സൂറഃ അൽ ഹുജറാത്ത്, ഭാഗം 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 മാർച്ച് 5, 1442 ശഅബാൻ 2

അധ്യായം: 49, ഭാഗം 3 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱجْتَنِبُوا۟ كَثِيرًا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا۟ وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ تَوَّابٌ رَّحِيمٌ (١٢) يَـٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَـٰكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَـٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌ (١٣) قَالَتِ ٱلْأَعْرَابُ ءَامَنَّا ۖ قُل لَّمْ تُؤْمِنُوا۟ وَلَـٰكِن قُولُوٓا۟ أَسْلَمْنَا وَلَمَّا يَدْخُلِ ٱلْإِيمَـٰنُ فِى قُلُوبِكُمْ ۖ وَإِن تُطِيعُوا۟ ٱللَّهَ وَرَسُولَهُۥ لَا يَلِتْكُم مِّنْ أَعْمَـٰلِكُمْ شَيْـًٔا ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ (١٤) إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمْ يَرْتَابُوا۟ وَجَـٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ ۚ أُو۟لَـٰٓئِكَ هُمُ ٱلصَّـٰدِقُونَ (١٥)

(12). സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.

(13). ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.

(14).  ഗ്രാമീണ അറബികള്‍ പറയുന്നു; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്. നീ പറയുക: നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. എന്നാല്‍ ഞങ്ങള്‍ കീഴ്‌പെട്ടിരിക്കുന്നു എന്ന് നിങ്ങള്‍ പറഞ്ഞുകൊള്ളുക. വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിച്ചുകഴിഞ്ഞിട്ടില്ല. അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുന്നപക്ഷം നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മഫലങ്ങളില്‍നിന്ന് യാതൊന്നും അവന്‍ കുറവ് വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

(15).  അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളുംകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവര്‍ തന്നെയാകുന്നു സത്യവാന്മാര്‍.

12-13 സത്യവിശ്വാസികളെക്കുറിച്ചുള്ള ചീത്ത വിചാരങ്ങളില്‍ മിക്കതും അല്ലാഹു നിരോധിക്കുന്നു. (തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു) തെളിവും വസ്തുതയും ഇല്ലാത്ത ഊഹങ്ങള്‍. ചീത്ത വിചാരങ്ങളോടനുബന്ധിച്ച് ധാരാളം നിഷിദ്ധവാക്കുകളും പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നു. ഹൃദയത്തില്‍ തെറ്റായ ഊഹങ്ങളുണ്ടാക്കുന്നത് അയാളെ അതില്‍മാത്രം നിര്‍ത്തുന്നില്ല. മറിച്ച്, പറയാന്‍ പറ്റാത്തതും ചെയ്യാന്‍ പറ്റാത്തതും അയാള്‍ പറയുകയും ചെയ്യുകയും ചെയ്യും. അതുകൂടാതെ, മുസ്‌ലിമിനെക്കുറിച്ചുള്ള ചീത്ത ഊഹങ്ങള്‍ അവനോട് വിദ്വേഷവും ശത്രുതയും ഉണ്ടാക്കുകയും അത് തെറ്റായ കാര്യങ്ങള്‍ക്ക് പ്രേരണ നല്‍കുകയും ചെയ്യും. (നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്) മുസ്‌ലിംകളുടെ സ്വകാര്യതകളെ നിങ്ങള്‍ ചുഴിഞ്ഞന്വേഷിക്കരുത്. അതിന്റെ പുറകെ പോവുകയും ചെയ്യരുത്. മുസ്‌ലിമിനെ അവന്റെ അവസ്ഥയില്‍ വിട്ടേക്കുക. അവന്റെ വീഴ്ചകളെ ശ്രദ്ധിക്കാതിരിക്കുക. അന്വേഷിച്ച് പോയാല്‍ ആവശ്യമില്ലാത്ത പലതും വെളിവാകും. (നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്. ദുഷിച്ചുപറയല്‍ എന്താണെന്ന് നബി ﷺ പറഞ്ഞു:

‘‘നിന്റെ സഹോദരന് ഇഷ്ടമില്ലാത്തത് നീ പറയലാണ്; അത് അവനില്‍ ഉണ്ടെങ്കില്‍പോലും'' (മുസ്‌ലിം 2589).

തുടര്‍ന്ന് ‘ഗീബത്ത്' പറയുന്നതില്‍നിന്ന് അകറ്റുന്ന ഒരു ഉപമയാണ് പറയുന്നത്. (തന്റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളില്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ?) മനസ്സുകള്‍ക്ക് ഏറ്റവും വെറുപ്പുള്ള, മരിച്ചവന്റെ മാംസം ഭക്ഷിക്കുന്നതിനോടാണ് ഗീബത്തിനെ സാദൃശ്യപ്പെടുത്തിയത്. അത് നിങ്ങള്‍ അവന്റെ മാംസം ഭക്ഷിക്കാന്‍ വെറുക്കുന്നതുപോലെത്തന്നെയാണ് എന്നര്‍ഥം; പ്രത്യേകിച്ചും മരിച്ചുകിടക്കുമ്പോള്‍. അതുപോലെ നിങ്ങള്‍ ഗീബത്തും വെറുക്കണം. (അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു). ‘തവ്വാബ്' എന്നാല്‍ തന്റെ അടിമയുടെ പാപം പൊറുക്കാന്‍ അനുവദിക്കുന്നവന്‍ എന്നാണ്. അപ്പോള്‍ അത് സാധ്യമാകും. തുടര്‍ന്ന് അവന്റെ പശ്ചാത്താപം സ്വീകരിച്ച് അവനിലേക്ക് മടങ്ങുക. തന്റെ അടിമകളോട് കരുണയുള്ളവനാണവന്‍. അവര്‍ക്ക് ഗുണകരമായതിലേക്ക് അവരെ ക്ഷണിക്കുന്നതിലൂടെ; അവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതിലൂടെയും. ഗീബത്തിനെക്കുറിച്ചും ശക്തമായ താക്കീത് ഈ വചനത്തിലുണ്ട്. അത് മഹാപാപമാണ്. കാരണം, അല്ലാഹു അതിനെ സാദൃശ്യപ്പെടുത്തിയത് ശവം തിന്നുന്നതിനോടാണ്. അതിനാല്‍ അത് മഹാപാപങ്ങളില്‍ ഉള്‍പ്പെട്ടതാണ്.

ഇവിടെ അല്ലാഹു പറയുന്നത്, മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചതുമുതല്‍ ഒരു വര്‍ഗമായും ഒരു അടിത്തറയില്‍ നിന്നുമാണ്; അവരിലെ ആണും പെണ്ണുമെല്ലാം. അവരെല്ലാവരും മടങ്ങുന്നത് ആദമിലേക്കും ഹവ്വായിലേക്കുമാണ്. അവര്‍ രണ്ടുപേരില്‍നിന്നും ധാരാളം സ്ത്രീപുരുഷന്മാരെ അവന്‍ വ്യാപിപ്പിക്കുകയും വേര്‍തിരിക്കുകയും ചെയ്തു. അവന്‍ അവരെ (വിവിധ സമുദായങ്ങളും ഗോത്രങ്ങളും) ആക്കി. ചെറുതും വലുതുമായ ഗോത്രങ്ങള്‍. അതവര്‍ പരസ്പരം തിരിച്ചറിയുന്നതിനുവേണ്ടിയാണ്. ഓരോരുത്തരും സ്വതന്ത്രരായ ഓരോരുത്തരായിരുന്നുവെങ്കില്‍ പരസ്പരസഹായം, അനന്തരമെടുക്കല്‍, ബന്ധുക്കളോട് കടമ നിര്‍വഹിക്കല്‍ എന്നീ പരസ്പര പരിചയത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വഹിക്കേണ്ട കാര്യങ്ങള്‍ ഉണ്ടാകില്ല. കാരണം, ഇവയെല്ലാം കുടുംബന്ധങ്ങള്‍, പരസ്പര തിരിച്ചറിവ് എന്നിവകൊണ്ട് മാത്രം സാധ്യമാകുന്നവയാണ്.

എന്നാല്‍ ആദരവ് എന്നത് തക്വ്‌വ (ധര്‍മനിഷ്ഠയാണ്) കൊണ്ടാണ്. നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. അവരാകട്ടെ തെറ്റുകളില്‍ നിന്ന് മാറിനില്‍ക്കുന്നവരും കൂടുതല്‍ മതകാര്യങ്ങള്‍ അനുസരിക്കുന്നവരുമാണ്. സമുദായമെന്നതിന്റെയും കുടുംബബന്ധത്തിന്റെയും ആധിക്യമല്ല. കുടുംബ പാരമ്പര്യത്തിന്റെ മഹത്ത്വവുമല്ല. എന്നാല്‍ അല്ലാഹു (സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു). നിങ്ങളില്‍ അകത്തും പുറത്തും സൂക്ഷ്മത പാലിക്കുന്നവരെയും അല്ലാത്തവരെയും അവന് ശരിയായി അറിയാം. എല്ലാവര്‍ക്കും അര്‍ഹമായത് അവന്‍ നല്‍കും. കുടുംബന്ധങ്ങളറിയുക എന്നത് മതപരമായി നിര്‍ദേശിക്കപ്പെട്ട കാര്യമാണെന്ന് കൂടി ഇതില്‍നിന്ന് മനസ്സിലാക്കാം. ഗോത്രങ്ങളും ജനവിഭാഗങ്ങളുമാക്കിയത് അതിനുവേണ്ടിയാണല്ലോ.

14. സത്യവിശ്വാസത്തിന്റെ നിര്‍ബന്ധ താല്‍പര്യമനുസരിച്ച് പ്രവര്‍ത്തിക്കാത്ത, ഉള്‍ക്കാഴ്ചയില്ലാത്ത; നബി ﷺ യുടെ കാലത്ത് ഇസ്‌ലാമിലേക്ക് കടന്നുവന്ന ഗ്രാമീണരായ അറബികളെക്കുറിച്ചാണ് അല്ലാഹു ഇവിടെ പരാമര്‍ശിക്കുന്നത്. അവരുടെ അവസ്ഥ ഇതാണെങ്കിലും അവര്‍ വാദിക്കുകയും പറയുകയും ചെയ്യുന്നത് ഇതാണ്: (ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു) എല്ലാകാര്യത്തിലും പൂര്‍ണമായ നിലയിലുള്ള വിശ്വാസം. അതാണ് ഈ വാക്കിന്റെ അര്‍ഥം. അപ്പോള്‍ അല്ലാഹു അവന്റെ ദൂതനോട് അവര്‍ക്ക് മറുപടി നല്‍കാന്‍ കല്‍പിക്കുന്നു: (പറയുക, നിങ്ങള്‍ വിശ്വസിച്ചിട്ടില്ല). അകത്തും പുറത്തും സത്യവിശ്വാസം നിങ്ങള്‍ക്കുണ്ടെന്ന് നിങ്ങള്‍ വാദിക്കരുത്. (എന്നാല്‍ ഞങ്ങള്‍ കീഴ്‌പ്പെട്ടിരിക്കുന്നു എന്ന് നിങ്ങള്‍ പറഞ്ഞുകൊള്ളുക). അതായത് ഞങ്ങള്‍ ഇസ്‌ലാമില്‍ പ്രവേശിച്ചിട്ടുണ്ടെന്ന്. അത്ര പറഞ്ഞാല്‍ മതി. അതിനു കാരണം (വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിച്ചുകഴിഞ്ഞിട്ടില്ല. നിങ്ങള്‍ പേടികൊണ്ടോ ആശ കൊണ്ടോ ഇസ്‌ലാം സ്വീകരിച്ചതാണ്. അതല്ലെങ്കില്‍ സത്യവിശ്വാസത്തിന് കാരണമായ അതുപോലുള്ള മറ്റെന്തെങ്കിലും. അതുകൊണ്ട് സത്യവിശ്വാസത്തിന്റെ വെളിച്ചം നിങ്ങളുടെ ഹൃദയങ്ങളില്‍ ശരിയായി പ്രവേശിച്ചിട്ടില്ല. (വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിച്ചുകഴിഞ്ഞിട്ടില്ല). അതായത് ഈ വാക്ക് നിങ്ങള്‍ പറഞ്ഞസമയത്ത്. അതിനുശേഷമുള്ള നിങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള സൂചന അതിലുണ്ട്. ശരിയായ വിശ്വാസത്തിനും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മസമരത്തിനും അല്ലാഹു അനുഗ്രഹം നല്‍കിയവരായി ധാരാളം ആളുകളുണ്ട്. (അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുന്നപക്ഷം) നന്മ പ്രവര്‍ത്തിക്കുകയും തിന്മ ഉപേക്ഷിക്കുകയും ചെയ്യുന്നപക്ഷം. (നിങ്ങളുടെ കര്‍മഫലങ്ങളില്‍നിന്ന് യാതൊന്നും അവന്‍ കുറവ് വരുത്തുകയില്ല). അതായത് ഒരണുത്തൂക്കംപോലും അവന്‍ നിങ്ങള്‍ക്ക് കുറക്കില്ല. മറിച്ച് ഏറ്റവും പൂര്‍ണമായ രൂപത്തില്‍ നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചുതരും. ചെറുതോ വലുതോ ഒന്നും നിങ്ങള്‍ക്ക് അതില്‍നിന്ന് നഷ്ടപ്പെടില്ല. (അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു). ഖേദിച്ച് മടങ്ങുന്നവരോട് ഏറെ പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിച്ച് കരുണ കാണിക്കുന്നവനുമാണ്.

15. (അവര്‍ മാത്രമാണ് സത്യവിശ്വാസികള്‍) യഥാര്‍ഥത്തില്‍. (അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളുംകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്യുന്നവരാരോ) അല്ലാഹുവിലും അവന്റെ ദൂതനിലുമുള്ള വി ശ്വാസത്തെയും അവന്റെ മാര്‍ഗത്തിലുള്ള ധര്‍മസമരത്തെയും ഒരുമിച്ചുകൂട്ടിയവര്‍. സത്യനിഷേധികളോട് ധര്‍മസമരം നടത്തുന്നവര്‍, അവന്റെ ഹൃദയത്തില്‍ വിശ്വാസമുണ്ടന്നതിന്റെ തെളിവാണത്. ഇസ്‌ലാമിനും സത്യവിശ്വാസത്തിനും മതനിയമങ്ങള്‍ നിലനിര്‍ത്തുന്നതിനും എതിരായി സമരം ചെയ്യുന്നവൻ, അവന്‍ അവന്റെ സ്വന്തത്തോട് സമരം ചെയ്യുന്നവനാണ്. ജിഹാദില്‍ ശക്തി കാണിക്കാത്തവന്‍, അവന്റെ വിശ്വാസ ദുര്‍ബലതയ്ക്ക് തെളിവാണത്. സത്യവിശ്വാസത്തില്‍ സംശയമില്ലാതിരിക്കലും അല്ലാഹു ഒരു നിബന്ധനയാക്കി നിശ്ചയിച്ചു. വിശ്വസിക്കാന്‍ അല്ലാഹു കല്‍പിച്ച കാര്യങ്ങളില്‍ ദൃഢമായും ഖണ്ഡിതമായും വിശ്വസിക്കുമ്പോഴാണ് ആ വിശ്വാസം പ്രയോജനപ്പെടുന്നതാവുന്നത്; ഒരു നിലയ്ക്കുള്ള സംശയവും ഇല്ലാത്ത വിശ്വാസം. അല്ലാഹു പറയുന്നു: (അവര്‍തന്നെയാകുന്നു സത്യവാന്മാര്‍). ഭംഗിയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍കൊണ്ട് തങ്ങളുടെ വിശ്വാസത്തെ സത്യപ്പെടുത്തുന്നവര്‍. വാദിക്കപ്പെടുന്ന കാര്യങ്ങളില്‍ ഏറ്റവും പ്രധാനം സത്യസന്ധതയാണ്. സത്യം സ്വീകരിക്കുന്നവന് തെളിവും പ്രമാണവും ആവശ്യമാണ്. സത്യവിശ്വാസമെന്നത് നിത്യവിജയത്തിന്റെയും ശാശ്വത സൗഭാഗ്യത്തിന്റെയും അച്ചുതണ്ടാണ്. ആര്‍ അതുണ്ടെന്ന് വാദിക്കുന്നുണ്ടോ അതിന്റെ അനിവാര്യ താല്‍പര്യങ്ങളെ, നിര്‍ബന്ധങ്ങളെ അവന്‍ നിര്‍വഹിക്കണം. അവനാണ് സത്യസന്ധനായ യഥാര്‍ഥ വിശ്വാസി. അങ്ങനെയല്ലാത്തവന്‍ അവന്റെ വാദത്തെ സത്യപ്പെടുത്തുന്നില്ലന്ന് മനസ്സിലാക്കാം. അവന്റെ വാദങ്ങളില്‍ കാര്യമില്ല. ഹൃദയത്തിലെ വിശ്വാസം അല്ലാഹുവിന് മാത്രമെ അറിയൂ. തനിക്ക് വിശ്വാസം ഉണ്ടെന്നും ഇല്ലെന്നുമൊക്കെ വാദിക്കുന്നത് തന്റെ ഹൃദയത്തിലുള്ളത് അല്ലാഹുവിന് പഠിപ്പിച്ച് കൊടുക്കലാണ്. അതാവട്ടെ മര്യാദകേടും അല്ലാഹുവിനെക്കുറിച്ചുള്ള ദുഷിച്ച വിചാരവുമാണ്.