സൂറഃ അസ്സുഖ് റുഫ് (സുവർണാലങ്കാരം), ഭാഗം 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ഒക്ടോബർ 29, 1444 റബീഉൽ ആഖിർ 03

അധ്യായം: 43, ഭാഗം 2 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَإِنَّآ إِلَىٰ رَبِّنَا لَمُنقَلِبُونَ (١٤) وَجَعَلُوا۟ لَهُۥ مِنْ عِبَادِهِۦ جُزْءًا ۚ إِنَّ ٱلْإِنسَـٰنَ لَكَفُورٌ مُّبِينٌ (١٥) أَمِ ٱتَّخَذَ مِمَّا يَخْلُقُ بَنَاتٍ وَأَصْفَىٰكُم بِٱلْبَنِينَ (١٦) وَإِذَا بُشِّرَ أَحَدُهُم بِمَا ضَرَبَ لِلرَّحْمَـٰنِ مَثَلًا ظَلَّ وَجْهُهُۥ مُسْوَدًّا وَهُوَ كَظِيمٌ (١٧) أَوَمَن يُنَشَّؤُا۟ فِى ٱلْحِلْيَةِ وَهُوَ فِى ٱلْخِصَامِ غَيْرُ مُبِينٍ (١٨) وَجَعَلُوا۟ ٱلْمَلَـٰٓئِكَةَ ٱلَّذِينَ هُمْ عِبَـٰدُ ٱلرَّحْمَـٰنِ إِنَـٰثًا ۚ أَشَهِدُوا۟ خَلْقَهُمْ ۚ سَتُكْتَبُ شَهَـٰدَتُهُمْ وَيُسْـَٔلُونَ (١٩) وَقَالُوا۟ لَوْ شَآءَ ٱلرَّحْمَـٰنُ مَا عَبَدْنَـٰهُم ۗ مَّا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَخْرُصُونَ (٢٠) أَمْ ءَاتَيْنَـٰهُمْ كِتَـٰبًا مِّن قَبْلِهِۦ فَهُم بِهِۦ مُسْتَمْسِكُونَ (٢١) بَلْ قَالُوٓا۟ إِنَّا وَجَدْنَآ ءَابَآءَنَا عَلَىٰٓ أُمَّةٍ وَإِنَّا عَلَىٰٓ ءَاثَـٰرِهِم مُّهْتَدُونَ (٢٢) وَكَذَٰلِكَ مَآ أَرْسَلْنَا مِن قَبْلِكَ فِى قَرْيَةٍ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَآ إِنَّا وَجَدْنَآ ءَابَآءَنَا عَلَىٰٓ أُمَّةٍ وَإِنَّا عَلَىٰٓ ءَاثَـٰرِهِم مُّقْتَدُونَ (٢٣) قَـٰلَ أَوَلَوْ جِئْتُكُم بِأَهْدَىٰ مِمَّا وَجَدتُّمْ عَلَيْهِ ءَابَآءَكُمْ ۖ قَالُوٓا۟ إِنَّا بِمَآ أُرْسِلْتُم بِهِۦ كَـٰفِرُونَ (٢٤) فَٱنتَقَمْنَا مِنْهُمْ ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُكَذِّبِينَ (٢٥) وَإِذْ قَالَ إِبْرَٰهِيمُ لِأَبِيهِ وَقَوْمِهِۦٓ إِنَّنِى بَرَآءٌ مِّمَّا تَعْبُدُونَ (٢٦) إِلَّا ٱلَّذِى فَطَرَنِى فَإِنَّهُۥ سَيَهْدِينِ (٢٧)

14. തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവർ തന്നെയാകുന്നു.

15. അവന്റെ ദാസൻമാരിൽ ഒരു വിഭാഗത്തെ അവരതാ അവന്റെ അംശം (അഥവാ മക്കൾ) ആക്കിവെച്ചിരിക്കുന്നു. തീർച്ചയായും മനുഷ്യൻ പ്രത്യക്ഷമായിത്തന്നെ തികച്ചും നന്ദികെട്ടവനാകുന്നു.

16. അതല്ല, താൻ സൃഷ്ടിക്കുന്ന കൂട്ടത്തിൽ നിന്ന് പെൺമക്കളെ അവൻ(സ്വന്തമായി) സ്വീകരിക്കുകയും, ആൺമക്കളെ നിങ്ങൾക്ക് പ്രത്യേകമായി നൽകുകയും ചെയ്തിരിക്കുകയാണോ?

17. അവരിൽ ഒരാൾക്ക്, താൻ പരമകാരുണികന്ന് ഉപമയായി എടുത്തുകാണിക്കാറുള്ളതിനെ(പെൺകുഞ്ഞിനെ)പ്പറ്റി സന്തോഷവാർത്ത അറിയിക്കപ്പെട്ടാൽ അവന്റെ മുഖം കരുവാളിച്ചതാകുകയും അവൻ കുണ്ഠിതനാവുകയും ചെയ്യുന്നു.

18. ആഭരണമണിയിച്ച് വളർത്തപ്പെടുന്ന, വാഗ്വാദത്തിൽ (ന്യായം) തെളിയിക്കാൻ കഴിവില്ലാത്ത ഒരാളാണോ (അല്ലാഹുവിന് സന്താനമായി കൽപിക്കപ്പെടുന്നത്?).

19. പരമകാരുണികന്റെ ദാസൻമാരായ മലക്കുകളെ അവർ പെണ്ണുങ്ങളാക്കിയിരിക്കുന്നു. അവരെ (മലക്കുകളെ) സൃഷ്ടിച്ചതിന് അവർ സാക്ഷ്യം വഹിച്ചിരുന്നോ? അവരുടെ സാക്ഷ്യം രേഖപ്പെടുത്തുന്നതും അവർ ചോദ്യം ചെയ്യപ്പെടുന്നതുമാണ്.

20. പരമകാരുണികൻ ഉദ്ദേശിച്ചിരുന്നെങ്കിൽ ഞങ്ങൾ അവരെ (മലക്കുകളെ) ആരാധിക്കുമായിരുന്നില്ല എന്ന് അവർ പറയുകയും ചെയ്യും. അവർക്ക് അതിനെപറ്റി യാതൊരു അറിവുമില്ല. അവർ ഊഹിച്ച് പറയുക മാത്രമാകുന്നു.

21. അതല്ല, അവർക്ക് നാം ഇതിനുമുമ്പ് വല്ല ഗ്രന്ഥവും നൽകിയിട്ട് അവർ അതിൽ മുറുകെപിടിച്ച് നിൽക്കുകയാണോ?

22. അല്ല, ഞങ്ങളുടെ പിതാക്കൾ ഒരു മാർഗത്തിൽ നിലകൊള്ളുന്നതായി ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. തീർച്ചയായും ഞങ്ങൾ അവരുടെ കാൽപാടുകളിൽ നേർമാർഗം കണ്ടെത്തിയിരിക്കുകയാണ് എന്നാണ് അവർ പറഞ്ഞത്.

23. അതുപോലെത്തന്നെ നിനക്ക് മുമ്പ് ഏതൊരു രാജ്യത്ത് നാം താക്കീതുകാരനെ അയച്ചപ്പോഴും ഞങ്ങളുടെ പിതാക്കളെ ഒരു മാർഗത്തിൽ നിലകൊള്ളുന്നവരായി ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു; തീർച്ചയായും ഞങ്ങൾ അവരുടെ കാൽപാടുകളെ അനുഗമിക്കുന്നവരാകുന്നു എന്ന് അവിടെയുള്ള സുഖലോലുപന്മാർ പറയാതിരുന്നിട്ടില്ല.

24. അദ്ദേഹം (താക്കീതുകാരൻ) പറഞ്ഞു: നിങ്ങൾ നിങ്ങളുടെ പിതാക്കളെ ഏതൊരു മാർഗത്തിൽ കണ്ടെത്തിയോ, അതിനെക്കാളും നല്ല മാർഗം കാണിച്ചുതരുന്ന ഒരു സന്ദേശവുംകൊണ്ട് ഞാൻ നിങ്ങളുടെ അടുത്ത് വന്നാലും(നിങ്ങൾ പിതാക്കളെത്തന്നെ അനുകരിക്കുകയോ?). അവർ പറഞ്ഞു; നിങ്ങൾ ഏതൊരു സന്ദേശവുംകൊണ്ട് അയക്കപ്പെട്ടിരിക്കുന്നുവോ അതിൽ തീർച്ചയായും ഞങ്ങൾ വിശ്വാസമില്ലാത്തവരാകുന്നു.

25. അതിനാൽ നാം അവർക്ക് ശിക്ഷ നൽകി. അപ്പോൾ ആ സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക.

26. ഇബ്‌റാഹീം തന്റെ പിതാവിനോടും ജനങ്ങളോടും ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാകുന്നു:) തീർച്ചയായും ഞാൻ നിങ്ങൾ ആരാധിക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നവനാകുന്നു.

27. എന്നെ സൃഷ്ടിച്ചവനൊഴികെ. കാരണം തീർച്ചയായും അവൻ എനിക്ക് മാർഗദർശനം നൽകുന്നതാണ്.

15). അല്ലാഹുവിന് സന്താനങ്ങളെ നിശ്ചയിക്കുന്നവരുടെ നീചപ്രവൃത്തിയെക്കുറിച്ചാണ് അല്ലാഹു ഇവിടെ പരാമർശിക്കുന്നത്. അവൻ ഏകനും പരാശ്രയമുക്തനുമാകുന്നു. അവൻ സന്താനത്തെയോ ഇണയെയോ സ്വീകരിച്ചിട്ടില്ല. അവന് തുല്യനായി ഒരാളുമില്ല. പല നിലക്കും ഈ വാദം അസത്യമാണ്. അതിലൊന്ന്, സൃഷ്ടികളെല്ലാം അവന്റെ ദാസന്മാരാണ്. ആരാധ്യനാവുക എന്നത് സന്താനങ്ങളുണ്ടാവുക എന്നതിനെ നിരാകരിക്കുന്നു. മറ്റൊന്ന്, സന്താനം പിതാവിന്റെ ഭാഗമാണ്. അല്ലാഹു തന്റെ സൃഷ്ടികളിൽനിന്ന് തീർത്തും വ്യത്യസ്തനാണ്. അവന്റെ വിശേഷണങ്ങളും പ്രത്യേകതകളും തീർത്തും സൃഷ്ടികളിൽനിന്നും വളരെ വ്യത്യസ്തമാണ്. പുത്രൻ പിതാവിന്റെ ഭാഗമാകയാൽ അല്ലാഹുവിന് സന്താനമുണ്ടാകൽ അസംഭവ്യമാണ്.

16). മറ്റൊന്ന്; മലക്കുകൾ അല്ലാഹുവിന്റെ പെ ൺമക്കളാണെന്ന് അവർ വാദിക്കുന്നു. സ്ത്രീ പുരുഷ വർഗത്തിൽ സ്ത്രീകളാണ് താഴെയെങ്കിൽ ആൺമക്കളെ അവർ തെരഞ്ഞെടുക്കുകയും പെൺകുട്ടികളെ അല്ലാഹുവിന് നിശ്ചയിക്കുകയും ചെയ്യുന്നതെങ്ങനെയാണ്? അപ്പോൾ അവർ അല്ലാഹുവിനെക്കാൾ ശ്രേഷ്ഠരാണോ? അങ്ങനെയാകുന്നതിൽനിന്ന് അല്ലാഹു ഉന്നതനും മഹാനുമത്രെ.

17) മറ്റൊന്ന്; അല്ലാഹുവിലേക്ക് അവർ ചേർത്തുപറയുന്ന വിഭാഗം-പെൺമക്കൾ-രണ്ട് വർഗങ്ങളിൽ താഴ്ന്നതായി കാണുന്നവരും അവർക്ക് ഏറ്റവും വെറുപ്പുള്ളതുമാണ്. എത്രത്തോളമാണ് ആ വെറുപ്പെന്നത് ഈ വാചകങ്ങളിലുണ്ട്:

وَإِذَا بُشِّرَ أَحَدُهُم بِمَا ضَرَبَ لِلرَّحْمَٰنِ مَثَلًا ظَلَّ وَجْهُهُۥ مُسْوَدًّا وَهُوَ كَظِيمٌ

“അവരിൽ ഒരാൾക്കും താൻ പരമകാരുണികന് ഉപമയായി എടുത്തുകാണിക്കാറുള്ളതിനെ-പെൺകുഞ്ഞിനെ-പ്പറ്റി സന്തോഷവാർത്ത അറിയിക്കപ്പെട്ടാൽ അവന്റെ മുഖം കരുവാളിച്ചതാ വുകയും അവൻ കുണ്ഠിതനാവുകയും ചെയ്യും). വെറുപ്പുകൊണ്ടും കഠിനമായ കോപം കാരണത്താലും അവന് ഇഷ്ടമില്ലാത്തത് അവരെങ്ങനെ അല്ലാഹുവിന് നിശ്ചയിച്ചുകൊടുക്കും?

18) മറ്റൊന്ന്; സ്ത്രീക്ക് അവളുടെ കാര്യങ്ങളിലും സംസാരത്തിലും കാര്യങ്ങൾ വ്യക്തമാക്കുന്നതിലുമെല്ലാം ചില അപൂർണതകളുണ്ട്. അതാണ് അല്ലാഹു പറഞ്ഞത്: (ആഭരണമണിയിച്ച് വളർത്തപ്പെടുന്ന) അഭംഗി പരിഹരിക്കാൻ ഭംഗിയുണ്ടാക്കപ്പെടുന്ന, ഭംഗിക്ക് പുറത്തുനിന്നുള്ളത് ആവശ്യമായി വരുന്നവൾ. (വാഗ്വാദത്തിൽ) അനിവാര്യമായ വാഗ്വാദവേളകളിൽ തന്റെ ഭാഗം പ്രകടമായി പറയാൻ കഴിയാത്ത. (തെളിയിക്കാൻ കഴിവില്ലാത്ത) മനസ്സിലുള്ള കാര്യം വ്യക്തമാക്കാൻ കഴിയാത്ത, തന്റെ തെളിവുകൾ വ്യക്തമാക്കാൻ പറ്റാത്ത അവരെ എങ്ങനെയാണവർ അല്ലാഹുവിലേക്ക് ചേർത്തു പറയുന്നത്?

19) മറ്റൊന്ന്; (പരമകാരുണികന്റെ ദാസന്മാരായ മലക്കകുളെ അവർ പെണ്ണുങ്ങളാക്കിയിരിക്കുന്നു) അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ച ദാസന്മാരായ മലക്കുകളുടെ കാര്യത്തിൽ അവർ ധൈര്യപ്പെട്ട് അവരെ കീഴ്‌പ്പെടേണ്ട ദാസന്മാർ എന്ന പദവിയിൽനിന്ന് അല്ലാഹുവിന്റെ ചില പ്രത്യേകതകളുള്ള പങ്കാളികളുടെ സ്ഥാനത്തേക്ക് അവരെ അവർ ഉയർത്തി. പിന്നീടവരെ പുരുഷന്മാരുടെ സ്ഥാനത്തുനിന്ന് സ്ത്രീകളുടെ സ്ഥാനത്തേക്ക് താഴ്ത്തുകയും ചെയ്തു. തന്റെ പ്രവാചകനോട് ധിക്കാരം കാണിക്കുകയും അവന്റെ മേൽ കളവ് പറയുകയും ചെയ്യുന്നതിലൂടെ കാണിച്ച വൈരുധ്യങ്ങളിൽ നിന്ന് അവൻ മഹാപരിശുദ്ധൻ.

മറ്റൊന്ന്: അല്ലാഹു അവർക്ക് മറുപടിയായി നൽകുന്നത്, തന്റെ മലക്കുകളെ സൃഷ്ടിക്കുന്ന സമയത്ത് അവർ ഹാജരായിരുന്നില്ല. അല്ലാഹുവിന് മാത്രമറിയുന്ന, അവർക്കൊരറിവുമില്ലാത്ത കാര്യത്തെക്കുറിച്ച് അവർ സംസാരിക്കുന്നത് എങ്ങനെയാണ്? ഈ സാക്ഷിത്വത്തെക്കുറിച്ച് ചോദിക്കപ്പെടും. രേഖപ്പെടുത്തപ്പെടുകയും അതിലവർ ശിക്ഷിക്കപ്പെടുകയും ചെയ്യും.

20). അല്ലാഹു പറയുന്നു (പരമകാരുണികൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഞങ്ങൾ അവരെ - മലക്കുകളെ - ആരാധിക്കുമായിരുന്നില്ല. അല്ലാഹുവിന്റെ ഉദ്ദേശ്യം എന്ന കാര്യം അവരുടെ ആരാധനയും അവർ ഇവിടെ തെളിവാക്കുകയാണ്. സാധാരണ മുശ്‌രിക്കുകൾ തെളിവാക്കാറുള്ള ഒരു കാര്യമാണിത്. പ്രമാണവും ബുദ്ധിയും അനുസരിച്ച് ഈ തെളിവ് വളരെയധികം നിരർഥകമാണ്. വിധിയെ തെളിവാക്കുന്നതിനെ ബുദ്ധിയുള്ള ഒരാളും അംഗീകരിക്കുകയില്ല. ഇനി ഏതെങ്കിലും ഒരു സന്ദർത്തിൽ ഒരാൾ അതൊരു തെളിവാക്കിയാൽ തന്നെ എല്ലായ്‌പ്പോഴും അയാൾക്കത് തെളിവാക്കാനാവില്ല. എന്നാൽ പ്രാമാണികമായി അല്ലാഹുതന്നെ ഈ തെളിവിനെ തള്ളിക്കളയുന്നു. മുശ്‌രിക്കുകളും പ്രവാചകന്മാരെ തള്ളിക്കളയുന്നവരുമല്ലാതെ ഇത് തെളിവാക്കിയിട്ടില്ല. അല്ലാഹു തന്റെ ദാസന്മാർക്കെതിരെ തെളിവ് സ്ഥാപിക്കുകയാണിവിടെ. ആർക്കും അതിൽ യാതൊരു തെളിവും ശേഷിക്കുന്നില്ല. അതാണ് പറഞ്ഞത്(അവർക്ക് അതിനെപ്പറ്റി യാതൊരറിവുമില്ല. അവർ ഊഹിച്ച് പറയുക മാത്രമാകുന്നു). തെളിവില്ലാതെ ഊഹിച്ച് പറയുക ആശയക്കുഴപ്പത്തിലാവുകയും ചെയ്യുന്നു.

21). തുടർന്ന് പറയുന്നു (അതല്ല അവർക്ക് നാം ഇതിനു മുമ്പ് വല്ല ഗ്രന്ഥവും നൽകിയിട്ട് അവർ അതിൽ മുറുകെപ്പിടിച്ച് നിൽക്കുകയാണോ?) അവരുടെ വാക്കും പ്രവൃത്തിയും ശരിയാണെന്ന് പറയുകയാണോ ഇവിടെ? അതല്ല, മറിച്ച് അല്ലാഹു മുഹമ്മദ് നബി ﷺ യെ അവർക്ക് മുന്നറിയിപ്പ് നൽകുന്നവനായി അയച്ചു. മറ്റൊരു മുന്നറിയിപ്പുകാരനും അവർക്ക് വന്നിട്ടുമില്ല. മറ്റൊരർഥത്തിൽ പറഞ്ഞാൽ പ്രാമാണികമായോ ബുദ്ധിപരമായോ ഇവരുടെ വാദങ്ങൾക്ക് യാതൊരു തെളിവുമില്ല. ബുദ്ധിയും പ്രമാണവും എതിരായ കാര്യത്തിൽ ഒരിക്കലും ശരിയുണ്ടാവില്ല.

22). അതെ, ഏറ്റവും ദുർബലമായ ചില സംശയങ്ങളാണ് അവർക്കുള്ളത്. വഴിതെറ്റിപ്പോയവരുടെ പിതാക്കളെ അനുകരിക്കലാണത്. അന്ധമായ അനുകരണത്തിലൂടെ പ്രവാചകന്മാരുടെ പ്രബോധനത്തെ എതിർത്ത അവിശ്വാസികളായിരുന്നു അവർ. അതാണിവിടെ പറഞ്ഞത്: (അല്ല, ഞങ്ങളുടെ പിതാക്കൾ ഒരു മാർഗത്തിൽ നിലകൊള്ളുന്നതായി ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു) അതായത്, ഒരു മതത്തിലും മാർഗത്തിലും. തീർച്ചയായും ഞങ്ങൾ അവരുടെ കാൽപാടുകളിൽ നേർമാർഗം കണ്ടെത്തിയിരിക്കുകയാണ്. അതിനാൽ മുഹമ്മദ് കൊണ്ടുവന്നത് ഞങ്ങൾ പിൻപറ്റുകയില്ല.

23). (അതുപോലത്തന്നെ നിനക്ക് മുമ്പ് ഏതൊരു രാജ്യത്ത് നാം താക്കീതുകാരനെ അയച്ചപ്പോഴും അവിടെയുള്ള സുഖലോലുപന്മാർ പറയാതിരുന്നിട്ടില്ല) സത്യത്തോട് അഹങ്കാരം കാണിക്കുന്ന, തങ്ങളുടെ സമ്പത്തിൽ വഞ്ചിതരായ, ഭൗതിക ജീവിതം അക്രമികളാക്കിയ നേതാക്കളും സുഖലോലുപരും. (ഞങ്ങളുടെ പി താക്കളെ ഒരു മാർഗത്തിൽ നിലകൊള്ളുന്നവരായി ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. തീർച്ചയായും ഞങ്ങൾ അവരുടെ കാൽപാടുകളെ അനുഗമിക്കുന്നവരാകുന്നു) അവർ പുതിയൊരു വിഭാഗമൊന്നുമല്ല. ഇവർക്ക് മുമ്പുള്ളവരും ഇതേ വാദമുന്നയിച്ചിട്ടുണ്ട്. വഴിപിഴച്ചവരായ പൂർവപിതാക്കളെ അനുകരിക്കുന്നവരാണ് തങ്ങളെന്ന ഈ മുശ്‌രിക്കുകളുടെ വാദം സത്യത്തെയും സന്മാർഗത്തെയും പിൻപറ്റാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല. അത് പച്ചയായ പക്ഷംപിടിക്കൽ മാത്രമാണ്; അവർ ഇപ്പോൾ നിലകൊള്ളുന്ന അസത്യത്തെ സഹായിക്കലും.

24). ഈ അസത്യമായ വാദമുന്നയിച്ച് പ്രവാചകന്മാരോട് എതിർത്തുനിന്നവരോടെല്ലാം അവർ പറഞ്ഞത്: (നിങ്ങൾ നിങ്ങളുടെ പിതാക്കളെ ഏതൊരു മാർഗത്തിൽ കണ്ടെത്തിയോ അതിനെക്കാൾ നല്ല മാർഗം കാണിച്ചുതരുന്ന ഒരു സന്ദേശവുംകൊണ്ട് ഞാൻ നിങ്ങളുടെ അടുത്തുവന്നാലും). സന്മാർഗം പ്രാപിക്കാൻ നിങ്ങൾ എന്നെ പിൻപറ്റുമോ? (അവർ പറഞ്ഞു: നിങ്ങൾ ഏതൊരു സന്ദേശവുംകൊണ്ട് അയക്കപ്പെട്ടിരിക്കുന്നുവോ, തീർച്ചയായും ഞങ്ങൾ അതിൽ വിശ്വാസമില്ലാത്തവരാകുന്നു). ഇതിൽ നിന്ന് വ്യക്തമാണ് അവർ സത്യവും സന്മാർഗവും പിൻതുടരാൻ ഉദ്ദേശിക്കുന്നില്ലെന്ന്. അവരുടെ ലക്ഷ്യം തന്നിഷ്ടവും അസത്യവും പിൻപറ്റൽ തന്നെയാണ്.

25). (അതിനാൽ നാം അവർക്ക് ശിക്ഷ നൽകി) ഇത്തരം അസത്യമായ വാദങ്ങൾകൊണ്ട് സത്യത്തെ കളവാക്കിയവർക്ക്. (അപ്പോൾ ആ സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവന്ന് നോക്കുക) അവർക്ക് സംഭവിച്ചതു തന്നെയാണ് ഇവർക്കും സംഭവിക്കുക. നിഷേധത്തിൽ തുടരുന്നവർ ഭയപ്പെട്ടുകൊള്ളട്ടെ.

26). ഖലീൽ ഇബ്‌റാഹീം നബി(അ)യുടെ മാർഗത്തെക്കുറിച്ചാണ് അല്ലാഹു ഇവിടെ പറയുന്നത്. മുശ്‌രിക്കുകളും വേദക്കാരും അദ്ദേഹ ത്തിലേക്കാണ് ചെന്നുചേരുന്നത്. അവരെല്ലാവരും വാദിക്കുന്നതും അദ്ദേഹത്തിന്റെ മാർഗത്തിലാണ് അവരെന്നാണ്. അദ്ദേഹം തന്റെ സന്താനങ്ങളിൽ അനന്തരമായി നൽകിയ മതത്തെക്കുറിച്ച് അല്ലാഹു അവർക്ക് പറഞ്ഞുകൊടുക്കുന്നു. (ഇബ്‌റാഹീം തന്റെ പിതാവിനോടും ജനങ്ങളോടും ഇപ്രകാരം പറഞ്ഞ സന്ദർഭം) ആരാധിക്കാനും സാമീപ്യംനേടാനും അല്ലാഹുവിനുപുറമെ ആരാധ്യന്മാരെ സ്വീകരിച്ചവരോട്. (തീർച്ചയായും ഞാൻ നിങ്ങൾ ആരാധിക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നവനാകുന്നു). അത് ഇഷ്ടപ്പെടാത്തവനും അത് ചെയ്യുന്നവരോട് അകന്നുനിൽക്കുന്നവനും എതിർക്കുന്നവനുമാണ്.

27). (എന്നെ സൃഷ്ടിച്ചവൻ ഒഴികെ) ഞാൻ അവനെ രക്ഷകനായി സ്വീകരിക്കുവാനും സത്യം മനസ്സിലാക്കാനും അതനുസരിച്ച് വേർതിരിക്കാനും അവനെനിക്ക് വഴികാണിക്കണമന്ന് ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്റെ ശരീരവും ഇഹലോക ജീവിതവും സുഗമമാകത്തക്കവിധം എന്നെ സംവിധാനിക്കുകയും സൃഷ്ടിക്കുകയും ചെയ്ത പോലെത്തന്നെ (തീർച്ചയായും അവനെനിക്ക് മാർഗദർശനം നൽകുന്നതാണ്). എന്റെ മതത്തിനും പരലോകത്തിനും ഗുണകരമായിത്തീരുംവിധം.