സൂറഃ അസ്സുഖ് റുഫ് (സുവർണാലങ്കാരം), ഭാഗം 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ഒക്ടോബർ 22, 1444 റബീഉൽ അവ്വൽ 25

അധ്യായം: 43, ഭാഗം 1 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

حمٓ (١) وَٱلْكِتَـٰبِ ٱلْمُبِينِ (٢) إِنَّا جَعَلْنَـٰهُ قُرْءَٰنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ (٣) وَإِنَّهُۥ فِىٓ أُمِّ ٱلْكِتَـٰبِ لَدَيْنَا لَعَلِىٌّ حَكِيمٌ (٤) أَفَنَضْرِبُ عَنكُمُ ٱلذِّكْرَ صَفْحًا أَن كُنتُمْ قَوْمًا مُّسْرِفِينَ (٥) وَكَمْ أَرْسَلْنَا مِن نَّبِىٍّ فِى ٱلْأَوَّلِينَ (٦) وَمَا يَأْتِيهِم مِّن نَّبِىٍّ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ (٧) فَأَهْلَكْنَآ أَشَدَّ مِنْهُم بَطْشًا وَمَضَىٰ مَثَلُ ٱلْأَوَّلِينَ (٨‬) وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ خَلَقَهُنَّ ٱلْعَزِيزُ ٱلْعَلِيمُ (٩) ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ مَهْدًا وَجَعَلَ لَكُمْ فِيهَا سُبُلًا لَّعَلَّكُمْ تَهْتَدُونَ (١٠) وَٱلَّذِى نَزَّلَ مِنَ ٱلسَّمَآءِ مَآءًۢ بِقَدَرٍ فَأَنشَرْنَا بِهِۦ بَلْدَةً مَّيْتًا ۚ كَذَٰلِكَ تُخْرَجُونَ (١١) وَٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا وَجَعَلَ لَكُم مِّنَ ٱلْفُلْكِ وَٱلْأَنْعَـٰمِ مَا تَرْكَبُونَ (١٢) لِتَسْتَوُۥا۟ عَلَىٰ ظُهُورِهِۦ ثُمَّ تَذْكُرُوا۟ نِعْمَةَ رَبِّكُمْ إِذَا ٱسْتَوَيْتُمْ عَلَيْهِ وَتَقُولُوا۟ سُبْحَـٰنَ ٱلَّذِى سَخَّرَ لَنَا هَـٰذَا وَمَا كُنَّا لَهُۥ مُقْرِنِينَ (١٣)

1. ഹാമീം.

2. (കാര്യങ്ങൾ) വിശദമാക്കുന്ന വേദഗ്രന്ഥം തന്നെയാണ്,

3. തീർച്ചയായും നാം ഇതിനെ അറബിഭാഷയിലുള്ള ഒരു ക്വുർആൻ ആക്കിയിരിക്കുന്നത് നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുവാൻ വേണ്ടിയാകുന്നു.

4. തീർച്ചയായും അത് മൂലഗ്രന്ഥത്തിൽ നമ്മുടെ അടുക്കൽ(സൂക്ഷിക്കപ്പെട്ടതത്രെ). അത് ഉന്നതവും വിജ്ഞാനസമ്പന്നവും തന്നെയാകുന്നു.

5. അപ്പോൾ നിങ്ങൾ അതിക്രമകാരികളായ ജനങ്ങളായതിനാൽ(നിങ്ങളെ) ഒഴിവാക്കി വിട്ടുകൊണ്ട് ഈ ഉൽബോധനം നിങ്ങളിൽനിന്ന് മാറ്റിവെക്കുകയോ?

6. പൂർവസമുദായങ്ങളിൽ എത്രയോ പ്രവാചകൻമാരെ നാം നിയോഗിച്ചിട്ടുണ്ട്.

7. ഏതൊരു പ്രവാചകൻ അവരുടെ അടുത്ത് ചെല്ലുകയാണെങ്കിലും അവർ അദ്ദേഹത്തെ പരിഹസിക്കുന്നവരാകാതിരുന്നിട്ടില്ല.

8. അങ്ങനെ ഇവരെക്കാൾ കനത്ത കൈയൂക്കുണ്ടായിരുന്നവരെ നാം നശിപ്പിച്ചുകളഞ്ഞു. പൂർവികന്മാരുടെ ഉദാഹരണങ്ങൾ മുമ്പ് കഴിഞ്ഞുപോയിട്ടുമുണ്ട്.

9. ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതാരാണെന്ന് നീ അവരോട് ചോദിച്ചാൽ തീർച്ചയായും അവർ പറയും; പ്രതാപിയും സർവജ്ഞനുമായിട്ടുള്ളവനാണ് അവ സൃഷ്ടിച്ചത് എന്ന്.

10. അതെ, നിങ്ങൾക്കുവേണ്ടി ഭൂമിയെ ഒരു തൊട്ടിലാക്കുകയും നിങ്ങൾ നേരായമാർഗം കണ്ടെത്താൻവേണ്ടി നിങ്ങൾക്കവിടെ പാതകളുണ്ടാക്കിത്തരികയും ചെയ് തവൻ.

11. ആകാശത്തുനിന്ന് ഒരു തോത് അനുസരിച്ച് വെള്ളം വർഷിപ്പിച്ചുതരികയും ചെയ്തവൻ. എന്നിട്ട് അതുമൂലം നാം നിർജീവമായ രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു. അതുപോലെതന്നെ നിങ്ങളും (മരണാനന്തരം) പുറത്തുകൊണ്ടു വരപ്പെടുന്നതാണ്.

12. എല്ലാ ഇണകളെയും സൃഷ്ടിക്കുകയും നിങ്ങൾക്ക് സവാരി ചെയ്യാനുള്ള കപ്പലുകളും കാലികളെയും നിങ്ങൾക്ക് ഏർപ്പെടുത്തിത്തരികയും ചെയ്തവൻ.

13. അവയുടെ പുറത്ത് നിങ്ങൾ ഇരിപ്പുറപ്പിക്കാനും എന്നിട്ട് നിങ്ങൾ അവിടെ ഇരിപ്പുറപ്പിച്ചുകഴിയുമ്പോൾ നിങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹം നിങ്ങൾ ഓർമിക്കുവാനും, നിങ്ങൾ ഇപ്രകാരം പറയുവാനും വേണ്ടി: ഞങ്ങൾക്കുവേണ്ടി ഇതിനെ വിധേയമാക്കിത്തന്നവൻ എത്ര പരിശുദ്ധൻ! ഞങ്ങൾക്കതിനെ ഇണക്കുവാൻ കഴിയുമായിരുന്നില്ല.

2,3). ക്വുർആനിനെക്കുറിച്ച് ക്വുർആൻ കൊണ്ടുതന്നെ സത്യം ചെയ്യുകയാണിവിടെ. കാര്യങ്ങൾ വിശദമാക്കുന്ന ഗ്രന്ഥംകൊണ്ട് സത്യം ചെയ്യുന്നു. അനുബന്ധങ്ങളൊന്നും ചേർക്കാതെ നിരുപാധികമായിപ്പറഞ്ഞിട്ടാണ് ആ ഗ്രന്ഥം വ്യക്തമായതാണെന്ന് പറഞ്ഞത്. പടപ്പുകൾക്ക് ആവശ്യമായ ഇഹപരവിഷയങ്ങളെല്ലാം അത് വിശദമാക്കുന്നു. അതാവട്ടെ, ഭാഷകളിൽ വ്യക്തവും സ്പഷ്ടവുമാണ്. ശേഷം അതിന് പിന്നിലെ ന്യായത്തെ കുറിച്ച് പറയുന്നു. (അതിലുള്ളവയെക്കുറിച്ചും എടുത്തുപറഞ്ഞു. നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നതിനുവേണ്ടിയാവുന്നു). നിങ്ങൾ ചിന്തിച്ചുമനസ്സിലാക്കുന്നതിനുവേണ്ടിയാകുന്നു) അതി െൻറ പദങ്ങളും ആശയങ്ങളും. കാരണം അത് എളുപ്പത്തിൽ ഗ്രഹിക്കുന്നതാണ്.

4). (തീർച്ചയായും അത്) ഈ വേദഗ്രന്ഥം. (മൂലഗ്രന്ഥത്തിൽ നമ്മുടെ അടുക്കൽ) ഉപരി ലോകത്ത് ഉന്നത സ്ഥാനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായതിൽ. (അത് ഉന്നതവും വിജ്ഞാനസമ്പന്നവും തന്നെയാകുന്നു) സ്ഥാനത്തിലും ശ്രേഷ്ഠതയിലും മഹത്ത്വത്തിലും ഉന്നതം. അതിലുള്ള വിവരങ്ങളും കൽപനാവിരോധങ്ങളുമെല്ലാം യുക്തിഭദ്രവുമാണ്. യുക്തിക്കോ നീതിക്കോ നീതിയുടെ മാനദണ്ഡങ്ങൾക്കോ നിരക്കാത്തതൊന്നും അതിലില്ലതന്നെ.

5). തുടർന്ന് അല്ലാഹു പറയുന്നത്, അവന്റെ കരുണയും യുക്തിയും തന്റെ ദാസന്മാരെ അലക്ഷ്യമായി വിടാൻ താൽപര്യപ്പെടുന്നില്ല എന്നാണ്. അവർക്ക് വേദമിറക്കാതെയും പ്രവാചകന്മാരെ നിയോഗിക്കാതെയും, തുടർന്ന് ത‌െൻറ അടിമകളെ അവരുടെ അടുത്തേക്ക് ഒരു ദൂതനെ അയക്കുകയോ അവർക്ക് ഒരു ഗ്രന്ഥം ഇറക്കുകയോ ചെയ്യാതെ അവരെ അവഗണിക്കരുതെന്ന് അവ‌‌െൻറ ജ്ഞാനവും കരുണയും അനുശാസിക്കുന്നു എന്ന് അല്ലാഹു നമ്മോട് പറയുന്നു. അവർ അക്രമികളും അതിരുകവിഞ്ഞവരുമായിരുന്നാൽ പോലും. അതാണ് അല്ലാഹു ചോദിക്കുന്നത്: (ഒഴിവാക്കിവിട്ടുകൊണ്ട് ഈ ഉദ്‌ബോധനം നിങ്ങളിൽ നിന്ന് മാറ്റിവെക്കുകയോ) നിങ്ങൾ കീഴ്‌പ്പെടാതിരിക്കുകയും തിരിഞ്ഞുകളയുകയും ചെയ്തു എന്നതിനാൽ ഇത് നിങ്ങളിൽനിന്ന് മാറ്റിവെക്കുകയും നിങ്ങൾക്ക് ഉദ്‌ബോധനം നൽകാതിരിക്കുകയും നിങ്ങളെ അവഗണിക്കുകയും ചെയ്യുകയോ ഇല്ല, നാം നിങ്ങൾക്ക് വേദഗ്രന്ഥമിറക്കും. എല്ലാം നിങ്ങൾക്ക് വ്യക്തമാക്കിത്തരും. നിങ്ങൾക്ക് വിശ്വസിക്കാനും സന്മാർഗത്തിലാകാനും കഴിയുന്നുവെങ്കിൽ അത് നിങ്ങളുടെ ഭാഗ്യം. അല്ലെങ്കിൽ തെളിവ് നിങ്ങൾക്കെതിരാകും. നിങ്ങളുടെ കാര്യത്തിൽ നിങ്ങൾ വ്യക്തതയിലായിരിക്കുകയും ചെയ്യും.

6,7). അല്ലാഹു പറയുന്നു: വെറുതെ ഉപേക്ഷിക്കാതിരിക്കുക എന്നതാണ് മനുഷ്യരിൽ എന്റെ ചര്യ. (പൂർവ സമുദായങ്ങളിൽ എത്രയോ പ്രവാചകന്മാരെ നാം നിയോഗിച്ചിട്ടുണ്ട്) അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും അവന് പങ്കുകാരില്ലെന്നും അവരോട് കൽപിക്കാൻ. എന്നാൽ നിഷേധം സമുദായങ്ങളിൽ തുടർന്നുകൊണ്ടിരുന്നു. (ഏതൊരു പ്രവാചകൻ അവരുടെ അടുത്ത് ചെല്ലുകയാണെങ്കിലും അവർ അദ്ദേഹത്തെ പരിഹസിക്കുന്നവർ ആകാതിരുന്നിട്ടില്ല) സത്യത്തോട് അഹങ്കാരം കാണിക്കുന്നവരും ആ പ്രവാചകൻ കൊണ്ടുവന്നതിനെ നിഷേധിക്കുന്നവരും. (അങ്ങനെ അവരെക്കാൾ ശക്തി ഉണ്ടായിരുന്നവരെ നാം നശിപ്പിച്ചുകളഞ്ഞു) ഇവരേക്കാൾ (കയ്യൂക്കുള്ള) ശക്തിയും സ്വാധീനവും ഭൂമിയിൽ അടയാളങ്ങളുണ്ടാക്കിയവരുമായവരെ. (പൂർവികന്മാരുടെ ഉദാഹരണങ്ങൾ മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്) അവരുടെ ഉദാഹരണങ്ങളും വിവരങ്ങളും കഴിഞ്ഞുപോയി. അത് നാം നിങ്ങൾക്ക് വിശദീകരിച്ചുതരികയും ചെയ്തു; അതിലുള്ള ഗുണപാഠങ്ങളും നിഷേധത്തിൽ നിന്നും അകന്നുനിൽക്കാൻ ഉതകുന്ന പാഠങ്ങളും.

9). മുശ്‌രിക്കുകളെക്കുറിച്ച് അല്ലാഹു പറയുന്നു: (ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതാരാണെന്ന് നീ അവരോട് ചോദിച്ചാൽ തീർച്ചയായും അവർ പറയും; പ്രതാപിയും സർവജ്ഞനുമായിട്ടുള്ളവനാണെന്ന്) ഏകനായ അല്ലാഹു; അവന് പങ്കുകാരില്ല. (പ്രതാപിയും) എല്ലാ സൃഷ്ടികളും അവന്റെ പ്രതാപത്തിന് കീഴൊതുങ്ങുന്നു. (സർവജ്ഞനും) എല്ലാ കാര്യങ്ങളുടെയും അകവും പുറവും ആദ്യവും അവസാനവും അറിയുന്നവൻ. ഇത് അവർ അംഗീകരിക്കുന്നുവെങ്കിൽ എങ്ങനെയാണവർ അവന് പങ്കുകാരനെയും ഇണയെയും മകനെയും നിശ്ചയിക്കുന്നത്? ജീവിപ്പിക്കുകയോ മരിപ്പിക്കുകയോ സൃഷ്ടിക്കുകയോ ഭക്ഷണം നൽകുകയോ ചെയ്യാത്തവരെ അവനിൽ പങ്കുചേർക്കുന്നതും എങ്ങനെയാണ്?

10). പിന്നീട് അല്ലാഹു പറയുന്നത്, അവന്റെ വിശാലമായ അനുഗ്രഹത്തെക്കുറിച്ചാണ്. ഉദ്ദേശിക്കുന്ന ഏതൊരു കാര്യത്തിനും സൗകര്യപ്പെട്ടവിധം ഭൂമിയെ തന്റെ ദാസന്മാർക്കായി സൃഷ്ടിക്കുകയും വിതാനിക്കുകയും ചെയ്തവ‌‌െൻറ കഴിവിനെക്കുറിച്ച് ചൂണ്ടിക്കാണിച്ചുകൊണ്ട് അവ‌െൻറ അനുഗ്രഹങ്ങളുടേയും ശക്തിയുടേയും തികഞ്ഞ സ്വഭാവത്തെ സൂചിപ്പിക്കുന്ന തെളിവുകൾ അല്ലാഹു പരാമർശിക്കുന്നു. (നിങ്ങൾക്കവിടെ പാതകളുണ്ടാക്കി) ചേർന്നു നിൽക്കുന്ന പർവതശൃംഖലകളെ മുറിച്ചുകടന്ന് അതിന്നപ്പുറത്തുള്ള ഭൂഖണ്ഡങ്ങളിലേക്കത്താൻ കഴിയുന്ന വഴികൾ. (നിങ്ങൾ നേരായ മാർഗം കണ്ടെത്താൻ വേണ്ടി) വഴികളിലുള്ള സഞ്ചാരത്തിൽ പാഴായിപ്പോകാതിരിക്കാനും അതിൽനിന്ന് ഗുണപാഠമുൾക്കൊണ്ടു ചിന്തിച്ചും നേർവഴി പ്രാപിക്കാനും.

11). (ആകാശത്തുനിന്ന് ഒരു തോതനുസരിച്ച് വെള്ളം വർഷിപ്പിച്ചുതരികയും ചെയ്തവൻ) കൂട്ടുകയോ കുറക്കുകയോ ചെയ്യാതെ. ആവശ്യാനുസരണം ഉപകാരപ്പെടാത്തവിധം കുറയുകയോ നാടിനും മനുഷ്യനും ഉപദ്രവകരമാകുംവിധം കൂടുകയോ ചെയ്യാതെ. അതുമൂലം മനുഷ്യരെ അവൻ സഹായിച്ച് പ്രയാസങ്ങളിൽനിന്ന് നാടുകളെ രക്ഷിച്ചും. അതാണ് പറഞ്ഞത്: (എന്നിട്ട് അതുമൂലം നാം നിർജീവമായ രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു) നിർജീവതക്കുശേഷം നാം അതിനെ ജീവനുള്ളതാക്കി. (അതുപോലെതന്നെ നിങ്ങളും പുറത്തുകൊണ്ടുവരപ്പെടുന്നതാണ്) അടങ്ങിക്കിടക്കുന്ന നിർജീവ ഭൂമിയെ ജീവിപ്പിച്ചപോലെ. അപ്രകാരം ക്വബ്ർ ജീവിതം പുർണമായിക്കഴിഞ്ഞാൽ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകാൻ നിങ്ങളെയും അവൻ ജീവിപ്പിക്കും.

12) എല്ലാ ഇനങ്ങളിലും ഭൂമിയിൽ മുളച്ചുണ്ടാകുന്നവയിലും മനുഷ്യർക്കറിയാത്ത മറ്റു പലതിലും രാത്രി, പകൽ, ചൂട്, തണുപ്പ്, ആൺ, പെൺ... ഇവയല്ലാത്തതിലും. (കപ്പലുകളെ അവൻ നിങ്ങൾക്ക് ഏർപ്പെടുത്തിത്തന്നു) പായക്കപ്പലുകളും യന്ത്രക്കപ്പലുകളും. (നിങ്ങൾക്ക് സവാരി ചെയ്യാനുള്ള നാൽക്കാലികളും).

13). (അവയുടെ പുറത്ത് നിങ്ങൾ ഇരിപ്പുറപ്പിക്കാനും) കപ്പലുകളും നാൽക്കാലികളുടെ പുറങ്ങളും ഇതിൽ ഉൾപ്പെടും. അതായത് അവ യുടെ പുറത്ത് സുസ്ഥിരമാവാൻ. (എന്നിട്ട് നിങ്ങൾ അവിടെ ഇരിപ്പുറപ്പിച്ച് കഴിയുമ്പോൾ നിങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹം നിങ്ങൾ ഓർമിക്കുവാനും) നിങ്ങൾക്കതിനെ കീഴ്‌പ്പെടുത്തിത്തന്നവന്റെ അനുഗ്രഹങ്ങൾ അംഗീകരിക്കുവാനും അതിന്റെ പേരിൽ അവനെ പുകഴ്ത്തുവാനും. അതാണ് പറഞ്ഞത്: (നിങ്ങൾ പറയുവാനുംവേണ്ടി, ഞങ്ങൾക്കുവേണ്ടി ഇതിനെ വിധേയമാക്കിത്തന്നവൻ എത്ര പരിശുദ്ധൻ, ഞങ്ങൾക്കതിനെ ഇണക്കുവാൻ കഴിയുമായിരുന്നില്ല. തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവർ തന്നെയാകുന്നു) അവൻ വിധേയമാക്കിത്തന്നില്ലെങ്കിൽ കപ്പലും നാൽക്കാലികളും വിധേയമാകുമായിരുന്നില്ല. ഞങ്ങൾക്കതിന് കഴിയുമായിരുന്നില്ല. എന്നാൽ അവന്റെ ഔദാര്യംകൊണ്ടും സ്‌നേഹംകൊണ്ടും അതിനെ വിധേയമാക്കുകയും സൗകര്യപ്രദമാക്കുകയും ചെയ്തു. ഈ പറഞ്ഞതിന്റെ ഉദ്ദേശ്യം; ഇവിടെ പരാമർശിച്ച അനുഗ്രഹങ്ങൾ നൽകിയ രക്ഷിതാവാണ് ആരാധനയ്ക്ക് അർഹൻ. അവനു വേണ്ടിയാണ് നമസ്‌കാരവും സുജൂദും അർപ്പിക്കേണ്ടത്.