സൂറഃ അൽ ഹുജറാത്ത്, ഭാഗം 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ഫെബ്രുവരി 19, 1442 റജബ്  18

അധ്യായം: 49, ഭാഗം 1 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُقَدِّمُوا۟ بَيْنَ يَدَىِ ٱللَّهِ وَرَسُولِهِۦ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ (١) يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَرْفَعُوٓا۟ أَصْوَٰتَكُمْ فَوْقَ صَوْتِ ٱلنَّبِىِّ وَلَا تَجْهَرُوا۟ لَهُۥ بِٱلْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَـٰلُكُمْ وَأَنتُمْ لَا تَشْعُرُونَ (٢) إِنَّ ٱلَّذِينَ يَغُضُّونَ أَصْوَٰتَهُمْ عِندَ رَسُولِ ٱللَّهِ أُو۟لَـٰٓئِكَ ٱلَّذِينَ ٱمْتَحَنَ ٱللَّهُ قُلُوبَهُمْ لِلتَّقْوَىٰ ۚ لَهُم مَّغْفِرَةٌ وَأَجْرٌ عَظِيمٌ (٣) إِنَّ ٱلَّذِينَ يُنَادُونَكَ مِن وَرَآءِ ٱلْحُجُرَٰتِ أَكْثَرُهُمْ لَا يَعْقِلُونَ (٤) وَلَوْ أَنَّهُمْ صَبَرُوا۟ حَتَّىٰ تَخْرُجَ إِلَيْهِمْ لَكَانَ خَيْرًا لَّهُمْ ۚ وَٱللَّهُ غَفُورٌ رَّحِيمٌ (٥) يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن جَآءَكُمْ فَاسِقٌۢ بِنَبَإٍ فَتَبَيَّنُوٓا۟ أَن تُصِيبُوا۟ قَوْمًۢا بِجَهَـٰلَةٍ فَتُصْبِحُوا۟ عَلَىٰ مَا فَعَلْتُمْ نَـٰدِمِينَ (٦) وَٱعْلَمُوٓا۟ أَنَّ فِيكُمْ رَسُولَ ٱللَّهِ ۚ لَوْ يُطِيعُكُمْ فِى كَثِيرٍ مِّنَ ٱلْأَمْرِ لَعَنِتُّمْ وَلَـٰكِنَّ ٱللَّهَ حَبَّبَ إِلَيْكُمُ ٱلْإِيمَـٰنَ وَزَيَّنَهُۥ فِى قُلُوبِكُمْ وَكَرَّهَ إِلَيْكُمُ ٱلْكُفْرَ وَٱلْفُسُوقَ وَٱلْعِصْيَانَ ۚ أُو۟لَـٰٓئِكَ هُمُ ٱلرَّٰشِدُونَ (٧)

(01). സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും മുമ്പില്‍(യാതൊന്നും) മുന്‍കടന്നു പ്രവര്‍ത്തിക്കരുത്. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (02). സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദങ്ങള്‍ പ്രവാചകന്റെ ശബ്ദത്തിന് മീതെ ഉയര്‍ത്തരുത്. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ അന്യോന്യം ഒച്ചയിടുന്നതുപോലെ ഒച്ചയിടുകയും ചെയ്യരുത്. നിങ്ങളറിയാതെതന്നെ നി ങ്ങളുടെ കര്‍മങ്ങള്‍ നിഷ്ഫലമായി പോകാതിരിക്കാന്‍ വേണ്ടി. (03). തീര്‍ച്ചയായും തങ്ങളുടെ ശബ്ദങ്ങള്‍ അല്ലാഹുവിന്റെ റസൂലിന്റെ അടുത്ത് താഴ്ത്തുന്നവരാരോ അവരുടെ ഹൃദയങ്ങളാകുന്നു അല്ലാഹു ധർമനിഷ്ഠയ്ക്കായി പരീക്ഷിച്ചെടുത്തിട്ടുള്ളത്. അ വര്‍ക്കാകുന്നു പാപമോചനവും മഹത്തായ പ്രതിഫലവുമുള്ളത്. (04). (നീ താമസിക്കുന്ന) അറകള്‍ക്കു പുറത്തുനിന്ന് നിന്നെ വിളിക്കുന്നവരാരോ അവരില്‍ അധികപേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല. (05). നീ അവരുടെ അടുത്തേക്കു പുറപ്പെട്ട് ചെല്ലുന്നതുവരെ അവര്‍ ക്ഷമിച്ചിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്ക് കൂടുല്‍ നല്ലത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (06). സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയുംകൊണ്ട് നിങ്ങളുടെ അടുത്തുവന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി. (07). അല്ലാഹുവിന്റെ റസൂലാണ് നിങ്ങള്‍ക്കിടയിലുള്ളതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ വിഷമിച്ചുപോകുമായിരുന്നു. എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധര്‍മവും അനുസരണക്കേടും നിങ്ങള്‍ക്കവന്‍ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍.

അല്ലാഹുവോടും അവന്റെ ദൂതനോടും കാണിക്കേണ്ട മര്യാദകളും ആദരവും ബഹുമാനവുമാണ് ഇതിലെ ഉള്ളടക്കം. അല്ലാഹുവിലും റസൂലിലുമുള്ള വിശ്വാസത്തിന്നനുസരിച്ച് അ ല്ലാഹുവിന്റെ കല്‍പനകള്‍ പാലിക്കാനും നിരോധങ്ങള്‍ ഉപേക്ഷിക്കാനും തന്റെ വിശ്വാസികളായ ദാസന്മാരോട് നിര്‍ദേശിക്കുന്നു. അവര്‍ അല്ലാഹുവിന്റെ കല്‍പനകളോടൊപ്പം സഞ്ചരിക്കുന്നവരായിരിക്കണം. അവന്റെ ദൂതന്റെ മുഴുവന്‍ നിര്‍ദേശങ്ങളും പിന്‍പറ്റണം. അല്ലാ ഹുവിനെയും അവന്റെ ദൂതനെയും മുന്‍കടക്കരുത്. അദ്ദേഹം പറയാതെ അവര്‍ പറയാന്‍ പാടില്ല. അദ്ദേഹം കല്‍പിക്കാതെ അവര്‍ കല്‍പിച്ചുകൂടാ. ഇതാണ് അല്ലാഹുവോടും അവന്റെ ദൂതനോടും കാണിക്കേണ്ട നിര്‍ബന്ധമായ മര്യാദകളുടെ പൊരുള്‍. അതിലാണ് ഒരു ദാസന്റെ വിജയവും സൗഭാഗ്യവും. അത് നഷ്ടപ്പെട്ടാല്‍ അവന്റെ നിത്യസുഖങ്ങളും ശാശ്വത സൗഭാ ഗ്യവും നഷ്ടപ്പെടും. പ്രവാചകന്റെ വാക്കിനെക്കാള്‍ മറ്റുള്ളവരുടെ വാക്കുകള്‍ക്ക് മുന്‍ഗണ നല്‍കിക്കൂടെന്നുള്ള ശക്തമായ നിരോധം കൂടി ഇതിലുണ്ട്. പ്രവാചകചര്യകള്‍ വ്യക്തമായി കിട്ടിയാല്‍ അത് പിന്‍പറ്റലും എന്ത് കാര്യങ്ങളായാലും അതിന് ഇതിനെക്കാള്‍ മുന്‍ഗണന നല്‍കാനും പാടില്ല.

 1. തുടര്‍ന്ന് പൊതുവായി സൂക്ഷ്മത പാലിക്കാന്‍ വേണ്ടി കല്‍പിക്കുന്നു. ത്വലഖ്ബ്‌നു ഹബീബ് പറഞ്ഞതുപോലെ: അല്ലാഹുവില്‍നിന്നുള്ള ഒരു പ്രകാശത്താല്‍ അവന്റെ പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ട് അവനെ അനുസരിച്ച് നീ പ്രവര്‍ത്തിക്കുക. അവനില്‍നിന്നുള്ള ഒരു പ്രകാശത്താല്‍ തന്നെ അവന്റെ ശിക്ഷയെ ഭയന്ന് അവനെതിരു പ്രവര്‍ത്തിക്കുന്നത് നീ ഉപേക്ഷിക്കുകയും ചെയ്യുക. (തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനാണ്). സര്‍വ ശബ്ദങ്ങളും സദാസമയങ്ങളിലും അവ്യക്തമായ സ്ഥലത്തും സന്ദര്‍ഭത്തിലും ഉള്ളതുപോ ലും (അറിയുന്നവനുമാകുന്നു). പ്രത്യക്ഷവും പരോക്ഷവുമായത്, കഴിഞ്ഞുപോയും വരാനിരിക്കുന്നുതും നിര്‍ബന്ധമായതും സാധ്യമായതും അസാധ്യമായതുമെല്ലാം.

അല്ലാഹുവിനെയും റസൂലിനെയും മുന്‍കടന്ന് പ്രവര്‍ത്തിക്കരുതെന്നും സൂക്ഷ്മത പാലിക്കണമെന്നും നിര്‍ദേശിച്ചു. ശേഷം അല്ലാഹുവിന്റെ ആദരണീയമായ രണ്ട് നാമങ്ങള്‍ പറഞ്ഞതിലും കല്‍പനകളും മര്യാദകളും പിന്‍തുടരാനുള്ള പ്രേരണയും അതിനെതിരായി പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചുള്ള താക്കീതുമുണ്ട്.

2. തുടര്‍ന്ന് അല്ലാഹു പറയുന്നു: (സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദങ്ങള്‍ പ്രവാചകന്റെ ശബ്ദത്തിന്റെ മീതെ നിങ്ങള്‍ ഉയര്‍ത്തരുത്, അദ്ദേഹത്തോട് നിങ്ങള്‍ ഒച്ചയിടരുത്). പ്രവാചകനോട് സംസാരിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദയാണിത്. സംസാരിക്കുന്നവന്‍ പ്രവാചകന്റെ ശബ്ദത്തെക്കാള്‍ ശബ്ദമുയര്‍ത്തരുത്. മറിച്ച്, സംസാരിക്കുമ്പോള്‍ ശബ്ദം താഴ്ത്തണം. മൃദുലമായും മഹത്ത്വത്തോടും ആദരവോടും മര്യാദയോടുംകൂടി സംസാരിക്കണം. പ്രവാചകന്‍ ﷺ അവരില്‍ ഒരാളെപ്പോലെ ആയിരിക്കരുത്. സമുദായം അദ്ദേഹത്തോടുള്ള ബാധ്യത നിര്‍വഹിക്കുന്നതിന്റെ ഭാഗമായി അവര്‍ സംസാരിക്കുമ്പോള്‍ മറ്റുള്ളവരില്‍നിന്നും അദ്ദേഹത്തെ വ്യതിരിക്തമായി കാണണം. അദ്ദേഹത്തില്‍ വിശ്വസിക്കുന്നതിന്റെ ഭാഗം കൂടിയാണത്. വിശ്വാസം പൂര്‍ത്തിയാകാന്‍ ആവശ്യമായ സ്‌നേഹത്തിന്റെ ഭാഗവും. അത് നിര്‍വഹിക്കാതിരുന്നാല്‍ ഒരടിമയുടെ പ്രവര്‍ത്തനങ്ങള്‍ അവനറിയാതെതന്നെ നിഷ്ഫലമായിപ്പോകുമെന്നതും അവന്‍ ഭയപ്പെടണം. പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാനും പ്രതിഫലം ലഭിക്കാനുമുള്ള കാരണങ്ങളില്‍ പെട്ടതാണ് അദ്ദേഹത്തോട് കാണിക്കേണ്ട മര്യാദ.

3. പിന്നീട് അല്ലാഹുവിന്റെ ദൂതന്റെ അടുക്കല്‍ ശബ്ദം താഴ്‌ത്തിയവരെ പ്രശംസിക്കുകയാണ്. തീര്‍ച്ചയായും അല്ലാഹു അവരുടെ ഹൃദയത്തിന്റെ സൂക്ഷ്മതയെ പരീക്ഷിച്ചിരിക്കുകയാണ്. അതായത്, അതിനെ പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്തു. അതിന്റെ ഫലവും വന്നു; അവരുടെ ഹൃദയം ധര്‍മനിഷ്ഠയുള്ളതാണെന്ന്. പിന്നീട് അവര്‍ക്ക് പാപമോചനവും വാഗ്ദാനം ചെയ്യുന്നു. അവര്‍ക്ക് അനിഷ്ടകരമായതും ദോഷകരമായതും നീങ്ങിപ്പോകുമെന്നും മഹത്തായ പ്രതിഫലം ലഭിക്കുമെന്നും അതിലുണ്ട്. ആ പ്രതിഫലത്തെ വിശദീകരിക്കാന്‍ അല്ലാഹുവിന് മാത്രമെ കഴിയൂ. ഇഷ്ടപ്പെട്ടതെ ല്ലാം ലഭിക്കും. അല്ലാഹു പരീക്ഷിക്കും എന്നുകൂടി ഇതില്‍നിന്ന് മനസ്സിലാകുന്നു.

അപ്പോള്‍ ആരെങ്കിലും അല്ലാഹുവിന്റെ കല്‍പനകള്‍ മുറുകെപ്പിടിക്കുകയും അവന്റെ തൃപ്തിയെ പിന്‍പറ്റുകയും അതിലേക്ക് താല്‍പര്യം കാണിക്കുകയും അവന്റെ ഇഷ്ടങ്ങളെക്കാള്‍ അതിന് മുന്‍ഗണന നല്‍കുകയും ചെയ്താല്‍ തക്വ്‌വയാല്‍ അവന്റെ ഹൃദയം പരിശുദ്ധമാവുകയും നന്നാവുകയും ചെയ്തു. മറിച്ചാണെങ്കില്‍ അവന്‍ തക്വ്‌വക്ക് പറ്റിയവനല്ലെന്നും വ്യക്തം.

4. ഗ്രാമീണരായ ജനങ്ങളുടെ കാര്യത്തിലാണ് ഈ വചനങ്ങള്‍ ഇറങ്ങിയത്. പരുക്കന്മാരായിട്ടാണ് അല്ലാഹു അവരെക്കുറിച്ച് പറയുന്നത്. നബി(സ)ക്ക് അവതരിച്ച കാര്യങ്ങളോ നിയമാതിര്‍ത്തികളോ അറിയാതിരിക്കാന്‍ ഏറ്റവും സാധ്യയുള്ളവര്‍. അവര്‍ നബി ﷺ യുടെ അടുത്തേക്ക് നിവേദക സംഘങ്ങളായി വന്നു. അവര്‍ നബി ﷺ യെ തന്റെ ഭാര്യമാരുടെ വീടുകളില്‍ കണ്ടു. അവര്‍ ക്ഷമിക്കുകയോ നബി ﷺ പുറത്തുവരുന്നതുവരെ കാത്തിരിക്കാനുള്ള മര്യാദ കാണിക്കുകയോ ചെയ്തില്ല. മറിച്ച് അവര്‍ അദ്ദേഹത്തെ വിളിച്ചു: ‘ഓ മുഹമ്മദ്, ഓ മുഹമ്മദ്.' അതായത് ഇറങ്ങിവരൂ എന്ന്. ഈ ബുദ്ധിയില്ലായ്മയെ അല്ലാഹു ആക്ഷേപിച്ചു. അല്ലാഹവിനെക്കുറിച്ചോ അവന്റെ ദൂതനോട് കാണിക്കേണ്ട ആദരവുകളും മര്യാദകളും എന്തെന്നോ ചിന്തിക്കാതെ. മര്യാദ കാണിക്കല്‍ ബുദ്ധിയുടെ ലക്ഷണമാണ്. ഒരാളുടെ മര്യാദ അവന്റെ ബുദ്ധിയുടെ പ്രധാന ഘടകമാണ്; അല്ലാഹു അവന് നന്മ ഉദ്ദേശിക്കുന്നു എന്നതിനും.

5. അതാണ് അല്ലാഹു പറഞ്ഞത്: (നീ അവരുടെ അടുത്തേക്ക് പുറപ്പെട്ട് ചെല്ലുന്നതുവരെ അവര്‍ ക്ഷമിച്ചിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്ക് കൂടുതല്‍ നല്ലത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു) പെരുമാറ്റത്തില്‍ സംഭവിക്കുന്ന വീഴ്ചകളിലും തന്റെ അടിമക്ക് സംഭവിക്കുന്ന പാപങ്ങളിലും അങ്ങേയറ്റം പൊറുക്കുന്നവനാണ് അല്ലാഹു. അവരുടെ തെറ്റുകള്‍ക്ക് ശിക്ഷിക്കാന്‍ ധൃതികാണിക്കാത്ത കരുണാനിധിയും.

6. ബുദ്ധിയുള്ളവര്‍ പാലിക്കുകയും പ്രയോഗിക്കുകയും ചെയ്യേണ്ട മര്യാദകളില്‍ പെട്ടതാണ് ഇക്കാര്യവും. ഒരു അധര്‍മകാരി വല്ല വാര്‍ത്തയും അവരെ അറിയിച്ചാല്‍ ആ വാര്‍ത്ത മാത്രം അവലംബിക്കരുത്. അതില്‍ വലിയ അപകടവും പാപവും സംഭവിക്കാന്‍ സാധ്യതയുമുണ്ട്. ഇനി ആ വിവരം സത്യസന്ധവും നീതിപുര്‍വകവുമാണെങ്കില്‍ തീര്‍ച്ചയായും അതനിസരിച്ച് പ്രവര്‍ത്തിച്ചേ മതിയാകൂ. ആ വാര്‍ത്ത പരിഗണിക്കാത്ത കാരണത്താല്‍ വല്ല സാമ്പത്തിക നഷ്ടമോ ദേഹനഷ്ടമോ സംഭവിച്ചാല്‍ അത് വലിയ ഖേദത്തിനു കാരണമാകും. ഒരു അധര്‍മകാരിയുടെ വാക്ക് കേട്ടാലും അത് സ്ഥിരീകരിക്കലും വ്യക്തത വരുത്തലും നിര്‍ബന്ധമാണ്. തെളിവുകളും സന്ദര്‍ഭവുമെല്ലാം അവന്റെ സത്യതയെ അറിയിക്കുന്നുവെങ്കില്‍ അത് പ്രാവര്‍ത്തികമാക്കുകയും വിശ്വസിക്കുകയും ചെയ്യണം. മറിച്ച് അവന്റെ സത്യസന്ധതയില്ലായ്മയാണ് അറിയിക്കുന്നതെങ്കില്‍ അവനെ തള്ളിക്കളയുകയും നിരാകരിക്കുകയും ചെയ്യണം.

സത്യമായ വാര്‍ത്തകള്‍ സ്വീകരിക്കണമെ ന്നും അസത്യമായത് തള്ളിക്കളയണെമന്നും ഇതില്‍നിന്ന് മനസ്സിലാക്കാം. അധര്‍മകാരി തരുന്ന വിവരങ്ങള്‍ പരിശോധനക്ക് വെക്കണമെ ന്നും വ്യക്തമാകുന്നു. അതുകൊണ്ടാണ് പ്രസിദ്ധരായ ഖവാരിജുകളില്‍നിന്ന് ധാരാളം റിപ്പോര്‍ട്ടുകള്‍ സലഫുകള്‍ സ്വീകരിച്ചിട്ടുള്ളത്; അവര്‍ അധര്‍മകാരികളാണെങ്കില്‍ പോലും.

7. അതായത് നിങ്ങള്‍ക്ക് നന്നായി അറിയുന്ന ഒരു കാര്യമാണ് (അല്ലാഹുവിന്റെ ദൂതന്‍) നിങ്ങള്‍ക്കിടയിലുണ്ടെന്നത്. സന്മാര്‍ഗിയും പുണ്യവാനും ആദരണീയനുമായ ദൂതനാണദ്ദേഹം. അദ്ദേഹം നിങ്ങള്‍ക്ക് നന്മ ഉദ്ദേശിക്കുന്നു. നിങ്ങളോട് ഗുണകാംക്ഷ കാണിക്കുന്നു. നിങ്ങള്‍ക്ക് ദോഷങ്ങളും ഉപദ്രവങ്ങളും നിങ്ങള്‍ഉദ്ദേശിക്കുമ്പോള്‍ പ്രവാചകനൊരിക്കലും അതിനോട് യോജിക്കുന്നില്ല. (പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നുവെങ്കില്‍) നിങ്ങള്‍ക്കത് ബുദ്ധിമുട്ടും പ്രയാസവും ആകുമായിരുന്നു. പക്ഷേ, പ്രവചാകന്‍ നിങ്ങള്‍ക്ക് വഴികാണിക്കുന്നു. അല്ലാഹു നിങ്ങള്‍ക്ക് ഇഷ്ടകരമാക്കിത്തരികയും ചെയ്തു. (നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ) അതിനെ അലംകൃതമായി തോന്നിപ്പിക്കുകയും ചെയ്തിരിക്കുന്നു. (നിങ്ങളുടെ ഹൃദയങ്ങളില്‍) നിങ്ങളുടെ ഹൃദയങ്ങളില്‍ അവന്‍ സത്യത്തിനോടുള്ള സ്‌നേഹവും താല്‍പര്യവും ഉണ്ടാക്കിവെച്ചതിനാല്‍. സത്യത്തെ സ്വീകാര്യമാക്കുന്ന തെളിവുകളും പ്രമാണങ്ങളും അല്ലാഹു ഉണ്ടാക്കിയിട്ടുണ്ട്. ഹൃദയങ്ങളും പ്രകൃതിയും അതിനെ സ്വീകരിക്കാവുന്ന ഒരവസ്ഥയും അവനിലേക്ക് ഖേദിച്ചുമടങ്ങാനുള്ള ഒരവസ്ഥയും അല്ലാഹു ഉണ്ടാക്കിത്തന്നു. നിങ്ങള്‍ക്ക് വെറുപ്പുള്ളതാ ക്കുകയും ചെയ്തു (അവിശ്വാസവും അധര്‍മവും അവര്‍ക്കവന്‍). അതായത് മഹാപാപങ്ങള്‍. (അനുസരണക്കേടും) ചെറുദോഷങ്ങളും. തിന്മയെ വെറുക്കാനും അത് ചെയ്യാന്‍ ഉദ്ദേശിക്കാതിരിക്കാനും അവന്‍ നിങ്ങളുടെ ഹൃദയങ്ങളെ സജ്ജമാക്കി. തിന്മയുടെ തകരാറുകളും ദ്രോഹവും; പ്രകൃതി അതിനെ നിരാകരിക്കുന്ന വിധത്തിലാണ് അല്ലാഹു തെളിവുകളും സാക്ഷ്യങ്ങളും സ്ഥാപിച്ചത്. അല്ലാഹു ഹൃദയത്തില്‍ അതിനോട് വെറുപ്പുണ്ടാക്കുകയും ചെയ്തതിനാല്‍.

(അങ്ങനെയുള്ളവരാകുന്നു) അല്ലാഹു സത്യവിശ്വാസത്തെ ഹൃദയങ്ങളില്‍ അലങ്കാരമായി തോന്നിപ്പിക്കുകയും അതിലേക്ക് ഇഷ്ടമുണ്ടാക്കുകയും ചെയ്തവര്‍. അവിശ്വാസവും അധര്‍മവും അനുസരണക്കേടും അവൻ നിങ്ങൾക്ക് വെറുപ്പുള്ളതാക്കുകയും ചെയ്തു.  (അവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍). അവരുടെ അറിവും പ്രവര്‍ത്തനങ്ങളും നന്നായി, ചൊവ്വായ മാര്‍ഗത്തിലും ശരിയായ ദീനിലും അവര്‍ നേരെ ചൊവ്വെ നിലകൊണ്ടു.

ഇവര്‍ക്ക് നേര്‍വിപരീതമാണ് വഴിപിഴച്ചവര്‍. അവര്‍ക്ക് അനുസരണക്കേടും അധര്‍മവും അ വിശ്വാസവും ഇഷ്ടപ്പെട്ടതായിത്തീര്‍ന്നു; സത്യവിശ്വാസം അവര്‍ക്ക് വെറുപ്പുള്ളതും. അവരു ടെതാണ് ശരിക്കുള്ള പാപം. അവര്‍ അധര്‍മം ചെയ്തപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളെ ആ പ്രകൃതിയില്‍ ആക്കിത്തീര്‍ത്തു. അവര്‍ തെറ്റിപ്പോയപ്പോള്‍ അല്ലാഹു അവരുടെ ഹൃദയത്തെ തെറ്റിച്ചുകളഞ്ഞു. സത്യം വന്നപ്പോള്‍ ആദ്യം അവര്‍ വിശ്വസിച്ചില്ല. അവരുടെ ഹൃദയങ്ങളെ അല്ലാഹു മാറ്റിമറിച്ചു.