സൂറഃ അഹ്ക്വാഫ്, ഭാഗം 5

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ആഗസ്റ്റ് 06, 1442 മുഹർറം 07

അധ്യായം: 46, ഭാഗം 5 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَإِذْ صَرَفْنَآ إِلَيْكَ نَفَرًا مِّنَ ٱلْجِنِّ يَسْتَمِعُونَ ٱلْقُرْءَانَ فَلَمَّا حَضَرُوهُ قَالُوٓا۟ أَنصِتُوا۟ ۖ فَلَمَّا قُضِىَ وَلَّوْا۟ إِلَىٰ قَوْمِهِم مُّنذِرِينَ (٢٩) قَالُوا۟ يَـٰقَوْمَنَآ إِنَّا سَمِعْنَا كِتَـٰبًا أُنزِلَ مِنۢ بَعْدِ مُوسَىٰ مُصَدِّقًا لِّمَا بَيْنَ يَدَيْهِ يَهْدِىٓ إِلَى ٱلْحَقِّ وَإِلَىٰ طَرِيقٍ مُّسْتَقِيمٍ (٣٠) يَـٰقَوْمَنَآ أَجِيبُوا۟ دَاعِىَ ٱللَّهِ وَءَامِنُوا۟ بِهِۦ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍ (٣١) وَمَن لَّا يُجِبْ دَاعِىَ ٱللَّهِ فَلَيْسَ بِمُعْجِزٍ فِى ٱلْأَرْضِ وَلَيْسَ لَهُۥ مِن دُونِهِۦٓ أَوْلِيَآءُ ۚ أُو۟لَـٰٓئِكَ فِى ضَلَـٰلٍ مُّبِينٍ (٣٢) أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَلَمْ يَعْىَ بِخَلْقِهِنَّ بِقَـٰدِرٍ عَلَىٰٓ أَن يُحْـِۧىَ ٱلْمَوْتَىٰ ۚ بَلَىٰٓ إِنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ (٣٣) وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُوا۟ عَلَى ٱلنَّارِ أَلَيْسَ هَـٰذَا بِٱلْحَقِّ ۖ قَالُوا۟ بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ (٣٤) فَٱصْبِرْ كَمَا صَبَرَ أُو۟لُوا۟ ٱلْعَزْمِ مِنَ ٱلرُّسُلِ وَلَا تَسْتَعْجِل لَّهُمْ ۚ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوٓا۟ إِلَّا سَاعَةً مِّن نَّهَارٍۭ ۚ بَلَـٰغٌ ۚ فَهَلْ يُهْلَكُ إِلَّا ٱلْقَوْمُ ٱلْفَـٰسِقُونَ (٣٥)

29. ജിന്നുകളിൽ ഒരു സംഘത്തെ നാം നിന്റെ അടുത്തേക്ക് ക്വുർആൻ ശ്രദ്ധിച്ചുകേൾക്കുവാനായി തിരിച്ചുവിട്ട സന്ദർഭം (ശ്രദ്ധേയമാണ്). അങ്ങനെ അവർ അതിന് സന്നിഹിതരായപ്പോൾ അവർ അന്യോന്യം പറഞ്ഞു: നിങ്ങൾ നിശ്ശബ്ദരായിരിക്കൂ. അങ്ങനെ അത് കഴിഞ്ഞപ്പോൾ അവർ തങ്ങളുടെ സമുദായത്തിലേക്ക് താക്കീതുകാരായിക്കൊണ്ട് തിരിച്ചുപോയി.

30. അവർ പറഞ്ഞു: ഞങ്ങളുടെ സമുദായമേ, തീർച്ചയായും മൂസായ്ക്ക് ശേഷം അവതരിപ്പിക്കപ്പെട്ടതും അതിന് മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങൾ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത് വഴികാട്ടുന്നു.

31. ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആൾക്ക് നിങ്ങൾ ഉത്തരം നൽകുകയും അദ്ദേഹത്തിൽ നിങ്ങൾ വിശ്വസിക്കുകയും ചെയ്യുക. അവൻ നിങ്ങൾക്ക് നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും വേദനയേറിയ ശിക്ഷയിൽനിന്ന് അവൻ നിങ്ങൾക്ക് അഭയം നൽകുകയും ചെയ്യുന്നതാണ്.

32. അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആൾക്ക് വല്ലവനും ഉത്തരം നൽകാതിരിക്കുന്നപക്ഷം ഈ ഭൂമിയിൽ (അല്ലാഹുവെ) അവന്ന് തോൽപിക്കാനാവില്ല. അല്ലാഹുവിന് പുറമെ അവനു രക്ഷാധികാരികൾ ഉണ്ടായിരിക്കുകയുമില്ല. അത്തരക്കാർ വ്യക്തമായ വഴികേടിലാകുന്നു.

33. ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും അവയെ സൃഷ്ടിച്ചതുകൊണ്ട് ക്ഷീണിക്കാതിരിക്കുകയും ചെയ്ത അല്ലാഹു മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളവൻ തന്നെയാണെന്ന് അവർക്ക് കണ്ടുകൂടെ? അതെ; തീർച്ചയായും അവൻ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.

34. സത്യനിഷേധികൾ നരകത്തിനു മുമ്പിൽ പ്രദർശിപ്പിക്കപ്പെടുന്ന ദിവസം. (അവരോട് ചോദിക്കപ്പെടും;) ഇതു സത്യം തന്നെയല്ലേ എന്ന്. അവർ പറയും: അതെ; ഞങ്ങളുടെ രക്ഷിതാവിനെ തന്നെയാണ! അവൻ പറയും: എന്നാൽ നിങ്ങൾ അവിശ്വസിച്ചിരുന്നതിന്റെ ഫലമായി ശിക്ഷ ആസ്വദിച്ചുകൊള്ളുക.

35. ആകയാൽ ദൃഢമനസ്‌കരായ ദൈവദൂതൻമാർ ക്ഷമിച്ചതുപോലെ നീ ക്ഷമിക്കുക. അവരുടെ (സത്യനിഷേധികളുടെ) കാര്യത്തിന് നീ ധൃതികാണിക്കരുത്. അവർക്ക് താക്കീത് നൽകപ്പെടുന്നത് (ശിക്ഷ) അവർ നേരിൽ കാണുന്ന ദിവസം പകലിൽനിന്നുള്ള ഒരു നാഴികനേരം മാത്രമെ തങ്ങൾ (ഇഹലോകത്ത്) താമസിച്ചിട്ടുള്ളു എന്ന പോലെ അവർക്കു തോന്നും. ഇതൊരു ഉൽബോധനം ആകുന്നു. എന്നാൽ ധിക്കാരികളായ ജനങ്ങളല്ലാതെ നശിപ്പിക്കപ്പെടുമോ?

29). അല്ലാഹു തന്റെ ദൂതൻ മുഹമ്മദ് നബി ﷺയെ തന്റെ സൃഷ്ടികളായ മനുഷ്യരിലേക്കും ജിന്നുകളിലേക്കും നിയോഗിച്ചു. പ്രവാചകത്വത്തിലേക്കും ദൈവിക സന്ദേശത്തിലേക്കും മുഴുവൻ ആളുകളെയും പ്രബോധനം ചെയ്യൽ അദ്ദേഹത്തിന്റെമേൽ നിർബന്ധമാണ്. മനുഷ്യരെ താക്കീത് ചെയ്യാനും പ്രബോധനം ചെയ്യാനും പ്രവാചകനുതന്നെ സാധിക്കും. എന്നാൽ ജിന്നുകളെ പ്രവാചകന്റെ അടുത്തേക്ക് ക്വുർആൻ ശ്രദ്ധിച്ചു കേൾക്കുവാനായി തിരിച്ചുവിട്ട സന്ദർഭം. അങ്ങനെ അവർ അതിന് സന്നിഹിതരായപ്പൾ അവർ അന്യോന്യം പറഞ്ഞു: (നിശ്ശബ്ദരായിരിക്കൂ). അതായത് നിശ്ശബ്ദരാവാൻ അവർ അന്യോന്യം ഉപദേശിച്ചു. (അങ്ങനെ അത് കഴിഞ്ഞപ്പോൾ) അവരദ്ദേഹത്തെ ശ്രദ്ധിക്കുകയം അവരിലത് സ്വാധീനിക്കുകയും ചെയ്തു. (അവർ തങ്ങളുടെ സമുദായത്തിലേക്ക് താക്കീതുകാരായി തിരിച്ചുപോയി). അവർക്ക് അവരോടുള്ള ഗുണകാംക്ഷയാൽ. അവർക്കെതിരെ അല്ലാഹുവിന്റെ തെളിവ് നിലനിർത്താനും ജിന്നുകൾക്കിടയിൽ തന്റെ പ്രബോധനം വ്യാപിപ്പിക്കാനും തന്റെ പ്രവാചകനെ അല്ലാഹു സഹായിക്കുകയും ചെയ്തു.

൩൦). (അവർ പറഞ്ഞു: ഞങ്ങളുടെ സമുദായമേ, തീർച്ചയായും മൂസായ്ക്കുശേഷം അവതരിപ്പിക്കപ്പെട്ട ഒരു വേദഗ്രന്ഥം ഞങ്ങൾ കേട്ടിരിക്കുന്നു) കാരണം, മൂസായുടെ ഗ്രന്ഥം ഇൻജീലിന്റെ അടിസ്ഥാനവും ഇസ്‌റാഈൽ സന്തതികൾക്ക് മതവിധികൾക്കുള്ള അവലംബവുമാണ്. ഇൻജീൽ ചില മതവിധികളെ പൂർത്തീകരിക്കുകയും മാറ്റങ്ങൾ വരുത്തുകയും മാത്രമാണ് ചെയ്തത്. (അതിന് മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതും വഴികാട്ടുന്നതും) ഞങ്ങൾ കേട്ടതായ ഈ ഗ്രന്ഥം. (സത്യത്തിലേക്ക്) എല്ലാ വാർത്തകളിലും അന്വേഷണങ്ങളിലും ശരിയായത് ആണത്. (നേരായ പാതയിലേക്കും) അല്ലാഹുവിലേക്കും അവന്റെ സ്വർഗത്തിലേക്കും എത്തിക്കുവാനാവശ്യമായ, അല്ലാഹുവിനെക്കുറിച്ചും അവന്റെ മതവിധികളെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചുമെല്ലാമുള്ള അറിവുകളിലൂടെ.

31). വിശുദ്ധ ഖുർആനിനെ പ്രശംസിക്കുകയും അതിന്റെ സ്ഥാനവും പദവിയും അവർ വ്യക്തമാക്കുകയും ചെയ്തതിനു ശേഷം അല്ലാഹുവിൽ വിശ്വസിക്കാൻ അവർ അവരെ ക്ഷണിച്ചു. അവർ പറഞ്ഞു (ഞങ്ങളുടെ സമൂഹമേ അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആൾക്ക് നിങ്ങൾ ഉത്തരം നൽകുക). അതായത് അദ്ദേഹം തന്റെ രക്ഷിതാവിങ്കലേക്ക് മാത്രമാണ് ക്ഷണിക്കുന്നത്. തന്റെ താൽപര്യങ്ങളിലേക്കോ മറ്റേതെങ്കിലും ലക്ഷ്യങ്ങളിലേക്കോ നിങ്ങളെ അദ്ദേഹം വിളിക്കുന്നില്ല. നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് മാത്രമാണ് നിങ്ങളെ ക്ഷണിക്കുന്നത്. നിങ്ങൾ പ്രതിഫലാർഹരാവാൻ വേണ്ടി. എല്ലാ അനിഷ്ടങ്ങളും വിപത്തുക്കളും നിങ്ങളിൽനിന്ന് നീക്കിക്കളയാനും. അതാണ് അവർ പറഞ്ഞത്: (അദ്ദേഹത്തിൽ നിങ്ങൾ വിശ്വസിക്കുകയും ചെയ്യുക. അവൻ നിങ്ങൾക്ക് നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും വേദനയേറിയ ശിക്ഷയിൽനിന്ന് അവൻ നിങ്ങൾക്ക് അഭയം നൽകുകയും ചെയ്യുന്നതാണ്). അവൻ വേദയേറിയ ശിക്ഷയിൽനിന്നും നിങ്ങൾക്ക് അഭയം നൽകിയാൽ പിന്നീടവിടെയുള്ളത് സുഖാനുഗ്രഹങ്ങൾ മാത്രമാണ്. അല്ലാഹുവിലേക്ക് വിളിക്കുന്നവന് ഉത്തരം നൽകിയാൽ ഇതാണ് പ്രതിഫലം.

32). (അല്ലാഹുവിലേക്ക് വിളിക്കുന്ന ആൾക്ക് വല്ലവനും ഉത്തരം നൽകാതിരിക്കുന്നപക്ഷം ഈ ഭൂമിയിൽ-അല്ലാഹുവെ-അവന് തോൽപിക്കാനാവില്ല). കാരണം അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാകുന്നു. അവനിൽനിന്ന് ഓടിപ്പോകാനോ അവനെ പരാജയപ്പെടുത്താനോ ആവില്ല. (അല്ലാഹുവിനു പുറമെ അവന് രക്ഷാധികാരികൾ ഉണ്ടായിരിക്കുകയുമില്ല. അത്തരക്കാർ വ്യക്തമായ വഴികേടിലാകുന്നു). പ്രവാചകന്മാർ ക്ഷണിക്കുകയും താക്കീതുകൾ വ്യക്തമായ തെളിവുകളിലൂടെയും വിശ്വസ്തമായ പ്രമാണങ്ങളിലൂടെയും വന്നുകിട്ടുകയും ചെയ്തതിനുശേഷം തിരിഞ്ഞുകളയുകയും അഹങ്കരിക്കുകയും ചെയ്യുന്നതിനെക്കാ ൾ വലിയ വഴികേടെന്താണുള്ളത്?

33). മരണശേഷം തിരിച്ചുകൊണ്ടുവരുമെന്നതിന് ശക്തമായ ഒരു തെളിവാണ് അല്ലാഹു ഇവിടെ കൊണ്ടുവരുന്നത്. വലുപ്പവും വിശാലതയുമുള്ള ആകാശഭൂമികളെ യാതൊരു ക്ഷീണവും കൂടാതെ അന്യൂനമായി സൃഷ്ടിച്ചു എന്നുള്ളതാണത്. (അവയെ സൃഷ്ടിച്ചതുകൊണ്ട് അവൻ ക്ഷീണിച്ചിട്ടില്ല) പിന്നെയെങ്ങനെയാണ് മരണശേഷം നിങ്ങളെ തിരിച്ചുകൊണ്ടുവരുന്നതിൽ അവൻ അശക്തനാവുക? അവൻ (ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു).

(34). സത്യനിഷേധികൾ കളവാക്കിയ നരകത്തിന് മുമ്പിൽ അവർ പ്രദർശിപ്പിക്കപ്പെടുമ്പോഴുള്ള മോശമായ അവസ്ഥയാണ് ഇവിടെ അല്ലാഹു പറയുന്നത്. അവർ അപമാനിക്കപ്പെടുകയും അവരോട് പറയപ്പെടുകയും ചെയ്യും: (ഇത് സത്യംതന്നെയല്ലേ എന്ന്). നിങ്ങളുടെ സ്വന്തം കണ്ണുകൊണ്ട് നിങ്ങൾക്ക് അത് കാ ണാൻ കഴിയും. (അതെ, ഞങ്ങളുടെ രക്ഷിതാവിനെതന്നെയാണ!) അവരുടെ കുറ്റങ്ങൾ അവർ അംഗീകരിക്കുകയും അവരുടെ നിഷേധം അവർക്ക് വ്യക്തമാവുകയും ചെയ്യും. (അവൻ പറയും: എന്നാൽ നിങ്ങൾ അവിശ്വസിച്ചിരുന്നതിന്റെ ഫലമായി ശിക്ഷ ആസ്വദിച്ചുകൊള്ളുക). അതായത് വിട്ടുമാറാത്ത ശാശ്വതമായ ശിക്ഷ. നിങ്ങളുടെ നിഷേധംപോലെത്തന്നെ അത് വിട്ടുപോകുന്നില്ല.

35). തന്നോട് ശത്രുത കാണിക്കുന്ന നിഷേധികളുടെ പീഡനങ്ങളിൽ ക്ഷമിക്കാൻ നിർദേശിക്കുകയാണ് ഇവിടെ അല്ലാഹു. പ്രവാചകന്മാർ അവരെ അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ടേയിരിക്കുകയും വേണം. ഉന്നതമായ മനഃശക്തിയുടെയും മനോദൃഢതയുടെയും ഉടമസ്ഥരായ, സൃഷ്ടികളുടെ നേതാക്കളായ പ്രവാചകന്മാർ, ദൃഢമനസ്‌കർ ക്ഷമയിൽ അവരെ പിന്തുടരുന്നു. അവരുടെ ക്ഷമ മഹത്ത്വമേറിയതും അവരുടെ വിശ്വാസം ദൃഢതയേറിയതുമാണ്. സൃഷ്ടികളിൽ ഏറ്റവും നല്ല മാതൃകക്ക് അർഹരായവർക്ക് പിന്തുടരപ്പെടാനും തങ്ങൾ നൽകുന്ന പ്രകാശത്താൽ വഴികണ്ടെത്താനും കഴിയും. അതിനാൽ നിന്റെ രക്ഷിതാവിന്റെ നിർദേശം നീ പാലിക്കുക. മുമ്പൊരു പ്രവാചകനും ക്ഷമിച്ചിട്ടില്ലാത്തവിധം നീ ക്ഷമിക്കുക. ഒരേ വില്ലിൽനിന്ന് ശത്രുക്കൾ അദ്ദേഹത്തെ എയ്യുന്നു. അല്ലാഹുവിലേക്കുള്ള ക്ഷണത്തെ തടയാൻ അവർ ഒന്നിച്ചു ശ്രമിക്കുന്നു. അവർക്ക് കഴിയുന്നപോലെ ശത്രുതക്കും എറ്റുമുട്ടലിനും അവർ ശ്രമിക്കുന്നു. പ്രവാചകൻ അല്ലാഹുവിന്റെ കൽപന പരസ്യമാക്കുന്നു. അല്ലാഹുവിന്റെ ശത്രുക്കളോട് സമരം ചെയ്തുകൊണ്ടേയിരിക്കുന്നു. അതിനേൽക്കേണ്ടിവരുന്ന പീഡനങ്ങളിൽ ക്ഷമിക്കുന്നു. അല്ലാഹു ഭൂമിയിൽ സ്വാധീനം നൽകുന്നതുവരെ, അദ്ദേഹത്തിന്റെ മതം മറ്റു മതങ്ങളെ അതിജയിക്കുകയും സമുദായം മറ്റു സമുദായങ്ങളെ വിജയിക്കുകയും ചെയ്യുന്നതുവരെയും അല്ലാഹു അദ്ദേഹത്തിന് അനുഗ്രഹവും സമാധാനവും പ്രദാനം ചെയ്യട്ടെ.

അല്ലാഹു പറയുന്നു: (അവരുടെ കാര്യത്തിന് നീ ധൃതികാണിക്കരുത്) ശിക്ഷയ്ക്ക് ധൃതി കാണിക്കുന്ന ഈ നിഷേധികളുടെ കാര്യത്തിൽ. ഇതെല്ലാം അവരുടെ അറിവില്ലായ്മയും ബുദ്ധിയില്ലായ്മയുംകൊണ്ടാണ്. അവരുടെ അറിവില്ലായ്മയിൽ നീ അവരോട് നടപടി എടുക്കരുത്. ശിക്ഷയ്ക്ക് ധൃതി കാണിക്കുന്നത് കാണുമ്പോൾ അല്ലാഹുവോട് അവർക്കെതിരെ പ്രാർഥിക്കാൻ നിന്നെ പ്രേരിപ്പിക്കുകയും ചെയ്യരുത്. വരുന്നതെല്ലാം അടുത്തെത്തിയിരിക്കുന്നു. (അവർ ആയത് പോലെയുണ്ട്) അവർക്ക് താക്കീത് നൽകപ്പെടുന്നത്-ശിക്ഷ-അവർ നേരിൽ കാണുന്ന ദിവസം അവർ താമസിച്ചിട്ടില്ല എന്ന്) ഇഹലോകത്ത്. (പകലിൽ നിന്ന് ഒരു നാഴിക നേരമല്ലാതെ). അൽപമായ അവരുടെ ആസ്വാദനങ്ങൾ നിന്നെ ദുഃഖിപ്പിക്കേണ്ടതില്ല. അവർ വിനാശകരമായ ശിക്ഷയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. (ഇതൊരു ഉദ്‌ബോധനമാകുന്നു) ഇഹലോകവും അതിലെ വിഭവങ്ങളും ആസ്വാദനങ്ങളുമെല്ലാം നിസ്സാര കാര്യങ്ങൾ മാത്രം. അൽപസമയത്തേക്കുള്ളത്. നിങ്ങൾക്ക് സമ്പൂർണമായ വിശദീകരണങ്ങൾ നൽകുന്ന ഈ ക്വുർആൻ നിങ്ങൾക്ക് ഉദ്‌ബോധനവും പരലോകത്തേക്കുള്ള യാത്രാഭക്ഷണവുമാണ്. അതെത്ര നല്ല നേട്ടവും ഭക്ഷണവുമാണ്! സുഖലോകത്തേക്ക് എത്തിക്കുന്ന യാത്രാഭക്ഷണം. വേദനയേറിയ ശിക്ഷയിൽനിന്ന് രക്ഷിക്കുന്നത്. സൃഷ്ടികൾ സ്വരൂപിക്കുന്ന ഏറ്റവും നല്ല യാത്രാഭക്ഷണവും അല്ലാഹു ചെയ്ത ഏറ്റവും മഹത്തായ അനുഗ്രഹവും. (എന്നാൽ നശിപ്പിക്കപ്പെടുമോ?) ശിക്ഷകൾകൊണ്ട്. (ധിക്കാരികളായ ജനങ്ങളല്ലാതെ) ഒരു നന്മയുമില്ലാത്തവർ, തങ്ങളുടെ രക്ഷിതാവിനെ അനുസരിക്കാത്തവർ. പ്രവാചകന്മാർ കൊണ്ടുവന്ന സത്യം സ്വീകരിക്കാത്തവർക്ക് അല്ലാഹു അവസരം നൽകുകയും താക്കീത് നൽകുകയും ചെയ്യുന്നു. എന്നാൽ അവർ അവരുടെ നിഷേധത്തിലും അവിശ്വാസത്തിലും തുടർന്നു. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.

അഹ്ക്വാഫ് സൂറത്തിന്റെ വ്യാഖ്യാനം പൂർത്തിയായി. സർവലോകരക്ഷിതാവിനാണ് സർവ സ്തുതിയും.