സൂറഃ അദ്ദാരിയാത് (വിതറുന്നവ), ഭാഗം 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ജനുവരി 15, 1442 ജുമാദൽ ആഖിർ 12

അധ്യായം: 51, ഭാഗം 3 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

مُّسَوَّمَةً عِندَ رَبِّكَ لِلْمُسْرِفِينَ (٣٤) فَأَخْرَجْنَا مَن كَانَ فِيهَا مِنَ ٱلْمُؤْمِنِينَ (٣٥) فَمَا وَجَدْنَا فِيهَا غَيْرَ بَيْتٍ مِّنَ ٱلْمُسْلِمِينَ (٣٦) وَتَرَكْنَا فِيهَآ ءَايَةً لِّلَّذِينَ يَخَافُونَ ٱلْعَذَابَ ٱلْأَلِيمَ (٣٧) وَفِى مُوسَىٰٓ إِذْ أَرْسَلْنَـٰهُ إِلَىٰ فِرْعَوْنَ بِسُلْطَـٰنٍ مُّبِينٍ (٣٨‬) فَتَوَلَّىٰ بِرُكْنِهِۦ وَقَالَ سَـٰحِرٌ أَوْ مَجْنُونٌ (٣٩) فَأَخَذْنَـٰهُ وَجُنُودَهُۥ فَنَبَذْنَـٰهُمْ فِى ٱلْيَمِّ وَهُوَ مُلِيمٌ (٤٠) وَفِى عَادٍ إِذْ أَرْسَلْنَا عَلَيْهِمُ ٱلرِّيحَ ٱلْعَقِيمَ (٤١) مَا تَذَرُ مِن شَىْءٍ أَتَتْ عَلَيْهِ إِلَّا جَعَلَتْهُ كَٱلرَّمِيمِ (٤٢) وَفِى ثَمُودَ إِذْ قِيلَ لَهُمْ تَمَتَّعُوا۟ حَتَّىٰ حِينٍ (٤٣) فَعَتَوْا۟ عَنْ أَمْرِ رَبِّهِمْ فَأَخَذَتْهُمُ ٱلصَّـٰعِقَةُ وَهُمْ يَنظُرُونَ (٤٤) فَمَا ٱسْتَطَـٰعُوا۟ مِن قِيَامٍ وَمَا كَانُوا۟ مُنتَصِرِينَ (٤٥) وَقَوْمَ نُوحٍ مِّن قَبْلُ ۖ إِنَّهُمْ كَانُوا۟ قَوْمًا فَـٰسِقِينَ (٤٦) وَٱلسَّمَآءَ بَنَيْنَـٰهَا بِأَيْي۟دٍ وَإِنَّا لَمُوسِعُونَ (٤٧‬) وَٱلْأَرْضَ فَرَشْنَـٰهَا فَنِعْمَ ٱلْمَـٰهِدُونَ (٤٨) وَمِن كُلِّ شَىْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ (٤٩) فَفِرُّوٓا۟ إِلَى ٱللَّهِ ۖ إِنِّى لَكُم مِّنْهُ نَذِيرٌ مُّبِينٌ (٥٠)

(34). അതിക്രമകാരികള്‍ക്ക് വേണ്ടി തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ അടയാളപ്പെടുത്തിയ (കല്ലുകള്‍). (35). അപ്പോള്‍ സത്യവിശ്വാസികളില്‍പ്പെട്ടവരായി അവിടെ ഉണ്ടായിരുന്നവരെ നാം പുറത്തുകൊണ്ടുവന്നു (രക്ഷപ്പെടുത്തി). (36). എന്നാല്‍ മുസ്‌ലിംകളുടെതായ ഒരു വീടല്ലാതെ  നാം  അവിടെ കണ്ടെത്തിയില്ല. (37). വേദനയേറിയ ശിക്ഷ ഭയപ്പെടുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തം നാം അവിടെ അവശേഷിപ്പിക്കുകയും ചെയ്തു. (38). മൂസായുടെ ചരിത്രത്തിലുമുണ്ട് (ദൃഷ്ടാന്തങ്ങള്‍.) വ്യക്തമായ ആധികാരിക പ്രമാണവുമായി ഫിര്‍ഔന്റെ അടുത്തേക്ക് നാം അദ്ദേഹത്തെ നിയോഗിച്ച സന്ദര്‍ഭം. (39). അപ്പോള്‍ അവന്‍ തന്റെ ശക്തിയില്‍ അഹങ്കരിച്ച് പിന്തിരിഞ്ഞുകളയുകയാണ് ചെയ്തത്. (മൂസാ) ഒരു ജാലവിദ്യക്കാരനോ അല്ലെങ്കില്‍ ഭ്രാന്തനോ എന്ന് അവന്‍ പറയുകയും ചെയ്തു. (40). അതിനാല്‍ അവനെയും അവന്റെ സൈന്യങ്ങളെയും നാം പിടികൂടുകയും എന്നിട്ട് അവരെ കടലില്‍ എറിയുകയും ചെയ്തു. അവന്‍ തന്നെയായിരുന്നു ആക്ഷേപാര്‍ഹന്‍. (41). ആദ് ജനതയിലും (ദൃഷ്ടാന്തമുണ്ട്). വന്ധ്യമായ കാറ്റ് നാം അവരുടെ നേരെ അയച്ച സന്ദര്‍ഭം! (42). ആ കാറ്റ് ഏതൊരു വസ്തുവിന്മേല്‍ ചെന്നെത്തിയോ, അതിനെ ദ്രവിച്ച തുരുമ്പു പോലെ ആക്കാതെ അത് വിടുമായിരുന്നില്ല. (43). ഥമൂദ് ജനതയിലും (ദൃഷ്ടാന്തമുണ്ട്). ഒരു സമയം വരെ നിങ്ങള്‍ സുഖം അനുഭവിച്ചുകൊള്ളുക എന്ന് അവരോട് പറയപ്പെട്ട സന്ദര്‍ഭം! (44). എന്നിട്ട് അവര്‍ തങ്ങളുടെ രക്ഷിതാവിന്റെ കല്‍പനക്കെതിരായി ധിക്കാരം കൈക്കൊണ്ടു. അതിനാല്‍ അവര്‍ നോക്കിക്കൊണ്ടിരിക്കെ ആ ഘോരനാദം അവരെ പിടികൂടി. (45). അപ്പോള്‍ അവര്‍ക്ക് എഴുന്നേറ്റുപോകാന്‍ കഴിവുണ്ടായില്ല. അവര്‍ രക്ഷാനടപടികളെടുക്കുന്നവരായതുമില്ല. (46). അതിനുമുമ്പ് നൂഹിന്റെ ജനതയെയും (നാം നശിപ്പിക്കുകയുണ്ടായി). തീര്‍ച്ചയായും അവര്‍ അധര്‍മകാരികളായ ഒരു ജനതയായിരുന്നു. (47). ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു. (48). ഭൂമിയാകട്ടെ നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത് വിതാനിച്ചവന്‍ എത്ര നല്ലവന്‍! (49). എല്ലാ വസ്തുക്കളില്‍നിന്നും ഈരണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി. (50). അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഓടിച്ചെല്ലുക. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് അവന്റെ അടുക്കല്‍നിന്നുള്ള വ്യക്തമായ താക്കീതുകാരനാകുന്നു.

35-36. (അപ്പോള്‍ സത്യവിശ്വാസികളില്‍ പെട്ടവരായി അവിടെ ഉണ്ടായിരുന്നവരെ നാം പുറത്തുകൊണ്ടുവന്നു. എന്നാല്‍ മുസ്‌ലിംകളുടെതായ ഒരു വീടല്ലാതെ നാം അവിടെ കണ്ടെത്തിയില്ല). ലൂത്വിന്റെ വീട്ടിലുള്ളവരാണവര്‍. അദ്ദേഹത്തിന്റെ ഭാര്യയൊഴിച്ച്. തീര്‍ച്ചയായും അവള്‍ നശിക്കേണ്ടവരില്‍ പെട്ടവളാണ്.

37. (വേദനയേറിയ ശിക്ഷ ഭയപ്പെടുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തം നാം അവിടെ അവശേഷിപ്പിക്കുകയും ചെയ്തു). ആ ദൃഷ്ടാന്തത്തിലൂടെ അവര്‍ പാഠം പഠിക്കാനും അല്ലാഹുവിന്റെ ശിക്ഷ കഠിനമാണെന്ന് അവരറിയാനും വേണ്ടി. തീര്‍ച്ചയായും അവന്റെ ദൂതര്‍ സത്യസന്ധരും സത്യപ്പെടുത്തപ്പെടേണ്ടവരും തന്നെ.

ഈ ചരിത്രം ഉള്‍ക്കൊള്ളുന്ന ചില തത്ത്വങ്ങളും  വിധികളും

അതിലൊന്ന്: മുന്‍കാലത്തിലെ അധര്‍മകാരികളുടെയും പുണ്യവാന്മാരുടെയും ചരിത്രം പറയുന്നതിലെ തത്ത്വം അവരില്‍നിന്ന് ഗുണപാഠമുള്‍ക്കൊള്ളാനും അവര്‍ക്കെന്ത് സംഭവിച്ചു എന്ന് മനസ്സിലാക്കാനുമാണ്.

മറ്റൊന്ന്, ഇബ്‌റാഹീം നബി(അ)യുടെ മഹത്വമാണ്. അദ്ദേഹത്തിന്റെ ചരിത്രം കൊണ്ട് ആരംഭിച്ചതിനാല്‍ അതിലുള്ള ശ്രദ്ധയും പ്രാധാന്യവും മനസ്സിലാകുന്നു. മറ്റൊന്ന്, ആതിഥ്യത്തിന്റെ നിയമങ്ങള്‍, അത് ഇബ്‌റാഹീ(അ)മിന്റെ ചര്യകളില്‍പെട്ടതാണ്. ആ മാര്‍ഗം പിന്‍പറ്റാന്‍ മുഹമ്മദ് നബി ﷺ യോടും സമുദായത്തോടും അല്ലാഹു കല്‍പിക്കുന്നു. ഇവിടെ അല്ലാഹു അത് കൊണ്ടുവന്നിട്ടുള്ളത് അദ്ദേഹത്തിനുള്ള ഒരു പ്രശംസയായിട്ടാണ്.

മറ്റൊന്ന്, അതിഥി വാക്കുകൊണ്ടും പ്രവൃത്തികൊണ്ടുമെല്ലാം ആദരിക്കപ്പെടേണ്ടവനാണ്. അല്ലാഹു ഇബ്‌റാഹീം നബി(അ)യുടെ അതിഥികളെ ‘ആദരണീയര്‍' എന്നാണ് വിശേഷിപ്പിച്ചത്. ഇബ്‌റാഹീം നബി(അ) അവരെ ആദരിച്ചു. തുടര്‍ന്ന് അവരോട് അദ്ദേഹം വാക്കിലും പ്രവൃത്തിയിലും കാണിച്ച ആതിഥ്യം വിശദീകരിക്കുന്നു

അല്ലാഹുവിന്റെ അടുക്കലും ആദരണീയര്‍

മറ്റൊന്ന്, ഇബ്‌റാഹീം നബി(അ)യുടെ വീട് സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കുമുള്ള ഒരു താവളമായിരുന്നു. വഴി മര്യാദയനുസരിച്ച് സലാം പറഞ്ഞുകൊണ്ട് പ്രവേശിക്കുകയാണ് അവര്‍ ചെയ്തത്; സമ്മതം കൂടാതെ തന്നെ. അപ്പോള്‍ പൂര്‍ണമായ രൂപത്തില്‍ ഇബ്‌റാഹീം നബി(അ) അവര്‍ക്ക് സലാം മടക്കി. സ്ഥാപിക്കാനും സ്ഥിരപ്പെടുത്താനും ഉപയോഗിക്കുന്ന പ്രത്യേക വാചക ഘടനയിലായിരുന്നു അദ്ദേഹം സലാം മടക്കിയത്. ഒരു മനുഷ്യനിലേക്ക് ഒരാള്‍ വരികയോ എന്തെങ്കിലും ബന്ധങ്ങളുണ്ടാവുകയോ ചെയ്താല്‍ പരിചയപ്പെടേണ്ടത് എങ്ങനെയാണെന്നും ഇതിലുണ്ട്. അതിലാവട്ടെ ധാരാളം പ്രയോജനങ്ങളുണ്ട്.

മറ്റൊന്ന്, ഇബ്‌റാഹീം നബി(അ)യുടെ സംസാരത്തിലെ സൗമ്യതയും മര്യാദയും. അദ്ദേഹം പറയുന്നത് (അപരിചിതരായ ആളുകളാണല്ലോ) എന്നാണ്. മറിച്ച് ‘നിങ്ങളെ എനിക്ക് പരിചയമില്ല' എന്നല്ല. ഈ രണ്ട് പദങ്ങളും തമ്മില്‍ വ്യക്തമായ അന്തരമുണ്ട്. മറ്റൊന്ന്, ആതിഥ്യം വേഗത്തിലാക്കുക എന്നതാണ്. ഒരു പുണ്യം ചെയ്യുമ്പോള്‍ ഉത്തമന്‍ അത് വേഗത്തില്‍ ചെയ്യുന്നവനാണ്. അതിനാല്‍ ഇബ്‌റാഹീം നബി(അ) അതിഥികള്‍ക്കുള്ള ആതിഥ്യത്തില്‍ ധൃതി കാണിച്ചു.

മറ്റൊന്ന്, അതിഥിക്കല്ലാതെ അറുത്തത് അതിഥിക്ക് നല്‍കുന്നതില്‍ അനാദരവില്ല. മറിച്ച് അത് ആദരവ് കൂടിയാണ്. ഇബ്‌റാഹീം നബി (അ)ചെയ്തത് അതാണ്. ആദരണീയരാണ് അദ്ദേഹത്തിന്റെ അതിഥികളെന്ന് അല്ലാഹു തന്നെ പറഞ്ഞു. മറ്റൊന്ന്, തന്റെ ഖലീലായ ഇബ്‌റാഹീം നബി(അ)ക്ക് അല്ലാഹു ധാരാളം അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നതാണ്. അങ്ങാടിയില്‍നിന്നോ, അയല്‍വാസികളില്‍നിന്നോ കൊണ്ടുവരാതെത്തന്നെ അതിഥികൾക്ക് ആവശ്യമുള്ളത് അവിടെ ഉണ്ടായിരുന്നു. മറ്റൊന്ന്, ഇബ്‌റാഹീം നബി(അ) തന്നെ തന്റെ അതിഥിക്ക് സേവനം ചെയ്യുന്നു. ആതിഥ്യം നല്‍കിയവരുടെ നേതാവും പരമകാരുണികന്റെ ഖലീലുമായിരുന്നിട്ടും.

മറ്റൊന്ന്, അവരുള്ള സ്ഥലത്തേക്ക് ഭക്ഷണം അങ്ങോട്ട് എത്തിച്ചുകൊടുത്തു. ഒരു സ്ഥലത്ത് വെച്ചിട്ട് ഇങ്ങോട്ട് വരൂ എന്ന് പറഞ്ഞില്ല. ഇത് ഏറ്റവും നല്ലതും സൗകര്യപ്രദവുമാണ്. മറ്റൊന്ന്, മൃദുലമായ സംസാരത്തിലൂടെ അതിഥിയോട് കാണിക്കുന്ന സൗമ്യത. പ്രത്യേകിച്ച് ഭക്ഷണം നല്‍കുമ്പോള്‍. തീര്‍ച്ചയായും ഇബ്‌റാഹീം നബി(അ) വളരെ സൗമ്യമായാണ് അതവര്‍ക്ക് നല്‍കിയത്. എന്നിട്ടദ്ദേഹം ചോദിച്ചു: (നിങ്ങള്‍ തിന്നുന്നില്ലേ?) നിങ്ങള്‍ തിന്നൂ എന്നോ മറ്റ് പദങ്ങള്‍ പറഞ്ഞില്ല. മറിച്ച്, ഒരു അന്വേഷണത്തിന്റെ പദമാണ് ഉപയോഗിച്ചത് (നിങ്ങള്‍ തിന്നുന്നില്ലേ?). അദ്ദേഹത്തെ പിന്‍പറ്റുന്നവര്‍ സന്ദര്‍ഭത്തില്‍ യോജിക്കുന്ന ഇത്തരം നല്ല പദങ്ങളാണ് ഉപയോഗിക്കേണ്ടത്. അദ്ദേഹം തന്റെ അതിഥിയോട് പറഞ്ഞതുപോലെ     ‘നിങ്ങള്‍ തിന്നുന്നില്ലേ?' അല്ലെങ്കില്‍ ‘വരുന്നില്ലേ,' ‘വന്നാലും, ‘ഞങ്ങള്‍ക്ക് നല്ലത് ചെയ്താലും' എന്നതുപോലുള്ള പ്രയോഗങ്ങള്‍.

മറ്റൊന്ന്, എന്തെങ്കിലും കാരണങ്ങളാല്‍ ഒരാളിൽ നിന്ന് ഭയമുണ്ടായാല്‍ ആ ഭയം അകറ്റാന്‍ അയാള്‍ക്ക് ബാധ്യതയുണ്ട്. അയാളുടെ ഭയം ഇല്ലാതാക്കാനും മനസ്സ് ശാന്തമാകാനും ഉതകുന്നത് അയാളോട് പറയണം. ഇബ്‌റാഹീം നബി(അ) ഭയപ്പെട്ടപ്പോള്‍ മലക്കുകള്‍ അദ്ദേഹത്തോട് പറഞ്ഞതുപോലെ (താങ്കള്‍ ഭയപ്പെടേണ്ട). ഭയത്തിനുശേഷം ആ സന്തോഷകരമായ വാര്‍ത്ത അദ്ദേഹത്തെ അവര്‍ അറിയിക്കുകയും ചെയ്തു.

മറ്റൊന്ന്, ഇബ്‌റാഹീം നബി(അ)യുടെ ഭാര്യ സാറയുടെ സന്തോഷത്തിന്റെ ആധിക്യം. ഒരു പ്രത്യേക ശബ്ദവും അപൂര്‍വമായ മുഖത്തടിയുംവരെ അവരില്‍നിന്നുണ്ടായി. മറ്റൊന്ന്, ജ്ഞാനിയായ ഒരു കുട്ടിയെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിച്ച് ഇബ്‌റാഹീം നബി(അ)യുടെ ഭാര്യ സാറയെയും അല്ലാഹു ആദരിച്ചു.

38. അതായത് (മൂസായുടെ ചരിത്രത്തിലുമുണ്ട്) ഫിര്‍ഔനിലേക്കും അവന്റെ ജനതയിലേക്കും വ്യക്തമായ തെളിവുകളും അമാനുഷിക ദൃഷ്ടാന്തങ്ങളുമായി അല്ലാഹു അദ്ദേഹത്തെ അയച്ചു എന്നതില്‍, അല്ലാഹുവിന്റെ വേദനിക്കുന്ന ശിക്ഷയെ ഭയപ്പെടുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.

39. വ്യക്തമായ പ്രമാണങ്ങളുമായി മൂസാ (അ) ഫിര്‍ഔനിന്റെ അടുക്കല്‍ ചെന്നപ്പോള്‍ ഫിര്‍ഔന്‍ പിന്തിരിഞ്ഞു. (ശക്തിയില്‍ അഹങ്കരിച്ചു) വലിയ കഴിവിലും ശക്തിയിലും. അവന്‍ സത്യത്തില്‍നിന്ന് തിരിഞ്ഞുകളഞ്ഞു. അതിലേക്കവന്‍ തിരിഞ്ഞുനോക്കിയില്ല. അതിനെക്കുറിച്ചവന്‍ വലിയ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.

അവര്‍ പറഞ്ഞു: (ഒരു ജാലവിദ്യക്കാരനോ ഭ്രാന്തനോ ആണ്). മൂസാ കൊണ്ടുവന്നത് ഒന്നുകില്‍ മായാജാലവും മാരണവും. സത്യത്തിന്റെ അംശംപോലും അതിലില്ല. അല്ലെങ്കില്‍ അവന്‍ ഭ്രാന്തന്‍. ബുദ്ധിയില്ല, അതുകൊണ്ട് അവനില്‍നിന്ന് ഉണ്ടാകുന്നതിന് അവനെ പിടികൂടേണ്ടതില്ല. അവര്‍ക്കറിയാം-പ്രത്യേകിച്ചും ഫിര്‍ഔനിന്- മൂസാ സത്യമാണ് പറയുന്നതെന്ന്. അല്ലാഹു പറയുന്നു: ‘‘അവയെപ്പറ്റി അവരുടെ മനസ്സുകള്‍ക്ക് ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു'' (27:14). ഫിര്‍ഔനിനോട് മൂസാ(അ) പറഞ്ഞു: ‘‘കണ്ണുതുറപ്പിക്കുന്ന ദൃഷ്ടാന്തങ്ങളുമായിക്കൊണ്ട് ഇവ ഇറക്കിയത് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവുതന്നെയാണ് എന്ന് തീ ര്‍ച്ചയായും നീ മനസ്സിലാക്കിയിട്ടുണ്ട്''(17:102).

40. (അതിനാല്‍ അവനെയും അവന്റെ സൈന്യങ്ങളെയും നാം പിടികൂടുകയും എന്നിട്ടവരെ കടലില്‍ എറിയുക യും ചെയ്തു. അവൻ തന്നെയായിരുന്നു ആക്ഷേപാര്‍ഹന്‍). അതായത് അല്ലാഹുവോട് ധിക്കാരവും അതിക്രമവും പാപവും ചെയ്തവന്‍. അപ്പോള്‍ അല്ലാഹു അവ നെ പ്രതാപശാലിയുടെയും കഴിവുറ്റവന്റെയും ശിക്ഷ പിടിച്ച് ശിക്ഷിച്ചു.

41. അതായത്, അതില്‍ അവര്‍ക്ക് ദൃഷ്ടാന്തമുണ്ട്. (ആദ്) പ്രസിദ്ധമായൊരു ഗോത്രം. വന്ധ്യമായ കാറ്റ് നാം അവരുടെ നേരെ അയച്ച സന്ദര്‍ഭം). അതായത് യാതൊരു ഗുണവുമില്ലാത്ത. അവരുടെ ദൂതനായ ഹൂദ് നബി(അ)യെ അവര്‍ കളവാക്കിയപ്പോള്‍.

42. ആ കാറ്റ് ഏതൊരു വസ്തുവിന്മേല്‍ ചെന്നെത്തിയോ, അതിനെ ദ്രവിച്ച തുരുമ്പുപോലെ ആക്കാതെ അത് വിടുമായിരുന്നില്ല. വളരെ ശക്തിയും കഴിവും ഉണ്ടായിട്ടും; അവരെ നശിപ്പിച്ചവന്റെ ശക്തിയും കഴിവും ഇവിടെ തെളിയുന്നു. ഒരു കാര്യത്തിനും അവന്‍ അശക്തനല്ലെന്നും അവനെതിരു പ്രവര്‍ത്തിക്കുന്നവരെ ശിക്ഷിക്കുമെന്നും മനസ്സിലാക്കാം.

43. (ഥമൂദിലും) അവരിലേക്ക് സ്വാലിഹ് നബി(അ)യെ നിയോഗിച്ച സമയത്തും വലിയ ദൃഷ്ടാന്തമുണ്ടായി. അവരദ്ദേഹത്തെ കളവാക്കുകയും ധിക്കരിക്കുകയും ചെയ്തു. അല്ലാഹു അവര്‍ക്ക് കണ്ണ് തുറപ്പിക്കപ്പെട്ട ഒരു ദൂഷ്ടാന്തമായി ഒരു ഒട്ടകത്തെ നിയോഗിച്ചു. അതവരില്‍ ധിക്കാരവും അകല്‍ച്ചയുമല്ലാതെ വര്‍ധിപ്പിച്ചില്ല. (ഒരു സമയം വരെ നിങ്ങള്‍ സുഖം അനുഭവിച്ചുകൊള്ളുക എന്ന് അവരോട് പറയപ്പെട്ട സന്ദര്‍ഭം).

44. എന്നിട്ടവര്‍ തങ്ങളുടെ രക്ഷിതാവിന്റെ കല്‍പനക്കെതിരായി ധിക്കാരം കൈക്കൊണ്ടു. അതിനാല്‍ അവര്‍ നോക്കിക്കൊണ്ടിരിക്കെ ആ ഘോരനാദം അവരെ പിടികൂടി). അതായത് വിനാശകരമായ വമ്പിച്ച ആ ശബ്ദം. (അവര്‍ നോക്കിക്കൊണ്ടിരിക്കെ) നേര്‍ക്കുനേരെ കണ്ണുകള്‍കൊണ്ട് കണ്ടു അവരുടെ ശിക്ഷ.

45. (അപ്പോള്‍ അവര്‍ക്ക് എഴുന്നേറ്റ് പോകാന്‍ കഴിവുണ്ടായിരുന്നില്ല) അതിലൂടെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍. (അവര്‍ രക്ഷാനടപടി എടുക്കുന്നവരായതുമില്ല). അവരുടെ ശരീരങ്ങള്‍ക്കുവേണ്ടി)

45. (അതിന് മുമ്പ് നൂഹിന്റെ ജനതയെയും നാം നശിപ്പിക്കുകയുണ്ടായി. തീര്‍ച്ചയായും അവര്‍ അധര്‍മകാരികളായ ഒരു ജനതയായിരുന്നു). നൂഹ് നബി(അ)യെ കളവാക്കുകയും അല്ലാഹുവിന്റെ കല്‍പനകള്‍ വിട്ട് അധര്‍മകാരികളാവുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ജനതയെയും അല്ലാഹു ചെയ്തത് ഇപ്രകാരം തന്നെയാണ്. കോരിച്ചൊരിയുന്ന വെള്ളം ഭൂമിയില്‍നിന്നും ആകാശത്തുനിന്നുമായി അല്ലാഹു അവരുടെമേല്‍ അയച്ചു. അവരില്‍ അവസാനത്തവനെയും അല്ലാഹു മുക്കിനശിപ്പിച്ചു. സത്യനിഷേധികളില്‍ ഒരു വീട്ടുകാരനും അവശേഷിച്ചില്ല. തന്നോട് എതിരു പ്രവര്‍ത്തിക്കുന്നവരോട് അല്ലാഹുവിന്റെ നടപടിക്രമവും പതിവും ഇതാണ്.

47. അല്ലാഹുവിന്റെ മഹത്തായ കഴിവിനെ വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറയുന്നു: (ആകാശമാകട്ടെ, അതിനെ നാം നിര്‍മിച്ചു). അതായത് അതിനെ നാം സൃഷ്ടിക്കുകയും സുദൃഢമാക്കുകയും ഭൂമിക്ക് മുകളില്‍ അതിനെ ഒരു മേല്‍ക്കൂരയാക്കുകയും ചെയ്തു. (ശക്തിയാല്‍) മഹത്തായ കഴിവുകൊണ്ടും ശക്തികൊണ്ടും. (തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവ നാകുന്നു). അതിന്റെ വശങ്ങളെയും ഭാഗങ്ങളെയും. നമ്മുടെ അടിമകള്‍ക്ക് ഭക്ഷണം നല്‍കുന്നതി ലും നാം വിശാലത വരുത്തുന്നവനാണ്. വിജനതകളിലും കടലിന്റെ വിശാലതകളിലും ഉപരിയിലും അല്ലാതെയുമുള്ള ലോക മണ്ഡലങ്ങളിലും മതിയായ ഭക്ഷണം അവന്‍ എത്തിക്കാതിരിക്കില്ല. അതിന്നാവശ്യമായ നന്മകള്‍ അതിന് നല്‍കും. സകല സൃഷ്ടികള്‍ക്കും ഔദാര്യം ചെയ്യുന്നവന്‍ മഹാപരിശുദ്ധന്‍. സര്‍വ ചരാചരങ്ങളിലും തന്റെ കാരുണ്യം വിശാലമായ അനുഗ്രഹപൂര്‍ണനായവന്‍.

48. (ഭൂമിയാകട്ടെ, അതിനെ നാം ഒരു വിരിപ്പാക്കിയിരിക്കുന്നു). പടപ്പുകള്‍ക്ക് നാം അതിനെ ഒരു വിരിപ്പാക്കി. അവര്‍ക്കാവശ്യമായ എല്ലാ നന്മകള്‍ക്കുമുള്ള സൗകര്യം അവനതിലേര്‍പ്പെടുത്തി. താമസം, കൃഷി, ഉദ്ദിഷ്ട സ്ഥലങ്ങളിലേക്ക് എത്തിപ്പെടാനുള്ള വണ്ടികള്‍ എല്ലാം തന്നെ. എല്ലാ നിലക്കുമുള്ള പ്രയോജനങ്ങള്‍ക്ക് പറ്റുന്നതായിരിക്കും. ഏറ്റവും നല്ലതും പരിപൂര്‍ണവുമായ വിധത്തിലാണ് വിരിപ്പ് സംവിധാനിച്ചതെന്ന് അല്ലാഹുതന്നെ പറയുന്നു. ആ വിഷയത്തില്‍ അവന്‍ അവനത്തന്നെ പുകഴ്‌ത്തുകയും ചെയ്യുന്നു (എന്നാല്‍ അത് വിതാനിച്ചവന്‍ എത്ര നല്ലവന്‍). അവന്റെ യുക്തിക്കും കാരുണ്യത്തിനും അനുസരിച്ച് തന്റെ അടിമക്ക് അവന്‍ അതിനെ സൗകര്യപ്പെടുത്തി.

49. (എല്ലാ വസ്തുക്കളില്‍നിന്നും ഈരണ്ടിണകളെ നാം സൃഷ്ടിച്ചിരിക്കുന്നു). ജീവിവര്‍ഗങ്ങളിലെ എല്ലാ ഇനങ്ങളിലും ആണ്‍-പെണ്‍ വര്‍ഗങ്ങളെ. (നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കാന്‍ വേണ്ടി) അല്ലാഹു നിങ്ങള്‍ക്ക് തന്ന അനുഗ്രഹങ്ങളെക്കുറിച്ച്. അവ നിശ്ചയിച്ചതിലും അവന്റെ യുക്തിയുണ്ട്. എല്ലാ ജീവി വര്‍ഗങ്ങളും അവശേഷിക്കാനുള്ള ഒരു കാരണമായ നിലയ്ക്കാണ് അവനത് ചെയ്തത്. അതിന്റെ വളര്‍ച്ചയ്ക്കും സേവനവും സംരക്ഷണവും നി ര്‍വഹിക്കത്തക്കവിധത്തിലും അതിലൂടെയുള്ള പ്രയോജനങ്ങള്‍ ലഭിക്കാനും.

50. അല്ലാഹുവിനെ ഭയപ്പെടാനും അവനിലേക്ക് ഖേദിച്ചുമടങ്ങാനും നിര്‍ബന്ധിപ്പിക്കുന്ന അവന്റെ ദൃഷ്ടാന്തങ്ങളിലേക്ക് തന്റെ അടിമകളെ ക്ഷണിക്കുമ്പോള്‍ തന്നെ അതിന്നാവശ്യമായത് നിര്‍ദേശിക്കുകയും ചെയ്യുന്നു. അത് അവനിലേക്ക് ഓടിച്ചെല്ലാനാണ്. അതായത് പ്രത്യക്ഷമായും പരോക്ഷമായും അവന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍നിന്നും ഇഷ്ടപ്പെടുന്നതിലേക്കുള്ള ഓട്ടം. അജ്ഞതയില്‍നിന്ന് അറിവിലേക്ക്, അവിശ്വാസത്തില്‍നിന്ന് വിശ്വാസത്തിലേക്ക്, അനുസരണക്കേടിൽ നിന്ന് അനുസരണത്തിലേക്ക്, അശ്രദ്ധയില്‍നിന്ന് അല്ലാഹുവിന്റെ സ്മരണയിലേക്ക്. ഈ കാര്യങ്ങള്‍ ആര്‍ക്ക് പൂര്‍ണമായോ അവന്റെ ദീന്‍ മുഴുവന്‍ പരിപൂര്‍ണമായി. എല്ലാ ഭയവും നീങ്ങി. ഉദ്ദിഷ്ട ലക്ഷ്യം അവന്‍ കരസ്ഥമാക്കി. തന്നിലേക്കുള്ള മടക്കത്തെ അല്ലാഹു വിളിച്ചത് ‘ഓടിച്ചെല്ലുക' എന്നാണ്. അവനല്ലാത്തവരിലേക്കുള്ള മടക്കം ഭയങ്ങളിലേയും അനിഷ്ടങ്ങളിലേക്കുമാണ്. എന്നാല്‍ അവനിലേക്കുള്ള മടക്കം ഇഷ്ടങ്ങളിലേക്കാണ്. വിജയത്തിലേക്കും സൗഭാഗ്യത്തിലേക്കും സന്തോഷത്തിലേക്കും നിര്‍ഭയത്വത്തിലേക്കും. അവന്റെ വിധിതീരുമാനങ്ങളില്‍ നിന്ന് അവന്റെ വിധിതീരുമാനങ്ങളിലേക്കുതന്നെ. എന്തെല്ലാം നീ ഭയപ്പെടുന്നുവോ അതില്‍നിന്നെല്ലാം നീ അല്ലാഹുവിലേക്ക് ഓടിച്ചെല്ലുക. ഭയത്തിന്നനുസരിച്ചാണ് അവനിലേക്കുള്ള ഓടിച്ചെല്ലല്‍. (തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് അവന്റെ അടുക്കല്‍നിന്നുള്ള വ്യക്തമായ താക്കീതുകാരനാകുന്നു). അതായത് അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള താക്കീതുകാരനാണ്. താക്കീത് വ്യക്തമാക്കിക്കൊടുക്കുന്ന ഭയപ്പെടുത്തുന്നവനും.