സൂറഃ അസ്സുഖ് റുഫ് (സുവർണാലങ്കാരം), ഭാഗം 6

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 നവംബർ 26, 1444 ജുമാദുൽ ഊല 01

അധ്യായം: 43, ഭാഗം 6 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَقَالُوٓا۟ ءَأَـٰلِهَتُنَا خَيْرٌ أَمْ هُوَ ۚ مَا ضَرَبُوهُ لَكَ إِلَّا جَدَلًۢا ۚ بَلْ هُمْ قَوْمٌ خَصِمُونَ (٥٨) إِنْ هُوَ إِلَّا عَبْدٌ أَنْعَمْنَا عَلَيْهِ وَجَعَلْنَـٰهُ مَثَلًا لِّبَنِىٓ إِسْرَٰٓءِيلَ (٥٩) وَلَوْ نَشَآءُ لَجَعَلْنَا مِنكُم مَّلَـٰٓئِكَةً فِى ٱلْأَرْضِ يَخْلُفُونَ (٦٠) وَإِنَّهُۥ لَعِلْمٌ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَٱتَّبِعُونِ ۚ هَـٰذَا صِرَٰطٌ مُّسْتَقِيمٌ (٦١) وَلَا يَصُدَّنَّكُمُ ٱلشَّيْطَـٰنُ ۖ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ (٦٢) وَلَمَّا جَآءَ عِيسَىٰ بِٱلْبَيِّنَـٰتِ قَالَ قَدْ جِئْتُكُم بِٱلْحِكْمَةِ وَلِأُبَيِّنَ لَكُم بَعْضَ ٱلَّذِى تَخْتَلِفُونَ فِيهِ ۖ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ (٦٣) إِنَّ ٱللَّهَ هُوَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۚ هَـٰذَا صِرَٰطٌ مُّسْتَقِيمٌ (٦٤)

58. ഞങ്ങളുടെ ദൈവങ്ങളാണോ ഉത്തമം, അതല്ല, അദ്ദേഹമാണോ എന്നവർ പറയുകയും ചെയ്തു. അവർ നിന്റെ മുമ്പിൽ അതെടുത്തുകാണിച്ചത് ഒരു തർക്കത്തിനായി മാത്രമാണ്. എന്നുതന്നെയല്ല അവർ പിടിവാശിക്കാരായ ഒരു ജനവിഭാഗമാകുന്നു.

59. അദ്ദേഹം നമ്മുടെ ഒരു ദാസൻ മാത്രമാകുന്നു. അദ്ദേഹത്തിന് നാം അനുഗ്രഹം നൽകുകയും അദ്ദേഹത്തെ ഇസ്‌റാഈൽ സന്തതികൾക്ക് നാം ഒരു മാതൃകയാക്കുകയും ചെയ്തു.

60. നാം ഉദ്ദേശിച്ചിരുന്നെങ്കിൽ (നിങ്ങളുടെ) പിൻതലമുറയായിരിക്കത്തക്കവിധം നിങ്ങളിൽനിന്നുതന്നെ നാം മലക്കുകളെ ഭൂമിയിൽ ഉണ്ടാക്കുമായിരുന്നു.

61. തീർച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു. അതിനാൽ അതിനെ(അന്ത്യസമയത്തെ) പ്പറ്റി നിങ്ങൾ സംശയിച്ചുപോകരുത്. എന്നെ നിങ്ങൾ പിന്തുടരുക. ഇതാകുന്നു നേരായ പാത.

62. പിശാച് (അതിൽനിന്ന്) നിങ്ങളെ തടയാതിരിക്കട്ടെ. തീർച്ചയായും അവൻ നിങ്ങൾക്ക് പ്രത്യക്ഷ ശത്രുവാകുന്നു.

63. വ്യക്തമായ തെളിവുകളുംകൊണ്ട് ഈസാ വന്നിട്ട് ഇപ്രകാരം പറഞ്ഞു: തീർച്ചയായും വിജ്ഞാനവുംകൊണ്ടാണ് ഞാൻ നിങ്ങളുടെ അടുത്തുവന്നിരിക്കുന്നത്. നിങ്ങൾ അഭിപ്രായഭിന്നത പുലർത്തികൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ചിലത് ഞാൻ നിങ്ങൾക്ക് വിവരിച്ചുതരാൻ വേണ്ടിയും. ആകയാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിൻ.

64. തീർച്ചയായും അല്ലാഹുതന്നെയാകുന്നു എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. ഇതാകുന്നു നേരായ പാത.

58) (ഞങ്ങളുടെ ദൈവങ്ങളാണോ ഉത്തമം അതല്ല അദ്ദേഹമാണോ എന്നവർ പറയുകയും ചെയ്തു) അതായത് ഈസാ(അ) ആണോ; എല്ലാവർക്കുമുള്ള ആരാധനയും വിലക്കി. താക്കീതെല്ലാവർക്കും ബാധകമാണുതാനും. അല്ലാഹു പറഞ്ഞു:

58) (ഞങ്ങളുടെ ദൈവങ്ങളാണോ ഉത്തമം അതല്ല അദ്ദേഹമാണോ എന്നവർ പറയുകയും ചെയ്തു) അതായത് ഈസാ(അ) ആണോ; എല്ലാവർക്കുമുള്ള ആരാധനയും വിലക്കി. താക്കീതെല്ലാവർക്കും ബാധകമാണുതാനും. അല്ലാഹു പറഞ്ഞു:

(٩٨) إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَٰرِدُونَ

“തീർച്ചയായും നിങ്ങളുടെ അല്ലാഹുവിനുപുറമെ നിങ്ങൾ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങൾ അതിലേക്ക് വന്നുചേരുക തന്നെ ചെയ്യുന്നതാണ്’’ (അമ്പിയാഅ് 98).

മുഹമ്മദേ, നീയും ഞങ്ങളും അംഗീകരിക്കുന്ന കാര്യമാണ് ഈസാ അല്ലാഹുവിന്റെ സാമീപ്യം ലഭിച്ച നല്ലവനായ ദാസന്മാരിൽപെട്ടവനാണെന്നത്. ആരാധിക്കാൻ പാടില്ലെന്ന് പറഞ്ഞവരിൽ അദ്ദേഹത്തെയും ഞങ്ങളുടെ ആരാധ്യരെയും ഒരുപോലെയാക്കുന്നത് എന്തിനാണ്? നിന്റെ വാദം ശരിയാണെങ്കിൽ വൈരുധ്യമുണ്ടാകി്ല്ലല്ലോ? നീ പറഞ്ഞില്ലേ:

(٩٨) إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَٰرِدُونَ

“തീർച്ചയായും നിങ്ങളുടെ അല്ലാഹുവിനുപുറമെ നിങ്ങൾ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങൾ അതിലേക്ക് വന്നുചേരുക തന്നെ ചെയ്യുന്നതാണ്’’ (അമ്പിയാഅ് 98).

നരകത്തിൽ പ്രവേശിക്കുമെന്ന് പറഞ്ഞതിൽ ഈസാ നബി(അ)യും ഉൾപ്പെടുമല്ലോ എന്നതാണ് അവരുടെ വാദം. ഇതിൽ വൈരുധ്യമില്ലേ? തെളിവിലെ വൈരുധ്യം അതിന്റെ നിരർഥകതയെ അറിയിക്കുന്നു. അവരന്യോന്യം ഏറെ ആഘോഷിച്ചു. ഒരു ആശയക്കുഴപ്പമാണിത്. അതാവട്ടെ-അൽഹംദുലില്ലാഹ്-ഏറ്റവും ദുർബലമായ വാദവുമാണ്. വിഗ്രഹാരാധനയെയും ഈസാ നബി(അ)യെ ആരാധിക്കുന്നതിനെയും തുല്യപ്പെടുത്തി എന്നതാണവരുടെ വാദം. ആരാധന അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്. അതാവട്ടെ സൃഷ്ടികളിൽ ഒരാൾക്കും; മലക്കായാലും പ്രവാചകന്മാരായാലും പാടില്ല. ഈസാനബിയെ ആരാധിക്കുന്നത് മറ്റുള്ളവരെ ആരാധിക്കുന്നതിനോട് തുല്യപ്പെടുത്തുന്നതിൽ എന്ത് ആശയക്കുഴപ്പമാണുള്ളത്?

59) ഈസാ നബി(അ)യുടെ മഹത്ത്വമോ അദ്ദേഹം അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവനാണെന്നതോ ഇവിടെ അദ്ദേഹത്തിനും അവർക്കുമിടയിൽ വേർതിരിവ് കൽപിക്കണമെന്നതിന് തെളിവല്ല. അല്ലാഹു പറഞ്ഞതുപോലെ, (അദ്ദേഹം നമ്മുടെ ഒരു ദാസൻ മാത്രമാകുന്നു. അദ്ദേഹത്തിന് നാം അനുഗ്രഹം നൽകുകയും ചെയ്തു) പ്രവാചകത്വം, യുക്തിജ്ഞാനം, അറിവ്, പ്രവർത്തനം എന്നിവയെക്കൊണ്ട്. (അദ്ദേഹത്തെ ഇസ്‌റാഈൽ സന്തതികൾക്ക് നാം ഒരു മാതൃകയാക്കുകയും ചെയ്തു) പിതാവില്ലാതെ അദ്ദേഹത്തെ ഉണ്ടാക്കാൻ കഴിയുമെന്ന് അതുമൂലം അവർ മനസ്സിലാക്കുന്നു. എന്നാൽ അല്ലാഹു പറഞ്ഞത്:

(٩٨) إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَٰرِدُونَ

“തീർച്ചയായും നിങ്ങളും അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങൾ അതിലേക്ക് വന്നുചേരുകതന്നെ ചെയ്യുന്നതാണ്.’’

മൂന്നൂ രൂപത്തിൽ ഇതിന് മറുപടി പറയാം: (അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നത് എന്നതിൽ) ‘മാ’ എന്ന നാമം ജീവനില്ലാത്തവയെ കുറിക്കുന്നു. അപ്പോൾ അതിൽ ഈസാനബി(അ) ഉൾപ്പെട്ടിട്ടില്ല. രണ്ട്, ഈ അഭിസംബോധന അന്ന് മക്കയിലും പരിസരത്തുമുണ്ടായിരുന്ന മുശ്‌രിക്കുകളോടാണ്. അവർ ഈസാ നബിയെ ആരാധിച്ചിരുന്നില്ല. അവർ ബിംബങ്ങളെയും പ്രതിമകളെയും ആയിരുന്നു ആരാധിച്ചിരുന്നത്. മൂന്ന്, ഈ വചനത്തിനുശേഷം അല്ലാഹു പറഞ്ഞത്:

إِنَّ ٱلَّذِينَ سَبَقَتْ لَهُم مِّنَّا ٱلْحُسْنَىٰٓ أُو۟لَـٰٓئِكَ عَنْهَا مُبْعَدُونَ

“തീർച്ചയായും നമ്മുടെ പക്കൽനിന്നു മുമ്പേ നന്മ ലഭിച്ചവരാരോ അവർ അതിൽ (നരകത്തിൽ)നിന്ന് അകറ്റിനിർത്തപ്പെടുന്നവരാകുന്നു’’ (അമ്പിയാഅ് 101).

ഇവരിൽ ഈസാനബിയും മറ്റു പ്രവാചകന്മാരും മഹത്തുക്കളും ഉൾപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.

60) (നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ പിൻതലമുറയായിരിക്കത്തക്കവിധം നിങ്ങളിൽനിന്നുതന്നെ നാം മലക്കുകളെ ഭൂമിയിൽ ഉണ്ടാക്കുമായിരുന്നു) നിങ്ങൾക്കു പകരം പിൻഗാമികളായി ഭൂമിയിൽ നാം മലക്കുകളെ നിശ്ചയിക്കുമായിരുന്നു. ഭൂമിയിൽ അവരായിരിക്കുമ്പോൾ അതേവർഗത്തിൽപെട്ട മലക്കുകളെത്തന്നെ നാം അവരിലേക്ക് അയക്കേണ്ടിവരും. എന്നാൽ മനുഷ്യരായ മലക്കുകൾ നിയോഗിക്കപ്പെടുന്നത് നിങ്ങൾക്ക് സാധിക്കാത്തതാണ്. നിങ്ങളുടെ വർഗത്തിൽപെട്ട പ്രവാചകന്മാരെ നിങ്ങളിലേക്കയച്ചത് നിങ്ങൾക്ക് അനുഗ്രഹമാണ്. അവരിൽനിന്ന് സ്വീകരിക്കാൻ നിങ്ങൾക്ക് സൗകര്യപ്പെടുകയും ചെയ്യുന്നു.

61). (തീർച്ചയായും അദ്ദഹം അന്ത്യസമയത്തിനുള്ള ഒരു അറിയിപ്പുമാകുന്നു) ഈസാ നബി(അ) അന്ത്യസമയത്തിന്റെ ഒരു തെളിവാണ്. പിതാവില്ലാതെ മാതാവിൽനിന്ന് മാത്രമായി ഒരാളെ ഉണ്ടാക്കാൻ കഴിവുളളവൻ മരിച്ചവരെ ക്വബ്‌റുകളിൽനിന്നും ഉയിർത്തെഴുന്നേൽപിക്കാൻ കഴിവുള്ളവനാണ്. അന്ത്യനാളിൽ ഈസാനബി(അ) ഇറങ്ങിവരികയും ചെയ്യും. അത് അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതാണ്. (അതിനാൽ നിങ്ങൾ സംശയിച്ചുപോകരുത്) അന്ത്യസമയം സംഭവിക്കുമെന്നതിൽ നിങ്ങൾ സംശയിക്കുതന്നെ ചെയ്യരുത്. അതിൽ സംശയിക്കുന്നത് വിശ്വാസത്തിൽനിന്ന് പുറത്തുപോകുന്ന കാര്യമാണ് (എന്നെ നിങ്ങൾ പിന്തുടരുക) നിങ്ങളോട് ഞാൻ കൽപിച്ചത് പിന്തടുർന്നും വിരോധിച്ചത് ഉപേക്ഷിച്ചും. (ഇതാകുന്നു നേരായ പാത) അല്ലാഹുവിലേക്കെത്തിക്കുന്ന.

62). (പിശാച് നിങ്ങളെ തടയാതിരിക്കട്ടെ) അല്ലാഹു നിങ്ങളോട് കൽപിച്ചതിൽനിന്ന്. (തീർച്ചയായും അവൻ) പിശാച്. (നിങ്ങൾക്ക് പ്രത്യക്ഷ ശത്രുവാകുന്നു) അതിനുവേണ്ട പരിശ്രമങ്ങൾ ചെയ്ത് നിങ്ങളെ വഴിപിഴപ്പിക്കാൻ അതീവതൽപരനാണവൻ.

63). (വ്യക്തമായ തെളിവുകളുംകൊണ്ട് ഈസാ വന്നിട്ട് ഇപ്രകാരം പറഞ്ഞു) അദ്ദേഹത്തിന്റെ പ്രവാചകത്വത്തെയും കൊണ്ടുവന്ന സന്ദേശങ്ങളുടെ സത്യതയെയും സ്ഥാപിക്കുന്ന തെളിവുകൾ, മരിച്ചവരെ ജീവിപ്പിക്കുക, ജന്മനാ കാഴ്ചയില്ലാത്തവനെയും പാണ്ടുരോഗിയെയും സുഖപ്പെടുത്തുക തുടങ്ങിയ ദൃഷ്ടാന്തങ്ങൾ. (അദ്ദേഹം പറഞ്ഞു) ഇസ്‌റായേൽ സന്തതികളോട്. (തീർച്ചയായും വിജ്ഞാനവും കൊണ്ടാണ് ഞാൻ നിങ്ങളുടെയടുക്കൽ വന്നിരിക്കുന്നത്) പ്രവാചകത്വവും അനിവാര്യമായ അറിവുകളും കൊണ്ട്. (നിങ്ങൾ അഭിപ്രായഭിന്നത പുലർത്തിക്കൊണ്ടിരിക്കുന്ന വിഷയങ്ങളിൽ ചിലത് ഞാൻ നിങ്ങൾക്ക് വിവരിച്ചുതരാൻ വേണ്ടിയും) അതിലെ ശരിയും മറുപടിയും നിങ്ങൾക്ക് വ്യക്തമാക്കിത്തരാൻ. അപ്പോൾ നിങ്ങളുടെ ആശയക്കുഴപ്പങ്ങൾ നീങ്ങും. മൂസാനബി തന്റെ ശരീഅത്തും തൗറാത്തിന്റെ വിധികളും പൂർത്തീകരിക്കാനാണ് വന്നത്. അദ്ദേഹത്തിന് അവർ കീഴ്‌പ്പെടാനും സന്ദേശങ്ങൾ സ്വീകരിക്കാനും ചില ലഘൂകരണങ്ങൾ അദ്ദേഹം കൊണ്ടുവന്നു. (നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിൻ) നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനിൽ പങ്കുചേർക്കാതിരിക്കുകയും ചെയ്യുക. അവന്റെ കൽപനകൾ പാലിക്കുക. വിരോധങ്ങളുപേക്ഷിക്കുക. എന്നിൽ വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്യുക.

64). (തീർച്ചയായും അല്ലാഹുതന്നെയാകുന്നു എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക, ഇതാകുന്നു നേരായ പാത) സൃഷ്ടികർതൃത്വത്തിലുള്ള ഏകത്വം (തൗഹീദുർറുബൂബിയ്യത്ത്) ഈ ആയത്തിൽ സ്ഥിരപ്പെടുത്തുന്നുണ്ട്. മുഴുവൻ സൃഷ്ടികളെയും വ്യത്യസ്തമായ അനുഗ്രഹങ്ങൾ നൽകി സംരക്ഷിക്കുന്ന പരിപാലകനാണവൻ. ആരാധ്യതയിലെ ഏകത്വവും (തൗഹീദുൽ ഉലൂഹിയ്യത്ത്) ഈ ആയത്തിൽ സ്ഥിരപ്പെടുത്തുന്നുണ്ട്. അതായത് അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ, അവനിൽ പങ്കുചേർക്കരുതെന്നുമുള്ള കൽപന. ഈസാനബി(അ) അല്ലാഹുവിന്റെ ദാസന്മാരിൽപെട്ട ഒരു ദാസനാണ്. ക്രിസ്ത്യാനികൾ വാദിക്കുന്നതുപോലെ, മൂന്നിൽ മൂന്നാമനോ ദൈവപുത്രനോ അല്ല. ചൊവ്വായപാത എന്നത് അല്ലാഹുവിലേക്കും സ്വർഗത്തിലേക്കും എത്തിക്കുന്ന വഴിയാണ്.