സൂറഃ ക്വാഫ്, ഭാഗം 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ഫെബ്രുവരി 12, 1442 റജബ്  10

അധ്യായം: 50, ഭാഗം 3 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ (٣١) هَـٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٍ (٣٢) مَّنْ خَشِىَ ٱلرَّحْمَـٰنَ بِٱلْغَيْبِ وَجَآءَ بِقَلْبٍ مُّنِيبٍ (٣٣) ٱدْخُلُوهَا بِسَلَـٰمٍ ۖ ذَٰلِكَ يَوْمُ ٱلْخُلُودِ (٣٤) لَهُم مَّا يَشَآءُونَ فِيهَا وَلَدَيْنَا مَزِيدٌ (٣٥) وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هُمْ أَشَدُّ مِنْهُم بَطْشًا فَنَقَّبُوا۟ فِى ٱلْبِلَـٰدِ هَلْ مِن مَّحِيصٍ (٣٦) إِنَّ فِى ذَٰلِكَ لَذِكْرَىٰ لِمَن كَانَ لَهُۥ قَلْبٌ أَوْ أَلْقَى ٱلسَّمْعَ وَهُوَ شَهِيدٌ (٣٧) وَلَقَدْ خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍ وَمَا مَسَّنَا مِن لُّغُوبٍ (٣٨‬) فَٱصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ ٱلشَّمْسِ وَقَبْلَ ٱلْغُرُوبِ (٣٩) وَمِنَ ٱلَّيْلِ فَسَبِّحْهُ وَأَدْبَـٰرَ ٱلسُّجُودِ (٤٠) وَٱسْتَمِعْ يَوْمَ يُنَادِ ٱلْمُنَادِ مِن مَّكَانٍ قَرِيبٍ (٤١) يَوْمَ يَسْمَعُونَ ٱلصَّيْحَةَ بِٱلْحَقِّ ۚ ذَٰلِكَ يَوْمُ ٱلْخُرُوجِ (٤٢) إِنَّا نَحْنُ نُحْىِۦ وَنُمِيتُ وَإِلَيْنَا ٱلْمَصِيرُ (٤٣) يَوْمَ تَشَقَّقُ ٱلْأَرْضُ عَنْهُمْ سِرَاعًا ۚ ذَٰلِكَ حَشْرٌ عَلَيْنَا يَسِيرٌ (٤٤) نَّحْنُ أَعْلَمُ بِمَا يَقُولُونَ ۖ وَمَآ أَنتَ عَلَيْهِم بِجَبَّارٍ ۖ فَذَكِّرْ بِٱلْقُرْءَانِ مَن يَخَافُ وَعِيدِ (٤٥)

(31). സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അകലെയല്ലാത്ത വിധത്തില്‍ സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുന്നതാണ്. (32). (അവരോട് പറയപ്പെടും:) അല്ലാഹുവിങ്കലേക്ക് ഏറ്റവും അധികം മടങ്ങുന്നവനും (ജീവിതം) കാത്തുസൂക്ഷിക്കുന്നവനും ആയ ഏതൊരാള്‍ക്കും നല്‍കാമെന്ന് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതാകുന്നു ഇത്. (33). അതായത് അദൃശ്യമായ നിലയില്‍ പരമകാരുണികനെ ഭയപ്പെടുകയും താഴ്മയുള്ള ഹൃദയത്തോട് കൂടി വരുകയും ചെയ്തവന്ന്. (34). (അവരോട് പറയപ്പെടും:) സമാധാനപൂര്‍വം നിങ്ങളതില്‍ പ്രവേശിച്ചുകൊള്ളുക. ശാശ്വതവാസത്തിനുള്ള ദിവസമാകുന്നു അത്. (35). അവര്‍ക്കവിടെ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്. (36). ഇവര്‍ക്കു മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്! അവര്‍ ഇവരെക്കാള്‍ കടുത്ത കൈയ്യൂക്കുള്ളവരായിരുന്നു. എന്നിട്ടവര്‍ നാടുകളിലാകെ ചികഞ്ഞു നോക്കി; രക്ഷ പ്രാപിക്കാന്‍ വല്ല ഇടവുമുണ്ടോ എന്ന്. (37). ഹൃദയമുള്ളവനായിരിക്കുകയോ, മനസ്സാന്നിധ്യത്തോടെ ചെവികൊടുത്ത് കേള്‍ക്കുകയോ ചെയ്തവന് തീര്‍ച്ചയായും അതില്‍ ഒരു ഉല്‍ബോധനമുണ്ട്. (38). ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം ആറു ദിവസങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നു. യാതൊരു ക്ഷീണവും നമ്മെ ബാധിച്ചിട്ടുമില്ല. (39). അതിനാല്‍ അവര്‍ പറയുന്നതിന്റെ പേരില്‍ നീ ക്ഷമിച്ചുകൊള്ളുക. സൂര്യോദയത്തിനു മുമ്പും അസ്തമയത്തിനുമുമ്പും നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം (അവനെ) പ്രകീര്‍ത്തിക്കുകയും ചെയ്യുക. (40). രാത്രിയില്‍നിന്ന് കുറച്ചു സമയവും അവനെ പ്രകീര്‍ത്തിക്കുക; സാഷ്ടാംഗ നമസ്‌കാരത്തിനു ശേഷമുള്ള സമയങ്ങളിലും. (41). അടുത്ത ഒരു സ്ഥലത്തു നിന്ന് വിളിച്ചുപറയുന്നവന്‍ വിളിച്ചുപറയുന്ന ദിവസത്തെപ്പറ്റി ശ്രദ്ധിച്ചു കേള്‍ക്കുക. (42). അതായത് ആ ഘോരശബ്ദം യഥാര്‍ഥമായും അവര്‍ കേള്‍ക്കുന്ന ദിവസം. അതത്രെ (ക്വബ്‌റുകളില്‍നിന്നുള്ള) പുറപ്പാടിന്റെ ദിവസം. (43). തീര്‍ച്ചയായും നാം ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ അടുത്തേക്ക് തന്നെയാണ് തിരിച്ചെത്തലും. (44). അവരെ വിട്ടു ഭൂമി പിളര്‍ന്നുമാറിയിട്ട് അവര്‍ അതിവേഗം വരുന്ന ദിവസം! അത് നമ്മെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള ഒരു ഒരുമിച്ചുകൂട്ടലാകുന്നു. (45). അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനെ പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. നീ അവരുടെമേല്‍ സ്വേച്ഛാധികാരം ചെലുത്തേണ്ടവനല്ല. അതിനാല്‍ എന്റെ താക്കീത് ഭയപ്പെടുന്നവരെ ക്വുര്‍ആന്‍ മുഖേന നീ ഉല്‍ബോധിപ്പിക്കുക

31. (സ്വര്‍ഗം അടുത്ത് കൊണ്ടുവരപ്പെടുന്നതാണ്) അതായത് സമീപത്ത്. (സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അകലെയല്ലാത്ത വിധത്തില്‍) അതിലെ സന്തോഷങ്ങളും നിത്യസുഖങ്ങളും അതിലവര്‍ നോക്കിക്കണ്ടുകൊണ്ട്; അവര്‍ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചതുകൊണ്ടും ശിര്‍ക്ക്‌പോലുള്ള വലുതും ചെറുതുമായ പാപങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ടും അവന്റെ കല്‍പനകള്‍ക്ക് കീഴ്‌പ്പെട്ട് പ്രവര്‍ത്തിച്ച് ജീവിച്ചതുകൊണ്ടും.

32. അവര്‍ക്ക് അഭിനന്ദനമെന്ന നിലയില്‍ പറയപ്പെടും: (അല്ലാഹുവിലേക്ക് ഏറ്റവുമധികം മടങ്ങുന്നവനും കാത്തൂസൂക്ഷിക്കുന്നവനുമായ ഏതൊരാള്‍ക്കും നല്‍കാമെന്ന് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതാകുന്നു ഇത്) അതായത് ഈ സ്വര്‍ഗവും കണ്ണുകള്‍ ആനന്ദിക്കുന്ന, മനസ്സുകള്‍ കൊതിക്കുന്ന അതിലെ സുഖങ്ങളും അങ്ങേയറ്റം ഖേദിച്ചുമടങ്ങുന്നവര്‍ക്ക് അവന്‍ വാഗ്ദാനം ചെയ്തതാണ്. അതായത്, എല്ലാ സമയത്തും അല്ലാഹുവിലേക്ക് അത്യധികമായി മടങ്ങുന്നവന്‍. അവനെ സ്മരിച്ചും സ്‌നേഹിച്ചും അവനോട് വിനയത്തോടും പ്രതീക്ഷയോടും കൂടി പ്രാര്‍ഥിച്ചും സഹായം തേടുകയും ചെയ്തുകൊണ്ടിരിക്കുന്നവന്‍. (കാത്ത് സൂക്ഷിക്കുന്നവന്) അല്ലാഹു കല്‍പിച്ച കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നവന്‍. അത് ആത്മാര്‍ഥമായും എല്ലാ നിലയ്ക്കും പരിപൂര്‍ണമായും നിര്‍വഹിക്കുന്നവന്‍, അവന്റെ നിയമാതിര്‍ത്തികള്‍ പാലിക്കുന്നവനും.

33. (അതായത് അദൃശ്യമായ നിലയില്‍ പരമകാരുണികനെ ഭയപ്പെടുകയും) തന്റെ രക്ഷിതാവിനെ അറിഞ്ഞ് ഭയപ്പെടുകയും അവന്റെ കാരുണ്യത്തെ പ്രതീക്ഷിക്കുകയും ചെയ്യുക. അദൃശ്യാവസ്ഥയില്‍ അല്ലാഹുവിനെ ഭയപ്പെടല്‍ അനിവാര്യമാണ്. അതായത്, ജനങ്ങള്‍ കാണാത്ത സമയത്തും. ഇതാണ് ശരിയായ ഭയം. ജനങ്ങളുടെ കാഴ്ചയിലും അവരുടെ സാന്നിധ്യത്തിലുമുള്ള ഭയം ലോകമാന്യതക്കും സല്‍കീര്‍ത്തിക്കും വേണ്ടിയായിരിക്കും. അത് യഥാര്‍ഥ ഭക്തിയല്ല. ദൃശ്യമായും അദൃശ്യമായും അവനെ ഭയപ്പെടുന്നത് മാത്രമാണ് ഉപകാരപ്പെടുന്ന ഭയം. (താഴ്മയുള്ള ഹൃദയത്തോടുകൂടി വരുകയും ചെയ്തവന്) തന്റെ യജമാനനിലേക്ക് ഖേദിച്ചുമടങ്ങുന്നു എന്നതാണ് അവന്റെ പ്രത്യേകത. അവന്റെ തൃപ്തിക്കുതകുന്നതിലേക്ക് താല്‍പര്യപ്പെടുകയും ചെയ്യുക.

34. ഈ പുണ്യവാന്മാരായ സൂക്ഷ്മാലുക്കളോട് പറയപ്പെടും: (സമാധാനപൂര്‍വം നിങ്ങളതില്‍ പ്രവേശിച്ചുകൊള്ളുക) എല്ലാ ദോഷങ്ങളില്‍നിന്നും അപകടങ്ങളില്‍നിന്നും സുരക്ഷിതമായ പ്രവേശനം; അനിഷ്ടകരമായ എല്ലാ കാര്യത്തില്‍നിന്നും നിര്‍ഭയരായും. അവരുടെ സുഖജീവിതത്തിന് വിരാമമോ കേടുപാടുകളോ ഇല്ല. (ശാശ്വതവാസനത്തിനുള്ള ദിവസമാകുന്നു അത്). അത് നീങ്ങിപ്പോകാത്തതും മരണമോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ ഉണ്ടാവാത്തതുമാണ്.

35. (അവര്‍ക്കവിടെ അവര്‍ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും) എല്ലാം അവരുടെ ഉദ്ദേശ്യവുമായി ബന്ധപ്പെട്ടാണുള്ളത്. അതവിടെ ലഭിക്കും. (നമ്മുടെ പക്കലുണ്ട്) അതിനും അപ്പുറം. (കൂടുതലായി) അതായത് പരമകാരുണികനും കരുണാനിധിയുമായവന്‍ അവര്‍ക്ക് നല്‍കുന്നതായ പ്രതിഫലം; ഒരു കണ്ണും കാണാത്ത, ഒരു ചെവിയും കേള്‍ക്കാത്ത, ഒരാളുടെ ഹൃദയത്തിലും ചിന്തിക്കാത്ത. അതിനെക്കാള്‍ മഹത്ത്വവും പ്രധാന്യവുമുള്ളത് അത്യുദാരനായവന്റെ മുഖത്തേക്കുള്ള നോട്ടമായിരിക്കും. അവന്റെ വാക്ക് കേള്‍ക്കുന്നതിലെ ആനന്ദവും അവന്റെ സാമീപ്യത്തിന്റെ സുഖവും. അവന്‍ അവന്റെ ഔദാര്യം നമുക്കും നല്‍കട്ടെ.

36. പ്രവാചകനെ കളവാക്കുന്ന ബഹുദൈവവിശ്വാസികളെ ഭയപ്പെടുത്തിക്കൊണ്ട് അല്ലാഹു പറയുന്നു: (ഇവര്‍ക്ക് മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്!) അതായത്, ധാരാളം സമൂഹങ്ങളെ. (അവര്‍ കടുത്ത കയ്യൂക്കുള്ളവരായിരുന്നു) ഇവരെക്കാള്‍. (ശക്തിയില്‍) ശക്തിയിലും ഭൂമിയിലെ സ്മാരകങ്ങള്‍കൊണ്ടും. അതിനാല്‍ (അവര്‍ നാടുകളിലാകെ ചികഞ്ഞുനോക്കി) അതായത്, അവര്‍ ശക്തമായ കോട്ടകള്‍ പണിതു, ഉന്നത ഭവനങ്ങളും. മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും പുഴകള്‍ ഒഴുക്കുകയും ചെയ്തു. അവര്‍ കൃഷിചെയ്തു, നാഗരികമാക്കി. അങ്ങനെ പ്രവാചകന്മാരെ കളവാക്കുകയും അവന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയു ചെയ്തപ്പോള്‍ കഠിനവും വേദനാജനകവുമായ ശിക്ഷയാല്‍ അവരെ പിടികൂടി. (രക്ഷ പ്രാപിക്കാൻ വല്ല ഇടവുമുണ്ടോ എന്ന്) അതായത്, അല്ലാഹുവിന്റെ ശിക്ഷയിറങ്ങുമ്പോള്‍ അവന്റെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ ഓടിച്ചെല്ലാവുന്ന ഒരു സ്ഥലമോ രക്ഷാകേന്ദ്രമോ ഇല്ല. അവരുടെ ശക്തിയോ ധനമോ സന്താനമോ അവര്‍ക്ക് പ്രയോജനപ്പെടുകയില്ല.

37. (ഹൃദയമുള്ളവനായിരിക്കുകയോ, മനസ്സാന്നിധ്യത്തോടെ ചെവികൊടുത്ത് കേള്‍ക്കുകയോ ചെയ്തവന്ന് തീര്‍ച്ചയായും അതില്‍ ഒരു ഉല്‍ബോധനമുണ്ട്) അതായത് ജീവസ്സുറ്റതും ബുദ്ധിയും പരിശുദ്ധിയുമുള്ള മഹത്തായ ഹൃദയം. ഇങ്ങനെയുള്ളതിന് അല്ലാഹുവിന്റെ വല്ല ദൃഷ്ടാന്തവും വന്നാല്‍ അതുകൊണ്ട് അവര്‍ ഉദ്ബുദ്ധമാവുകയും പ്രയോജനപ്പെടുത്തുകയും ഉയര്‍ച്ച പ്രാപിക്കുകയും ചെയ്യും. അപ്രകാരം തന്നെയാണ് അല്ലാഹുവിന്റെ വചനങ്ങള്‍ ചെവികൊടുത്ത് ശ്രദ്ധിച്ചുകേള്‍ക്കുന്നവന്‍. അവനതുകൊണ്ട് ശരിയായ വഴി പ്രാപിക്കും. അവന്റെ ഹൃദയം. (മനസ്സാന്നിധ്യമുള്ളവന്‍) അതായത് മനസ്സുകൊണ്ട് ഹാജരായവന്‍, അവനും സന്മാര്‍ഗവും സദുപദേശവും ഉദ്‌ബോധനവും ഫലപ്പെടും. എന്നാല്‍ വചനങ്ങള്‍ക്ക് ചെവികൊടുക്കാതെ തിരിഞ്ഞുകളയുന്നവന്‍; അവനൊന്നും പ്രയോജനപ്പെടുകയില്ല. അവനൊന്നും സ്വീകാര്യമല്ല. ഇത്തരം ആളുകള്‍ക്ക് സന്മാര്‍ഗം ലഭിക്കാന്‍ അല്ലാഹുവിന്റെ യുക്തി താല്‍പര്യപ്പെടുന്നില്ല.

38. അല്ലാഹുവിന്റെ മഹത്തായ കഴിവിനെക്കുറിച്ചും നടപ്പിലാക്കപ്പെടുന്ന ഉദ്ദേശ്യത്തെക്കുറിച്ചും അവന്‍ അറിയുന്നു. മഹത്തായ സൃഷ്ടികള്‍ ഉണ്ടാകുന്നത് ഈ രണ്ട് കാര്യത്തിലൂടെയാണ്. (ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചിരിക്കുന്നു). ആദ്യദിനം ഞായറാഴ്ചയാണ്. അവസാനത്തെത് വെള്ളിയാഴ്ചയും. ക്ഷീണമോ കുഴക്കോ അശക്തിയോ ഒട്ടുമില്ലാതെ, അതിനെ അതിന്റെ വലുപ്പത്തിലും മഹത്ത്വത്തിലും ഉണ്ടാക്കി. അവന് ഏറ്റവും നന്നായി മരിച്ചവരെ ജീവിപ്പിക്കാനും കഴിയും.

39,40.(അവര്‍ പറയുന്നതിന്റെ പേരില്‍ നീ ക്ഷമിച്ചുകൊള്ളുക). നീ കൊണ്ടുവന്നതിനെ കളവാക്കുന്നവരും ആക്ഷേപിക്കുന്നവരും. നീ അവരെ വിട്ടൊഴിവാകുക. നിന്റെ രക്ഷിതാവിനെ അനുസരിക്കുകയും പകലിന്റെ തുടക്കത്തിലും അവസാനത്തിലും രാത്രി സമയങ്ങളിലും നമസ്‌കാരശേഷവും അവനെ പ്രകീര്‍ത്തിക്കുക. തീര്‍ച്ചയായും അല്ലാഹുവിനെ സ്മരിക്കുന്നത് മനസ്സുകള്‍ക്ക് ആശ്വാസം നല്‍കുകയും ക്ഷമക്ക് സൗകര്യമുണ്ടാക്കുകയും ചെയ്യും.

41. അതായത് (ശ്രദ്ധിച്ചുകേള്‍ക്കുക) നിന്റെ ഹൃദയത്താല്‍. (വിളിച്ച് പറയുന്നവന്‍ വിളിച്ചുപറയുന്ന ദിവസത്തെപ്പറ്റി) അത് ഇസ്‌റാഫീല്‍ എന്ന മലക്കാണ്. അതായത് കാഹളത്തില്‍ ഊതുന്ന സമയം. (അടുത്ത ഒരു സ്ഥലത്ത് നിന്ന്) ഭൂമിയില്‍നിന്ന്.

42. (ആ ഘോരശബ്ദം അവര്‍ കേള്‍ക്കുന്ന ദിവസം) എല്ലാ സൃഷ്ടികളും അത് കേള്‍ക്കും. (ഘോരശബ്ദം) വിറപ്പിക്കുന്നതും ഭീകരവുമായ. (യഥാര്‍ഥമായും) സംശയമോ ശങ്കയോ ഇല്ലാത്ത. (അതത്രെ പുറപ്പാടിന്റെ ദിവസം) ക്വബ്‌റുകളില്‍നിന്ന്. എല്ലാറ്റിനും കഴിവുള്ളവന്‍ തനിച്ചാകുന്നു.

43,44. അതാണ് അല്ലാഹു പറയുന്നത്: (തീര്‍ച്ചയായും നാം ജീവിപ്പിക്കുകയും മരിപ്പിക്കുക യും ചെയ്യുന്നു. നമ്മുടെ അടുത്തേക്ക് തന്നെയാണ് തിരിച്ചെത്തലും. അവരെവിട്ട് ഭൂമി പിള ര്‍ന്ന് മാറുന്ന ദിവസം) മരിച്ചവരെവിട്ട്. (അതിവേഗം) ഉയിര്‍ത്തെഴുന്നേല്‍പിന്റെ സ്ഥലത്തേക്ക് വിളിക്കുന്നവന് ഉത്തരം നല്‍കാന്‍ അവന്‍ ധൃതിയില്‍ ചെല്ലും. (അത് നമ്മെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള ഒരു ഒരുമിച്ചുകൂട്ടലാകുന്നു) അല്ലാഹുവിന് അത് വളരെ എളുപ്പം. അവനതില്‍ ക്ഷീണമോ അധ്വാനമോ ഇല്ല.

45. (അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു). നിന്നെ ദുഃഖിപ്പിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന വാക്കുകള്‍ നിന്നോട് പറയുന്നത് നാം അറിയുന്നുവെങ്കില്‍ നിനക്ക് എന്ത് ചെയ് തുതരണമെന്നും നിന്റെ കാര്യങ്ങള്‍ എങ്ങനെ ലഘൂകരിക്കണമെന്നും നിന്റെ ശത്രുക്കള്‍ക്കെതിരെ എങ്ങനെ സഹായിക്കണമെന്നും അവനറിയാം. അതിനാല്‍ നിന്റെ ഹൃദയം സന്തോഷിക്കട്ടെ. നിന്റെ മനസ്സ് ശക്തിയാവട്ടെ. നിന്നോട് നാം കരുണ കാണിക്കും; നിന്റെ മനസ്സിനോട് വാത്സല്യവും. അല്ലാഹുവിന്റെ വാക്ക് പുലരുന്നത് കാത്തിരുന്നാല്‍ മാത്രം മതി നീ. (നീ അവരുടെ മേല്‍ സ്വേഛാധികാരം ചെലുത്തേണ്ടവനല്ല). അതായത് അവരുടെമേല്‍ അധികാരം ചെലുത്തേണ്ടവനല്ല.