സൂറഃ അദ്ദുഖാൻ (പുക), ഭാഗം 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ഒക്ടോബർ 1, 1444 റബീഉൽ അവ്വൽ 4

അധ്യായം: 44, ഭാഗം 1 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

حمٓ (١) وَٱلْكِتَـٰبِ ٱلْمُبِينِ (٢) إِنَّآ أَنزَلْنَـٰهُ فِى لَيْلَةٍ مُّبَـٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ (٣) فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ (٤) أَمْرًا مِّنْ عِندِنَآ ۚ إِنَّا كُنَّا مُرْسِلِينَ (٥) رَحْمَةً مِّن رَّبِّكَ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ (٦) رَبِّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ ۖ إِن كُنتُم مُّوقِنِينَ (٧) لَآ إِلَـٰهَ إِلَّا هُوَ يُحْىِۦ وَيُمِيتُ ۖ رَبُّكُمْ وَرَبُّ ءَابَآئِكُمُ ٱلْأَوَّلِينَ (٨‬) بَلْ هُمْ فِى شَكٍّ يَلْعَبُونَ (٩) فَٱرْتَقِبْ يَوْمَ تَأْتِى ٱلسَّمَآءُ بِدُخَانٍ مُّبِينٍ (١٠) يَغْشَى ٱلنَّاسَ ۖ هَـٰذَا عَذَابٌ أَلِيمٌ (١١) رَّبَّنَا ٱكْشِفْ عَنَّا ٱلْعَذَابَ إِنَّا مُؤْمِنُونَ (١٢) أَنَّىٰ لَهُمُ ٱلذِّكْرَىٰ وَقَدْ جَآءَهُمْ رَسُولٌ مُّبِينٌ (١٣) ثُمَّ تَوَلَّوْا۟ عَنْهُ وَقَالُوا۟ مُعَلَّمٌ مَّجْنُونٌ (١٤) إِنَّا كَاشِفُوا۟ ٱلْعَذَابِ قَلِيلًا ۚ إِنَّكُمْ عَآئِدُونَ (١٥) يَوْمَ نَبْطِشُ ٱلْبَطْشَةَ ٱلْكُبْرَىٰٓ إِنَّا مُنتَقِمُونَ (١٦) وَلَقَدْ فَتَنَّا قَبْلَهُمْ قَوْمَ فِرْعَوْنَ وَجَآءَهُمْ رَسُولٌ كَرِيمٌ (١٧) أَنْ أَدُّوٓا۟ إِلَىَّ عِبَادَ ٱللَّهِ ۖ إِنِّى لَكُمْ رَسُولٌ أَمِينٌ (١٨)

 

01. ഹാമീം,

02. സ്പഷ്ടമായ വേദഗ്രന്ഥം തന്നെയാണ സത്യം;

03. തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു.

04. ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു.

05. അതെ, നമ്മുടെ പക്കല്‍ നിന്നുള്ള കല്‍പന. തീര്‍ച്ചയായും നാം (ദൂതന്‍മാരെ) നിയോഗിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.

06. നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു കാരുണ്യമത്രെ അത്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നനും അറിയുന്നവനും.

07. ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവ്‌. നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍.

08. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വപിതാക്കളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍.

09. എങ്കിലും അവര്‍ സംശയത്തില്‍ കളിക്കുകയാകുന്നു.

10. അതിനാല്‍ ആകാശം, തെളിഞ്ഞു കാണാവുന്ന ഒരു പുകയും കൊണ്ട് വരുന്ന ദിവസം നീ പ്രതീക്ഷിച്ചിരിക്കുക.

11. മനുഷ്യരെ അത് പൊതിയുന്നതാണ്‌. ഇത് വേദനയേറിയ ഒരു ശിക്ഷയായിരിക്കും.

12. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീ ഈ ശിക്ഷ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിച്ചു കൊള്ളാം.

13. എങ്ങനെയാണ് അവര്‍ക്ക് ഉല്‍ബോധനം ഫലപ്പെടുക? (കാര്യം) വ്യക്തമാക്കുന്ന ഒരു ദൂതന്‍ അവരുടെ അടുക്കല്‍ ചെന്നിട്ടുണ്ട്‌.

14. എന്നിട്ട് അദ്ദേഹത്തെ വിട്ട് അവന്‍ പിന്തിരിഞ്ഞു കളയുകയാണ് ചെയ്തത്‌. ആരോ പഠിപ്പിച്ചുവിട്ടവന്‍, ഭ്രാന്തന്‍ എന്നൊക്കെ അവര്‍ പറയുകയും ചെയ്തു.

15. തീര്‍ച്ചയായും നാം ശിക്ഷ അല്‍പം ഒഴിവാക്കിത്തരാം. എന്നാല്‍ നിങ്ങള്‍ (പഴയ അവസ്ഥയിലേക്ക്‌) മടങ്ങുക തന്നെ ചെയ്യുമല്ലോ.

16. ഏറ്റവും വലിയ പിടുത്തം നാം പിടിക്കുന്ന ദിവസം തീര്‍ച്ചയായും നാം ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്‌.

17. ഇവര്‍ക്ക് മുമ്പ് ഫിര്‍ഔന്‍റെ ജനതയെ നാം പരീക്ഷിച്ചിട്ടുണ്ട്‌. മാന്യനായ ഒരു ദൂതന്‍ അവരുടെ അടുത്ത് ചെന്നു.

18. അല്ലാഹുവിന്‍റെ ദാസന്‍മാരെ നിങ്ങള്‍ എനിക്ക് ഏല്‍പിച്ചു തരണം. തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൂതനാകുന്നു. (എന്ന് അദ്ദേഹം പറഞ്ഞു.)

2,3). ക്വുർആൻ ക്വുർആനിനെക്കൊണ്ട് സത്യം ചെയ്യുകയാണിവിടെ. സ്പഷ്ടമായ ഈ ഗ്രന്ഥം കൊണ്ട് സത്യം ചെയ്യുന്നു. വ്യക്തമാക്കേണ്ടതെല്ലാം വ്യക്തമാക്കുന്നു. സ്പഷ്ടമായ ഗ്രന്ഥം. അതവൻ ഇറക്കി. (ഒരു അനുഗൃഹീത രാത്രിയിൽ). അതായത് ധാരാളം നന്മയും അനുഗ്രഹവുമുള്ള ഒന്നാണ് മഹത്ത്വത്തിന്റെ രാത്രി. ആയിരം മാസങ്ങളെക്കാൾ ഉത്തമമായത്. അപ്പോൾ ഏറ്റവും ശ്രേഷ്ഠമായ വചനത്തെ ഏറ്റവും ശ്രേഷ്ഠമായ രാപ്പകലുകളിൽ ഏറ്റവും ശ്രേഷ്ഠനായ മനുഷ്യന് ആദരണീയ അറബി ഭാഷയിൽ അവനിറക്കി. കഷ്ടപ്പാട് നിറഞ്ഞ, അജ്ഞത പരന്ന ഒരു ജനതയെ താക്കീത് ചെയ്യുവാൻ. അതിന്റെ പ്രകാശത്താൽ അവർ വഴി കണ്ടെത്താനും അതിന്റെ മാർഗദർശനത്തെ അവർ സ്വീകരിക്കാനും അതിനോടൊപ്പം അവർ സഞ്ചരിക്കാനും അങ്ങനെ ഇഹപ ര നന്മകൾ അവർ കൈവരിക്കാനുംവേണ്ടി. അതാണല്ലോ അല്ലാഹു പറഞ്ഞത്: (തീർച്ചയായും നാം മുന്നറിയിപ്പ് നൽകുന്നവനാകുന്നു).

4). (അതിൽ) അതായത് ക്വുർആൻ അവതരിച്ച ശ്രേഷ്ഠമായ ആ രാത്രിയിൽ (യുക്തി പൂർണമായ ഓരോ കാര്യവും വേർതിരിച്ച് വിവരിക്കപ്പെടുന്നു). അതായത് വേർതിരിക്കപ്പെടുകയും വിവേചിക്കപ്പെടുകയും അല്ലാഹു വിധിച്ച മതപരവും വിധി സംബന്ധവുമായ എല്ലാ കാര്യവും രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്നു. അത് അല്ലാഹു സൃഷ്ടികളുടെ വിധികളും അവധികളും ഉപജീവനവും പ്രവർത്തനങ്ങളും ചുറ്റുപാടുകളും കണക്കാക്കിയ ആദ്യരേഖയോട് യോജിക്കുകയും ചെയ്യുന്നു.

തുടർന്ന് അല്ലാഹു തന്റെ അടിമ മാതാവിന്റെ വയറ്റിലാകുമ്പോൾ സംഭവിക്കേണ്ട കാര്യങ്ങൾ രേഖപ്പെടുത്താൻ മലക്കുകളെ ഏൽപിച്ചിരിക്കുന്നു. പിന്നീട് ഇഹലോകത്തേക്ക് വന്നതിനുശേഷമുള്ള കാര്യങ്ങളും ഏൽപിക്കുന്നു. മനുഷ്യന്റെ പ്രവർത്തനങ്ങളെ രേഖപ്പെടുത്തുകയും സൂക്ഷിക്കുകയും ചെയ്യുന്ന മാന്യന്മാരായ മലക്കുകളാണ് ഏൽപിക്കപ്പെടുന്നത്. പിന്നീട് അല്ലാഹു ഓരോ വർഷത്തിലും ഉണ്ടാകേണ്ട കാര്യങ്ങളെ ലൈലത്തുൽ ക്വദ്‌റിന്റെ രാവിൽ നിശ്ചയിക്കുന്നു. ഇതെല്ലാം അല്ലാഹുവിന്റെ പ്രവർത്തനങ്ങളുടെ പൂർണതയും യുക്തിയും സംരക്ഷണം നൽകുന്നതിലെ അന്യൂനതയും തന്റെ സൃഷ്ടികൾക്ക് നൽകുന്ന ശ്രദ്ധയുമാണ്.

5). (അതെ, നമ്മുടെ പക്കൽനിന്നുള്ള കൽപന) ഈ യുക്തിപൂർണമായ കൽപന നമ്മുടെ അടുക്കൽ നിന്നുള്ളതാണ്. (തീർച്ചയായും നാം നിയോഗിച്ചുകൊണ്ടിരിക്കുന്നവനാകുന്നു). പ്രവാചകന്മാരെ അയക്കുന്നവനും വേദഗ്രന്ഥങ്ങളെ ഇറക്കുന്നവനും. അയക്കുന്നവന്റെ കൽപനകൾ എത്തിക്കുന്നവരും അവന്റെ വിധികളെ അറിയിക്കുന്നവരുമാണ് ദൂതന്മാർ.

6). (എന്റെ രക്ഷിതാവിന്റെ അടുക്കൽ നിന്നുള്ള ഒരു കാരുണ്യമത്രെ അത്). പ്രവാചകന്മാരെ നിയോഗിക്കുന്നതിലും വേദഗ്രന്ഥങ്ങൾ ഇറക്കുന്നതിലും ഏറ്റവും ശ്രേഷ്ഠം കാരുണ്യമായി സ്രഷ്ടാവ് മനുഷ്യർക്ക് നൽകിയ ക്വുർആൻ തന്നെയാണ്. വേദഗ്രന്ഥങ്ങൾ മുഖേനയും പ്രവാചകന്മാരിലൂടെയും സന്മാർഗം കാണിച്ചുകൊടുത്തു എന്നതുതന്നെയാണ് തന്റെ ദാസന്മാർക്ക് അല്ലാഹു നൽകിയ കാരുണ്യം. ഇഹപര നന്മകൾ അവൻ കരസ്ഥമാക്കുന്നത് അവ മുഖേനയാണ്. അതാണ് അതിന് നിമിത്തമാകുന്നത്. (തീർച്ചയായും അവൻ തന്നെയാകുന്നു എല്ലാം കേൾക്കുന്നവനും അറിയുന്നവനും). എല്ലാ ശബ്ദവും അവൻ കേൾക്കുന്നു. ബാഹ്യവും ആന്തരികവുമായ സർവ കാര്യങ്ങളും അവനറിയുകയും ചെയ്യുന്നു. വേദഗ്രന്ഥങ്ങളും പ്രവാചകന്മാരും എത്രത്തോളം മനുഷ്യർക്ക് അനിവാര്യമാണെന്ന് അല്ലാഹുവിന്നറിയാം. അതിനാൽ അവർ മുഖേന അവൻ അവരെ അനുഗ്രഹിച്ചു. ആകയാൽ അല്ലാഹുവിനത്രെ സ്തുതിയും പ്രശംസയും നന്മയുമെല്ലാം.

7,8). (ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവ്) അതായത് അതിന്റെ സ്രഷ്ടാവും നിയന്താവും അതിനെ ഉദ്ദേശിക്കുന്നവിധം കൈകാര്യം ചെയ്യുന്നവനും. (നിങ്ങൾ ദൃഢവിശ്വാസമുള്ളവരാണെങ്കിൽ) ദൃഢത പ്രദാനം ചെയ്യുന്ന വിധം അതിനെ മനസ്സിലാക്കുന്നവരാണെങ്കിൽ നിങ്ങളറിയണം, സൃഷ്ടിജാലങ്ങളുടെ രക്ഷിതാവാണ് യഥാർഥ ആരാധ്യൻ. അതാണ് അല്ലാഹു പറഞ്ഞത്: (അവനല്ലാതെ യാതൊരു ആരാധ്യനുമില്ല) അവനെയല്ലാതെ ആരാധിക്കാവതല്ല. (അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു) മരിപ്പിക്കലും ജീവിപ്പിക്കലും അവന്റെ മാത്രം കൈകാര്യങ്ങളിൽ പെട്ടതാണ്. അതിനാൽ മരണശേഷം നിങ്ങളെ അവൻ ജീവിപ്പിക്കുകയും നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുകയും ചെയ്യും. നന്മയ്ക്ക് നന്മയും തിന്മയ്ക്ക് തിന്മയും. (നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂർവപിതാക്കളുടെ രക്ഷിതാവും ആയിട്ടുള്ളവൻ) ആദ്യകാലക്കാരുടെയും അവസാനകാലക്കാരുടെയും രക്ഷിതാവ്. അവർക്ക് അനുഗ്രഹങ്ങൾ നൽകി സംരക്ഷിക്കുന്നവൻ, അവരെ ദോഷങ്ങളിൽനിന്ന് പ്രതിരോധിക്കുന്നവൻ.

9). അല്ലാഹു തന്റെ സൃഷ്ടികർതൃത്വത്തെയും ആരാധ്യതയെയും സംശയരഹിതമായും പുർണ അറിവോടെയും സ്ഥാപിച്ചശേഷം അറിയിക്കുന്നത്. കാര്യങ്ങൾ ഇത്രയൊക്കെ വ്യക്തമാണെങ്കിലും അവിശ്വാസികൾ; (എങ്കിലും അവർ സംശയത്തിൽ കളിക്കുകയാകുന്നു) സംശയങ്ങളിലും ആശയക്കുഴപ്പങ്ങളിലും മുഴുകിയവരായി. അവരെ എന്തിനുവേണ്ടി സൃഷ്ടിച്ചു എന്നതിൽ അവർ അശ്രദ്ധരാണ്. ഉപദ്രവമല്ലാതെ മറ്റൊരു പ്രയോജനവുമില്ലാത്ത അർഥശൂന്യമായ കളികളിൽ വ്യാപൃതരാണവർ.

10-16). (അതിനാൽ നീ പ്രതീക്ഷിച്ചിരിക്കുക) അവർക്ക് ശിക്ഷ വരുന്നത് നീ പ്രതീക്ഷിക്കുക. തീർച്ചയായും അത് അടുത്തിരിക്കുകയാണ്. അതിന്റെ സമയമായിക്കഴിഞ്ഞു. (ആകാശം തെളിഞ്ഞുകാണാവുന്ന ഒരു പുകയും കൊണ്ട് വരുന്ന ദിവസം, മനുഷ്യരെ അത് പൊതിയുന്നതാണ്). ആ പുക അവരെ മുഴുവൻ ബാധിക്കും. അവരോട് പറയപ്പെടും: (ഇത് വേദനയേറിയ ഒരു ശിക്ഷയായിരിക്കും) ഈ പുകയെന്താണെന്നതിൽ ക്വുർആൻ വ്യാഖ്യാതാക്കൾക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്.

ഒരു അഭിപ്രായം: ഉയിർത്തെഴുന്നേൽപുനാളിൽ നരകം കുറ്റവാളികളിലേക്കടുക്കുമ്പോൾ അവരെ പൊതിയുന്ന ഒരു പുകയാണതെന്നാണ്. ഉയിർത്തെഴുന്നേൽപുനാളിലെ ഒരു ശിക്ഷയെക്കുറിച്ച് അല്ലാഹു അവരെ താക്കീത് ചെയ്യുന്നു. ആ ദിവസത്തെ കാത്തിരിക്കാൻ തന്റെ നബിയോട് അല്ലാഹു നിർദേശിക്കുകയും ചെയ്യുന്നു. ഈ ആശയം ശക്തിപ്പെടുത്തുന്നത് സത്യനിഷേധികളെ താക്കീത് ചെയ്യുന്ന ക്വുർആനിന്റെ ഒരു രീതിയാണ്. അവർക്ക് സാവകാശം നൽകുകയും ആ ദിനത്തെക്കുറിച്ചും ശിക്ഷയെക്കുറിച്ചും അവരെ താക്കീത് ചെയ്യുകയും തങ്ങളെ ഉപദ്രവിക്കുന്നവർക്ക് ശിക്ഷ പ്രതീക്ഷിക്കുന്നതിലൂടെ വിശ്വാസികളെയും പ്രവാചകനെയും സമാശ്വസിപ്പിക്കുകയും കൂടിയാണിതിൽ. ഈ ആയത്തിൽ അതിനെ ശക്തിപ്പെടുത്തുന്ന മറ്റൊരാശയം കൂടിയുണ്ട്. (എങ്ങനെയാണവർക്ക് ഉദ്‌ബോധനം ഫലപ്പെടുക? കാര്യം വ്യക്തമാക്കുന്ന ഒരു ദൂതൻ അവരുടെ അടുക്കൽ ചെന്നിട്ടുണ്ട്). ഇഹലോകത്തേക്ക് മടങ്ങാൻ ആവശ്യപ്പെടുമ്പോൾ സത്യനിഷേധികളോട് ഉയിർത്തെഴുന്നേൽപുനാളിൽ പറയപ്പെടുന്നതാണിത്. തിരിച്ചുപോക്കിന്റെ സമയം കഴിഞ്ഞെന്ന് അവരോട് പറയപ്പെടും.

മറ്റൊരാശയമായി പറയപ്പെടുന്നത്: സത്യത്തോട് അഹങ്കാരം കാണിക്കുകയും വിശ്വസിക്കാൻ വിസമ്മതിക്കുകയും ചെയ്തപ്പോൾ അവിശ്വാസികളായ ക്വുറൈശികൾക്ക് സംഭവിച്ചതാണിതെന്നാണ്. നബി ﷺ അവർക്കെതിരെ ഇങ്ങനെ പ്രാർഥിച്ചു:

أللهم أعني عليهم بسنين كسني يوسف (البخاري 4797)

“യൂസുഫ് നബി(അ)യുടെ കാലത്തുണ്ടായ ക്ഷാമവർഷംപോലെ ഇവർക്ക് നൽകി നീ എന്നെ സഹായിക്കേണമേ’’ (ബുഖാരി 4774, മുസ്‌ലിം 2792).

അങ്ങനെ അല്ലാഹു അവരുടെമേൽ കഠിനമായ വിശപ്പിറക്കി. എല്ലുകളും ശവങ്ങളും ഭക്ഷിക്കേണ്ട അവസ്ഥയുണ്ടാക്കി. അങ്ങനെ അവർ ആകാശത്തിനും ഭൂമിക്കുമിടയിൽ പുകയുടെ രൂപത്തിലുള്ളത് കണ്ടു. അത് പുകയായിരുന്നില്ല. വിശപ്പിന്റെ കാഠിന്യത്താൽ അവർക്ക് തോന്നിയതാണ്. ഇതായിരിക്കാം ഈ വചനത്തിന്റെ താൽപര്യം. (ആകാശം തെളിഞ്ഞ് കാണാ വുന്ന ഒരു പുകയും കൊണ്ടുവരുന്ന ദിവസം) അവരുടെ കാഴ്ചയുമായി ബന്ധപ്പെട്ട ഒന്നാണത്. യഥാർഥത്തിൽ ഉള്ളതല്ല. അല്ലാഹുവിന്റെ ദൂതൻ അവർക്ക് കാരുണ്യത്താൽ തേടുന്നതുവരെ ഈ അവസ്ഥ തുടർന്നു. ഈ അവസ്ഥ നീങ്ങിക്കിട്ടാൻ പ്രാർഥിക്കാൻ അവർ പ്രവാചകനോട് ആവശ്യപ്പെട്ടു.

നബി ﷺ തന്റെ രക്ഷിതാവിനോട് പ്രാർഥിച്ചു. അല്ലാഹു അവരിൽനിന്ന് അത് നീക്കിക്കൊടുത്തു. അതാണ് അല്ലാഹു പറഞ്ഞത്: (തീർച്ചയായും നാം ശിക്ഷ അൽപം ഒഴിവാക്കിത്തരാം. എന്നാൽ നിങ്ങൾ മടങ്ങുകതന്നെ ചെയ്യുമല്ലോ). ആ ശിക്ഷ അവരിൽനിന്ന് ഒഴിവാക്കിക്കൊടുക്കുമെന്ന് അറിയിക്കുകയും നിഷേധത്തിലേക്കും അഹങ്കാരത്തിലേക്കും തിരിച്ചുപോകുന്നതിനെ താക്കീത് ചെയ്യുകയും ചെയ്യുന്നു. അത് സംഭവിച്ചു. അവരെ അല്ലാഹു ഏറ്റവും വലിയ പിടികൂടൽ പിടികൂടി. അതാണ് ബദ്‌റിലെ സംഭവങ്ങളെന്ന് പറയുന്നു. ഇതിൽ അഭിപ്രായവ്യത്യാസമുണ്ട്.

മറ്റൊരഭിപ്രായമായി പറയപ്പെട്ടത്, ഇത് അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതാണെന്നാണ്. അതായത് ജനങ്ങളുടെ ശ്വസനത്തെ പിടികൂടുന്ന ഒരു പുകയുണ്ടാകുമെന്നും പുകയുടെ രൂപത്തിലായിരിക്കും അത് വിശ്വാസികളെ ബാധിക്കുക എന്നുമാണ്.

ശരിയായത് ഒന്നാമത്തെ അഭിപ്രായമാണ്. അല്ലാഹുവിന്റെ വാക്കിന്റെ ഉദ്ദേശ്യം അതാണെന്നതിന് തുടർന്നുള്ള വചനത്തിൽ തെളിവുണ്ട്. (അതിനാൽ, ആകാശം തെളിഞ്ഞുകാണാവുന്ന ഒരു പുകയും കൊണ്ട് വരുന്ന ദിവസം നീ പ്രതീക്ഷിച്ചിരിക്കുക. മനുഷ്യരെ അത് പൊതിയുന്നതാണ്. ഇത് വേദനയേറിയ ഒരു ശിക്ഷയായിരിക്കും. (അവർ പറയും:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽനിന്ന് നീ ഈ ശിക്ഷ ഒഴിവാക്കിത്തരേണമേ, തീർച്ചയായും ഞങ്ങൾ വിശ്വസിച്ചുകൊള്ളാം. എങ്ങനെയാണ് അവർക്ക് ഉൽബോധനം ഫലപ്പെടുക? (കാര്യം) വ്യക്തമാക്കുന്ന ഒരു ദൂതൻ അവരുടെ അടുക്കൽ ചെന്നിട്ടുണ്ട്. എന്നിട്ട് അദ്ദേഹത്തെ വിട്ട് അവൻ പിന്തിരിഞ്ഞുകളയുകയാണ് ചെയ്തത്. ആരോ പഠിപ്പിച്ചുവിട്ടവൻ, ഭ്രാന്തൻ എന്നൊക്കെ അവർ പറയുകയും ചെയ്തു). ഇതെല്ലാം ഉയിർത്തെഴുന്നേൽപുനാളിൽ ഉണ്ടാകുന്നതാണ്. എന്നാൽ ഈ വചനം: (തീർച്ചയായും നാം ശിക്ഷ അൽപം ഒഴിവാക്കിത്തരാം. എന്നാൽ നിങ്ങൾ (പഴയ അവസ്ഥയിലേക്ക്) മടങ്ങുകതന്നെ ചെയ്യുമല്ലോ. ഏറ്റവും വലിയ പിടുത്തം നാം പിടിക്കുന്ന ദിവസം തീർച്ചയായും നാം ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്). ഇത് നേരത്തെ പറഞ്ഞപോലെ ക്വുറൈശികൾക്ക് സംഭവിച്ചതാണ്.

ഈ രണ്ട് അർഥങ്ങൾക്കാണ് ഈ വചനങ്ങൾ ഇറങ്ങിയത് എന്നാകുമ്പോൾ അതിലെ പദങ്ങൾ അതിന് തടസ്സമില്ല. മറിച്ച് അത് അങ്ങേയറ്റം യോജിപ്പ് പുലർത്തുകയും ചെയ്യുന്നു. ഇതാണ് എനിക്ക് വ്യക്തമായതും ഞാൻ മുൻഗണന നൽകുന്നതും (അല്ലാഹു അഅ്‌ലം).

17. മുഹമ്മദ് നബി ﷺ യെ കളവാക്കിയവരെക്കുറിച്ച് പറഞ്ഞപ്പോൾ കളവാക്കുന്ന പൂർവികന്മാർ ഇവർക്കുണ്ടെന്നും അല്ലാഹു പറയുന്നു. മൂസാ നബി(അ)യെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അവരുടെ ചരിത്രം പറയുന്നത്. അവരുടെ നിഷേധത്തിൽനിന്ന് അവരെ പിന്തിരിപ്പിക്കാൻ അവർക്കിറക്കിയതും പരാമർശിക്കുന്നു. (ഇവർക്ക് മുമ്പ് ഫിർഔനിന്റെ ജനതയെ നാം പരീക്ഷിച്ചിട്ടുണ്ട്) അതായത് മൂസബ്‌നു ഇംറാനെ അവരിലേക്കയച്ചു. നാം അവരെ പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്തു. മറ്റാരിലും കാണാത്ത സവിശേഷ സ്വഭാവമുള്ള മാന്യനായ പ്രവാചകൻ.

18). (അല്ലാഹുവിന്റെ ദാസന്മാരെ നിങ്ങൾ എനിക്ക് എൽപിച്ചുതരണം) ഫിർഔനിനോടും അവന്റെ ജനതയോടും അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ ദാസന്മാരെ നിങ്ങൾ എനിക്ക് ഏൽപിച്ചുതരണം. ബനൂഇസ്‌റാഈലുകാരെയാണ് ഉദ്ദേശിക്കുന്നത്. അതായത്, കഠിനമായ ശിക്ഷയും പീഡനങ്ങളും ഏൽപിക്കുന്നതിൽനിന്നും അവരെ നിങ്ങൾ മോചിപ്പിക്കണം. കാരണം, അവരെന്റെ ബന്ധുക്കളും (ആ കാലത്തെ) ഏറ്റവും ഉൽകൃഷ്ട ജനതയുമാകുന്നു. നിങ്ങളവരെ അക്രമിക്കുകയും അന്യായമായി അടിമകളാക്കിവെക്കുകയും ചെയ്യുന്നു. അതിനാൽ അവരുടെ രക്ഷിതാവിനെ ആരാധിക്കാൻ അവരെ വിട്ടേക്കുക. (തീർച്ചയായും ഞാൻ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൂതനാകുന്നു). ലോകരക്ഷിതാവിൽനിന്നുള്ള ദൂതൻ ഏതൊരുകാര്യവുമായി നിയോഗിക്കപ്പെട്ടുവോ അതിൽ വിശ്വസ്തൻ. ഞാനൊന്നും നിങ്ങളോട് മറച്ചുവെക്കുന്നില്ല. കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നില്ല. അങ്ങനെയാകുമ്പോൾ അദ്ദേഹത്തിന് പൂർണമായി കീഴൊതുങ്ങൽ നിർബന്ധമാകുന്നു.