സൂറഃ അല്‍ഫത്ഹ് (വിജയം), ഭാഗം 6

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ഏപ്രിൽ 23, 1442 റമദാൻ 21

അധ്യായം: 48, ഭാഗം 6 (മദീനയില്‍്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

ഹുദൈബിയ ചരിത്രം

നാഫിഅ്(റ) പറഞ്ഞു: “ഹിജ്‌റ ആറ്, ദുൽക്വഅ്ദ മാസത്തിലായിരുന്നു ഹുദൈബിയ സംഭവം. ഇതാണ് സ്വീകാര്യമായ അഭിപ്രായം. സുഹ്‌രി, ഖതാദ, മൂസബ്‌നുഉക്വ‌്ബ, മുഹമ്മദുബ്‌നു ഇസ്ഹാക്വ് മുതലായവരെല്ലാം ഈ അഭിപ്രായക്കാരാണ്. ഹിശാമുബ്‌നു ഉർവ(റ) തന്റെ പിതാവിൽനിന്ന് റിപ്പോർട്ട് ചെയ്യുന്നു: ‘റമദാനിലാണ് ഹുദൈബിയയിലേക്ക് നബി ﷺ പുറപ്പെട്ടത്. അത് ഉണ്ടായതാവട്ടെ ശവ്വാലിലും. ഇത് ഒരു ധാരണപ്പിശകാണ്. ഫത്ഹ് യുദ്ധം നടന്നത് റമദാനിലാണ്.’ അബുൽഅസ്‌വദ് ഉർവയിൽനിന്ന് ഉദ്ധരിക്കുന്നു: ‘ദുൽക്വഅ്ദയിലായിരുന്നു എന്നതാണ് ശരി.’ ബുഖാരിയും മുസ്‌ലിമും അനസി(റ)ൽനിന്ന് നിവേദനം ചെയ്യുന്നു: ‘നബി ﷺ നാല് ഉംറകൾ നിർവഹിച്ചു. എല്ലാം ദുൽക്വഅ്ദയിലായിരുന്നു. ഹുദൈബിയ ഉംറയും അവയിൽ ഉൾപ്പെടുന്നു.’

ഇതിൽ നബി ﷺയുടെ കൂടെ 1500 പേരു ണ്ടായിരുന്നു. ബുഖാരിയിലും മുസ്‌ലിമിലും ജാബിറി(റ)ൽനിന്ന് നിവേദനം ചെയ്തതായി ഇപ്രകാരം കാണാം: ‘അവർ ആയിരത്തി നാനൂറ് പേരുണ്ടായിരുന്നു.’ ബുഖാരിയും മുസ്‌ലിമും അബ്ദുല്ലാഹിബ്‌നു അബീ ഔഫയിൽനിന്നും ഉദ്ധരിക്കുന്നതിൽ ‘ഞങ്ങൾ ആയിരത്തി മുന്നൂറു പേരുണ്ടായിരുന്നു’ എന്നാണ്. ക്വതാദ(റ) പറയുന്നു: “ഞാൻ സഈദുബ്‌നു മുസ്വയ്യിബിനോട് ചോദിച്ചു: ‘ബൈഅത്തു രിള്‌വാനിൽ പങ്കെടുത്ത സംഘത്തിൽ എത്രപേരുണ്ടായിരുന്നു?’ അദ്ദേഹം പറഞ്ഞു: ‘രണ്ടായിരത്തി അഞ്ഞൂറ്.’ ഞാൻ പറഞ്ഞു: ‘ജാബിറുബ്‌നു അബ്ദുല്ല(റ) പറഞ്ഞു ആയിരത്തി നാനൂറ് എന്ന്.’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. തെറ്റിദ്ധാരണയാണത്. അദ്ദേഹം എന്നോട് പറഞ്ഞത് ആയിരത്തി അഞ്ഞൂറ് ആണെന്നാണ്.’ ഞാൻ പറഞ്ഞു: ‘ജാബിറി(റ)ൽനിന്ന് രണ്ടഭിപ്രായവും സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്. അദ്ദേഹത്തിൽനിന്നും സ്വീകാര്യമായി വന്ന റിപ്പോർട്ടിൽ ഹുദൈബിയ വർഷം അവർ എഴുപത് ഒട്ടകങ്ങളെ അറുത്തു എന്നാണ്. ഒരൊട്ടകം ഏഴുപേർക്ക് മതിയാകും.’ അപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: ‘നിങ്ങൾ എത്രപേരുണ്ടായിരുന്നു?’ ‘കാലാൾ പടയും കുതിരപ്പടയുമായി ആയിരത്തി നാനൂറ് പേർ.’ മനസ്സ് മുൻഗണന നൽകുന്നത് ഈ അഭിപ്രായത്തിന്നാണ്. ഈ അഭിപ്രായമാണ് അൽബറാഅ്ബ്‌നു ആസിബ്, മഅ്ക്വലുബ്‌നു യസാർ, സലമതുബ്‌നുൽ അക്വ്‌വഅ് എന്നിവർക്കുള്ളത് ഇതാണ് രണ്ട് റിപ്പോർട്ടുകളിൽ ഏറ്റവും സ്വീകാര്യമായതിലുള്ളത്.

മുസ്വയ്യബ്ബ്‌നു ഹസൻ ഈ അഭിപ്രായക്കാരനാണ്. സഈദുബ്‌നു മുസ്വയ്യബ് അദ്ദേഹത്തിന്റെ പിതാവിൽനിന്നും അദ്ദേഹത്തിൽ നിന്ന് ക്വതാദയും അദ്ദേഹത്തിൽനിന്ന് ശുഅ്ബയും പറയുന്നത്, ആ മരച്ചുവട്ടിൽ നബി ﷺയോടൊപ്പം ആയിരത്തി നാനൂറുപേരുണ്ടായിരുന്നു എന്നാണ്. അവർ എഴുന്നൂറ് പേരായിരുന്നു എന്ന് പറഞ്ഞവർക്ക് വ്യക്തമായ തെറ്റ് സംഭവിച്ചിട്ടുണ്ട്. കാരണം അവർ ഒരു ദിവസത്തിന് എഴുപത് ഒട്ടകങ്ങളെ അറുത്തിരുന്നു എന്നാണ്. ഒരൊട്ടകം ഏഴ്‌പേർക്കോ പത്തുപേർക്കോ മതിയാകും. അപ്പോൾ ഈ പറഞ്ഞത് ശരിയല്ല. ഏഴ് പേർക്കാണ് ഒരൊട്ടകത്തെ അറുത്തത് എന്ന് അദ്ദേഹം വ്യക്തമാക്കുമ്പോൾ, മൊത്തം അവർ എഴുപത് ഒട്ടകങ്ങളെ അറുത്തിട്ടുണ്ടെങ്കിൽ തന്നെ നാനൂറ്റി തൊണ്ണൂറ് ആളുകളുണ്ടായിരിക്കും. അതുകൊണ്ടാണ് അദ്ദേഹം അതേ ഹദീസിന്റെ അവസാനത്തിൽ അവർ ആയിരത്തി നാനൂറ് പേരുണ്ടായിരുന്നു എന്ന് പറഞ്ഞത്.

അവർ ദുൽഹുലൈഫയിൽ ആയിരുന്നപ്പോ ൾ പ്രവാചകൻ തന്റെ ബലിമൃഗത്തെ അടയാളപ്പെടുത്തുകയും തയ്യാറാക്കുകയും ചെയ്തു. ഉംറക്ക് ഇഹ്‌റാമിൽ പ്രവേശിച്ചു. ക്വുറൈശികളെക്കുറിച്ച് തനിക്ക് വിവരം നൽകാൻ ഖുസാ അയിൽനിന്നുള്ള ഒരു ചാരനെ നിയോഗിക്കുകയും ചെയ്തു. അസ്ഫാന്റെ അടുത്ത് എത്താറായപ്പോൾ പ്രവാചകൻ ﷺ നിയോഗിച്ച ചാരൻ വന്ന് പറഞ്ഞു: ‘ഞാൻ വരുന്ന സന്ദർഭത്തിൽ കഅബ്ബ്‌നു ലുഅയ്യ്, അഹാബീഹി (ചില അറബ് ഗോത്രങ്ങൾ)നെ താങ്കൾക്കെതിരെ സംഘടിപ്പിച്ചിട്ടുണ്ട്. താങ്കൾക്കെതിരെ ഒരു സംഘം സംഘടിച്ചുകഴിഞ്ഞു. കഅ്ബയിൽനിന്ന് താങ്കളെ തടയുവാനും താങ്കളോട് യുദ്ധം ചെയ്യുവാനും വേണ്ടി.’ നബി ﷺ തന്റെ അനുചരന്മാരോട് കൂടിയാലോചന നടത്തി. ‘ക്വുറൈശികളെ സഹായിച്ച ഇവരോട് നാം യുദ്ധം ചെയ്യുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ?’ അബൂബക്ർ(റ) പറഞ്ഞു: ‘അല്ലാഹുവിനും അവന്റെ റസൂലിനും അറിയാം. തീർച്ചയായും നാം വന്നത് ഉംറ നിർവഹിക്കാനാണ്. ഒരാളോടും യുദ്ധം ചെയ്യാനല്ല. എന്നാൽ കഅ്ബയിലേക്ക് നാം പോകുന്നതിനെ തടസ്സപ്പെടുത്തിയാൽ അവരോട് നാം യുദ്ധം ചെയ്യും.’ അപ്പോൾ നബി ﷺ പറഞ്ഞു: ‘എന്നാൽ പോകൂ.’ അങ്ങനെ അവർ പോയി.

അങ്ങനെ അവർ വഴിയിലായിരിക്കെ, നബി ﷺ പറഞ്ഞു: ‘ഖാലിദുബ്‌നുൽവലീദ് ക്വുറൈശികളുടെ ഒരു കുതിരപ്പടയിൽ ഗുമൈമിൽ എത്തിയിട്ടുണ്ട്. അതിനാൽ വലത്തോട്ട് പോകൂ.’ സൈന്യത്തിന്റെ പൊടിപടലങ്ങൾകൊണ്ട് മാത്രമാണ് ഖാലിദുബ്‌നുൽവലീദ്(റ) അവരെക്കുറിച്ച് മനസ്സിലാക്കിയത്. അപ്പോൾ ക്വുറൈശികൾക്ക് മുന്നറിയിപ്പ് നൽകാൻ അദ്ദേഹം പോയി. നബി(സ) ഇറങ്ങിയതായ സൻയയിൽ എത്തുന്നതുവരെ നബി ﷺ യാത്ര ചെയ്തു. അവിടെ നബിയുടെ വാഹനം മുട്ടുകുത്തി. അപ്പോൾ ജനങ്ങൾ പറഞ്ഞു: ‘പോകട്ടെ, പോകട്ടെ.’ പക്ഷേ, അത് മുന്നോട്ട് പോയില്ല. അപ്പോൾ അവർ പറഞ്ഞു: ‘ക്വസ്‌വാഅ് നടക്കാതെയായി.’ അപ്പോൾ നബി ﷺ പറഞ്ഞു: ‘ക്വസ്‌വാഅ് നടക്കാതെയാവില്ല. അത് അതിന്റെ സ്വഭാവമല്ല. ആനയെ തടഞ്ഞവൻ അതിനെ തടഞ്ഞുവെച്ചിരിക്കുകയാണ്.’ പിന്നീട് നബി ﷺ പറഞ്ഞു: ‘അല്ലാഹു പരിശുദ്ധിപ്പെടുത്തിയവരെ ആദരിക്കുന്ന എന്തൊന്ന് നിങ്ങൾ എന്നോട് ചോദിച്ചാലും അത് ഞാൻ നിങ്ങൾക്ക് തന്നിരിക്കും.’ അതിനുശേഷം ക്വസ്‌വാഇനെ ഒന്നുകൂടി തെളിച്ചു. അപ്പോൾ അത് ചാടി. എന്നിട്ട് അൽപം നീങ്ങി. അങ്ങനെ അത് ഹുദൈബിയയുടെ അങ്ങേയറ്റത്തുള്ള അൽപം വെള്ളമുള്ള ഒരു വെള്ളക്കെട്ടിന്നരികിൽ ഇറങ്ങി. ജനങ്ങൾ അതിൽനിന്ന് വെള്ളം കുടിക്കാൻ തുടങ്ങി. അതിലെ വെള്ളം കുറയാൻ അധികം താമസിച്ചില്ല. അങ്ങനെ അവർ നബി ﷺയോട് ദാഹത്തെക്കുറിച്ച് പറഞ്ഞു. അപ്പോൾ നബി ﷺ തന്റെ ആവനാഴിയിൽനിന്ന് ഒരമ്പെടുത്തു. അതിനെ അതിൽ വെക്കാൻ പറഞ്ഞു. അദ്ദേഹം (റിപ്പോർട്ടർ) പറഞ്ഞു: ‘അല്ലാഹുവാണെ, അങ്ങനെ അവരെല്ലാവരും ദാഹം തീർത്ത് കുടിക്കുന്നതുവരെ വെള്ളം കുതിച്ചൊഴുകി.’

നബി ﷺയും സ്വഹാബത്തും അവിടെ തമ്പടിച്ചതിൽ ക്വുറൈശികൾ ഭയന്നു. തന്റെ ഒരു അനുചരനെ അവരിലേക്കയക്കാൻ നബി ﷺ ആഗ്രഹിച്ചു. അതിനായി ഉമറുബ്‌നുൽഖത്വാബിനെ വിളിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘ഞാൻ ഉപദ്രവിക്കപ്പെട്ടാൽ എനിക്കു വേണ്ടി പ്രതികരിക്കാൻ ബനൂകഅ്ബിൽപെട്ട ഒരാളും അവിടെയില്ല.’ അപ്പോൾ നബി ﷺ ഉസ്മാനുബ്‌നു അഫ്ഫാനെ(റ) അയച്ചു. അദ്ദേഹത്തിന്റെ ബന്ധുക്കൾ അവിടെയുണ്ട്. അദ്ദേഹം അതിനു യോഗ്യനാണ്. അങ്ങനെ ഉസ്മാൻ(റ)വിനെ വിളിക്കുകയും ക്വുറൈശികളിലേക്ക് നിയോഗിക്കുകയും ചെയ്തു. നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: ‘നമ്മൾ യുദ്ധത്തിന് വന്നതല്ലെന്ന് അവരെ അറിയിക്കണം. നാം വന്നത് ഉംറ ചെയ്യാൻ ഉദ്ദേശിച്ച് മാത്രമാണ്. അതോടൊപ്പം അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യും.’ മക്കയിലുള്ള സത്യവിശ്വാസികളായ സ്ത്രീ-പുരുഷന്മാരെക്കണ്ട് വിജയത്തെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കാനും സത്യവിശ്വാസം മറച്ചുവെക്കേണ്ടതില്ലാത്തവിധം തന്റെ മതം മക്കത്ത് പരസ്യമാക്കാൻ കഴിയുമെന്നും അവരെ അറിയിക്കാനും നിർദേശിച്ചു.

അങ്ങനെ ഉസ്മാൻ(റ) പോയി. ബൽദഹിൽ ക്വുറൈശികളുടെ സമീപത്തുകൂടി കടന്നുപോയി, അപ്പോൾ അവർ ചോദിച്ചു: ‘താങ്കൾ എങ്ങോട്ടാണ്?’ അദ്ദേഹം പറഞ്ഞു: ‘നിങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാൻവേണ്ടി അല്ലാഹുവിന്റെ ദൂതൻ നിയോഗിച്ചതാണ് എന്നെ.’ ഞങ്ങൾ യുദ്ധത്തിന് വന്നതല്ലെന്ന് അദ്ദേഹം അവരെ അറിയിക്കുകയും ചെയ്തു. അവർ പറഞ്ഞു: ‘താങ്കൾ പറഞ്ഞതെല്ലാം ഞങ്ങൾ കേട്ടു. താങ്കൾ താങ്കളുടെ ആവശ്യം നിർവഹിച്ചുകൊള്ളുക.’ അബാനുബ്‌നു സഈദ് വരികയും അദ്ദേഹത്തെ സ്വീകരിക്കുകയും അദ്ദേഹത്തിന്റെ കുതിരയുടെ ജീൻ ശരിയാക്കി അദ്ദേഹത്തെ തന്റെ കുതിരപ്പുറത്ത് കയറ്റുകയും ചെയ്തു. അങ്ങനെ അദ്ദേഹം ഉസ്മാൻ(റ)വിന് അഭയം നൽകി. മക്കയിൽ എത്തുവോളം അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തു. ഉസ്മാൻ(റ) മടങ്ങിയെത്തുന്നതിനുമുമ്പെ മുസ്‌ലിംകൾ പറഞ്ഞു: ‘ഉസ്മാൻ(റ) നമുക്കുമുമ്പ് കഅ്ബയിലെത്തി, ത്വവാഫ് ചെയ്തു.’ അപ്പോൾ അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞു: ‘നാം തടസ്സപ്പെട്ടുനിൽക്കെ അദ്ദേഹം ത്വവാഫ് ചെയ്യുമെന്ന് ഞാൻ വിചാരിക്കുന്നില്ല.’ അപ്പോൾ അവർ പറഞ്ഞു: ‘അദ്ദേഹം സുരക്ഷിതനായിരിക്കെ, അദ്ദേഹത്തിന് ത്വവാഫ് ചെയ്യാൻ എന്താണ് തടസ്സം?’ അപ്പോൾ നബി ﷺ പറഞ്ഞു: ‘നാം അദ്ദേഹത്തോടൊപ്പം ത്വവാഫ് ചെയ്യുന്നതുവരെ അദ്ദേഹം ത്വവാഫ് ചെയ്യില്ലെന്നാണ് ഞാൻ വിചാരിക്കുന്നത്.’

സന്ധിയുടെ കാര്യത്തിൽ മുശ്‌രിക്കുകളും മുസ്‌ലിംകളും തമ്മിൽ അസ്വസ്ഥതകളുണ്ടായി. രണ്ട് വിഭാഗങ്ങളിൽ ഒരാൾ മറ്റെ വിഭാഗത്തിലെ ഒരാളെ അമ്പെറിഞ്ഞു. അത് ഏറ്റുമുട്ടലായിത്തീ ർന്നു. കല്ലുകൊണ്ടും അമ്പുകൊണ്ടും അവർ പരസ്പരം എറിയാൻ തുടങ്ങി. അങ്ങനെ ഉസ്മാൻ(റ) കൊല്ലപ്പെട്ടുവെന്ന് നബി ﷺക്ക് വിവരം കിട്ടി. അപ്പോൾ നബി ﷺ അവരെ പ്രതിജ്ഞയ്ക്ക്(ബൈഅത്) വേണ്ടി ക്ഷണിച്ചു. അങ്ങനെ മുസ്‌ലിംകളെല്ലാം രോഷാകുലരായി. ആ മരത്തിന്റെ ചുവട്ടിൽവെച്ച്, ഒരിക്കലും പിന്തിരിഞ്ഞുപോവുകയില്ലെന്ന് പ്രതിജ്ഞ ചെയ്തു. അപ്പോൾ നബി ﷺ തന്റെ സ്വന്തം കൈ പിടിച്ചു പറഞ്ഞു: ‘ഇത് ഉസ്മാനുവേണ്ടിയാണ്.’

ബൈഅത്ത് പൂർത്തിയായപ്പോൾ മടങ്ങിയെത്തി. അപ്പോൾ മുസ്‌ലിംകൾ പറഞ്ഞു: ‘അബൂ അബ്ദില്ല! കഅ്ബ ത്വവാഫ് ചെയ്ത് ആശ്വാസം കൊണ്ടുവല്ലേ?’ അദ്ദേഹം പറഞ്ഞു: ‘എത്ര മോശമായാണ് നിങ്ങൾ എന്നെപ്പറ്റി വിചാരിച്ചത്? എന്റെ ആത്മാവ് ആരുടെ കയ്യിലാ ണോ അവനെക്കൊണ്ടു സത്യം, നബി ﷺ ഹുദൈബിയയിൽ താമസിക്കെ ഞാൻ ഒരു വർഷം മുഴുവൻ മക്കത്ത് താമസിച്ചാലും അല്ലാഹുവിന്റെ ദൂതൻ ത്വവാഫ് ചെയ്യുന്നതുവരെ ഞാൻ ത്വവാഫ് ചെയ്യുകയില്ല. എന്നെ ക്വുറൈശികൾ ത്വവാഫ് ചെയ്യാൻ ക്ഷണിച്ചു. അപ്പോൾ ഞാൻ വിസമ്മതിച്ചു.’ അപ്പോൾ മുസ്‌ലിംകൾ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതൻ ഞങ്ങളിൽ ഏറ്റവും അറിവുള്ളവനും നല്ലത് വിചാരിക്കുന്നവനുമാകുന്നു.’

ആ മരത്തിന്റെ ചുവട്ടിൽ ബൈഅത്ത് ചെയ്യാൻ ഉമർ(റ) നബി ﷺയുടെ കൈ പിടിച്ചു. അപ്പോൾ ജദ്ദ് ഇബ്‌നു ക്വൈസ് അല്ലാത്തവരെല്ലാം ബൈഅത്ത് ചെയ്തു. നബി ﷺയുടെ ദേഹത്ത് തട്ടാതിരിക്കാൻ വേണ്ടി മഅ്കലുബ്‌നു യസാർ ആ മരത്തിന്റെ ഒരു കൊമ്പ് ഉയർത്തിക്കൊണ്ടിരുന്നു. ആദ്യമായി ബൈഅത്ത് ചെയ്തത് അബൂസിനാനുൽ അസദി ആയിരുന്നു. സലമതുബ്‌നുൽ അക്‌വഅ് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരത്തുമായി മൂന്നുതവണ ബൈഅത്ത് ചെയ്തു.

ഇതെല്ലാം നടന്നുകൊണ്ടിരിക്കെ, ബദീലുബ്‌നുവർക്വാഉൽഖുസാഇയ്യ് ഏതാനും ഖുസാഅക്കാരോടൊപ്പം വന്നു. തിഹാമക്കാരിൽ അവരായിരുന്നു റസൂലിന്റെ ഉപദേശത്തിന്റെയും രഹസ്യത്തിന്റെയും ആളുകൾ. അദ്ദേഹം പറ ഞ്ഞു: ‘കഅ്ബുബ്‌നു ലുഅയ്യും അമീറുബ്‌നു ൽലുഅയ്യും ഹുദൈബിയ തടാകത്തിന്നരികി ൽ തമ്പടിച്ചിട്ടുണ്ട്. ഞാൻ വരുമ്പോൾ, അവരോടൊപ്പം കുട്ടിയുള്ള ഒട്ടകമുണ്ട്. അവർ നിന്നോട് യുദ്ധം ചെയ്യുന്നവരും കഅ്ബയിൽനിന്ന് തടയുന്നവരുമാണ്.’ റസൂൽ ﷺ പറഞ്ഞു: ‘ഞങ്ങൾ ഒരാളോടും യുദ്ധത്തിന് വന്നതല്ല. ഞങ്ങൾ ഉംറക്ക് മാത്രം വന്നതാണ്. തീർച്ചയായും ക്വുറൈശികൾക്കും യുദ്ധം ബുദ്ധിമുട്ടും പ്രയാസവുമാണ്. അവർ ഉദ്ദേശിക്കുകയാണെങ്കിൽ ഞാൻ അവരെ സഹായിക്കും. എനിക്കും ജനങ്ങൾക്കുമിടയിൽ അവർ ഒഴിവാകും. ഇനി ജനങ്ങൾ പ്രവേശിച്ചിടത്ത് പ്രവേശിക്കാനാണ് അവരുദ്ദേശിക്കുന്നതെങ്കിൽ അവരങ്ങനെ ചെയ്യട്ടെ. ഇനി അവർ വിസമ്മതിക്കുകയാണെങ്കിൽ യുദ്ധം മാത്രം. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ സത്യം, ഈ കാര്യത്തിന് ഞാൻ അവരോട് യുദ്ധം ചെയ്യുകതന്നെ ചെയ്യും; മരണം വരെ, അല്ലെങ്കിൽ അല്ലാഹു അവന്റെ കൽപന നടപ്പിലാക്കുന്നതുവരെ.’ ബദീഅ് പറഞ്ഞു: ‘താങ്കൾ പറഞ്ഞത് ഞാൻ അവർക്കെത്തിക്കാം.’ അങ്ങനെ അയാൾ ക്വുറൈശികളുടെ അടുത്തേക്ക് പോയി. എന്നിട്ട് പറഞ്ഞു: ‘ഈ മനുഷ്യന്റെ അടുക്കൽനിന്നുള്ള ചില വിവരങ്ങളുമായാണ് ഞാൻ നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നത്. അദ്ദേഹം ഒരു കാര്യം പറയുന്നത് ഞാൻ കേട്ടു. നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഞാനത് അവതരിപ്പിക്കാം.’ അപ്പോൾ ചില അവിവേകികൾ പറഞ്ഞു: ‘അയാളെക്കുറിച്ചൊന്നും നീ ഞങ്ങളോട് സംസാരിക്കേണ്ട ആവശ്യമില്ല.’ എന്നാൽ അവരിൽ ബുദ്ധിമാന്മാർ പറഞ്ഞു: ‘കൊണ്ടുവരൂ, കേൾക്കട്ടെ അവൻ പറയുന്നത്.’ അദ്ദേഹം പറഞ്ഞു: ‘അയാൾ ഇപ്രകാരമെല്ലാം പറയുന്നതായി ഞാൻ കേട്ടു.’ അപ്പോൾ ഉർവതുബ്‌നു മസ്ഊദ് അസ്സഖഫി പറഞ്ഞു: ‘നല്ലൊരു പദ്ധതിയാണ് അദ്ദേഹം നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളത് സ്വീകരിക്കു. അദ്ദേഹത്തിന്റെ അടുത്ത് പോകാൻ എന്നെ അനുവദിക്കൂ.’ അപ്പോൾ അവർ പറഞ്ഞു: ‘താങ്കൾ പോവുക.’