സൂറഃ അല്‍ഫത്ഹ് (വിജയം), ഭാഗം 5

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ഏപ്രിൽ 16, 1442 റമദാൻ 14

അധ്യായം: 48, ഭാഗം 5 (മദീനയില്‍്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِذْ جَعَلَ ٱلَّذِينَ كَفَرُوا۟ فِى قُلُوبِهِمُ ٱلْحَمِيَّةَ حَمِيَّةَ ٱلْجَـٰهِلِيَّةِ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلْمُؤْمِنِينَ وَأَلْزَمَهُمْ كَلِمَةَ ٱلتَّقْوَىٰ وَكَانُوٓا۟ أَحَقَّ بِهَا وَأَهْلَهَا ۚ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًا (٢٦) لَّقَدْ صَدَقَ ٱللَّهُ رَسُولَهُ ٱلرُّءْيَا بِٱلْحَقِّ ۖ لَتَدْخُلُنَّ ٱلْمَسْجِدَ ٱلْحَرَامَ إِن شَآءَ ٱللَّهُ ءَامِنِينَ مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ لَا تَخَافُونَ ۖ فَعَلِمَ مَا لَمْ تَعْلَمُوا۟ فَجَعَلَ مِن دُونِ ذَٰلِكَ فَتْحًا قَرِيبًا (٢٧) هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ ۚ وَكَفَىٰ بِٱللَّهِ شَهِيدًا (٢٨‬) مُّحَمَّدٌ رَّسُولُ ٱللَّهِ ۚ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلْكُفَّارِ رُحَمَآءُ بَيْنَهُمْ ۖ تَرَىٰهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ ٱللَّهِ وَرِضْوَٰنًا ۖ سِيمَاهُمْ فِى وُجُوهِهِم مِّنْ أَثَرِ ٱلسُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِى ٱلتَّوْرَىٰةِ ۚ وَمَثَلُهُمْ فِى ٱلْإِنجِيلِ كَزَرْعٍ أَخْرَجَ شَطْـَٔهُۥ فَـَٔازَرَهُۥ فَٱسْتَغْلَظَ فَٱسْتَوَىٰ عَلَىٰ سُوقِهِۦ يُعْجِبُ ٱلزُّرَّاعَ لِيَغِيظَ بِهِمُ ٱلْكُفَّارَ ۗ وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًۢا (٢٩)

26. സത്യനിഷേധികള്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ദുരഭിമാനം-ആ അജ്ഞാനയുഗത്തിന്റെ ദുരഭിമാനം-വെച്ചുപുലര്‍ത്തിയ സന്ദര്‍ഭം! അപ്പോള്‍ അല്ലാഹു അവന്റെ റസൂലിന്റെ മേലും സത്യവിശ്വാസികളുടെ മേലും അവന്റെ പക്കല്‍നിന്നുള്ള മനസ്സമാധാനം ഇറക്കിക്കൊടുത്തു. സൂക്ഷ്മത പാലിക്കാനുള്ള കല്‍പന സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു. (അത് സ്വീകരിക്കാന്‍) കൂടുതല്‍ അര്‍ഹതയുള്ളവരും അതിന് അവകാശപ്പെട്ടവരുമായിരുന്നു അവര്‍. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനായിരിക്കുന്നു.

27. അല്ലാഹു അവന്റെ ദൂതന് സ്വപ്‌നം സത്യപ്രകാരം സാക്ഷാത്കരിച്ചിരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുന്നപ ക്ഷം സമാധാനചിത്തരായിക്കൊണ്ട് തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയിക്കൊണ്ട് നിങ്ങള്‍ ഒന്നും ഭയപ്പെടാതെ പവിത്രമായ ദേവാലയത്തില്‍ പ്രവേശിക്കുകതന്നെ ചെയ്യുന്നതാണ് എന്ന സ്വപ്‌നം. എന്നാല്‍ നിങ്ങളറിയാത്തത് അവന്‍ അറിഞ്ഞിട്ടുണ്ട്. അതിനാല്‍ അതിന്ന് പുറമെ സമീപസ്ഥമായ ഒരു വിജയം അവന്‍ ഉണ്ടാക്കിത്തന്നു.

28. സന്മാര്‍ഗവും സത്യമതവുമായി തന്റെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു. അതിനെ എല്ലാ മതത്തിനും മീതെ തെളിയിച്ചുകാണിക്കാന്‍വേണ്ടി. സാക്ഷിയായിട്ട് അല്ലാഹുതന്നെ മതി.

29. മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെക്കുറിച്ചുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്തു കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൗതുകം തോന്നിച്ചുകൊണ്ട് അതിന്റെ കാണ്ഡത്തിന്മേല്‍ നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ടുവരുന്നത്) അവര്‍മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.

26. അല്ലാഹു പറയുന്നു: (സത്യനിഷേധികള്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ദുരഭിമാനം-ആ അജ്ഞാത യുഗത്തിന്റെ ദുരഭിമാനം-വെച്ചുപുലര്‍ത്തിയ സന്ദര്‍ഭം). ബിസ്മില്ലാഹിര്‍റ്വഹ്‌മാനിര്‍റ്വഹീം എന്നെഴുതുന്നതിനെ അവര്‍ നിരാകരിച്ചപ്പോള്‍. അമര്‍ഷത്തില്‍ പ്രവാചകന്റെയും സത്യവിശ്വാസികളുടെയും പ്രവേശനത്തെയും അവര്‍ നിരാകരിച്ചു. ജനങ്ങള്‍ പറയാതിരിക്കാനാണ് അവര്‍ അങ്ങനെ ചെയ്തത്. ഖുറൈശികളെ കീഴ്‌പ്പെടുത്തി അവര്‍ മക്കയില്‍ പ്രവേശിച്ചു എന്ന്! ഇതും ഇതുപോലെയുള്ളതുമെല്ലാം അജ്ഞാനകാലത്തെ സമ്പ്രദായങ്ങളാണ്. അതിപ്പോഴും അവരുടെ മനസ്സുകളിലുണ്ട്. ഈ തെറ്റുകളെല്ലാം അവരെക്കൊണ്ട് ചെയ്യിച്ചത് ഇതാണ് (ഇപ്പോള്‍ അല്ലാഹു അവന്റെ റസൂലിന്റെ മേലും സത്യവിശ്വാസികളുടെ മേലും അവന്റെ പക്കല്‍നിന്നുള്ള മനസ്സമാധാനം ഇറക്കിക്കൊടുത്തു). മുശ്‌രിക്കുകള്‍ക്ക് പ്രേരകമായതുപോലെ കോപം അവരെ നേരിടാന്‍ വിശ്വാസികള്‍ക്ക് ഒരു കാരണമായില്ല. മറിച്ച്, അല്ലാഹുവിന്റെ തീരുമാനത്തിന് വേണ്ടി അവര്‍ ക്ഷമിച്ചു. അല്ലാഹു പരിശുദ്ധമാക്കിയതിനെ ആദരിക്കുന്നതിനുള്ള നിബന്ധനകള്‍ അവര്‍ മുറുകെപ്പിടിച്ചു. എന്തൊക്കെത്തന്നെ സംഭവിച്ചാലും ആക്ഷേപിക്കുന്നവന്റെ ആക്ഷേപത്തെയോ പറയുന്നവന്റെ വാക്കുകളെയോ അവര്‍ പരിഗണിച്ചില്ല.

സൂക്ഷ്മത പാലിക്കാനുള്ള കല്‍പന സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു) അത് അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനില്ല എന്ന വചനവും അതിനോടുള്ള കടമകളുമാണ്. അത് നിര്‍വഹിക്കാന്‍ അവരെ നിര്‍ബന്ധിച്ചു. അവരത് മുറുകെ പിടിക്കുകയും നിര്‍വഹിക്കുകയും ചെയ്തു (അതിന് കൂടുതല്‍ അവകാശപ്പെട്ടവരായിരുന്നു അവര്‍). മറ്റുള്ളവരെക്കാള്‍ സ്വയം അതിന്റെ ആളുകളായവരുമാണവര്‍. അവരുടെ മനസ്സിലുള്ള നന്മകള്‍ അല്ലാഹുവിന്നറിയാം (അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനായിരിക്കുന്നു).

27. അല്ലാഹു പറയുന്നു: (അല്ലാഹു അവന്റെ ദൂതന് സ്വപ്‌നം സത്യപ്രകാരം സാക്ഷാത്കരിച്ചിരിക്കുന്നു) അന്ന് നബി ﷺ മദീനയില്‍വെച്ച് കണ്ട സ്വപ്‌നം തന്റെ അനുചരന്മാരെ അറിയിച്ചു. മക്കയില്‍ പ്രവേശിക്കുമെന്നും കഅ്ബയെ ത്വവാഫ് ചെയ്യുമെന്നും. എന്നാല്‍ ഹുദൈബിയയില്‍ വെച്ചുണ്ടായ സംഭവങ്ങളും മക്കയില്‍ പ്രവേശിക്കാതെ തിരിച്ചുപോന്നതും അവരില്‍ ധാരാളം സംസാരങ്ങള്‍ക്കിടയാക്കി. അവര്‍ പ്രവാചകനോട് ഇപ്രകാരം ചോദിക്കുന്നിടത്തുവരെ കാര്യങ്ങളെത്തി: ‘കഅ്ബയെ ത്വവാഫ് ചെയ്യുമെന്ന് താങ്കള്‍ ഞങ്ങളോട് പറഞ്ഞിരുന്നില്ലേ?’ അപ്പോള്‍ നബി(സ) പറഞ്ഞു: ‘വര്‍ഷം ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നോ?’ അവര്‍ പറഞ്ഞു: ‘ഇല്ല’. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും നിങ്ങള്‍ അവിടെ എത്തുകയും ത്വവാഫ് ചെയ്യുകയും ചെയ്യും. അതാണ് അല്ലാഹു ഇവിടെ പറഞ്ഞത് (അല്ലാഹു അവന്റെ ദൂതന് സ്വപ്‌നം സത്യപ്രകാരം സാക്ഷാത്കരിച്ചിരിക്കുന്നു) അത് സംഭവിക്കുക തന്നെ ചെയ്യും. അത് പുലരുന്നതില്‍ വരുന്ന താമസം ഒരു അപാകതയല്ല. (അതായത് അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം സമാധാനചിത്തരായിക്കൊണ്ട്, തലമുണ്ഡനം ചെയ്തവരും മുടിവെട്ടിയവരും ആയിക്കൊണ്ട് നിങ്ങള്‍ ഒന്നും ഭയപ്പെടാതെ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുകതന്നെ ചെയ്യുന്നതാണ്). ഈ സാഹചര്യത്തിന്റെ താല്‍പര്യമനുസരിച്ച് പരിശുദ്ധ ഭവനത്തെ ആദരിക്കാനും ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാനും. അത് പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി തലമുണ്ഡനം ചെയ്‌തോ മുടിവെട്ടിയവരായിക്കൊണ്ടോ നിര്‍ഭയത്വത്തോടെ. (അവന്‍ അറിഞ്ഞിട്ടുണ്ട്) അതിലുള്ള ഗുണങ്ങളും പ്രയോജനങ്ങളും. (എന്നാല്‍ നിങ്ങള്‍ അറിയാത്തത്. അതിന് പുറമെ അവന്‍ ഉണ്ടാക്കിത്തന്നു) ആ രൂപത്തിലൊരു പ്രവേശനം (സമീപസ്ഥമായ ഒരു വിജയം).

28. ഈ സംഭവങ്ങളെല്ലാം സത്യവിശ്വാസികളില്‍ ചിലരുടെ ഹൃദയങ്ങളില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയതുകൊണ്ടും അതിന്റെയെല്ലാം യുക്തി അവര്‍ക്ക് അവ്യക്തമായതിനാലും അവര്‍ക്ക് അല്ലാഹു അതിന്റെ പ്രയോജനവും യുക്തിയുമെല്ലാം വിശദീകരിച്ചുകൊടുക്കുന്നു. ഇപ്രകാരംതന്നെയാണ് മറ്റു മതനിയമങ്ങളും. അവയെല്ലാം തന്റെ മാര്‍ഗദര്‍ശനവും കാരുണ്യവുമാണ്. ഒരു പൊതുതത്ത്വമായി അല്ലാഹു പറയുന്നു: (സന്മാര്‍ഗവും സത്യമതവുമായി തന്റെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു) ആ സന്മാര്‍ഗം പ്രയോജനകരമായ വിജ്ഞാനമാണ്. വഴികേടില്‍നിന്നും അത് നേര്‍മാര്‍ഗത്തിലേക്ക് നയിക്കും. നന്മയുടെയും തിന്മയുടെയും വഴികളെ അത് വ്യക്തമാക്കിത്തരും. (സത്യമതവുമായി) സത്യംകൊണ്ട് വിശേഷിപ്പിക്കപ്പെട്ട മതം. സത്യമെന്നത് നീതിയും നന്മയും കാരുണ്യവുമാണ്. ഹൃദയത്തെ സംസ്‌കരിക്കുന്ന, മനസ്സുകളെ വിശുദ്ധമാക്കുന്ന, സ്വഭാവങ്ങളെ വളര്‍ത്തുന്ന മഹത്ത്വത്തെ ഉയര്‍ത്തുന്ന എല്ലാ സര്‍പ്രവര്‍ത്തനങ്ങളുമാണത്. (തെളിയിച്ചു കാണിക്കാന്‍വേണ്ടി) അല്ലാഹു നബിയെ നിയോഗിച്ച കാര്യം. (എല്ലാ മതത്തിനും മീതെ) തെളിവും പ്രമാണവുംകൊണ്ട്.

29. അല്ലാഹു തന്റെ നബിയെക്കുറിച്ച് പറയുന്നു. (മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍) മുഹാജിറുകളും അന്‍സ്വാറുകളുമായ, അല്ലാഹുവിന്റെ റസൂലിന്റെ അനുചരര്‍. അവര്‍ ഉന്നതഗുണങ്ങളുള്ളവരും മഹത്ത്വമുള്ളവരുമാണ്. അവര്‍ (സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു). അവര്‍ അങ്ങേയറ്റം അതിന് പരിശ്രമിക്കുകയും ചെയ്യുന്നു. കഠിനതയും പരുഷതയും മാത്രമെ ശത്രുക്കള്‍ അവരില്‍നിന്ന് കാണൂ. അതുകൊണ്ടാണ് ശത്രുക്കള്‍ അവര്‍ക്ക് കീഴ്‌പ്പെടുന്നതും പരാജയപ്പെടുന്നതും മുസ്‌ലിംകള്‍ക്ക് അവരെ പരാജയപ്പെടുത്താന്‍ കഴിയുന്നതും. (അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു) പരസ്പരം സ്‌നേഹിക്കുന്നവരും കരുണ ചെയ്യുന്നവരും അലിവ് കാണിക്കുന്നവരുമാണ്. ഒരു ശരീരം പോലെ തനിക്ക് ഇഷ്ടപ്പെടുന്നതെന്തും തന്റെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നു. ഇത് പടപ്പുകളോടുള്ള അവരുടെ പെരുമാറ്റ രീതി.

എന്നാല്‍ പടച്ചവനോടോ? (അവര്‍ കുമ്പിട്ടു സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നതായി) അവര്‍ ധാരാളം നമസ്‌കരിക്കുന്നവരാണ്. കാരണം നമസ്‌കാരത്തിന്റെ പ്രധാന ഭാഗങ്ങളാണ് റുകൂഉം സുജൂദും. (തേടിക്കൊണ്ട്) ആ ആരാധനകൊണ്ട്. (അല്ലാഹുവില്‍നിന്നുള്ള അനുഗ്രഹവും പ്രീതിയും) ഇതാണ് അവരുടെ ലക്ഷ്യം. തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി നേടുക, അവന്റെ പ്രതിഫലത്തിലേക്ക് എത്തുക. (സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്) അധികരിച്ചതും ശരിയായതുമായ ആരാധന അവരുടെ മുഖങ്ങളില്‍ അടയാളമുണ്ടാക്കിയിട്ടുണ്ട്. അങ്ങനെ അത് പ്രകാശിക്കുന്നു. നമസ്‌കാരംകൊണ്ട് അവരുടെ ഉള്ളുകള്‍ പ്രകാശിക്കുന്നതോടൊപ്പം തന്നെ. (മഹത്ത്വംകൊണ്ട് അവരുടെ ബാഹ്യവും പ്രകാശിക്കുന്നു. അതാണ്) ഈ പറഞ്ഞതെല്ലാം. (തൗറാത്തില്‍ അവരെപ്പറ്റിയുള്ള ഉപമ) അവരെക്കുറിച്ച് അല്ലാഹു പറഞ്ഞ ഗുണങ്ങള്‍ തൗറാത്തിലും പരാമര്‍ശിക്കപ്പെട്ടു.

എന്നാല്‍ അവരുടെ ഉപമ(ഇന്‍ജീലില്‍) മറ്റൊന്നാണ്. പരസ്പര സഹകരണത്തിലും പൂര്‍ണതയിലും (ഒരു വിള; അത് അതിന്റെ കൂമ്പ് പുറത്തുകാണിച്ചു) അതായത്, അതിന്റെ മുള പുറത്തുവന്നു, എന്നിട്ട് അത് നിവര്‍ന്നുനില്‍ക്കാന്‍ ശക്തിപ്രാപിച്ചു. (എന്നിട്ടത് കരുത്താര്‍ജിച്ചു) ആ വിള. അതായത് ശക്തിയും കരുത്തും. (അതിന്റെ കാണ്ഡത്തിന്മേല്‍ നിവര്‍ന്നുനിന്നു. ‘സാഖ്’ എന്നതിന്റെ ബഹുവചനമാണ് ‘സൂഖ്’ എന്നത്. (കര്‍ഷകര്‍ക്ക് കൗതുകം തോന്നിച്ചു) ഒരു കൃഷിയുടെ പൂര്‍ണതയും നിവര്‍ന്നുനില്‍ക്കുന്ന ഭംഗിയും പുഷ്ടിയും. സ്വഹാബത്തും ഈ കൃഷിയെപ്പോലെ തന്നെയാണ്. ജനങ്ങള്‍ക്ക് അവരിലേക്കുള്ള ആവശ്യത്തിലും പടപ്പുകള്‍ക്കുള്ള പ്രയോജനത്തിലും. കൃഷിയുടെ വേരിന്റെയും കാണ്ഡത്തിന്റെയും ഉറപ്പുപോലെയാണ് അവരുടെ വിശ്വാസത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും ശക്തി.

ചെറിയവരും പിന്നീട് ഇസ്‌ലാമിലേക്ക് വന്നവരും ഈ മുമ്പുള്ള വലിയവരോടൊപ്പം ചേരു ന്നു. ദീനിനെ നിലനിര്‍ത്താനും ദീനിലേക്ക് പ്രബോധനം ചെയ്യാനും അദ്ദേഹത്തെ പിന്തുണച്ചവരും സഹായിച്ചവരും ഒരു വിളയെപ്പോലെയാണ്. അത് അതിന്റെ കൂമ്പ് പുറത്തുകാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി, എന്നിട്ടത് കരുത്താര്‍ജിച്ചു. അതാണ് അല്ലാഹു പറഞ്ഞത് (അവര്‍മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കുവാന്‍ വേണ്ടി). വിശ്വാസികളുടെ ഐക്യവും ദീനിലുള്ള കണിശതയും കണ്ടപ്പോള്‍ യുദ്ധരംഗങ്ങളിലും മുഖാമുഖം ഏറ്റുമുട്ടുമ്പോഴുമുള്ള പോര്‍ക്കളങ്ങളിലും ഏറ്റുമുട്ടിക്കൊണ്ടിരിക്കുമ്പോഴും. (അവരില്‍നിന്ന് വിശ്വസിക്കുകയും സ ല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു. ഒരുമിപ്പിച്ചവരാണ് സ്വഹാബികള്‍. അല്ലാഹു അവരെ ഒരുമിപ്പിച്ചതാകട്ടെ അത് അനിവാര്യമാക്കിത്തീര്‍ക്കുന്ന പാപമോചനത്തെയും ഇഹപര ജീവിതത്തിലുള്ള സകല ദോഷങ്ങളില്‍നിന്നുമുള്ള സംരക്ഷണവും മഹത്തായ പ്രതിഫലവുമാണ്. പ്രവാചകമാര്‍ഗത്തെ വിശദീകരിക്കുമ്പോള്‍ ഇമാം ശംസുദ്ദീന്‍ ഇബ്‌നുല്‍ക്വയ്യിം പറഞ്ഞ ഹുദൈബിയ സംഭവത്തെ നാമും ഇവിടെ കൊണ്ടുവരികയാണ്. അത് ഈ സൂറത്ത് മനസ്സിലാക്കാന്‍ സഹായിക്കും. ഈ സൂറത്തിന്റെ ആശയങ്ങളും യുക്തിരഹസ്യങ്ങളും അത് പറയും. (തുടരും)