സൂറഃ ക്വാഫ്, ഭാഗം 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ഫെബ്രുവരി 05, 1442 റജബ്  03

അധ്യായം: 50, ഭാഗം 2 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَأَصْحَـٰبُ ٱلرَّسِّ وَثَمُودُ (١٢) وَعَادٌ وَفِرْعَوْنُ وَإِخْوَٰنُ لُوطٍ (١٣) وَأَصْحَـٰبُ ٱلْأَيْكَةِ وَقَوْمُ تُبَّعٍ ۚ كُلٌّ كَذَّبَ ٱلرُّسُلَ فَحَقَّ وَعِيدِ (١٤) أَفَعَيِينَا بِٱلْخَلْقِ ٱلْأَوَّلِ ۚ بَلْ هُمْ فِى لَبْسٍ مِّنْ خَلْقٍ جَدِيدٍ (١٥) وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ وَنَعْلَمُ مَا تُوَسْوِسُ بِهِۦ نَفْسُهُۥ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ ٱلْوَرِيدِ (١٦) إِذْ يَتَلَقَّى ٱلْمُتَلَقِّيَانِ عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ قَعِيدٌ (١٧) مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ (١٨) وَجَآءَتْ سَكْرَةُ ٱلْمَوْتِ بِٱلْحَقِّ ۖ ذَٰلِكَ مَا كُنتَ مِنْهُ تَحِيدُ (١٩) وَنُفِخَ فِى ٱلصُّورِ ۚ ذَٰلِكَ يَوْمُ ٱلْوَعِيدِ (٢٠) وَجَآءَتْ كُلُّ نَفْسٍ مَّعَهَا سَآئِقٌ وَشَهِيدٌ (٢١) لَّقَدْ كُنتَ فِى غَفْلَةٍ مِّنْ هَـٰذَا فَكَشَفْنَا عَنكَ غِطَآءَكَ فَبَصَرُكَ ٱلْيَوْمَ حَدِيدٌ (٢٢) وَقَالَ قَرِينُهُۥ هَـٰذَا مَا لَدَىَّ عَتِيدٌ (٢٣) أَلْقِيَا فِى جَهَنَّمَ كُلَّ كَفَّارٍ عَنِيدٍ (٢٤) مَّنَّاعٍ لِّلْخَيْرِ مُعْتَدٍ مُّرِيبٍ (٢٥) ٱلَّذِى جَعَلَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَأَلْقِيَاهُ فِى ٱلْعَذَابِ ٱلشَّدِيدِ (٢٦) قَالَ قَرِينُهُۥ رَبَّنَا مَآ أَطْغَيْتُهُۥ وَلَـٰكِن كَانَ فِى ضَلَـٰلٍۭ بَعِيدٍ (٢٧) قَالَ لَا تَخْتَصِمُوا۟ لَدَىَّ وَقَدْ قَدَّمْتُ إِلَيْكُم بِٱلْوَعِيدِ (٢٨‬) مَا يُبَدَّلُ ٱلْقَوْلُ لَدَىَّ وَمَآ أَنَا۠ بِظَلَّـٰمٍ لِّلْعَبِيدِ (٢٩) يَوْمَ نَقُولُ لِجَهَنَّمَ هَلِ ٱمْتَلَأْتِ وَتَقُولُ هَلْ مِن مَّزِيدٍ (٣٠)

(12). ഇവരുടെ മുമ്പ് നൂഹിന്റെ ജനതയും റസ്സുകാരും ഥമൂദ് സമുദായവും സത്യം നിഷേധിക്കുകയുണ്ടായി. (13). ആദ് സമുദായവും ഫിര്‍ഔനും ലൂത്വിന്റെ സഹോദരങ്ങളും (14). മരക്കൂട്ടങ്ങള്‍ക്കിടയില്‍ വസിച്ചിരുന്നവരും തുബ്ബഇന്റെ ജനതയും. ഇവരെല്ലാം ദൈവദൂതന്‍മാരെ നിഷേധിച്ചുതള്ളി. അപ്പോള്‍ (അവരില്‍) എന്റെ താക്കീത് സത്യമായി പുലര്‍ന്നു. (15v. അപ്പോള്‍ ആദ്യതവണ സൃഷ്ടിച്ചതു കൊണ്ട് നാം ക്ഷീണിച്ചുപോയോ? അല്ല, അവര്‍ പുതിയൊരു സൃഷ്ടിപ്പിനെപ്പറ്റി സംശയത്തിലാകുന്നു. (16). തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നത് നാം അറിയുക യും ചെയ്യുന്നു. നാം (അവന്റെ) കണ്ഠനാഡിയെക്കാള്‍ അവനോട് അടുത്തവനും ആകുന്നു. (17). വലതുഭാഗത്തും ഇടതുഭാഗത്തും ഇരുന്നുകൊണ്ട് ഏറ്റുവാങ്ങുന്ന രണ്ടുപേര്‍ ഏറ്റുവാങ്ങുന്ന സന്ദര്‍ഭം. (18). അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല. (19). മരണവെപ്രാളം യാഥാര്‍ഥ്യവും കൊണ്ട് വരുന്നതാണ്. എന്തൊന്നില്‍നിന്ന് നീ ഒഴിഞ്ഞ് മാറികൊണ്ടിരിക്കുന്നുവോ അതത്രെ ഇത്. (20). കാഹളത്തില്‍ ഊതപ്പെടുകയും ചെ യ്യും. അതാകുന്നു താക്കീതിന്റെ ദിവസം. (21). കൂടെ ഒരു ആനയിക്കുന്നവനും ഒരു സാക്ഷിയുമുള്ള നിലയിലായിരിക്കും ഏതൊരാളും (അന്ന്) വരുന്നത്. (22). (അന്ന് സത്യനിഷേധിയോടു പറയപ്പെടും:) തീര്‍ച്ചയായും നീ ഇതിനെപ്പറ്റി അശ്രദ്ധയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിന്നില്‍നിന്ന് നിന്റെ ആ മൂടി നാം നീക്കം ചെയ്തിരിക്കുന്നു. അങ്ങനെ നിന്റെ ദൃഷ്ടി ഇന്ന് മൂര്‍ച്ചയുള്ളതാകുന്നു. (23). അവന്റെ സഹചാരി (മലക്ക്) പറയും: ഇതാകുന്നു എന്റെ പക്കല്‍ തയ്യാറുള്ളത് (രേഖ). (24). (അല്ലാഹു മലക്കുകളോട് കല്‍പിക്കും:) സത്യനിഷേധിയും ധിക്കാരിയുമായിട്ടുള്ള ഏതൊരുത്തനെയും നിങ്ങള്‍ നരകത്തില്‍ ഇട്ടേക്കുക. (25). അതായത് നന്മയെ മുടക്കുന്നവനും അതിക്രമകാരിയും സംശയാലുവുമായ ഏതൊരുത്തനെയും. (26). അതെ, അല്ലാഹുവോടൊപ്പം വേറെ ദൈവത്തെ സ്ഥാപിച്ച ഏതൊരുവനെയും. അതിനാല്‍ കഠിനമായ ശിക്ഷയില്‍ അവനെ നിങ്ങള്‍ ഇട്ടേക്കുക. (27). അവന്റെ കൂട്ടാളി പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞാനവനെ വഴിതെറ്റിച്ചിട്ടില്ല. പക്ഷേ, അവന്‍ വിദൂരമായ ദുര്‍മാര്‍ഗത്തിലായിരുന്നു. (28). അവന്‍ (അല്ലാഹു) പറയും: നിങ്ങള്‍ എന്റെ അടുക്കല്‍ തര്‍ക്കിക്കേണ്ട. മുമ്പേ ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്. (29). എന്റെ അടുക്കല്‍ വാക്ക് മാറ്റപ്പെടുകയില്ല. ഞാന്‍ ദാസന്‍മാരോട് ഒട്ടും അനീതി കാണിക്കുന്നവനുമല്ല. (30). നീ നിറഞ്ഞ് കഴിഞ്ഞോ എന്ന് നാം നരകത്തോട് പറയുകയും കൂടുതല്‍ എന്തെങ്കിലുമുണ്ടോ എന്ന് അത് (നരകം) പറയുകയും ചെയ്യുന്ന ദിവസത്തിലത്രെ അത്.

12-14. മഹാന്മാരായ പ്രവാചകന്മാരെയും ആദരണീയരായ ദൂതന്മാരെയും ഇവര്‍ക്ക് മുമ്പ് മുൻ സമുദായങ്ങള്‍ നിഷേധിച്ചു. നൂഹി(അ)ന്റെ ജനത അദ്ദേഹത്തെ കളവാക്കിയതുപോലെ; ഥമൂദ് സമുദായം സ്വാലിഹ് നബി(അ)യെ, ആദ് സമുദായം ഹൂദ് നബി(അ)യെ, ലൂത്വി(അ)ന്റെ ജനത അദ്ദേഹത്തെ, മരക്കൂട്ടങ്ങളില്‍ വസിച്ചിരുന്നവര്‍ ശുഐബ് നബി(അ)യെ കളവാക്കി. തുബ്ബഇന്റെ ജനത-ഇസ്രാഈലിന് മുമ്പ് യമന്‍ ഭരിച്ചിരുന്ന രാജവംശം-അല്ലാഹു അയച്ച ദൂതരെ കളവാക്കി. ഈ പ്രവാചകനാരാണെന്ന് അല്ലാഹു ഇവിടെ പറഞ്ഞില്ല. അതില്‍പെട്ടതായിരിക്കാം തുബ്ബഅ്. തുബ്ബഅ് രാജാക്കളില്‍ ഏത് തുബ്ബഅ് ആണെന്നും പറഞ്ഞിട്ടില്ല. അറബികള്‍ക്ക് ഏറ്റവും പരിചിതനായിരുന്നു അദ്ദേഹം. അവരുടെ സംഭവങ്ങള്‍ അറബികള്‍ക്ക് അറിയാത്തതല്ല; പ്രത്യേകിച്ച് ഇത്തരം വലിയ സംഭവങ്ങള്‍. ഇവരെല്ലാവരും അല്ലാഹു അയച്ച ദൂതന്മാരെ നിഷേധിച്ചു. അപ്പോള്‍ അല്ലാഹുവിന്റെ താക്കീതും ശിക്ഷയും അവരുടെമേല്‍ യാഥാര്‍ഥ്യമായി. മുഹമ്മദ് നബി ﷺ യെ കളവാക്കുന്നവരേ, നിങ്ങള്‍ അവരെക്കാള്‍ ഉത്തമരല്ല. അവരുടെ പ്രവാചകന്മാര്‍ നിങ്ങളുടെ പ്രവാചകനെക്കാള്‍ ശ്രേഷ്ഠരല്ല. അവര്‍ക്ക് സംഭവിച്ചത് സംഭവിക്കാതിരിക്കാന്‍ നിങ്ങള്‍ ജാഗ്രത കാണിക്കുക.

15. ആദ്യ സൃഷ്ടിപ്പിനെ-ആദ്യത്തെ ഉണ്ടാക്കല്‍- തെളിവാക്കുകയാണ് അല്ലാഹു. അവസാനത്തെ ആ സൃഷ്ടിപ്പിന്-അവസാനത്തെ ഉണ്ടാക്കല്‍-ഇല്ലായ്മയില്‍നിനഅവരെ ഉണ്ടാക്കിയതുപോലെ മരണശേഷം അവനവരെ മടക്കും; അവര്‍ നുരുമ്പിയ തുരുമ്പുകളായതിനുശേഷം. തുടര്‍ന്ന് പറയുന്നു: (നാം ക്ഷീണിച്ചുപോയോ?) നമ്മുടെ ശക്തി ക്ഷയിച്ചുകൊണ്ടോ ദുര്‍ബലത സംഭവിച്ചുകൊണ്ടോ. (ആദ്യ തവണ സൃഷ്ടിച്ചതുകൊണ്ട്). എന്നാല്‍ കാര്യം അങ്ങനെയല്ല. നാം ക്ഷീണിക്കുകയോ അശക്തനാവുകയോ ചെയ്തിട്ടില്ല. അതിലവര്‍ക്ക് സംശയവും ഇല്ല. (അവര്‍ പുതിയൊരു സൃഷ്ടിപ്പിനെപ്പറ്റി സംശയത്തിലാകുന്നു). അതിലവര്‍ സംശയിക്കുന്നു. അതവരുടെ മേല്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയും ചെയ്തു. യാതൊരു സംശയത്തിനും അതില്‍ സ്ഥാനമില്ല. തിരിച്ചുകൊണ്ടുവരല്‍ ആദ്യമുണ്ടാക്കുന്നതിനെക്കാള്‍ എളുപ്പമാണ്.

16. മനുഷ്യവര്‍ഗത്തെ, ആണിനെയും പെണ്ണിനെയും സൃഷ്ടിച്ചതില്‍ അവനേകനാണെന്ന് അല്ലാഹു അറിയിക്കുന്നു. തീര്‍ച്ചയായും അവന്‍ മനുഷ്യന്റെ അവസ്ഥകളും അവന്‍ രഹസ്യമാക്കുന്നതും അവന്റെ മനസ്സ് മന്ത്രിക്കുന്നതും അറിയുന്നു. (കണ്ഠനാഡിയെക്കാള്‍ അവനോട് അടുത്തവനാകുന്നു) മനുഷ്യനിലേക്ക് ഏറ്റവും അടുത്തത് അതാണ്. നെഞ്ചിന് മുകളിലെ വിടവില്‍ തള്ളിനില്‍ക്കുന്ന നാഡി. തന്റെ സ്രഷ്ടാവ് തന്നെ നിരീക്ഷിക്കുന്നുണ്ടെന്നതിനെക് കുറിച്ച് മനുഷ്യനെ ഓര്‍മപ്പെടുത്തുന്നുണ്ടിവിടെ. അല്ലാഹു ഹൃദയത്തിലേക്കും ഉള്ളിലേക്കും നോക്കുന്നു. എല്ലാ അവസ്ഥയിലും അവന്‍ മനുഷ്യനിലേക്ക് ഏറ്റവും അടുത്തവനാണ്. അപ്പോള്‍ അല്ലാഹു വിരോധിച്ച ഒരു കാര്യം തന്നില്‍ കാണുകയോ കല്‍പനകള്‍ വിട്ടുപോകുയോ ചെയ്യുന്നതില്‍ അവന്‍ ലജ്ജിക്കുന്നു.

17. എഴുത്തുകാരായ ആദരണീയ മലക്കുകളെ പ്രത്യേകം പരിഗണിക്കണം. പറയുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും ലോകരക്ഷിതാവ് ഇഷ്ടപ്പെടാത്തത് എഴുതുന്നതും പ്രവര്‍ത്തിക്കുന്നതും പറയുന്നതും ഭയപ്പെടുകയും ഗൗരവമായി കാണുകയും വേണം. (ഏറ്റുവാങ്ങുന്ന രണ്ടുപേര്‍ ഏറ്റുവാങ്ങുന്ന സന്ദര്‍ഭം) അടിമയുടെ എല്ലാ പ്രവര്‍ത്തനങ്ങളും രണ്ടുപേര്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. ഒരാള്‍ (വലതുഭാഗത്തും) നന്മകള്‍ എഴുതിക്കൊണ്ടിരിക്കുന്നു. അടുത്തയാള്‍ (ഇടതുഭാഗത്തും) തിന്മകള്‍ എഴുതുന്നു. രണ്ടുപേരും (ഇരുന്നുകൊണ്ട്) ആ കാര്യത്തിനുവേണ്ടി മാത്രം, നിശ്ചയിച്ച പ്രവര്‍ത്തനത്തിന് തയ്യാറായി നിരന്തരമായി അത് ചെയ്തുകൊണ്ടിരിക്കുന്നു.

18. (അവര്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും) നന്മയാകട്ടെ തിന്മയാകട്ടെ. (അവന്റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടായിട്ടല്ലാതെ) അവനെ നിരീക്ഷിക്കുന്നവനും ആ അവസ്ഥയ്ക്ക് ഹാജരായവനുമായി.

‘‘തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്. രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്മാര്‍. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവരറിയുന്നു'' (82:10-12)

19. അതായത്, (വരുന്നതാണ്) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്ന ഈ അശ്രദ്ധന്. (മരണവെപ്രാളം) തടുക്കാനോ രക്ഷപ്പെടാനോ സാധിക്കാത്ത. (എന്തൊന്നില്‍നിന്ന് നീ ഒഴിഞ്ഞുമാറിക്കൊണ്ടിരിക്കുന്നുവോ അതത്രെ ഇത്) തിരിച്ചുപോവുകയും പിന്തുകയും ചെയ്യുന്നു.

20. (കാഹളത്തില്‍ ഊതപ്പെടുകയും ചെയ്യും. അതാകുന്നു താക്കീതിന്റെ ദിവസം) അക്രമികള്‍, അവര്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്ത ശിക്ഷയിലേക്കും വിശ്വാസികള്‍ അവര്‍ക്ക് വാഗ്ദാനം ചെയ്ത പ്രതിഫലത്തിലേക്കും എത്തിച്ചേരുന്ന ദിവസം.

21. (കൂടെ ഒരു ആനയിക്കുന്നവനും ഒരു സാക്ഷിയുമുള്ള നിലയിലായിരിക്കും ഏതൊരാളും വരുന്നത്) ഉയിര്‍ത്തെഴുന്നേല്‍പിന്റെ സ്ഥലത്തേക്ക് അവരെ ആനയിക്കും. പോകാതിരിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. (സാക്ഷിയും) അവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു; നന്മക്കും തിന്മക്കും. തന്റെ അടിമകളുടെ പ്രവര്‍ത്തനം സൂക്ഷിച്ചുവെക്കാനും നീതിപൂര്‍വം അതിന് പ്രതിഫലം നല്‍കാനും അല്ലാഹുവിന്റെ ശ്രദ്ധയ്ക്കുള്ള തെളിവാണിത്.

22. ഓരോ അടിമയും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. എന്നാല്‍ അധികപേരും ജനങ്ങളില്‍ അശ്രദ്ധരാണ്. (തീര്‍ച്ചയായും നീ ഇതിനെപ്പറ്റി അശ്രദ്ധയിലായിരുന്നു). ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍, തിരിഞ്ഞുകളഞ്ഞ നിഷേധിയെ അവഹേളിച്ചുകൊണ്ടും ആക്ഷേപിച്ചുകൊണ്ടും നിര്‍ദയം അവനോട് പറയും. അതായത് തീര്‍ച്ചയായും നീ നിഷേധിയും അതനുസരിച്ച് പ്രവര്‍ത്തിക്കാത്തവനുമായിരുന്നു. ഇപ്പോള്‍ നാം നീക്കിക്കളഞ്ഞിരിക്കുന്നു. (നിന്നില്‍നിന്ന് നിന്റെ ആ മൂടിയെ) നിന്റെ ഹൃദയത്തെ മൂടുകയും നിന്നെ ഉറക്കിലാക്കുകയും തിരിഞ്ഞുകളഞ്ഞ് കഴിച്ചുകൂട്ടുകയും ചെയ്തതായ. (അങ്ങനെ നിന്റെ ദൃഷ്ടി ഇന്ന് മൂര്‍ച്ചയുള്ളതാകുന്നു) അവനെ വിറപ്പിച്ചുകളയുന്നതും ഭയപ്പെടുത്തുന്നതുമായ ശിക്ഷകള്‍ അവന്‍ കാ ണും. ഇത് ഒരടിമയോട് അല്ലാഹു പറയുന്നതാണ്. അവനെ സൃഷ്ടിച്ച ലക്ഷ്യത്തില്‍നിന്ന് അവന്‍ ഈ ലോകത്ത് അശ്രദ്ധനായിരുന്നു. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവന് ബോധം വരും. നഷ്ടം തിരിച്ചറിയാനും വീഴ്ച മനസ്സിലാക്കാനും കഴിയാത്ത സമയത്തെ ആവശ്യങ്ങള്‍ നീങ്ങി. ഇതൊക്കെ അല്ലാഹു തന്റെ അടിമയെ ഭയപ്പെടുത്തുകയാണ്. ആ മഹത്തായ ദിനത്തില്‍ സത്യനിഷേധികള്‍ക്കുണ്ടാകുന്നതിനെ പറഞ്ഞ് താക്കീത് ചെയ്യുകയുമാണ്.

23. (അവന്റെ സഹചാരി പറയും) സത്യത്തെ അവഗണിച്ച ഈ നിഷേധിയുടെ മലക്കായ സഹചാരി പറയും. ഈ മലക്കുകളെയാണ് അല്ലാഹു അവന്റെയും അവന്റെ പ്രവര്‍ത്തനങ്ങളുടെയും സംരക്ഷണം ഏല്‍പിച്ചത്. അവനെയും അവന്റെ പ്രവര്‍ത്തനങ്ങളെയും ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ഹാജരാക്കും. അവനോട് പറുകയും ചെയ്യും: (ഇതാകുന്നു എന്റെ പക്കല്‍ തയ്യാറുള്ളത്) എന്നെ സംരക്ഷിക്കാന്‍ ഏല്‍പിച്ചവനെയും അവന്റെ പ്രവര്‍ത്തനങ്ങളെയും ഞാനിതാ ഹാജരാക്കിയിരിക്കുന്നു.

24. അങ്ങനെ അവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടും. നരകാവകാശിയോട് പറയപ്പെടും: (സത്യനിഷേധിയും ധിക്കാരിയുമായിട്ടുള്ള ഏതൊരുത്തനെയും നിങ്ങള്‍ നരകത്തില്‍ ഇട്ടേക്കുക) വര്‍ധിച്ച അന്ധവിശ്വാസവും ധിക്കാരവും അല്ലാഹുവിന്റെ വചനങ്ങളോട് കാണിച്ചവനെ, പാപങ്ങള്‍ അധികരിപ്പിച്ചവനെ, കുറ്റങ്ങള്‍ക്കും നിഷിദ്ധങ്ങള്‍ക്കും ധൈര്യപ്പെട്ടവനെ.

25. (നന്മയെ മുടക്കുന്നവന്‍) അവന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതായ നന്മകളെ. അതില്‍ ഏറ്റവും വലുത് അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലുമുള്ള വിശ്വാസമാണ്. തന്റെ ശരീരംകൊണ്ടും ധനം കൊണ്ടുമുള്ള നന്മകളെ അവന്‍ മുടക്കുന്നു. (അതിക്രമകാരിയും) അല്ലാഹുവിന്റെ നിയമാതിര്‍ത്തികളിലും അവന്റെ അടിമകളോടും. (സംശയാലുവും) അല്ലാഹുവിന്റെ വാഗ്ദത്തിലും താക്കീതിലും സംശയിക്കുന്നവന്‍, വിശ്വാസമോ നന്മയോ ഇല്ല. മറിച്ച് അവന്റെ പ്രത്യേകത നിഷേധവും ശത്രുതയും സംശയവും പിശുക്കും പരമകാരുണികന് പുറമെ ആരാധ്യന്മാരെ സ്വീകരിക്കലുമാണ്.

26. (അതെ, അല്ലാഹുവോടൊപ്പം വേറെ ആരാധ്യനെ സ്ഥാപിച്ച ഏതൊരുവനെയും) അല്ലാഹുവിന് പുറമെ യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴയാത്ത, മരണമോ ജീവിതമോ ഉയിര്‍ത്തെഴുന്നേല്‍പോ നടത്തുവാന്‍ - യാതൊന്നിനും - കഴിവില്ലാത്തവനെ അവന്‍ ആരാധിച്ചു. (അതിനാല്‍ നിങ്ങള്‍ ഇട്ടേക്കുക) സഹചാരികളായ രണ്ട് മലക്കുകളേ നിങ്ങള്‍. (കഠിനമായ ശിക്ഷയില്‍) ഏറ്റവും കഠിനവും നീചവുമായ.

27. (അവന്റെ കൂട്ടാളി പറയും) അവന്റെ കുറ്റമെല്ലാം അവനില്‍ ചുമത്തി അവന്റെ തെറ്റില്‍ നിന്ന് ഒഴിവായി ശൈത്വാന്‍ പറയും. (ഞങ്ങളുടെ രക്ഷിതാവേ, ഞാനവനെ വഴിതെറ്റിച്ചിട്ടില്ല) കാരണം, എനിക്ക് അവന്റെമേല്‍ യാതൊരു അധികാരവും പ്രമാണവും രേഖയും ഉണ്ടായിരുന്നില്ല. (ഞാന്‍ അവനെ വഴിതെറ്റിച്ചിട്ടില്ല. പക്ഷേ, അവന്‍ വിദൂരമായ ദുര്‍മാര്‍ഗത്തിലായിരുന്നു) അവന്റെ ഇഷ്ടപ്രകാരം സത്യത്തില്‍നിന്നും അകന്ന് വഴിപിഴച്ചവനായിരുന്നു അവന്‍. മറ്റൊരു വചനത്തില്‍ പറഞ്ഞതുപോലെ:

‘‘കാര്യം തീരുമാനിക്കപ്പെട്ടുകഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്; തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു, സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട് ഞാന്‍ ലംഘിച്ചു'' (14:22).

28. അവരുടെ തര്‍ക്കത്തിന് മറുപടിയായി അല്ലാഹു പറയും: (നിങ്ങള്‍ എന്റെ അടുക്കല്‍ തര്‍ക്കിക്കേണ്ട) എന്റെ അടുക്കല്‍വെച്ച് നിങ്ങ ള്‍ തര്‍ക്കിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല. കാരണം (മുമ്പേ ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്) പ്രകടമായ തെളിവുകളും വ്യക്തമായ പ്രമാണങ്ങളും വിശദമായ ദൃഷ്ടാന്തങ്ങളുംകൊണ്ട് എന്റെ ദൂതന്മാര്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടുണ്ട്. അത് നിങ്ങള്‍ക്കെതിരെ തെളിവാവുകയും നിങ്ങളുടെ ന്യായങ്ങള്‍ മുറിഞ്ഞുപോവുകയും ചെയ്തു. നിങ്ങള്‍ മുമ്പ് ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നിര്‍ബന്ധമായിരിക്കുന്നു.

29. (എന്റെ അടുക്കല്‍ വാക്ക് മാറ്റപ്പെടുകയില്ല). അല്ലാഹു അറിയിച്ചതും പറഞ്ഞതുമായ കാര്യങ്ങളില്‍ മാറ്റം സാധ്യമല്ല. കാരണം അല്ലാഹുവിനെക്കാള്‍ സത്യം പറയുന്ന മറ്റാരുമില്ല; സംസാരം സത്യമാകുന്നതിലും. (ഞാന്‍ ദാസന്മാരോട് ഒട്ടും അനീതി കാണിക്കുന്നവനുമല്ല) മറിച്ച്, ഞാന്‍ അവര്‍ ചെയ്യുന്ന നന്മതിന്മകള്‍ക്ക് പ്രതിഫലം നല്‍കുന്നു. അവരുടെ തിന്മകളെ കൂട്ടുകയില്ല, നന്മകളെയാവട്ടെ കുറക്കുകയുമില്ല.

30. തന്റെ അടിമകളെ ഭയപ്പെടുത്തിക്കൊണ്ട് അല്ലാഹു പറയുന്നു: (നീ നിറഞ്ഞുകഴിഞ്ഞോ എന്ന് നാം നരകത്തോട് പറയും) അതില്‍ ഇടപ്പെടുന്നവരുടെ ആധിക്യമാണത്. (കൂടുതല്‍ എന്തെങ്കിലുമുണ്ടോ എന്ന് അത് പറയുകയും ചെയ്യുന്ന ദിവസം) പാപികളായ കുറ്റവാളികളെ ആ നരകം വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടിരിക്കും. തന്റെ രക്ഷിതാവിനുവേണ്ടി കോപിച്ചുകൊണ്ടും സത്യനിഷേധികളോടുള്ള ഈര്‍ഷ്യതകൊണ്ടും അത് നിറക്കുമെന്ന് അല്ലാഹുവിന്റെ വാഗ്ദത്തവുമുണ്ട്.

‘‘ജിന്നുകള്‍ മനുഷ്യര്‍ എന്നീ രണ്ട് വിഭാഗത്തെയുംകൊണ്ട് ഞാന്‍ നരകം നിറക്കുകതന്നെ ചെയ്യുന്നതാണ്'' (11:119).

സാദൃശ്യപ്പെടുത്താന്‍ പറ്റാത്ത പരിശുദ്ധമായ തന്റെ പാദം പ്രതാപശാലിയായ രക്ഷിതാവ് അതില്‍ വെക്കുന്നതുവരെ അത് നിറയില്ല. അപ്പോള്‍ അത് പരസ്പരം ചേരും. അത് പറ യുകയും ചെയ്യും; മതി, മതി. ഞാന്‍ നിറഞ്ഞു. എനിക്ക് മതിയായി എന്ന്‌.