സൂറഃ അദ്ദാരിയാത് (വിതറുന്നവ), ഭാഗം 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ജനുവരി 08, 1442 ജുമാദൽ ആഖിർ 05

അധ്യായം: 51, ഭാഗം 2 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَفِىٓ أَمْوَٰلِهِمْ حَقٌّ لِّلسَّآئِلِ وَٱلْمَحْرُومِ (١٩) وَفِى ٱلْأَرْضِ ءَايَـٰتٌ لِّلْمُوقِنِينَ (٢٠) وَفِىٓ أَنفُسِكُمْ ۚ أَفَلَا تُبْصِرُونَ (٢١) وَفِى ٱلسَّمَآءِ رِزْقُكُمْ وَمَا تُوعَدُونَ (٢٢) فَوَرَبِّ ٱلسَّمَآءِ وَٱلْأَرْضِ إِنَّهُۥ لَحَقٌّ مِّثْلَ مَآ أَنَّكُمْ تَنطِقُونَ (٢٣) هَلْ أَتَىٰكَ حَدِيثُ ضَيْفِ إِبْرَٰهِيمَ ٱلْمُكْرَمِينَ (٢٤) إِذْ دَخَلُوا۟ عَلَيْهِ فَقَالُوا۟ سَلَـٰمًا ۖ قَالَ سَلَـٰمٌ قَوْمٌ مُّنكَرُونَ (٢٥) فَرَاغَ إِلَىٰٓ أَهْلِهِۦ فَجَآءَ بِعِجْلٍ سَمِينٍ (٢٦) فَقَرَّبَهُۥٓ إِلَيْهِمْ قَالَ أَلَا تَأْكُلُونَ (٢٧) فَأَوْجَسَ مِنْهُمْ خِيفَةً ۖ قَالُوا۟ لَا تَخَفْ ۖ وَبَشَّرُوهُ بِغُلَـٰمٍ عَلِيمٍ (٢٨‬) فَأَقْبَلَتِ ٱمْرَأَتُهُۥ فِى صَرَّةٍ فَصَكَّتْ وَجْهَهَا وَقَالَتْ عَجُوزٌ عَقِيمٌ (٢٩) قَالُوا۟ كَذَٰلِكِ قَالَ رَبُّكِ ۖ إِنَّهُۥ هُوَ ٱلْحَكِيمُ ٱلْعَلِيمُ (٣٠) قَالَ فَمَا خَطْبُكُمْ أَيُّهَا ٱلْمُرْسَلُونَ (٣١) قَالُوٓا۟ إِنَّآ أُرْسِلْنَآ إِلَىٰ قَوْمٍ مُّجْرِمِينَ (٣٢) لِنُرْسِلَ عَلَيْهِمْ حِجَارَةً مِّن طِينٍ (٣٣)

(19). അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും. (20). ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. (21). നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്). എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലേ? (22). ആകാശത്ത് നിങ്ങള്‍ക്കുള്ള ഉപജീവനവും നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യങ്ങളുമുണ്ട്. (23). എന്നാല്‍ ആകാശത്തിന്റെയും ഭൂമി യുടെയും രക്ഷിതാവിനെ തന്നെയാണെ സത്യം! നിങ്ങള്‍ സംസാരിക്കുന്നു എന്നതു പോലെ തീര്‍ച്ചയായും ഇത് സത്യമാകുന്നു. (24). ഇബ്‌റാഹീമിന്റെ മാന്യരായ അതിഥി കളെ പറ്റിയുള്ള വാര്‍ത്ത നിനക്ക് വന്നുകിട്ടിയിട്ടുണ്ടോ? (25). അവര്‍ അദ്ദേഹത്തിന്റെ അടുത്തു കടന്നു വന്നിട്ട് സലാം പറഞ്ഞ സമയത്ത് അ ദ്ദേഹം പറഞ്ഞു: സലാം, (നിങ്ങള്‍) അപരിചിതരായ ആളുകളാണല്ലോ. (26). അനന്തരം അദ്ദേഹം ധൃതിയില്‍ തന്റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ഒരു തടിച്ച കാളക്കുട്ടിയെ (വേവിച്ചു) കൊണ്ടുവന്നു. (27). എന്നിട്ട് അത് അവരുടെ അടുത്തേക്ക് വെച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ? (28). അപ്പോള്‍ അവരെപ്പറ്റി അദ്ദേഹത്തിന്റെ മനസ്സില്‍ ഭയം കടന്നുകൂടി. അവര്‍ പറഞ്ഞു: 'താങ്കള്‍ ഭയപ്പെടേണ്ട.' അദ്ദേഹത്തിന് ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെ പറ്റി അവര്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു. (29). അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഉച്ചത്തില്‍ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട് മുന്നോട്ട് വന്നു. എന്നിട്ട് തന്റെ മുഖത്തടിച്ചുകൊണ്ട് പറഞ്ഞു: 'വന്ധ്യയായ ഒരു കിഴവിയാണോ (പ്രസവിക്കാന്‍ പോകുന്നത്?)' (30). അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: അപ്രകാരം തന്നെയാകുന്നു നിന്റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും അവന്‍തന്നെയാകുന്നു യുക്തിമാനും ജ്ഞാനിയും ആയിട്ടുള്ളവന്‍. (31). അദ്ദേഹം ചോദിച്ചു: ഹേ; ദൂതന്‍മാരേ, അപ്പോള്‍ നിങ്ങളുടെ കാര്യമെന്താണ്? (32). അവര്‍ പറഞ്ഞു: ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടതാകുന്നു (33). കളിമണ്ണുകൊണ്ടുള്ള കല്ലുകള്‍ ഞങ്ങള്‍ അവരുടെ നേരെ അയക്കുവാന്‍ വേണ്ടി.

19. (അവരുടെ സ്വത്തുക്കളിലാവട്ടെ അവകാശം ഉണ്ടായിരിക്കുകയും ചെയ്യും). നിര്‍ബന്ധമായതും ഐഛികമായതും. (ചോദിക്കുന്നവനും തടയപ്പെട്ടവനും) ജനങ്ങളോട് ചോദിക്കുന്നവർക്കും ചോദിക്കാത്തവർക്കും.

20. ചിന്തിക്കാനും ഗുണപാഠമുള്‍ക്കൊള്ളാനും തന്റെ അടിമകളെ ക്ഷണിച്ചുകൊണ്ട് അല്ലാഹു പറയുന്നു: (ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്). ഭൂമിതന്നെയും അതിലുള്ളതും ഇതിലുള്‍പ്പെടും. പര്‍വതങ്ങളും നദികളും വൃക്ഷങ്ങളും ചെടികളുമെല്ലാം ചിന്തിക്കുന്നവനെയും ആശയം ഗ്രഹിക്കാന്‍ ശ്രമിക്കുന്നവനെയും സ്രഷ്ടാവിന്റെ മഹത്ത്വവും അവന്റെ അധികാരത്തിെൻറ വിശാലതയും നന്മയുടെ വ്യാപ്തിയും പ്രത്യക്ഷവും പരോക്ഷവുമായ അവന്റെ അറിവും ബോധ്യപ്പെടുത്തും.

21. അപ്രകാരംതന്നെ ഓരോ അടിമക്കും തന്നില്‍തന്നെയുണ്ട് ഗുണപാഠങ്ങളും യുക്തിജ്ഞാനവും കാരുണ്യവും. അതെല്ലാംതന്നെ അല്ലാഹു ഒരുവനും ഏകനും നിരാശ്രയനുമാണെന്ന് അറിയിക്കുന്നു; അവന്‍ പടപ്പുകളെ വെറുതെ സൃഷ്ടിച്ചതല്ലെന്നും.

22. (ആകാശത്ത് നിങ്ങള്‍ക്കുള്ള ഉപജീവനമുണ്ട്) നിങ്ങള്‍ക്ക് ഭക്ഷണമുണ്ടാക്കാനാവശ്യമായത് മഴയിലുണ്ട്. വ്യത്യസ്ത തീരുമാനങ്ങളും. 'രിസ്‌ക്വ്' രണ്ടുതരമുണ്ട്; മതപരം, ഭൗതികം. ഇഹലോകത്തും പരലോകത്തും ലഭിക്കാനുള്ള പ്രതിഫലങ്ങള്‍, അത് അല്ലാഹുവില്‍നിന്ന് ഇറങ്ങിവരുന്നതുതന്നെ; മറ്റു തീരുമാനങ്ങളെപ്പോലെ.

23. ദൃഷ്ടാന്തങ്ങളെ വിശദീകരിച്ചപ്പോള്‍ ബുദ്ധിയുള്ളവരെ തട്ടിയുണര്‍ത്തുന്ന ഉദ്‌ബോധനമാണ് നല്‍കിയത്. അല്ലാഹുവിന്റെ പ്രതിഫലവും വാഗ്ദാനവും സത്യമാണെന്ന് സത്യം ചെയ്ത് പറയുന്നു. ഏറ്റവും പ്രകടമായ ഒരു കാര്യത്തോടാണ് അതിനെ സാദൃശ്യപ്പെടുത്തിയത്. അത് സംസാരമാണ്. (എന്നാല്‍ ആകാശത്തിന്റെയും ഭൂമിയുടെയും രക്ഷിതാവിനെ തന്നെയാണെ സത്യം). നിങ്ങള്‍ സംസാരിക്കുന്നു എന്നതുപോലെ തീര്‍ച്ചയായും ഇത് സത്യമാകുന്നു). നിങ്ങളുടെ സംസാരത്തില്‍ നിങ്ങള്‍ സംശയിക്കാത്തതുപോലെ. അപ്രകാരം പ്രതിഫലത്തിലും ഉയിര്‍ത്തെഴുന്നേല്‍പിലും യാതൊരു സംശയവും നിങ്ങളെ പിടികൂടേണ്ടതില്ല.

24. അല്ലാഹു പറയുന്നു: (നിനക്ക് വന്നുകിട്ടിയോ?) അതായത് നിനക്ക് വന്നുവോ? (ഇബ്‌റാഹീമിന്റെ മാന്യരായ അതിഥികളെപ്പറ്റിയുള്ള വാര്‍ത്ത). അത്ഭുതകരവും വിസ്മയകരവുമായ അവരുടെ വാര്‍ത്ത. ലൂത്വി(അ)ന്റെ ജനതയെ നശിപ്പിക്കുന്നതിനുവേണ്ടി അല്ലാഹു അയച്ച മലക്കുകളാണവര്‍. ഇബ്‌റാഹീം നബി(അ)യുടെ അടുത്തുകൂടി കടന്നുപോകാന്‍ അവരോട് നിര്‍ദേശിച്ചു. അങ്ങനെ അവര്‍ അതിഥികളുടെ രൂപത്തില്‍ വന്നു.

25. (അവര്‍ അദ്ദേഹത്തിന്റെ അടുക്കല്‍ കടന്നുവന്നിട്ട് സലാം പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു). അവര്‍ക്ക് മറുപടിയായിക്കൊണ്ട് (സലാം). നിങ്ങള്‍ (അപരിചിതരായ ആളുകളാണല്ലോ!). അതായത് നിങ്ങള്‍ അപരിചിതരായ ഒരു ജനതയാണ്. നിങ്ങള്‍ സ്വയം നിങ്ങളെ എനിക്കൊന്ന് പരിചയപ്പെടുത്തിത്തരാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. അതിനുശേഷം മാത്രമാണ് അവരെ അദ്ദേഹം അറിഞ്ഞത്.

26. അതിനാല്‍ (അനന്തരം അദ്ദേഹം ധൃതിയില്‍ തന്റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു). അവര്‍ക്കുള്ള ആതിഥ്യം ഒരുക്കാന്‍ രഹസ്യമായി വേഗം അദ്ദേഹം പോയി. (എന്നിട്ട് ഒരു തടിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു)

27. (എന്നിട്ട് അത് അവരുടെ അടുത്തേക്ക് വെച്ചു). അവര്‍ക്ക് തിന്നാന്‍ നല്‍കി. (അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ?).

28. (അപ്പോള്‍ അവരെക്കുറിച്ച് അദ്ദേഹത്തിന്റെ മനസ്സില്‍ ഭയം കടന്നുകൂടി). ഭക്ഷണത്തിലേക്ക് അവരുടെ കൈകള്‍ വരാത്തത് കണ്ട പ്പോള്‍. (താങ്കള്‍ ഭയപ്പെടേണ്ട) അവരെന്തിന് വന്നതാണെന്ന് അവര്‍ അദ്ദേഹത്തെ അറിയിച്ചു. (അദ്ദേഹത്തിന് ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെപ്പറ്റി അവര്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു). ഈ കുട്ടി ഇസ്ഹാക്വ്‌നബി(അ)യാണ്.

29. ആ സ്ത്രീ സന്തോഷവാര്‍ത്ത കേട്ടപ്പോ ള്‍ സന്തോഷവതിയായി മുന്നോട്ടുവന്നു. (ഉച്ചത്തില്‍ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട്) അതായത് ഒരു ശബ്ദം. (എന്നിട്ട് തന്റെ മുഖത്തടിച്ചു). ഇത് സാധാരണ സന്തോഷമുണ്ടാകുമ്പോള്‍ സ്ത്രീകള്‍ ചെയ്യുന്ന കാര്യങ്ങളില്‍പെട്ടതാണ്. ഇതുപോലെ പതിവിനും പ്രകൃതിക്കും വിരുദ്ധമായ ചില വാക്കുകളും പ്രവൃത്തികളും അവരില്‍നിന്നുണ്ടാകും. (വന്ധ്യയായ ഒരു കിഴവിയാണോ പ്രസവിക്കാന്‍ പോകുന്നത്?). സ്ത്രീകള്‍ പ്രസവിക്കാത്ത പ്രായമെത്തിയ വന്ധ്യയായ ഞാനെങ്ങനെ പ്രസവിക്കും? അതോടൊപ്പം അടിസ്ഥാനപരമായി പ്രസവത്തിന് പറ്റാത്ത ഗര്‍ഭപാത്രമുള്ള ഒരു വന്ധ്യയുമാണ്. ഇങ്ങനെ രണ്ട് തടസ്സങ്ങളുണ്ട്. മൂന്നാമത്തെ ഒരു തടസ്സം സൂറഃ ഹൂദിലും പറയുന്നുണ്ട്. ''എന്റെ ഭര്‍ത്താവ് ഇതാ ഒരു വൃദ്ധന്‍, തീര്‍ച്ചയായും ഇതൊരു അത്ഭുതകരമായ കാര്യം തന്നെ'' (11:72).

30. (അവര്‍-ദൂതന്മാര്‍ പറഞ്ഞു. അപ്രകാരം തന്നെയാകുന്നു നിന്റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നത്). അത് അല്ലാഹുവിന്റെ തീരുമാനമാണ്. അതവന്‍ നടപ്പിലാക്കും. അല്ലാഹുവിന്റെ കഴിവില്‍ അത്ഭുതമില്ല. (തീര്‍ച്ചയായും അവന്‍തന്നെയാകുന്നു യുക്തിമാനും ജ്ഞാനിയും ആയിട്ടുള്ളവന്‍). കാര്യങ്ങളെ അതാതിന്റെ യോജിച്ച സ്ഥാനങ്ങളില്‍ അവന്‍ നിശ്ചയിക്കുന്നു. അവന്റെ അറിവ് എല്ലാറ്റിലും വിശാലമായിരിക്കുന്നു. എല്ലാം അവന്റെ വിധിക്ക് കീഴൊതുങ്ങുന്നു. അവന്റെ അനുഗ്രഹത്തിന് നന്ദി കാണിക്കുകയും ചെയ്യുന്നു.

31. (അദ്ദേഹം ചോദിച്ചു: ഹേ, ദൂതന്മാരേ അപ്പോള്‍ നിങ്ങളുടെ കാര്യമെന്താണ്). ഇബ്‌റാഹീം നബി(അ) അവരോട് പറഞ്ഞു; നിങ്ങളുടെ കാര്യമെന്താണ്? നിങ്ങളെന്താണ് ഉദ്ദേശിക്കുന്നത്? കാരണം അദ്ദേഹം മനസ്സിലാക്കി; എന്തോ സുപ്രധാന കാര്യങ്ങള്‍ക്കാണ് അല്ലാഹു മലക്കുകളെ അയക്കുന്നതെന്ന്.

32. (അവര്‍ പറഞ്ഞു: ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടതാകുന്നു). അവര്‍ ലൂത്വ് നബി(അ)യുടെ ജനതയാ ണ്. അല്ലാഹുവില്‍ പങ്കുചേര്‍ത്തും അവരുടെ ദൂതനെ കളവാക്കിയും ലോകത്ത് മുമ്പാരും ചെയ്തിട്ടില്ലാത്ത മ്ലേച്ഛകാര്യം ചെയ്തും അവര്‍ കുറ്റം പ്രവര്‍ത്തിച്ചു.

33. (അതിക്രമകാരികള്‍ക്ക് വേണ്ടി താങ്കളുടെ രക്ഷിതാവിന്റെ അടുക്കല്‍ അടയാളപ്പെടുത്തിയിട്ടുള്ള കളിമണ്ണുകൊണ്ടുള്ള കല്ലുകള്‍ ഞങ്ങള്‍ അവരുടെ നേരെ അയക്കുവാന്‍ വേ ണ്ടി). അതില്‍ ഓരോ കല്ലിലും അതാര്‍ക്കുള്ളതാണെന്ന് അടയാളം വെച്ചിട്ടുണ്ട്. കാരണം, അവര്‍ തെറ്റില്‍ അമിതത്വം കാണിക്കുകയും അതിരുവിടുകയും ചെയ്തു. ലൂത്വി(അ)ന്റെ ജനതയുടെ കാര്യത്തില്‍ ഇബ്‌റാഹീം നബി(അ) അവരോട് വാദിക്കാന്‍ തുടങ്ങി. അല്ലാഹു അവരുടെ ശിക്ഷയെ തടുത്താലോ എന്ന നിലക്ക്. അപ്പോള്‍ അദ്ദേഹത്തോട് പറയപ്പെട്ടു: ‘‘ഇബ്രാഹീമേ, ഇതില്‍ നിന്ന് പിന്തിരിഞ്ഞേക്കുക. തീര്‍ച്ചയായും നിെൻറ രക്ഷിതാവിെൻറ കല്‍പന വന്നു കഴിഞ്ഞു. തീര്‍ച്ചയായും അവര്‍ക്ക് റദ്ദാക്കപ്പെടാത്ത ശിക്ഷ വരുകയാകുന്നു." (സൂറ:ഹൂദ് :76)