സൂറഃ അല്‍ഫത്ഹ് (വിജയം), ഭാഗം 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ഏപ്രിൽ 02, 1442 റമദാൻ 01

അധ്യായം: 49, ഭാഗം 3 (മദീനയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۚ وَكَانَ ٱللَّهُ غَفُورًا رَّحِيمًا (١٤) سَيَقُولُ ٱلْمُخَلَّفُونَ إِذَا ٱنطَلَقْتُمْ إِلَىٰ مَغَانِمَ لِتَأْخُذُوهَا ذَرُونَا نَتَّبِعْكُمْ ۖ يُرِيدُونَ أَن يُبَدِّلُوا۟ كَلَـٰمَ ٱللَّهِ ۚ قُل لَّن تَتَّبِعُونَا كَذَٰلِكُمْ قَالَ ٱللَّهُ مِن قَبْلُ ۖ فَسَيَقُولُونَ بَلْ تَحْسُدُونَنَا ۚ بَلْ كَانُوا۟ لَا يَفْقَهُونَ إِلَّا قَلِيلًا (١٥) قُل لِّلْمُخَلَّفِينَ مِنَ ٱلْأَعْرَابِ سَتُدْعَوْنَ إِلَىٰ قَوْمٍ أُو۟لِى بَأْسٍ شَدِيدٍ تُقَـٰتِلُونَهُمْ أَوْ يُسْلِمُونَ ۖ فَإِن تُطِيعُوا۟ يُؤْتِكُمُ ٱللَّهُ أَجْرًا حَسَنًا ۖ وَإِن تَتَوَلَّوْا۟ كَمَا تَوَلَّيْتُم مِّن قَبْلُ يُعَذِّبْكُمْ عَذَابًا أَلِيمًا (١٦) لَّيْسَ عَلَى ٱلْأَعْمَىٰ حَرَجٌ وَلَا عَلَى ٱلْأَعْرَجِ حَرَجٌ وَلَا عَلَى ٱلْمَرِيضِ حَرَجٌ ۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدْخِلْهُ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ وَمَن يَتَوَلَّ يُعَذِّبْهُ عَذَابًا أَلِيمًا (١٧) لَّقَدْ رَضِىَ ٱللَّهُ عَنِ ٱلْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ ٱلشَّجَرَةِ فَعَلِمَ مَا فِى قُلُوبِهِمْ فَأَنزَلَ ٱلسَّكِينَةَ عَلَيْهِمْ وَأَثَـٰبَهُمْ فَتْحًا قَرِيبًا (١٨) وَمَغَانِمَ كَثِيرَةً يَأْخُذُونَهَا ۗ وَكَانَ ٱللَّهُ عَزِيزًا حَكِيمًا (١٩)

(14). അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

(15). സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ ഉള്ളേടത്തേക്ക് നിങ്ങള്‍ (യുദ്ധത്തിന്) പോകുകയാണെങ്കില്‍ ആ പിന്നാക്കം മാറിനിന്നവര്‍ പറയും: ഞങ്ങളെ നിങ്ങള്‍ (തടയാതെ) വിട്ടേക്കണം. ഞങ്ങളും നിങ്ങളെ അനുഗമിക്കാം. അല്ലാഹുവിന്റെ വാക്കിന് മാറ്റം വരുത്താനാണ് അവര്‍ ഉദ്ദേശിക്കുന്നത്. നീ പറയുക: നിങ്ങള്‍ ഒരിക്കലും ഞങ്ങളെ അനുഗമിക്കുകയില്ല, അപ്രകാരമാണ് അല്ലാഹു മുമ്പേ പറഞ്ഞിട്ടുള്ളത്. അപ്പോള്‍ അവര്‍ പറഞ്ഞേക്കും; അല്ല, നിങ്ങള്‍ ഞങ്ങളോട് അസൂയ കാണിക്കുകയാണ് എന്ന്. അങ്ങനെയല്ല. അവര്‍ (കാര്യം) ഗ്രഹിക്കാതിരിക്കുകയാകുന്നു; അല്‍പം മാത്രമല്ലാതെ.

(16). ഗ്രാമീണ അറബികളില്‍നിന്നും പിന്നാക്കം മാറിനിന്നവരോട് നീ പറയുക: കനത്ത ആക്രമണശേഷിയുള്ള ഒരു ജനവിഭാഗത്തെ നേരിടാനായി നിങ്ങള്‍ വഴിയെ വിളിക്കപ്പെടും. അവര്‍ കീഴടങ്ങുന്നതുവരെ നിങ്ങള്‍ക്ക് അവരുമായി യുദ്ധം ചെയ്യേണ്ടിവരും. അപ്പോള്‍ നിങ്ങള്‍ അനുസരിക്കുന്നപക്ഷം അല്ലാഹു നിങ്ങള്‍ക്ക് ഉത്തമമായ പ്രതിഫലം നല്‍കുന്നതാണ്. മുമ്പ് നിങ്ങള്‍ പിന്തിരിഞ്ഞുകളഞ്ഞതുപോലെ (ഇനിയും) പിന്തിരിഞ്ഞുകളയുന്നപക്ഷം വേദനയേറിയ ശിക്ഷ അവന്‍ നിങ്ങള്‍ക്കു നല്‍കുന്നതുമാണ്.

(17). അന്ധന്റെമേല്‍ കുറ്റമില്ല. മുടന്തന്റെമേലും കുറ്റമില്ല. രോഗിയുടെമേലും കുറ്റമില്ല. വല്ലവനും അല്ലാഹുവെയും അവന്റെ റസൂലിനെയും അനുസരിക്കുന്ന പക്ഷം താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുന്നതാണ്. വല്ലവനും പിന്തിരിഞ്ഞുകളയുന്നപക്ഷം വേദനയേറിയ ശിക്ഷ അവന്നു നല്‍കുന്നതാണ്.

(18). ആ മരത്തിന്റെ ചുവട്ടില്‍വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും, അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു.

(19). അവര്‍ക്ക് പിടിച്ചെടുക്കുവാന്‍ ധാരാളം സമരാര്‍ജിത സ്വത്തുകളും (അവന്‍ നല്‍കി). അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.

14. ആകാശഭൂമികളുടെ ആധിപത്യം അവന് മാത്രമുള്ളതാണ്. പ്രതിഫലത്തിന്റെ തീരുമാനങ്ങളും മതവിധികളും ഖൈറുമെല്ലാം അവ രണ്ടിലും അവനുദ്ദേശിക്കുന്നപോലെ കൈകാര്യം ചെയ്യുന്നു. അതിനാലാണ് മതവിധികള്‍ ക്കുള്ള പ്രതിഫലത്തെക്കുറിച്ച് തുടര്‍ന്ന് പരാമര്‍ശിച്ചത്: (അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും) അല്ലാഹു കല്‍പിച്ചത് നിര്‍വഹിക്കുന്നവര്‍ക്ക്. (അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും) അല്ലാഹുവിന്റെ കല്‍പനകളില്‍ ലാഘവത്വം കാണിക്കുന്നവരെ. (അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു). കരുണയും പാപമോചനവും അവനില്‍നിന്ന് വിട്ടുപോകാത്ത അനിവാര്യ വിശേഷണങ്ങളാണ്. ഓരോ സമയത്തും അവന്‍ പാപികളുടെ പാപം പൊറുത്തുകൊണ്ടേയിരിക്കും. തെറ്റ് സംഭവിക്കുന്നവര്‍ക്ക് വിട്ടുവീഴ്ച നല്‍കുകയും ചെയ്യും. പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുകയും കോരിച്ചൊരിയുന്ന അവന്റെ നന്മകള്‍ രാപ്പകലില്‍ ഇറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യും.

15. പിന്മാറി നിന്നവരെ അല്ലാഹു ആക്ഷേപിച്ച് പറഞ്ഞപ്പോള്‍, ഭൗതികമായി അവര്‍ക്കുള്ള ഒരു ശിക്ഷയെക്കുറിച്ച് പരാമര്‍ശിക്കുന്നു. യുദ്ധം ചെയ്യാതെ സമ്പത്ത് കിട്ടുന്ന യുദ്ധാനന്തര സ്വത്തിലേക്ക് നബി ﷺ യും അനുചരന്മാരും പോകുമ്പോള്‍ കൂടെവരട്ടെ എന്ന് അവര്‍ ആവശ്യപ്പെടും. അവര്‍ പറയും: (ഞങ്ങളെ നിങ്ങള്‍-തടയാതെ-വിട്ടേക്കണം. ഞങ്ങളും നിങ്ങളെ അനുഗമിക്കാം. അവരുദ്ദേശിക്കുന്നത്) ഈ വാക്ക് മൂലം. (അല്ലാഹുവിന്റെ വാക്കിന് മാറ്റം വരുത്താനാണ്). അവര്‍ക്ക് ശിക്ഷയെന്നോണം നല്‍കാതിരിക്കുവാനും സത്യവിശ്വാസികളായ സ്വഹാബത്തിന് മതവിധിയനുസരിച്ച് -അവര്‍ക്ക് മാത്രമായി- നല്‍കണമെന്നുമുള്ള വാക്കിനെ. (നീ പറയുക) അവരോട്. (നിങ്ങളൊരിക്കലും ഞങ്ങളെ അനുഗമിക്കുകയില്ല, അപ്രകാരമാണ് അല്ലാഹു മുമ്പേ പറഞ്ഞിട്ടുള്ളത്) ആദ്യഘട്ടത്തില്‍ യുദ്ധത്തിന് വരാത്തതിനാലും നിങ്ങള്‍ നിങ്ങളോടുതന്നെ കുറ്റം ചെയ്തതിനാലും ആ സ്വത്ത് നിങ്ങള്‍ക്ക് തടയപ്പെട്ടതാണ്. (അപ്പോള്‍ അവര്‍ പറഞ്ഞേക്കും) പുറപ്പെടാന്‍ അനുമതി നിഷേധിച്ച വാക്കിന് മറുപടിയായി. (അല്ല, നിങ്ങള്‍ ഞങ്ങളോട് അസൂയ കാണിക്കുകയാണ്) യുദ്ധാനന്തര സ്വത്തിന്റെ കാര്യത്തില്‍. ഇവിടെ അവര്‍ക്ക് മനസ്സിലായതിന്റെ പരമാവധി ഇതാണ്. അവര്‍ക്ക് ശരിയായി മനസ്സിലായിരുന്നുവെങ്കില്‍, അവര്‍ക്ക് തടയപ്പെട്ടത് അവരുടെ അനുസരണക്കേടുകൊണ്ടാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. കാരണം, അനുസരണക്കേടിന് ഇഹത്തിലും പരത്തിലും ശിക്ഷയുണ്ട്. അതാണ് അല്ലാഹു പറഞ്ഞത്: (അവര്‍ കാര്യം ഗ്രഹിക്കാതിരിക്കുകയാകുന്നു, അല്‍പം മാത്രമല്ലാതെ).

16. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നതില്‍നിന്ന് പിന്നാക്കം മാറിനിന്ന ഗ്രാമീണ അറബികളെക്കുറിച്ചാണ് അല്ലാഹു പറയുന്നത്. ന്യായമായ കാരണങ്ങളില്ലാതെ അവര്‍ ഒഴികഴിവ് പറയുന്നു. യുദ്ധമോ ബുദ്ധിമുട്ടികളോ ഇല്ലെങ്കില്‍ അവര്‍ വിശ്വാസികളോടൊപ്പം പുറപ്പെടാന്‍ ആവശ്യം ഉന്നയിക്കും. അവര്‍ക്കാവശ്യം യുദ്ധാനന്തര സ്വത്ത് മാത്രമാണ്. അവരെ പരീക്ഷിച്ചുകൊണ്ട് അവരോട് അല്ലാഹു പറയുന്നു: (ഗ്രാമീണ അറബികളില്‍നിന്നും പിന്നാക്കം മാറിനിന്നവരോട് നീ പറയുക; കനത്ത ആക്രമണശേഷിയുള്ള ഒരു ജനവിഭാഗത്തെ നേരിടാനായി വഴിയെ നിങ്ങള്‍ വിളിക്കപ്പെടും) അതായത്, പ്രവാചകനോ അല്ലെങ്കില്‍ പ്രവാചകന്റെ സ്ഥാനത്ത് പിന്നീട് വരുന്ന ഖലീഫമാരോ ഇമാമീങ്ങളോ നിങ്ങളെ വിളിക്കും. ഇവിടെ ശക്തരായ ജനത എന്ന് പറഞ്ഞത് പേര്‍ഷ്യക്കാരോ റോമക്കാരോ അവരെപ്പോലുള്ളവരോ ആയിരിക്കാം. (അവര്‍ കീഴടങ്ങുന്നതുവരെ നിങ്ങള്‍ യുദ്ധം ചെയ്യേണ്ടിവരും) രണ്ടിലേതെങ്കിലുമൊന്ന് വേണ്ടിവരും.

ഇത് സംഭവിക്കുന്ന ഒരു കാര്യമാണ്. ഇക്കൂട്ടരോട് യുദ്ധം ചെയ്യുന്ന അവസരത്തില്‍ കനത്ത ആക്രമണശേഷിയുള്ളവരാണെങ്കില്‍ അവര്‍ ജിസ്‌യ (സംരക്ഷണനികുതി) കൊടുക്കാന്‍ തയ്യാറാവില്ല. അല്ലെങ്കില്‍ അവര്‍ ഇസ്‌ലാമില്‍ പ്രവേശിക്കണം. അല്ലാത്ത അവസ്ഥയില്‍ അവരോട് യുദ്ധം ചെയ്യേണ്ടിവരും. അങ്ങനെ മുസ്‌ലിംകള്‍ അവരെ കീഴ്‌പ്പെടുത്തിയപ്പോള്‍ അവര്‍ ദുര്‍ബലരും നിന്ദ്യരുമായി. അവരുടെ ശക്തിയെല്ലാം പോയി. അവര്‍ ഇസ്‌ലാം സ്വീകരിക്കുകയോ ജിസ്‌യ നല്‍കുകയോ ചെയ്യുന്നവരായി. (അപ്പോള്‍ നിങ്ങള്‍ അനുസരിക്കുന്നപക്ഷം) ഇവരുമായി യുദ്ധം ചെയ്യാന്‍ നിങ്ങളെ ക്ഷണിക്കുന്നവനെ. (അല്ലാഹു നിങ്ങള്‍ക്ക് ഉത്തമമായ പ്രതിഫലം നല്‍കുന്നതാണ്) ഈ പ്രതിഫലം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവര്‍ക്ക് അല്ലാഹുവും റസൂലും അറിയിച്ചതായ പ്രതിഫലമാണ്. (മുമ്പ് നിങ്ങള്‍ പിന്തിരിഞ്ഞുകളഞ്ഞതുപോലെ പിന്തിരിഞ്ഞുകളയുന്നപക്ഷം) അല്ലാഹുവിന്റെ ദുതന്മാരോട് യുദ്ധംചെയ്യാന്‍ ക്ഷണിക്കുന്ന ഖുലഫാഉര്‍റാശിദീങ്ങളുടെ മഹത്ത്വംകൂടി ഈ വചനത്തിലുണ്ട്. ഈ കാര്യത്തില്‍ അവരെ അനുസരിക്കല്‍ നിര്‍ബന്ധമാണെന്നും.

17. യുദ്ധത്തിന് പുറപ്പെടാതിരിക്കാനുള്ള കാരണങ്ങളെയാണ് പരാമര്‍ശിക്കുന്നത്. (അന്ധന്റെ മേല്‍ കുറ്റമില്ല. മുടന്തന്റെ മേലും കുറ്റമില്ല. രോഗിയുടെ മേലും കുറ്റമില്ല). ഈ തടസ്സങ്ങള്‍ കാരണം യുദ്ധത്തില്‍നിന്ന് പിന്‍മാറി നില്‍ക്കുന്നതിന്. (വല്ലവനും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നപക്ഷം) അവരുടെ രണ്ടുപേരുടെയും കല്‍പനകള്‍ പ്രവര്‍ത്തിക്കുകയും വിരോധങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുക. (താഴ്ഭാഗത്തുകൂടി നദികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുന്നതാണ്) കണ്ണുകള്‍ ആസ്വദിക്കുന്നതും മനസ്സുകൊതിക്കുന്നതുമെല്ലാം അതിലുണ്ട്. (വല്ലവനും പിന്തിരിഞ്ഞുകളയുന്നപക്ഷം) അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നതില്‍നിന്ന്. (വേദനയേറിയ ശിക്ഷ അവന് നല്‍കുന്നതാണ്) എല്ലാ സൗഭാഗ്യവും അല്ലാഹുവിനെ അനുസരിക്കുന്നതിലാണ്. ദുരിതങ്ങളാകട്ടെ, അവനെ അനുസരിക്കാതിരിക്കുന്നതിലും എതിരു പ്രവര്‍ത്തിക്കുന്നതിലുമാണ്.

18-19. മുഖങ്ങള്‍ തിളങ്ങുകയും രണ്ടു ലോകത്തെയും സൗഭാഗ്യം കരസ്ഥമാക്കുകയും ചെയ്ത് ആ പ്രതിജ്ഞ ആ പ്രവാചകനോട് അവര്‍ ചെയ്തപ്പോള്‍ സത്യവിശ്വാസികള്‍ക്ക് അവന്റെ കരുണയും ഔദാര്യവുംകൊണ്ട് അവന്റെ തൃപ്തിയുണ്ടായി എന്ന് അറിയിക്കുകയാണ് അല്ലാഹു ഇവിടെ. ബൈഅതു രിള്‌വാന്‍ എന്നറിയപ്പെടുന്ന, അതായത് സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിന്റെ തൃപ്തിയുണ്ടായ പ്രതിജ്ഞ. മറ്റൊരു പേര് ‘ബൈഅതു അഹ്‌ലുശ്ശജറ' എന്നാണ്. ഹുദൈബിയ ദിനത്തില്‍ നബിയുടെ വരവിനെക്കുറിച്ച് മുശ്‌രിക്കുകള്‍ക്കും പ്രവാചകനും ഇടയില്‍ സംസാരം നടന്നു. നബി ﷺ ഒരാളോടും യുദ്ധത്തിന് വന്നതല്ലെന്നും കഅ്ബയെ ആദരിച്ച് അതിനെ സന്ദര്‍ശിക്കാന്‍ മാത്രം വന്നതാണെന്നും അറിയിച്ച് ഉസ്മാനുബ്‌നു അഫ്ഫാനെ മക്കയിലേക്ക് നിയോഗിച്ചു. അപ്പോഴാണ് ഉസ്മാന്‍(റ)വിനെ മുശ്‌രിക്കുകള്‍ വധിച്ചു എന്ന തെറ്റായ വാര്‍ത്ത വന്നത്. അപ്പോള്‍ നബി ﷺ തന്റെ കൂടെയുള്ള അനുചരന്മാരെ ഒരുമിച്ചുകൂട്ടി. അവര്‍ ഏകദേശം ആയിരത്തി അഞ്ഞൂറ് പേരുണ്ടായിരുന്നു. അവിടെവെച്ച് മുശ്‌രിക്കുകള്‍ക്കെതിരെ യുദ്ധം ചെയ്യണമെന്നും മരണംവരെ യുദ്ധത്തില്‍നിന്ന് ഓടിപ്പോകില്ലെന്നും ആ മരച്ചുവട്ടില്‍വെച്ച് അവര്‍ പ്രതിജ്ഞ ചെയ്തു.

ഏറ്റവും വലിയ പുണ്യവും അനുസരണവും കാണിച്ച ഈ സന്ദര്‍ഭത്തില്‍ സത്യവിശ്വാസികളെ അല്ലാഹു തൃപ്തിപ്പെട്ടുവെന്ന് അവനറിയിച്ചു. (അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും) വിശ്വാസത്തില്‍നിന്ന്. (അങ്ങനെ അവര്‍ക്കവന്‍ മനസ്സമാധാനം ഇറക്കിക്കെടുക്കുകയും) അവരുടെ ഹൃദയങ്ങളിലുള്ളതിന് നന്ദിയായി, അവര്‍ക്ക് സന്മാര്‍ഗത്തെ വര്‍ധിപ്പിച്ചുകൊടുത്തു. പ്രവാചകനോട് മുശ്‌രിക്കുകള്‍ കരാറു ചെയ്തപ്പോള്‍ വെച്ച നിബന്ധനകളില്‍ അവരുടെ മനസ്സിനുണ്ടായ അസ്വസ്ഥത അവനറിയുകയും അവരെ ഉറപ്പിച്ചുനിര്‍ത്തത്തക്ക വിധത്തില്‍ സമാധാനം അവരുടെമേല്‍ ഇറക്കുകയും ചെയ്തു; അവരുടെ മനസ്സുകള്‍ ശാന്തിയടയാന്‍ വേണ്ടി. (ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു) അത് ഖൈബറിലെ വിജയമാണ്.

ഹുദൈബിയയില്‍ ഉണ്ടായിരുന്നവരല്ലാതെ അതില്‍ പങ്കെടുത്തിട്ടില്ല. ഖൈബറും അതിലെ സ്വത്തുക്കളും അല്ലാഹുവിന്റെ തൃപ്തിക്ക് നിലകൊണ്ടതിനും അവനെ അനുസരിച്ച് പ്രവര്‍ത്തിച്ചതിനുമുള്ള നന്ദിയും പ്രതിഫലവുമായി അവര്‍ക്ക് മാത്രം ലഭിച്ചു. (അവര്‍ക്ക് പിടിച്ചെടുക്കുവാന്‍ ധാരാളം സമരാര്‍ജിത സ്വത്തുക്കളും - അവന്‍ നല്‍കി - അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു) ശക്തിയും പ്രതാപവും അവനുള്ളതാണ്; എല്ലാറ്റിനെയും അടക്കിഭരിക്കുന്ന. അവനുദ്ദേശിച്ചാല്‍ വിശ്വാസികള്‍ക്കും മുശ്‌രിക്കുകള്‍ക്കും ഇടയിലുണ്ടാകുന്ന എല്ലാ സംഭവങ്ങളിലും സത്യവിശ്വാസികള്‍ വിജയിക്കുമായിരുന്നു. പക്ഷേ, യുക്തിമാന്‍ ചിലരെ ചിലരെക്കൊണ്ട് പരീക്ഷിക്കുന്നു; സത്യവിശ്വാസിയെ അവിശ്വാസിയെക്കൊണ്ടും.