സൂറഃ ക്വാഫ്, ഭാഗം 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ജനുവരി 29, 1442 ജുമാദൽ ആഖിർ 26

അധ്യായം: 50, ഭാഗം 1 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

قٓ ۚ وَٱلْقُرْءَانِ ٱلْمَجِيدِ (١) بَلْ عَجِبُوٓا۟ أَن جَآءَهُم مُّنذِرٌ مِّنْهُمْ فَقَالَ ٱلْكَـٰفِرُونَ هَـٰذَا شَىْءٌ عَجِيبٌ (٢) أَءِذَا مِتْنَا وَكُنَّا تُرَابًا ۖ ذَٰلِكَ رَجْعٌۢ بَعِيدٌ (٣) قَدْ عَلِمْنَا مَا تَنقُصُ ٱلْأَرْضُ مِنْهُمْ ۖ وَعِندَنَا كِتَـٰبٌ حَفِيظٌۢ (٤) بَلْ كَذَّبُوا۟ بِٱلْحَقِّ لَمَّا جَآءَهُمْ فَهُمْ فِىٓ أَمْرٍ مَّرِيجٍ (٥) أَفَلَمْ يَنظُرُوٓا۟ إِلَى ٱلسَّمَآءِ فَوْقَهُمْ كَيْفَ بَنَيْنَـٰهَا وَزَيَّنَّـٰهَا وَمَا لَهَا مِن فُرُوجٍ (٦) وَٱلْأَرْضَ مَدَدْنَـٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ زَوْجٍۭ بَهِيجٍ (٧) تَبْصِرَةً وَذِكْرَىٰ لِكُلِّ عَبْدٍ مُّنِيبٍ (٨‬) وَنَزَّلْنَا مِنَ ٱلسَّمَآءِ مَآءً مُّبَـٰرَكًا فَأَنۢبَتْنَا بِهِۦ جَنَّـٰتٍ وَحَبَّ ٱلْحَصِيدِ (٩) وَٱلنَّخْلَ بَاسِقَـٰتٍ لَّهَا طَلْعٌ نَّضِيدٌ (١٠) رِّزْقًا لِّلْعِبَادِ ۖ وَأَحْيَيْنَا بِهِۦ بَلْدَةً مَّيْتًا ۚ كَذَٰلِكَ ٱلْخُرُوجُ (١١)

(01). ക്വാഫ്. മഹത്ത്വമേറിയ ക്വുര്‍ആന്‍ തന്നെ യാണ് സത്യം. (02). എന്നാല്‍ അവരില്‍നിന്നു തന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്ത് വന്നതിനാല്‍ അവര്‍ ആശ്ചര്യപ്പെട്ടു. എന്നിട്ട് സത്യനിഷേധികള്‍ പറഞ്ഞു: ഇത് അത്ഭുതകരമായ കാര്യമാകുന്നു. (03). നാം മരിച്ച് മണ്ണായിക്കഴിഞ്ഞിട്ടോ (ഒരു പുനര്‍ജന്മം ?), അത് വിദൂരമായ ഒരു മടക്കമാകുന്നു. (04). അവരില്‍നിന്ന് ഭൂമി ചുരുക്കിക്കൊണ്ടിരിക്കുന്നത് നാം അറിഞ്ഞിട്ടുണ്ട്; തീര്‍ച്ച. നമ്മുടെ അടുക്കല്‍ (വിവരങ്ങള്‍) സൂക്ഷ്മമായി രേഖപ്പെടുത്തിയ ഒരു ഗ്രന്ഥവുമുണ്ട്. (05). എന്നാല്‍ സത്യം അവര്‍ക്കു വന്നെത്തിയപ്പോള്‍ അവര്‍ അത് നിഷേധിച്ചുകളഞ്ഞു. അങ്ങനെ അവര്‍ ഇളകിക്കൊണ്ടിരിക്കുന്ന (അനിശ്ചിതമായ) ഒരു നിലപാടിലാകുന്നു. (06). അവര്‍ക്കു മുകളിലുള്ള ആകാശത്തേക്ക് അവര്‍ നോക്കിയിട്ടില്ലേ; എങ്ങനെയാണ് നാം അതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്? അതിന് വിടവുകളൊന്നുമില്ല. (07). ഭൂമിയാകട്ടെ; നാം അതിനെ വികസിപ്പിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ നാം സ്ഥാപിക്കുകയും കൗതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു. (08). (സത്യത്തിലേക്ക്) മടങ്ങുന്ന ഏതൊരു ദാസന്നും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി. (09). ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും എന്നിട്ട് അതുമൂലം പലതരം തോട്ടങ്ങളും കൊയ്‌തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു. (10). അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും. (11). (നമ്മുടെ) ദാസന്മാര്‍ക്ക് ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്‍ജീവമായ നാടിനെ അതുമൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു (ക്വബ്‌റുകളില്‍നിന്നുള്ള) പുറപ്പാട്.

1. ക്വുര്‍ആന്‍കൊണ്ട് അല്ലാഹു സത്യം ചെയ്ത് പറയുന്നു. അതായത് അതിന്റെ ആശയവിശാലത, മഹത്ത്വം, വിഷയങ്ങളുടെ ആധിക്യം, വര്‍ധിച്ച അനുഗ്രഹങ്ങള്‍, മഹത്തായ നന്മകള്‍, അതിന്റെ സവിശേഷതകളും വൈപുല്യമഹത്ത്വം, മുന്‍കാലക്കാരുടെയും പില്‍ക്കാലക്കാരുടെയുമെല്ലാം വിജ്ഞാനങ്ങളെ അതുള്‍ക്കൊള്ളുന്ന സാഹിത്യമെന്ന നിലയ്ക്ക് അതിന്റെ പൂര്‍ണത, പദങ്ങളുടെ മഹത്ത്വം, ആശയങ്ങളുടെ സമഗ്രതയും ഭംഗിയും എന്നിവകൊണ്ടെല്ലാം.

2. ഇതെല്ലാംതന്നെ അതിനെ പരിപൂര്‍ണമായി പിന്‍പറ്റാനും വേഗത്തില്‍ അതിന് കീഴൊതുങ്ങാനും ഈ അനുഗ്രഹത്തിന് അല്ലാഹുവിന് നന്ദി ചെയ്യാനും പ്രേരിപ്പിക്കുന്നതാണ്. എന്നാല്‍ അധികമാളുകളും അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ വില മനസ്സിലാക്കുന്നില്ല. അതാണ് അല്ലാഹു പറഞ്ഞത്: (എന്നാല്‍ അവര്‍ ആശ്ചര്യപ്പെട്ടു). അതായത് പ്രവാചകനെ നിഷേധിക്കുന്നവര്‍. (അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്ത് വന്നതിനാല്‍) അതായത് അവര്‍ക്ക് ദോഷകരമായത് വിരോധിച്ചും ഗുണകരമായത് കല്‍പിച്ചും. അവരുടെ വര്‍ഗത്തില്‍നിന്നുതന്നെ അവര്‍ക്കും സ്വീകരിക്കാന്‍ കഴിയുംവിധം അദ്ദേഹത്തിന്റെ സത്യതയും സാഹചര്യവും മനസ്സിലാക്കാന്‍ പറ്റുന്ന വിധത്തിലും. ഒരു നിലയ്ക്കും അത്ഭുതപ്പെടേണ്ടതില്ലാത്ത കാര്യത്തില്‍ അവര്‍ അത്ഭുതപ്പെട്ടു. മറിച്ച് അതില്‍ അത്ഭുതപ്പെടുന്നവന്റെ ബുദ്ധിയെക്കുറിച്ചാണ് അത്ഭുതപ്പെടേണ്ടത്. (എന്നിട്ട് സത്യനിഷേധികള്‍ പറഞ്ഞു) ബുദ്ധിക്കോ ചിന്തയ്‌ക്കോ കുറവില്ല. ആ നിഷേധത്തിന്റെയും അവിശ്വാസത്തിന്റെയും പ്രേരണയാല്‍. (ഇത് അത്ഭുതകരമായ കാര്യമാകുന്നു) അതായത് അവിശ്വസനീയ കാര്യം.

ഈ അവിശ്വാസം രണ്ടില്‍ ഒരു നിലക്കാവാം. അവര്‍ സത്യസന്ധമായും ഇത് സംഭവിക്കാത്തതായും അത്ഭുതകരമായും കാണുന്നു. അങ്ങ നെയാണെങ്കില്‍, അത് അവരുടെ അങ്ങേയറ്റത്തെ അറിവില്ലായ്മയെയും ബുദ്ധിക്കുറവിനെയും അറിയിക്കുന്നു. ബുദ്ധിയുള്ളവന്റെ വാക്കിനെ അപരിമിതമായിക്കാണുന്ന ഭ്രാന്തനെപ്പോലെ. ഒരു കുതിരപ്പടയെ ഒരു പടയാളി നേരിടുന്നതില്‍ അത്ഭുതപ്പെടുന്ന ഒരു ഭീരുവിന്റെ സ്ഥാനത്താണ്. സമ്പന്നരുടെ സമ്പന്നതയില്‍ അത്ഭുതപ്പെടുന്ന പിശുക്കിന്റെ സ്ഥാനത്ത്.

ഇത്തരം അത്ഭുതപ്പെടലുകള്‍കൊണ്ട് എന്ത് ഉപദ്രവമാണ് വരാനുളളത്? അവന്റെ അക്രമത്തിന്റെയും അറിവില്ലായ്മയുടെയും ആധിക്യത്തിന് ഒരു തെളിവ് മാത്രമല്ല ഈ അത്ഭുതപ്പെടല്‍. അവരുടെ തെറ്റ് അവര്‍ മനസ്സിലാക്കിക്കൊണ്ടാണ് അത്ഭുതപ്പെടുന്നതെങ്കില്‍ ഇത് ഏറ്റവും നികൃഷ്യവും അക്രമപരവും തന്നെയാണ്.

3.4.അവരത്ഭുതപ്പെടുന്ന വിഷയം തുടര്‍ന്ന് പറയുന്നു: (നാം മരിച്ചു മണ്ണായിക്കഴിഞ്ഞിട്ടോ  ഒരു പുനര്‍ജന്മം? അത് വിദൂരമായ ഒരു മട ക്കമാകുന്നു) എല്ലാരംഗത്തും ദുര്‍ബലനും പരാശ്രയനുമായ ഒരടിമയുടെ കഴിവിനോടാണ് എല്ലാ നിലക്കും സമ്പൂര്‍ണമായ, എല്ലാറ്റിനും കഴിയുന്നവന്റെ കഴിവിനെ അവര്‍ തുലനം ചെയ്തത്. ഒരറിവുമില്ലാത്ത വിഡ്ഢിയോട് എല്ലാം അറിയുവന്നവനെ അവര്‍ തുല്യപ്പെടുത്തി. (ഭൂ മി ചുരുക്കിക്കൊണ്ടിരിക്കുന്നത്) ക്വബ്‌റില്‍ കഴിച്ചുകൂടുന്ന സമയത്ത്. അവരുടെ ശരീരങ്ങളില്‍ അവന്റെ അടുക്കലുള്ള റിക്കാര്‍ഡില്‍ അവന്‍ തിട്ടപ്പെടുത്തി-മാറ്റമില്ലാതെ സംരക്ഷിക്കപ്പെടുന്ന-അവര്‍ക്ക് ജീവിതത്തിലും മരണത്തിലും സംഭവിക്കുന്നതെല്ലാം. ഇതെല്ലാം അവന്റെ വിശാലവും സമ്പൂര്‍ണവുമായ അറിവിനെ കുറിക്കുന്നു. ജീവിപ്പിക്കാനും മരിപ്പിക്കാനും കഴിയുന്ന അവനല്ലാതെ ആ അറിവ് മറ്റാരും അറിയുകയില്ല

5. (എന്നാല്‍) അവരില്‍നിന്നുണ്ടാകുന്ന വാക്കുകള്‍ സത്യങ്ങളില്‍ ഏറ്റവും ഉന്നതമായ സത്യത്തെ കളവാക്കലും ധിക്കാരവും മാത്രമാണ്. (സത്യം അവര്‍ക്ക് വന്നെത്തിയപ്പോള്‍ അവര്‍ ഇളകിക്കൊണ്ടിരിക്കുന്ന നിലപാടിലായിരുന്നു). കൂടിക്കലര്‍ന്നതും സംശയകരവുമായ, ഉറച്ചുനില്‍ക്കാത്ത ഒരു സ്ഥിരതയും ഇല്ലാത്ത നിലപാട്. ചിലപ്പോള്‍ നിന്നെക്കുറിച്ച് അവര്‍ പറയും 'ഭ്രാന്തന്‍' എന്ന്. മറ്റൊരിക്കല്‍ പറയും 'കവി' എന്ന്. അപ്രകാരം ക്വുര്‍ആനിനെ വ്യത്യസ്ത ഖണ്ഡങ്ങളാക്കി മാറ്റുകയും ചെയ്തു അവര്‍. എല്ലാവരും തങ്ങളുടെ പിഴച്ച ചിന്തകള്‍ ക്വുര്‍ആനിന്റെ പേരില്‍ പറഞ്ഞു. സത്യത്തെ കളവാക്കുന്നവര്‍ ഇങ്ങനെയാണ്. അവര്‍ സമ്മിശ്രമായ കാര്യങ്ങളിലാണ്. ഒരു കാഴ്ചപ്പാടോ സ്ഥിരതയോ അവര്‍ക്കില്ല. അതിനാല്‍ അ വരുടെ കാര്യങ്ങള്‍ കെട്ടിച്ചമച്ചുണ്ടാക്കിയതും വൈരുധ്യം നിറഞ്ഞതുമാണ്. സത്യത്തെ പിന്‍പറ്റുകയും അംഗീകരിക്കുകയും ചെയ്യുന്നവന്റെകാര്യമോ? അത് ഋജുവായതും അതിന്റെ വഴി നേരായതും അവന്റെ വാക്കും പ്രവൃത്തിയും സത്യസന്ധവുമായിരിക്കും.

6. സത്യനിഷേധികളുടെ അവസ്ഥയും അവരുടെ തകരാറുകളും പരാമര്‍ശിച്ചപ്പോള്‍ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലേക്ക് നോക്കുവാന്‍ അതവരെ ക്ഷണിക്കുന്നു. അതില്‍നിന്ന് പാഠമുള്‍ക്കൊള്ളാനും അവരുടെ വാദങ്ങള്‍ക്കെതിരെ തെളിവ് നല്‍കാനുംവേണ്ടി. (അവര്‍ക്ക് മുകളിലുള്ള ആകാശത്തേക്ക് അവര്‍ നോക്കിയിട്ടി ല്ലേ). വലിയ അധ്വാനമോ ശക്തിയോ ഒന്നും അതിന്നാവശ്യമില്ല. മറിച്ച്, വളരെ എളുപ്പമാണത്. അവര്‍ നോക്കേണ്ടത്: (എങ്ങനെയാണ് നാമതിനെ നിര്‍മിച്ചത്). എല്ലാ വശങ്ങളും സമമായ ഒരു കമാനം പോലെ കെട്ടുറപ്പുള്ള നിര്‍മിതി, പിന്‍വാങ്ങിപ്പോകുന്ന സഞ്ചരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയുമായ നക്ഷത്രങ്ങളെക്കൊണ്ട് ആകാശത്തെ അലങ്കരിച്ചു. ഒരു ചക്രവാളത്തില്‍നിന്ന് അടുത്ത ചക്രവാളത്തിലേക്ക് വളരെ ഭംഗിയോടെയും മോഡിയോടെയും അവ സഞ്ചരിക്കുന്നു. അതില്‍ ഒരു ന്യൂനതയോ, വിടവോ, തകരാറോ ഒന്നും കാണപ്പെടുകയില്ല. ഭൂവാസികള്‍ക്ക് അതിനെ (ആകാശത്തെ) അല്ലാഹു ഒരു മേല്‍ക്കൂരയാക്കി. അവര്‍ക്കാവശ്യമുള്ള എല്ലാ നന്മകളും അതിലവന്‍ വേണ്ടതുപോലെ ഒരുക്കിവെക്കുകയും ചെയ്തു.

7. ഭൂമിയെക്കുറിച്ചും ചിന്തിക്കുന്നില്ലേ? നാം എങ്ങനെയാണ് അതിനെ വികസിപ്പിക്കുകയും വിശാലമാക്കുകയും എല്ലാ ജീവികള്‍ക്കും അ തില്‍ ശാന്തമായി അടങ്ങാനും പറ്റിയ രൂപത്തിലും എല്ലാ നന്മകള്‍ക്കും ഉപകരിക്കത്തക്കവിധത്തിലും ആക്കിയതെന്നും. ഭൂമി കുലുങ്ങുകയോ വിറക്കുകയോ ചെയ്യാതിരിക്കാന്‍ അതില്‍ പര്‍വതങ്ങളെഉറപ്പിച്ചതിനെക്കുറിച്ചും. (കൗതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു). കാഴ്ചക്കാരനെ സന്തോഷിപ്പിക്കുന്ന, നോക്കുന്നവരെ വിസ്മയിപ്പിക്കുന്ന എല്ലാതരം ചെടികളും. മനുഷ്യനും മൃഗങ്ങള്‍ക്കും പ്രയോജനത്തിനും ഭക്ഷണത്തിനും വേണ്ടിയുള്ളത്. അവ നോക്കുന്നവന്റെ കണ്ണിനെ കുളിര്‍പ്പിക്കും.

8-11. രുചികരമായ പഴങ്ങള്‍ നിറഞ്ഞ ഉപകാരപ്രദമായ തോട്ടങ്ങളില്‍ മുന്തിരി, റുമ്മാന്‍, ഓറഞ്ച്, ആപ്പിള്‍ മുതലായ എല്ലാ ഇനം പഴങ്ങളുമുള്ളതില്‍ ചിലത് അല്ലാഹു പ്രത്യേകമായി പറഞ്ഞു. ഉയരമുള്ള ഈത്തപ്പന, അതിന്റെ ഉപകാരം നീണ്ടുനില്‍ക്കുന്നതും അത് അധികം മരങ്ങള്‍ക്കും എത്തിച്ചേരാന്‍ പറ്റാത്ത അത്ര ഉയരങ്ങളിലേക്ക് എത്തിച്ചേരുന്നതുമാണ്. അതിന്റെ അടുക്കടുക്കായ കുലകളില്‍നിന്നും അടിമകള്‍ക്കുള്ള ഭക്ഷണമുണ്ട്. അവര്‍ക്കും അവരുടെ കാലികള്‍ക്കും തിന്നാനും സൂക്ഷിച്ചുവെക്കാനുമുള്ള പഴങ്ങള്‍. അപ്രകാരം മഴയില്‍നിന്നും അല്ലാഹു ഉല്‍പാദിപ്പിക്കുന്നുണ്ട്. അതിന്റെ ഫലം ഭൂമുഖത്ത് നദികളിലും താഴെ ധാന്യങ്ങളാലുമുണ്ട്. (കൊയ്‌തെടുക്കുന്ന) കൊയ്‌തെടുക്കുന്ന കൃഷികള്‍, ഗോതമ്പ് ബാര്‍ലി, ചോളം നെല്ല്, മുതലായവ. ഇവയെക്കുറിച്ച് ചിന്തിക്കാനും (കണ്ടുമനസ്സിലാക്കാന്‍), അജ്ഞതയുടെ അന്ധതയില്‍നിന്നും ഉള്‍ക്കാഴ്ച ലഭിക്കാനും (അനുസ്മരിക്കുവാന്‍) ഇഹത്തിലും പരത്തിലും ഉപകാരപ്പെടുന്ന ബോധമുണ്ടാകാനും അല്ലാഹുവും റസൂലും പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഉദ്ബുദ്ധരാകാനും എല്ലാവര്‍ക്കും സാധിച്ചുകൊള്ളണമെന്നില്ല.(അല്ലാഹുവിലേക്ക് മടങ്ങുന്ന ഏതൊരു ദാസനും) അതായത് സ്‌നേഹത്തോടെയും ഭയത്തോടെയും പ്രതീക്ഷയോടെയും അവന്റെ വിളിക്ക് ഉത്തരം നല്‍കി അവനിലേക്ക് വരിക. എന്നാല്‍ നിഷേധിക്കുന്നവനും തിരിഞ്ഞുകളയുന്നവനും താക്കീതുകളോ ദൃഷ്ടാന്തങ്ങളോ യാതൊരു പ്രയോജനവും ചെയ്യുകയില്ല.

ചുരുക്കിപ്പറഞ്ഞാല്‍ സൃഷ്ടികളിലുള്ള ഭംഗി യും ശക്തിയും ബലവുമെല്ലാം അല്ലാഹുവിന്റെ കഴിവിന്റെ പൂര്‍ണതയ്ക്കുള്ള തെളിവാണ്. അല്ലാഹു ഏറ്റവും നല്ല യുക്തിമാനാണെന്നതിന്റെ തെളിവാണ് സൃഷ്ടിപ്പില്‍ കാണുന്ന ഭംഗിയും സുദൃഢതയും പുതുമയുമെല്ലാം. തീര്‍ച്ചയായും അവനെല്ലാം അറിയുന്നവനുമാകുന്നു. എല്ലാറ്റിലും വിശാലമായ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ തെളിവാണ്, സൃഷ്ടിപ്പില്‍ അടിമകള്‍ക്ക് ലഭിക്കുന്ന നന്മകളും പ്രയോജനങ്ങളും എല്ലാ ജീവനുള്ളവയിലും വ്യാപകമായ അവന്റെ ഔദാര്യവും സൃഷ്ടിപ്പിന്റെ ദൗത്യവും നൂതനമായ വ്യവസ്ഥാപിതത്വവും തെളിയിക്കുന്നത് സന്താനങ്ങളെയോ സഹധര്‍മിണിയെയോ സ്വീകരിച്ചിട്ടില്ലാത്ത പരാശ്രയമുക്തനായ ഏകനും ഒരുവനുമാണ് അല്ലാഹു എന്നതാണ്. അവന് തുല്യനായി ഒരാളും ഇല്ലെന്നതും. അവന്നല്ലാതെ സ്‌നേഹവും വിധേയത്വവും ആരാധനയും പാടില്ലെന്ന് കൂടിയാണ്. നിര്‍ജീവമായതിനുശേഷം ഭൂമിയെ ജീവിപ്പിക്കുന്നതില്‍ മരണശേഷം പ്രതിഫലം നല്‍കാന്‍ വേണ്ടി മരിച്ചവരെ ജീവിപ്പിക്കുമെന്നതിന്റെ തെളിവുണ്ട്. (നിര്‍ജീവമായ നാടിനെ അതുമൂലം നാം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു-ഖബ്‌റുകളില്‍ നിന്നുള്ള-പുറപ്പാട്).