സൂറഃ മുഹമ്മദ്, ഭാഗം 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 മെയ് 28, 1442 ശവ്വാൽ 26

അധ്യായം: 47, ഭാഗം 3 (മദീനയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَمِنْهُم مَّن يَسْتَمِعُ إِلَيْكَ حَتَّىٰٓ إِذَا خَرَجُوا۟ مِنْ عِندِكَ قَالُوا۟ لِلَّذِينَ أُوتُوا۟ ٱلْعِلْمَ مَاذَا قَالَ ءَانِفًا ۚ أُو۟لَـٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ وَٱتَّبَعُوٓا۟ أَهْوَآءَهُمْ (١٦) وَٱلَّذِينَ ٱهْتَدَوْا۟ زَادَهُمْ هُدًى وَءَاتَىٰهُمْ تَقْوَىٰهُمْ (١٧) فَهَلْ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأْتِيَهُم بَغْتَةً ۖ فَقَدْ جَآءَ أَشْرَاطُهَا ۚ فَأَنَّىٰ لَهُمْ إِذَا جَآءَتْهُمْ ذِكْرَىٰهُمْ (١٨) فَٱعْلَمْ أَنَّهُۥ لَآ إِلَـٰهَ إِلَّا ٱللَّهُ وَٱسْتَغْفِرْ لِذَنۢبِكَ وَلِلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ ۗ وَٱللَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَىٰكُمْ (١٩) وَيَقُولُ ٱلَّذِينَ ءَامَنُوا۟ لَوْلَا نُزِّلَتْ سُورَةٌ ۖ فَإِذَآ أُنزِلَتْ سُورَةٌ مُّحْكَمَةٌ وَذُكِرَ فِيهَا ٱلْقِتَالُ ۙ رَأَيْتَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ يَنظُرُونَ إِلَيْكَ نَظَرَ ٱلْمَغْشِىِّ عَلَيْهِ مِنَ ٱلْمَوْتِ ۖ فَأَوْلَىٰ لَهُمْ (٢٠) طَاعَةٌ وَقَوْلٌ مَّعْرُوفٌ ۚ فَإِذَا عَزَمَ ٱلْأَمْرُ فَلَوْ صَدَقُوا۟ ٱللَّهَ لَكَانَ خَيْرًا لَّهُمْ (٢١)

16. അവരുടെ കൂട്ടത്തിൽ നീ പറയുന്നത് ശ്രദ്ധിച്ച് കേൾക്കുന്ന ചിലരുണ്ട്. എന്നാൽ നിന്റെ അടുത്തുനിന്ന് അവർ പുറത്ത് പോയാൽ വേദവിജ്ഞാനം നൽകപ്പെട്ടവരോട് അവർ(പരിഹാസപൂർവം) പറയും: എന്താണ് ഇദ്ദേഹം ഇപ്പോൾ പറഞ്ഞത്? അത്തരക്കാരുടെ ഹൃദയങ്ങളിന്മേലാകുന്നു അല്ലാഹു മുദ്ര വെച്ചിരിക്കുന്നത്. തങ്ങളുടെ തന്നിഷ്ടങ്ങളെ പിൻപറ്റുകയാണവർ ചെയ്തത്.

17. സന്മാർഗം സ്വീകരിച്ചവരാകട്ടെ, അല്ലാഹു അവർക്ക് കൂടുതൽ മാർഗദർശനം നൽകുകയും അവർക്ക് വേണ്ടതായ സൂക്ഷ്മത അവർക്ക് നൽകുകയും ചെയ്യുന്നതാണ്.

18. ഇനി ആ (അന്ത്യ) സമയം പെട്ടെന്ന് അവർക്ക് വന്നെത്തുന്നതല്ലാതെ മറ്റുവല്ലതും അവർക്കു കാത്തിരിക്കാനുണ്ടോ? എന്നാൽ അതിന്റെ അടയാളങ്ങൾ വന്നുകഴിഞ്ഞിരിക്കുന്നു. അപ്പോൾ അത് അവർക്കു വന്നുകഴിഞ്ഞാൽ അവർക്കുള്ള ഉൽബോധനം അവർക്കെങ്ങനെ പ്രയോജനപ്പെടും?

19. ആകയാൽ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്റെ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും വേണ്ടിയും (പാപമോചനം തേടുക). നിങ്ങളുടെ പോക്കുവരവും നിങ്ങളുടെ താമസവും അല്ലാഹു അറിയുന്നുണ്ട്.

20. സത്യവിശ്വാസികൾ പറയും: ഒരു സൂറത്ത് അവതരിപ്പിക്കപ്പെടാത്തതെന്താണ്? എന്നാൽ ഖണ്ഡിതമായ നിയമങ്ങളുള്ള ഒരു സൂറത്ത് അവതരിപ്പിക്കപ്പെടുകയും അതിൽ യുദ്ധത്തെപ്പറ്റി പ്രസ്താവിക്കപ്പെടുകയും ചെയ്താൽ ഹൃദയങ്ങളിൽ രോഗമുള്ളവർ, മരണം ആസന്നമായതിനാൽ ബോധരഹിതനായ ആൾ നോക്കുന്നതുപോലെ നിന്റെ നേർക്ക് നോക്കുന്നതായി കാണാം. എന്നാൽ അവർക്ക് ഏറ്റവും അനുയോജ്യമായത് തന്നെയാണത്.

21. അനുസരണവും ഉചിതമായ വാക്കുമാണ് വേണ്ടത്. എന്നാൽ കാര്യം തീർച്ചപ്പെട്ടുകഴിഞ്ഞപ്പോൾ അവർ അല്ലാഹുവോട് സത്യസന്ധത കാണിച്ചിരുന്നെങ്കിൽ അതായിരുന്നു അവർക്ക് കൂടുതൽ ഉത്തമം.

16) അല്ലാഹു പറയുന്നു: കപടവിശ്വാസികളിൽ (ശ്രദ്ധിച്ചുകേൾക്കുന്ന ചിലരുണ്ട്). നീ പറയുന്നത് സ്വീകരിക്കാനും കീഴ്‌പ്പെടാനും വേണ്ടിയല്ല, മറിച്ച് ഹൃദയങ്ങളെ അതിൽനിന്നും തിരിച്ചുകളയാൻ; അതാണ് അല്ലാഹു പറയുന്നത്: (എന്നാൽ നിന്റെ അടുത്തുനിന്ന് അവൻ പുറത്തുപോയാൽ വേദവിജ്ഞാനം നൽകപ്പെട്ടവരോട് അവർ പറയും) നീ പറഞ്ഞതിൽനിന്ന് മനസ്സിലാക്കുന്നവരായി, യാതൊരു താൽപര്യവുമില്ലാതെ കേട്ടതിനെക്കുറിച്ച് (എന്താണ് ഇദ്ദേഹം ഇപ്പോൾ പറഞ്ഞത്?) അതായത്, കുറച്ചുമുമ്പ്. ഇത് അവർക്കുള്ള ആക്ഷേപമാണ്. കാരണം അവർ നന്മയിൽ താൽപര്യമുള്ളവരാണെങ്കിൽ അവരത് ശ്രദ്ധിച്ചുകേൾക്കുകയും ഹൃദയങ്ങൾ ഭയപ്പെടുകയും അവരുടെ ശരീരം അതിന് കീഴ്‌പ്പെടുകയും ചെയ്യുമായിരുന്നു. എന്നാൽ മറിച്ചാണ് സംഭവിച്ചത്. അതാണ് അല്ലാഹു പറഞ്ഞത്; അത്തരക്കാരുടെ ഹൃദയങ്ങളിന്മേലാകുന്നു അല്ലാഹു മുദ്രവെച്ചിരിക്കുന്നത്. അതായത്, അതിൽ സീൽവെച്ചു. അസത്യം മാത്രം ഇഷ്ടപ്പെടുന്നവരും ദേഹേച്ഛകളെ പിൻതുടരുന്നവരുമായതിനാൽ നന്മയിലേക്കെത്താനുള്ള എല്ലാ വാതിലുകളും അല്ലാഹു അടക്കുകയും ചെയ്തു.

17) തുടർന്ന് സന്മാർഗം പ്രാപിച്ചവരുടെ അവസ്ഥയാണ് വിശദീകരിക്കുന്നത്. അല്ലാഹു പറയുന്നു: (സന്മാർഗം സ്വീകരിച്ചവരാകട്ടെ) വിശ്വസിക്കുകയും കീഴ്‌പ്പെടുകയും അല്ലാഹുവിന്റെ തൃപ്തിയെ പിൻതുടരുകയും ചെയ്തവർ. (അവർക്കവൻ മാർഗദർശനം വർധിപ്പിക്കുന്നു) അവർ സന്മാർഗം സ്വീകരിച്ചതിനുള്ള നന്ദിയായി. (അവർക്ക് വേണ്ടതായ സൂക്ഷ്മത അവർക്ക് നൽകുകയും ചെയ്യുന്നതാണ്) അതായത്, നന്മക്കുള്ള അവസരവും ദോഷങ്ങളിൽനിന്നുള്ള സംരക്ഷണവും. സന്മാർഗം സ്വീകരിച്ചവർക്ക് രണ്ട് പ്രതിഫലം ഇവിടെ പറയുന്നു; പ്രയോജനകരമായ അറിവും സൽപ്രവർത്തനവും.

18) അതായത് ഈ നിഷേധികൾക്ക് കാത്തിരിക്കാനുള്ളത് (ഇനി ആ സമയം പെട്ടെന്ന് അവർക്ക് വന്നെത്തുന്നതല്ലാതെ). അതായത് അവരറിയാതെ പെട്ടെന്ന്. (എന്നാൽ അതിന്റെ അടയാളങ്ങൾ വന്നുകഴിഞ്ഞിരിക്കുന്നു) അത് വരാനായിരിക്കുന്നു എന്നറിയിക്കുന്ന അടയാളങ്ങൾ. (അപ്പോൾ അതവർക്ക് വന്നുകഴിഞ്ഞാൽ അവർക്കുള്ള ഉൽബോധനം അവർക്കെങ്ങനെ പ്രയോജനപ്പെടും?) ആ അന്ത്യദിനം വരികയും അവരുടെ അവധി അവസാനിക്കുകയും ചെയ്താൽ ഉൽബുദ്ധരാവാനും തിന്മകളിൽനിന്ന് ഖേദിച്ചുമടങ്ങാനും അവർക്കെങ്ങനെ കഴിയും? അത് നഷ്ടപ്പെടുന്നതിെനക്കുറിച്ച് ആലോചിക്കാനുള്ള സമയം കഴിഞ്ഞുപോവുകയും ചെയ്തു. ആലോചിക്കുന്നവന് ആലോചിക്കാൻ മാത്രമുള്ള ആയുസ്സ് ലഭിച്ചു, മുന്നറിയിപ്പുകാരൻ വരികയും ചെയ്തു. മരണം പെട്ടെന്ന് വരുന്നതിന്റെ മുമ്പ് തയ്യാറെടുക്കാനുള്ള പ്രേരണയും ഇതിലടങ്ങിയിട്ടുണ്ട്. ഒരു മനുഷ്യന്റെ മരണം അവന്റെ അന്ത്യദിനമാണ്.

19) വിജ്ഞാനത്തിൽ നിർബന്ധമാണ് ഹൃദയത്തിന്റെ അംഗീകാരവും വിജ്ഞാനം താൽപര്യപ്പെടുന്നത് മനസ്സിലാക്കലും. അതനുസരിച്ച് പ്രവർത്തിക്കുകകൂടി ചെയ്യുമ്പോൾ അറിവ് പൂർത്തിയായി. ഇതാണ് അല്ലാഹു നിർദേശിച്ച അറിവ് എന്നത്. ആ അറിവ് അവന്റെ ഏകത്വത്തെക്കുറിച്ചുള്ളതാണ്. എല്ലാ മനുഷ്യനും നിർബന്ധമായ അറിവ്. ഒരാൾക്കും അത് നഷ്ടപ്പെട്ടുകൂടാ. എല്ലാവരും അത് അറിയാൻ നിർബന്ധിതരാണ്.

അല്ലാഹു അല്ലാതെ ആരാധ്യനില്ല എന്ന അറിവിലേക്കെത്തിക്കുന്ന വഴിയിൽ ചില വിഷയങ്ങളുണ്ട്. അതിലൊന്ന് ഏറ്റവും ഗൗരവമുള്ളത്, അല്ലാഹുവിന്റെ മഹത്ത്വവും പൂർണത യും മനസ്സിലാക്കിത്തരുന്ന അവന്റെ നാമങ്ങൾ, വിശേഷണങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കലാണ്. എല്ലാ സ്തുതിക്കും മഹത്ത്വത്തിനും അവകാശിയായ പരിപൂർണനായ രക്ഷിതാവിനെ ആരാധ്യനാക്കുകയും ചെയ്യുക. ആരാധിക്കാനുള്ള അർഹത അവന് നൽകി, പരിശ്രമം ചെയ്യാൻ ആ അറിവ് അവനെ ബാധ്യസ്ഥനാക്കണം.

രണ്ടാമത്തേത്; സൃഷ്ടിപ്പിലും നിയന്ത്രണത്തിലുമെല്ലാം അല്ലാഹു ഏകനാണെന്ന് അറിയലാണ്, അതിലൂടെ ആരാധനക്കുള്ള അർഹതയിലും അവനേകനാണെന്ന് അറിയുന്നു.

മൂന്നാമത്തേത്; മതപരവും ഭൗതികവുമായ, പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങ ൾ തരുന്നതും അവൻ മാത്രമാണെന്ന് അറിയലാണ്. അത് ഹൃദയത്തെ അവനിൽ ബന്ധിപ്പിക്കാനും അവനെ സ്‌നേഹിക്കാനും അവനെ ആരാധ്യനായി സ്വീകരിക്കാനും അവന് പങ്കുകാരില്ലെന്നും അവൻ ഏകനാണെന്നും അംഗീകരിക്കാനും ബാധ്യതപ്പെടുത്തുന്നു.

നാലാമത്തേത്; അല്ലാഹുവിന്റെ തൗഹീദിനെ നിർവഹിക്കുന്ന മിത്രങ്ങൾക്ക് ഇരുലോകത്തും നൽകുന്ന അനുഗ്രഹങ്ങളും സഹായങ്ങളും പ്രതിഫലമായി ലഭിക്കുന്നു എന്നതാണ്. അവന്റെ ശത്രുക്കളായ ബഹുദൈവവിശ്വാസികൾക്ക് നൽകുന്ന ശിക്ഷയെക്കുറിച്ചുള്ള അറിവ് അല്ലാഹു മാത്രമാണ് ആരാധനയ്ക്ക് അർഹൻ എന്ന അറിവിലേക്ക് നയിക്കുന്നു.

അഞ്ചാമത്തേത്; അല്ലാഹുവോടൊപ്പം ആരാധിക്കുകയും ആരാധ്യന്മാരായി സ്വീകരിക്കുകയും ചെയ്യുന്ന തുല്യതപ്പെടുത്തുന്നവരുടെയും പ്രതിമകളുടെയും വിശദീകരണങ്ങൾ, എല്ലാ നിലയ്ക്കും അവ അപൂർണതയുള്ളവരാണ്, അവർ തന്നെ ആശ്രയിക്കേണ്ടവരാണ്, അവരെ ആരാധിക്കുന്നവർക്ക് ഉപകാരമോ ഉപദ്രവമോ ജീവിതമോ മരണമോ ഉയിർത്തെഴുന്നേൽപോ ഉടമപ്പെടുത്തുന്നില്ല, ദോഷം തടുത്തോ ഗുണംവരുത്തിയോ ഒരു അണുമണിത്തൂക്കം സഹായം തങ്ങളെ ആരാധിക്കുന്നവർക്ക് പ്രയോജനം ചെയ്യാത്തവർ. ഇതെല്ലാം അറിയുമ്പോൾ അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും അവനല്ലാത്തവരുടെ ആരാധ്യത നിരർഥകമാണെന്നും മനസ്സിലാക്കേണ്ടിവരുന്നു.

ആറാമത്തേത്; അല്ലാഹുവിന്റെ എല്ലാ വേദഗ്രന്ഥങ്ങളും ഈ ഒരാശയത്തിൽ യോജിക്കുന്നു എന്നതും അറിയണം.

ഏഴാമത്തേത്; അറിവിലും ബുദ്ധിയിലും ചിന്തയിലും സ്വഭാവത്തിലും സമ്പൂർണരായ, അല്ലാഹുവിന്റെ പ്രത്യേക സൃഷ്ടികൾ; അവരാണ് നബിമാരും ദൂതന്മാരും പൂണ്യവാന്മാരായ പണ്ഡിതരും. അവരതിൽ അല്ലാഹുവിന് സാക്ഷികളാവുകയും ചെയ്യുന്നു.

എട്ടാമത്തേത്; പ്രപഞ്ചത്തിലും ശരീരത്തിലും അല്ലാഹു നിലനിർത്തിയ തെളിവുകൾ അവന്റെ ഏകത്വത്തിനുള്ള ഏറ്റവും വലിയ തെളിവുകളാണ്. അല്ലാഹുവിന്റെ സൃഷ്ടിപ്പിലെ സൂക്ഷ്മതയും അറിവിലെ യുക്തിഭദ്രതയും സൃഷ്ടിപ്പിലെ അത്ഭുതവുമെല്ലാം അവ വിളിച്ചുപറയുന്നുണ്ട്. ഈ മാർഗത്തിലൂടെയാണ് ‘ലാ ഇലാഹ ഇല്ലല്ലാഹു’വിലേക്ക്, മനുഷ്യരെ അല്ലാഹു ഏറ്റവും അധികം പ്രബോധനം ചെയ്യുന്നത്. അവന്റെ ഗ്രന്ഥത്തിൽ അതവൻ വ്യക്തമാക്കിയിട്ടുണ്ട്. അതിൽ ചിലതിനെക്കുറിച്ച് മാത്രം ഒരടിമ ചിന്തിച്ചാൽ മതി. അതുമൂലം അവന് ദൃഢജ്ഞാനവും അറിവും ലഭിക്കും. എന്നാൽ ഇവയെല്ലാം കൂടി ഒരുമിച്ച് കൂടുകയും യോജിക്കുകയും അവന്റെ ഏകത്വത്തിന് എല്ലാ ഭാഗത്തുനിന്നുമുള്ള തെളിവാകുകയും ചെയ്താൽ എന്തായിരിക്കും അവസ്ഥ? അപ്പോൾ ഒരടിമയുടെ ഹൃദയത്തിൽ അതിനെക്കുറിച്ചുള്ള അറിവും വിശ്വാസവും വേരുറക്കുന്നു; ഉറച്ച പർവതങ്ങളെപ്പോലെ. സംശയമോ വിചാരങ്ങളോ അതിനെ ഇളക്കുകയില്ല. സംശയവും അസത്യവും എത്ര ആവർത്തിച്ചാലും ആ വിശ്വാസം വളരുകയും പൂർണമാവുകയും മാത്രമെ ചെയ്യൂ. ഏറ്റവും മഹത്തായ തെളിവ് അല്ലെങ്കിൽ വലിയ കാര്യം ഏതാണെന്ന് നീ നോക്കിയാൽ അത് ക്വുർആനിന്റെ വചനങ്ങളിൽ ചിന്തിക്കുക എന്നതാണ്. അതാണ് തൗഹീദിന്റെ അറിവിലേക്കുള്ള ഏറ്റവും മഹത്തായ വാതിൽ, പൊതുവിലും വിശദമായും മറ്റൊന്നിൽനിന്നും ലഭിക്കാത്തത് അതിൽനിന്ന് ലഭിക്കും.

(നിന്റെ പാപത്തിന് നീ പാപമോചനം തേടുക) നിന്റെ പാപത്തിന് അല്ലാഹുവിൽനിന്ന് നീ പാപമോചനം തേടുക. ഖേദിച്ചും പാപമോചനത്തിന് പ്രാർഥിച്ചും തിന്മയെ മായ്ക്കാവുന്ന നന്മകൾ വർധിപ്പിച്ചും പാപങ്ങൾ ഉപേക്ഷിച്ചും കുറ്റങ്ങളിൽ വിട്ടുവീഴ്ച ചെയ്തും പാപപരിഹാരത്തിന്റെ കാരണങ്ങൾ ഉണ്ടാക്കണം. സത്യവിശ്വാസികൾക്കും വിശ്വാസിനികൾക്കും വേണ്ടിയും നീ പാപമോചനം തേടുക.

വിശ്വസിച്ചു എന്ന കാരണത്താൽ എല്ലാ മുസ്‌ലിം സ്ത്രീക്കും പുരുഷനും ചില അവകാശങ്ങളുണ്ട്. ആ അവകാശങ്ങളുടെ കൂട്ടത്തിൽ പെട്ടതാണ് അവർക്കുവേണ്ടി പ്രാർഥിക്കപ്പെടാനും പാപമോചനം തേടപ്പെടാനുമുള്ള അവകാശം. പാപമോചനം തേടാൻ കൽപിക്കുമ്പോൾ അതിൽ തന്നെയുണ്ട് അവരുടെ തെറ്റുകൾ നീക്കിക്കൊടുക്കാനും അവരുടെ ശിക്ഷ ഒഴിവാക്കിക്കൊടുക്കാനുമുള്ള നിർദേശം. അതിന്റെ അനിവാര്യതയിൽപെട്ടതാണ് അവരോടുള്ള ഗുണകാംക്ഷയും നന്മയിൽ താൻ തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നത് അവർക്കുവേണ്ടി ഇഷ്ടപ്പെടുകയും തനിക്കുവേണ്ടി വെറുക്കുന്നത് അവർക്ക് വേണ്ടി വെറുക്കുകയും ചെയ്യുന്നത്. നന്മയുള്ളത് അവരോട് കൽപിക്കുകയും ദോഷകരമായത് വിരോധിക്കുകയും വേണം. അവരുടെ കുറവുകൾക്കും ദോഷങ്ങങ്ങൾക്കും വിട്ടുവീഴ്ച ചെയ്യണം. അവരുടെ ഐക്യത്തിനും ഹൃദയങ്ങളുടെ ഇണക്കത്തിനും താൽപര്യം കാണിക്കണം. ഭിന്നിപ്പിലേക്കും ശത്രുതയിലേക്കും എത്തിക്കുന്ന വിദ്വേഷങ്ങളെ അവർക്കിടയിൽനിന്ന് ഇല്ലായ്മ ചെയ്യണം. അതെല്ലാം തിന്മകളെ ഉണ്ടാക്കും. (നിങ്ങളുടെ പോക്കുവരവും അല്ലാഹു അറിയുന്നുണ്ട്) നിങ്ങളുടെ ക്രയവിക്രയങ്ങളും ചലനങ്ങളും പോക്കുവരവുകളും. (താമസവും) നിങ്ങൾ തങ്ങുന്നത്, നിങ്ങളുടെ ചലനങ്ങളിലും അടക്കങ്ങളിലും അവൻ നിങ്ങളെ അറിഞ്ഞുകൊണ്ടിരിക്കുന്നു. അതിനെല്ലാം സമ്പൂർണമായ പ്രതിഫലം നിങ്ങൾക്ക് തരും.

20,21) അല്ലാഹു പറയുന്നു: (സത്യവിശ്വാസികൾ പറയും) ബുദ്ധിമുട്ടുണ്ടാക്കുന്ന കൽപനകൾ ഇറക്കിത്തരാൻ ധൃതിപ്പെട്ടും വേഗതകാണിച്ചും. (ഒരു സൂറത്ത് അവതരിപ്പിക്കപ്പെടാത്തതെന്താണ്?) യുദ്ധത്തിന് കൽപിക്കുന്ന ഒരധ്യായം. (എന്നാൽ ഖണ്ഡിതമായ നിയമങ്ങളുള്ള ഒരു സൂറത്ത് അവതരിപ്പിക്കപ്പെടുകയും) പ്രവർത്തിക്കൽ നിർബന്ധമുള്ള. (അതിൽ യുദ്ധത്തെപ്പറ്റി പ്രസ്താവിക്കപ്പെടുകയും ചെയ്താൽ) ആളുകൾക്ക് ഏറ്റവും പ്രയാസമുള്ള കാര്യം. ഇത്തരം കൽപനകൾ നടപ്പിലാക്കുന്നതിൽ ദുർബല വിശ്വാസമുള്ളവർ ഉറച്ചുനിൽക്കില്ല. അതാണ് അല്ലാഹു പറഞ്ഞത്: (ഹൃദയങ്ങളിൽ രോഗമുള്ളവർ -മരണം ആസന്നമായതിനാൽ ബോധരഹിതനായ ആൾ നോക്കുന്നതുപോലെ- നിന്റെ നേർക്ക് നോക്കുന്നതായി കാണാം) അതിനോടുള്ള അനിഷ്ടവും പ്രയാസവും കാരണം. സമാനമായ മറ്റൊരു വചനം

أَلَمْ تَرَ إِلَى ٱلَّذِينَ قِيلَ لَهُمْ كُفُّوٓا۟ أَيْدِيَكُمْ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ فَلَمَّا كُتِبَ عَلَيْهِمُ ٱلْقِتَالُ إِذَا فَرِيقٌ مِّنْهُمْ يَخْشَوْنَ ٱلنَّاسَ كَخَشْيَةِ ٱللَّهِ أَوْ أَشَدَّ خَشْيَةً ۚ

“-നിങ്ങൾ യുദ്ധത്തിന് പോകാതെ -കൈകൾ അടക്കിവെക്കുകയും നമസ്‌കാരം മുറപ്രകാരം നിർവഹിക്കുകയും സകാത്ത് നൽകുകയും ചെയ്യുവിൻ എന്ന് നിർദേശിക്കപ്പെട്ടിരുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? പിന്നീട് അവർക്ക് യുദ്ധം നിർബന്ധമായി നിശ്ചയിക്കപ്പെടുമ്പോൾ അവരിൽ ഒരുവിഭാഗമതാ അല്ലാഹുവെ ഭയപ്പെടുംപോലെയോ അതിനെക്കാൾ ശക്തമായ നിലയിലോ ജനങ്ങളെ ഭയപ്പെടുന്നു’’ (4:77).

തുടർന്ന് അല്ലാഹു അവർക്ക് ഏറ്റവും പറ്റിയ കാര്യത്തിലേക്ക് അവരെ ക്ഷണിക്കുന്നു. (എന്നാൽ അവർക്ക് ഏറ്റവും അനുയോജ്യമായത് തന്നെയാണത്. അനുസരണവും ഉചിതമായ വാക്കുമാണ് വേണ്ടത്) അവർക്ക് നിർബന്ധമായ നിലവിലുള്ള കൽപന സ്വീകരിക്കലാണ് അവർക്ക് ഏറ്റവും ഉചിതം. മനസ്സിന്റെ ശക്തി അതിൽ കേന്ദ്രീകരിക്കുക. അവർക്ക് ബുദ്ധിമുട്ടുള്ളത് മതനിയമമാക്കാൻ ആവശ്യപ്പെടാതിരിക്കുക. അല്ലാഹു നൽകുന്ന വിട്ടുവീഴ്ചയിലും സൗഖ്യത്തിലും സന്തോഷിക്കുകയും ചെയ്യുക. (എന്നാൽ കാര്യം തീർച്ചപ്പെട്ട് കഴിഞ്ഞപ്പോൾ) നിർബന്ധ പ്രാധാന്യമുള്ള കൽപന അവർക്ക് വന്നപ്പോൾ, അവർ കാണിച്ചിരുന്നുവെങ്കിൽ (അല്ലാഹുവോട് സത്യസന്ധത) ഈ സന്ദർഭത്തിൽ അല്ലാഹുവോട് സഹായം തേടിയും അവന്റെ കൽപന നിർവഹിക്കാൻ പരിശ്രമിച്ചും. (അതായിരുന്നു അവർക്ക് കൂടുതൽ ഉത്തമം) പലനിലക്കും.

അതിലൊന്ന്: മനുഷ്യൻ എല്ലാ നിലക്കും അപൂർണനാണ്. അല്ലാഹുവിന്റെ സഹായമില്ലാതെ അവനൊന്നും സാധ്യമല്ല. ആ സന്ദർഭത്തിൽ നിർവഹിക്കാൻ കഴിയുന്നതല്ലാതെ ആവശ്യപ്പെടരുത്. ഭാവിയിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരാൾ ആലോചിച്ചിരുന്നത്, ഭാവിയിലും ഇപ്പോഴും ചെയ്യേണ്ട കാര്യങ്ങളെ ദുർബലമാക്കും. ഇപ്പോഴുള്ളത് അവന് ചെയ്യാൻ കഴിയാത്തത് അവന്റെ ശ്രദ്ധ മറ്റൊന്നിലേക്ക് മാറുന്നതുകൊണ്ടാണ്. കാരണം മനസ്സിന്റെ ശ്രദ്ധയോടൊപ്പമാണ് പ്രവർത്തനങ്ങൾ. ഭാവിയിലുള്ളത് ചെയ്യാൻ കഴിയാത്തത് അത് വരുമ്പോഴേക്കും അവന്റെ ശ്രദ്ധ നഷ്ടപ്പെട്ടിരിക്കും. അങ്ങനെ അത് അവന് ചെയ്യാൻ കഴിയാതെ വരും.

മറ്റൊന്ന്: ഭാവികാര്യങ്ങളിൽ പ്രതീക്ഷവെക്കുന്ന ഒരാൾ, നിലവിലുള്ള കാര്യങ്ങൾ ചെയ്യാൻ അയാൾക്ക് മടിയുണ്ടെങ്കിലും ഭാവി കാര്യങ്ങൾ ചെയ്യാമെന്ന് തന്റെ കഴിവിൽ വിശ്വസിച്ച് തീരുമാനിച്ചുറപ്പിച്ചവനെപ്പോലെ തന്നെയാണ്. അവനും പരാജിതനാകാതെ താൻ ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ തന്റെ മനസ്സിനെ പിടിച്ചുനിർത്താനാകും. അതിനാൽ ഒരാൾ തന്റെ ശ്രദ്ധയും ചിന്തയും താൽപര്യവുമെല്ലാം നിലവിലുള്ളതിൽ കേന്ദ്രീകരിക്കണം. തന്റെ കഴിവനുസരിച്ച് കാര്യങ്ങൾ ചെയ്യണം. പിന്നീട് ഓരോ സമയം വരുമ്പോഴും അതിനെ ഉന്മേഷത്തോടെയും ഉയർന്ന മനശ്ശക്തിയോടെയും സ്വീകരിക്കണം; തന്റെ രക്ഷിതാവിൽ സഹായം തേടിക്കൊണ്ട്. ഇത്തരം ആളുകൾ ജീവിതത്തിലെ എല്ലാ കര്യങ്ങളിലും അല്ലാഹുവിന്റെ സഹായത്തിന് അർഹരായുള്ളവരാണ്.