സൂറഃ അല്‍ഫത്ഹ് (വിജയം), ഭാഗം 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 മാർച്ച് 26, 1442 ശഅബാൻ 23

അധ്യായം: 48, ഭാഗം 4 (മദീനയില്‍്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَعَدَكُمُ ٱللَّهُ مَغَانِمَ كَثِيرَةً تَأْخُذُونَهَا فَعَجَّلَ لَكُمْ هَـٰذِهِۦ وَكَفَّ أَيْدِىَ ٱلنَّاسِ عَنكُمْ وَلِتَكُونَ ءَايَةً لِّلْمُؤْمِنِينَ وَيَهْدِيَكُمْ صِرَٰطًا مُّسْتَقِيمًا (٢٠) وَأُخْرَىٰ لَمْ تَقْدِرُوا۟ عَلَيْهَا قَدْ أَحَاطَ ٱللَّهُ بِهَا ۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرًا (٢١) وَلَوْ قَـٰتَلَكُمُ ٱلَّذِينَ كَفَرُوا۟ لَوَلَّوُا۟ ٱلْأَدْبَـٰرَ ثُمَّ لَا يَجِدُونَ وَلِيًّا وَلَا نَصِيرًا (٢٢) سُنَّةَ ٱللَّهِ ٱلَّتِى قَدْ خَلَتْ مِن قَبْلُ ۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبْدِيلًا (٢٣) وَهُوَ ٱلَّذِى كَفَّ أَيْدِيَهُمْ عَنكُمْ وَأَيْدِيَكُمْ عَنْهُم بِبَطْنِ مَكَّةَ مِنۢ بَعْدِ أَنْ أَظْفَرَكُمْ عَلَيْهِمْ ۚ وَكَانَ ٱللَّهُ بِمَا تَعْمَلُونَ بَصِيرًا (٢٤) هُمُ ٱلَّذِينَ كَفَرُوا۟ وَصَدُّوكُمْ عَنِ ٱلْمَسْجِدِ ٱلْحَرَامِ وَٱلْهَدْىَ مَعْكُوفًا أَن يَبْلُغَ مَحِلَّهُۥ ۚ وَلَوْلَا رِجَالٌ مُّؤْمِنُونَ وَنِسَآءٌ مُّؤْمِنَـٰتٌ لَّمْ تَعْلَمُوهُمْ أَن تَطَـُٔوهُمْ فَتُصِيبَكُم مِّنْهُم مَّعَرَّةٌۢ بِغَيْرِ عِلْمٍ ۖ لِّيُدْخِلَ ٱللَّهُ فِى رَحْمَتِهِۦ مَن يَشَآءُ ۚ لَوْ تَزَيَّلُوا۟ لَعَذَّبْنَا ٱلَّذِينَ كَفَرُوا۟ مِنْهُمْ عَذَابًا أَلِيمًا (٢٥)

20. നിങ്ങള്‍ക്കു പിടിച്ചെടുക്കാവുന്ന ധാരാളം സമരാര്‍ജിത സ്വത്തുക്കള്‍ അല്ലാഹു നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നു. എന്നാല്‍ ഇത് (ഖൈബറിലെ സമരാര്‍ജിതസ്വത്ത്) അവന്‍ നിങ്ങള്‍ക്ക് നേരത്തെ തന്നെ തന്നിരിക്കുകയാണ്. ജനങ്ങളുടെ കൈകളെ നിങ്ങളില്‍നിന്ന് അവന്‍ തടയുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് അതൊരു ദൃഷ്ടാന്തമായിരിക്കുവാനും നേരായ പാതയിലേക്ക് നിങ്ങളെ അവന്‍ നയിക്കുവാനും വേണ്ടി.

21. നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത മറ്റു നേട്ടങ്ങളും (അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു). അല്ലാഹു അവരെ വലയം ചെയ്തിരിക്കുകയാണ്. അല്ലാഹു ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു.

22. ആ സത്യനിഷേധികള്‍ നിങ്ങളോട് യുദ്ധത്തില്‍ ഏര്‍പെട്ടിരുന്നെങ്കില്‍തന്നെ അവര്‍ പിന്തിരിഞ്ഞ് ഓടുമായിരുന്നു. പിന്നീട് ഒരു സംരക്ഷകനെയോ സഹായിയെയോ അവര്‍ കണ്ടെത്തുകയുമില്ല.

23. മുമ്പുമുതലേ കഴിഞ്ഞുപോന്നിട്ടുള്ള അല്ലാഹുവിന്റെ നടപടിക്രമമാകുന്നു അത്. അല്ലാഹുവിന്റെ നടപടിക്രമത്തിന് യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല.

24. അവര്‍ക്ക് (ശത്രുക്കള്‍ക്ക്) എതിരില്‍ നിങ്ങള്‍ക്ക് വിജയം നല്‍കിയതിന് ശേഷം അവനാകുന്നു മക്കയുടെ ഉള്ളില്‍വെച്ച് അവരുടെ കൈകള്‍ നിങ്ങളില്‍നിന്നും നിങ്ങളുടെ കൈകള്‍ അവരില്‍നിന്നും തടഞ്ഞുനിര്‍ത്തിയത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.

25. സത്യത്തെ നിഷേധിക്കുകയും, മസ്ജിദുല്‍ ഹറാമില്‍നിന്ന് നിങ്ങളെ തടയുകയും, ബലിമൃഗങ്ങളെ അവയുടെ നിശ്ചിത സ്ഥാനത്തെത്താന്‍ അനുവദിക്കാത്ത നിലയില്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തവരാകുന്നു അവര്‍. നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത സത്യവിശ്വാസികളായ ചില പുരുഷന്മാരെയും സത്യവിശ്വാസിനികളായ ചില സ്ത്രീകളെയും നിങ്ങള്‍ ചവിട്ടിത്തേക്കുകയും, എന്നിട്ട് (നിങ്ങള്‍) അറിയാതെ തന്നെ അവര്‍ നിമിത്തം നിങ്ങള്‍ക്ക് പാപം വന്നുഭവിക്കാന്‍ ഇടയാവുകയും ചെയ്യില്ലായിരുന്നെങ്കില്‍ (അല്ലാഹു നിങ്ങളെ ഇരുവിഭാഗത്തെയും യുദ്ധത്തില്‍നിന്ന് തടയുമായിരുന്നില്ല). അല്ലാഹു തന്റെ കാരുണ്യത്തില്‍ താന്‍ ഉദ്ദേശിക്കുന്നവരെ ഉള്‍പെടുത്തേണ്ടതിനായിട്ടാകുന്നു അത്. അവര്‍ (മക്കയിലെ വിശ്വാസികളും സത്യനിഷേധികളും) വേറിട്ടായിരുന്നു താമസിച്ചിരുന്നതെങ്കില്‍ അവരിലെ സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷ നാം നല്‍കുകതന്നെ ചെയ്യുമായിരുന്നു.

20. (നിങ്ങള്‍ക്ക് പിടിച്ചെടുക്കാവുന്ന ധാരാളം സമരാര്‍ജിത സ്വത്തുക്കള്‍ അല്ലാഹു നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നു) ഉയിര്‍ത്തെഴുന്നേല്‍പുനാളുവരെ മുസ്‌ലിംകള്‍ക്ക് യുദ്ധാര്‍ജിതസ്വത്തായി ലഭിക്കുന്ന മുഴുവന്‍ സമ്പത്തും ഇതില്‍പെടും. (എന്നാല്‍ ഇത് അവന്‍ നിങ്ങള്‍ക്ക് നേരത്തെത്തന്നെ തന്നിരിക്കുകയാണ്). അതായത്, ഖൈബറിലെ സമരാര്‍ജിത സ്വത്ത്. എന്നാല്‍ നിങ്ങള്‍ അത് മാത്രം കണക്കാക്കേണ്ടതില്ല. ധാരാളം സമരാര്‍ജിതസ്വത്തുക്കള്‍ വേറെയും തുടര്‍ന്ന് നിങ്ങള്‍ക്ക് ലഭിക്കും. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ സ്തുതിക്കുക; അവന്‍ തടഞ്ഞതിന്. (ജനങ്ങളുടെ കൈകളെ) നിങ്ങളോട് യുദ്ധം ചെയ്യാന്‍ ഏറെ തല്‍പരരും ശക്തരുമായവരുടെ. (നിങ്ങളില്‍ നിന്ന്) അത് നിങ്ങള്‍ക്കൊരു ആശ്വാസവും അനുഗ്രഹവുമാണ്. (അതായിത്തീരാനും) ഈ സമരാര്‍ജിത സ്വത്ത്. (സത്യവിശ്വാസികള്‍ക്കൊരു ദൃഷ്ടാന്തം) അല്ലാഹു പറയുന്നത് സത്യമാണെന്നതിനും അവന്റെ വാഗ്ദത്തം പുലരുമെന്നതിനും സത്യവിശ്വാസികള്‍ക്ക് പ്രതിഫലമുണ്ടെന്നതിനും ഇത് തെളിവുകൂടിയാണ്. ഇതിന് സാധിച്ചവന് മറ്റു പലതും കഴിയുകതന്നെ ചെയ്യും. (അവന്‍ നിങ്ങളെ നയിക്കുവാനും) അതിനുള്ള കാരണങ്ങള്‍ നിങ്ങള്‍ക്ക് നിശ്ചയിച്ചുതരാന്‍. (നേരായ പാതയിലേക്ക്) അറിവിലും വിശ്വാസത്തിലും കര്‍മങ്ങളിലും.

21. (മറ്റു നേട്ടങ്ങളും) വേറെയും യുദ്ധാര്‍ജിത സ്വത്ത് അവന്‍ വീണ്ടും വാഗ്ദത്തം ചെയ്യുന്നു. (നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത) ഇത് പറയുന്ന സന്ദര്‍ഭത്തില്‍. (അല്ലാഹു അവയെ വലയം ചെയ്തിരിക്കുകയാണ്) അവനതിന് കഴിയും. എല്ലാം അവന്റെ അധികാരത്തിലും നിയന്ത്രണത്തിലുമാണ്. നിങ്ങളോടവന്‍ വാഗ്ദത്തം ചെയ്തിട്ടുണ്ട്. അവന്‍ കരാര്‍ ചെയ്തത് നടക്കാതിരിക്കില്ല; അതിനുള്ള പൂര്‍ണ ശക്തി അവനുള്ളതിനാല്‍. അതാണ് അവന്‍ പറഞ്ഞത്: (അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു).

22. അവിശ്വാസികളായ ശത്രുക്കള്‍ക്കെതിരെ വിശ്വാസികളായ തന്റെ അടിമകളെ അല്ലാഹു സഹായിക്കും എന്ന സന്തോഷവാര്‍ത്തയാണിത്; അവരെ നേരിടുമ്പോഴും യുദ്ധം ചെയ്യുമ്പോഴും. (അവര്‍ പിന്തിരിഞ്ഞോടുമായിരുന്നു. പിന്നീട് ഒരു സംരക്ഷകനെ അവര്‍ കണ്ടെത്തുകയുമില്ല) അവരെ ഏറ്റെടുക്കാവുന്ന, (ഒരു സഹായിയെയും) യുദ്ധത്തില്‍ അവരെ സഹായിക്കുയും പിന്തുണക്കുകയും ചെയ്യുന്ന, മരിച്ചവര്‍ കയ്യൊഴിക്കപ്പെടുന്നവരും പരാജിതരുമായിരിക്കും.

23. മുന്‍ സമുദായങ്ങളില്‍ അല്ലാഹുവിന്റെ നടപടിക്രമങ്ങളും ഇതാണ്. അല്ലാഹുവിന്റെ സൈന്യം വിജയിക്കുന്നവരാണ്. (അല്ലാഹുവിന്റെ നടപടിക്രമത്തിന് യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല).

24. സത്യനിഷേധികളുടെ ഉപദ്രവങ്ങളില്‍നിന്നും യുദ്ധത്തില്‍നിന്നും തന്റെ അടിമക്ക് സൗഖ്യം നല്‍കുമെന്നത് അല്ലാഹു ഇവിടെ അനുഗ്രഹമായി എടുത്തുപറയുന്നു. (അവരുടെ കൈകളെ തടഞ്ഞവന്‍) മക്കക്കാരുടെ, (നിങ്ങള്‍ക്ക് വിജയം നല്‍കിയതിനുശേഷം മക്കയുടെ ഉള്ളില്‍വെച്ച് അവരുടെ കൈകളെ നിങ്ങളില്‍നിന്നും) അവരെ പരാജയപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിഞ്ഞതിനുശേഷം ഉടമ്പടികളോ കരാറുകളോ ഒന്നും ഇല്ലാതെതന്നെ അവര്‍ നിങ്ങളുടെ അധികാരത്തിന്‍ കീഴിലായി. അവര്‍ ഏകദേശം എണ്‍പതോളം ആളുകളുണ്ടായിരുന്നു. മുസ്‌ലിംകളെ വഞ്ചിക്കുവാന്‍വേണ്ടി അവരിറങ്ങി. മുസ്‌ലിംകള്‍ സജ്ജരാണെന്നവര്‍ കണ്ടു. അപ്പോള്‍ അവര്‍ യുദ്ധം ചെയ്യാതെ അവരെ വിട്ടു. അവര്‍ യുദ്ധം ചെയ്യാതിരുന്നത് സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിന്റെ അടുക്കല്‍നിന്നുള്ള ഒരു കാരുണ്യമായിരുന്നു. (അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു) പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം അവരുടെ പ്രവര്‍ത്തനത്തിനനുസരിച്ച് അവന്‍ പ്രതിഫലം നല്‍കും. സത്യവിശ്വാസികളേ, അല്ലാഹു അവന്റെ ഏറ്റവും നല്ല സംരക്ഷണം നിങ്ങള്‍ക്ക് നല്‍കും.

25. മുശ്‌രിക്കുകള്‍ക്കെതിരെ യുദ്ധത്തിന് പ്രേരണയാകുന്ന ചില കാര്യങ്ങളാണ് തുടര്‍ന്ന് അല്ലാഹു പറയുന്നത്. അവര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിഷേധിക്കുകയും ഹജ്ജും ഉംറയും നിര്‍വഹിച്ചുകൊണ്ട് ബൈതുല്‍ഹറാമിനെ ആദരിക്കാന്‍ വരുന്ന പ്രവാചകനെയും കൂടെയുള്ള വിശ്വാസികളെയും തടയുകയും ചെയ്തു. ബലിമൃഗത്തെയും അവര്‍ തടഞ്ഞു, (തടഞ്ഞുനിര്‍ത്തുകയും) അവയുടെ നിശ്ചിത സ്ഥാനത്തെത്താത്ത നിലയില്‍. മക്കയില്‍വെച്ച് അതിനെ അറുക്കുന്നസ്ഥലം; ഉംറക്ക് ബലിയറുക്കുന്നതിന്റെ ഭാഗമായി. അക്രമപരമായും ശത്രുതാപരമായും അവരതിനെ എത്താനനുവദിച്ചില്ല. ഇതെല്ലാം അവരുമായി യുദ്ധം ചെയ്യേണ്ടിവന്നതിന്റെ നിര്‍ബന്ധ കാരണങ്ങളാണ്. മറ്റൊരു തടസ്സംകൂടിയുണ്ട്. മുശ്‌രിക്കുകളുടെ അടുക്കല്‍ ചില വിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും കാണുകയുണ്ടായി. ഉപദ്രവം ഏല്‍ക്കപ്പെടാത്ത ഒരവസ്ഥയിലായിരുന്നില്ല അവര്‍. ഈ വിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും ഇല്ലായിരുന്നുവെങ്കില്‍ മുസ്‌ലിംകള്‍ക്ക് അവരെക്കുറിച്ച് യാതൊരു അറിവും ഉണ്ടാകുമായിരുന്നില്ല. (ചവിട്ടിത്തേക്കുകയും) നിങ്ങളവരെ ചവിട്ടിത്തേക്കുന്നതിനെക്കുറിച്ചുള്ള ഭയം. (എന്നിട്ട് നിങ്ങളറിയാതെതന്നെ അവര്‍ നിമിത്തം ഉപദ്രവം വന്നുഭവിക്കാന്‍ ഇടയാവുകയും) (അല്‍മഅറത്)കൊണ്ട് വിവക്ഷ അവരുടെ യുദ്ധത്താല്‍ ഏല്‍ക്കേണ്ടിവരുന്ന അനിഷ്ടങ്ങളും ദ്രോഹങ്ങളുമാണ്. പാരത്രികമായ പ്രചോദനം എന്നത് (അല്ലാഹു തന്റെ കാരുണ്യത്തില്‍ താന്‍ ഉദ്ദേശിക്കുന്നവരെ ഉള്‍പ്പെടുത്തേണ്ടതിനായിട്ടാകുന്നു അത്) അവിശ്വാസത്തിനുശേഷം വിശ്വാസംകൊണ്ട് അവരെ അവന്‍ അനുഗ്രഹിച്ചു; വഴികേടിനുശേഷം സന്മാര്‍ഗംകൊണ്ടും. യുദ്ധം ചെയ്യാന്‍ നിങ്ങള്‍ക്ക് തടസ്സം ഇതാണെങ്കില്‍: (അവര്‍ വേറിട്ടായിരുന്നു താമസിച്ചിരുന്നതെങ്കില്‍) അവിശ്വാസികളുടെ അടുക്കലല്ലാതെ വേറിട്ടായിരുന്നു താമസിച്ചിരുന്നതെങ്കില്‍. (അവരിലെ സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷ നാം നല്‍കുകതന്നെ ചെയ്യുമായിരുന്നു) അതായത്, അവരോട് യുദ്ധം ചെയ്യാന്‍ നാം നിങ്ങളെ അനുവദിക്കുമായിരുന്നു. അതിന് നാം സമ്മതം നല്‍കുകയും അവര്‍ക്കെതിരെ നിങ്ങളെ നാം സഹായിക്കുകയും ചെയ്യുമായിരുന്നു.