സൂറഃ അദ്ദാരിയാത് (വിതറുന്നവ), ഭാഗം 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ജനുവരി 01, 1442 ജുമാദല്‍ അവ്വല്‍ 27

അധ്യായം: 51, ഭാഗം 1 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَٱلذَّٰرِيَـٰتِ ذَرْوًا (١) فَٱلْحَـٰمِلَـٰتِ وِقْرًا (٢) فَٱلْجَـٰرِيَـٰتِ يُسْرًا (٣) فَٱلْمُقَسِّمَـٰتِ أَمْرًا (٤) إِنَّمَا تُوعَدُونَ لَصَادِقٌ (٥) وَإِنَّ ٱلدِّينَ لَوَٰقِعٌ (٦) وَٱلسَّمَآءِ ذَاتِ ٱلْحُبُكِ (٧) إِنَّكُمْ لَفِى قَوْلٍ مُّخْتَلِفٍ (٨‬) يُؤْفَكُ عَنْهُ مَنْ أُفِكَ (٩) قُتِلَ ٱلْخَرَّٰصُونَ (١٠) ٱلَّذِينَ هُمْ فِى غَمْرَةٍ سَاهُونَ (١١) يَسْـَٔلُونَ أَيَّانَ يَوْمُ ٱلدِّينِ (١٢) يَوْمَ هُمْ عَلَى ٱلنَّارِ يُفْتَنُونَ (١٣) ذُوقُوا۟ فِتْنَتَكُمْ هَـٰذَا ٱلَّذِى كُنتُم بِهِۦ تَسْتَعْجِلُونَ (١٤) إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍ وَعُيُونٍ (١٥) ءَاخِذِينَ مَآ ءَاتَىٰهُمْ رَبُّهُمْ ۚ إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُحْسِنِينَ (١٦) كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ (١٧) وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ (١٨)

(01). ശക്തിയായി (പൊടി) വിതറിക്കൊണ്ടിരിക്കുന്നവ(കാറ്റുകള്‍) തന്നെയാണെ സത്യം! (02). (ജല) ഭാരം വഹിക്കുന്ന (മേഘങ്ങള്‍) തന്നെയാെണ സത്യം! (03). നിഷ്പ്രയാസം സഞ്ചരിക്കുന്നവ (മേഘ ങ്ങള്‍) തന്നെയാണെ സത്യം! (04). കാര്യങ്ങള്‍ വിഭജിച്ചുകൊടുക്കുന്നവര്‍ (മലക്കുകള്‍) തന്നെയാണെ സത്യം! (05). തീര്‍ച്ചയായും നിങ്ങള്‍ക്കു താക്കീത് നല്‍കപ്പെടുന്ന കാര്യം സത്യമായിട്ടുള്ളത് തന്നെയാകുന്നു. (06). തീര്‍ച്ചയായും ന്യായവിധി സംഭവിക്കുന്നതു തന്നെയാകുന്നു. (07). വിവിധ പഥങ്ങളുള്ള ആകാശം തന്നെ യാണെ സത്യം! (08). തീര്‍ച്ചയായും നിങ്ങള്‍ വിഭിന്നമായ അഭിപ്രായത്തിലാകുന്നു. (09). (സത്യത്തില്‍നിന്ന്) തെറ്റിക്കപ്പെട്ടവന്‍ അതില്‍നിന്ന് (ക്വുര്‍ആനില്‍നിന്ന്) തെറ്റിക്കപ്പെടുന്നു. (10). ഊഹാപോഹക്കാര്‍ ശപിക്കപ്പെടട്ടെ; (11). വിവരക്കേടില്‍ മതിമറന്നു കഴിയുന്നവര്‍. (12). ന്യായവിധിയുടെ നാള്‍ എപ്പോഴായിരിക്കും എന്ന് അവര്‍ ചോദിക്കുന്നു. (13). നരകാഗ്‌നിയില്‍ അവര്‍ പരീക്ഷണത്തിന് വിധേയരാകുന്ന ദിവസമത്രെ അത്. (14). (അവരോട് പറയപ്പെടും:) നിങ്ങള്‍ക്കുള്ള പരീക്ഷണം നിങ്ങള്‍ അനുഭവിച്ചുകൊള്ളുവിന്‍. നിങ്ങള്‍ എന്തൊന്നിന് ധൃതികൂട്ടിക്കൊണ്ടിരുന്നുവോ അതത്രെ ഇത്. (15). തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും; (16). അവര്‍ക്ക് അവരുടെ രക്ഷിതാവ് നല്‍കിയത് ഏറ്റുവാങ്ങിക്കൊണ്ട്. തീര്‍ച്ചയായും അവര്‍ അതിനുമുമ്പ് സദ്‌വൃത്തരായിരുന്നു. (17). രാത്രിയില്‍നിന്ന് അല്‍പഭാഗമെ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. (18). രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപ മോചനം തേടുന്നവരായിരുന്നു.

1-3). തന്റെ വാക്കുകളില്‍ സത്യതപുലര്‍ത്തുന്ന അല്ലാഹുവാണ് ഈ മഹത്തായ സൃഷ്ടികളെക്കൊണ്ട് സത്യം ചെയ്ത് പറയുന്നത്. അവയില്‍ അല്ലാഹു ധാരാളം നന്മകളും പ്രയോജനങ്ങളും നിശ്ചയിച്ചിട്ടുണ്ട്. അവന്റെ വാഗ്ദത്തം സത്യമാണ്. ‘അദ്ദീന്‍‘ എന്നത് പ്രവര്‍ത്തനങ്ങളെ വിചാരണചെയ്യുകയും പ്രതിഫലം നല്‍കുകയും ചെയ്യുന്ന ദിവസമാണ്. അത് സംഭവിക്കും. അതില്‍ അസംഭവ്യതയില്ല. അത് തടുക്കാന്‍ ഒരാളുമില്ല.

മഹത്ത്വമേറിയവനും സത്യം പറയുന്നവനുമായ അല്ലാഹു ഒരു കാര്യം അറിയിക്കുകയും സത്യം ചെയ്യുകയും അതില്‍ വ്യക്തമായ തെളിവും പ്രമാണവും നല്‍കുകയും ചെയ്യുമ്പോള്‍ നിഷേധികള്‍ നിഷേധിക്കുന്നത് എന്തിനാണ്? അവനുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് തിരിഞ്ഞുകളയുന്നതും എന്തിനാണ്? (ശക്തിയായി വിതറിക്കൊണ്ടിരിക്കുന്നവ തന്നെയാണെ സത്യം). അടിച്ച് വീശുമ്പോള്‍ വിതറിക്കൊണ്ടിരിക്കുന്ന കാറ്റ്. (ശക്തിയായി വിതറുന്ന) ലോലവും മൃദുലവും ശക്തവും വിറപ്പിക്കുന്നതുമായ. (ഭാരം വഹിക്കുന്നവ തന്നെയാണെ സത്യം). ഇത് കാര്‍മേഘമാണ്. നാടിനും അടിമകള്‍ക്കും ഉപകാരപ്രദമായ ധാരാളം വെള്ളം അവ വഹിക്കുന്നു. (നിഷ് പ്രയാസം സഞ്ചരിക്കുന്നവ തന്നെയാണെ സത്യം). എളുപ്പത്തില്‍ സഞ്ചരിക്കുന്ന നക്ഷത്രങ്ങള്‍. എന്നിട്ടത് ആകാശത്തെ അലങ്കരിക്കുന്നു. കടലിലെയും കരയിലെയും ഇരുട്ടില്‍ അവകൊണ്ട് വഴികണ്ടെത്തുന്നു. അതിനെക്കുറിച്ച് ചിന്തിക്കുന്നതിലൂടെയും പ്രയോജനം ലഭിക്കുന്നു.

4-6. (കാര്യങ്ങള്‍ വിഭജിച്ച് കൊടുക്കുന്നവന്‍ തന്നെ യാണെ സത്യം). അല്ലാഹുവിന്റെ അനുമതിപ്രകാരം കാര്യങ്ങള്‍ നിയന്ത്രിക്കുകയും വിഭജിച്ച് കൊടുക്കുകയും ചെയ്യുന്നവരായ മലക്കുകള്‍. അവരില്‍ ഓരോരുത്തര്‍ക്കും അല്ലാഹു ഇഹപര കാര്യങ്ങള്‍ നിശ്ചയിച്ച് കൊടുക്കുന്നു. അല്ലാഹു നിശ്ചയിച്ചു കൊടുത്ത പരിധി അവര്‍ വിട്ടുകടക്കുന്നില്ല. അതിലൊരു കുറവും വരുത്തുന്നുമില്ല.

7.  (വിവിധ പഥങ്ങളുള്ള ആകാശം തന്നെയാണെ സത്യം). മനോഹരമായ പഥങ്ങള്‍. അതായത് മണലിലും ഇളംകാറ്റ് ചലിപ്പിക്കുമ്പോള്‍ കുളങ്ങളിലും കാണുന്ന വൃത്തങ്ങള്‍പോലെ.

8.  (തീര്‍ച്ചയായും നിങ്ങള്‍) മുഹമ്മദ് നബി ﷺ യെ കളവാക്കുന്നവര്‍. (വിഭിന്നമായ അഭിപ്രായത്തിലാകുന്നു). നിങ്ങളില്‍ ചിലര്‍ അദ്ദേഹത്തെക്കുറിച്ച് മാരണക്കാരന്‍ എന്ന് പറയുന്നു. മറ്റു ചിലര്‍ ഭ്രാന്തനെന്ന് പറയുന്നു. ഇതല്ലാത്ത മറ്റു വ്യത്യസ്തമായ അഭിപ്രായങ്ങളും പറയുന്നു. നിങ്ങളുടെ സംശയത്തെയും പരിഭ്രമത്തെയും ഇത് അറിയിക്കുന്നു; നിങ്ങള്‍ അസത്യത്തിലാണെന്നതും.

9. (തെറ്റിക്കപ്പെടുന്നവര്‍ അതില്‍നിന്ന് തെറ്റിക്കപ്പെടുന്നു). ഈമാനില്‍നിന്ന് തെറ്റിയവര്‍ അതില്‍നിന്ന് തെറ്റിക്കപ്പെടുന്നു. പ്രമാണങ്ങളില്‍നിന്നും ദൃഢബോധ്യം നല്‍കുന്ന അല്ലാഹുവിന്റെ തെളിവുകളില്‍നിന്നും അവരുടെ ഹൃദയം തെന്നിപ്പോകുന്നു. അവരുടെ ശരിയില്ലായ്മക്കും കുഴപ്പത്തിനും തെളിവാണ് അവരുടെ വാക്കിലെ അഭിപ്രായ വ്യത്യാസങ്ങള്‍. മുഹമ്മദ് നബി ﷺ കൊണ്ടുവന്ന സത്യം അഭിപ്രായ ഭിന്നതകളില്ലാത്തതാണ്. അവ അന്യോന്യം സത്യപ്പെടുത്തു ന്നു. അതില്‍ വൈരുധ്യമോ ഭിന്നതയോ ഇല്ല. അതുതന്നെ അതിന്റെ സത്യതയ്ക്ക് തെളിവാ ണ്. അത് അല്ലാഹുവിന്റെ അടുക്കല്‍നിന്നാണ്. അല്ലാഹു അല്ലാത്തവരുടെ അടുക്കല്‍നിന്നായിരുന്നുവെങ്കില്‍ അതില്‍ ധാരാളം ഭിന്നതകള്‍ കാണാമായിരുന്നു.

10. അല്ലാഹു പറയുന്നു: (ഊഹാപോഹക്കാരന്‍ ശപിക്കപ്പെടട്ടെ). അല്ലാഹുവിന്റെ മേല്‍ കളവ് പറയുന്നവര്‍, അവന്റെ വചനങ്ങളെ നിഷേധിക്കുന്നവര്‍, സത്യത്തെ തകര്‍ക്കാന്‍ അസത്യങ്ങളില്‍ മുഴുകുന്നവര്‍; അവര്‍ കൊല്ലപ്പെടട്ടെ. അവര്‍ അല്ലാഹുവിന്റെമേല്‍ അറിയാത്തത് പറയുന്നു.

11. (വിവരക്കേടില്‍ മതിമറന്ന് കഴിയുന്നവരായ) അവിശ്വാസത്തിലും അജ്ഞതയിലും വഴികേടിലും (മതിമറന്ന് കഴിയുന്നവര്‍).

12. (അവര്‍ ചോദിക്കുന്നു) സംശയത്തിന്റെയും നിഷേധത്തിന്റെയും രൂപത്തില്‍. (എപ്പോഴായിരിക്കും) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക? അതായത് എപ്പോഴാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്; അത് സംഭവിക്കില്ലെന്ന് വിചാരിച്ചുകൊണ്ട്.

13,14.  അവരുടെ അവസ്ഥയെക്കുറിച്ചും ദുഷിച്ച പര്യവസാനത്തെക്കുറിച്ചും നീ ചോദിക്കരുത്. (നരകാഗ്നിയില്‍ അവര്‍ പരീക്ഷണത്തിന് വിധേയമാകുന്ന ദിവസമത്രെ അത്). ഉള്ളിലും പുറത്തും ചീത്തയും കൊണ്ട്‌ നടന്നതുനിമിത്തം അവര്‍ ശിക്ഷിക്കപ്പെടുന്നു. അവരോട് പറയപ്പെടും: (നിങ്ങള്‍ക്കുള്ള പരീക്ഷണം നിങ്ങള്‍ അനുഭവിച്ചുകൊള്ളുക). അതായത് ശിക്ഷയും നരകവും. വഴികേടിലേക്കും നരകത്തിലേക്കും അവരെ എത്തിച്ച പരീക്ഷണങ്ങളില്‍ അവര്‍ പരാജയപ്പെട്ടതിന്റെ ഫലമാണത്. (ഇത്) നിങ്ങളെത്തിച്ചേര്‍ന്ന ശിക്ഷ. (നിങ്ങള്‍ എന്തൊന്നിന് ധൃതികാട്ടിക്കൊണ്ടിരിക്കുന്നുവോ അതത്രെ ഇത്). ഇപ്പോള്‍ നിങ്ങള്‍ വ്യത്യസ്ത ശിക്ഷകളും ചങ്ങലയും കയ്യാമവും നാശവും കോപവുമെല്ലാം ആസ്വദിച്ചുകൊള്ളുക.

15. സൂക്ഷ്മതപാലിച്ചവരുടെ പ്രതിഫലത്തെയും അതിന് കാരണമായ പ്രവര്‍ത്തനങ്ങളെയും കുറിച്ച് അല്ലാഹു പറയുന്നു: (തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍) ധര്‍മനിഷ്ഠ അവരുടെ അടയാളവും അല്ലാഹുവിനെ അനുസരിക്കല്‍ അവരുടെ മേല്‍വസ്ത്രവുമാണ്. (സ്വര്‍ഗത്തോപ്പുകളിലും) എല്ലാതരം വൃക്ഷങ്ങളും പഴങ്ങളുമുള്ള. അത് സമാനതകളില്ലാത്തതാണ്. ഇതുപോലുള്ളത് കണ്ണുകള്‍ കണ്ടിട്ടില്ല. കാതുകള്‍ കേട്ടിട്ടില്ല. ഒരു മനുഷ്യഹൃദയത്തിലും നിനക്കാത്തത്. (അരുവികളിലും) ആ തോട്ടത്തിന് വെള്ളം ലഭിക്കുന്ന, ഒഴുകുന്നവ. പടപ്പുകള്‍ അതില്‍നിന്ന് കുടിക്കുകയും അത്‌പൊട്ടിയൊഴുകിക്കൊണ്ടിരിക്കുകയും ചെയ്യും.

16. (അവര്‍ക്ക് അവരുടെ രക്ഷിതാവ് നല്‍കിയത് ഏറ്റുവാങ്ങിക്കൊണ്ട്) സ്വര്‍ഗക്കാര്‍ക്ക് അവരുടെ രക്ഷിതാവ് അവരുടെ എല്ലാ ആഗ്രഹങ്ങളും എല്ലാ സുഖങ്ങളും നല്‍കും. അതവര്‍ സംതൃപ്തിയോടെ സ്വീകരിക്കും. അതിനാല്‍ അവരുടെ കണ്‍കുളിര്‍ക്കും. മനസ്സുകള്‍ സന്തോഷിക്കും. ഒരു മാറ്റത്തെ അവര്‍ ആഗ്രഹിക്കില്ല. ഒരു പകരത്തെ അവര്‍ ആവശ്യപ്പെടില്ല. കൂട്ടിച്ചോദിക്കേണ്ടിവരാത്തവിധം എല്ലാം അവര്‍ക്ക് ലഭിച്ചുകഴിഞ്ഞു.

ഒരുപക്ഷേ, ഇത് ഇഹലോകത്തും ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്കുള്ള വിശേഷണമാകാം; അവര്‍ അല്ലാഹുവിന്റെ കല്‍പനാനിര്‍ദേശങ്ങള്‍ എടുക്കുന്നു എന്ന അര്‍ഥത്തില്‍. അതായത് ഹൃദയവിശാലതയോടെയും സന്തോഷത്തോടെയും അതവര്‍ സ്വീകരിക്കും. അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് കീഴ്‌പ്പെടും. പൂര്‍ണാര്‍ഥത്തില്‍ അത് നിര്‍വഹിക്കും. വിരോധിച്ചത് ശരിയായ രൂപത്തില്‍ ഉപേക്ഷിക്കുകയും ചെയ്യും. നന്ദിയോടെയും കീഴൊതുങ്ങിയും സ്വീകരിക്കേണ്ട ശ്രേഷ്ഠമായ ദാനങ്ങള്‍തന്നെയാണ് അല്ലാഹുവിന്റെ വിധിവിലക്കുകള്‍.

ആദ്യ അര്‍ഥമാണ് സന്ദര്‍ഭത്തിന് കൂടുതല്‍ യോജിക്കുന്നത്. ഇഹലോകത്തുള്ള അവരുടെ പ്രത്യേകതകളും പ്രവര്‍ത്തനങ്ങളും വേറെ പറയുന്നുണ്ട്. (തീര്‍ച്ചയായും അവര്‍ അതിന് മുമ്പ്) സുഖാനുഗ്രഹത്തിലേക്ക് എത്തിയ ഈ സമയത്തിന് മുമ്പ് (സദ്‌വൃത്തരായിരുന്നു). തങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുന്നതിലുള്ള ഇഹ്‌സാന്‍ ഇതില്‍പെടും.

അതായത് അവനെ കാണുന്നതുപോലെ ആരാധിക്കുക; അവനെ കാണുന്നില്ലെങ്കിലും. തീര്‍ച്ചയായും അവരെ അവന്‍ കാണുന്നു. അല്ലാഹുവിന്റെ അടിമകള്‍ക്കുള്ള ‘ഇഹ്‌സാന്‍‘ എന്നത് ധനംകൊണ്ടോ അറിവ്‌കൊണ്ടോ സ്വാധീനംകൊണ്ടോ തിന്മ വിരോധിക്കുകയും നന്മ കല്‍പിക്കുകയും ചെയ്യുന്ന പ്രയോജനങ്ങളും നന്മകളുമാണ്. പുണ്യത്തിന്റെ മാര്‍ഗങ്ങളില്‍ മറ്റെന്തെങ്കിലുമാകാം. നല്ല വാക്കും മൃദുലമായ സംസാരവുമാകാം. അത് തന്റെ പ്രജകളോടോ ഉടമസ്ഥതയില്‍ ഉള്ളതോ അല്ലാത്തതോ ആയ മൃഗങ്ങളോടോ ആവാം.

17. നാവും ഹൃദയവും യോജിക്കുന്ന നിഷ്‌കളങ്കതയ്ക്ക് തെളിവായ രാത്രി നമസ്‌കാരം സ്രഷ്ടാവിനുവേണ്ടി ചെയ്യുന്നത് ഇഹ്‌സാനിന്റെ ഇനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതാണ്. അതാണ് പറയുന്നത്: (അവരായിരുന്നു) ഇഹ്‌സാന്‍ (സുകൃതം) ചെയ്യുന്നവര്‍. (രാത്രിയില്‍നിന്ന് അല്‍പഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ). രാത്രിയില്‍ അവരുടെ ഉറക്കം കുറവായിരുന്നു. രാത്രിയില്‍ അധികസമയവും അവര്‍ തങ്ങളുടെ രക്ഷിതാവിന് ഭക്തികാണിക്കും. നമസ്‌കാരം, (ക്വുര്‍ആന്‍) പാരായണം, ദിക് റ് പ്രാര്‍ഥന, ഭക്തി എന്നിവകൊണ്ടെല്ലാം.

18. (രാത്രിയുടെ അന്ത്യവേളകളില്‍) സ്വുബ്ഹിന് തൊട്ടുമുമ്പ്. (അവര്‍ പാപമോചനം തേടുന്നവരായിരുന്നു). അല്ലാഹുവിനോട്. അത്താഴസമയംവരെ അവര്‍ നമസ്‌കാരം നീട്ടും. തുടര്‍ന്ന് രാത്രി നമസ്‌കാരത്തിന്റെ അവസാനത്തി ല്‍ തങ്ങളുടെ തെറ്റുകള്‍ക്ക് അവര്‍ പാപമോചനം തേടും. ഈ അത്താഴസമയത്ത് പാപമോചനത്തിന് ശ്രേഷ്ഠതയുണ്ട്. മറ്റു സമയങ്ങള്‍ക്കില്ലാത്ത ഒരു പ്രത്യേകതയാണത്. അല്ലാഹുവിനെ അനുസരിക്കുന്ന വിശ്വാസികളെക്കുറിച്ച് പറഞ്ഞപ്പോള്‍ ക്വുര്‍ആന്‍ പറയുന്നു: “അത്താഴവേളകളില്‍ പാപമോചനം തേടുന്നവരും’’ (3:17).