സൂറഃ അഹ്ക്വാഫ്, ഭാഗം 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ജൂലായ് 23, 1442 ദുൽഹിജ്ജ 23

അധ്യായം: 46, ഭാഗം 3 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَوَصَّيْنَا ٱلْإِنسَـٰنَ بِوَٰلِدَيْهِ إِحْسَـٰنًا ۖ حَمَلَتْهُ أُمُّهُۥ كُرْهًا وَوَضَعَتْهُ كُرْهًا ۖ وَحَمْلُهُۥ وَفِصَـٰلُهُۥ ثَلَـٰثُونَ شَهْرًا ۚ حَتَّىٰٓ إِذَا بَلَغَ أَشُدَّهُۥ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَـٰلِحًا تَرْضَىٰهُ وَأَصْلِحْ لِى فِى ذُرِّيَّتِىٓ ۖ إِنِّى تُبْتُ إِلَيْكَ وَإِنِّى مِنَ ٱلْمُسْلِمِينَ (١٥) أُو۟لَـٰٓئِكَ ٱلَّذِينَ نَتَقَبَّلُ عَنْهُمْ أَحْسَنَ مَا عَمِلُوا۟ وَنَتَجَاوَزُ عَن سَيِّـَٔاتِهِمْ فِىٓ أَصْحَـٰبِ ٱلْجَنَّةِ ۖ وَعْدَ ٱلصِّدْقِ ٱلَّذِى كَانُوا۟ يُوعَدُونَ (١٦) وَٱلَّذِى قَالَ لِوَٰلِدَيْهِ أُفٍّ لَّكُمَآ أَتَعِدَانِنِىٓ أَنْ أُخْرَجَ وَقَدْ خَلَتِ ٱلْقُرُونُ مِن قَبْلِى وَهُمَا يَسْتَغِيثَانِ ٱللَّهَ وَيْلَكَ ءَامِنْ إِنَّ وَعْدَ ٱللَّهِ حَقٌّ فَيَقُولُ مَا هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ (١٧) أُو۟لَـٰٓئِكَ ٱلَّذِينَ حَقَّ عَلَيْهِمُ ٱلْقَوْلُ فِىٓ أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ ٱلْجِنِّ وَٱلْإِنسِ ۖ إِنَّهُمْ كَانُوا۟ خَـٰسِرِينَ (١٨) وَلِكُلٍّ دَرَجَـٰتٌ مِّمَّا عَمِلُوا۟ ۖ وَلِيُوَفِّيَهُمْ أَعْمَـٰلَهُمْ وَهُمْ لَا يُظْلَمُونَ (١٩) وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُوا۟ عَلَى ٱلنَّارِ أَذْهَبْتُمْ طَيِّبَـٰتِكُمْ فِى حَيَاتِكُمُ ٱلدُّنْيَا وَٱسْتَمْتَعْتُم بِهَا فَٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَسْتَكْبِرُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَبِمَا كُنتُمْ تَفْسُقُونَ (٢٠)

15. തന്റെ മാതാപിതാക്കളോട് നല്ലനിലയിൽ വർത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗർഭം ധരിക്കുകയും പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്റെ ഗർഭകാലവും മുലകുടിനിർത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. അങ്ങനെ അവൻ തന്റെ പൂർണശക്തി പ്രാപിക്കുകയും നാൽപത് വയസ്സിലെത്തുകയും ചെയ്താൽ ഇപ്രകാരം പറയും: എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്തുതന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സൽകർമം പ്രവർത്തിക്കുവാനും നീ എനിക്ക് പ്രചോദനം നൽകേണമേ. എന്റെ സന്തതികളിൽനീ എനിക്ക് നന്മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീർച്ചയായും ഞാൻ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീർച്ചയായും ഞാൻ കീഴ്‌പെടുന്നവരുടെ കൂട്ടത്തിലാകുന്നു.

16. അത്തരക്കാരിൽ നിന്നാകുന്നു അവർ പ്രവർത്തിച്ചതിൽ ഏറ്റവും ഉത്തമമായത് നാം സ്വീകരിക്കുന്നത്. അവരുടെ ദുഷ്പ്രവൃത്തികളെ സംബന്ധിച്ചിടത്തോളം നാം വിട്ടുവീഴ്ച കാണിക്കുകയും ചെയ്യും. (അവർ) സ്വർഗാവകാശികളുടെ കൂട്ടത്തിലായിരിക്കും. അവർക്ക് നൽകപ്പെട്ടിരുന്ന സത്യവാഗ്ദാനമത്രെ അത്.

17. ഒരാൾ തന്റെ മാതാപിതാക്കളോട് അവൻ പറഞ്ഞു: ഛെ, നിങ്ങൾക്ക് കഷ്ടം! ഞാൻ (മരണാനന്തരം) പുറത്ത് കൊണ്ടുവരപ്പെടും എന്ന് നിങ്ങൾ രണ്ടുപേരും എന്നോട് വാഗ്ദാനം ചെയ്യുകയാണോ? എനിക്ക് മുമ്പ് തലമുറകൾ കഴിഞ്ഞുപോയിട്ടുണ്ട്. അവർ (മാതാപിതാക്കൾ) അല്ലാഹുവോട് സഹായം തേടിക്കൊണ്ട് പറയുന്നു: നിനക്ക് നാശം. തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. അപ്പോൾ അവൻ പറയുന്നു. ഇതൊക്കെ പൂർവികൻമാരുടെ കെട്ടുകഥകൾ മാത്രമാകുന്നു.

18. അത്തരക്കാരുടെ കാര്യത്തിലാകുന്നു (ശിക്ഷയുടെ) വചനം സ്ഥിരപ്പെട്ട് കഴിഞ്ഞിരിക്കുന്നത്. ജിന്നുകളിൽനിന്നും മനുഷ്യരിൽനിന്നും അവരുടെ മുമ്പ് കഴിഞ്ഞുപോയിട്ടുള്ള പല സമുദായങ്ങളുടെ കൂട്ടത്തിൽ. തീർച്ചയായും അവർ നഷ്ടം പറ്റിയവരാകുന്നു.

19. ഓരോരുത്തർക്കും അവരവർ പ്രവർത്തിച്ചതനുസരിച്ചുള്ള പദവികളുണ്ട്. അവർക്ക് അവരുടെ കർമങ്ങൾക്ക് ഫലം പൂർത്തിയാക്കികൊടുക്കാനുമാണത്. അവരോട് അനീതി കാണിക്കപ്പെടുകയില്ല.

20. സത്യനിഷേധികൾ നരകത്തിനുമുമ്പിൽ പ്രദർശിപ്പിക്കപ്പെടുന്ന ദിവസം (അവരോട് പറയപ്പെടും:) ഐഹിക ജീവിതത്തിൽ നിങ്ങളുടെ നല്ല വസ്തുക്കളെല്ലാം നിങ്ങൾ പാഴാക്കിക്കളയുകയും, നിങ്ങൾ അവ കൊണ്ട് സുഖമനുഭവിക്കുകയും ചെയ്തു. അതിനാൽ ന്യായം കൂടാതെ നിങ്ങൾ ഭൂമിയിൽ അഹംഭാവം നടിച്ചിരുന്നതിന്റെ ഫലമായും നിങ്ങൾ ധിക്കാരം കാണിച്ചിരുന്നതിന്റെ ഫലമായും ഇന്നു നിങ്ങൾക്ക് അപമാനകരമായ ശിക്ഷ പ്രതിഫലമായി നൽകപ്പെടുന്നു.

15). ഇത് തന്റെ അടിമകളോടുള്ള അല്ലാഹുവിന്റെ വാത്സല്യമാണ്; മാതാപിതാക്കളോടുള്ള നന്ദി, മക്കളോട് അല്ലാഹു ഉപദേശിക്കുകയും കരാർ ചെയ്യുകയും ചെയ്യുന്നു. മാതാപിതാക്കളോട് വാക്കുകൊണ്ടും നിർമലമായ സംസാരംകൊണ്ടും ധനം ചെലവഴിച്ചും എല്ലാവിധ നന്മകളും അവർക്ക് നൽകിയും നിലകൊള്ളണമെന്ന്. തുടർന്ന് അതിന്റെ അനിവാര്യകാരണവും ഉണർത്തുന്നു. ഒരു കുട്ടിക്കുവേണ്ടി മാതാവിന് സഹിക്കേണ്ടിവരുന്ന കാര്യങ്ങൾ പരാമർശിക്കുന്നു. ഗർഭസമയത്ത് അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളും, പിന്നീട് പ്രസവസമയത്തുണ്ടാകുന്ന വലിയ ബുദ്ധിമുട്ടുകളും, മുലയൂട്ടുന്നതിനുള്ള കഷ്ടപ്പാടും വളർത്തുമ്പോഴുള്ള പ്രയാസങ്ങളും. ഈ പറഞ്ഞതൊന്നും ഒന്നോ രണ്ടോ മണിക്കൂറിൽ ഒതുങ്ങുന്ന ചെറിയ സമയമല്ല. തീർച്ചയായും അത് (അവന്റെ ഗർഭാകാലവും മുലകുടി നിർത്തലും) നീണ്ട കാലമാണ്. അതിന്റെ ദൈർഘ്യം (മുപ്പത് മാസക്കാലമാകുന്നു). ഗർഭത്തിന് ഏകദേശം ഒമ്പതുമാസം; ബാക്കി മുലയൂട്ടാനും. അധികവും ഇങ്ങനെയാണ്. ഈ വചനത്തോടൊപ്പം തെളിവാക്കാറുള്ള മറ്റൊരു വചനമാണ് ഇത്:

  وَٱلْوَٰلِدَٰتُ يُرْضِعْنَ أَوْلَـٰدَهُنَّ حَوْلَيْنِ كَامِلَيْ

“മാതാക്കൾ തങ്ങളുടെ സന്താനങ്ങൾക്ക് പൂർണമായ രണ്ടുകൊല്ലം മുലകൊടുക്കേണ്ടതാണ്’’ (2:233). ഏറ്റവും ചുരുങ്ങിയ ഗർഭകാലഘട്ടം ആറുമാസമാണ്. കാരണം മുലയൂട്ടേണ്ടത് രണ്ട് വർഷമാണ്. അതിൽനിന്നും 30 മാസം കുറച്ചാൽ ഗർഭകാലഘട്ടത്തിന് ആറ് മാസമാണ് ബാക്കിവരുന്നത്. (അങ്ങനെ അവൻ തന്റെ പൂർണശക്തി പ്രാപിക്കുകയും) അതായത് തന്റെ പരമാവധി ശക്തിയും യുവത്വവും ബുദ്ധിയുടെ പൂർണതയും (40 വയസ്സെത്തുകയും ചെയ്താൽ ഇപ്രകാരം പറയും: എന്റെ രക്ഷിതാവേ, എനിക്ക് പ്രചോദനം നൽകേണമേ). അതായത് എനിക്ക് ബോധമുണ്ടാക്കുകയും അതിനുള്ള അവസരം നൽകുകയും ചെയ്യണം. (എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്തുതന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദി കാണിക്കുവാൻ). അതായത് ആത്മീയവും ഭൗതികവുമായ അനുഗ്രഹങ്ങൾ. അവന് നന്ദി ചെയ്യുക എന്നത് അനുഗ്രഹങ്ങളെ എത്തിച്ചുതരികയും ഏൽപിച്ച് തരികയും ചെയ്തവനെ അനുസരിക്കലും ആ അനുഗ്രഹങ്ങളെ വിനിമയം ചെയ്യലുമാണ്. അത് അവന്റെ അനുഗ്രഹങ്ങളെ അംഗീകരിച്ചുകൊണ്ടായിരിക്കണം.

മാതാപിതാക്കൾക്കുള്ള അനുഗ്രഹം അവരുടെ മക്കൾക്കുള്ള അനുഗ്രഹം കൂടിയാണ്. കാരണം, അതിൽനിന്ന് അവർക്ക് ലഭിക്കുകയും അതിന്റെ കാരണങ്ങളും അനന്തരഫലങ്ങളും അവർക്കുണ്ടാവുകയും ചെയ്യുന്നു. പ്രത്യേകിച്ചും മതപരമായ അനുഗ്രഹങ്ങൾ-അറിവും പ്രവൃത്തിയുംകൊണ്ട്. മാതാപിതാക്കൾ കൈവരിച്ച നന്മ അവരുടെ മക്കളുടെ നന്മക്കുള്ള ഏറ്റവും വലിയ കാരണമാണ്. (നീ തൃപ്തിപ്പെടുന്ന സൽകർമം പ്രവൃത്തിക്കുവാനും) ആ പ്രവർത്തനം നന്നാവാനാവശ്യമായതെല്ലാം അതിലുണ്ടാവുകയും അതിനെ നിഷ്ഫലമാക്കുന്നതിൽനിന്നെല്ലാം അത് സുരക്ഷിതമാവുകയും ചെയ്യുക. ഇതാണ് അല്ലാഹു തൃപ്തിപ്പെടുകയും സ്വീകരിക്കുകയും പ്രതിഫലം നൽകുകയും ചെയ്യുന്ന നന്മ. (എന്റെ സന്തതികളിൽ നീ എനിക്ക് നന്മയുണ്ടാക്കിത്തരികയും ചെയ്യേണമേ). ഇവിടെ തന്റെ നന്മക്ക് വേണ്ടി അവൻ പ്രാർഥിച്ചതുപോലെ തന്നെ തന്റെ മക്കളുടെ സാഹചര്യങ്ങൾ നന്നാക്കിക്കൊടുക്കുവാനും പ്രാർഥിക്കുന്നു. മക്കളുടെ നന്മ; അതിന്റെ പ്രയോജനം മാതാപിതാക്കൾക്ക് ലഭിക്കുന്നു. (നീ എനിക്ക് നന്മയുണ്ടാക്കിത്തരികയും ചെയ്യേണമേ). ഞാൻ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. പാപങ്ങളിൽനിന്നും നിന്നെ അനുസരിക്കുന്നതിലേക്ക് ഞാൻ മടങ്ങി. (തീർച്ചയായും ഞാൻ കീഴ്‌പ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു).

16). (അത്തരക്കാർ) നേരത്തെ പറഞ്ഞ പ്രത്യേകതയുള്ളവർ. (അവരിൽനിന്നാകുന്നു അവർ പ്രവർത്തിച്ചതിൽ ഏറ്റവും ഉത്തമമായത് നാം സ്വീകരിക്കുന്നത്). സൽപ്രവർത്തനങ്ങളാണത്. കാരണം, അവർ മറ്റു പലതും പ്രവർത്തിക്കുന്നുണ്ടാവുമല്ലോ. (അവരുടെ ദുഷ്പ്രവൃത്തികളെ സംബന്ധിച്ചിടത്തോളം നാം വിട്ടുവീഴ്ച കാണിക്കുകയും ചെയ്യും). നന്മകളും ഇഷ്ടങ്ങളും തുടക്കത്തിൽതന്നെ അവർ കരസ്ഥമാക്കും. അനിഷ്ടകരമായതും ദോഷങ്ങളും അവരിൽനിന്നും ഒഴിവാകും. (അവർക്ക് നൽകപ്പെട്ടിരുന്ന സത്യവാഗ്ദാനമത്രെ അത്). നാമവർക്ക് നൽകിയ ഈ വാഗ്ദാനം കരാറുകൾ ലംഘിക്കാത്ത, പറയുന്നവരിൽ ഏറ്റവുമധികം സത്യം പറയുന്നവന്റെ വാഗ്ദാനമാണ്.

17). മാതാപിതാക്കൾക്ക് നന്മ ചെയ്യുന്നവന്റെ അവസ്ഥ വിശദീകരിച്ചതിനുശേഷം തന്നെ മാതാപിതാക്കളെ പ്രയാസപ്പെടുത്തുന്നവന്റെ അവസ്ഥയും വിശദീകരിച്ചു. അവസ്ഥകളിൽ ഏറ്റവും മോശമായതാണത്. (ഒരാൾ; തന്റെ മാതാപിതാക്കളോട് അവൻ പറഞ്ഞു) അവർ രണ്ടുപേരും അവനെ അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കാൻ ക്ഷണിക്കുകയും പ്രതിഫലത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തപ്പോൾ മാതാപിതാക്കൾ തങ്ങളുടെ മകനെ നിത്യസൗഭാഗ്യത്തിലേക്കും അനശ്വര വിജയത്തിലേക്കും ക്ഷണിക്കുക എന്നത് അവരിൽനിന്നുണ്ടാകുന്ന ഏറ്റവും വലിയ നന്മയാണ്. ഏറ്റവും മോശമായ പ്രതികരണമാണ് അപ്പോൾ അവർക്ക് രണ്ടു പേർക്കുമുണ്ടായത്. അവൻ പറഞ്ഞു: (ഛെ, നിങ്ങൾക്ക് കഷ്ടം). അതായത് നിങ്ങളീ കൊണ്ടുവന്ന കാര്യത്തിൽ രണ്ടുപേർക്കും നഷ്ടം.

തുടർന്ന് അവരെ എതിർത്തതിന്റെയും നിരാകരിച്ചതിന്റെയും കാഴ്ചപ്പാട് അവൻ പറയുന്നു. (ഞാൻ പുറ ത്തുകൊണ്ടുവരപ്പെടും എന്ന് നിങ്ങൾ രണ്ടുപേരും എന്നോട് വാഗ്ദാനം ചെയ്യുകയാണോ?) ഉയിർത്തെഴുന്നേൽപുനാളിൽ എന്റെ ക്വബ്‌റിൽനിന്നും (എനിക്ക് മുമ്പ് പല തലമുറകൾ കഴിഞ്ഞുപോയിട്ടുണ്ട്) കളവാക്കിയും നിഷേധത്തിൽ കഴിച്ചുകൂട്ടിയും എല്ലാ നിഷേധികളും വിവരമില്ലാത്തവരും ധിക്കാരികളും പിന്തുടർന്ന നേതാക്കളാണവർ (അവർ രണ്ടുപേരും) അതായത് അവന്റെ മാതാപിതാക്കൾ (അല്ലാഹുവോട് സഹായം തേടിക്കൊണ്ട്) അവനെതിരായി അവർ രണ്ടുപേരും അവനോട് പറയുകയും ചെയ്തു: (നിനക്ക് നാശം, നീ വിശ്വസിക്കൂ). അതായത് അവർ രണ്ടുപേരും അവനെ സന്മാർഗത്തിലെത്തിക്കാൻ കഠിന പരിശ്രമവും അങ്ങേയറ്റത്തെ അധ്വാനവും ചെലവഴിച്ചു. അവർക്ക് രണ്ടുപേർക്കും അവനോടുള്ള അതിയായ താൽപര്യംകൊണ്ട് അവർ രണ്ടുപേരും ഒരു മുങ്ങുന്നവൻ സഹായം തേടുന്നതുപോലെ റബ്ബിനോട് സഹായംതേടി. ശ്വാസംമുട്ടുന്നവന്റെ ചോദ്യം അവർ രണ്ടുപേരും അവനോട് ചോദിച്ചു. അവർ അവരുടെ മകനെ ഗുണദോഷിച്ചു. അവനുവേണ്ടി വേദനയനുഭവിച്ചു. അവന് സത്യം വിശദീകരിച്ചുകൊടുത്തു. എന്നിട്ടവർ പറഞ്ഞു. (തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു). പിന്നീട് അവർക്ക് സാധിക്കുന്നത്ര തെളിവുകൾ അവന് അവർ സ്ഥാപിച്ചുകൊടുത്തു. എന്നാൽ അവരുടെ മകന് ധിക്കാരവും നിഷേധവും സത്യത്തോടുള്ള അഹങ്കാരവും ആക്ഷേപവുമല്ലാതെ വർധിപ്പിച്ചില്ല. (അപ്പോൾ അവൻ പറയുന്നു; ഇതൊക്കെ പൂർവികന്മാരുടെ കെട്ടു കഥകൾ മാത്രമാണെന്ന്) അതായത്, പൂർവഗ്രന്ഥങ്ങളിൽനിന്ന് ഉദ്ധരിക്കപ്പെട്ടതുമാത്രം, അല്ലാഹുവിൽനിന്നുള്ളതല്ല. അല്ലാഹു അവന്റെ പ്രവാചകന് ബോധനം നൽകിയത് എല്ലാവർക്കുമറിയാം. മുഹമ്മദ് നബി ﷺ  എഴുത്തും വായനയുമറിയാത്ത നിരക്ഷരനാണെന്നും. ഒരാളിൽനിന്നും അദ്ദേഹം പഠിച്ചിട്ടില്ല. അദ്ദേഹം എവിടുന്ന് പഠിക്കും. എല്ലാവരും അന്യോന്യം സഹായിച്ചാൽപോലും ഇതുപോലൊരു ക്വുർആൻ കൊണ്ടുവരാൻ പടപ്പുകൾക്കെങ്ങനെ കഴിയും?