സൂറഃ മുഹമ്മദ്, ഭാഗം 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 മെയ് 14, 1442 ശവ്വാൽ 12

അധ്യായം: 47, ഭാഗം 1 (മദീനയില്‍്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ أَضَلَّ أَعْمَـٰلَهُمْ (١) وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَءَامَنُوا۟ بِمَا نُزِّلَ عَلَىٰ مُحَمَّدٍ وَهُوَ ٱلْحَقُّ مِن رَّبِّهِمْ ۙ كَفَّرَ عَنْهُمْ سَيِّـَٔاتِهِمْ وَأَصْلَحَ بَالَهُمْ (٢) ذَٰلِكَ بِأَنَّ ٱلَّذِينَ كَفَرُوا۟ ٱتَّبَعُوا۟ ٱلْبَـٰطِلَ وَأَنَّ ٱلَّذِينَ ءَامَنُوا۟ ٱتَّبَعُوا۟ ٱلْحَقَّ مِن رَّبِّهِمْ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ لِلنَّاسِ أَمْثَـٰلَهُمْ (٣) فَإِذَا لَقِيتُمُ ٱلَّذِينَ كَفَرُوا۟ فَضَرْبَ ٱلرِّقَابِ حَتَّىٰٓ إِذَآ أَثْخَنتُمُوهُمْ فَشُدُّوا۟ ٱلْوَثَاقَ فَإِمَّا مَنًّۢا بَعْدُ وَإِمَّا فِدَآءً حَتَّىٰ تَضَعَ ٱلْحَرْبُ أَوْزَارَهَا ۚ ذَٰلِكَ وَلَوْ يَشَآءُ ٱللَّهُ لَٱنتَصَرَ مِنْهُمْ وَلَـٰكِن لِّيَبْلُوَا۟ بَعْضَكُم بِبَعْضٍ ۗ وَٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ فَلَن يُضِلَّ أَعْمَـٰلَهُمْ (٤) سَيَهْدِيهِمْ وَيُصْلِحُ بَالَهُمْ (٥) وَيُدْخِلُهُمُ ٱلْجَنَّةَ عَرَّفَهَا لَهُمْ (٦) يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تَنصُرُوا۟ ٱللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ (٧) وَٱلَّذِينَ كَفَرُوا۟ فَتَعْسًا لَّهُمْ وَأَضَلَّ أَعْمَـٰلَهُمْ (٨‬) ذَٰلِكَ بِأَنَّهُمْ كَرِهُوا۟ مَآ أَنزَلَ ٱللَّهُ فَأَحْبَطَ أَعْمَـٰلَهُمْ (٩)

01. അവിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും ചെയ്തവരാരോ അവരുടെ കര്‍മ്മങ്ങളെ അല്ലാഹു പാഴാക്കികളയുന്നതാണ്‌.

02. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും മുഹമ്മദ് നബിയുടെ മേല്‍ അവതരിപ്പിക്കപ്പെട്ടതില്‍ -അതത്രെ അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം - വിശ്വസിക്കുകയും ചെയ്തവരാരോ അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ അവന്‍ (അല്ലാഹു) മായ്ച്ചുകളയുകയും അവരുടെ അവസ്ഥ അവന്‍ നന്നാക്കിതീര്‍ക്കുകയും ചെയ്യുന്നതാണ്‌.

03. അതെന്തുകൊണ്ടെന്നാല്‍ സത്യനിഷേധികള്‍ അസത്യത്തെയാണ് പിന്തുടര്‍ന്നത്‌. വിശ്വസിച്ചവരാകട്ടെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യത്തെയാണ് പിന്‍പറ്റിയത്‌. അപ്രകാരം അല്ലാഹു ജനങ്ങള്‍ക്കു വേണ്ടി അവരുടെ മാതൃകകള്‍ വിശദീകരിക്കുന്നു.

04. ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട് അതിനു ശേഷം (അവരോട്‌) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്‍റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് വരെയത്രെ അത്‌. അതാണ് (യുദ്ധത്തിന്‍റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട് പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്‌. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല.

05. അവന്‍ അവരെ ലക്ഷ്യത്തിലേക്ക് നയിക്കുകയും അവരുടെ അവസ്ഥ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്‌.

06. സ്വര്‍ഗത്തില്‍ അവരെ അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അവര്‍ക്ക് അതിനെ അവന്‍ മുമ്പേ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്‌.

07. സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാണ്‌.

08. അവിശ്വസിച്ചവരാരോ, അവര്‍ക്ക് നാശം. അവന്‍ (അല്ലാഹു) അവരുടെ കര്‍മ്മങ്ങളെ പാഴാക്കികളയുന്നതുമാണ്‌.

09. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്ത് കളഞ്ഞു. അപ്പോള്‍ അവരുടെ കര്‍മ്മങ്ങളെ അവന്‍ നിഷ്ഫലമാക്കിത്തീര്‍ത്തു.

1). സത്യവിശ്വാസികളുടെ പ്രതിഫലം, ധിക്കാരികൾക്കുള്ള ശിക്ഷ, അവയ്ക്കുള്ള കാരണം ഇവയെക്കുറിച്ചുള്ള പരാമർശങ്ങളാണ് ഈ വചനങ്ങളിലുള്ളത്. അതിനെ ഗൗരവപരമായി കാണാൻ പ്രേരിപ്പിക്കാൻ വേണ്ടിയാണ്. അല്ലാഹു പറയുന്നു: (അവിശ്വസിക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് തടയുകയും ചെയ്യുന്നവർ) ഇവർ വഴികേടിന്റെ നായകരും അവിശ്വാസത്തിന്റെ നേതാക്കളുമാണ്. അല്ലാഹുവിലും അവന്റെ വചനങ്ങളിലും അവിശ്വസിക്കുകയും അവരെയും മറ്റുള്ളവരെയും അല്ലാഹുവിന്റെ മാർഗത്തിൽനിന്നും തടയുകയും ചെയ്തു; പ്രവാചകന്മാരും അവരെ പിൻപറ്റിയവരും ജനങ്ങളെ ക്ഷണിച്ചുകൊണ്ടിരുന്ന സത്യവിശ്വാസത്തിൽനിന്ന്. അതിനാൽ ഇക്കൂട്ടരുടെ പ്രവർത്തനങ്ങളെ അല്ലാഹു പാഴാക്കിക്കളഞ്ഞു. അതായത് അവയെ നിഷ്ഫലമാക്കി. അതുകാരണം, അവർ കഷ്ടത്തിലാവുകയും ചെയ്തു. അവർ ചെയ്ത പ്രവർത്തനങ്ങൾ സത്യത്തോടും അല്ലാഹുവിന്റെ മിത്രത്തോടുമുള്ള കുതന്ത്രങ്ങൾക്കായിരുന്നു. അല്ലാഹു അവരുടെ കുതന്ത്രങ്ങളെ അവർക്ക് നേരത്തെതന്നെ തിരിച്ചുവിട്ടു. അവരുദ്ദേശിച്ചതൊന്നും അവർ നേടിയില്ല. പ്രതിഫലമാഗ്രഹിച്ചതായ പ്രവർത്തനങ്ങൾ അല്ലാഹു നിഷ്ഫലമാക്കി. കാരണം അവർ അസത്യത്തെ പിൻപറ്റുന്നവരായിരുന്നു. ബിംബാരാധനപോലുള്ള, അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിക്കപ്പെടാത്ത സർവതും അസത്യത്തെ സഹായിക്കുന്ന പ്രവർത്തനങ്ങളാണ്. അക്കാരണങ്ങളെകൊണ്ടൊക്കെത്തന്നെ അവ നിഷ്ഫലവുമാണ്.

2). (വിശ്വസിച്ചവർ) പ്രവാചകന്മാർക്ക് ഇറക്കിയതിൽ പൊതുവിലും മുഹമ്മദ് നബി ﷺക്ക് ഇറക്കിയതിൽ പ്രത്യേകിച്ചും. (സൽകർമങ്ങൾ പ്രവർത്തിക്കുകയും) അല്ലാഹുവോടും അവന്റെ അടിമകളോടുമുള്ള നിർബന്ധവും ഐഛികവുമായ കടമകളും ബാധ്യതകളും നിർവഹിച്ചവർ. (മായ്ച്ചുകളയുകയും) അല്ലാഹു. (അവരുടെ തിന്മകൾ) ചെറുതും വലുതുമായതെല്ലാം. അവരുടെ പാപങ്ങൾ പൊറുക്കപ്പെട്ടാൽ ഇഹപര ശിക്ഷകളിൽനിന്ന് അവർ രക്ഷപ്പെടും. (അവരുടെ അവസ്ഥ അവൻ നന്നാക്കിത്തീർക്കുകയും ചെയ്യുന്നതാണ്) അതായത് അവരുടെ മതവും ഭൗതികകാര്യങ്ങളും ഹൃദയവും പ്രവർത്തനങ്ങളുമെല്ലാം അവൻ നന്നാക്കിത്തീർക്കും. അവർക്കുള്ള പ്രതിഫലത്തെ വളർത്തിയും വർധിപ്പിച്ചും അവൻ നന്നാക്കും. അവരുടെ മുഴുവൻ അവസ്ഥകളെയും അവൻ നല്ലതാക്കിത്തീർക്കും.

3). അവർക്കിതു ലഭിക്കാൻ കാരണം, ഉറപ്പുള്ളതും സത്യസന്ധവുമായ ഈ സത്യത്തെഅവർ പിൻപറ്റി എന്നുള്ളതുതന്നെയാണ്. സത്യമെന്നതിൽ വാത്സല്യത്തോടെ നിയന്ത്രിക്കുകയും കാരുണ്യത്തോടെ സംരക്ഷിക്കുകയും ചെയ്യുന്ന തങ്ങളുടെ രക്ഷിതാവിൽനിന്നും വന്ന മഹത്തായ ക്വുർആനും ഉൾപ്പെടും. സത്യത്തിലൂടെ അല്ലാഹു അവരെ വളർത്തി. അവരതിനെ പിൻപറ്റി അവരുടെ കാര്യങ്ങളെല്ലാം നന്നായിത്തീരുകയും ചെയ്തു. അവരുടെ ഉദ്ദേശ്യലക്ഷ്യം വ്യക്തവും ശേഷിക്കുന്നതും അല്ലാഹുവിൽനിന്നുള്ള സത്യവുമായി ബന്ധപ്പെട്ടതുമായിരുന്നു. മാർഗം നല്ലതും ശേഷിക്കുന്നതുമായതിനാൽ അതിന്റെ പ്രതിഫലവും ശേഷിക്കുന്നതായി. (അപ്രകാരം അല്ലാഹു ജനങ്ങൾക്കുവേണ്ടി അവരുടെ മാതൃകകൾ വിശദീകരിക്കുന്നു). നന്മയുടെയും തിന്മയുടെയും ആളുകളാരാണെന്ന് അവർക്ക് വ്യക്തമാകത്തക്കവിധം അവരിലോരോരുത്തരെക്കുറിച്ചും മനസ്സിലാക്കാനും വേർതിരിച്ചറിയാനും കഴിയുന്ന രൂപത്തിൽ.

“നിങ്ങൾ (താഴ്‌വരയിൽ, മദീനയോട്) അടുത്തഭാഗത്തും അവർ അകന്ന ഭാഗത്തും സാർഥവാഹകസംഘം നിങ്ങളെക്കാൾ താഴെയുമായിരുന്ന സന്ദർഭം(ഓർക്കുക). നിങ്ങൾ അന്യോന്യം (പോരിന്) നിശ്ചയിച്ചിരുന്നുവെങ്കിൽ നിങ്ങൾ ആ നിശ്ചയത്തിന് വിപരീതം പ്രവർ ത്തിക്കുമായിരുന്നു. പക്ഷേ, ഉണ്ടാകേണ്ട ഒരു കാര്യം അല്ലാഹു നിർവഹിക്കുന്നതിനുവേണ്ടിയായിരുന്നു അത്. അതായത് നശിച്ചവർ വ്യ ക്തമായ തെളിവ് കണ്ടുകൊണ്ട് നശിക്കാനും ജീവിച്ചവർ വ്യക്തമായ തെളിവ് കണ്ടുകൊണ്ട് ജീവിക്കാനും വേണ്ടി. “തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു’’(8:42).

4). ശത്രുക്കൾക്കെതിരെ സഹായം ലഭിക്കുന്നതും തന്റെ അടിമകൾക്ക് നന്മയുണ്ടാക്കുന്നതുമായ ചില മാർഗനിർദേശങ്ങളാണ് അല്ലാഹു ഇവിടെ നൽകുന്നത്. (ആകയാൽ സത്യനിഷേധികളുമായി നിങ്ങൾ ഏറ്റുമുട്ടിയാൽ) യുദ്ധങ്ങളിലും ഏറ്റുമുട്ടലുകളിലും. യുദ്ധത്തിൽ നിങ്ങൾ ഉറച്ചുനിൽക്കുകയും പിരടികളിൽ വെട്ടുകയും ചെയ്യുക. (അങ്ങനെ അവരെ നിങ്ങൾ അമർച്ച ചെയ്തുകഴിഞ്ഞാൽ) അവരുടെ ശക്തിയെ നിങ്ങൾ തകർത്തുകഴിഞ്ഞാൽ അവരെ ബന്ധനസ്ഥരാക്കുന്നതാണ് നല്ലത്. നിങ്ങളവരെ ശക്തിയായി ബന്ധിക്കുക; അതായത് കെട്ടുക. ഇത് ബന്ധനസ്ഥരാക്കുമ്പോൾ ഓടിപ്പോകാതെ സൂക്ഷിക്കുവാൻ വേണ്ടിയാണ്. ബന്ധനം ശക്തമായാൽ അവരുടെ ഉപദ്രവങ്ങളിൽനിന്നും യുദ്ധത്തിൽനിന്നും മുസ്‌ലികൾക്ക് സമാധാനമാകും. അവരെ നിങ്ങൾ ബന്ധനസ്ഥരാക്കിക്കഴിഞ്ഞാൽ അവരോട് ദയ കാണിക്കണമോ പണം വാങ്ങാതെ മോചിപ്പിക്കണമോ എന്നത് തീരുമാനിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട് (അവരോട് ദാക്ഷിണ്യം കാണിക്കുകയോ അല്ലെങ്കിൽ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക).

അവർക്ക് സ്വയം ഒരു വില നിശ്ചയിക്കുകയോ അതല്ലെങ്കിൽ അവരുടെ വിലകൊടുത്തവരെ വാങ്ങുകയോ അതുമല്ലെങ്കിൽ ഒരു മുസ്‌ലിമിന്റെ ബന്ധനസ്ഥതയിൽ ആക്കുകയോ ചെയ്യാതെ അവരെ നിങ്ങൾ മോചിപ്പിക്കരുത്. ഈ നില നിങ്ങൾ തുടരണം. (യുദ്ധം അതിന്റെ ഭാരങ്ങൾ ഇറക്കിവെക്കുന്നതുവരെ). ഒരു യുദ്ധ വും ഇനിയുണ്ടാകാത്തവിധം സമധാന സന്ധികളും യുദ്ധകരാറുകളും ഉണ്ടാക്കുക. ഓരോ സന്ദർഭത്തിനും യോജിക്കുന്ന വാക്കുകളുണ്ട്. ഓരോ സാഹചര്യത്തിനും ഓരോ ചില പ്രത്യേക വിധികളുമുണ്ട്. ഈ വാക്യത്തിൽ പരാമർശിച്ചിട്ടുള്ള വിധികൾ യുദ്ധത്തിന്റെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ്.

മുൻകഴിഞ്ഞ സന്ദർഭങ്ങൾ യുദ്ധത്തിന്റെയും ഏറ്റുമുട്ടലിന്റെതുമാണെങ്കിൽ ചില സന്ദർഭങ്ങൾ പ്രത്യേക കാരണങ്ങളാൽ യുദ്ധമില്ലാ ത്തതായിരിക്കും. അപ്പോൾ വധമോ ബന്ധനസ്ഥതയോ പാടില്ല. (അത്) ഇവിടെ പരാമർശിക്കപ്പെട്ട വിധി സത്യനിഷേധികളെക്കൊണ്ട് മുസ്‌ലിംകൾ പരീക്ഷിക്കപ്പെടുന്ന സന്ദർഭത്തിലാണ്; വിജയം അവർക്കിടയിൽ മാറിമാറി വരികയും ചെയ്യുമ്പോൾ. (അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവരുടെനേരെ അവൻ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു) തീർച്ചയായും അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാകുന്നു. ഒരു സന്ദർഭത്തിലും അവിശ്വാസികളെ വിജയിപ്പിക്കാതിരിക്കാൻ അവന് കഴിയും; മുസ്‌ലിംകളെ എന്നും സൗഭാഗ്യത്തിലാക്കാനും. (പക്ഷേ, നിങ്ങളിൽ ചിലരെ മറ്റു ചിലരെക്കൊണ്ട് പരീക്ഷിക്കേണ്ടതിനായിട്ട്). ധർമസമരം നിലനിൽക്കുന്നതിലൂടെ അല്ലാഹുവിന്റെ അടിമകളിൽ സത്യസന്ധരും അല്ലാത്തവരും വ്യക്തമാവും. വിശ്വസിക്കുന്നവർ ഭൂരിപക്ഷത്തെ പിൻപറ്റുക എന്ന നിലക്കല്ലാതെ ഉൾക്കാഴ്ചയോടെ ശരിയായി വിശ്വസിക്കാൻവേണ്ടി. ദുർബല വിശ്വാസിക്ക് പരീക്ഷണ ഘട്ടങ്ങളിൽ ഉറച്ചുനിൽക്കാനാവില്ല. (അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവരാകട്ടെ) അവർക്ക് ഭംഗിയായതും മഹത്തായതുമായ പ്രതിഫലമുണ്ട്. യുദ്ധം ചെയ്യാൻ അനുമതി നൽകപ്പെട്ടവരോട് അവർ യുദ്ധം ചെയ്യുന്നു. അല്ലാഹുവിന്റെ വചനം ഉന്നതമായിരിക്കുവാൻ വേണ്ടി. (പാഴാക്കുകയേ ഇല്ല) അല്ലാഹു. (അവരുടെ കർമങ്ങൾ) അതായത്, അല്ലാഹു അവരുടെ കർമങ്ങളെ നിഷ്ഫലമക്കുകയോ പാഴാക്കുകയോ ഇല്ല. മറിച്ച്, അത് അവൻ സ്വീകരിക്കുകയും അവർക്ക് അതിനെ പരിപോഷിപ്പിച്ചുനൽകുകയും ഇഹലോകത്തും പരലോകത്തും അവരുടെ പ്രവർത്തനഫലങ്ങളെ കാണിച്ചുകൊടുക്കുകയും ചെയ്യും.

5). (അവരെ ലക്ഷ്യത്തിലേക്ക് നയിക്കും).സ്വർഗത്തിലേക്കെത്തിക്കുന്ന വഴിയിൽ പ്രവേശിക്കാൻ. (അവരുടെ അവസ്ഥ നന്നാക്കിത്തീർക്കുകയും ചെയ്യും) അതായത്, അവരുടെ അവസ്ഥയും സർവകാര്യങ്ങളും. അവരുടെ പ്രതിഫലമാകട്ടെ നല്ലതും പരിപൂർണവും കലർപ്പില്ലാത്തതുമാകുന്നു.

6) (സ്വർഗത്തിൽ അവൻ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും). അതായത്, ആ സ്വർഗത്തിലേക്ക് അവരെ താൽപര്യപ്പെടുത്താൻ. സ്വർഗത്തെ അവൻ പരിചയപ്പെടുത്തുന്നു. അവർക്കതിനെ വർണിച്ച് നൽകുന്നു. അതിലേക്കെത്താവുന്ന പ്രവർത്തനങ്ങൾ അവർക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. ആ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടത് തന്നെയാണ് രക്തസാക്ഷിത്വവും. അവൻ കൽപിച്ചതും പ്രോത്സാഹിപ്പിച്ചതുമായ കാര്യങ്ങൾ നിർവഹിക്കുവാൻ അവർക്ക് അവൻ സഹായം നൽകുകയും ചെയ്യുന്നു. പിന്നീടവൻ സ്വർഗത്തിൽ പ്രവേശിച്ചാൽ ലഭിക്കുന്ന ഭവനങ്ങളെയും സമാധാന ജീവിതത്തെയും നിത്യസുഖങ്ങളെയും അവർക്ക് വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്നു.

7). സത്യവിശ്വാസികൾക്ക് അല്ലാഹുവിൽനിന്നുള്ള ചില നിർദേശങ്ങളാണിത്. അവന്റെ ശത്രുക്കൾക്കെതിരെയുള്ള ധർമസമരം, അവനിലേക്കുള്ള പ്രബോധനം, അവന്റെ മതം ആചരിക്കൽ എന്നിവയെല്ലാം ചെയ്ത് അവന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കാൻ അവരോട് നിർദേശിക്കുന്നു. (അവരുടെ പാദങ്ങളെ ഉറപ്പിച്ചുനിർത്തുകയും ചെയ്യും) അതായത് അവരുടെ ഹൃദയത്തെ. ക്ഷമ, സ്ഥൈര്യം, സമാധാനം എന്നിവയാൽ ഉറപ്പിച്ചുനിർത്തും. അവരുടെ ശരീരങ്ങൾ ക്ഷമകാണിക്കും. അത് ശത്രുക്കൾക്കെതിരെ അവർക്ക് സഹായകമാകും. ഈ വാഗ്ദാനം ഔദാര്യവാനും കരാർ പാലിക്കുന്നവനുമായവനിൽനിന്നാണ്. ആര് അവനെ വാക്കുകൊണ്ടും പ്രവർത്തനംകൊണ്ടും സഹായിക്കുന്നുവോ അവനെ അവന്റെ യജമാനനും സഹായിക്കും. വിജയത്തിനും ധൈര്യത്തിനുമുള്ള വഴികൾ അവന് എളുപ്പമാക്കിക്കൊടുക്കുകയും ചെയ്യും.

8) എന്നാൽ അസത്യത്തെ സഹായിക്കുകയും തങ്ങളുടെ രക്ഷിതാവിനെ നിഷേധിക്കുകയും ചെയ്യുന്നവർ നാശത്തിലാണ്. അവരുടെ കാര്യങ്ങൾ കീഴ്‌മേൽ മറിയുകയും നഷ്ടമാവുകയും ചെയ്യും. (അവൻ അവരുടെ കർമങ്ങളെ പാഴാക്കിക്കളയുന്നതുമാണ്) സത്യത്തോട് കാണിക്കുന്ന കുതന്ത്ര പ്രവർത്തനങ്ങൾ അവൻ നിഷ്ഫലമാക്കും. അങ്ങനെ അവരുടെ കുതന്ത്രം അവരുടെ നെഞ്ചിലേക്ക് തിരിച്ചുവരും. അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടിയാണെന്ന് അവർ വാദിക്കുന്ന പ്രവർത്തനങ്ങൾ അങ്ങനെ നിഷ്ഫലമാകും.

9) ഈ നിഷ്ഫലതയും നാശവുമെല്ലാം അവിശ്വാസികൾക്ക് സംഭവിക്കാൻ കാരണം; (അല്ലാഹു അവതരിപ്പിച്ചതിനെ അവർ വെറുത്തുകളഞ്ഞു). മനുഷ്യന്റെ വിജയത്തിനും നന്മയ്ക്കുംവേണ്ടി അവതരിപ്പിച്ച ക്വുർആനിനെ അവർ സ്വീകരിച്ചില്ല. മാത്രവുമല്ല, അതിനെ അവർ വെറുക്കുകയും അതിനോട് വിദ്വേഷം കാണിക്കുകയും ചെയ്തു. (അപ്പോൾ അവരുടെ കർമങ്ങളെ അവൻ നിഷ്ഫലമാക്കിത്തീർത്തു).

10) പ്രവാചകനെ കളവാക്കുന്ന ഇവർ സഞ്ചരിച്ചിട്ടില്ലേ? (എങ്കിൽ നിങ്ങളുടെ മുൻഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്നവർക്ക് നോക്കാമായിരുന്നു). ചീത്ത പര്യവസാനം മാത്രമാണവർക്ക് ഉണ്ടായതെന്ന് അവർക്ക് കാണാൻ കഴിയും. അവർ ഇടത്തോട്ടോ വലത്തോട്ടോ ഒക്കെ തിരിഞ്ഞുനോക്കിയാലും നിഷേധവും കളവാക്കലും അവരുടെ മുൻഗാമികളെ നാമാവശേഷമാക്കുകയും നശിപ്പിക്കുകയുമാണുണ്ടായതെന്ന് അവർ കണ്ടെത്തും. അങ്ങനെ അവർ കെട്ടടങ്ങി. വീടും സ്വത്തുമെല്ലാം അല്ലാഹു തകർത്തുകളഞ്ഞു. അവരുടെ ചെയ്തികളെയും കുതന്ത്രങ്ങളെയും അവൻ തകർത്തെറിഞ്ഞു. സത്യനിഷേധികൾക്ക് എല്ലാകാലത്തും ദേശത്തും ഇങ്ങനെ നിന്ദ്യമായ ശിക്ഷയും ദുഷിച്ച പര്യവസാനവും തന്നെയാണുള്ളത്. എന്നാൽ സത്യവിശ്വാസികൾ, അവരെ അല്ലാഹു ശിക്ഷയിൽനിന്ന് രക്ഷപ്പെടുത്തുകയും ധാരാളം പ്രതിഫലം നൽകുകയും ചെയ്യും.