സൂറഃ അഹ്ക്വാഫ്, ഭാഗം 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ജൂലായ് 09, 1442 ദുൽഹിജ്ജ 10

അധ്യായം: 46, ഭാഗം 1 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

حمٓ (١) تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ (٢) مَا خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ وَأَجَلٍ مُّسَمًّى ۚ وَٱلَّذِينَ كَفَرُوا۟ عَمَّآ أُنذِرُوا۟ مُعْرِضُونَ (٣) قُلْ أَرَءَيْتُم مَّا تَدْعُونَ مِن دُونِ ٱللَّهِ أَرُونِى مَاذَا خَلَقُوا۟ مِنَ ٱلْأَرْضِ أَمْ لَهُمْ شِرْكٌ فِى ٱلسَّمَـٰوَٰتِ ۖ ٱئْتُونِى بِكِتَـٰبٍ مِّن قَبْلِ هَـٰذَآ أَوْ أَثَـٰرَةٍ مِّنْ عِلْمٍ إِن كُنتُمْ صَـٰدِقِينَ (٤) وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَـٰمَةِ وَهُمْ عَن دُعَآئِهِمْ غَـٰفِلُونَ (٥) وَإِذَا حُشِرَ ٱلنَّاسُ كَانُوا۟ لَهُمْ أَعْدَآءً وَكَانُوا۟ بِعِبَادَتِهِمْ كَـٰفِرِينَ (٦) وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍ قَالَ ٱلَّذِينَ كَفَرُوا۟ لِلْحَقِّ لَمَّا جَآءَهُمْ هَـٰذَا سِحْرٌ مُّبِينٌ (٧)

1. ഹാമീം.

2. ഈ വേദഗ്രന്ഥത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കൽ നിന്നാകുന്നു.

3. ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം സൃഷ്ടിച്ചത് ശരിയായ ഉദ്ദേശത്തോടുകൂടിയും നിർണിതമായ ഒരു അവധിവെച്ചുകൊണ്ടും മാത്രമാകുന്നു. സത്യനിഷേധികളാകട്ടെ തങ്ങൾക്ക് താക്കീത് നൽകപ്പെട്ടത് ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു.

4. (നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ചു പ്രാർഥിക്കുന്നതിനെപ്പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയിൽ അവർ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങൾ എനിക്ക് കാണിച്ചുതരൂ. അതല്ല ആകാശങ്ങളുടെ സൃഷ്ടിയിൽ വല്ല പങ്കും അവർക്കുണ്ടോ? നിങ്ങൾ സത്യവാന്മാരാണെങ്കിൽ ഇതിന് മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ, അറിവിന്റെ വല്ല അംശമോ നിങ്ങൾ എനിക്ക് കൊണ്ടുവന്നു തരൂ.

5. അല്ലാഹുവിനു പുറമെ, ഉയിർത്തെഴുന്നേൽപിന്റെ നാളുവരെയും തനിക്ക് ഉത്തരം നൽകാത്തവരെ വിളിച്ചു പ്രാർഥിക്കുന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാർഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു.

6. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദർഭത്തിൽ അവർ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവർ അവരെ ആരാധിച്ചിരുന്നതിനെ അവർ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.

7. സുവ്യക്തമായ നിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക് ഓതിക്കേൾപിക്കപ്പെടുകയാണെങ്കിൽ സത്യം തങ്ങൾക്ക് വന്നെത്തുമ്പോൾ അതിനെപ്പറ്റി ആ സത്യനിഷേധികൾ പറയും; ഇത് വ്യക്തമായ ഒരു മായാജാലമാണെന്ന്.

2). ഉന്നതമായ തന്റെ ഗ്രന്ഥത്തെ അല്ലാഹു പുകഴ്ത്തുകയും മഹത്ത്വപ്പെടുത്തുകയുമാണിവിടെ. അതിന്റെ വെളിച്ചത്തിൽ മാർഗനിർദേശം തേടാനും അതിലെ വചനങ്ങളുടെ ആലോചനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അതിലുള്ള നിധി കണ്ടെത്താനും ആളുകളോട് പറയുകയും ചെയ്യുന്നു.

3). കൽപനകളും വിരോധങ്ങളുമുൾക്കൊള്ളുന്ന തന്റെ ഗ്രന്ഥത്തെ ഇറക്കിയതിനെക്കുറിച്ച് വ്യക്തമാക്കിയപ്പോൾതന്നെ അല്ലാഹു ഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ചും പരാമർശിച്ചു. അങ്ങനെ സൃഷ്ടിപ്പും ശാസനയും അവൻ ഒരുമിച്ചു ചേർത്തു.

 

أَلَا لَهُ ٱلْخَلْقُ وَٱلْأَمْرُ ۗ

‘അറിയുക, സൃഷ്ടിപ്പും ശാസനാധികാരവും അവനു തന്നെയാണ്’(7:54). അല്ലാഹു പറയുന്നു:

ٱللَّهُ ٱلَّذِى خَلَقَ سَبْعَ سَمَـٰوَٰتٍ وَمِنَ ٱلْأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلْأَمْرُ بَيْنَهُنَّ

‘അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയിൽനിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവൻ. അവക്കിടയിൽ (അവന്റെ) കൽപനയിറങ്ങുന്നു’ (65:12).

يُنَزِّلُ ٱلْمَلَـٰٓئِكَةَ بِٱلرُّوحِ مِنْ أَمْرِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦٓ أَنْ أَنذِرُوٓا۟ أَنَّهُۥ لَآ إِلَـٰهَ إِلَّآ أَنَا۠ فَٱتَّقُونِ (٢) خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۚ

‘തന്റെ ദാസന്മാരിൽനിന്ന് താൻ ഉദ്ദേശിക്കുന്നവരുടെമേൽ തന്റെ കൽപനപ്രകാരം(സത്യസന്ദേശമാകുന്ന) ചൈതന്യവും കൊണ്ട് മലക്കുകളെ അവൻ ഇറക്കുന്നു. ഞാനല്ലാതെ യാതൊരു ദൈവവുമില്ല, അതിനാൽ നിങ്ങളെന്നെ സൂക്ഷിച്ചുകൊള്ളുവിൻ എന്ന് നിങ്ങൾ താക്കീത് നൽകുക (എന്നത്രെ ആ സന്ദേശം). ആകാശങ്ങളും ഭൂമിയും അവൻ യുക്തിപൂർവം സൃഷ്ടിച്ചിരിക്കുന്നു’ (16:2,3).

മനുഷ്യരെ അല്ലാഹു സൃഷ്ടിച്ചു. അവർക്ക് താമസസംവിധാനങ്ങളൊരുക്കി. ആകാശഭൂമികളിലുള്ളതെല്ലാം അവർക്ക് അവൻ കീഴ്‌പ്പെടുത്തിക്കൊടുക്കുകയും ചെയ്തു. തുടർന്ന് പ്രവാചകന്മാരെ അവരിലേക്ക് നിയോഗിച്ച് വേദഗ്രന്ഥങ്ങളിറക്കി. വിധിവിലക്കുകൾ നിർദേശിച്ചു. ഈ ലോകം പ്രവർത്തനങ്ങളുടെതാണെന്നും പ്രവർത്തിക്കുന്നവർക്ക് കടന്നുപോകാനുള്ളതാണെന്നും പറഞ്ഞുകൊടുക്കുകയും ചെയ്തു. ഇവിടെയുള്ളവർ യാത്രപോകാതെ ഇവിടെ സ്ഥിരം താമസിക്കുന്നവരല്ല. പിന്നീടവർ നിത്യതയുടെയും ശാശ്വതത്തിന്റെയും സ്ഥലത്തേക്കും സ്ഥിരതയുടെ വീട്ടിലേക്കും യാത്രയാകും. അവിടെ വെച്ച് അവർ ചെയ്ത പ്രവർത്തനങ്ങളുടെ പ്രതിഫലം പൂർണമായും അനുഭവിക്കും. ആ ലോകത്തെ സ്ഥാപിക്കുന്ന തെളിവുകൾ അല്ലാഹു നൽകി.

ഇവിടെവെച്ചുതന്നെ ശിക്ഷയുടെയും പ്രതിഫലത്തിന്റെയും മാതൃകകൾ അവർ അനുഭവിപ്പിച്ചു. അത് അവർ ആഗ്രഹിക്കുന്നത് അന്വേഷിക്കാനും ഭയപ്പെടുന്നതിൽനിന്ന് ഓടിയകലാനും ഏറ്റവും സഹായകമായി. അതാണ് അല്ലാഹു പറഞ്ഞത്: (ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം സ്ഥാപിച്ചത് ശരിയായ ഉദ്ദേശ്യത്തോടുകൂടിയാണ്). അലക്ഷ്യമായും വെറുതെയുമല്ല. മറിച്ച്, ജനങ്ങൾ തങ്ങളുടെ സ്രഷ്ടാവിനെ മനസ്സിലാക്കാൻവേണ്ടി. അവന്റെ പൂർണതയ്ക്ക് തെളിവായ ബൃഹത്തായ ആകാശ ഭൂമികളെ സൃഷ്ടിക്കുവാൻ കഴിവുള്ളവൻ, മരിച്ചവരെ തിരിച്ചുകൊണ്ടുവരാനും മരണശേഷം അവർക്ക് പ്രതിഫലം നൽകാനും കഴിവുള്ളവനാണെന്ന് അവർ മനസ്സിലാക്കും. അവയുടെ സൃഷ്ടിപ്പും ശേഷിപ്പും നിർണിതമായ ഒരു സമയം വരെ മാത്രമാണ് (നിർണിതമായ ഒരവധി വെച്ചുകൊണ്ടും).

ഇത്രയും പറഞ്ഞതിന് ശേഷം-സംസാരിക്കുന്നവരിൽ ഏറ്റവും സത്യസന്ധനാണ് അവൻ-തെളിവ് സ്ഥാപിക്കുകയും വഴി കാണിക്കുകയും ചെയ്തു. അതോടൊപ്പം അവൻ പറഞ്ഞത്, എന്നാൽ ജനങ്ങളിൽ ഒരു വിഭാഗം സത്യത്തെ അവഗണിക്കുകയും പ്രവാചകന്മാരുടെ പ്രബോധനങ്ങളെ നിരാകരിക്കുകയും മാത്രമാണ് ചെയ്തത് എന്നാണ്. (സത്യനിഷേധികളാവട്ടെ തങ്ങൾക്ക് താക്കീത് നൽകപ്പെട്ടത് ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു). എന്നാൽ സത്യവിശ്വാസികളാവട്ടെ, ശരിയായ അവസ്ഥ മനസ്സിലാക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ ഉപദേശങ്ങൾ സ്വീകരിക്കുകയും പൂർണമായും അംഗീകരിച്ച് സമർപ്പിക്കുകയും ബഹുമാനത്തോടും കീഴ്‌വണക്കത്തോടും ഉൾക്കൊള്ളുകയും ചെയ്യുന്നു. അങ്ങനെ സർവ നന്മകളോടുംകൂടി അവർ വിജയിക്കുന്നു. എല്ലാ ദോഷങ്ങളും അവരിൽനിന്നൊഴിവാകുകയും ചെയ്യുന്നു.

4). അതായത്, (പറയുക:) യാതൊരു ഉപകാരമോ ഉപദ്രവമോ ജീവിതമോ മരണമോ ഉയിർത്തെഴുന്നേൽപോ ഉടമപ്പെടുത്താത്ത സമന്മാരെയും ബിംബങ്ങളെയും അല്ലാഹുവിൽ പങ്കാളിയാക്കുകയും ചെയ്യുന്നവരോട് അവരുടെ ബിംബങ്ങളുടെ കഴിവുകേടിനെ വ്യക്തമാക്കിക്കൊടുത്തുകൊണ്ട് പറയുക. ആരാധനയ്ക്ക് യാതൊരു അവകാശവും അവയ്ക്കില്ല. (ഭൂമിയിൽ അവർ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങൾ എനിക്ക് കാണിച്ചുതരൂ. അതല്ല, ആകാശങ്ങളുടെ സൃഷ്ടിപ്പിൽ വല്ല പങ്കും അവർക്കുണ്ടോ?) ആകാശഭൂമി ഗോളങ്ങളിൽ വല്ലതും അവർ സൃഷ്ടിച്ചുവോ? പർവതങ്ങളെ അവരാണോ സൃഷ്ടിച്ചത്? നദികളൊഴുക്കിയത് അവരാണോ? അവർ ഭൂമിയിലുടനീളം മൃഗങ്ങളെ വിന്യസിച്ചുവോ? മരങ്ങൾ അവർ മുളപ്പിച്ചുവോ? ഇവയിലേതെങ്കിലും സൃഷ്ടിക്കാൻഅവർ സഹായിച്ചിട്ടുണ്ടോ? അതിലവർക്കൊന്നുമില്ലെന്ന് മറ്റുള്ളവരെക്കാൾ അവർ അംഗീകരിക്കും. ഇത് അല്ലാഹു ഒഴികെയുള്ള എല്ലാറ്റിനുമുള്ള ആരാധനയും നിരർഥകമാണെന്നതിന് ഖണ്ഡിതമായ തെളിവാണ്.

രേഖാപരമായ തെളിവും അവർക്കില്ലെന്നാണ് തുടർന്ന് പറയുന്നത്. (ഇതിന് മുമ്പുള്ള ഏതെങ്കിലും ഗ്രന്ഥം നിങ്ങൾ കൊണ്ടുവരൂ). ശിർക്കിലേക്ക് ക്ഷണിക്കുന്ന ഒരു ഗ്രന്ഥം. (അല്ലെങ്കിൽ അറിവിന്റെ വല്ല അംശമോ) ഇതിൽ കൽപിക്കുന്ന പ്രവാചക പൈതൃക വിജ്ഞാനങ്ങളിൽ നിന്ന്. (നിങ്ങൾ സത്യവാന്മാരാണെങ്കിൽ) ഏതെങ്കിലും ഒരു പ്രവാചകനിൽനിന്ന് അത്തരം ഒരു തെളിവ് കൊണ്ടുവരാൻ അവർക്കാവില്ലെന്നത് വ്യക്തമായും ഖണ്ഡിതമായും നമുക്ക് പറയാനാവും. അവരെല്ലാവരും ക്ഷണിച്ചത് തങ്ങളുടെ രക്ഷിതാവിന്റെ ഏകത്വത്തിലേക്കും ശിർക്കിനെ വിരോധിച്ചുമായിരുന്നു എന്ന്. അതുതന്നെയാണ് അവരിൽനിന്ന് ഉദ്ധരിക്കപ്പെടുന്ന സുപ്രധാനമായ അറിവും. അല്ലാഹു പറയുന്നു

وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولًا أَنِ ٱعْبُدُوا۟ ٱللَّهَ وَٱجْتَنِبُو

‘തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും ദുർമൂർത്തികളെ വെടിയുകയും ചെയ്യണമന്ന് (പ്രബോധനം ചെയ്യുന്നതിനുവേണ്ടി)’ (16:36).

എല്ലാ പ്രവാചകന്മാരും തങ്ങളുടെ ജനതയോട് പറഞ്ഞത്:

ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ

‘നിങ്ങൾ അല്ലാഹുവെ ആരാധിക്കുവിൻ. അവനല്ലാതെ നിങ്ങൾക്ക് ഒരാരാധ്യനുമില്ല’(7:59) എന്നാണ്. ബഹുദൈവ വിശ്വാസത്തിനുവേണ്ടി വാദിക്കുന്ന മുശ്‌രിക്കുകൾ ഒരു തെളിവിനെയോ പ്രമാണത്തെയോ അവലംബിക്കാത്തവരാണെന്ന് വ്യക്തം. അവർ അവലംബിക്കുന്നതാകട്ടെ പിഴച്ച ബുദ്ധിയെയും പിഴച്ച ചിന്തകളെയും അവരുടെ വിചാരങ്ങളെയും മാത്രമാണ്. അവരുടെ സാഹചര്യങ്ങളെക്കുറിച്ചുള്ള പഠനവും അവരുടെ വിജ്ഞാനങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള അന്വേഷണവും അവരുടെ വിശ്വാസത്തിന്റെ തകരാറ് നിനക്ക് മനസ്സിലാക്കിത്തരും. ജീവിതം മുഴുവൻ ഇത്തരം ആരാധനയിൽ ചെലവഴിച്ചവരുടെ അവസ്ഥ ചിന്തിക്കുമ്പോൾ വല്ല പ്രയോജനവും ഇഹത്തിലോ പരത്തിലോ അവന് ലഭിച്ചുവോ?

5.6). അതാണ് അല്ലാഹു പറയുന്നത്: (അല്ലാഹുവിന് പുറമെ ഉയിർത്തെഴുന്നേൽപിന്റെ നാളുവരെയും തനിക്ക് ഉത്തരം നൽകാത്തവരെ വിളിച്ച് പ്രാർഥിക്കുന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്?) അതായത് ഈ ലോകത്ത് കഴിച്ചുകൂട്ടുന്ന കാലമത്രയും ഒരു അണുത്തൂക്കം പ്രയോജനം അതുകൊണ്ടുണ്ടാവില്ല. (അവരാകട്ടെ ഇവരുടെ പ്രാർഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു). അവരുടെ ഒരു പ്രാർഥനയും അവർ കേൾക്കില്ല. അവരുടെ ഒരു വിളിക്കും അവർ ഉത്തരം നൽകുകയുമില്ല. ഇതാണ് ഇഹലോകത്ത് അവരുടെ അവസ്ഥ. ഉയിർത്തെഴുന്നേൽപ് ദിനത്തിൽ അവരുടെ ശിർക്കിനെ അവർ നിഷേധിക്കും. (മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദർഭത്തിൽ അവർ ഇവരുടെ ശത്രുക്കളായിരിക്കും) അവർ പരസ്പരം ശപിക്കും. അന്യോന്യം ഒഴിഞ്ഞുമാറുകയും ചെയ്യും (ഇവർ അവരെ ആരാധിച്ചിരുന്നതിനെ അവർ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും).

7). അതായത്, സത്യനിഷേധികൾക്ക് അവരെ സംശയിക്കാനാവാത്തവിധം ‘നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങൾ’ വായിച്ചുകേൾപിക്കുമ്പോൾ, അത് അവർക്ക് ഗുണം ചെയ്യില്ല. അതിലൂടെ അവർക്കെതിരെ തെളിവ് സ്ഥാപിക്കപ്പെടുകയും അവർ കെട്ടിച്ചമച്ച് പറയുകയും ചെയ്യുന്നു. അതായത്, ഇത് വ്യക്തമായും സംശയരഹിതമായും മാന്ത്രികമാണ്; പ്രകടമായതും സംശമില്ലാത്തതും. ഇത് സത്യത്തെ തലതിരിക്കലാണ്. മന്ദബുദ്ധികളല്ലാതെ ഇതിൽ സംശയിക്കില്ല. നബിﷺ  കൊണ്ടുവന്ന സത്യവും സിഹ്‌റും തമ്മിലുള്ള വ്യത്യാസവും വൈരുധ്യവും ആകാശഭൂമികൾ തമ്മിലുള്ളതിനെക്കാൾ വലുതാണ്. സത്യത്തെ-നക്ഷത്രങ്ങളെപോലെ ഉദാത്തവും സൂര്യനെക്കാൾ പ്രകാശമുള്ളതും പ്രപഞ്ചത്തിലെയും അവരുടേതുമായ തെളിവുകളിൽ പിന്തുണയ്ക്കപ്പെടുന്നതും ഉൾക്കാഴ്ച യും പക്വമായ ചിന്താഗതിയുമുള്ള ആളുകൾ സ്ഥിരീകരിച്ചതും അംഗീകരിച്ചതുമായ സത്യത്തെ എങ്ങനെ താരതമ്യം ചെയ്യാനാവും? ഇങ്ങനെയുള്ളതിനെ എങ്ങനെ അക്രമിയും ദുഷിച്ച മനസ്സുള്ളവനും പ്രവൃത്തിയുള്ളവനുമായ വ്യക്തിയിൽനിന്നുണ്ടാകുന്ന അസത്യമായ സിഹ്‌റുമായി തുലനം ചെയ്യും? അത് അവന് യോജിച്ചതാണോ? അവന്റെ അവസ്ഥയ്ക്ക് അനുയോജ്യമാണോ? ഇത് കളവ് മാത്രമല്ലയോ?