സൂറഃ അൽ ഹുജറാത്ത്, ഭാഗം 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 മാർച്ച് 12, 1442 ശഅബാൻ 9

അധ്യായം: 49, ഭാഗം 4 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

قُلْ أَتُعَلِّمُونَ ٱللَّهَ بِدِينِكُمْ وَٱللَّهُ يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ (١٦) يَمُنُّونَ عَلَيْكَ أَنْ أَسْلَمُوا۟ ۖ قُل لَّا تَمُنُّوا۟ عَلَىَّ إِسْلَـٰمَكُم ۖ بَلِ ٱللَّهُ يَمُنُّ عَلَيْكُمْ أَنْ هَدَىٰكُمْ لِلْإِيمَـٰنِ إِن كُنتُمْ صَـٰدِقِينَ (١٧) إِنَّ ٱللَّهَ يَعْلَمُ غَيْبَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ بَصِيرٌۢ بِمَا تَعْمَلُونَ (١٨)

(16). നീ പറയുക: നിങ്ങളുടെ മതത്തെപ്പറ്റി നിങ്ങള്‍ അല്ലാഹുവെ പഠിപ്പിക്കുകയാണോ? അല്ലാഹുവാകട്ടെ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അറിയുന്നു. അല്ലാഹു ഏതു കാര്യത്തെ പറ്റിയും അറിയുന്നവനാകുന്നു.

(17). അവര്‍ ഇസ്‌ലാംമതം സ്വീകരിച്ചു എന്നത് അവര്‍ നിന്നോട് കാണിച്ച ദാക്ഷിണ്യമായി അവര്‍ എടുത്തുപറയുന്നു. നീ പറയുക: നിങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചതിനെ എന്നോട് കാണിച്ച ദാക്ഷിണ്യമായി എടുത്തുപറയരുത്. പ്രത്യുത, സത്യവിശ്വാസത്തിലേക്ക് നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി എന്നത് അല്ലാഹു നിങ്ങളോട് ദാക്ഷിണ്യം കാണിക്കുന്നതാകുന്നു. നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ (ഇത് നിങ്ങള്‍ അംഗീകരിക്കുക).

(18). തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യകാര്യം അറിയുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനുമാകുന്നു അല്ലാഹു.

16. (പറയുക, നിങ്ങളുടെ മതത്തെപ്പറ്റി നിങ്ങള്‍ അല്ലാഹുവെ പഠിപ്പിക്കുകയാണോ? അല്ലാഹുവാകട്ടെ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അറിയുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിയുവന്നവനാകുന്നു). ഇതില്‍ എല്ലാ കാര്യങ്ങളും ഉള്‍പ്പെടും. ഹൃദയത്തിലുള്ള വിശ്വാസം, അവിശ്വാസം, പുണ്യം, പാപം തുടങ്ങിയതെല്ലാം. തീര്‍ച്ചയായും അല്ലാഹു അതെല്ലാം അറിയും. അതിന് നന്മയാണെങ്കില്‍ നന്മയും തിന്മയാണെങ്കില്‍ തിന്മയും പ്രതിഫലം നല്‍കും.

17. ഇതെല്ലാംതന്നെ തനിക്ക് വിശ്വാസമുണ്ടെന്ന് വാദിക്കുകയും എന്നാല്‍ അതില്ലാതിരിക്കുകയും ചെയ്യുന്നവനെക്കുറിച്ചാണ്. ഒരുപക്ഷേ, അവന്‍ അല്ലാഹുവിനെ പഠിപ്പിക്കുകയായിരിക്കും. തീര്‍ച്ചയായും അവനറിയാം എല്ലാം അല്ലാഹു അറിയുമെന്ന്. അല്ലെങ്കില്‍ അവരുടെ ഉദ്ദേശ്യം അവര്‍ വിശ്വസിച്ചത് കാര്യമായി പ്രവാചകനോട് കാണിച്ച ഒരു ഔദാര്യമായിട്ടായിരിക്കാം. അവര്‍ ചെലവഴിച്ചതും പുണ്യം നല്‍കിയതുമെല്ലാം അവരുടെ നന്മകളും (ആയിട്ട്). എന്നാല്‍ ഇത് ഭൗതിക കാര്യലാഭത്തിന് വേണ്ടിയാണ്. ഇത് ചെയ്യാന്‍ പാടില്ലാത്ത ഒരു നാട്യമാണ്. പ്രവാചകനോട് കാണിക്കുന്ന അനര്‍ഹമായ അഹങ്കാരമാണ്. അവരുടെമേല്‍ അല്ലാഹുവിന്റെ അനുഗ്രഹമാണത്. അവര്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ സുഖങ്ങളും ഉപജീവനവും സൃഷ്ടിപ്പും അനുഗ്രഹമായി നല്‍കിയത് പോലെത്തന്നെ. എല്ലാറ്റിനെക്കാളും വലിയ അനുഗ്രഹം അവന്‍ അവര്‍ക്ക് നല്‍കിയത് ഇസ്‌ലാമിലേക്ക് അവരെ വഴികാണിച്ചതാണ്. (അവര്‍ ഇസ്‌ലാംമതം സ്വീകരിച്ചു എന്നത് അവര്‍ നിന്നോട് കാണിച്ച ദാക്ഷിണ്യമായി എടുത്ത് പറയുന്നു. നീ പറയുക, നിങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചതിനെ എന്നോട് കാണിച്ച ദാക്ഷിണ്യമായി എടുത്തുപറയരുത്. പ്രത്യുത, സത്യവിശ്വാസത്തിലേക്ക് നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി എന്നത് അല്ലാഹു നിങ്ങളോട് ദാക്ഷിണ്യം കാണിക്കുന്നതാകുന്നു. നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍).

18. (തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യകാര്യം അറിയുന്നു). അവ രണ്ടിലും അവ്യക്തമായ കാര്യങ്ങള്‍, സൃഷ്ടികള്‍ക്ക് വ്യക്തതയില്ലാത്തത്. കടലിലെ തിരമാലകള്‍, വിജനമായ വിശാല സ്ഥലങ്ങള്‍, രാത്രി മറയ്ക്കുന്നത്, പകലില്‍ മൂടിക്കളയുന്നത്, മഴത്തുള്ളികളുടെ എണ്ണം, മണല്‍ത്തരികള്‍, ഹൃദയങ്ങള്‍ മറച്ചുവെക്കുന്നത്, നിഗൂഢകാര്യങ്ങള്‍...

وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِى ظُلُمَـٰتِ ٱلْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِى كِتَـٰبٍ مُّبِينٍ

‘‘അവനറിയാതെ ഒരു ഇലപോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല''(6:59).

(നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു അല്ലാഹു) നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ അവന്‍ കണക്കാക്കുകയും അതിന് പൂര്‍ണമായ പ്രതിഫലം നല്‍കുകയും ചെയ്യുന്നു. അവന്റെ സമ്പൂര്‍ണമായ യുക്തിയും വിശാല കാരുണ്യവും താല്‍പര്യപ്പെടുന്നതിനനുസരിച്ച് അതിന്നവന്‍ പ്രതിഫലം നല്‍കും.

അല്ലാഹുവിന്റെ ഔദാര്യത്താലും കാരുണ്യത്താലും സഹായത്താലും സൂറതുല്‍ ഹുജുറാത്തിന്റെ വ്യാഖ്യാനം പൂര്‍ത്തിയായി.