സൂറഃ മുഹമ്മദ്, ഭാഗം 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 മെയ് 21, 1442 ശവ്വാൽ 19

അധ്യായം: 47, ഭാഗം 2 (മദീനയില്‍്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۚ دَمَّرَ ٱللَّهُ عَلَيْهِمْ ۖ وَلِلْكَـٰفِرِينَ أَمْثَـٰلُهَا (١٠) ذَٰلِكَ بِأَنَّ ٱللَّهَ مَوْلَى ٱلَّذِينَ ءَامَنُوا۟ وَأَنَّ ٱلْكَـٰفِرِينَ لَا مَوْلَىٰ لَهُمْ (١١) إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ وَٱلَّذِينَ كَفَرُوا۟ يَتَمَتَّعُونَ وَيَأْكُلُونَ كَمَا تَأْكُلُ ٱلْأَنْعَـٰمُ وَٱلنَّارُ مَثْوًى لَّهُمْ (١٢) وَكَأَيِّن مِّن قَرْيَةٍ هِىَ أَشَدُّ قُوَّةً مِّن قَرْيَتِكَ ٱلَّتِىٓ أَخْرَجَتْكَ أَهْلَكْنَـٰهُمْ فَلَا نَاصِرَ لَهُمْ (١٣) أَفَمَن كَانَ عَلَىٰ بَيِّنَةٍ مِّن رَّبِّهِۦ كَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ وَٱتَّبَعُوٓا۟ أَهْوَآءَهُم (١٤) مَّثَلُ ٱلْجَنَّةِ ٱلَّتِى وُعِدَ ٱلْمُتَّقُونَ ۖ فِيهَآ أَنْهَـٰرٌ مِّن مَّآءٍ غَيْرِ ءَاسِنٍ وَأَنْهَـٰرٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُۥ وَأَنْهَـٰرٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّـٰرِبِينَ وَأَنْهَـٰرٌ مِّنْ عَسَلٍ مُّصَفًّى ۖ وَلَهُمْ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَمَغْفِرَةٌ مِّن رَّبِّهِمْ ۖ كَمَنْ هُوَ خَـٰلِدٌ فِى ٱلنَّارِ وَسُقُوا۟ مَآءً حَمِيمًا فَقَطَّعَ أَمْعَآءَهُمْ (١٥)

10. അവർ ഭൂമിയിൽകൂടി സഞ്ചരിച്ചിട്ടില്ലേ? എങ്കിൽ തങ്ങളുടെ മുൻഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്നവർക്ക് നോക്കിക്കാണാമായിരുന്നു. അല്ലാഹു അവരെ തകർത്തുകളഞ്ഞു. ഈ സത്യനിഷേധികൾക്കുമുണ്ട് അതു പോലെയുള്ളവ (ശിക്ഷകൾ).

11. അതിന്റെ കാരണമെന്തെന്നാൽ അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാണ്. സത്യനിഷേധികൾക്കാകട്ടെ ഒരു രക്ഷാധികാരിയും ഇല്ല.

12. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്തുകൂടി നദികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്; തീർച്ച. സത്യനിഷേധികളാകട്ടെ (ഇഹലോകത്ത്) സുഖമനുഭവിക്കുകയും നാൽക്കാലികൾ തിന്നുന്നതുപോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നരകമാണ് അവർക്കുള്ള വാസസ്ഥലം.

13. നിന്നെ പുറത്താക്കിയ നിന്റെ രാജ്യത്തെക്കാൾ ശക്തിയേറിയ എത്രയെത്ര രാജ്യങ്ങൾ! അവരെ നാം നശിപ്പിച്ചു. അപ്പോൾ അവർക്കൊരു സഹായിയുമുണ്ടായിരുന്നില്ല.

14. തന്റെ രക്ഷിതാവിങ്കൽനിന്നുള്ള സ്പഷ്ടമായ തെളിവനുസരിച്ച് നിലകൊള്ളുന്ന ഒരാൾ സ്വന്തം ദുഷ്പ്രവൃത്തി അലംകൃതമായി തോന്നുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്ത ഒരുവനെ പോലെയാണോ?

15. സൂക്ഷ്മതയുള്ളവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വർഗത്തിന്റെ അവസ്ഥ എങ്ങനെയെന്നാൽ, അതിൽ പകർച്ച വരാത്ത വെള്ളത്തിന്റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിന്റെ അരുവികളും കുടിക്കുന്നവർക്ക് ആസ്വാദ്യമായ മദ്യത്തിന്റെ അരുവികളും ശുദ്ധീകരിക്കപ്പെട്ട തേനിന്റെ അരുവികളുമുണ്ട്. അവർക്കതിൽ എല്ലാതരം കായ്കനികളുമുണ്ട്. തങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള പാപമോചനവുമുണ്ട്. (ഈ സ്വർഗവാസികളുടെ അവസ്ഥ) നരകത്തിൽ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാർക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാൻ നൽകപ്പെടുക. അങ്ങനെ അത് അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും.

10) പ്രവാചകനെ കളവാക്കുന്ന ഇവർ സഞ്ചരിച്ചിട്ടില്ലേ (എങ്കിൽ നിങ്ങളുടെ മുൻഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്നവർക്ക് നോക്കാമായിരുന്നു). ചീത്ത പര്യവസാനം മാത്രമാണവർക്ക് ഉണ്ടായതെന്ന് അവർക്ക് കാണാൻ കഴിയും. അവർ ഇടത്തോട്ടോ വലത്തോട്ടോ ഒക്കെ തിരിഞ്ഞുനോക്കിയാലും നിഷേധവും കളവാക്കലും അവരുടെ മുൻഗാമികളെ നാമാവശേഷമാക്കുകയും നശിപ്പിക്കുകയുമാണുണ്ടായതെന്ന് അവർ കണ്ടെത്തും. അങ്ങനെ അവർ കെട്ടടങ്ങി. വീടും സ്വത്തുമെല്ലാം അല്ലാഹു തകർത്തുകളഞ്ഞു; അവരുടെ ചെയ്തികളെയും കുതന്ത്രങ്ങളെയും അവൻ തകർത്തെറിഞ്ഞു. സത്യനിഷേധികൾക്ക് എല്ലാകാലത്തും ദേശത്തും ഇങ്ങനെ നിന്ദ്യമായ ശിക്ഷയും ദുഷിച്ച പര്യവസാനവും തന്നെയാണുള്ളത്. എന്നാൽ സത്യവിശ്വാസികൾ അവരെ അല്ലാഹു ശിക്ഷയിൽനിന്ന് രക്ഷപ്പെടുത്തുകയും ധാരാളം പ്രതിഫലം നൽകുകയും ചെയ്യും.

11) (അതിന്റെ കാരണമെന്തെന്നാൽ അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാണ്) അതിനാൽ അവന്റെ കാരുണ്യത്താൽ അവൻ അവരെ ഏറ്റെടുത്തു. ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്ക് കൊണ്ടുവന്നു. അവർക്ക് സഹായവും പ്രതിഫലവും നൽകി. (സത്യനിഷേധികൾക്കാകട്ടെ) അല്ലാഹു അവരുടെ സംരക്ഷ ണത്തെ എടുത്തുകളഞ്ഞു. അവരുടെ മേൽ കാരുണ്യത്തെ അടച്ചുകളയുകയും ചെയ്തു (ഒരു രക്ഷാധികാരിയും ഇല്ല) സമാധാനത്തിന്റെ വഴിയിലേക്ക് അവരെ നയിക്കാനോ അവന്റെ ശിക്ഷയിൽനിന്ന് അവരെ രക്ഷപ്പെടുത്താനോ അവർക്കാരുമില്ല. മറിച്ച്, അവരുടെ രക്ഷാധികാരികൾ അല്ലാഹുവല്ലാതെ ആരാധിക്കപ്പെടുന്ന (താഗൂത്ത്)വരാണ്. അവർ അവരെ വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്ക് നയിക്കുന്നു. അവർ നരകാവകാശികളാണ്. അതിൽ അവർ ശാശ്വതരായിരിക്കും.

12) സത്യവിശ്വാസികളുടെ രക്ഷാധികാരിയാണ് അല്ലാഹു എന്ന് പറഞ്ഞതിനൊപ്പം പരലോകത്ത് അവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ചും പറയുന്നു. താഴ്ഭാഗത്തുകൂടി നദികളൊഴുകുന്ന സ്വർഗം, പുഷ്പിച്ചു നിൽക്കുന്ന ഉദ്യാനങ്ങളെയും ഫലം കായ്ക്കുന്ന പ്രശോഭിതമായ മരങ്ങളെയും കൗതുകമുള്ള എല്ലാ സസ്യവർഗങ്ങളെയും രുചികരമായ എല്ലാ പഴങ്ങളെയും അത് നനക്കുന്നു. സത്യനിഷേധികൾക്ക് രക്ഷാധികാരിയില്ലെന്ന് പറഞ്ഞപ്പോൾ അതിനൊപ്പം പറഞ്ഞത് അവർ അവരിൽത്തന്നെ ഭരമേൽപിക്കുന്നവരും മാനുഷിക ഗുണങ്ങളോ മനുഷ്യത്വമോ ഇല്ലാത്തവരുമാണെന്നാണ്. മാത്രവുമല്ല, അവർ അധഃപതനങ്ങളിലേക്ക് ഇറങ്ങിപ്പോകും. അവർ നാൽക്കാലികളെപ്പോലെ ബുദ്ധിയോ മഹത്ത്വമോ ഇല്ലാത്തവരായിരിക്കുന്നു. അവരുടെ ഉദ്ദേശ്യവും ലക്ഷ്യവും ഭൗതിക സുഖങ്ങളും ആഗ്രഹങ്ങളും ആസ്വദിക്കുക എന്നത് മാത്രമാകുന്നു. അതുകൊണ്ടുതന്നെ അവരുടെ പ്രത്യക്ഷവും പരോക്ഷവുമായ ചലനങ്ങളെല്ലാം നന്മയിലേക്കോ സൗഭാഗ്യത്തിലേക്കോ കടന്നെത്താതെ കേവല ഭൗതികതക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നതായി നിനക്ക് കാണാം. അതുകൊണ്ടുതന്നെ അവരുടെ വാസസ്ഥലം നരകമാണ്. അതായത്, ശിക്ഷ നിന്നുപോവുകയോ പുറത്തുപോകാൻ കഴിയുകയോ ചെയ്യാത്തവിധം സജ്ജമാക്കപ്പെട്ട ഭവനങ്ങളിൽ.

13) നിഷേധികളുടെ ഗ്രാമങ്ങളിൽ എത്രയെത്ര ഗ്രാമങ്ങൾ, നിന്റെ ഗ്രാമത്തെക്കാൾ സമ്പത്തും കെട്ടിടങ്ങളും ഉപകരണങ്ങളുമെല്ലാം ഉണ്ടായിരുന്ന ശക്തരായവർ. (എന്നിട്ടും അവരെ നാം നശിപ്പിച്ചു). നമ്മുടെ ദൂതന്മാരെ കളവാക്കിയപ്പോൾ, ഉപദേശങ്ങൾ അവർക്ക് പ്രയോജനപ്പെട്ടില്ല. അവരൊരു സഹായിയെയും കണ്ടെത്തിയതുമില്ല. അല്ലാഹുവിന്റെ ശിക്ഷയെ തടുക്കാൻ അവരുടെ ശക്തിക്കായതുമില്ല. അങ്ങനെയെങ്കിൽ നിന്നെ ഗ്രാമത്തിൽനിന്ന് പുറത്താക്കിയ ദുർബലരായ ഒരു നാട്ടുകാരുടെ അവസ്ഥ എന്തായിരിക്കും? അവർ നിന്നെ കളിയാക്കി, നിന്നോട് ശത്രുത കാണിച്ചു, നീയോ ആദ്യകാലക്കാരിലും പിൽകാലക്കാരിലും പ്രവാചകന്മാരിലും ശ്രേഷ്ഠനുമല്ലേ? അവരോ നശിപ്പിക്കപ്പെടാത്ത, ശിക്ഷിക്കപ്പെടാത്ത ഇവരെക്കാളും അർഹരല്ലേ? കാരുണ്യത്തിന്റെയും അവധാനതയുടെയും ഒരു ദൂതനെ അല്ലാഹു നിയോഗിച്ചില്ലായിരുന്നുവെങ്കിൽ എല്ലാ നിഷേധിയും അവിശ്വാസിയും ശിക്ഷിക്കപ്പെടുമായിരുന്നില്ലേ?

14) തന്റെ മതത്തിൽ അറിവും ഉൾക്കാഴ്ചയുമുള്ള, അറിഞ്ഞ സത്യത്തെ പിൻപറ്റുകയും പ്രവർത്തിക്കുകയും ചെയ്ത്, സത്യത്തിന്റെ ആളുകൾക്ക് അല്ലാഹു വാഗ്ദത്തം ചെയ്തതിനെ പ്രതീക്ഷിച്ച് ജീവിക്കുന്നവൻ ഹൃദയത്തിന് അന്ധത ബാധിച്ചവനെപ്പോലെയല്ല. അവൻ സത്യത്തെ നിരാകരിച്ചു, അതിനെ പാഴാക്കിക്കളഞ്ഞു. അല്ലാഹുവിൽനിന്നുള്ള യാതൊരു മാർഗദർശനവുമില്ലാതെ തന്റെ ദേഹേച്ഛയെ പിൻപറ്റി. അതോടൊപ്പം താൻ സത്യത്തിലാണെന്ന് ധരിക്കുകയും ചെയ്തു. ഈ രണ്ട് വിഭാഗവും തമ്മിൽ എന്തൊരന്തരം! ഈ രണ്ട് വിഭാഗങ്ങളും തമ്മിൽ എത്രവലിയ വ്യത്യാസം! സത്യത്തിന്റെയും അസത്യത്തിന്റെയും ആളുകൾക്കിടയിൽ എത്ര വ്യത്യാസം!

15) (സൂക്ഷ്മതയുള്ളവർക്ക് വാഗ്ദാനം ചെ യ്യപ്പെട്ടിട്ടുള്ള സ്വർഗത്തിന്റെ അവസ്ഥ എങ്ങനെയെന്നാൽ) തന്റെ കോപത്തെ സൂക്ഷിച്ച അടിമക്ക് അവൻ തയ്യാറാക്കിയത്, അവന്റെ തൃപ്തിയെ പിൻപറ്റിയവർക്ക്, അതിന്റെ സുന്ദരമായ സവിശേഷതകൾ. (അതിൽ പകർച്ച വരാത്ത വെള്ളത്തിന്റെ നദികളുണ്ട്) അതായത് മാറ്റംവരാത്ത, കേടുവരാത്ത, ദുർഗന്ധമില്ലാത്ത, കൈപ്പില്ലാത്ത, കലക്കമില്ലാത്ത; വെള്ളത്തിൽ ഏറെ രുചികരവും തെളിമയും സുഗന്ധവും കുടിക്കാൻ ആസ്വാദ്യകരവുമായത്. (രുചിഭേദം വരാത്ത പാലിന്റെ നദികളും) നാവിന് പുളിപ്പോ മറ്റോ ഇല്ലാത്ത. (കുടിക്കുന്നവർക്ക് ആസ്വാദകരമായ മദ്യത്തിന്റെ നദികളും) അതായത് കുടിക്കുന്നവൻ വലിയ ആസ്വാദനങ്ങളനുഭവിക്കുന്നു. അരോചകരമായ രുചിയുള്ളതും തലവേദയുണ്ടാക്കുന്നതും ബുദ്ധി തകരാറിലാകുന്നതുമായ ഇഹലോക മദ്യമല്ല. (ശുദ്ധീകരിക്കപ്പെട്ട തേനിന്റെ നദികളുമുണ്ട്) അതിന്റെ മെഴുകിൽനിന്നും (അവർക്കതിൽ എല്ലാതരം കായ്കനികളുമുണ്ട്) ഈന്തപ്പന, മുന്തിരി, ആപ്പിൾ, ഉറുമാൻ, ഓറഞ്ച്, അത്തി എന്നിവയെല്ലാം. അതൊന്നും ഇവിടെയുള്ളതുപോലെയല്ല. ഇഷ്ടപ്പെട്ടതും താൽപര്യമുള്ളതുമായതെല്ലാം അവർക്ക് ലഭിക്കും. തുടർന്ന് പറയുന്നു: (തങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള പാപമോചനവും ഉണ്ട്) അത് ലഭിച്ചാൽ പിന്നീട് ഭയപ്പെടാനൊന്നുമില്ല. ഇതാണോ ഏറ്റവും നല്ലത് അതോ (നരകത്തിൽ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ?). കഠിന ചൂടുള്ളതും ശിക്ഷ ഇരട്ടിച്ചുകൊണ്ടിരിക്കുന്നതും (കുടിക്കാൻ നൽകപ്പെടുക). അതിൽ (കൊടും ചൂടുള്ളവെള്ളം) കഠിന ചൂടുള്ളത്. (അങ്ങനെ അത് അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും) രണ്ട് ഭവനങ്ങൾക്കും രണ്ട് പ്രതിഫലങ്ങൾക്കും രണ്ട് പ്രവൃത്തി ചെയ്യുന്നവർക്കും രണ്ട് പ്രവർത്തനങ്ങൾക്കും ഇടയിൽ ഇത്രമാത്രം അന്തരമുണ്ടാക്കിയവൻ എത്ര പരിശുദ്ധൻ!