സൂറഃ മുഹമ്മദ്, ഭാഗം 6

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ജൂൺ 18, 1442 ദുൽഖഅദ 17

അധ്യായം: 47, ഭാഗം 6 (മദീനയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ ثُمَّ مَاتُوا۟ وَهُمْ كُفَّارٌ فَلَن يَغْفِرَ ٱللَّهُ لَهُمْ (٣٤) فَلَا تَهِنُوا۟ وَتَدْعُوٓا۟ إِلَى ٱلسَّلْمِ وَأَنتُمُ ٱلْأَعْلَوْنَ وَٱللَّهُ مَعَكُمْ وَلَن يَتِرَكُمْ أَعْمَـٰلَكُمْ (٣٥) إِنَّمَا ٱلْحَيَوٰةُ ٱلدُّنْيَا لَعِبٌ وَلَهْوٌ ۚ وَإِن تُؤْمِنُوا۟ وَتَتَّقُوا۟ يُؤْتِكُمْ أُجُورَكُمْ وَلَا يَسْـَٔلْكُمْ أَمْوَٰلَكُمْ (٣٦) إِن يَسْـَٔلْكُمُوهَا فَيُحْفِكُمْ تَبْخَلُوا۟ وَيُخْرِجْ أَضْغَـٰنَكُمْ (٣٧) هَـٰٓأَنتُمْ هَـٰٓؤُلَآءِ تُدْعَوْنَ لِتُنفِقُوا۟ فِى سَبِيلِ ٱللَّهِ فَمِنكُم مَّن يَبْخَلُ ۖ وَمَن يَبْخَلْ فَإِنَّمَا يَبْخَلُ عَن نَّفْسِهِۦ ۚ وَٱللَّهُ ٱلْغَنِىُّ وَأَنتُمُ ٱلْفُقَرَآءُ ۚ وَإِن تَتَوَلَّوْا۟ يَسْتَبْدِلْ قَوْمًا غَيْرَكُمْ ثُمَّ لَا يَكُونُوٓا۟ أَمْثَـٰلَكُم (٣٨‬)

34. അവിശ്വസിക്കുകയും, അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് (ജനങ്ങളെ) തടയുകയും, എന്നിട്ട് സത്യനിഷേധികളായിക്കൊണ്ട് തന്നെ മരിക്കുകയും ചെയ്തവരാരോ അവർക്ക് അല്ലാഹു പൊറുത്തുകൊടുക്കുകയേ ഇല്ല.

35. ആകയാൽ നിങ്ങൾ ദൗർബല്യം കാണിക്കരുത്. നിങ്ങൾതന്നെയാണ് ഉന്നതന്മാർ എന്നിരിക്കെ (ശത്രുക്കളെ) നിങ്ങൾ സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്. അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്. നിങ്ങളുടെ കർമഫലങ്ങൾ നിങ്ങൾക്ക് ഒരിക്കലും അവൻ നഷ്ടപ്പെടുത്തുകയില്ല.

36. ഐഹികജീവിതം കളിയും വിനോദവും മാത്രമാകുന്നു. നിങ്ങൾ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നപക്ഷം നിങ്ങൾക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്. നിങ്ങളോട് നിങ്ങളുടെ സ്വത്തുക്കൾ അവൻ ചോദിക്കുകയുമില്ല.

37. നിങ്ങളോട് അവ (സ്വത്തുക്കൾ) ചോദിച്ച് അവൻ നിങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നെങ്കിൽ നിങ്ങൾ പിശുക്ക് കാണിക്കുകയും നിങ്ങളുടെ ഉള്ളിലെ പക അവൻ വെളിയിൽ കൊണ്ടുവരികയും ചെയ്യുമായിരുന്നു.

38. ഹേ; കൂട്ടരേ, അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ ചെലവഴിക്കുന്നതിനാണ് നിങ്ങൾ ആഹ്വാനം ചെയ്യപ്പെടുന്നത്. അപ്പോൾ നിങ്ങളിൽ ചിലർ പിശുക്ക് കാണിക്കുന്നു. വല്ലവനും പിശുക്കു കാണിക്കുന്നപക്ഷം തന്നോടുതന്നെയാണ് അവൻ പിശുക്ക് കാണിക്കുന്നത്. അല്ലാഹുവാകട്ടെ പരാശ്രയമുക്തനാകുന്നു; നിങ്ങളോ ദരിദ്രൻമാരും. നിങ്ങൾ പിന്തിരിഞ്ഞുകളയുകയാണെങ്കിൽ നിങ്ങളല്ലാത്ത ഒരു ജനതയെ അവൻ പകരം കൊണ്ടുവരുന്നതാണ്. എന്നിട്ട് അവർ നിങ്ങളെപ്പോലെയായിരിക്കുകയുമില്ല.

34) ഈ വചനവും സൂറതുൽബക്വറയിലെ

ۚ وَمَن يَرْتَدِدْ مِنكُمْ عَن دِينِهِۦ فَيَمُتْ وَهُوَ كَافِرٌ فَأُو۟لَـٰٓئِكَ حَبِطَتْ أَعْمَـٰلُهُمْ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۖ

എന്ന വചനവും (നിങ്ങളിൽനിന്നാരെങ്കിലും തന്റെ മതത്തിൽനിന്ന് പിന്മാറി സത്യനിഷേധിയായി മരണപ്പെടുന്നപക്ഷം അത്തരക്കാരുടെ കർമങ്ങൾ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്) എന്ന 217-ാം വചനവും ഉൾക്കൊള്ളുന്ന ആശയമതാണ്.

അവിശ്വാസംകൊണ്ട് കർമങ്ങൾ നിഷ്ഫലമായിപ്പോകും എന്ന വിഷയത്തിൽ വന്ന എല്ലാ തെളിവുകൾക്കും നിബന്ധന നിശ്ചയിക്കുന്നതാണ് ഈ രണ്ട് വചനങ്ങൾ. ആ നിബന്ധന അവിശ്വാസത്തിലായി അവൻ മരണമടയുക എന്നതാണ്. (അവിശ്വസിച്ചവർ) അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും അന്ത്യദിനത്തിലും. (തടയുകയും ചെയ്യുന്നവർ) പടപ്പുകളെ. (അല്ലാഹുവിന്റെ മാർഗത്തിൽനിന്ന്) സത്യത്തോടുള്ള വിരക്തിയുണ്ടാക്കിയും അസത്യത്തിലേക്ക് അവരെ ക്ഷണിച്ചും അതിനെ അലങ്കാരമായിക്കാണിച്ചും. (എന്നിട്ട് സത്യനിഷേധികളായിക്കൊണ്ടുതന്നെ മരിക്കുകയും ചെയ്തവർ). അതിൽനിന്ന് പശ്ചാത്തപിക്കാത്ത നിലയിൽ. (അവർക്കല്ലാഹു പൊറുത്തുകൊടുക്കുകയേ ഇല്ല) ശിപാർശകൊണ്ടും മറ്റൊന്നുകൊണ്ടും. കാരണം, ശിക്ഷ അവരുടെമേൽ നിർബന്ധമായി. പ്രതിഫലം അവർക്ക് നഷ്ടമായി. നരകത്തിൽ നിത്യത അവർക്ക് അനിവാര്യമായി. എല്ലാം പൊറുക്കുന്ന കരുണാനിധിയുടെ കാരുണ്യം അവരുടെമേൽ തടയപ്പെടുകയും ചെയ്തു.

ഈ വചനത്തിൽനിന്ന് മനസ്സിലാകുന്നത്, അവരുടെ മരണത്തിനുമുമ്പ് അവർ പശ്ചാത്തപിക്കുകയായിരുന്നുവെങ്കിൽ അല്ലാഹു അവർക്ക് പൊറുത്തുകൊടുക്കുകയും കരുണ ചെയ്യുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു എന്നതാണ്. ആയുഷ്‌ക്കാലം മുഴുവനും അവിശ്വാസത്തിൽ തങ്ങളുടെ ജീവി തം തുലച്ചവരും അവന്റെ മാർഗത്തിൽനിന്ന് തടഞ്ഞവരും തെറ്റുകൾ പ്രവർത്തിച്ചവരാണെങ്കിലും ശരി. തൗബക്ക് സാധിക്കുന്ന എല്ലാവർക്കും ജീവിച്ചിരിക്കുന്നേടത്തോളം കാലം കരുണയുടെ കവാടങ്ങൾ അടക്കാതെ തുറന്നുവെച്ചവൻ മഹാപരിശുദ്ധൻ. തെറ്റുചെയ്തവരെ ശിക്ഷിക്കാൻ ധൃതികാണിക്കാത്ത വിവേകശാലിയായ പരമപരിശുദ്ധൻ. അവരെ ശിക്ഷിക്കാൻ കഴിവുണ്ടായിട്ടും അവനോട് എതിരുപ്രവർത്തിച്ചവർക്ക് ഉപജീവനവും മാപ്പും നൽകുന്നവൻ.

35) തുടർന്ന് അല്ലാഹു പറയുന്നു: (ആകയാൽ നിങ്ങൾ ദൗർബല്യം കാണിക്കരുത്) അതായത് നിങ്ങളുടെ ശത്രുവിനോട് യുദ്ധം ചെയ്യുന്നതിൽ നിങ്ങൾ ദുർബലത കാണിക്കരുത്. നിങ്ങളെ ഭയം പിടികൂടുകയും ചെയ്യരുത്. മറിച്ച്, നിങ്ങൾ ക്ഷമിക്കുകയും സ്ഥൈര്യം കാണിക്കുകയും യുദ്ധത്തിൽ നിങ്ങളെ ഉറപ്പിച്ചുനിർത്തുകയും ചെയ്യുക. ഉറച്ചുനിൽക്കൽ തന്റെ രക്ഷിതാവിന്റെ പ്രീതിക്കാണ്; ഇസ്‌ലാമിനോടുള്ള ഗുണകാംക്ഷയും പിശാചിനോടുള്ള കോപവുമാണ്. പരസ്പര സന്ധിയിലേക്ക് ക്ഷണിക്കുകയോ ആശ്വാസത്തിനായി നിങ്ങൾക്കും ശത്രുവിനുമിടയിൽ യുദ്ധം ഉപേക്ഷിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. നിങ്ങളാവട്ടെ (നിങ്ങൾ തന്നെയാണ് ഉന്നതരായവർ എന്നിരിക്കെ അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്. അവനൊരിക്കലും നഷ്ടപ്പെടുത്തുകയില്ല). നിങ്ങൾക്ക് കുറക്കുകയില്ല (നിങ്ങളുടെ കർമഫലങ്ങൾ). ഈ മൂന്ന് കാര്യങ്ങളിൽ ഓരോന്നും ക്ഷമയുണ്ടാക്കുകയും ദുർബലത ഇല്ലാതാക്കുകയും അവരെ ഉന്നതരാക്കുകയും ചെയ്യുന്നു: 1) അതായത് വിജയത്തിനുള്ള വഴികൾ പൂർത്തിയാക്കുന്നു. അവന്റെ സത്യമായ വാഗ്ദാനം അവർക്ക് കിട്ടി. ഒരാൾ ദുർബലനാകുന്നത് മറ്റുള്ളവർ തന്നെ അപകർഷതപ്പെടുത്തുമ്പോഴും എണ്ണത്തിൽ ദുർബലമാകുമ്പോഴും തയ്യാറെടുപ്പ് കുറയുമ്പോഴും ആന്തരികവും ബാഹ്യവുമായ ശക്തി കുറയുമ്പോഴുമാണ്. 2) അല്ലാഹു അവരോടൊപ്പമുണ്ട്. കാരണം അവർ സത്യവിശ്വാസികളാണ്. അല്ലാഹു സഹായവും വിജയവും ശക്തിയും നൽകി വിശ്വാസികൾക്കൊപ്പമുണ്ടാകും. ശത്രുവിനെ നേരിടാനുള്ള ഹൃദയബലത്തിനും അതാവശ്യമാണ്. 3) അവരുടെ കർമങ്ങളിൽനിന്ന് അല്ലാഹു യാതൊന്നും കുറക്കുകയില്ല. മറിച്ച്, അവർക്ക് പ്രതിഫലം പൂർത്തിയാക്കി നൽകുകയും അവന്റെ അനുഗ്രഹത്തിൽനിന്ന് അവർക്ക് വർധിപ്പിച്ചുകൊടുക്കുകയും ചെയ്യും. പ്രത്യകിച്ചും ജിഹാദിന് ധനം ചെലവഴിക്കുന്നതിന് എഴുന്നൂറ് ഇരട്ടിവരെ -ധാരാളം ഇരട്ടികളായി- ഇരട്ടിപ്പിച്ചു നൽകും.

ذَٰلِكَ بِأَنَّهُمْ لَا يُصِيبُهُمْ ظَمَأٌ وَلَا نَصَبٌ وَلَا مَخْمَصَةٌ فِى سَبِيلِ ٱللَّهِ وَلَا يَطَـُٔونَ مَوْطِئًا يَغِيظُ ٱلْكُفَّارَ وَلَا يَنَالُونَ مِنْ عَدُوٍّ نَّيْلًا إِلَّا كُتِبَ لَهُم بِهِۦ عَمَلٌ صَـٰلِحٌ ۚ إِنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُحْسِنِينَ 120 وَلَا يُنفِقُونَ نَفَقَةً صَغِيرَةً وَلَا كَبِيرَةً وَلَا يَقْطَعُونَ وَادِيًا إِلَّا كُتِبَ لَهُمْ لِيَجْزِيَهُمُ ٱللَّهُ أَحْسَنَ مَا كَانُوا۟ يَعْمَلُونَ 121

“മദീനക്കാർക്കും അവരുടെ ചുറ്റുപാടുമുള്ള അഅ്‌റാബികൾക്കും അല്ലാഹുവിന്റെ ദൂതനെവിട്ട് പിൻമാറി നിൽക്കാനോ അദ്ദേഹത്തിന്റെ കാര്യം അവഗണിച്ചുകൊണ്ട് അവരവരുടെ (സ്വന്തം) കാര്യങ്ങളിൽ താൽപര്യം കാണിക്കാ നോ പാടുള്ളതല്ല. അതെന്തുകൊണ്ടെന്നാൽ അല്ലാഹുവിന്റെ മാർഗത്തിൽ അവർക്ക് ദാഹവും ക്ഷീണവും വിശപ്പും നേരിടുകയോ അവിശ്വാസികളെ പ്രകോപിപ്പിക്കുന്ന വല്ല സ്ഥാന ത്തും അവർ കാൽവെക്കുകയോ ശത്രുവിന് വല്ല നാശവും ഏൽപിക്കുകയോ ചെയ്യുന്നപക്ഷം അതുകാരണം അവർക്ക് ഒരു സൽകർമം രേഖപ്പെടുത്താതിരിക്കുകയില്ല. തീർച്ചയായും സുകൃതം ചെയ്യുന്നവർക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുന്നതല്ല. ചെറുതാകട്ടെ വലുതാകട്ടെ എന്തൊന്ന് അവർ ചെലവഴിക്കുന്നതും നല്ല താഴ്‌വരയും അവർ മുറിച്ചു കടന്നുപോകുന്നതും അവർക്ക് (പുണ്യകർമമായി) രേഖപ്പെടുത്താതിരിക്കുകയില്ല. അങ്ങ നെ അവർ പ്രവർത്തിച്ചുകൊണ്ടിരുന്ന അത്യുത്തമമായ കാര്യത്തിന് അല്ലാഹു അവർക്ക് പ്രതിഫലം നൽകുന്നതാണ് “ (തൗബ 120, 121)

അല്ലാഹു തന്റെ ജിഹാദും പ്രവർത്തനങ്ങളും പാഴാക്കുകയില്ലെന്ന് ഒരു മനുഷ്യൻ മനസ്സിലാക്കുമ്പോൾ അതിനുവേണ്ടി തന്റെ പരിശ്രമവും ഉന്മേഷവും ചെലവഴിക്കൽ നിർബന്ധമായി. ഈ മൂന്ന് കാര്യവും ഒരാളിലൊരുമിച്ചാൽ എന്തായിരിക്കും അവന്റെ സ്ഥിതി? തീർച്ചയായും അത് സമ്പൂർണമായ ഉന്മേഷമുണ്ടാക്കും. ഇതെല്ലാം അല്ലാഹു തന്റെ അടിമയെ താൽപര്യപ്പെടുത്താനും ആവേശപ്പെടുത്താനും അവരുടെ നന്മക്കും വിജയത്തിനുംവേണ്ടി അവരുടെ മനസ്സുകളെ ശക്തിപ്പെടുത്താനുമാണ് പറയുന്നത്.

36,37) ഇഹലോക ജീവിതത്തോട് തന്റെ അടിമക്ക് വിരക്തി ഉണ്ടാക്കുകയാണ് അല്ലാഹു ഇവിടെ. എന്താണ് അതിന്റെ യാഥാർഥ്യമെന്ന് അറിയിച്ചുകൊടുത്തുകൊണ്ട്. അത് കളിയും വിനോദവുമാണ്. കളി ശരീരത്തിലും വിനോദം ഹൃദയത്തിലും. ഒരടിമ തന്റെ ധനത്തിലും സന്താനങ്ങളിലും ഭംഗിയിലും സ്ത്രീ ആസ്വാദനത്തിലും ഭക്ഷണ പാനീയങ്ങളിലും ഭവനങ്ങളിലും സദസ്സുകളിലും കാഴ്ചകളിലും അംഗീകാരങ്ങളിലും വിനോദിക്കുന്നവനായിരിക്കും. പ്രയോജനരഹിതമായ പ്രവർത്തനങ്ങളിൽ കളിക്കുന്നവനുമായിരിക്കും. മാത്രമവുമല്ല, നിരർഥകതയിലും അശ്രദ്ധയിലും തെറ്റുകളിലും കറങ്ങിക്കൊണ്ടിരിക്കുന്നു; അവന്റെ ഇഹലോകജീവിതം അവസാനിക്കുകയും അവധിയെത്തുകയും ചെയ്യുന്നതുവരെ. പെട്ടെന്ന് ഒരു പ്രയോജനവും നൽകാതെ ഇതെല്ലാം അവനെ വിട്ടുപിരിയുന്നു. അവന്റെ നഷ്ടവും ഇല്ലായ്മയും അവന് വ്യക്തമാവുകയും അവന്റെ ശിക്ഷ വന്നെത്തുകയും ചെയ്യുന്നു. ബുദ്ധിയുളളവർക്ക് ഇതിൽ വിരക്തിയുണ്ടാവാനും താല്പര്യമില്ലായ്മ ഉണ്ടാകാനും അതിനെ അപ്രസക്തമായി കാണാനും ഇത് കാരണമാകും. ഇനി പറയുന്നതിനാണ് പ്രാധാന്യം നല്‌കേണ്ടത്. (നിങ്ങൾ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നപക്ഷം) നിങ്ങൾ അല്ലാഹുവിലും മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുകയും സത്യവിശ്വാസത്തിന്റെ അനിവാര്യതയായ അല്ലാഹുവിനെ സൂക്ഷിക്കുന്നവനായി ജീവിക്കുകയും ചെയ്യുക. അത് എപ്പോഴും അവന്റെ തൃപ്തിക്കുപകരിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യലാണ്. അതോടൊപ്പം തെറ്റുകൾ ഉപേക്ഷിക്കുകയും ചെയ്യുക. അടിമക്ക് പ്രയോജനമുള്ളതാണിത്. ഇതിലവൻ മത്സരിക്കേണ്ടതുണ്ട്. അതിനുവേണ്ടി അവന്റെ ശ്രദ്ധയും പ്രവർത്തനങ്ങളും അവൻ വിനിയോഗിക്കണം. അതാണ് തന്റെ അടിമയിൽനിന്ന് അല്ലാഹു ഉദ്ദേശിക്കുന്നത്. അവരോടുള്ള സ്‌നേഹകാരുണ്യംകൊണ്ട്, അവർക്ക് മഹത്തായ പ്രതിഫലം നൽകുന്നതിനുവേണ്ടിയും.

അതാണ് അല്ലാഹു പറഞ്ഞത്: (നിങ്ങൾ വിശ്വസിക്കുകയം സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നപക്ഷം നിങ്ങൾക്കുള്ളതായ പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്. നിങ്ങളോട് നിങ്ങളുടെ സ്വത്തുക്കൾ അവൻ ചോദിക്കുകയുമില്ല) നിങ്ങൾക്ക് പ്രയാസമുള്ള കാര്യത്തിൽ നിങ്ങളെ നിർബന്ധിക്കാൻ അല്ലാഹു ഉദ്ദേശിക്കുന്നില്ല. നിങ്ങളുടെ സമ്പത്ത് എടുത്ത് സമ്പത്തില്ലാത്തവരാക്കി നിങ്ങളെ പ്രയാസപ്പെടുത്തുവാനും അത് കുറച്ച് നിങ്ങളെ ബുദ്ധിമുട്ടിക്കാനും അവനുദ്ദേശ്യമില്ല. അതാണ് അല്ലാഹു പറഞ്ഞത്: (നിങ്ങളോട് അവ(സ്വത്തുക്കൾ) ചോദിച്ച് അവൻ നിങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നുവെങ്കിൽ നിങ്ങൾ പിശുക്ക് കാണിക്കുകയും നിങ്ങളുടെ ഉള്ളിലെ പക അവൻ വെളിയിൽ കൊണ്ടുവരികയും ചെയ്യുമായിരുന്നു). നിങ്ങൾക്ക് ചെലവഴിച്ചാൽ നഷ്ടമില്ലാത്തത് നിങ്ങളോട് ആവശ്യപ്പെടുമ്പോൾ നിങ്ങളുടെ ഹൃദയങ്ങളിലുള്ള പക പുറത്തേക്ക് വരുന്നു.

38) നിങ്ങളുടെ സമ്പത്ത് അല്ലാഹു ആവശ്യപ്പെടുകയും അത് ചോദിച്ച് നിങ്ങളെ നിർബന്ധിക്കുകയും ചെയ്താൽ നിങ്ങൾ അതിൽനിന്ന് തടസ്സം നിൽക്കുന്നു. തീർച്ചയായും നിങ്ങൾ (അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ ചെലവഴിക്കുന്നതിനാണ് നിങ്ങൾ ആഹ്വാനം ചെയ്യപ്പെടുന്നത്) ഇതിലാണ് നിങ്ങളുടെ മതപരവും ഭൗതികപരവുമായ നന്മകൾ ഉള്ളത്. (അപ്പോൾ നിങ്ങളിൽ ചിലർ പിശുക്ക് കാണിക്കുന്നു) അതായത്, പെട്ടെന്നൊരു ഗുണം കാണാത്ത ഒരു കാര്യത്തിൽ നിങ്ങളുടെ സമ്പത്ത് ചെലവഴിക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടാൽ നിങ്ങളുടെ സ്ഥിതി എന്തായിരിക്കും? നിങ്ങൾ നൽകാൻ വിസമ്മതിക്കാൻ കൂടുതൽ സാധ്യതയില്ലേ?

തുടർന്ന് പറയുന്നു: (വല്ലവനും പിശുക്ക് കാണിക്കുന്നപക്ഷം തന്നോടുതന്നെയാണ് അവൻ പിശുക്ക് കാണിക്കുന്നത്) കാരണം, അവൻ അല്ലാഹുവിന്റെ പ്രതിഫലത്തെ തനിക്ക് നിഷിദ്ധമാക്കി. ധാരാളം നന്മ അവൻ നഷ്ടപ്പെടുത്തി. ചെലവഴിക്കാതിരിക്കുന്നതുകൊണ്ട് അല്ലാഹുവിന് യാതൊരു ദ്രോഹവും ഉണ്ടാവുകയില്ല. (അല്ലാഹുവാകട്ടെ) അവൻ (പരാശ്രയമുക്തനാകുന്നു, നിങ്ങളോ ദരിദ്രന്മാരും). നിങ്ങൾ എല്ലാ കര്യത്തിലും എല്ലാ സമയത്തും അവനിലേക്ക് ആവശ്യമുള്ളവരാണ്. (നിങ്ങൾ പിന്തിരിഞ്ഞുകളയുകയാണെങ്കിൽ) അല്ലാഹുവിലുള്ള വിശ്വാസത്തിൽനിന്നും അവന്റെ കൽപനകൾ നിറവേറ്റുന്നതിൽനിന്നും. (നിങ്ങളല്ലാത്ത ഒരു ജനതയെ അവൻ പകരം കൊണ്ടുവരുന്നതാണ്. എന്നിട്ട് അവർ നിങ്ങളെപ്പോലെ ആയിരിക്കുകയില്ല) തിരിഞ്ഞുകളയുന്നവരാകില്ല. മറിച്ച്, അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നവരും സ്‌നേഹിക്കുന്നവരുമായിരിക്കും.

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَن يَرْتَدَّ مِنكُمْ عَن دِينِهِۦ فَسَوْفَ يَأْتِى ٱللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ

“സത്യവിശ്വാസികളേ, നിങ്ങളിൽ ആരെങ്കിലും തന്റെ മതത്തിൽ നിന്ന് പിന്തിരിഞ്ഞുകളയുന്നപക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്’’ (5:54)