സൂറഃ അൽജാസിയ (മുട്ടുകുത്തുന്നവ), ഭാഗം 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ആഗസ്റ്റ് 27, 1442 മുഹർറം 28

അധ്യായം: 45, ഭാഗം 2 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

قُل لِّلَّذِينَ ءَامَنُوا۟ يَغْفِرُوا۟ لِلَّذِينَ لَا يَرْجُونَ أَيَّامَ ٱللَّهِ لِيَجْزِىَ قَوْمًۢا بِمَا كَانُوا۟ يَكْسِبُونَ (١٤) مَنْ عَمِلَ صَـٰلِحًا فَلِنَفْسِهِۦ ۖ وَمَنْ أَسَآءَ فَعَلَيْهَا ۖ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ (١٥) وَلَقَدْ ءَاتَيْنَا بَنِىٓ إِسْرَٰٓءِيلَ ٱلْكِتَـٰبَ وَٱلْحُكْمَ وَٱلنُّبُوَّةَ وَرَزَقْنَـٰهُم مِّنَ ٱلطَّيِّبَـٰتِ وَفَضَّلْنَـٰهُمْ عَلَى ٱلْعَـٰلَمِينَ (١٦) وَءَاتَيْنَـٰهُم بَيِّنَـٰتٍ مِّنَ ٱلْأَمْرِ ۖ فَمَا ٱخْتَلَفُوٓا۟ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۚ إِنَّ رَبَّكَ يَقْضِى بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ (١٧) ثُمَّ جَعَلْنَـٰكَ عَلَىٰ شَرِيعَةٍ مِّنَ ٱلْأَمْرِ فَٱتَّبِعْهَا وَلَا تَتَّبِعْ أَهْوَآءَ ٱلَّذِينَ لَا يَعْلَمُونَ (١٨) إِنَّهُمْ لَن يُغْنُوا۟ عَنكَ مِنَ ٱللَّهِ شَيْـًٔا ۚ وَإِنَّ ٱلظَّـٰلِمِينَ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۖ وَٱللَّهُ وَلِىُّ ٱلْمُتَّقِينَ (١٩) هَـٰذَا بَصَـٰٓئِرُ لِلنَّاسِ وَهُدًى وَرَحْمَةٌ لِّقَوْمٍ يُوقِنُونَ (٢٠) أَمْ حَسِبَ ٱلَّذِينَ ٱجْتَرَحُوا۟ ٱلسَّيِّـَٔاتِ أَن نَّجْعَلَهُمْ كَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ سَوَآءً مَّحْيَاهُمْ وَمَمَاتُهُمْ ۚ سَآءَ مَا يَحْكُمُونَ (٢١)

14.(നബിയേ,) നീ സത്യവിശ്വാസികളോട് പറയുക: അല്ലാഹുവിന്‍റെ (ശിക്ഷയുടെ) നാളുകള്‍ പ്രതീക്ഷിക്കാത്ത സത്യനിഷേധികള്‍ക്ക് അവര്‍ മാപ്പുചെയ്ത് കൊടുക്കണമെന്ന്‌. ഓരോ ജനതയ്ക്കും അവര്‍ സമ്പാദിച്ച് കൊണ്ടിരിക്കുന്നതിന്‍റെ ഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്‌.

15.വല്ലവനും നല്ലത് പ്രവര്‍ത്തിച്ചാല്‍ അത് അവന്‍റെ ഗുണത്തിന് തന്നെയാകുന്നു. വല്ലവനും തിന്‍മ പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ ദോഷവും അവന് തന്നെ. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതാണ്‌.

16.ഇസ്രായീല്‍ സന്തതികള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും പ്രവാചകത്വവും നാം നല്‍കുകയുണ്ടായി. വിശിഷ്ട വസ്തുക്കളില്‍ നിന്ന് അവര്‍ക്ക് ആഹാരം നല്‍കുകയും ലോകരെക്കാള്‍ അവര്‍ക്ക് നാം ശ്രേഷ്ഠത നല്‍കുകയും ചെയ്തു.

17.അവര്‍ക്ക് നാം (മത) കാര്യത്തെപ്പറ്റിയുള്ള വ്യക്തമായ തെളിവുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ അവര്‍ ഭിന്നിച്ചത് അവര്‍ക്കു അറിവ് വന്നുകിട്ടിയതിന് ശേഷം തന്നെയാണ്‌. അവര്‍ തമ്മിലുള്ള മാത്സര്യം നിമിത്തമാണത്‌. ഏതൊരു കാര്യത്തില്‍ അവര്‍ ഭിന്നിച്ച് കൊണ്ടിരിക്കുന്നുവോ അതില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്കിടയില്‍ നിന്‍റെ രക്ഷിതാവ് വിധികല്‍പിക്കുക തന്നെ ചെയ്യും.

18.(നബിയേ,) പിന്നീട് നിന്നെ നാം (മത) കാര്യത്തില്‍ ഒരു തെളിഞ്ഞ മാര്‍ഗത്തിലാക്കിയിരിക്കുന്നു. ആകയാല്‍ നീ അതിനെ പിന്തുടരുക. അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിന്‍പറ്റരുത്‌.

19.അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു കാര്യത്തിനും അവര്‍ നിനക്ക് ഒട്ടും പ്രയോജനപ്പെടുകയേയില്ല. തീര്‍ച്ചയായും അക്രമകാരികളില്‍ ചിലര്‍ ചിലര്‍ക്ക് രക്ഷാകര്‍ത്താക്കളാകുന്നു. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ രക്ഷാകര്‍ത്താവാകുന്നു.

21.ഇത് മനുഷ്യരുടെ കണ്ണ് തുറപ്പിക്കുന്ന തെളിവുകളും ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു. അതല്ല, തിന്‍മകള്‍ പ്രവര്‍ത്തിച്ചവര്‍ വിചാരിച്ചിരിക്കുകയാണോ; അവരെ നാം വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ, അതായത് അവരുടെ (രണ്ട് കൂട്ടരുടെയും) ജീവിതവും മരണവും തുല്യമായ നിലയില്‍ ആക്കുമെന്ന്‌?( അവര്‍ വിധികല്‍പിക്കുന്നത് വളരെ മോശം തന്നെ.

14,15). ഇവിടെ അല്ലാഹു തന്റെ അടിമകളായ സത്യവിശ്വാസികളോട് കൽപിക്കുന്നത് അല്ലാഹുവിന്റെ കോപത്തെ ഭയപ്പെടാത്തവരും അവന്റെ പ്രതിഫലം പ്രതീക്ഷിക്കാത്തവരുമായ മുശ്‌രിക്കുകളുടെ ഉപദ്രവങ്ങളിൽ ക്ഷമിക്കുകയും സൽസ്വഭാവമുള്ളവരായിരിക്കണമെന്നുമാണ്. എല്ലാ ജനതകൾക്കും അവൻ പ്രതിഫലം നൽകും. (അവർ സമ്പാദിച്ചുകൊണ്ടിരുന്നതിന്റെ ഫലം) എന്നാൽ വിശ്വാസികളേ, നിങ്ങളുടെ വിശ്വാസത്തിനും സഹിഷ്ണുതയ്ക്കും ക്ഷമക്കും അവൻ നിങ്ങൾക്ക് സമൃദ്ധമായി/ വിശാലമായി പ്രതിഫലം നൽകും. അവർ ഇനിയും നിഷേധത്തിൽ തുടരുകയാണെങ്കിൽ അവർക്ക് ഇറങ്ങുന്ന കഠിനശിക്ഷയും നിന്ദ്യതയും നിങ്ങൾക്ക് ബാധിക്കുകയില്ല. അതാണല്ലോ, അല്ലാഹു പറഞ്ഞത് (വല്ലവനും നല്ലത് പ്രവർത്തിച്ചാൽ അത് അവന്റെ ഗുണത്തിനുതന്നെയാകുന്നു. വല്ലവനും തിന്മ പ്രവർത്തിച്ചാൽ അതിന്റെ ദോഷവും അവനുതന്നെ. പിന്നീട് നിങ്ങളും രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുന്നതാണ്).

16). തുടർന്ന് അല്ലാഹു പറയുന്നു: അതായത് ഇസ്‌റാഈൽ സന്തതികൾക്ക് ജനങ്ങളിൽ മറ്റാർക്കും നൽകാത്ത അനുഗ്രഹങ്ങൾ നാം നൽകി. (വേദഗ്രന്ഥവും) അതായത് തൗറാത്തും ഇൻജീലും ജനങ്ങൾക്കിടയിൽ വിധിക്കേണ്ട നിയമങ്ങളും അവരുടെ സവിശേഷതയായ പ്രവാചകത്വവും. പ്രവാചകത്വം ഇബ്‌റാഹീം നബി (അ)യുടെ സന്താനപരമ്പരയിൽ ആയിത്തീരുകയും ചെയ്തു. പ്രവാചകന്മാരിൽ അധികവും ഇസ്‌റാഈൽ സന്തതികളിൽ പെട്ടവരാണ്. (വിശിഷ്ട വസ്തുക്കളിൽനിന്ന് നാം അവർക്ക് ആഹാരം നൽകുകയും ചെയ്തു) ഭക്ഷണങ്ങൾ, പാനീയങ്ങൾ, വസ്ത്രങ്ങൾ. മന്നയും സൽവയും ഇറക്കിക്കൊടുത്തും അവർക്ക് ഭക്ഷണം നൽകി. (ലോകരെക്കാൾ അവർക്ക് നാം ശ്രേഷ്ഠത നൽകുകയും ചെയ്തു) ഈ അനുഗ്രഹങ്ങൾ നൽകിക്കൊണ്ട്; മറ്റു സൃഷ്ടികളെക്കാൾ. ലോകർ എന്ന് പറയുന്ന പൊതുവായ പദപ്രയോഗത്തിൽനിന്നും ഈ സമുദായം ഒഴിവാണ്. കാരണം, അവർ ജനങ്ങൾക്കുവേണ്ടി പുറപ്പെടുവിക്കപ്പെട്ട ഉത്തമസമുദായമാണ്. സന്ദർഭത്തിൽ നിന്നും മനസ്സിലാകുന്നത് ഈ സമുദായം അതിൽ പെടില്ലെന്നാണ്. ഇവിടെ അല്ലാഹു ഇസ്‌റാഈൽ സന്തതികൾക്ക് ചെയ്തുകൊടുത്ത അനുഗ്രഹങ്ങളെ എടുത്തുപറയുകയാണ്. മറ്റുള്ളവരിൽനിന്ന് അവരെ പ്രത്യേകമാക്കുകയും ചെയ്യുന്നു.

മാത്രവുമല്ല, വേദഗ്രന്ഥം, വിജ്ഞാനം, പ്രവാചകത്വം എന്നിവയിലൂടെ ഇസ്‌റാഈൽ സന്തതികൾക്കുള്ള മഹത്ത്വങ്ങളും മറ്റ് പ്രത്യേകതകളും ഈ സമുദായത്തിനും ഉണ്ടായിട്ടുണ്ട്. അവരെക്കാളും പല മഹത്ത്വങ്ങളും ഈ സമുദായത്തിന് അധികമായി ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ നിയമം, അതായത് ഇസ്‌റാഈൽ സന്തതികളുടെ നിയമം, നേരത്തെ പറഞ്ഞ മഹത്ത്വത്തിന്റെ ഭാഗമാണ്. എന്നാൽ, ഈ ഗ്രന്ഥം (ക്വുർആൻ) അതിന് മുമ്പായി വന്ന വേദങ്ങളെ സ്ഥിരീകരിക്കുകയും അവയെ മറികടക്കുകയും ചെയ്യുന്നു. മുഹമ്മദ് നബി ﷺ യാകട്ടെ മുഴുവൻ പ്രവാചകന്മാരെയും സത്യപ്പെടുത്തുന്നു.

17). (അവർക്ക് നാം നൽകുകയും ചെയ്തു) അതായത്, ഇസ്‌റാഈൽ സന്തതികൾക്ക്. (വ്യക്തമായ തെളിവുകൾ) അസത്യത്തിൽനിന്നും സത്യത്തെ വ്യക്തമാക്കുന്ന തെളിവുകൾ. (കാര്യത്തെപ്പറ്റിയുള്ള) അല്ലാഹു അവർക്കെത്തിച്ച മതപരമായ വിധികൾ. ദൃഷ്ടാന്തങ്ങൾ എന്നത് മൂസാ നബി(അ)യിലൂടെ അവർ കണ്ട അമാനുഷികമായ കാര്യങ്ങളാണ്. ഇസ്‌റാഈൽ സന്തതികൾക്ക് അല്ലാഹു ചെയ്തുകൊടുത്ത ഈ അനുഗ്രഹങ്ങൾ താൽപര്യപ്പെടുന്നത് അവരുടെ ബാധ്യതകൾ പൂർണാർഥത്തി ൽ നിർവഹിക്കണമെന്നാണ്. അല്ലാഹു അവർക്ക് വ്യക്തമാക്കിക്കൊടുത്ത സത്യത്തിൽ അവരൊന്നിച്ച് ചേരുകയും ചെയ്യണം. പക്ഷേ, കാര്യം നേരെ മറിച്ചാണുണ്ടായത്. ചെയ്യേണ്ടതിനു നേർവിപരീതം പ്രവർത്തിച്ചു. ഏതൊന്നിൽ ഒന്നിക്കണമെന്ന് പറഞ്ഞോ അതിൽ അവർ ഭിന്നിച്ചു. അതാണല്ലോ പറഞ്ഞത്: (എന്നാൽ അവർ ഭിന്നിച്ചത് അവർക്ക് അറിവ് വന്നുകിട്ടിയതിനുശേഷം തന്നെയാണ്) ഭിന്നത ഇല്ലാതാക്കാൻ ആവശ്യമായത്. എന്നിട്ടും അവരെ ഭിന്നിക്കാൻ പ്രേരിപ്പിച്ചത് പരസ്പരമുള്ള അതിക്രമവും അനീതിയുമാണ്. (ഏതൊരു കാര്യത്തിൽ അവർ ഭിന്നിച്ചുകൊണ്ടിരിക്കുന്നുവോ അതിൽ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവർക്കിടയിൽ നിന്റെ രക്ഷിതാവ് വിധികൽപിക്കുക തന്നെചെയ്യും). അതിനാൽ, അവൻ സത്യത്തെ പിന്തുടരുന്നവനെയും അസത്യത്തെ പിന്തുടരുന്നവനെയും വേർതിരിച്ചു കാണിക്കും. അവർ ഭിന്നിക്കാനിടയായത് ഇച്ഛകളും ആഗ്രഹങ്ങളും മറ്റും ആയിരുന്നു.

18). പിന്നീട് എല്ലാ നന്മയിലേക്കും ക്ഷണിക്കുന്ന സമ്പൂർണമായ ഒരു ശരീഅത്തിനെ നിനക്ക് നാം നിശ്ചയിച്ചുതന്നു. നമ്മുടെ ഈ ശരീഅത്ത് എല്ലാ തിന്മകളെയും വിരോധിക്കുകയും ചെയ്യുന്നു. (നീ അതിനെ പിന്തുടരുക) തീർച്ചയായും അത് പിന്തുടരുന്നതിൽ നിത്യസൗഭാഗ്യവും നന്മയും വിജയവുമുണ്ട്. (അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിൻപറ്റരുത്) അറിവിനെ പിൻപറ്റാത്ത, അതിനു പിന്നിൽ സഞ്ചരിക്കാത്ത തന്നിഷ്ടക്കാരെ. റസൂലിന്റെ ﷺ  ഉപദേശങ്ങൾക്ക് വിരുദ്ധമായ എന്തെങ്കിലും ആഗ്രഹിക്കുകയും ഇച്ഛിക്കുകയും ചെയ്യുന്ന എല്ലാവരും അറിവില്ലാത്തവർ എന്ന വിശേഷണത്തിൽ വരുന്നു.

19). (അല്ലാഹുവിങ്കൽനിന്നുള്ള യാതൊരു കാര്യത്തിനും അവർ നിനക്കൊട്ടും പ്രയോജനപ്പെടുകയേ ഇല്ല). അല്ലാഹുവിന്റെ അടുക്കൽ നിനക്കവർ പ്രയോജനപ്പെടുകയില്ല. പ്രയോജനപ്പെടേണ്ടത് നന്മ നേടാനും തിന്മ തടുക്കാനും (നീ അവര പിൻപറ്റുന്നതിലൂടെ) നിനക്ക് സാധിക്കുമായിരുന്നു. അവരോട് യോജിക്കുന്നതും അവരെ സംരക്ഷകരായി സ്വീകരിക്കുന്നതും നിനക്ക് ഗുണമാവില്ല. നീയും അവരും തമ്മിൽ വലിയ അന്തരമുണ്ട്. (അക്രമകാരികളിൽ ചിലർ ചിലർക്ക് രക്ഷാകർത്താക്കളാകുന്നു. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ രക്ഷാകർത്താവാകുന്നു). അവരുടെ ഭക്തിയും അനുസരണവും നിമിത്തം അവൻ അവരെ ഇരുട്ടിന്റെ ആഴങ്ങളിൽനിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു.

20). (ഇത് മനുഷ്യരുടെ കണ്ണ് തുറപ്പിക്കുന്ന തെളിവുകളും ദൃഢമായി വിശ്വസിക്കുന്ന ജനങ്ങൾക്ക് മാർഗദർശനവും കാരുണ്യവുമാകുന്നു). അതായത് (ഇത്) വിശുദ്ധ ക്വുർആൻ; വൈജ്ഞാനികമായ ഈ ഉദ്‌ബോധനം (മനുഷ്യരുടെ കണ്ണ് തുറപ്പിക്കുന്ന). അതായത് എല്ലാകാര്യങ്ങളിലും ജനങ്ങൾക്ക് ഉൾക്കാഴ്ച ലഭിക്കുന്നു. അതിലൂടെ വിശ്വാസികൾക്ക് പ്രയോജനം ലഭിക്കുന്നു. (ദൃഢമായി വിശ്വസിക്കുന്ന ജനങ്ങൾക്ക് മാർഗദർശനവും കാരുണ്യവുമാകുന്നു). അടിസ്ഥാനപരവും അല്ലാത്തതുമായ മതവിഷയങ്ങളിൽ ശരിയായ മാർഗത്തിലേക്ക് അതുമൂലം അവർ എത്തിച്ചേരുന്നു. അതിലൂടെ നന്മയും സന്തോഷവും ഇഹപര സൗഭാഗ്യവും കൈവരിക്കുന്നു. അത് കാരുണ്യമാണ്. അതുമൂലം അവരുടെ മനസ്സുകൾ പരിശുദ്ധി പ്രാപിക്കുന്നു. ബുദ്ധി വളരുന്നു. വിശ്വാസവും ദൃഢതയും വർധിക്കുകയും ചെയ്യുന്നു. ധിക്കാരം കാണിക്കുകയും തിന്മയിൽ ശഠിച്ച് നിൽക്കുകയും ചെയ്യുന്നവർക്കെതിരെ അത് തെളിവാകുകയും ചെയ്യുന്നു.

21). തങ്ങളുടെ രക്ഷിതാവിനോടുള്ള ബാധ്യതകളിൽ വീഴ്ചവരുത്തുകയും തെറ്റുകൾ വർധിപ്പിക്കുകയും ചെയ്യുന്ന കുറ്റവാളികൾ വിചാരിക്കുന്നുണ്ടോ? (അവരെ നാം വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെപ്പോലെ ആക്കുമെന്ന്?). അവർ തങ്ങളുടെ രക്ഷിതാവിനോടുള്ള കടമകൾ നിർവഹിക്കുകയും അവന് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കുകയും സ്വന്തം ഇഷ്ടങ്ങളെക്കാൾ അവന്റെ തൃപ്തിക്ക് മുൻഗണന നൽകുകയും ചെയ്തുകൊണ്ടിരിക്കുന്നവരെപ്പോലെ ആക്കുമെന്ന് അവർ വിചാരിക്കുന്നുണ്ടോ? (തുല്യമായ നിലയിൽ) ഇഹലോകത്തും പരലോകത്തും? അവർ വിചാരിച്ചതും കണക്കുകൂട്ടിയതും എത്ര ചീത്ത! അവർ വിധിക്കുന്നതും എത്രമോശം! നീതിമാന്മാരിൽ ഏറ്റവും ഉത്തമനും വിധികർത്താക്കളിൽ ഏറ്റവും വലിയ വിധികർത്താവുമായ അവന്റെ യുക്തിക്കെതിരായ വിധി. ചൊവ്വായ പ്രകൃതിയും ശരിയായ ബുദ്ധിയും അതിന്നെതിരാണ്. പ്രവാചകന്മാർ പറഞ്ഞുതന്നതിനും വേദഗ്രന്ഥങ്ങളിൽ ഇറക്കപ്പെട്ടതിനും എതിരാണത്. എന്നാൽ ഖണ്ഡിതമായ യഥാർഥ മതവിധികൾ എന്ന അർഥത്തിൽ അല്ല ‘വിധി’ എന്ന അർഥത്തിലാണ് പ്രയോഗിച്ചുകാണുന്നത്. സൽകർമകാരികളായ സത്യവിശ്വാസികൾക്ക് ഇഹത്തിലും പരത്തിലും സഹായവും വിജയവും സൗഭാഗ്യവും പ്രതിഫലവുമുണ്ടെന്നതാണ്. എല്ലാവർക്കും അവരുടെ സുകൃതങ്ങളുടെ തോതനുസരിച്ച്. തിന്മ പ്രവർത്തിക്കുന്നവർക്ക് കോപവും നിന്ദ്യതയും ശിക്ഷയും കഷ്ടപ്പാടുമാണ് ഇരുലോകത്തുമുള്ളത്.