സൂറഃ അസ്സുഖ് റുഫ് (സുവർണാലങ്കാരം), ഭാഗം 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 നവംബർ 05, 1444 റബീഉൽ ആഖിർ 10

അധ്യായം: 43, ഭാഗം 3 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَجَعَلَهَا كَلِمَةًۢ بَاقِيَةً فِى عَقِبِهِۦ لَعَلَّهُمْ يَرْجِعُونَ (٢٨‬) بَلْ مَتَّعْتُ هَـٰٓؤُلَآءِ وَءَابَآءَهُمْ حَتَّىٰ جَآءَهُمُ ٱلْحَقُّ وَرَسُولٌ مُّبِينٌ (٢٩) وَلَمَّا جَآءَهُمُ ٱلْحَقُّ قَالُوا۟ هَـٰذَا سِحْرٌ وَإِنَّا بِهِۦ كَـٰفِرُونَ (٣٠) وَقَالُوا۟ لَوْلَا نُزِّلَ هَـٰذَا ٱلْقُرْءَانُ عَلَىٰ رَجُلٍ مِّنَ ٱلْقَرْيَتَيْنِ عَظِيمٍ (٣١) أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ ۚ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۚ وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَـٰتٍ لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا ۗ وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ (٣٢)

28. അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ (സത്യത്തിലേക്കു) മടങ്ങേണ്ടതിനായി അതിനെ (ആ പ്രഖ്യാപനത്തെ) അദ്ദേഹം അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു വചനമാക്കുകയും ചെയ്തു.

29. അല്ല, ഇക്കൂട്ടര്‍ക്കും അവരുടെ പിതാക്കള്‍ക്കും ഞാന്‍ ജീവിതസുഖം നല്‍കി. സത്യസന്ദേശവും, വ്യക്തമായി വിവരിച്ചുകൊടുക്കുന്ന ഒരു ദൂതനും അവരുടെ അടുത്ത് വരുന്നത് വരെ.

30. അവര്‍ക്ക് സത്യം വന്നെത്തിയപ്പോഴാകട്ടെ അവര്‍ പറഞ്ഞു: ഇതൊരു മായാജാലമാണ്‌. തീര്‍ച്ചയായും ഞങ്ങള്‍ അതില്‍ വിശ്വാസമില്ലാത്തവരാകുന്നു.

31. ഈ രണ്ട് പട്ടണങ്ങളില്‍ നിന്നുള്ള ഏതെങ്കിലും ഒരു മഹാപുരുഷന്‍റെ മേല്‍ എന്തുകൊണ്ട് ഈ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടില്ല എന്നും അവര്‍ പറഞ്ഞു.

32. അവരാണോ നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം പങ്ക് വെച്ചു കൊടുക്കുന്നത്‌? നാമാണ് ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്ക് വെച്ചുകൊടുത്തത്‌. അവരില്‍ ചിലര്‍ക്ക് ചിലരെ കീഴാളരാക്കി വെക്കത്തക്കവണ്ണം അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപരി നാം പല പടികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിന്‍റെ രക്ഷിതാവിന്‍റെ കാരുണ്യമാകുന്നു അവര്‍ ശേഖരിച്ചു വെക്കുന്നതിനെക്കാള്‍ ഉത്തമം.

28). (അതിനെ ആക്കുകയും ചെയ്തു)ആരാധന അല്ലാഹുവിന് മാത്രമാക്കുകയും മറ്റുള്ളവയെ ആരാധിക്കാതിരിക്കുകയും ചെയ്തു. എന്നാൽ മുഴുവൻ കാര്യങ്ങളുടെയും അടിത്തറയും മാതാവുമായ പ്രശംസനീയ കാര്യം (അതിനെ അദ്ദേഹം അവർക്കിടയിൽ നിലനിൽക്കുന്ന ഒരു വചനമാക്കുകയും ചെയ്തു). അതായത് അദ്ദേഹത്തിന്റെ സന്തതികളിൽ. (അവർ ആയിത്തീരാൻ വേണ്ടി) അതിലേക്ക്. (മടങ്ങുന്നവർ) അതിന്റെ പ്രശസ്തികൊണ്ടും തന്റെ മക്കളോട് ഉപദേശിച്ച കാര്യവും മക്കൾ അവരുടെ മക്കളോട് ഉപദേശിച്ച കാര്യവും ഇസ്ഹാക്വും യഅ്ക്വൂബും ചെയ്തതുപോലെ. അല്ലാഹു പറയുന്നു:

وَمَن يَرْغَبُ عَن مِّلَّةِ إِبْرَٰهِـۧمَ إِلَّا مَن سَفِهَ نَفْسَهُۥ

“സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്‌റാഹീമിന്റെ മാർഗത്തിൽ വിമുഖത കാണിക്കുക’’(2:130).

29) അക്രമത്തിലേക്കും ആഡംബര ജീവിതത്തിലേക്കും അദ്ദേഹത്തിന്റെ സന്താനപരമ്പര പ്രവേശിക്കുന്നതുവരെ ഈ തൗഹീദിന്റെ വചനം അവരിൽ നിലനിന്നുകൊണ്ടേയിരുന്നു. (അല്ല, ഇക്കൂട്ടർക്കും അവരുടെ പിതാക്കൾക്കും ഞാൻ ജീവിതസുഖം നൽകി) വ്യത്യസ്തമായ ദേഹേച്ഛകൾ. അവസാനം അത് അവരുടെ പ്രധാന ലക്ഷ്യമായിത്തീർന്നു. അവയോടുള്ള സ്‌നേഹം അവരുടെ ഹൃദയങ്ങളിൽ പരിപോഷിപ്പിക്കപ്പെട്ടു. അങ്ങനെ അത് അവരുടെ അടിസ്ഥാന വിശ്വാസവും പ്രത്യേകതയും ആയിത്തീർന്നു. (സത്യസന്ദേശം അവർക്കെത്തുന്നതുവരെ) സംശയമോ ആശയക്കുഴപ്പങ്ങളോ ഇല്ലാത്ത. (വ്യക്തമായി വിവരിച്ചുകൊടുക്കുന്ന ഒരു ദൂതനും) അദ്ദേഹം ആ സന്ദേശം അവർക്ക് വിശദീകരിച്ചുകൊടുക്കുകയും അത് സത്യമാണെന്നതിന് സ്വഭാവത്തിലൂടെയും അമാനുഷിക ദൃഷ്ടാന്തങ്ങളിലൂടെയും വ്യക്തമായ തെളിവും സ്ഥാപിച്ചുനൽകി. മറ്റു പ്രവാചകന്മാർ തന്റെ പ്രബോധനത്തെ സത്യപ്പെടുത്തിയതിലൂടെയും അതിനെ സ്ഥാപിച്ചു.

30). (അവർക്ക് സത്യം വന്നെത്തിയപ്പോഴാകട്ടെ) ഏറ്റവും കുറഞ്ഞ മതബോധവും ബുദ്ധിയും ഉള്ളവനുപോലും സ്വീകരിച്ചു കീഴ്‌പ്പെടാവുന്ന സത്യം. (അവർ പറഞ്ഞു: ഇതൊരു മായാജാലമാണ്. തീർച്ചയായും ഞങ്ങളതിൽ വിശ്വാസമില്ലാത്തവരാകുന്നു) ഈ വാക്ക് ഏറ്റവും വലിയ ധിക്കാരവും തർക്കവുമാണ്. സത്യത്തെ നിരാകരിക്കുന്നതുകൊണ്ട് മതിയാക്കാതെ അതിനെ നിഷേധിക്കുക കൂടിയാണിവിടെ. നീചമായൊരു ആരോപണം ഉന്നയിക്കാതെ അവർ സംതൃപ്തരായില്ല. മനുഷ്യരിൽ ഏറ്റവും വലിയ നീചനും വ്യാജവാദിയുമല്ലാതെ ചെയ്യാത്ത നിരർഥകമായ മാരണത്തിന്റെ സ്ഥാനത്താണ് അവർ പ്രവാചകസന്ദേശത്തെ നിർത്തിയത്. അല്ലാഹു അവർക്കും അവരുടെ പിതാക്കൾക്കും നൽകിയ സുഖലോലുപതയല്ലാതെ മറ്റൊന്നുമല്ല അവരെ ഈ ധിക്കാരത്തിന് പ്രേരിപ്പിച്ചത്.

31). (അവർ പറഞ്ഞു) അവരുടെ പിഴച്ച ചിന്തകൾകൊണ്ട് അവർ അല്ലാഹുവിന്റെ മേൽ ആരോപിച്ചു. (ഈ രണ്ട് പട്ടണങ്ങളിൽനിന്നുള്ള ഏതെങ്കിലും ഒരു മഹാപുരുഷന്റെ മേൽ എന്തുകൊണ്ട് ഈ ക്വുർആൻ അവതരിപ്പിക്കപ്പെട്ടില്ല?) അവർക്ക് ആദരണീയരും മഹത്തുക്കളുമായ മക്കക്കാരിലും ത്വാഇഫുകാരിലും പെട്ട വലീദുബ്‌നു മുഗീറയെപ്പോലുള്ള മഹത്തുക്കൾക്ക്.

32). അവരുടെ ആരോപണങ്ങൾക്ക് അല്ലാ ഹു മറുപടി പറയുന്നു: അവരാണോ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം പങ്കുവെച്ചുകൊടുക്കുന്നത്? അവരാണോ അല്ലാഹുവിന്റെ ഖജനാവിന്റെ സൂക്ഷിപ്പുകാർ? അവരുടെ കൈകളിലാണോ അതിന്റെ കൈകാര്യ കർതൃത്വം? എന്നിട്ട് അവർ ഉദ്ദേശിച്ചവർക്ക് പ്രവാചകത്വം നൽകുകയും ചെയ്യുക; അല്ലെങ്കിൽ നൽകാതിരിക്കുക! (നാമാണ് ഐഹിക ജീവിതത്തിൽ അവർക്കിടയിൽ അവരുടെ ജീവിതമാർഗം പ ങ്കുവെച്ചുകൊടുക്കുന്നത്. അവരിൽ ചിലരെ ചിലർക്ക് കീഴാളരാക്കിവെക്കത്തക്കവണ്ണം അവരിൽ ചിലരെ മറ്റു ചിലരെക്കാൾ ഉപരി നാം പല പടികൾ ഉയർത്തുകയും ചെയ്തിരിക്കുന്നു) അതായത് ഈലോക ജീവിതത്തിൽ. എന്നാൽ അല്ലാഹുവിന്റെ കരുണ; (നിന്റെ രക്ഷിതാവിന്റെ കാരുണ്യമാകുന്നു അവർ ശേഖരിച്ചുവെക്കുന്നതിനെക്കാൾ ഉത്തമം).

ഇഹലോകത്ത് മനുഷ്യരുടെ ജീവിതമാർഗവും ഐഹികമായ ഉപജീവനവും എല്ലാം അല്ലാഹുവിന്റെ കൈകളിലാണ്. അവനത് തന്റെ ദാസന്മാർക്കിടയിൽ വീതിക്കുന്നു. അവന്റെ യുക്തിയുടെ താൽപര്യപ്രകാരം അവൻ ഉദ്ദേശി ക്കുന്നവർക്കത് വിശാലമാക്കുകയും കുടുസ്സാക്കുകയുമെല്ലാം ചെയ്യുന്നു. എന്നാൽ മതപരമായ അനുഗ്രഹം-അതിലേറ്റവും ഉത്തമം പ്ര വാചകത്വമാണ്-അത് എന്തായാലും അല്ലാഹുവിന്റെ പക്കൽതന്നെയാണല്ലോ. അതിനാൽ അതാർക്ക് നൽകണമെന്ന് അവനാണേറ്റവും അറിയുന്നവൻ. അപ്പോൾ വ്യക്തമാണ്, അവരുടെ ആരോപണം നിലനിൽക്കാത്തതും അനാവശ്യവുമാണെന്ന്. മതപരവും ഭൗതികവുമായ എല്ലാ കാര്യങ്ങളുടെയും കൈകാര്യകർതൃത്വം അല്ലാഹുവിന്നാണെന്ന് അവർക്ക് പറയാൻ അധികാരമില്ലാത്ത ഒരാരോപണത്തിൽ അവർക്ക് വീഴ്ചപറ്റിയിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തുകയാണ് ഇവിടെ. ഇത് അവരിൽനിന്നുള്ള അക്രമവും സത്യത്തെ നിരാകരിക്കലുമാണ്.

അവർ പറഞ്ഞത്: (ഈ രണ്ട് പട്ടണങ്ങളിൽ നിന്നുള്ള ഏതെങ്കിലുമൊരു മഹാപുരുഷന്റെ മേൽ എന്തുകൊണ്ട് ഈ ക്വുർആൻ അവതരിപ്പിക്കപ്പെട്ടില്ല?) ഒരാൾക്ക് അല്ലാഹുവിന്റെയും മനുഷ്യരുടെയും അടുക്കൽ ഉന്നതസ്ഥാനം ലഭിക്കുന്നതിന്റെയും ഒരാളുടെ മഹത്ത്വം നിർണയിക്കാനുള്ള ഗുണവിശേഷണങ്ങളും അവർക്കറിയാമായിരുന്നെങ്കിൽ, മുഹമ്മദുബ്‌നു അബ്ദുല്ലാഹിബ്‌നു അബ്ദുൽമുത്വലിബാണ് ആളുകളിൽ ഏറ്റവും മഹത്ത്വമുള്ളവനും അഭിമാനിയും ബുദ്ധിമാനും പണ്ഡിതനും അഭിപ്രായ തീരുമാനങ്ങളിൽ മഹാനും ഉന്നത സ്വഭാവിയും കരുണയുള്ളവനും ധർമനിഷ്ഠ പാലിക്കുന്നവനും എന്നവർക്ക് മനസ്സിലാക്കാമായിരുന്നു. പൂർണതയുടെ അച്ചുതണ്ടാണദ്ദേഹം; എല്ലാ മാനുഷിക ഗുണങ്ങളുടെ പരമാവധിയും. അറിയണം. അദ്ദേഹം എല്ലാ നിലക്കും ലോകപുരുഷനാണ്, അത് അദ്ദേഹത്തിന്റെ ശത്രുക്കൾക്കും മിത്രങ്ങൾക്കുമറിയാം; അഹങ്കാരികൾക്കും വഴിതെറ്റിയവരുമല്ലാത്തവർക്കെല്ലാം. അദ്ദേഹത്തിന്റെ പൂർണതയുടെ ഒരംശത്തിന്റെ ഗന്ധംപോലുമില്ലാത്തവന് മുശ്‌രിക്കുകൾ മഹ ത്ത്വം കൽപിക്കുന്നത് എങ്ങനെ?

അവന്റെ പാപത്തിന്റെയും അറിവില്ലായ്മയുടെയും ആഴം അവന് നൽകാനോ തടുക്കാനോ ഉപദ്രവിക്കാനോ ഉപകാരം ചെയ്യാനോ കഴിയാത്ത കല്ലിനെയും മരത്തെയും ബിംബത്തെയും അല്ലാഹുവിലേക്ക് അടുപ്പിക്കാനുള്ള ആരാധ്യനാക്കി ആരാധിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു എന്നതാണ്. ആ ‘ദൈവ’മാകട്ടെ, ആരാധിക്കുന്നവർക്കുതന്നെ ഒരു ഭാരമാണ്. അവന് വേണ്ടതു ചെയ്തുകൊടുക്കാൻ ആളുവേണം. ഇത് ചെയ്യുന്നവൻ ഷണ്ഡനും ഭ്രാന്തനുമല്ലേ? ഇവനെയെങ്ങനെ മഹാനായിക്കാണും; ആദം സന്തതികളുടെ നേതാവും അന്ത്യപ്രവാചകനുമായവനെക്കാൾ? എന്നാൽ സത്യനിഷേധികൾ ചിന്തിക്കുന്നില്ല.

ഇഹലോകത്ത് ചിലരെ ചിലരെക്കാൾ ശ്രേഷ്ഠരായുള്ളവരാക്കുന്നതിന്റെ യുക്തി ഈ വചനത്തിൽ ഉണർത്തുന്നുണ്ട്. (അവരിൽ ചിലർക്ക് ചിലരെ കീഴാളരാക്കി വെക്കത്തക്കവണ്ണം) തെളിവുകളിലും ജോലികളിലും ചിലർ ചിലരെ വിധേയരാക്കാൻ. എല്ലാവരും സമ്പത്തിൽ തുല്യരാണെങ്കിൽ ആരും ആരോടും ഒന്നും ആവശ്യപ്പെടില്ല. അങ്ങനെ ധാരാളം നന്മകളും പ്രയോജനങ്ങളും ഇല്ലാതാവും. ഇതിൽനിന്ന് വ്യക്തമാകുന്ന മറ്റൊരു കാര്യം മതപരമായ അനുഗ്രഹം ഭൗതികാനുഗ്രഹത്തെക്കാൾ ഉത്തമമാണ് എന്നതാണ്.

قُلْ بِفَضْلِ ٱللَّهِ وَبِرَحْمَتِهِۦ فَبِذَٰلِكَ فَلْيَفْرَحُوا۟ هُوَ خَيْرٌ مِّمَّا يَجْمَعُونَ

“പറയുക, അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ടും കാരുണ്യംകൊണ്ടുമാണത്. അതുകൊണ്ടവർ സന്തോഷിച്ചുകൊള്ളട്ടെ. അതാണ് അവർ സമ്പാദിച്ചുകൂട്ടിക്കൊണ്ടിരിക്കുന്നതിനെക്കാ ൾ ഉത്തമമായിട്ടുള്ളത്’’ (10:58).