സൂറഃ അൽജാസിയ (മുട്ടുകുത്തുന്നവ), ഭാഗം 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 സെപ്തംബർ 10, 1444 സ്വഫർ 13

അധ്യായം: 45, ഭാഗം 3 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَخَلَقَ ٱللَّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ وَلِتُجْزَىٰ كُلُّ نَفْسٍۭ بِمَا كَسَبَتْ وَهُمْ لَا يُظْلَمُونَ (٢٢) أَفَرَءَيْتَ مَنِ ٱتَّخَذَ إِلَـٰهَهُۥ هَوَىٰهُ وَأَضَلَّهُ ٱللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِۦ وَقَلْبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَـٰوَةً فَمَن يَهْدِيهِ مِنۢ بَعْدِ ٱللَّهِ ۚ أَفَلَا تَذَكَّرُونَ (٢٣) وَقَالُوا۟ مَا هِىَ إِلَّا حَيَاتُنَا ٱلدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَآ إِلَّا ٱلدَّهْرُ ۚ وَمَا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَظُنُّونَ (٢٤) وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍ مَّا كَانَ حُجَّتَهُمْ إِلَّآ أَن قَالُوا۟ ٱئْتُوا۟ بِـَٔابَآئِنَآ إِن كُنتُمْ صَـٰدِقِينَ (٢٥) قُلِ ٱللَّهُ يُحْيِيكُمْ ثُمَّ يُمِيتُكُمْ ثُمَّ يَجْمَعُكُمْ إِلَىٰ يَوْمِ ٱلْقِيَـٰمَةِ لَا رَيْبَ فِيهِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ (٢٦) وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَيَوْمَ تَقُومُ ٱلسَّاعَةُ يَوْمَئِذٍ يَخْسَرُ ٱلْمُبْطِلُونَ (٢٧) وَتَرَىٰ كُلَّ أُمَّةٍ جَاثِيَةً ۚ كُلُّ أُمَّةٍ تُدْعَىٰٓ إِلَىٰ كِتَـٰبِهَا ٱلْيَوْمَ تُجْزَوْنَ مَا كُنتُمْ تَعْمَلُونَ (٢٨‬) هَـٰذَا كِتَـٰبُنَا يَنطِقُ عَلَيْكُم بِٱلْحَقِّ ۚ إِنَّا كُنَّا نَسْتَنسِخُ مَا كُنتُمْ تَعْمَلُونَ (٢٩)

ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ലക്ഷ്യത്തോടെ സൃഷ്ടിച്ചിരിക്കുന്നു. ഓരോ ആള്‍ക്കും താന്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടിയുമാണ് അത്‌. അവരോട് അനീതി കാണിക്കപ്പെടുന്നതല്ല.

എന്നാല്‍ തന്‍റെ ദൈവത്തെ തന്‍റെ തന്നിഷ്ടമാക്കിയവനെ നീ കണ്ടുവോ?( അറിഞ്ഞ് കൊണ്ട് തന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും, അവന്‍റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്‍റെ കണ്ണിന് മേല്‍ ഒരു മൂടി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ അല്ലാഹുവിന് പുറമെ ആരാണ് അവനെ നേര്‍വഴിയിലാക്കുവാനുള്ളത്‌? എന്നിരിക്കെ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നില്ലേ?

അവര്‍ പറഞ്ഞു: ജീവിതമെന്നാല്‍ നമ്മുടെ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത് കാലം മാത്രമാകുന്നു. (വാസ്തവത്തില്‍) അവര്‍ക്ക് അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹിക്കുക മാത്രമാകുന്നു.

നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വ്യക്തമായി അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുകയാണെങ്കില്‍ അവരുടെ ന്യായവാദം നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഞങ്ങളുടെ പിതാക്കളെ (ജീവിപ്പിച്ചു) കൊണ്ട് വരിക. എന്ന അവരുടെ വാക്ക് മാത്രമായിരിക്കും.

പറയുക: അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു. പിന്നീട് അവന്‍ നിങ്ങളെ മരിപ്പിക്കുകയും പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലേക്ക് നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുകയും ചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. പക്ഷെ മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.

അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസമുണ്ടല്ലോ അന്നായിരിക്കും അസത്യവാദികള്‍ക്കു നഷ്ടം നേരിടുന്ന ദിവസം.

(അന്ന്‌) എല്ലാ സമുദായങ്ങളെയും മുട്ടുകുത്തിയ നിലയില്‍ നീ കാണുന്നതാണ്‌. ഓരോ സമുദായവും അതിന്‍റെ രേഖയിലേക്ക് വിളിക്കപ്പെടും.( നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന് ഇന്ന് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നതാണ്‌. (എന്ന് അവരോട് പറയപ്പെടുകയും ചെയ്യും.)

ഇതാ നമ്മുടെ രേഖ. നിങ്ങള്‍ക്കെതിരായി അത് സത്യം തുറന്നുപറയുന്നതാണ്‌. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെല്ലാം നാം എഴുതിക്കുന്നുണ്ടായിരുന്നു.

22). (ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ലക്ഷ്യത്തോടെ സൃഷ്ടിച്ചിരിക്കുന്നു. ഓരോ ആൾക്കും താൻ പ്രവർത്തിച്ചതിനുള്ള പ്രതിഫലം നൽകപ്പെടാൻ വേണ്ടിയുമാണ് അത്. അവരോട് അനീതി കാണിക്കപ്പെടുന്നതല്ല). യുക്തിഭദ്രമായിട്ടാണ് അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചത്. അതിനാൽ അവനെ മാത്രം ആരാധിക്കുക. അവന് പങ്കുകാരില്ല. പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങൾ അവർക്ക് നൽകിയവൻ, അവനെ ആരാധിക്കണമെന്ന് അവരോട് കൽപിച്ചവൻ അവരെ വിചാരണ നടത്തുകയും ചെയ്യും. അവർ അല്ലാഹുവിന് നന്ദി കാണിച്ചോ, അവന്റെ കൽപനകൾ നിറവേറ്റിയോ? അതോ അവിശ്വസിക്കുകയും നന്ദികേടിന്റെ പ്രതിഫലനത്തിന് അർഹരായോ എന്നതാണ് വിചാരണ.

23). അല്ലാഹു പറയുന്നു: (നീ കണ്ടുവോ) വഴിതെറ്റിയ മനുഷ്യനെ. (തന്റെ ദൈവത്ത തന്റെ തന്നിഷ്ടമാക്കിയവനെ) അവന്റെ ഇഷ്ടം അവൻ ചെയ്യും. അല്ലാഹു തൃപ്തിപ്പെട്ടാലും വെറുത്താലും അവനൊരുപോലെയാണ്. (അറിഞ്ഞുകൊണ്ടുതന്നെ അല്ലാഹു അവനെ വഴിപിഴവിലാക്കുകയും ചെയ്തു). അല്ലാഹുവിന്നറിയാം ആ സന്മാർഗം അവന് യോജിച്ചതല്ലെന്നും അതിലവൻ നന്നാവില്ലെന്നും. (അവന്റെ കാതിന് മുദ്രവെക്കുകയും) അവൻ ഉപകാരപ്പെടുന്നത് കേൾക്കില്ല. (ഹൃദയത്തിനും) നന്മയിലേക്ക് അവൻ ശ്രദ്ധിക്കുകയില്ല. (അവന്റെ കണ്ണിനുമേൽ ഒരു മൂടി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു). സത്യം കാണാൻ അതവനെ തടയുന്നു. (അപ്പോൾ അല്ലാഹുവിനുപുറമെ ആരാണ് അവനെ നേർവഴിയിലാക്കാനുള്ളത്?). അതായത്, അവനെ നേർവഴിയിലാക്കാൻ ഒരാളുമില്ല. സന്മാർഗത്തിന്റെ കവാടങ്ങൾ അവന്റെമേൽ അല്ലാഹു അടച്ചു. വഴികേടിന്റെ കവാടങ്ങൾ അവന് തുറന്നുകൊടുക്കുകയും ചെയ്തു. അല്ലാഹു അവനോട് അക്രമം കാണിച്ചിട്ടില്ല. മറിച്ച്, അവൻ തന്നെയാണ് അവനോട് അക്രമം കാണിച്ചത്. അവന്റെമേൽ അല്ലാഹുവിന്റെ കാരുണ്യം തടയാൻ അത് കാരണമാക്കപ്പെട്ടു. (നിങ്ങൾ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ?) ഉപകാരമുള്ളതിനെക്കുറിച്ച്; എന്നിട്ടത് സ്വീകരിക്കുവാനും, ദോഷകരമായതിനെക്കുറിച്ച്; എന്നിട്ടത് ഉപേക്ഷിക്കുവാനും.

24). (അവർ പറഞ്ഞു) ഉയിർത്തെഴുന്നേൽപിനെ നിഷേധിക്കുന്നവർ. (ജീവിതമെന്നാൽ നമ്മുടെ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു, നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത് കാലം മാത്രമാകുന്നു). ഇത് ശീലങ്ങൾ മാത്രമാണ്. രാപ്പകലുകളിൽ അത് സംഭവിക്കുന്നു. ചിലർ മരിക്കുന്നു. ചിലർ ജീവിക്കുന്നു. മരിച്ചവർ അല്ലാഹുവിങ്കലേക്ക് മടങ്ങുകയോ അവന്റെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകപ്പെടുകയോ ചെയ്യപ്പെടുകയില്ല. അറിവില്ലായ്മയിൽനിന്ന് അവരിൽ നിന്നുമുണ്ടാകുന്ന സംസാരാണിത്. (അവർ ഊഹിക്കുക മാത്രമാകുന്നു). അതിനാലവർ തിരിച്ചുവരവിനെ നിഷേധിക്കുന്നു. തെളിവോ പ്രമാണമോ ഇല്ലാതെ സത്യസന്ധരായ പ്രവാചകന്മാരെ അവർ നിഷേധിക്കുന്നു. ഇത് ഊഹം മാത്രമാണ്. യാഥാർഥ്യത്തെക്കുറിച്ച തെറ്റായ ഒരു ധാരണയും.

25). അതാണ് അല്ലാഹു പറഞ്ഞത്: (നമ്മുടെ ദൃഷ്ടാന്തങ്ങൾ വ്യക്തമായി അവർക്ക് വായിച്ചു കേൾപിക്കപ്പെടുകയാണെങ്കിൽ അവരുടെ ന്യായവാദം നിങ്ങൾ സത്യവാന്മാരാണെങ്കിൽ ഞങ്ങളുടെ പിതാക്കളെ ജീവിപ്പിച്ച് കൊണ്ടുവരിക എന്ന അവരുടെ വാക്ക് മാത്രമായിരിക്കും) ഇത് അല്ലാഹുവിനോടുള്ള അവരുടെ ധിക്കാരമാണ്. അവർ ഈ ആവശ്യം ഉന്നയിക്കുകയും ദൂതന്മാരുടെ സത്യസന്ധത തങ്ങളുടെ പൂർവികരെ തിരികെ കൊണ്ടുവരുന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് അവകാശപ്പെടുകയും ചെയ്തു. എന്നാൽ, അവർ അവരുടെ അടുക്കൽ എല്ലാ ദൃഷ്ടാന്തങ്ങളും കൊണ്ടുവന്നാലും അവർ പറയുന്നതിനനുസരിച്ച് പ്രവാചകന്മാർ പ്രവർത്തിക്കുന്നതുവരെ അവർ വിശ്വസിക്കുകയില്ല. എന്നാൽ അവർ കളവ് പറയുകയാണ്. സത്യത്തിന് തെളിവ് തേടുകയല്ല, അവരുടെ നിഷേധത്തിന് ന്യായീകരിക്കുക എന്നതായിരുന്നു അവരുടെ ഏകലക്ഷ്യം.

26). അല്ലാഹു പറയുന്നു: പറയുക, അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു. പിന്നീട് അവൻ നിങ്ങളെ മരിപ്പിക്കുകയും പിന്നീട് ഉയിർത്തെഴുന്നേൽപിന്റെ നാളിലേക്ക് നിങ്ങളെ അവൻ ഒരുമിച്ചുകൂട്ടുകയും ചെയ്യും. അതിൽ യാതൊരു സംശയവുമില്ല. പക്ഷേ, മനുഷ്യരിൽ അധികപേരും അറിയുന്നില്ല. അന്ത്യദിനത്തെക്കുറിച്ചുള്ള അറിവ് അവുടെ ഹൃദയങ്ങളിലേക്കെത്തിയാൽ മാത്രമെ അതിനുള്ള പ്രവർത്തനങ്ങൾ പ്രവർത്തിക്കുകയും അതിനുവേണ്ടി തയ്യാറാവുകയും ചെയ്യുകയുള്ളൂ.

27). അല്ലാഹു ഇവിടെ പറയുന്നത് അവന്റെ അധികാരത്തിന്റെ വിശാലതയും സദാസമയത്തും നിയന്ത്രണങ്ങളും കൈകാര്യങ്ങളും അവൻ ഒറ്റയ്ക്കാണ് നിർവഹിക്കുന്നത് എന്നുമാണ്. ഒരു ദിവസം (ആ അന്ത്യസമയം നിലവിൽവരുന്ന) ഉയിർത്തെഴുന്നേൽപിന്റെ സ്ഥലത്ത് സൃഷ്ടികൾ ഒരുമിച്ച് കൂട്ടപ്പെടും. അസത്യത്തിന്റെ ആളുകൾക്ക് നഷ്ടം ഭവിക്കും. അവർ സത്യത്തെ തകർക്കാൻ അസത്യത്തെ കൂട്ടുപിടിച്ചവരാണ്. അവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമാണ്. കാരണം, അതിനെല്ലാം അസത്യവുമായാണ് ബന്ധം. അതിനാൽ അത് പരലോകത്ത് നിഷ്ഫലമാകും. ഈ ദിവസം സത്യം വ്യക്തമാകും. അവരുടെ എല്ലാ തെറ്റായ വാദങ്ങളും അവർക്ക് പ്രയോജനം ചെയ്യില്ല. പ്രതിഫലം നഷ്ടപ്പെടുകയും ചെയ്യും. വേദനയേറിയ ശിക്ഷക്കവർ വിധേയരാവുകയും ചെയ്യും.

28). ജനങ്ങളെ ഭയപ്പെടുത്താനും തനിക്ക് ആരാധന നിർവഹിക്കുന്നവരെ അതിന് സജ്ജമാക്കാനും ഉയിർത്തെഴുന്നേൽപ് നാളിന്റെ ഭയാനകതയും കാഠിന്യവും അല്ലാഹു ഇവിടെ വിവരിക്കുന്നു. അല്ലാഹു പറയുന്നു: (നീ കാണും) ആ ദിനത്തെ കാണുന്നവൻ. (എല്ലാ സമുദായങ്ങളെയും മുട്ടുകുത്തിയ നിലയിൽ) മുട്ടുകളിൽ, ഭയത്തോടെയും പേടിയോടെയും പരമകാരുണികനായ രാജാധികാരമുള്ളവന്റെ തീരുമാനം പ്രതീക്ഷിച്ച്. (ഓരോ സമുദായവും അതിന്റെ രേഖയിലേക്ക് വിളിക്കപ്പെടും) അല്ലാഹുവിങ്കൽനിന്നും അവർക്ക് വന്ന അവരുടെ പ്രവാചകന്റെ ശരീഅത്തിലേക്ക്. അപ്പോൾ മൂസാ(അ)യുടെ സമുദായം മൂസാ ശരീഅത്തിലേക്ക്, ഈസാ(അ)യുടെ സമുദായം അപ്രകാരം ആ ശരീഅത്തിലേക്കും മുഹമ്മദ് നബി ﷺ  യുടെ സമുദായം ആ ശരീഅത്തിലേക്കും. ഇതുപോലെ മറ്റുള്ളവരും. ഏതൊരു ശരീഅത്താണോ ഓരോരുത്തർക്കും ബാധ്യതയുള്ളത് അവർ അതിലേക്ക് ക്ഷണിക്കപ്പെടും. ഇതാണ് ഈ വചനത്തിന്റെ ഒരു വ്യാഖ്യാനം. അതാണ് ശരിയും. അതിൽ സംശയത്തിന് വകയില്ല.

ഈ വചനത്തിന്റെ മറ്റൊരു വ്യാഖ്യാനം (ഓരോ സമുദായവും അതിന്റെ രേഖയിലേക്ക് വിളിക്കപ്പെടും). കർമരേഖയിലേക്കും അതിൽ രേഖപ്പെടുത്തിയ നന്മതിന്മകളിലേക്കും. ഓരോരുത്തർക്കും സ്വന്തം പ്രവർത്തിച്ചതിന് പ്രതിഫലം നൽകപ്പെടും. അല്ലാഹു പറയുന്നു:

“വല്ലവനും നല്ലത് പ്രവർത്തിച്ചാൽ അതിന്റെ ഗുണം അവനുതന്നെയാകുന്നു. വല്ലവനും തിന്മ ചെയ്താൽ അതിന്റെ ദോഷവും അവനുതന്നെ’’ (45:15). ഈ രണ്ട് വ്യാഖ്യാനങ്ങളും ഈ വചനത്തിന്റെ ആശയമായി പരിഗണിക്കാം.

29). ഈ വചനവും അറിയിക്കുന്നത് (ഇതാ നമ്മുടെ രേഖ. നിങ്ങൾക്കെതിരായി അത് സത്യം തുറന്നു പറയുന്നതാണ്). അതായത് നീതിയോടെ, ന്യായപ്രകാരം നിങ്ങൾക്കിടയിൽ തീർപ്പ് കൽപിക്കാൻ നിങ്ങളുടെ മേൽ നാം ഇറക്കിയ നമ്മുടെ ഗ്രന്ഥമിതാ. (തീർച്ചയായും നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതെല്ലാം നാം എഴുതിക്കുന്നുണ്ടായിരുന്നു) ഇതാണ് കർമരരേഖ.