സൂറഃ അസ്സുഖ് റുഫ് (സുവർണാലങ്കാരം), ഭാഗം 8

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ഡിസംബർ 17, 1444 ജുമാദുൽ ഊല 22

അധ്യായം: 43, ഭാഗം 8 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

لَكُمْ فِيهَا فَـٰكِهَةٌ كَثِيرَةٌ مِّنْهَا تَأْكُلُونَ (٧٣) إِنَّ ٱلْمُجْرِمِينَ فِى عَذَابِ جَهَنَّمَ خَـٰلِدُونَ (٧٤) لَا يُفَتَّرُ عَنْهُمْ وَهُمْ فِيهِ مُبْلِسُونَ (٧٥) وَمَا ظَلَمْنَـٰهُمْ وَلَـٰكِن كَانُوا۟ هُمُ ٱلظَّـٰلِمِينَ (٧٦) وَنَادَوْا۟ يَـٰمَـٰلِكُ لِيَقْضِ عَلَيْنَا رَبُّكَ ۖ قَالَ إِنَّكُم مَّـٰكِثُونَ (٧٧) لَقَدْ جِئْنَـٰكُم بِٱلْحَقِّ وَلَـٰكِنَّ أَكْثَرَكُمْ لِلْحَقِّ كَـٰرِهُونَ (٧٨) أَمْ أَبْرَمُوٓا۟ أَمْرًا فَإِنَّا مُبْرِمُونَ (٧٩)

73. നിങ്ങൾക്കതിൽ പഴങ്ങൾ ധാരാളമായി ഉണ്ടാകും. അതിൽനിന്ന് നിങ്ങൾക്ക് ഭക്ഷിക്കാം.

74. തീർച്ചയായും കുറ്റവാളികൾ നരകശിക്ഷയിൽ നിത്യവാസികളായിരിക്കും.

75. അവർക്ക് അത് ലഘൂകരിച്ച് കൊടുക്കപ്പെടുകയില്ല. അവർ അതിൽ ആശയറ്റവരായിരിക്കും.

76. നാം അവരോട് അക്രമം ചെയ്തിട്ടില്ല. പക്ഷേ, അവർതന്നെയായിരുന്നു അക്രമകാരികൾ.

77. അവർ വിളിച്ചുപറയും; ഹേ, മാലിക്! താങ്കളുടെ രക്ഷിതാവ് ഞങ്ങളുടെ മേൽ (മരണം) വിധിക്കട്ടെ. അദ്ദേഹം (മാലിക്) പറയും: നിങ്ങൾ (ഇവിടെ) താമസിക്കേണ്ടവർ തന്നെയാകുന്നു.

78. (അല്ലാഹു പറയും:) തീർച്ചയായും നാം നിങ്ങൾക്ക് സത്യം കൊണ്ടുവന്ന് തരികയുണ്ടായി. പക്ഷേ, നിങ്ങളിൽ അധിക പേരും സത്യത്തെ വെറുക്കുന്നവരാകുന്നു.

79. അതല്ല, അവർ (നമുക്കെതിരിൽ) വല്ല കാര്യവും തീരുമാനിച്ചിരിക്കയാണോ? എന്നാൽ നാം തന്നെയാകുന്നു തീരുമാനമെടുക്കുന്നവൻ.

73). (നിങ്ങൾക്കതിൽ പഴങ്ങൾ ധാരാളമായി ഉണ്ടാകും) മറ്റൊരു വചനത്തിൽ അല്ലാഹു ഇക്കാര്യം പറയുന്നത് ഇങ്ങനെയാണ്:

(٥٢) فِيهِمَا مِن كُلِّ فَـٰكِهَةٍ زَوْجَانِ

“അവ രണ്ടിലും ഓരോ പഴവർഗത്തിൽനിന്നുമുള്ള ഈരണ്ട് ഇനങ്ങളുമുണ്ട്’’ (55:52).

(അതിൽനിന്ന് നിങ്ങൾക്ക് ഭക്ഷിക്കാം) രുചികരവും കൊതിപ്പിക്കുന്നതുമായ ആ പഴങ്ങളിൽനിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുത്ത് കഴിക്കാം.

സ്വർഗസുഖങ്ങളെക്കുറിച്ച് പറഞ്ഞയുടനെ നരകശിക്ഷയെക്കുറിച്ചും പറയുന്നു:

74). (തീർച്ചയായും കുറ്റവാളികൾ) നിഷേധവും അവിശ്വാസവുംമൂലം തെറ്റു ചെയ്തവർ. (നരകശിക്ഷയിൽ) അതിൽ മുങ്ങിക്കിടക്കുന്നവർ. എല്ലാ വശത്തുനിന്നും ആ ശിക്ഷ അവരെ വലയം ചെയ്യും. (നിത്യവാസികളായിരിക്കും) അതിൽനിന്ന് ഒരിക്കലും അവർ പുറത്തുപോവുകയില്ല.

75). (അവർക്ക് അത് ലഘൂകരിച്ച് കൊടുക്കപ്പെടുകയില്ല) ഒരൽപസമയംപോലും ശിക്ഷ മാറ്റിനിർത്തപ്പെടുകയോ ലഘൂകരിക്കപ്പെടുകയോ ഇല്ല. (അവർ അതിൽ ആശയറ്റവരായിരിക്കും) എല്ലാ നന്മയിലും നിരാശപ്പെട്ടവർ, ആശ്വാസം ലഭിക്കുമെന്ന യാതൊരു പ്രതീക്ഷയുമില്ലാത്തവർ. അതുകാരണം അവർ തങ്ങളുടെ രക്ഷിതാവിനെ വിളിച്ചുപറയും:

رَبَّنَآ أَخْرِجْنَا مِنْهَا فَإِنْ عُدْنَا فَإِنَّا ظَـٰلِمُونَ (١٠٧) قَالَ ٱخْسَـُٔوا۟ فِيهَا وَلَا تُكَلِّمُونِ (١٠٨)

“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ ഇതിൽനിന്ന് പുറത്തുകൊണ്ടുവരണമേ. ഇനി ഞങ്ങൾ മടങ്ങുകയാണെങ്കിൽ തീർച്ചയായും ഞങ്ങൾ അക്രമികൾതന്നെയായിരിക്കും’’ (23: 107,108).

76). ഈ വമ്പിച്ച ശിക്ഷക്ക് കാരണം അവരുടെ കൈകൾ മുൻകൂട്ടി പ്രവർത്തിച്ചതും അവരവരോടുതന്നെ ചെയ്ത അക്രമങ്ങളുമാണ്. (നാം അവരോട് അക്രമം ചെയ്തിട്ടില്ല. പക്ഷേ, അവർ തന്നെയാകുന്നു അക്രമകാരികൾ) ഒരുതെറ്റും കുറ്റവും ചെയ്യാതെ അല്ലാഹു അവരെ ശിക്ഷിക്കുകയോ അവരോട് അനീതി കാണിക്കുകയോ ചെയ്തിട്ടില്ല.

77). (അവർ വിളിച്ചുപറയും) ആശ്വാസം കിട്ടിയേക്കാം എന്ന പ്രതീക്ഷയാൽ നരകത്തിൽവെച്ച്. (ഹേ മാലികേ, താങ്കളുടെ രക്ഷിതാവ് ഞങ്ങളുടെമേൽ-മരണം-വിധിക്കട്ടെ) അതായത് അവൻ ഞങ്ങളെ മരിപ്പിക്കട്ടെ. അപ്പോൾ ഞങ്ങൾക്ക് ആശ്വാസമാകും. കാരണം ഞങ്ങൾ കഠിനമായ ദുഃഖത്തിലും വേദനയിലുമാണ്. ഞങ്ങൾക്കത് സഹിക്കാൻ പറ്റുന്നില്ല. (അദ്ദേഹം പറയും) അവരെ മരിപ്പിക്കാൻ അല്ലാഹുവോട് ആവശ്യപ്പെടാൻ അവർ നരകത്തിന്റെ കാവൽക്കാരനായ മലക്കിനോട് പറയുമ്പോൾ മലക്ക് പറയും. (നിങ്ങൾ-ഇവിടെ-താമസിക്കേണ്ടവർ തന്നെയാണ്) അതിൽനിന്ന് ഒരുകാലത്തും പുറത്തുപോകാതെ അതിൽതന്നെ താമസിക്കേണ്ടവർ. അവർ ആഗ്രഹിച്ചത് നടന്നില്ല. നേരെ എതിരായ മറുപടിയാണ് അവർക്ക് ലഭിച്ചത്. ദുഃഖവും വിഷമവും വർധിക്കുകയാണ് ചെയ്തത്.

78). അവർ ചെയ്തതെന്താണെന്ന് അവരെ ഓർമപ്പെടുത്തുന്നു: (തീർച്ചയായും നാം നിങ്ങൾക്ക് സത്യം കൊണ്ടുവന്ന് തരികയുണ്ടായി) നിങ്ങൾ പിൻതുടരേണ്ടതെല്ലാം. അതിനെ നിങ്ങൾ പിൻതുടർന്നിരുന്നുവെങ്കിൽ നിങ്ങൾ വിജയിക്കുകയും സൗഭാഗ്യമടയുകയും ചെയ്യുമായിരുന്നു. (പക്ഷേ, നിങ്ങളിലധികപേരും സത്യത്തെ വെറുക്കുന്നവരാകുന്നു) സൗഭാഗ്യത്തിലേക്ക് തിരിച്ചുവരാൻ പറ്റാത്ത ദുരന്തത്തിൽ നിങ്ങൾ എത്തിച്ചേർന്നതിന്റെ കാരണമിതാണ്.

79). അല്ലാഹു പറയുന്നു (അതല്ല അവർ തീരുമാനിച്ചിരിക്കുകയാണോ?) സത്യത്തെ നിഷേധിക്കുന്നവരും അതിനോട് ധിക്കാരം കാണിക്കുന്നവരും തീരുമാനിച്ചിരിക്കയാണോ? (വല്ലകാര്യവും) സംശയകരമായ, അലങ്കരിച്ച് മോടിപിടിപ്പിച്ച അസത്യങ്ങളെക്കൊണ്ട് സത്യത്തെയും അതുകൊണ്ടുവന്നവനെയും തകർത്തുകളയാൻ കുതന്ത്രങ്ങൾ കാണിക്കുന്നു. (എന്നാൽ നാം തന്നെയാകുന്നു തീരുമാനമെടുക്കുന്നവൻ) അവരുടെ തീരുമാനങ്ങളെ അതിജയിക്കുന്ന, തകർത്ത് നിഷ്ഫലമാക്കുന്നവിധം കാര്യങ്ങൾ തീരുമാനിച്ച് കൈകാര്യം ചെയ്യുന്നവൻ നാം തന്നെയാണ്. അസത്യത്തെ നിരർഥകമാക്കാനും സത്യത്തെ സ്ഥാപിക്കാനും തെളിവുകളും നിമിത്തങ്ങളും അവനുണ്ടാക്കുന്നു. അതാണ് അല്ലാഹു പറഞ്ഞത്:

بَلْ نَقْذِفُ بِٱلْحَقِّ عَلَى ٱلْبَـٰطِلِ فَيَدْمَغُهُ

“എന്നാൽ നാം സത്യത്തെ എടുത്ത് അസത്യത്തിന്റെ നേർക്ക് എറിയുന്നു. അങ്ങനെ അസത്യത്തെ അത് തകർത്തുകളയുന്നു’’ (21:18).