സൂറഃ അദ്ദുഖാൻ (പുക), ഭാഗം 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ഒക്ടോബർ 8, 1444 റബീഉൽ അവ്വൽ 11

അധ്യായം: 44, ഭാഗം 3 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِنَّ يَوْمَ ٱلْفَصْلِ مِيقَـٰتُهُمْ أَجْمَعِينَ (٤٠) يَوْمَ لَا يُغْنِى مَوْلًى عَن مَّوْلًى شَيْـًٔا وَلَا هُمْ يُنصَرُونَ (٤١) إِلَّا مَن رَّحِمَ ٱللَّهُ ۚ إِنَّهُۥ هُوَ ٱلْعَزِيزُ ٱلرَّحِيمُ (٤٢) إِنَّ شَجَرَتَ ٱلزَّقُّومِ (٤٣) طَعَامُ ٱلْأَثِيمِ (٤٤) كَٱلْمُهْلِ يَغْلِى فِى ٱلْبُطُونِ (٤٥) كَغَلْىِ ٱلْحَمِيمِ (٤٦) خُذُوهُ فَٱعْتِلُوهُ إِلَىٰ سَوَآءِ ٱلْجَحِيمِ (٤٧‬) ثُمَّ صُبُّوا۟ فَوْقَ رَأْسِهِۦ مِنْ عَذَابِ ٱلْحَمِيمِ (٤٨) ذُقْ إِنَّكَ أَنتَ ٱلْعَزِيزُ ٱلْكَرِيمُ (٤٩) إِنَّ هَـٰذَا مَا كُنتُم بِهِۦ تَمْتَرُونَ (٥٠) إِنَّ ٱلْمُتَّقِينَ فِى مَقَامٍ أَمِينٍ (٥١) فِى جَنَّـٰتٍ وَعُيُونٍ (٥٢) يَلْبَسُونَ مِن سُندُسٍ وَإِسْتَبْرَقٍ مُّتَقَـٰبِلِينَ (٥٣) كَذَٰلِكَ وَزَوَّجْنَـٰهُم بِحُورٍ عِينٍ (٥٤) يَدْعُونَ فِيهَا بِكُلِّ فَـٰكِهَةٍ ءَامِنِينَ (٥٥) لَا يَذُوقُونَ فِيهَا ٱلْمَوْتَ إِلَّا ٱلْمَوْتَةَ ٱلْأُولَىٰ ۖ وَوَقَىٰهُمْ عَذَابَ ٱلْجَحِيمِ (٥٦) فَضْلًا مِّن رَّبِّكَ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ (٥٧) فَإِنَّمَا يَسَّرْنَـٰهُ بِلِسَانِكَ لَعَلَّهُمْ يَتَذَكَّرُونَ (٥٨) فَٱرْتَقِبْ إِنَّهُم مُّرْتَقِبُونَ (٥٩)

40. തീര്‍ച്ചയായും ആ നിര്‍ണായക തീരുമാനത്തിന്‍റെ ദിവസമാകുന്നു അവര്‍ക്കെല്ലാമുള്ള നിശ്ചിത സമയം.

41. അതെ, ഒരു ബന്ധു മറ്റൊരു ബന്ധുവിന് യാതൊരു പ്രയോജനവും ചെയ്യാത്ത, അവര്‍ക്ക് ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസം.

42. അല്ലാഹു ആരോട് കരുണ കാണിച്ചുവോ അവര്‍ക്കൊഴികെ. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും.

43. തീര്‍ച്ചയായും സഖ്ഖൂം വൃക്ഷമാകുന്നു.

44. (നരകത്തില്‍) പാപിയുടെ ആഹാരം.

45. ഉരുകിയ ലോഹം പോലിരിക്കും (അതിന്‍റെ കനി.) അത് വയറുകളില്‍ തിളയ്ക്കും.

46. ചുടുവെള്ളം തിളയ്ക്കുന്നത് പോലെ

47. നിങ്ങള്‍ അവനെ പിടിക്കൂ. എന്നിട്ട് നരകത്തിന്‍റെ മദ്ധ്യത്തിലേക്ക് വലിച്ചിഴക്കൂ.

48. അനന്തരം ചുടുവെള്ളം കൊണ്ടുള്ള ശിക്ഷ അവന്‍റെ തലയ്ക്കുമീതെ നിങ്ങള്‍ ചൊരിഞ്ഞേക്കൂ. (എന്ന് നിര്‍ദേശിക്കപ്പെടും.)

49. ഇത് ആസ്വദിച്ചോളൂ. തീര്‍ച്ചയായും നീ തന്നെയായിരുന്നല്ലോ പ്രതാപിയും മാന്യനും.

50. നിങ്ങള്‍ ഏതൊരു കാര്യത്തില്‍ സംശയാലുക്കളായിരുന്നുവോ ആ കാര്യമത്രെ ഇത്‌.

51. സൂക്ഷ്മത പാലിച്ചവര്‍ തീര്‍ച്ചയായും നിര്‍ഭയമായ വാസസ്ഥലത്താകുന്നു.

52. തോട്ടങ്ങള്‍ക്കും അരുവികള്‍ക്കുമിടയില്‍

53. നേര്‍ത്ത പട്ടുതുണിയും കട്ടിയുള്ള പട്ടുതുണിയും അവര്‍ ധരിക്കും. അവര്‍ അന്യോന്യം അഭിമുഖമായിട്ടായിരിക്കും ഇരിക്കുന്നത്‌.

54. അങ്ങനെയാകുന്നു (അവരുടെ അവസ്ഥ.) വിശാലമായ നേത്രങ്ങളുള്ള വെളുത്ത സ്ത്രീകളെ അവര്‍ക്ക് ഇണകളായി നല്‍കുകയും ചെയ്യും.

55. സുരക്ഷിതത്വ ബോധത്തോട് കൂടി എല്ലാവിധ പഴങ്ങളും അവര്‍ അവിടെ വെച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കും.

56. ആദ്യത്തെ മരണമല്ലാതെ മറ്റൊരു മരണം അവര്‍ക്കവിടെ അനുഭവിക്കേണ്ടതില്ല. നരകശിക്ഷയില്‍ നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും ചെയ്തിരിക്കുന്നു.

57. നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഔദാര്യമത്രെ അത്‌. അത് തന്നെയാണ് മഹത്തായ ഭാഗ്യം.

58. നിനക്ക് നിന്‍റെ ഭാഷയില്‍ ഇതിനെ (ഖുര്‍ആനിനെ) നാം ലളിതമാക്കിത്തന്നിട്ടുള്ളത് അവര്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടി മാത്രമാകുന്നു.

59. ആകയാല്‍ നീ കാത്തിരിക്കുക. അവരും കാത്തിരിക്കുന്നവര്‍ തന്നെയാകുന്നു.

40). (തീർച്ചയായും തീരുമാനത്തിന്റെ ദിവസം) അത് ഉയിർത്തെഴുന്നേൽപ് നാളാണ്. ആദികാലക്കാർക്കും പിൽക്കാലക്കാർക്കുമിടയിൽ അല്ലാഹു തീർപ്പ് കൽപിക്കുന്നു; ഭിന്നിച്ചുനിൽക്കുന്ന എല്ലാവർക്കുമിടയിലും. (നിശ്ചിത സമയം) സൃഷ്ടികൾക്ക്. (അവർക്കെല്ലാമുള്ള) എല്ലാവരെയും അല്ലാഹു ആ ദിവസത്തിൽ ഒരുമിച്ചുകൂട്ടും. അവരെയും അവരുടെ പ്രവർത്തനങ്ങളെയും ഹാജരാക്കും. അതിനവർക്ക് പ്രതിഫലവും ഉണ്ടായിരിക്കും.

41). (അതെ, ഒരു ബന്ധു മറ്റൊരു ബന്ധുവിന് യാതൊരു പ്രയോജനവും ചെയ്യാത്ത ഒരു ദിവസം) ബന്ധു ബന്ധുവിനും കൂട്ടുകാരൻ കൂട്ടുകാരനും. (അവർക്ക് ഒരു സഹായവും ലഭിക്കാത്ത) അല്ലാഹുവിന്റെ ശിക്ഷ തടുക്കുവാനുള്ള സഹായം. കാരണം സൃഷ്ടികളിൽ ഒരാളും ഒരു കാര്യവും ഉടമപ്പെടുത്തുന്നില്ല.

42). (അല്ലാഹു ആരോട് കരുണ കാണിച്ചുവോ അവർക്കൊഴികെ. തീർച്ചയായും അവൻ തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും). അവന് പ്രയോജനവും കരുണയും ലഭിക്കാനുള്ള കാരണങ്ങളുള്ളതിനാൽ കരുണയാൽ ഉന്നതി നേടുകയും ചെയ്യും. ഇഹലോകത്ത് അതിനുവേണ്ടി പരിശ്രമങ്ങൾ അവൻ നടത്തിയിരുന്നു. തുടർന്ന് അല്ലാഹു പറയുന്നു:

43-50). ഉയിർത്തെഴുന്നേൽപിന്റെ നാളിനെക്കുറിച്ച് പറയുമ്പോൾ അല്ലാഹു പറയുന്നത്; അതിലവൻ തന്റെ അടിമകൾക്കിടയിൽ തീർപ്പ് കൽപിക്കുമെന്നാണ്. അവർ രണ്ട് വിഭാഗമായി തിരിയും; സ്വർഗക്കാരും നരകക്കാരും. നരകക്കാർ പാപവും നിഷേധവും പ്രവർത്തിച്ചവരാണ്. തീർച്ചയായും അവരുടെ ഭക്ഷണം (സഖ്ഖൂം വൃക്ഷമാണ്). മരങ്ങളിൽ ഏറ്റവും മോശമായതും മ്ലേച്ഛമായതും. അതിലെ ഭക്ഷണം (ഉരുകിയ ലോഹം പോലെയിരിക്കും). ചോരയും നീരും കലർന്നത്. വാസനയുള്ളത്. കഠിനമായ കൈപുരുചിയുള്ളത്. (അത് വയറുകളിൽ തിളക്കും) അവരുടെ വയറുകളിൽ. (ചൂടുവെള്ളം തിളക്കുന്നതുപോലെ). ശിക്ഷ അനുഭവിക്കുന്നവനോട് പറയപ്പെടും: (ഇത് ആസ്വദിച്ചുകൊള്ളുക) വേദനയേറിയ ഈ ശിക്ഷ, അപമാനകരമായ ശിക്ഷയും. (നീ തന്നെയായിരുന്നുവല്ലോ പ്രതാപിയും മാന്യനും!) അല്ലാഹുവിന്റെ ശിക്ഷയെ തടയാൻ കഴിയുന്ന പ്രതാപിയാണെന്നല്ലേ നീ വാദിച്ചിരുന്നത്? അല്ലാഹുവിൽനിന്ന് ശിക്ഷ ലഭിക്കാത്ത മാന്യനാണെന്നും. എന്നാൽ നീ നിന്ദ്യനും നികൃഷ്ടനും നിസ്സാരനുമാണെന്ന് ഇന്ന് നിനക്ക് വ്യക്തമായിരിക്കുന്നു. (തീർച്ചയായും ഇത്) ഈ വമ്പിച്ച ശിക്ഷ. (നിങ്ങൾ ഏതൊരുകാര്യത്തിൽ സംശയാലുക്കളായിരുന്നുവോ ആ കാര്യമത്രെ ഇത്). നിങ്ങൾ സംശയിച്ചിരുന്നത് ഇപ്പോൾ നിങ്ങൾക്ക് ദൃഢബോധ്യമുള്ള യാഥാർഥ്യമായിരിക്കുന്നു.

51-53). സൂക്ഷ്മത പാലിക്കുന്നവർക്ക് അല്ലാഹുവിന്റെ പ്രതിഫലമാണിത്. നന്മ പ്രവർത്തി ച്ചും തിന്മ ഉപേക്ഷിച്ചും അവന്റെ കോപത്തെയും ശിക്ഷയെയും സൂക്ഷിച്ചവർ. ശിക്ഷയും കോപവും ഒഴിവാക്കപ്പെട്ടപ്പോൾ അല്ലാഹുവിൽ നിന്നുള്ള മഹത്തായ പ്രതിഫലവും തൃപ്തിയും അവർക്കുറപ്പാക്കുകയും ചെയ്തു. പഴങ്ങളും ധാരാളും മരങ്ങളുടെ തണലുകളിലുമായി അവരത് അനുഭവിക്കും. താഴ്ഭാഗത്തുകൂടി ഒഴുകുന്ന ഉറവകൾ, അതിനെ അവർ പൊട്ടിഒഴുക്കിക്കൊണ്ടിരിക്കും. സുഖാനുഗ്രഹങ്ങളുടെ സ്വർഗത്തിൽ, സ്വർഗത്തിലുള്ളതെല്ലാം സുഖങ്ങളും എല്ലാ നിലക്കുള്ള സന്തോഷങ്ങളുമായിരിക്കും. ഒരുവിധത്തിലുള്ള തകരാറോ ന്യൂനതകളോ അതിനില്ല. പച്ചയും നേരിയ പട്ടുകൊണ്ടുമുള്ളതായിരിക്കും അവരുടെ വസ്ത്രങ്ങൾ. അതായത് അവർ ഇഷ്ടപ്പെടുന്ന നേരിയതും കട്ടിയുള്ളതുമായ പട്ടുവസ്ത്രങ്ങൾ. (അന്യോന്യം അഭിമുഖമായിട്ടായിരിക്കും ഇരിക്കുന്നത്). അവരുടെ ഹൃദയങ്ങളിലും മുഖത്തും പുർണസന്തോഷവും സമാധാനവും സ്‌നേഹവും നല്ല ബന്ധവും മനോഹരമായ പെരുമാറ്റങ്ങളും ഉണ്ടായിരിക്കും.

54). (അങ്ങനെയാകുന്നു അവരുടെ അവസ്ഥ) തികഞ്ഞ സന്തോഷവും പൂർണ സുഖങ്ങളും. (സുന്ദരികളായ സ്ത്രീകളെ അവർക്ക് നാം ഇണകളാക്കി നൽകുകയും ചെയ്യും). സൗന്ദര്യം കണ്ട് കണ്ണുകളെ വിസ്മയിപ്പിക്കുന്ന സുന്ദരികളും ഭംഗിയുള്ളവരുമായ സ്ത്രീകൾ, ബുദ്ധി അത്ഭുതപ്പെട്ടുപോകും. അവരുടെ പൂർണതയിൽ ചിന്തകൾ വിസ്മയിക്കും. (വിശാല നേത്രങ്ങളുള്ള) ഭംഗിയുള്ള വലിയ കണ്ണുകൾ.

55). (അവർ ആവശ്യപ്പെട്ടുകൊണ്ടിരിക്കും) സ്വർഗത്തിൽ. (എല്ലാവിധ പഴങ്ങളും) ഇഹലോകത്തെ പല പേരുകളുള്ള പഴങ്ങളും ഇല്ലാത്തവയും അവയിലുണ്ട്. അവയ്ക്ക് സമാനമായത് ഇവിടെയില്ല. അതിൽ ഏതിനം പഴം അവർ ആവശ്യപ്പെട്ടാലും യാതൊരു ബുദ്ധിമുട്ടും ക്ഷീണവും കൂടാതെ അതവർക്ക് എത്തിച്ചുനൽകും. അത് തീർന്നുപോകുമെന്ന് അവർ ഭയപ്പെടുന്നില്ല. അതുകൊണ്ട് ദോഷങ്ങൾ ഉണ്ടാകുമെന്ന് അവർ പേടിക്കുന്നുമില്ല. ഒരു തകരാറും അതിനില്ല. മരണമോ അവിടെനിന്ന് പുറത്തുപോകേണ്ടിവരുമെന്നോ അവർക്ക് ഭയമില്ല.

56). അതാണ് അല്ലാഹു പറഞ്ഞത്: (ആദ്യത്തെ മരണമല്ലാതെ മറ്റൊരു മരണം അവർക്ക് അനുഭവിക്കേണ്ടിവരില്ല) പൊതുവായി അവിടെ മരണമില്ല. ഉണ്ടെങ്കിൽതന്നെ അത് ഒഴിവാക്കപ്പെട്ടു. ഇഹലോകത്തെ മരണത്തിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ല. അതിനാൽ അവർക്ക് ആവശ്യമുള്ളത് എല്ലാം ലഭിക്കും (നരകശിക്ഷയിൽനിന്ന് അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും ചെയ്തിരുക്കുന്നു).

57). (നിന്റെ രക്ഷിതാവിങ്കൽനിന്നുള്ള ഔദാര്യമത്രെ അത്). അനുഗ്രഹം ലഭിക്കുന്നതും ശിക്ഷയെ തടുക്കുന്നതും അല്ലാഹു അവർക്ക് ചെയ്തുകൊടുക്കുന്ന ഔദാര്യവും അനുഗ്രഹവുമാണ്. കാരണം, അല്ലാഹുവാണ് അവർക്ക് സൽകർമങ്ങൾക്ക് അവസരം നൽകിയത്. അത് മൂലമാണ് പരലോകനന്മ അവർ നേടിയത്. അവരുടെ പ്രവർത്തനങ്ങൾകൊണ്ട് നേടാൻ കഴിയാത്തതാണ് അവൻ നേടിയത്. (അതുതന്നെയാണ് മഹത്തായ ഭാഗ്യം). അല്ലാഹുവിന്റെ തൃപ്തിയും സ്വർഗവും ശിക്ഷയിൽനിന്നും കോപത്തിൽനിന്നുമുള്ള രക്ഷയും നേടുക എന്നത് മഹത്തായ വിജയം തന്നെ.

58). (ഇതിനെ നാം ലളിതമാക്കിത്തന്നിട്ടുള്ളത്) ക്വുർആനിനെ. (നിന്റെ ഭാഷയിൽ) സർവഭാഷകളിലും ഏറ്റവും വ്യക്തതയുള്ളതും മഹത്ത്വമേറിയതുമായ നിന്റെ ഭാഷയിൽ നാം അതിനെ ലളിതമാക്കി. അതിന്റെ വാക്കുകളും ആശയങ്ങളും അങ്ങനെ ലളിതമായി. (അവർ ആലോചിച്ചു മനസ്സിലാക്കുവാൻ വേണ്ടി മാത്രമാകുന്നു) അവന് പ്രയോജനകരമായത് എന്താണെന്ന് അതിലുണ്ട്. അങ്ങനെ അതവർക്ക് പ്രവർത്തിക്കാനാവും. അവർക്ക് ദ്രോഹകരമായതും അതിലുണ്ട്. അങ്ങനെ അവർക്കത് ഉപേക്ഷിക്കാനാവും.

59). (ആകയാൽ നീ കാത്തിരിക്കുക) നിന്റെ രക്ഷിതാവ് നിനക്ക് വാഗ്ദത്തം ചെയ്ത സഹായവും നന്മയും നീ കാത്തിരിക്കുക. (അവരും കാത്തിരിക്കുന്നവർ തന്നെയാകുന്നു) അവർക്ക് എന്ത് ശിക്ഷയാണ് ലഭിക്കുക? രണ്ടുതരത്തിലുള്ള കാത്തിരിപ്പുകൾ തമ്മിൽ എത്ര വലിയ വ്യത്യാസമുണ്ട്! പ്രവാചകനും അനുയായികളും കാത്തിരിക്കുന്നത് ഇഹലോകത്തിലും പരലോകത്തിലും നന്മയാണ്. അവരിൽനിന്ന് വ്യത്യസ്തമായി അവർ കാത്തിരിക്കുന്നത് ഇരുലോകത്തും വിഷമങ്ങളാണ്.