സൂറഃ അല്‍ഫത്ഹ് (വിജയം), ഭാഗം 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 മാർച്ച് 26, 1442 ശഅബാൻ 23

അധ്യായം: 48, ഭാഗം 2(മദീനയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن جَآءَكُمْ فَاسِقٌۢ بِنَبَإٍ فَتَبَيَّنُوٓا۟ أَن تُصِيبُوا۟ قَوْمًۢا بِجَهَـٰلَةٍ فَتُصْبِحُوا۟ عَلَىٰ مَا فَعَلْتُمْ نَـٰدِمِينَ (٦) وَٱعْلَمُوٓا۟ أَنَّ فِيكُمْ رَسُولَ ٱللَّهِ ۚ لَوْ يُطِيعُكُمْ فِى كَثِيرٍ مِّنَ ٱلْأَمْرِ لَعَنِتُّمْ وَلَـٰكِنَّ ٱللَّهَ حَبَّبَ إِلَيْكُمُ ٱلْإِيمَـٰنَ وَزَيَّنَهُۥ فِى قُلُوبِكُمْ وَكَرَّهَ إِلَيْكُمُ ٱلْكُفْرَ وَٱلْفُسُوقَ وَٱلْعِصْيَانَ ۚ أُو۟لَـٰٓئِكَ هُمُ ٱلرَّٰشِدُونَ (٧) فَضْلًا مِّنَ ٱللَّهِ وَنِعْمَةً ۚ وَٱللَّهُ عَلِيمٌ حَكِيمٌ (٨‬) وَإِن طَآئِفَتَانِ مِنَ ٱلْمُؤْمِنِينَ ٱقْتَتَلُوا۟ فَأَصْلِحُوا۟ بَيْنَهُمَا ۖ فَإِنۢ بَغَتْ إِحْدَىٰهُمَا عَلَى ٱلْأُخْرَىٰ فَقَـٰتِلُوا۟ ٱلَّتِى تَبْغِى حَتَّىٰ تَفِىٓءَ إِلَىٰٓ أَمْرِ ٱللَّهِ ۚ فَإِن فَآءَتْ فَأَصْلِحُوا۟ بَيْنَهُمَا بِٱلْعَدْلِ وَأَقْسِطُوٓا۟ ۖ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ (٩) إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا۟ بَيْنَ أَخَوَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُرْحَمُونَ (١٠) يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰٓ أَن يَكُونُوا۟ خَيْرًا مِّنْهُمْ وَلَا نِسَآءٌ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوٓا۟ أَنفُسَكُمْ وَلَا تَنَابَزُوا۟ بِٱلْأَلْقَـٰبِ ۖ بِئْسَ ٱلِٱسْمُ ٱلْفُسُوقُ بَعْدَ ٱلْإِيمَـٰنِ ۚ وَمَن لَّمْ يَتُبْ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ (١١) يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱجْتَنِبُوا۟ كَثِيرًا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا۟ وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ تَوَّابٌ رَّحِيمٌ (١٢) يَـٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَـٰكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَـٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌ (١٣)

(06). അല്ലാഹുവെപ്പറ്റി തെറ്റായ ധാരണവെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളെയും കപട വിശ്വാസിനികളെയും ബഹുദൈവവിശ്വാസികളെയും ബഹുദൈവവിശ്വാസിനികളെയും ശിക്ഷിക്കുവാന്‍ വേണ്ടിയുമാണത്. അവരുടെ മേല്‍ തിന്മയുടെ വലയമുണ്ട്. അല്ലാഹു അവരുടെ നേരെ കോപിക്കുകയും അവരെ ശപിക്കുകയും, അവര്‍ക്ക്‌വേണ്ടി നരകം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. ചെന്നുചേരാനുള്ള ആ സ്ഥലം എത്രമോശം.

(07). അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍. അല്ലാഹു പ്രതാപിയും യുക്തിമാനുമായിരിക്കുന്നു.

(08). തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയായും സന്തോഷവാര്‍ത്ത നല്‍കുന്നവനായും താക്കീതുകാരനായും അയച്ചിരിക്കുന്നു.

(09). അല്ലാഹുവിലും അവന്റെ റസൂലിലും നിങ്ങള്‍ വിശ്വസിക്കുവാനും അവനെ സഹായിക്കുവാനും ആദരിക്കുവാനും രാവിലെയും വൈകുന്നേരവും നിങ്ങള്‍ അവന്റെ മഹത്വം പ്രകീര്‍ത്തിക്കുവാനും വേണ്ടി.

(10). തീര്‍ച്ചയായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹുവിന്റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്. അതിനാല്‍ ആരെങ്കിലും (അത്) ലംഘിക്കുന്നപക്ഷം ലംഘിക്കുന്നതിന്റെ ദോഷഫലം അവന് തന്നെയാകുന്നു. താന്‍ അല്ലാഹുവുമായി ഉടമ്പടിയില്‍ ഏര്‍പെട്ട കാര്യം വല്ലവനും നിറവേറ്റിയാല്‍ അവന്ന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.

(11). ഗ്രാമീണ അറബികളില്‍നിന്ന് പിന്നോക്കം മാറി നിന്ന വര്‍ നിന്നോട് പറഞ്ഞേക്കും: ഞങ്ങളുടെ സ്വത്തുക്കളുടെയും കുടുംബങ്ങളുടെയും കാര്യം ഞങ്ങളെ (നിങ്ങളോടൊപ്പം വരാന്‍ പറ്റാത്ത വിധം) വ്യാപൃതരാക്കികളഞ്ഞു. അതുകൊണ്ട് താങ്കള്‍ ഞങ്ങള്‍ക്കു പാപമോചനത്തിനായി പ്രാർഥിക്കണം. അവരുടെ നാവുകള്‍ കൊണ്ട് അവര്‍ പറയുന്നത് അവരുടെ ഹൃദയങ്ങളിലുള്ളതല്ലാത്ത കാര്യമാണ്. നീ പറയുക: അപ്പോള്‍ അല്ലാഹു നിങ്ങള്‍ക്കു വല്ല ഉപദ്രവവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അല്ലെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവന്റെ പക്കല്‍നിന്ന് നിങ്ങള്‍ക്കു വല്ലതും അധീനപ്പെടുത്തിത്തരാന്‍ ആരുണ്ട്? അല്ല, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.

(12). അല്ല, റസൂലും സത്യവിശ്വാസികളും ഒരിക്കലും അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തുകയേ ഇല്ല എന്ന് നിങ്ങള്‍ വിചാരിച്ചു. നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നുകയും ചെയ്തു. ദുര്‍വിചാരമാണ് നിങ്ങള്‍ വിചാരിച്ചത്. നിങ്ങള്‍ തുലഞ്ഞ ഒരു ജനവിഭാഗമാകുന്നു.

(13). അല്ലാഹുവിലും അവന്റെ റസൂലിലും വല്ലവനും വിശ്വസിക്കാത്തപക്ഷം അത്തരം സത്യനിഷേധികള്‍ക്ക് വേണ്ടി നാം ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെച്ചിരിക്കുന്നു.

6. എന്നാല്‍ കപടവിശ്വാസികളെയും വിശ്വാസിനികളെയും ബഹുദൈവവിശ്വാസികളെയും വിശ്വാസിനികളെയും അതുമൂലം അല്ലാഹു ശിക്ഷിക്കും. അവര്‍ക്ക് വിഷമകരമായത് അവന്‍ കാണിച്ചുകൊടുക്കുകയും ചെയ്യും. വിശ്വാസികളെ കൈവെടിയലായിരുന്നു അവരുടെ ഉദ്ദേശ്യം. അല്ലാഹു അവന്റെ ദീനിനെ സഹായിക്കുക യോ അവന്റെ വചനത്തെ ഉയര്‍ത്തുകയോ ചെയ്യുകയില്ലെന്ന് അവര്‍ അവനെക്കുറിച്ച് തെറ്റായി ധരിച്ചു. സത്യത്തിന്നെതിരെ തിന്മയുടെ വലയം ഉണ്ടായിരിക്കുമെന്നും അസത്യത്തിന്റെ ആളുകള്‍ ധരിച്ചു. അവരുടെ ഉദ്ദേശ്യം അല്ലാഹു അവര്‍ക്ക് നേരെ തിരിച്ചു. ഇഹലോകത്ത് തന്നെ തിന്മയുടെ വലയം അവര്‍ക്കുമേല്‍ ഉണ്ടായി. (അല്ലാഹു അവരുടെ നേരെ കോപിക്കുകയും) അല്ലാഹുവിനോടും അവന്റെ ദൂതനോടും അവര്‍ ശത്രുത കാണിച്ചത് നിമിത്തം(അവരെ ശിക്ഷിക്കുകയും) അവന്റെ കാരുണ്യത്തില്‍ നിന്ന് അവരെ വിദൂരമാക്കുകയും അകറ്റുകയും ചെയ്തു. (അവര്‍ക്ക് വേണ്ടി നരകം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. ചെന്നുചേരാനുള്ള ആ സ്ഥലം എത്രമോശം!)

7. അല്ലാഹു ആവര്‍ത്തിച്ചറിയിക്കുന്നുണ്ട്, ആകാശ ഭൂമികളുടെ ആധിപത്യവും അവയിലുള്ള സൈന്യങ്ങളും അവന്റേതാണെന്ന്. അവനാണ് പ്രതാപം നല്‍കുന്നവനും പ്രതാപം ഇല്ലാതാക്കുന്നവനും. അവന്റെ സൈന്യത്തെ അവന്‍ സഹായിക്കും. അല്ലാഹു പറയുന്നു.

‘‘തീര്‍ച്ചയായും നമ്മുടെ സൈന്യം തന്നെയാണ് ജേതാക്കളായിരിക്കുക എന്നും’’ (37:173)

(അല്ലാഹു പ്രതാപിയും യുക്തിമാനുമായിരിക്കുന്നു). അതായത് അവന്‍ വിജയിക്കുന്നവനും ശക്തവാനും എല്ലാറ്റിലും പരമാധികാരമുള്ളവനുമാണ്. പ്രതാപവും ശക്തിയും ഉള്ളതോടൊപ്പം തന്നെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലുമെല്ലാം അവൻ യുക്തിമാനുമാകുന്നു. അവന്റെ നിയന്ത്രണങ്ങളെല്ലാം അവന്റെ യുക്തിയും അന്യൂനതയും അനുസരിച്ചാണ്.

8. (തീര്‍ച്ചയായും നിന്നെ നാം അയച്ചിരിക്കുന്നു) പരിശുദ്ധനായ പ്രവാചകരെ (സാക്ഷിയായി എന്ന്) സമുദായത്തിന് ഒരു സാക്ഷിയായി അയച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഏകത്വത്തിന് സാക്ഷ്യം വഹിക്കാൻ; അവർ ചെയ്യുന്ന നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളുടേയും സത്യവും അസത്യവുമായ വിവിധ വിഷയങ്ങളുടെ സാക്ഷിയായും അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളുടേയും സാക്ഷിയായും അദ്ദേഹത്തെ അയച്ചിരിക്കുന്നു. എല്ലാനിലക്കുമുള്ള പൂര്‍ണത അവനു മാത്രമാണെന്നതിനും സാക്ഷിയായി (സന്തോഷവാര്‍ത്ത നല്കുന്നവനായും) നിന്നെയും അല്ലാഹുവിനെയും അനുസരിക്കുന്നവര്‍ക്ക് മതപരവും ഭൗതികവും പാരത്രികവുമായ പ്രതിഫലമുണ്ടെന്ന് പറഞ്ഞിടത്ത് അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്നവർക്ക് ഇഹത്തിലും പരത്തിലും ശിക്ഷയെപ്പറ്റിയുള്ള (താക്കീതുകാരനായും). പെട്ടെന്നോ പിന്നീടോ ശിക്ഷ ലഭിക്കും അല്ലാഹുവിനോട് എതിര് പ്രവര്‍ത്തിക്കുന്നവര്‍ക്കെന്ന താക്കീത്. താക്കീതിന്റെയും സന്തോഷവാര്‍ത്തയുടെയും പൂര്‍ണത സന്തോഷവും ശിക്ഷയും ലഭിക്കുന്ന സര്‍വ സ്വഭാവ കര്‍മങ്ങളും വിശദീകരിച്ചു നല്‍കലാണ്. പ്രവാചകന്‍ നന്മയും തിന്മയും സൗഭാഗ്യവും ദൗര്‍ഭാഗ്യവും അസത്യത്തില്‍ നിന്ന് സത്യത്തെയും വ്യക്തമാക്കിക്കൊടുക്കുന്നു.

9. അതാണ് തുടര്‍ന്ന് അല്ലാഹു പറയുന്നത് (അല്ലാഹുവിലും അവന്റെ റസൂലിലും നിങ്ങള്‍ വിശ്വസിക്കുവാനും) നിങ്ങള്‍ക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളുമായിട്ടാണ് നാം അദ്ദേഹത്തെ അയച്ചത് എന്നതിനാലും അദ്ദേഹം നിങ്ങളെ ക്ഷണിക്കുന്നതിനാലും അല്ലാഹുവിലും അവന്റെ ദൂതനിലുമുള്ള വിശ്വാസം ശരിയായി നിര്‍വഹിക്കണം. എല്ലാ കാര്യങ്ങളിലും അവരെ രണ്ടുപേരെയും നിങ്ങള്‍ അനുസരിക്കല്‍ ആ വിശ്വാസത്തിന്റെ അനിവാര്യതയാണ്. (നിങ്ങള്‍ സഹായിക്കുവാനും) അതായത് പ്രവാചകനെ സഹായിക്കുവാനും (ആദരിക്കുവാനും) അദ്ദേഹത്തെ മഹത്വപ്പെടുത്തുകയും ബഹുമാനിക്കുകയും അദ്ദേഹത്തിന് അവകാശങ്ങൾ വകവെച്ചു കൊടുക്കുകയും വേണം. കാരണം നിങ്ങൾ അദ്ദേഹത്തോട് വളരെ കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് നിങ്ങളോട് വലിയ കാരുണ്യം ഉള്ളതുപോലെത്തന്നെ. (അവന്റെ മഹത്വം പ്രകീര്‍ത്തിക്കുവാനും വേണ്ടി) അതായത്, അല്ലാഹുവിനെ പ്രകീര്‍ത്തിക്കാന്‍. (രാവിലെയും വൈകുന്നേരവും) പകലിന്റെയും രാത്രിയുടെയും തുടക്കത്തില്‍. അല്ലാഹുവിനും റസൂലിനും ഒന്നിച്ച് നല്‍കേണ്ട ബാധ്യതയാണ് ഇവിടെ പരാമര്‍ശിച്ചത്. അവരില്‍ രണ്ട് പേരിലുമുള്ള വിശ്വാസമാണ് പ്രവാചകന് മാത്രം പ്രത്യേകമായി പറഞ്ഞ അവകാശം. സഹായിക്കലും ആദരിക്കലുമാണ്. അല്ലാഹുവിന് മാത്രം പ്രത്യേകമായി പറഞ്ഞത് അവനെ പ്രകീര്‍ത്തിക്കലും നമസ്‌കാരം പോലുള്ളതുകൊണ്ട് പരിശുദ്ധപ്പെടുത്തലുമാണ്.

10. അല്ലാഹു ഇവിടെ സൂചിപ്പിച്ച പ്രതിജ്ഞ ‘ബൈഅത്തു റിള്‌വാന്‍' ആണ്. അല്ലാഹുവിന്റെ റസൂലിനോട് സ്വഹാബികൾ കരാര്‍ ചെയ്തത് അവര്‍ ഓടിപ്പോകില്ലെന്ന കാര്യത്തിലാണ്. അത് ഒരു സവിശേഷമായ ഉടമ്പടിയാണ്. വളരെക്കുറച്ച് ആളുകള്‍ മാത്രമാണെങ്കിലും അവര്‍ ഓടിപ്പോകില്ലെന്നതാണ് അതില്‍ പ്രധാന കാര്യം. ഓടിപ്പോകാന്‍ അനുവാദമുള്ള അവസ്ഥയില്‍പോലും. അല്ലാഹു പറയുന്നു: (തീര്‍ച്ചയായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍). യഥാര്‍ഥത്തില്‍ അവര്‍ (അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്). അല്ലാഹുവോടാണ് അവര്‍ ഉടമ്പടി ഉണ്ടാക്കുന്നത്. അതിനെ ഒന്നു കൂടി ബലപ്പെടുത്തിപ്പറയുന്നു. (അല്ലാഹുവിന്റെ കൈ അവരുടെ കൈകള്‍ക്ക് മീതെയുണ്ട്). ആ പ്രതിജ്ഞയില്‍ അവര്‍ അല്ലാഹുവിന് കൈ കൊടുത്തതുപോലെയാണ്. അതെല്ലാം പ്രതിജ്ഞയെ ബലപ്പെടുത്താനും ശക്തിപ്പെടുത്താനും വേണ്ടിയാണ് പറയുന്നത്. അത് പൂര്‍ത്തീകരിക്കാന്‍ അവരെ പ്രേരിപ്പിക്കാന്‍വേണ്ടി കൂടിയാണ്. അതിനാലാണ് പറഞ്ഞത് (അതിനാല്‍ ആരെങ്കി ലും അത് ലംഘിക്കുന്നപക്ഷം) അല്ലാഹുവുമായി ചെയ്ത കരാറിനെ പൂര്‍ത്തിയാക്കാത്തപക്ഷം (ലംഘിക്കുന്നതിന്റെ ദോഷഫലം അവനുതന്നെയാകുന്നു). അതിന്റെ നാശം അവനിലേക്ക് തന്നെ മടങ്ങും. അവനുള്ള ശിക്ഷ അവനിലേക്കെത്തുകയും ചെയ്യും. (താന്‍ അല്ലാഹുവുമായി ഉടമ്പടിയില്‍ ഓര്‍പ്പെട്ട കാര്യം വല്ലവനും നിറവേറ്റിയല്‍) അത് പൂര്‍ണമായി ശരിയായി ചെയ്താല്‍ (അവന്ന് മഹത്തായ പ്രതിഫലം അവന്‍ നല്‍കുന്നതാണ്). അത് നല്‍കുന്നവനല്ലാതെ ആ പ്രതിഫലത്തിന്റെ മഹത്വവും അളവും അറിയുകയില്ല.

11-13. ഗ്രാമീണ അറബികളില്‍ അല്ലാഹുവിന്റെ ദൂതനില്‍നിന്നും പിന്നോക്കം മാറിനിന്നവരെ ആക്ഷേപിക്കുകയാണ് അല്ലാഹു ഇവിടെ. വിശ്വാസം ദുര്‍ബലമായവരും ഹൃദയത്തില്‍ രോഗമുള്ളവരും അല്ലാഹുവിനെക്കുറിച്ച് ചീത്തവിചാരമുള്ളവരുമാണവര്‍. അല്ലാഹുവിന്റെ മാർഗത്തില്‍ പുറപ്പെടാന്‍ അവരുടെ സ്വത്തുക്കളും കുടുംബങ്ങളും അവരെ ജോലിയിലാക്കിക്കളഞ്ഞു എന്നവര്‍ ഒഴിവുകഴിവുകൾ പറയും. പ്രവാചകനോട് പാപമോചനം തേടാന്‍ അവര്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു (അവരുടെ നാവുകള്‍കൊണ്ട് അവര്‍ പറയുന്നത്, അവരുടെ ഹൃദയങ്ങളിലുള്ളതല്ലാത്ത കാര്യമാണ്). അവര്‍ അവരോട്തന്നെ ചെയ്ത അപരാധങ്ങളെ അംഗീകരിക്കുകയും ഖേദിക്കുകയും ചെയ്യുന്നുണ്ടെന്നാണ് പ്രവാചകനോട് അവര്‍ പാപമോചനം തേടാന്‍ ആവശ്യപ്പെട്ടതില്‍ നിന്ന് മനസ്സിലാകുന്നത്. അവര്‍ പിന്മാറിനിന്നതില്‍ പാപമോചനവും മടക്കവും ആവശ്യമാണെന്നര്‍ഥം. അങ്ങനെ അവരുടെ മനസ്സില്‍ ഉണ്ടെങ്കില്‍ പ്രവാചകന്റെ പാപമോചനം അവര്‍ക്ക് ഫലം ചെയ്യും. കാരണം അവര്‍ പശ്ചാത്തപിക്കുക യും ഖേദിക്കുകയും ചെയ്തു.

എന്നാല്‍ അവര്‍ മാറിനിന്നത് അല്ലാഹുവിനെക്കുറിച്ചുള്ള ചീത്തവിചാരം കൊണ്ടാണെന്നാണ് അവരുടെ മനസ്സിലുള്ളതെങ്കില്‍ അതായത് അവരുടെ വിചാരം ഇതാണെങ്കില്‍! (അല്ല റസൂലും സത്യവിശ്വാസികളും ഒരിക്കലും അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തുകയേ ഇല്ല എന്ന്). അതായത് അവര്‍ കൊല്ലപ്പെടുകയും ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യുമെന്ന്. ഈ ധാരണ അവരുടെ ഹൃദയങ്ങളിൽ ന്യായമായി തോന്നുകയും അത് അവരുടെ ഹൃദയങ്ങളിൽ ആഴത്തിൽ വേരൂന്നുന്നതുവരെ അതിൽ സംതൃപ്തരാവുകയും ചെയ്തു. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് അവര്‍(തുലഞ്ഞ ഒരു ജനവിഭാഗമാകുന്നു). ഒരു ഗുണവുമില്ലാത്ത നശിച്ചവര്‍. വല്ല നന്മയും അവരിലുണ്ടായിരുന്നുവെങ്കില്‍ ഈ ചിന്ത അവരുടെ ഹൃദയത്തില്‍ ഉണ്ടാകുമായിരുന്നില്ല. രണ്ടാമത്തേത് അവരുടെ വിശ്വാസത്തിന്റെ ബലഹീനതയും അല്ലാഹു അവന്റെ വചനത്തെ ഉയര്‍ത്തുമെന്നും അവന്റെ ദീനിനെ സഹായിക്കുമെന്നുള്ള വാഗ്ദത്തത്തിലും അവര്‍ക്ക് ഉറപ്പില്ലാത്തതിനാലാണ്. അതാണ് അല്ലാഹു പറഞ്ഞത് (അല്ലാഹുവിലും അവന്റെ ദൂതനിലും വല്ലവനും വിശ്വസിക്കാത്തപക്ഷം) തീര്‍ച്ചയായും അവന്‍ ശിക്ഷക്കര്‍ഹനായ അവിശ്വാസിയാണ്. (സത്യനിഷേധികൾക്കുവേണ്ടി നാം ജ്വലിക്കുന്ന നരഗാഗ്നി ഒരുക്കിവെച്ചിരിക്കുന്നു).