സൂറഃ അസ്സുഖ് റുഫ് (സുവർണാലങ്കാരം), ഭാഗം 5

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 നവംബർ 26, 1444 ജുമാദുൽ ഊല 01

അധ്യായം: 43, ഭാഗം 5 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَـٰتِنَآ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَقَالَ إِنِّى رَسُولُ رَبِّ ٱلْعَـٰلَمِينَ (٤٦) فَلَمَّا جَآءَهُم بِـَٔايَـٰتِنَآ إِذَا هُم مِّنْهَا يَضْحَكُونَ (٤٧‬) وَمَا نُرِيهِم مِّنْ ءَايَةٍ إِلَّا هِىَ أَكْبَرُ مِنْ أُخْتِهَا ۖ وَأَخَذْنَـٰهُم بِٱلْعَذَابِ لَعَلَّهُمْ يَرْجِعُونَ (٤٨) وَقَالُوا۟ يَـٰٓأَيُّهَ ٱلسَّاحِرُ ٱدْعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَ إِنَّنَا لَمُهْتَدُونَ (٤٩) فَلَمَّا كَشَفْنَا عَنْهُمُ ٱلْعَذَابَ إِذَا هُمْ يَنكُثُونَ (٥٠) وَنَادَىٰ فِرْعَوْنُ فِى قَوْمِهِۦ قَالَ يَـٰقَوْمِ أَلَيْسَ لِى مُلْكُ مِصْرَ وَهَـٰذِهِ ٱلْأَنْهَـٰرُ تَجْرِى مِن تَحْتِىٓ ۖ أَفَلَا تُبْصِرُونَ (٥١) أَمْ أَنَا۠ خَيْرٌ مِّنْ هَـٰذَا ٱلَّذِى هُوَ مَهِينٌ وَلَا يَكَادُ يُبِينُ (٥٢) فَلَوْلَآ أُلْقِىَ عَلَيْهِ أَسْوِرَةٌ مِّن ذَهَبٍ أَوْ جَآءَ مَعَهُ ٱلْمَلَـٰٓئِكَةُ مُقْتَرِنِينَ (٥٣) فَٱسْتَخَفَّ قَوْمَهُۥ فَأَطَاعُوهُ ۚ إِنَّهُمْ كَانُوا۟ قَوْمًا فَـٰسِقِينَ (٥٤) فَلَمَّآ ءَاسَفُونَا ٱنتَقَمْنَا مِنْهُمْ فَأَغْرَقْنَـٰهُمْ أَجْمَعِينَ (٥٥) فَجَعَلْنَـٰهُمْ سَلَفًا وَمَثَلًا لِّلْـَٔاخِرِينَ (٥٦) وَلَمَّا ضُرِبَ ٱبْنُ مَرْيَمَ مَثَلًا إِذَا قَوْمُكَ مِنْهُ يَصِدُّونَ (٥٧)

46. മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിർഔന്റെയും അവന്റെ പൗരമുഖ്യന്മാരുടെയും അടുത്തേക്ക് നാം അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: തീർച്ചയായും ഞാൻ ലോകരക്ഷിതാവിന്റെ ദൂതനാകുന്നു.

47. അങ്ങനെ അദ്ദേഹം നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അവരുടെ അടുത്ത് ചെന്നപ്പോൾ അവരതാ അവയെ കളിയാക്കി ചിരിക്കുന്നു.

48. അവർക്ക് നാം ഓരോ ദൃഷ്ടാന്തവും കാണിച്ചുകൊടുത്തുകൊണ്ടിരുന്നത് അതിന്റെ ഇണയെക്കാൾ മഹത്തരമായിക്കൊണ്ട് തന്നെയായിരുന്നു. അവർ (ഖേദിച്ചു) മടങ്ങുവാൻ വേണ്ടി നാം അവരെ ശിക്ഷകൾ മുഖേന പിടികൂടുകയും ചെയ്തു.

49. അവർ പറഞ്ഞു: ഹേ, ജാലവിദ്യക്കാരാ! താങ്കളുമായി താങ്കളുടെ രക്ഷിതാവ് കരാർ ചെയ്തിട്ടുള്ളതനുസരിച്ച് ഞങ്ങൾക്കുവേണ്ടി താങ്കൾ അവനോട് പ്രാർഥിക്കുക. തീർച്ചയായും ഞങ്ങൾ നേർമാർഗം പ്രാപിക്കുന്നവർ തന്നെയാകുന്നു.

50. എന്നിട്ട് അവരിൽനിന്ന് നാം ശിക്ഷ എടുത്തുകളഞ്ഞപ്പോൾ അവരതാ വാക്കുമാറുന്നു.

51. ഫിർഔൻ തന്റെ ജനങ്ങൾക്കിടയിൽ ഒരു വിളംബരം നടത്തി. അവൻ പറഞ്ഞു: എന്റെ ജനങ്ങളേ, ഈജിപ്തിന്റെ ആധിപത്യം എനിക്കല്ലേ? ഈ നദികൾ ഒഴുകുന്നതാകട്ടെ എന്റെ കീഴിലൂടെയാണ്. എന്നിരിക്കെ നിങ്ങൾ (കാര്യങ്ങൾ) കണ്ടറിയുന്നില്ലേ?

52. അല്ല, ഹീനനായിട്ടുള്ളവനും വ്യക്തമായി സംസാരിക്കാൻ കഴിയാത്തവനുമായ ഇവനെക്കാൾ ഉത്തമൻ ഞാൻ തന്നെയാകുന്നു.

53. അപ്പോൾ ഇവന്റെമേൽ സ്വർണവളകൾ അണിയിക്കപ്പെടുകയോ, ഇവനോടൊപ്പം തുണയായിക്കൊണ്ട് മലക്കുകൾ വരികയോ ചെയ്യാത്തതെന്താണ്?

54. അങ്ങനെ ഫിർഔൻ തന്റെ ജനങ്ങളെ വിഡ്ഢികളാക്കി. അവർ അവനെ അനുസരിച്ചു. തീർച്ചയായും അവർ അധർമകാരികളായ ഒരു ജനതയായിരുന്നു.

55. അങ്ങനെ അവർ നമ്മെ പ്രകോപിപ്പിച്ചപ്പോൾ നാം അവരെ ശിക്ഷിച്ചു. അവരെ നാം മുക്കി നശിപ്പിച്ചു.

56. അങ്ങനെ അവരെ പൂർവമാതൃകയും പിന്നീട് വരുന്നവർക്ക് ഒരു ഉദാഹരണവും ആക്കിത്തീർത്തു.

57. മർയമിന്റെ മകൻ ഒരു ഉദാഹരണമായി എടുത്തുകാണിക്കപ്പെട്ടപ്പോൾ നിന്റെ ജനതയതാ അതിന്റെ പേരിൽ ആർത്തുവിളിക്കുന്നു.

46). അല്ലാഹു പറയുന്നു: (നിനക്ക് മുമ്പ് നമ്മുടെ ദൂതന്മാരായി നാം അയച്ചവരോട് ചോദിച്ചുനോക്കുക. പരമകാരുണികന് പുറമെ ആരാധിക്കപ്പെടേണ്ട വല്ല ദൈവങ്ങളെയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്) ഇത് പറഞ്ഞ സന്ദർഭത്തിൽ അല്ലാഹു പരാമർശിക്കുന്നത് പ്രവാചകന്മാരിൽ പ്രശസ്തനായ മൂസാനബി(അ)യുടെ പ്രബോധനമാണ്. അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ ഏറ്റവുമധികം പരാമർശിച്ചതും അതാണ്; ഫിർഔനിനോടൊപ്പമുള്ള അദ്ദേഹത്തിന്റെ ചരിത്രം പറയാനും. (മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അയക്കുകയുണ്ടായി) ആ ദൃഷ്ടാന്തങ്ങൾ അദ്ദേഹം കൊണ്ടുവന്നതിന്റെ സത്യതയെ സ്ഥാപിക്കുന്നതായിരുന്നു. വടി, പാമ്പ്, വെട്ടുകിളി, പേൻ എന്നിവ പോലെയുള്ളത്. (ഫിർഔനിന്റെയും അവന്റെ പൗരമുഖ്യന്മാരുടെയം അടുത്തേക്ക് നാം അയക്കുകയുണ്ടായി. തീർച്ചയായും ഞാൻ ലോകരക്ഷിതാവിന്റെ ദൂതനാകുന്നു) തങ്ങളുടെ രക്ഷിതാവിനെ അംഗീകരിക്കാൻ അദ്ദേഹം അവരെ ക്ഷണിച്ചു. അവനല്ലാത്തവരെ ആരാധിക്കുന്നത് വിലക്കുകയും ചെയ്തു.

47,48). (അങ്ങനെ അദ്ദേഹം നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അവരുടെ അടുത്തേക്ക് ചെന്നപ്പോൾ അവരതാ അവയെ കളിയാക്കി ചിരിക്കുന്നു) അതായത്, അവരതിനെ തള്ളുകയും നിഷേധിക്കുകയും അക്രമപരമായും ധിക്കാരപരമായും പരിഹസിക്കുകയും ചെയ്തു. ദൃഷ്ടാന്തങ്ങളുടെ കുറവോ അവ്യക്തതയോ ഒട്ടും ഉണ്ടായിട്ടുമില്ല. അതാണ് അല്ലാഹു പറഞ്ഞത്: (അവർക്ക് നാം ഓരോ ദൃഷ്ടാന്തവും കാണിച്ചുകൊടുത്തുകൊണ്ടിരുന്നത് അതിന്റെ ഇണയെക്കാൾ മഹത്തരമായിക്കൊണ്ടുതന്നെയാകുന്നു) ആദ്യം വന്നതിനെക്കാൾ മഹത്ത്വമുള്ളതായിരുന്നു ശേഷം വന്നത്. (നാം അവരെ ശിക്ഷകൾ മുഖേന പിടികുടുകയും ചെയ്തു) വെട്ടുകിളി, തവള, പേൻ, രക്തം പോലെയുള്ള വ്യക്തമായ ദൃഷ്ടാന്തങ്ങളായിരുന്നു അത്. (അവർ മടങ്ങുവാൻ വേണ്ടി) ഇസ്‌ലാമിലേക്ക് മടങ്ങാനും കീഴ്‌പ്പെടാനും അവരുടെ ശിർക്കും ദോഷവും ഒഴിവാകുവാനും.

49) (അവർ പറഞ്ഞു). ശിക്ഷ ഇറങ്ങിയപ്പോൾ (ഹേ, ജാലവിദ്യക്കാരാ) അവൻ ഉദ്ദേശിച്ചത് മൂസാ നബി(അ)യെയാണ്. ഒരുപക്ഷേ, ഈ അഭിസംബോധനയിലൂടെ അദ്ദേഹത്തെ പരിഹസിക്കുകയാവാം. അല്ലെങ്കിൽ അവരെ സംബന്ധിച്ചിടത്തോളം ഇത് പ്രശംസയുമാകാം. അവർ പണ്ഡിതന്മാരെന്ന് വാദിക്കുന്നവരെ അവർ അഭിസംബോധന ചെയ്യാറുള്ള അതേ അഭിസംബോധനയിലൂടെ അവർ അദ്ദേഹത്തെ ബഹുമാനിക്കുകയുമായിരിക്കും. തുടർന്നവർ പറയുന്നു: (താങ്കളുമായി താങ്കളുടെ രക്ഷിതാവ് കരാർ ചെയ്തിട്ടുള്ളതനുസരിച്ച് ഞങ്ങൾക്കുവേണ്ടി താങ്കൾ അവനോട് പ്രാർഥിക്കുക. താങ്കൾക്ക് അല്ലാഹു നൽകിയ സവിശേഷമായ അനുഗ്രങ്ങളും സ്ഥാനങ്ങളും ഉള്ളതിനാൽ ശിക്ഷ നീങ്ങിക്കിട്ടാൻ താങ്കൾ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണം. (തീർച്ചയായും ഞങ്ങൾ നേർമാർഗം പ്രാപിക്കുന്നവർ തന്നെയാകുന്നു).

51). (ഫിർഔൻ തന്റെ ജനങ്ങൾക്കിടയിൽ ഒരു വിളംബരം നടത്തി) അസത്യത്തിൽ അഹങ്കരിച്ചും അധികാരത്തിൽ വഞ്ചിതനായും സമ്പത്തിലും സൈന്യത്തിലും അതിരു കവിഞ്ഞും. (ഈജിപ്തിന്റെ ആധിപത്യം എനിക്കല്ലേ?) ഈജിപ്തിന്റെ നിയന്ത്രണാധികാരങ്ങൾ എനിക്കല്ലേ? (ഈ നദികൾ ഒഴുകുന്നതാകട്ടെ എന്റെ കീഴിലൂടെയാണ്) നൈൽ നദിയിൽനിന്ന് കൈവഴികളായി ഒഴുകുന്ന നദികൾ കൊട്ടാരത്തിന്റെയും തോട്ടങ്ങളുടെയും മധ്യത്തിലൂടെയാണ് ഒഴുകുന്നത്. (എന്നിരിക്കെ നിങ്ങൾ കണ്ടറിയുന്നില്ലേ?) ഈ വിശാലമായ ആധിപത്യത്തെ? ഇതവന്റെ അങ്ങേയറ്റത്തെ അജ്ഞതയാണ്. തന്റെതല്ലാത്ത ചില കാര്യങ്ങളിലാണ് അവൻ അഹങ്കരിക്കുന്നത്. അവന്റെ നല്ല പ്രവർത്തനങ്ങളിലോ സ്വഭാവഗുണങ്ങളിലോ ഒന്നുമല്ല അവൻ അഭിമാനം കൊള്ളുന്നത്.

52). (അല്ല ഹീനനും വ്യക്തമായി സംസാരിക്കാൻ കഴിയാത്തവനുമായ ഇവനെക്കാൾ ഉത്തമൻ ഞാൻ തന്നെയാകുന്നു) അല്ലാഹു അവനെ നശിപ്പിക്കട്ടെ. ഇവിടെ അവൻ ഹീനൻ എന്നതുകൊണ്ട് ഉദ്ദേശിച്ചത്, അല്ലാഹുവിന്റെ അടുക്കൽ പ്രശസ്തനും പരമകാരുണികൻ സംസാരിച്ചവനും ഇംറാന്റെ മകനുമായ മൂസാ നബി(അ)യെയാണ്. ചുരുക്കത്തിൽ ഞാൻ പ്രതാപിയും മൂസാ(അ) നിന്ദ്യനും നിസ്സാരനും ഹീനനുമാകുന്നു. അപ്പോൾ ഞങ്ങളിൽ ആരാണ് ഉത്തമൻ? അതോടൊപ്പം അവൻ (സംസാരിക്കാൻ കഴിയാത്തവനും) മനസ്സിലുള്ള കാര്യം പ്രകടിപ്പിക്കാൻ സംസാര വാചാലതയും ഇല്ല. സംസാര വൈഭവമില്ലെങ്കിലും മനസ്സിലുള്ളത് പറയാൻ കഴിയുന്നുവെങ്കിൽ അതൊരു ആക്ഷേപമായി പറയേണ്ടതുമില്ല.

53). പിന്നീട് ഫിർഔൻ പറഞ്ഞു: (അപ്പോൾ ഞങ്ങൾ അവന്റെമേൽ സ്വർണവളകൾ അണിയിക്കപ്പെടാത്തതെന്താണ്?) വളകളും ആഭരണങ്ങളും കൊണ്ട് അലങ്കാരങ്ങൾ സ്വീകരിച്ചവനാകാത്തതെന്താണ് മൂസാ? (ഇവനോടൊപ്പം തുണയായിക്കൊണ്ട് മലക്കുകൾ വരികയോ ചെയ്യാത്തതെന്താണ്?) മൂസായുടെ പ്രബോധനത്തെ സഹായിക്കാനും അദ്ദേഹത്തിന്റെ വാക്കുകളെ ശക്തിപ്പെടുത്താനും.

54). (അങ്ങനെ ഫിർഔൻ തന്റെ ജനങ്ങളെ വിജയികളാക്കി അവർ അവനെ അനുസരിച്ചു). ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചു ഫിർഔൻ തന്റെ ജനതയെ വിഡ്ഢികളാക്കി. ഇവയൊന്നും സത്യത്തിനോ അസത്യത്തിനോ തെളിവല്ല. ബുദ്ധിപരമായി അതീവ ദുർബലമായവർ മാത്രമെ വഞ്ചിതരാകൂ. ഈജിപ്തിലെ നദികളൊഴുകുന്നത് ഫിർഔനിന്റെ കീഴിലാണെന്നതിനും അവയുടെ ആധിപത്യം അവനാണെന്നതിനും എന്ത് തെളിവാണുള്ളത്? ആഭരണങ്ങൾ-സ്വർണവളകൾ-അണിഞ്ഞില്ല എന്നതും സംസാരിക്കാൻ വാചാലതയില്ലെന്നതും അനുചരന്മാർ കുറവാണെന്നതും മൂസാനബി (അ) കൊണ്ടുവന്നത് ശരിയല്ലെന്ന് പറയാൻ തെളിവാകുന്നതെങ്ങനെ? ബുദ്ധിയില്ലാത്ത ഒരു ജനതയെ അവനു കിട്ടി. സത്യത്തിലും അസത്യത്തിലുമെല്ലാം അവർ അവനെ പിന്തുടരുന്നു. (തീർച്ചയായും അവർ അധർമകാരികളായ ഒരു ജനതയായിരുന്നു) കാരണം ഫിർഔൻ അവർക്ക് സൗകര്യം ചെയ്തുകൊടുത്തു. തിന്മയും ശിർക്കും അവർക്ക് ഭംഗിയായി കാണിച്ചുകൊടുക്കുകയും ചെയ്തു.

55) (അങ്ങനെ അവർ നമ്മെ പ്രകോപിപ്പിച്ചപ്പോൾ) അവരുടെ പ്രവർത്തനങ്ങൾമൂലം അവർ നമ്മെ പ്രകോപിപ്പിച്ചു. (നാം അവരെ ശിക്ഷിച്ചു. അവരെ മുഴുവൻ നാം മുക്കി നശിപ്പിച്ചു. അങ്ങനെ അവരെ നാം ഒരു പൂർവ മാതൃകയും പിന്നീട് വരുന്നവർക്ക് ഒരു ഉദാഹരണവും ആക്കിത്തീർത്തു) ഗുണപാഠമുൾക്കൊള്ളുന്നവർ അവരിൽനിന്നും ഗുണപാഠമുൾക്കൊള്ളാനും അവരുടെ അവസ്ഥയെക്കുറിച്ച് ഉൽബുദ്ധരാകാനും.

57) അല്ലാഹു പറയുന്നു: (മർയമിന്റെ മകൻ ഒരു ഉദാഹരണമായി എടുത്തുകാണിക്കപ്പെട്ടപ്പോൾ) അദ്ദേഹത്തെ ആരാധിക്കുന്നതിനെ വിലക്കുകയും അതിനെ അല്ലാഹുവിന് തുല്യന്മാരെ ഉണ്ടാക്കുകയും ബിംബാരാധന നടത്തുകയും ചെയ്യുന്നതുപോലെയാക്കി. (നിന്റെ ജനത) നിന്നെ കളവാക്കുന്നവർ. (അതിനാൽ) ഈ ഉദാഹരണം പറഞ്ഞതിന്റെ കാരണത്താൽ. (അവർ ആർത്തുവിളിക്കുന്നു) നിന്നോടുള്ള തർക്കത്തിൽ അവർ ബഹളം വെക്കുകയും അട്ടഹസിക്കുകയും തങ്ങളുടെ തെളിവുകളിൽ തങ്ങൾ വിജയിച്ചെന്ന് വാദിക്കുകയും ചെയ്യുന്നു.