സൂറഃ അൽജാസിയ (മുട്ടുകുത്തുന്നവ), ഭാഗം 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

022 സെപ്തംബർ 17, 1444 സ്വഫർ 20

അധ്യായം: 45, ഭാഗം 4 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

فَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَيُدْخِلُهُمْ رَبُّهُمْ فِى رَحْمَتِهِۦ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْمُبِينُ (٣٠) وَأَمَّا ٱلَّذِينَ كَفَرُوٓا۟ أَفَلَمْ تَكُنْ ءَايَـٰتِى تُتْلَىٰ عَلَيْكُمْ فَٱسْتَكْبَرْتُمْ وَكُنتُمْ قَوْمًا مُّجْرِمِينَ (٣١) وَإِذَا قِيلَ إِنَّ وَعْدَ ٱللَّهِ حَقٌّ وَٱلسَّاعَةُ لَا رَيْبَ فِيهَا قُلْتُم مَّا نَدْرِى مَا ٱلسَّاعَةُ إِن نَّظُنُّ إِلَّا ظَنًّا وَمَا نَحْنُ بِمُسْتَيْقِنِينَ (٣٢) وَبَدَا لَهُمْ سَيِّـَٔاتُ مَا عَمِلُوا۟ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ (٣٣) وَقِيلَ ٱلْيَوْمَ نَنسَىٰكُمْ كَمَا نَسِيتُمْ لِقَآءَ يَوْمِكُمْ هَـٰذَا وَمَأْوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّـٰصِرِينَ (٣٤) ذَٰلِكُم بِأَنَّكُمُ ٱتَّخَذْتُمْ ءَايَـٰتِ ٱللَّهِ هُزُوًا وَغَرَّتْكُمُ ٱلْحَيَوٰةُ ٱلدُّنْيَا ۚ فَٱلْيَوْمَ لَا يُخْرَجُونَ مِنْهَا وَلَا هُمْ يُسْتَعْتَبُونَ (٣٥) فَلِلَّهِ ٱلْحَمْدُ رَبِّ ٱلسَّمَـٰوَٰتِ وَرَبِّ ٱلْأَرْضِ رَبِّ ٱلْعَـٰلَمِينَ (٣٦) وَلَهُ ٱلْكِبْرِيَآءُ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ (٣٧)

30. എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരെ അവരുടെ രക്ഷിതാവ് തന്‍റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നതാണ്‌. അതു തന്നെയാകുന്നു വ്യക്തമായ ഭാഗ്യം.

31. എന്നാല്‍ അവിശ്വസിച്ചവരാരോ (അവരോട് പറയപ്പെടും:) എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിക്കപ്പെട്ടിരുന്നില്ലേ? എന്നിട്ട് നിങ്ങള്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ഒരു ജനതയാകുകയും ചെയ്തു.

32.അന്ത്യസമയമാകട്ടെ അതിന്‍റെ കാര്യത്തില്‍ യാതൊരു സംശയവുമില്ല എന്ന് പറയപ്പെട്ടാല്‍ നിങ്ങള്‍ പറയും: എന്താണ് അന്ത്യസമയമെന്ന് ഞങ്ങള്‍ക്കറിഞ്ഞ് കൂടാ. ഞങ്ങള്‍ക്ക് ഒരു തരം ഊഹം മാത്രമാണുള്ളത്‌. ഞങ്ങള്‍ക്ക് ഒരു ഉറപ്പുമില്ല.

33. തങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ ദൂഷ്യങ്ങള്‍ അവര്‍ക്കു വെളിപ്പെടുന്നതാണ്‌. അവര്‍ എന്തിനെയാണോ പരിഹസിച്ചു കൊണ്ടിരുന്നത് അത് അവരെ വലയം ചെയ്യുന്നതുമാണ്‌.

34. (അവരോട്‌) പറയപ്പെടും: നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നത് നിങ്ങള്‍ മറന്നത് പോലെ ഇന്ന് നിങ്ങളെ നാം മറന്നുകളയുന്നു. നിങ്ങളുടെ വാസസ്ഥലം നരകമാകുന്നു. നിങ്ങള്‍ക്ക് സഹായികളാരും ഇല്ലതാനും.

35. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ പരിഹാസ്യമാക്കിത്തീര്‍ക്കുകയും ഐഹികജീവിതം നിങ്ങളെ വഞ്ചിക്കുകയും ചെയ്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്‌. ആകയാല്‍ ഇന്ന് അവര്‍ അവിടെ നിന്ന് പുറത്തയക്കപ്പെടുന്നതല്ല. അവരോട് പ്രായശ്ചിത്തം ആവശ്യപ്പെടുകയുമില്ല.

36. അപ്പോള്‍ ആകാശങ്ങളുടെ രക്ഷിതാവും ഭൂമിയുടെ രക്ഷിതാവും ലോകരുടെ രക്ഷിതാവുമായ അല്ലാഹുവിനാണ് സ്തുതി.

37. ആകാശങ്ങളിലും ഭൂമിയിലും അവന്നു തന്നെയാകുന്നു മഹത്വം. അവന്‍ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും.

30). ഈ രണ്ട് വിഭാഗത്തെയും അല്ലാഹു എന്തു ചെയ്യുമെന്ന് വേർതിരിച്ചു പറഞ്ഞു. (എന്നാൽ വിശ്വസിക്കുകയും സൽകർമം പ്രവർത്തിക്കുകയും ചെയ്തവരാരോ) ശരിയായി വിശ്വസിച്ചും ഐഛികവും നിർബന്ധവുമായ സൽപ്രവർത്തനങ്ങൾ ചെയ്ത് വിശ്വാസത്തെ സത്യസന്ധമാക്കിയവർ. (അവരെ അവരുടെ രക്ഷിതാവ് തന്റെ കാരുണ്യത്തിൽ പ്രവേശിപ്പിക്കുന്നതാണ്). കാരുണ്യത്തിന്റെ സ്ഥാനം സ്വർഗമാണ്. അതിലുള്ള നിത്യസുഖാനുഗ്രഹങ്ങളും സുരക്ഷിത ജീവിതവും. (അതുതന്നെയാകുന്നു വ്യക്തമായ ഭാഗ്യം). അതായത് വിജയവും രക്ഷയും ലാഭവും വ്യക്തമായ വിജയം ഒരടിമ കരസ്ഥമാക്കിയാൽ എല്ലാ നന്മയും അവൻ കരസ്ഥമാക്കി. എല്ലാ തിന്മയും അവനിൽ നിന്നൊഴിവായി.

31). (എന്നാൽ അവിശ്വസിച്ചവർ) അല്ലാഹു അവരെ അപമാനിച്ചും ആക്ഷേപിച്ചും പറയും. (എന്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് ഓതിക്കേൾപിക്കപ്പെട്ടിരുന്നില്ലേ?) അതിലൂടെ നിങ്ങൾക്ക് ഗുണകരമായത് അറിയിച്ചുതരികയും ദ്രോഹകരമായത് നാം വിരോധിക്കുകയും ചെയ്തിരുന്നു). നിങ്ങൾ അതിനോട് യോജിച്ചിരുന്നുവെങ്കിൽ നിങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം അതാകുമായിരന്നു. (എന്നിട്ട് നിങ്ങൾ അഹങ്കരിക്കുകയും) അതിൽനിന്ന് അതിനെ അവഗണിക്കുകയും നിഷേധിക്കുകയും ചെയ്തു. അങ്ങനെ നിങ്ങൾ ഏറ്റവും വലിയ കുറ്റം ചെയ്തു. ഇന്ന് നിങ്ങൾ പ്രവർത്തിച്ചതിനുള്ള പ്രതിഫലം നൽകപ്പെടും.

32). ഈ വാക്കുകൊണ്ടും അവരെ അപമാനിക്കും. (തീർച്ചയയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. ആ അന്ത്യസമയമാകട്ടെ അതിന്റെ കാര്യത്തിൽ യാതൊരു സംശയവുമില്ല എന്ന് പറയപ്പെട്ടാൽ) അതിനെ നിഷേധിച്ചുകൊണ്ട് അവർ പറയും: (എന്താണ് അന്ത്യസമയമെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ). ഞങ്ങൾക്ക് ഒരുതരം ഊഹം മാത്രമാണുള്ളത്. ഞങ്ങൾക്കൊരുറപ്പുമില്ല. ഇഹലോകത്ത് അവരുടെ അവസ്ഥ ഇതാണ്. ഉയിർത്തെഴുന്നേൽപിനെ അവർ നിഷേധിക്കുന്നു. അത് പറയാൻ വന്നവരുടെ വാക്കിനെ അവർ തള്ളിക്കളയുകയും ചെയ്യുന്നു.

33). അല്ലാഹു പറയുന്നു: (തങ്ങൾ പ്രവർത്തിച്ചതിന്റെ ദൂഷ്യങ്ങൾ അവർക്ക് വെളിപ്പെടുന്നതാണ്) ഉയിർത്തെഴുന്നേൽപ് നാളിൽ അവരുടെ പ്രവർത്തനങ്ങൾക്കുള്ള ശിക്ഷകൾ അവർക്ക് വെളിപ്പെടും. (അതവരെ വലയം ചെയ്യുന്നതുമാണ്) അതായത് ആ ശിക്ഷ ഇറങ്ങും. (ഇവർ എന്തിനെയാണോ പരിഹസിച്ചുകൊണ്ടിരുന്നത് അത്). ശിക്ഷ സംഭവിക്കുന്നതിനെയും അതിനെക്കുറിച്ച് അറിയിക്കാൻ വന്നവനെയും ഇഹലോകത്തുവെച്ച് അവർ പരിഹസിക്കാറുണ്ടായിരുന്നു. ആ ശിക്ഷയാണ് അവർക്കിറങ്ങുന്നത്.

34). (അവരോട് പറയപ്പെടും: ഇന്ന് നിങ്ങളെ നാം മറന്നുകളയുന്നു). നിങ്ങളെ നാം ശിക്ഷയിൽ ഉപേക്ഷിക്കുന്നു. (നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നത് നിങ്ങൾ മറന്നതു പോലെ). പ്രതിഫലം പ്രവർത്തനത്തിന് സമാനമായിരിക്കും. (നിങ്ങളുടെ വാസസ്ഥലം നരകമാകുന്നു). അതായത് നിങ്ങളുടെ മടക്കസ്ഥലവും വിധിയും. (നിങ്ങൾക്ക് സഹായികളാരും ഇല്ലതാനും). അല്ലഹുവിന്റെ ശിക്ഷയിൽനിന്ന് സഹായിക്കാനും പ്രതിരോധിക്കാനും.

35) (അത്) ഈ ശിക്ഷ നിങ്ങൾക്ക് ലഭിക്കാൻ കാരണം നിങ്ങൾ (അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിങ്ങൾ പരിഹാസ്യമാക്കിത്തീർത്തു). നിർബന്ധമായും നിങ്ങൾ പരിശ്രമിക്കേണ്ടതും സന്തോഷത്തോടെ ഏറ്റെടുക്കേണ്ടതും ആയിരുന്നിട്ടും (ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കുകയും ചെയ്തു) അതിലെ മോടികളും ആസ്വാദനങ്ങളും. അതിൽ നിങ്ങൾ സമാധാനം കണ്ടെത്തി. അതിനുവേണ്ടി പ്രവർത്തിച്ചു. ശേഷിക്കുന്ന ലോകത്തിനുവേണ്ടിയുള്ള പ്രവർത്തങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു. (ആകയാൽ ഇന്ന് അവർ അവിടെനിന്ന് പുറത്താക്കപ്പെടുന്നതല്ല, അവരോട് പ്രായച്ഛിത്തം ആവശ്യപ്പെടുകയുമില്ല). അതായത് അവർക്ക് സാവകാശം നൽകപ്പെടുകയോ ചെയ്യാൻ വീണ്ടും ഇഹലോകത്തേക്ക് തിരിച്ചയക്കപ്പെടുകയോ ഇല്ല.

36) (അല്ലാഹുവിനാണ് സ്തുതി) അവന്റെ ഉന്നത അധികാരത്തിനും മഹത്ത്വത്തിനും യോജിക്കുംവിധം. (ആകാശങ്ങളുടെ രക്ഷിതാവും ഭൂമിയുടെ രക്ഷിതാവും ലോകരുടെ രക്ഷിതാവുമായ) മറ്റു സൃഷ്ടികളെയും സംരക്ഷിക്കുന്നവൻ എന്ന നിലയിൽ അവനാണ് സ്തുതി. അവൻ അവരെ സൃഷ്ടിക്കുകയും വളർത്തുകയും ചെയ്യുന്നു. പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങൾ അവൻ അവർക്ക് നൽകുന്നു.

37) (ആകാശങ്ങളിലും ഭൂമിയിലും അവനുതന്നെയാകുന്നു മഹത്ത്വം) മഹത്ത്വവും ശ്രേഷ്ഠതയും അവനാണ്. അല്ലാഹുവിനെ അവന്റെ പൂർണ വിശേഷണങ്ങളാൽ പുകഴ്ത്തുന്നതാണ് സ്തുതി; അവനെ സ്‌നേഹിക്കലും ആദരിക്കലും. (കിബ്‌രിയാഅ്) എന്നതിൽ അവന്റെ മഹത്ത്വവും പ്രതാപവും ഉൾക്കൊള്ളുന്നു. രണ്ട് പ്രധാന അവലംബങ്ങളിലാണ് ആരാധന രൂപപ്പെടുന്നത്. അല്ലാഹുവിനെ സ്‌നേഹിക്കലും അവനെ ഇഷ്ടപ്പെടലും. അവ രണ്ടും ഉണ്ടാകുന്നത് അല്ലാഹുവിനെ സ്തുതിക്കാനുള്ള കാരണങ്ങളും അവന്റെ മഹത്ത്വവും പ്രതാപവും അറിയുന്നതിൽനിന്നാണ്. (അവൻ പ്രതാപിയാണ്). എല്ലാ വസ്തുക്കളെയും അടക്കി ഭരിക്കുന്നവൻ. (യുക്തിമാൻ) എല്ലാ കാര്യങ്ങളും അതാതിന്റെ സ്ഥാനത്ത് അവൻ നിശ്ചയിക്കുന്നു. അവന്റെ നിയമങ്ങളെല്ലാം യുക്തിയും നന്മയും നിറഞ്ഞതാണ്. ലക്ഷ്യമോ പ്രയോജനമോ കാണാതെ ഒന്നിനെയും അവൻ സൃഷ്ടിക്കുന്നുമില്ല.