സൂറഃ അല്‍ഫത്ഹ് (വിജയം), ഭാഗം 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 മാർച്ച് 19, 1442 ശഅബാൻ 16

അധ്യായം: 48, ഭാഗം 1 (മദീനയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا (١) لِّيَغْفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُۥ عَلَيْكَ وَيَهْدِيَكَ صِرَٰطًا مُّسْتَقِيمًا (٢) وَيَنصُرَكَ ٱللَّهُ نَصْرًا عَزِيزًا (٣) هُوَ ٱلَّذِىٓ أَنزَلَ ٱلسَّكِينَةَ فِى قُلُوبِ ٱلْمُؤْمِنِينَ لِيَزْدَادُوٓا۟ إِيمَـٰنًا مَّعَ إِيمَـٰنِهِمْ ۗ وَلِلَّهِ جُنُودُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًا (٤) لِّيُدْخِلَ ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا وَيُكَفِّرَ عَنْهُمْ سَيِّـَٔاتِهِمْ ۚ وَكَانَ ذَٰلِكَ عِندَ ٱللَّهِ فَوْزًا عَظِيمًا

(01). തീര്‍ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു.

(02). നിന്റെ പാപത്തില്‍നിന്ന് മുമ്പ് കഴിഞ്ഞുപോയതും പിന്നീട് ഉണ്ടാകുന്നതും അല്ലാഹു നിനക്ക് പൊറുത്തു തരുന്നതിനു വേണ്ടിയും, അവന്റെ അനുഗ്രഹം നിനക്ക് നിറവേറ്റിത്തരുന്നതിനുവേണ്ടിയും, നിന്നെ നേരായ പാതയിലൂടെ നയിക്കുന്നതിന് വേണ്ടിയുമാകുന്നു അത്.

(03). അന്തസ്സാര്‍ന്ന ഒരു സഹായം അല്ലാഹു നിനക്ക് നല്‍കാന്‍ വേണ്ടിയും.

(04). അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കിക്കൊടുത്തത.് അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിനുവേണ്ടി. അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമായിരിക്കുന്നു.

(05). സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിത്യവാസികളെന്ന നിലയില്‍ പ്രവേശിപ്പിക്കാന്‍ വേണ്ടിയത്രെ അത്. അവരില്‍നിന്ന് അവരുടെ തിന്മകള്‍ മായ്ച്ചുകളയുവാന്‍ വേണ്ടിയും. അല്ലാഹുവിന്റെ അടുക്കല്‍ അത് ഒരു മഹാഭാഗ്യമാകുന്നു.

1. ഹുദൈബിയാ സന്ധിയാണ് ഇവിടെ പരാമര്‍ശിക്കപ്പെട്ട വിജയം. സുദീര്‍ഘമായ ആ സംഭവത്തില്‍ നബി ﷺ  ഉംറ നിര്‍വഹിക്കുവാന്‍വേണ്ടി വരികയും മുശ്‌രിക്കുകള്‍ തടയുകയും ചെയ്ത സന്ദര്‍ഭം. ഇരുപത് വര്‍ഷത്തേക്കുള്ള സന്ധിയായിരുന്നു ആ സംഭവത്തിന്റെ അവസാനം. അടുത്ത വര്‍ഷം ഉംറ ചെയ്യാമെന്നും ആ സന്ധിയിലുണ്ട്. ക്വുറൈശികളുടെ കരാറിലും വ്യവസ്ഥയിലും പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതും നബി ﷺ യുടെ കരാറിലും വ്യവസ്ഥയിലും പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അങ്ങനെയും ചെയ്യാം. പരസ്പര നിര്‍ഭയത്വത്തിനു വേണ്ടിയായിരുന്നു അത്. അല്ലാഹുവിന്റെ മതത്തിന്റെ പ്രബോധന മേഖല വിശാലമായിരുന്നു. സാധ്യമാകുന്ന എല്ലാ പ്രദേശങ്ങളിലും വിശ്വാസികള്‍ പ്രബോധനവുമായി ഉണ്ടായിരുന്നു. ഇസ്‌ലാമിക സത്യമനുസരിച്ച് നിലകൊള്ളാന്‍ താല്‍പര്യമുള്ളവന് അതിന് സൗകര്യം ലഭിച്ചു. ആ കാലയളവില്‍ സംഘം സംഘമായി ഇസ്‌ലാമില്‍ പ്രവേശിക്കുന്നതിനാലാണ് അല്ലാഹു അതിനെ വിജയം എന്ന് വിളിച്ചത്. വ്യക്തമായ വിജയം എന്നാണ് അതിനെ വിശേഷിപ്പിച്ചതും. വ്യക്തവും പ്രകടവുമായ വിജയം. മുസ്‌ലിംകള്‍ വിജയം വരിച്ചു. അല്ലാഹുവിന്റെ ദീനിനെ ശക്തിപ്പെടുത്തിയതും മുശ്‌രിക്കുകളുടെ നാടുകള്‍ വിജയിച്ചു എന്നതുംകൂടെ അതിന്റെ ഉദ്ദേശ്യമാണ്.

2. ഈ വിജയത്തിന്റെ അനുബന്ധമായി ധാരാളം കാര്യങ്ങള്‍ അല്ലാഹു പറയുന്നുണ്ട്. (നിന്റെ പാപത്തില്‍നിന്ന് മുമ്പ് കഴിഞ്ഞുപോയ തും പിന്നീട് ഉണ്ടാകുന്നതും അല്ലാഹു നിനക്ക് പൊറുത്തുതരുന്നതിനുവേണ്ടി). അത്-അല്ലാഹുവാണ് നന്നായറിയുന്നവന്‍-ദീനില്‍ ധാരാളം ആളുകള്‍ പ്രവേശിക്കുവാനും വളരെയധികം നന്മകള്‍ ഉണ്ടാകുവാനും കാരണമായി. ദൃഢമനസ്‌കരായ പ്രവാചകന്മാർ ക്ഷമിച്ച പോലെ ആ സന്ധിയിലും നിബന്ധനകളിലും നബി ﷺ ക്ക് സഹിക്കേണ്ടിവന്നു. ഇതെല്ലാം പ്രവാചകന്റെ ഉന്നത സ്ഥാനങ്ങളും അദ്ദേഹത്തിന് ലഭിച്ച അനുഗ്രഹങ്ങളുമാണ്. അതായത് മുമ്പ് കഴിഞ്ഞുപോയതും പിന്നീട് ഉണ്ടാകുന്നതുമായ പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുത്തു എന്നത്. (അവന്റെ അനുഗ്രഹം നിനക്ക് നിറവേറ്റിത്തരുന്നതിനുവേണ്ടിയും) നിന്റെ മതത്തെ പ്രതാപമു ള്ളതാക്കാനും നിന്റെ ശത്രുക്കള്‍ക്കെതിരെ സഹായിക്കാനും നിന്റെ പ്രശസ്തി പരത്താനും. (നിന്നെ നേരായ പാതയിലൂടെ നയിക്കുന്നതിനുവേണ്ടിയുമാകുന്നു) അതുമൂലം നീ നിത്യസൗഭാഗ്യവും ശാശ്വതവിജയവും നേടുന്നു.

3. (അന്തസ്സാര്‍ന്ന ഒരു സഹായം അല്ലാഹു നിനക്ക് നല്‍കാന്‍ വേണ്ടിയും) ഇസ്‌ലാമില്‍ ദുര്‍ബലമവാത്ത ശക്തി. സമ്പൂര്‍ണ വിജയം കൈവരിക്കുന്നു. സത്യനിഷേധികളെ ഉന്മൂലനം ചെയ്യുകയും നിന്ദ്യരാക്കുകയും ചെയ്യുന്നു. മുസ്‌ലിംകള്‍ പൂര്‍ണശക്തി കൈവരിക്കുകയും അവരുടെ സമ്പത്ത് പരിപോഷിക്കുകയും ചെയ്യുന്നു. ഈ വിജയം മൂലം സത്യവിശ്വാസികള്‍ക്കുണ്ടാകുന്ന ഫലങ്ങളാണ് തുടര്‍ന്ന് പറയുന്നത്.

4. സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ സമാധാനം ഇറക്കിക്കൊടുക്കുന്ന അനുഗ്രഹത്തെയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. അസ്വസ്ഥതയുണ്ടാക്കുന്ന പരീക്ഷണങ്ങള്‍ ഇറങ്ങുമ്പോഴും മനസ്സിനെ ദുര്‍ബലമാക്കുകയും ബുദ്ധിക ള്‍ പരിഭ്രമിക്കുകയും ഹൃദയങ്ങളില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളിലുണ്ടാകുന്ന സ്വസ്ഥതയും സമാ ധാനവുമാണ് അത്. ഹൃദയത്തെ ഉറപ്പിച്ച് നിര്‍ത്താനും സൈ്വര്യം നല്‍കാനും ഇത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹു തന്റെ ദാസന് നല്‍കുന്ന അനുഗ്രഹമാണത്. ഇത്തരം പ്രയാസങ്ങളെയെല്ലാം ശാന്തമായ മനസ്സോടും ഉറച്ചഹൃദയ ത്തോടും ഏറ്റെടുക്കാന്‍ വേണ്ടി. അപ്പോള്‍ ഇത്തരം സന്ദര്‍ഭങ്ങളിലും അല്ലാഹുവിന്റെ കല്‍പനകള്‍ നിറവേറ്റാന്‍ അവന്‍ സന്നദ്ധനാകുന്നു. അതുമൂലം അവന്റെ വിശ്വാസം വര്‍ധിക്കുന്നു. അവന്റെ ബാധ്യത പൂര്‍ണമാവുകയും ചെയ്യുന്നു.

നബി ﷺ ക്കും മുശ്‌രിക്കുകള്‍ക്കും ഇടയിലുണ്ടാക്കിയ കരാര്‍ നിബന്ധനകള്‍ പ്രത്യക്ഷത്തില്‍ സത്യവിശ്വാസികള്‍ക്ക് അവരുടെ മഹത്ത്വത്തിന് ഭംഗം വരുത്തുകയും അവര്‍ക്ക് താഴ്ചയുണ്ടാക്കുന്നതുമാണ്. മനസ്സുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണത്. എന്നാല്‍ മനസ്സുകളെ പതറാതെ നിര്‍ത്തുകയും ചെയ്തു. അതുമൂലം അവരുടെ വിശ്വാസം കൂടുതല്‍ വര്‍ധിച്ചു. (അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍) അവയെല്ലാം അവന്റെ അധികാരത്തിലും അവന്റെ നിയന്ത്രണങ്ങള്‍ക്കും മേല്‍നോട്ടങ്ങള്‍ക്കും കീഴിലാണ്. അല്ലാഹു തന്റെ ദീനിനെയും ദൂതനെയും സഹായിക്കുകയില്ലെന്ന് സത്യനിഷേധികള്‍ വിചാരിക്കേണ്ടതില്ല. പക്ഷേ, അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമായിരിക്കുന്നു. അവന്റെ യുക്തിയുടെ താല്‍പര്യം ജനങ്ങള്‍ക്കിടയില്‍ അവന്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. സത്യവിശ്വാസികള്‍ക്കുള്ള സഹായം അവന്‍ മറ്റൊരു സമയത്തേക്ക് പിന്തിക്കുന്നു.

5. (സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും താഴ്ഭാഗത്തുകൂടി നദികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിത്യവാസികളെന്ന നിലയില്‍ പ്രവേശിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവരില്‍നിന്ന് അവരുടെ തിന്മകള്‍ മായ്‌ച്ചുകളയാന്‍ വേണ്ടിയും) സത്യവിശ്വാസികള്‍ക്ക് ലഭിക്കുന്ന ഏറ്റവും മഹത്തായ ഒന്നാണിത്. സ്വര്‍ഗപ്രവേശനത്തോടെ അവര്‍ ആഗ്രഹിക്കുന്ന ആവശ്യങ്ങളെല്ലാം അവര്‍ക്ക് ലഭിക്കും. തിന്മകള്‍ മായ്ച്ചുകളയുന്നതിലൂടെ അവര്‍ ഭയപ്പെടുന്നതെല്ലാം നീങ്ങിപ്പോവുകയും ചെയ്യും. (അത് ആകുന്നു) സത്യവിശ്വാസികള്‍ക്ക് ലഭിക്കുമെന്ന് പറഞ്ഞ പ്രതിഫലം. (അല്ലാഹുവിന്റെ അടുക്കല്‍ മഹത്തായ ഭാഗ്യമാകുന്നു) ആ വ്യക്തമായ വിജയത്തില്‍ സത്യവിശ്വാസികള്‍ക്കുണ്ടായത് ഇതെല്ലാമാണ്.