്പിക്കുന്ന സന്ദർഭത്തിൽ എന്തായിരിക്കും അവരുടെ സ്ഥിതി!

22) തന്റെ രക്ഷിതാവിനെ അനുസരിക്കാതെ തിരിഞ്ഞുകളയുന്നവന്റെ അവസ്ഥയാണ് തുടർന്ന് അല്ലാഹു പറയുന്നത്. നന്മയിലേക്കല്ല അവൻ തിരിഞ്ഞുപോകുന്നത്. മറിച്ച് തിന്മയിലേക്കാണ്. അല്ലാഹു പറയുന്നു: (എന്നാൽ നിങ്ങൾ തിരിഞ്ഞു കളയുകയാണെങ്കിൽ ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും നിങ്ങളുടെ കുടുംബബന്ധങ്ങൾ വെട്ടിമുറിക്കുകയും ചെയ്‌തേക്കുമോ?)

രണ്ട് കാര്യങ്ങളുണ്ട്. ഒന്നുകിൽ അല്ലാഹുവിനെ അനുസരിച്ച് അവന്റെ കൽപനകൾ നിറവേറ്റുക. അതിലാണ് നന്മയും സന്മാർഗവും വിജയവും. അല്ലെങ്കിൽ അല്ലാഹുവിനെ അനുസരിക്കുന്നതിൽനിന്നും. തിരിഞ്ഞുകളയുക. അതിലുള്ളത് ഭൂമിയിൽ തെറ്റുകൾ ചെയ്ത് കുഴപ്പമുണ്ടാക്കുക, കുടുംബബന്ധങ്ങൾ മുറിക്കുകയും ചെയ്യുക.

23) (അത്തരക്കാരെയാകുന്നു) ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെയും കുടുംബബന്ധങ്ങളെ മുറിക്കുന്നവരെയും(അല്ലാഹു ശപിച്ചിട്ടുള്ളത്) അല്ലാഹു അവന്റെ കരുണയിൽനിന്നകറ്റുകയും അവന്റെ കോപത്തിലേക്ക് അടുപ്പിക്കുകകയും ചെയ്തവർ. (അങ്ങനെ അവർക്കവൻ ബധിരത നൽകുകയും അവരുടെ കണ്ണുകൾക്ക് അന്ധത വരുത്തുകയും ചെയ്തിരിക്കുന്നു). അതായത് ഉപകാരമുള്ളത് കാണുകയോ കേൾക്കുയോ ചെയ്യാത്തവരാക്കി. അവർക്ക് കാതുകളുണ്ട്; കീഴ്‌പ്പെടാനും സ്വീകരിക്കാനുമുള്ള കേൾവിയും. അവർ കേൾക്കുന്നത് അവർക്കെതിരെ അല്ലാഹുവിന് തെളിവ് നൽകാൻവേണ്ടി മാത്രമാണ്. അവർക്ക് കണ്ണുകളുണ്ട്. എന്നാൽ ദൃഷ്ടാന്തങ്ങളുടെ ഗുണഫലങ്ങളും അതുകൊണ്ടവർ കാണുന്നില്ല. തെളിവുകളിലേക്കും പ്രമാണങ്ങളിലേക്കും അവർ തിരിഞ്ഞുനോക്കുന്നുമില്ല.

24) അല്ലാഹുവിന്റെ ഗ്രന്ഥത്തെ അവഗണിക്കുന്നവർ അത് ചിന്തിക്കേണ്ടവിധം അതിനെക്കുറിച്ച് ചിന്തിച്ചു മനസ്സിലാക്കുന്നില്ല. അവരതിനെ ചിന്തിച്ച് മനസ്സിലാക്കിയിരുന്നുവെങ്കിൽ ധാരാളം നന്മകൾ അതവർക്ക് അറിയിച്ചുകൊടുക്കുമായിരുന്നു. ധാരാളം തിന്മകളെക്കുറിച്ച് അവരെ താക്കീത് ചെയ്യുകയും ചെയ്യുമായിരുന്നു. ഹൃദയങ്ങളിൽ ദൃഢവിശ്വാസവും നിറക്കുമായിരുന്നു. ഉയർന്ന സമ്മാനങ്ങളിലേക്കും ലക്ഷ്യങ്ങളിലേക്കും അതവരെ എത്തിക്കുമായിരുന്നു. അല്ലാഹുവിലേക്കും സ്വർഗത്തിലേക്കുമെത്തിക്കുന്ന വഴിയും അതിന്നാവശ്യമായതും അതിനെ തകരാറാക്കുന്നതും അവർക്കത് വ്യക്തമാക്കിക്കൊടുക്കും. ശിക്ഷയിലേക്കെത്തിക്കുന്ന വഴികളും അതിനെന്തൊക്കെ സൂക്ഷിക്കണമെന്നും അവർക്ക് അവരുടെ രക്ഷിതാവിനെയും അവന്റെ നാമങ്ങളും വിശേഷണങ്ങളും അനുഗ്രഹങ്ങളും മനസ്സിലാക്കാനുമാകും. മഹത്തായ പ്രതിഫലത്തിന് ആഗ്രഹിപ്പിക്കുകയും വിനാശകരമായ ശിക്ഷയെക്കുറിച്ച് ഭയപ്പെടുത്തുകയും ചെയ്യും. (അതല്ല ഹൃദയങ്ങളുടെ മേൽ പൂട്ടുകൾ ഇട്ടിരിക്കയാണോ?) അശ്രദ്ധയും അവഗണനയും ആ ഹൃദയത്തിൽ പൂട്ടിട്ടിരിക്കുന്നു. ഒരു നന്മയും ഒരിക്കലും കടന്നുചെല്ലാത്തവിധം ഇതാണ് സംഭവിച്ചത്.

25) സത്യവിശ്വാസവും സന്മാർഗവും വിട്ട് വഴികേടിലേക്കും അവിശ്വാസത്തിലേക്കും തിരിച്ചുപോയവരെക്കുറിച്ചാണ് ഇവിടെ അല്ലാഹു പരാമർശിക്കുന്നത്. അതിന്നവർക്കൊരു തെളിവും പ്രമാണവുമില്ല. അതെല്ലാം ശത്രുവായ പിശാച് ശരിയായി തോന്നിച്ചത് മാത്രമാണ്. അവർക്കവൻ അലങ്കാരമായി കാണിച്ചുെകാടുക്കുന്നു.

يَعِدُهُمْ وَيُمَنِّيهِمْ ۖ وَمَا يَعِدُهُمُ ٱلشَّيْطَـٰنُ إِلَّا غُرُورًا

“അവൻ അവർക്ക് വാഗ്ദാനങ്ങൾ നൽകുകയും അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു. പിശാച് അവർക്ക് നൽകുന്ന വാഗ്ദാനം(വഞ്ചനയല്ലാതെ മറ്റൊന്നുമല്ല)’’ (4:120)

26) (അത്) അവർക്ക് സന്മാർഗം വ്യക്തമായി, അതിലവർ വിരക്തി കാണിച്ചു. നിരാകരിക്കുകയും ചെയ്തു. (അല്ലാഹു അവതരിപ്പിച്ചത് ഇഷ്ടപ്പെടാത്തവരോട് അവർ പറഞ്ഞത്) അല്ലാഹുവിനോടും അവന്റെ ദൂതനോടും ശത്രുത പ്രകടിപ്പിച്ചവരോട്. (ചില കാര്യങ്ങളിൽ ഞങ്ങൾ നിങ്ങളുടെ കൽപന അനുസരി ക്കാമെന്ന്) അവരുടെ താൽപര്യങ്ങളോട് യോജിക്കുന്നവ. അതിനാൽ നിത്യശിക്ഷയിലേക്കും ശാശ്വത കഷ്ടപ്പാടിലേക്കും എത്തിക്കുന്നതിൽ നിലനിൽക്കലും വഴിതെറ്റലും അവർക്ക് അല്ലാഹു ശിക്ഷയായി നൽകി(അവർ രഹസ്യമാക്കിവെക്കുന്നത് അല്ലാഹു അറിയുന്നു). അതിനാലാണ് അല്ലാഹു അവരെ വഷളാക്കുകയും അവരുടെ രഹസ്യം സത്യവിശ്വാസസികൾക്ക് വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്നത്. അവർ വഞ്ചിക്കപ്പെടാതിരിക്കാൻ വേണ്ടി.

27) (അപ്പോൾ എന്തായിരിക്കും അവരുടെ സ്ഥിതി) മോശമായ അവരുടെ അവസ്ഥയും ദാരുണമായ അവരുടെ കാഴ്ചയും നീ കണ്ടാൽ (മലക്കുകൾ അവരെ മരിപ്പിക്കുന്ന സന്ദർഭം) അവരുടെ ആത്മാവിനെ പിടിക്കാൻ ഏൽപിക്കപ്പെട്ടവർ (അവരുടെ മുഖത്തും പിൻഭാഗത്തും അടിച്ചുകൊണ്ട്) ശക്തമായ ദണ്ഡുകൾകൊണ്ട്.